കുമ്പസാരവിവാദം-പെണ്‍വിചാരങ്ങള്‍

കുമ്പസാരവിവാദം-പെണ്‍വിചാരങ്ങള്‍

മരിയ റാന്‍സം, കാരണക്കോടം

കുമ്പസാരമെന്ന വാക്ക് ഇപ്പോള്‍ ഒരല്പം അശ്ലീലചുവയോടെ അടക്കം പറയുന്നതു കേള്‍ക്കുമ്പോള്‍ നല്ല അഴകോടെ ചിരിച്ചു മടിയില്‍ കിടത്തി പണ്ട് വല്യാന്‍റി പറഞ്ഞുതന്നിരുന്ന കാര്യങ്ങളാണ് ഓര്‍മ വരുന്നത്. മരിച്ചിട്ട് 14 കൊല്ലമായെങ്കിലും കയറുകട്ടിലില്‍ പൊത്തിപ്പിടിച്ചു കിടത്തി കുഞ്ഞുന്നാളില്‍ പറഞ്ഞുതന്ന വിശുദ്ധരുടെ ജീവചരിത്രങ്ങളും കൂദാശകളുമെല്ലാം ഇന്നും ഓര്‍മയിലുണ്ട്. കുടുംബത്തെ മുഴുവന്‍ പ്രാര്‍ത്ഥനാന്തരീക്ഷത്തില്‍ ഒരുമിച്ചു നിര്‍ത്തിയിരുന്ന ആന്‍റിക്ക് അനുദിനജീവിതത്തില്‍ എന്തിനുമേതിനുമുള്ള ഒരുക്കത്തിന്‍റെ അടയാളങ്ങളായിരുന്നു, കുമ്പസാരവും കുര്‍ബാനസ്വീകരണവും.

"പരീക്ഷ വരുവല്ലേ? കുമ്പസാരിച്ചൊരുങ്ങിയശേഷം പഠിച്ചു തുടങ്ങ്."

"ഇന്‍റര്‍വ്യൂവിനു പോകുംമുന്നെ കുമ്പസാരിക്കണേ കുഞ്ഞേ."

ഇപ്പോ വന്ന ആലോചന നമുക്കു വേണോയെന്ന്, കുമ്പസാരിച്ച് ഒരുങ്ങി പ്രാര്‍ത്ഥിച്ചശേഷം തീരുമാനമെടുത്താല്‍ മതിയെന്നു ഞാന്‍ നിന്‍റെ അപ്പനോടും അമ്മയോടും പറഞ്ഞിട്ടുണ്ട്."

"ഡോക്ടറെ കണ്ട് ഉറപ്പിച്ചോ? രണ്ടു പേരും കുമ്പസാരിച്ചു കുര്‍ബാന സ്വീകരിച്ചു കുഞ്ഞിനായി പ്രാര്‍ത്ഥിച്ചൊരുങ്ങണേ മക്കളേ." – ഓര്‍മ്മവച്ചു തുടങ്ങിയ പ്രായം മുതല്‍ കേട്ട ഓര്‍മപ്പെടുത്തലുകളാണിവ.

നല്ല കുമ്പസാരത്തിനു വേണ്ടുന്ന കാര്യങ്ങള്‍ പറഞ്ഞുതന്ന് ഒരുക്കി, എല്ലാ ഒന്നാം വ്യാഴാഴ്ചകളിലും, ഞങ്ങള്‍ കുട്ടികളെ, കുമ്പസാരിക്കാന്‍ നിര്‍ബന്ധിച്ചിരുന്ന വല്യാന്‍റിക്ക്, കുട്ടിമനസ്സിനു പിടികിട്ടുന്ന രീതിയില്‍ ഇവയെല്ലാം പറഞ്ഞുതരാനും വശമുണ്ടായിരുന്നു. ഒരുങ്ങേണ്ടത് എപ്രകാരമെന്നും ഏറ്റുപറയേണ്ടത് എങ്ങനെയെന്നുമൊക്കെ വല്യാന്‍റി വിശദീകരിച്ചിരുന്നതു വ്യക്തമായ ബോദ്ധ്യങ്ങളായി ഇന്നും മനസ്സിലുണ്ട്. ഈശോയ്ക്ക് ഇടമൊരുക്കാന്‍ മനസ്സ് അടിച്ചുവാരി വൃത്തിയാക്കുന്ന പ്രവൃത്തിയാണു കുമ്പസാരത്തിലൂടെ നടക്കുന്നത് എന്നതിനാല്‍ കണ്ണാടിക്കു മുന്നില്‍ നില്ക്കുംപോലെയാണ് കുമ്പസാരത്തിനായി ഒരുങ്ങേണ്ടത്. താനിതുവരെ ശീലിച്ച എല്ലാറ്റില്‍ നിന്നും മാറാന്‍ കഴിവുള്ള മനുഷ്യര്‍ക്കു തെറ്റുപറ്റിയതിനെയോര്‍ത്തു സ്വയം ലജ്ജയോ ആത്മനിന്ദയോ തോന്നേണ്ട കാര്യമില്ല. മുഖം വെയിലേറ്റു കറുത്തുവെന്നും ഒരു പൊട്ടുകൂടി തൊട്ടാല്‍ ഭംഗി കൂടും എന്നൊക്കെ തിരിച്ചറിയുംപോലെ….

….നമ്മള്‍ എന്താണോ അതില്‍ നിന്നും നമുക്കെന്തായി മാറാനാകും എന്ന തിരിച്ചറിവും കുമ്പസാര ഒരുക്കത്തില്‍ സംഭവിക്കണം. മറന്നുപോകുന്നതല്ലാതെ മനഃപൂര്‍വം പാപങ്ങള്‍ ഏറ്റുപറയാതിരുന്നാല്‍ അതു കള്ളക്കുമ്പസാരമാകും. അതിനാല്‍ പറയാന്‍ ഉളുപ്പു തോന്നുന്നവ ചെയ്യാനും ഉളുപ്പു വേണം എന്നാണു നാട്ടുഭാഷയില്‍ പറഞ്ഞുതന്നിട്ടുള്ളത്. അനുതാപത്തോടെ മേലില്‍ ആവര്‍ത്തിക്കില്ല എന്ന നിശ്ചയത്തോടെ ആവണം കുമ്പസാരമവസാനിപ്പിക്കേണ്ടത്. ആബേലിന്‍റെ – സ്വന്തം ചോരയുടെ – കൊലയാളി ആയിരുന്നിട്ടും കായേന് ഇനിയാരും നിന്നെ കൊല്ലില്ല എന്ന് ഉറപ്പുകൊടുത്ത – ഇടറിയവന് കൂട്ടുപോകുന്ന – ദൈവമാണു നമ്മുടേതെന്നൊക്കെ പറഞ്ഞു തന്നപ്പോള്‍ കുഞ്ഞുമനസ്സിനു ലഭിച്ച സുരക്ഷിതത്വം ചെറുതായിരുന്നില്ല. ഓരോ കുമ്പസാരത്തിനുമുമ്പും സ്വയം പറയേണ്ടതുണ്ടത്രേ, ഇതെന്‍റെ അവസാന കുമ്പസാരമാണ്. ദൈവവുമായി രമ്യതയിലെത്താന്‍ എനിക്കിനി അവസരം ലഭിക്കുംമുമ്പ് ഞാന്‍ മരിച്ചുപോകും. ലജ്ജയോ ആത്മനിന്ദയോ കൂടാതെ ഒന്നും മറച്ചുവയ്ക്കാതെ അനുതാപത്തോടെ ദൈവതിരുമുന്നില്‍ ആയിരിക്കാനുള്ള ബോദ്ധ്യം സമ്മാനിച്ച വാക്കുകള്‍. ഇന്നും ചില്ലുഗ്ലാസ്സൊരെണ്ണം കയ്യില്‍ നിന്നു വഴുതിവീണു പൊട്ടുമ്പോഴും പങ്കാളിയോടുള്ള പിണക്കത്തിന്‍റെ കനം പതിവിലധികം കൂ ടുമ്പോഴും മനസ്സു പിടിതരാതെ പോകുമ്പോഴുമൊക്കെ എന്നും വരപ്രസാദത്തിലായിരിക്കാന്‍ ശ്രമിച്ചിരുന്ന ആ ശോഷിച്ച മുഖവും കറുത്ത വെന്തിങ്ങയും കുമ്പസാരിക്കാന്‍ സമയമായി എന്നത് ഓര്‍മിപ്പിക്കും?

അനുരഞ്ജന കൂദാശയെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചയ്ക്കു നന്ദി പറയേണ്ട ഒരാള്‍കൂടിയുണ്ട്. മനുഷ്യനും തെറ്റു പറ്റും എന്നുറപ്പുള്ള ദൈവത്തിന്‍റെ മുന്‍കരുതലാണ് കുമ്പസാരം എന്ന വലിയ ദൈവശാസ്ത്രത്തെ ചെറിയ വാക്കിലൊതുക്കിയ ഇട്ടിക്കുന്നത്തച്ചനാണത്. വന്നുപോയ വീഴ്ചകളുടെ ഭാരത്തില്‍ നിന്നുമുള്ള കരകയറലായി കുമ്പസാരം മാറണമെങ്കില്‍ തന്നോടു മറ്റുള്ളവര്‍ ചെയ്ത ദ്രോഹങ്ങളെക്കുറിച്ചുള്ള പതംപറച്ചിലാവരുത് കുമ്പസാരങ്ങള്‍; മറിച്ച് അപരനോടു താന്‍ ചെയ്തുപോയ അപരാധങ്ങളുടെ കണക്കെടുപ്പാകണം. എന്‍റെ പിഴ എന്‍റെ പിഴ എന്‍റെ വലിയ പിഴ എന്നു വിരലുകള്‍ തന്നിലേക്കു മാത്രമായി തിരിയുമ്പോള്‍ വലിയ കൃപകള്‍ ചൊരിയപ്പെടും എന്നു കുമ്പസാരത്തിനൊരുക്കിയ അച്ചന്‍റെ വാക്കുകള്‍ അക്ഷരാര്‍ത്ഥത്തില്‍ അനുഭവിക്കാനായിട്ടുള്ള സന്ദര്‍ഭങ്ങള്‍ അനവധിയാണ്.

എന്നെ അറിയുന്നവര്‍ക്കെല്ലാം എന്‍റെ വീടു കണ്ട മരണങ്ങളെയും അറിയാം. മരിച്ചുപോകും എന്ന് ഉറപ്പായ ഉറ്റവര്‍ക്കു ചികിത്സ നല്കുന്നതിനൊപ്പം അവരെ നല്ല കുമ്പസാരം കഴിപ്പിച്ച് നല്ല മരണത്തിനായി പതറാതെ ഒരുക്കാനായതു കുട്ടിക്കാലം മുതല്‍ക്കേ ലഭിച്ച ഈ ബോദ്ധ്യങ്ങള്‍ കാരണമാണ്. "എന്നെ കഴുകണമേ, ഞാന്‍ വെണ്മയുള്ളവനാകും" എന്നു ശവമഞ്ചത്തിന് അടുത്തിരുന്നു പാന വായിക്കാന്‍ മാത്രമുള്ളവനല്ല ക്രൈസ്തവന്‍. സ്വന്തദേശത്തേയ്ക്കു പുറപ്പെടാന്‍ ഒരുങ്ങുന്നവര്‍ക്ക് അനുരഞ്ജനത്തിന്‍റെ കൂദാശ ഉറപ്പാക്കേണ്ടതും ഉറ്റവരുടെ കടമയാണെന്നതു നമ്മുടെ പാരമ്പര്യം തന്നെയാണ്. ഓര്‍മ്മയുറയ്ക്കും മുതല്‍ പെട്ടെന്നുള്ള മരണത്തില്‍ നിന്നെന്നെ കാത്തുരക്ഷിക്കണമേ എന്ന് ഓരോ ക്രൈസ്തവനും പ്രാര്‍ത്ഥിക്കുന്നത്, കുമ്പസാരിച്ച് ഒരുങ്ങാത്ത മരണത്തില്‍ നിന്ന് എന്നെ രക്ഷിക്കണമേ എന്നുതന്നെയാണല്ലോ? എത്രയേറെ വിവാദങ്ങള്‍ ഈ കൂദാശയെക്കുറിച്ച് ഉണ്ടായാലും കുമ്പസാരിച്ചൊരുങ്ങി മരിക്കുന്നവരുടെ മുഖത്തു കാണുന്ന ശാന്തതയും പ്രകാശവും നിലനില്ക്കുംവരെ, തമ്പുരാനോട് അനുരഞ്ജനപ്പെടാനുള്ള ആത്മാര്‍ത്ഥമായ ആഗ്രഹത്തോടെ കുമ്പസാരക്കൂടിനു മുന്നില്‍ അഭിഷിക്തന്‍റെ ആശീര്‍വാദത്തിനായി ഒരിക്കലെങ്കിലും മുട്ടുമടക്കിയിട്ടുള്ള ആരും ഈ കൂദാശയോട് ഉപേക്ഷ വിചാരിക്കില്ല.

12 വയസ്സു മുതല്‍ മാസത്തിലൊരിക്കലെങ്കിലും എന്ന കണക്കില്‍ കുമ്പസാരക്കൂടിന് മുന്നില്‍ മുട്ടുകുത്തി ഒരിടര്‍ച്ചയും മറച്ചുവയ്ക്കാതെ ഏറ്റുപറഞ്ഞിട്ടും കുമ്പസാരക്കൂട്ടിലിരുന്നു ഞെരിപിരി കൊള്ളുന്ന ഒരു വൈദികനെയും ഇതു വരെ കാണേണ്ടി വന്നിട്ടില്ല. തെറ്റിപ്പോയി എന്ന ഏറ്റുപറച്ചിലുകള്‍ക്ക് പുത്തന്‍ പട്ടക്കാരനും ചെവിക്കു പതം വന്ന വല്യച്ചനും തരുന്ന ഉപദേശത്തിനും പ്രായശ്ചിത്തത്തിനുമെല്ലാം പ്രായത്തിന്‍റെ വ്യത്യസ്തത ഇന്നുവരെ അനുഭവപ്പെട്ടിട്ടുമില്ല. നിസ്സാര കാര്യങ്ങള്‍ക്കുപോലും വൈകാരികമായി പ്രതികരിക്കുന്നവരും തീരെ മനുഷ്യപറ്റില്ലെന്നു പരാതി കേള്‍പ്പിക്കുന്ന കര്‍ക്കശക്കാരായ വൈദികരുമൊക്കെ വളരെ ശാന്തതയോടെ ദൈവികകരുണയുടെ ആഴങ്ങളെക്കുറിച്ചു ബോദ്ധ്യപ്പെടുന്നവരായി കുമ്പസാരക്കൂട്ടില്‍ മാറുന്നതു കണ്ടിട്ടുണ്ട്. യൂത്തന്മാരുമായി വട്ടുകളിച്ചു നടക്കുന്ന കൊച്ചച്ചന്മാര്‍ പക്വതയോടെയും പാകതയോടെയും പാപസങ്കീര്‍ത്തനം കേള്‍ക്കുന്നത് അതിശയിപ്പിച്ചിട്ടുമുണ്ട്. ഊറാല ചുംബിച്ച് കുമ്പസാരക്കൂട്ടിലേക്കു പ്രവേശിക്കുന്ന അഭിഷിക്തനു വിളിച്ചവന്‍റെ കൃപയാലേ സംഭവിക്കുന്ന രൂപാന്തരീകരണം. മക്കള്‍ക്കു സ്ഥിരമായി കുമ്പസാരത്തിന് അവസരമൊരുക്കി നല്കുന്ന അനേകം മാതാപിതാക്കളെ കണ്ടുമുട്ടുംവരെ, കുഞ്ഞു ചെറുപ്പത്തിലേ പകര്‍ന്നു കിട്ടിയ പാപപുണ്യവിശ്വാസങ്ങളാകാം അനുരഞ്ജനകൂദാശയോട് ഇത്രയും അടുപ്പത്തിലാവാന്‍ കാരണമായതെന്നു ഞാന്‍ ചിന്തിച്ചിരുന്നു. തന്‍റെ തിരക്കേറിയ ഔദ്യോഗികജീവിതത്തിനിടയിലും മക്കളെയും ചേര്‍ത്തു കുമ്പസാരത്തിനു സമയം കണ്ടെത്തുന്ന ഒരപ്പച്ചന്‍ പങ്കുവച്ച കാര്യം ഇതാണ്. "ഒരസുഖം വന്നാല്‍ ഡോക്ടറെ കാണിക്കുവാനും കോച്ചിങ്ങ് സെന്‍ററുകളിലേക്കു പഠനാവശ്യത്തിനു കൊണ്ടുവിടാനും കാണിക്കുന്നതിനേക്കാളും ശുഷ്കാന്തി ഇക്കാര്യത്തില്‍ ഞാന്‍ കാണിക്കും. കാരണം ആത്മാവിനേല്ക്കുന്ന പരിക്കുകള്‍ സുഖപ്പെടുത്താതെ മറ്റെന്തു നല്കിയിട്ടും ഫലമില്ലല്ലോ?" എത്ര ഉയര്‍ന്ന ചിന്തയാണിത്. കൗമാരക്കാരിയുടെ മാതാപിതാക്കളായ ഞങ്ങളുടെ അനുഭവവും മറ്റൊന്നല്ല. പ്രായത്തിന്‍റെ പിരിമുറുക്കവും അരക്ഷിതാവസ്ഥകളും ഇടര്‍ച്ചകളുമെല്ലാം കുമ്പസാരക്കൂടിനു മുന്നില്‍ മുട്ടുകുത്തി ഏറ്റുപറഞ്ഞ്, പ്രസരിപ്പും കുസൃതിയും വീണ്ടെടുക്കുന്ന അവര്‍ തരുന്ന സമാധാനം വലുതാണ്. മറുപിറവിയുടെ അനുഭവം ജീവിതത്തില്‍ തൊട്ടറിയാനാകുന്ന അവര്‍ണനീയമായ അവസരം.

നല്ലൊരു പങ്കു ക്രൈസ്തവരുടെ ജീവിതത്തോടും ഇഴചേര്‍ന്നു നില്ക്കുന്ന അനുഭവങ്ങളുള്ള കുമ്പസാരത്തെ ചൊല്ലി ഉയര്‍ന്ന വിവാദങ്ങള്‍ വല്ലാത്ത അമ്പരപ്പാണു നല്കുന്നത്. താന്‍ തന്നോടു തന്നെ ഉത്തരവാദിത്വം കാട്ടേണ്ട അനേകം ചിട്ടവട്ടങ്ങളിലൂടെ കുമ്പസാരക്കാരനും കുമ്പസാരിക്കുന്ന വ്യക്തിയും കടന്നുപോകേണ്ട ഈ കൂദാശ വിവാദങ്ങള്‍ക്കു കാരണമാകുന്നതെങ്ങനെ? ആഴ്ചയിലൊരിക്കലോ നിശ്ചിതസമയത്തോ നിര്‍ബന്ധമായതിനാല്‍ മാത്രം കുമ്പസാരക്കൂട്ടിലായിരിക്കാന്‍ തയ്യാറാകുന്ന വൈദികരും അപരിചിതരായ വൈദികരുടെ പക്കല്‍ തിടുക്കത്തില്‍ കുമ്പസാരിച്ചു തീര്‍ക്കാന്‍ ശ്രമിക്കുന്ന അല്മായരും ഏറിവരുന്ന കാലഘട്ടത്തില്‍ അവിശ്വസനീയമായ ഒടക്കുവലയായി കുമ്പസാരം മാറുന്നതെങ്ങനെ? മരക്കൂടിന്‍റെ മറയുടെ സുരക്ഷിതത്വം, പരിചയമില്ലാത്ത വൈദികരുടെ അടുക്കല്‍ കുമ്പസാരിക്കാന്‍ നിരവധി സാഹചര്യങ്ങള്‍, ഏറ്റുപറയുന്ന കാര്യങ്ങളില്‍ വ്യക്തത ഇല്ലാതെ വന്നാല്‍ മാത്രം ചോദ്യങ്ങള്‍ ചോദിക്കേണ്ട കുമ്പസാരക്കാരന്‍റെ പെരുമാറ്റം ഏതെങ്കിലും തരത്തില്‍ അലോസരപ്പെടുത്തിയാല്‍ ആ നിമിഷം കുമ്പസാരമവസാനിപ്പിക്കാനുള്ള സ്വാതന്ത്ര്യം എന്നിവ നിലനില്ക്കേ, കുമ്പസാരങ്ങള്‍ എങ്ങനെ ചിലന്തിവലകളാകുന്നു? കുമ്പസാരിക്കാനുള്ള ക്രമങ്ങളും നിയമങ്ങളും മാര്‍പാപ്പയ്ക്കും മെത്രാനും വൈദികനും ആണും പെണ്ണും കുഞ്ഞുങ്ങളുമടങ്ങുന്ന അല്മായനും ഒന്നായിരിക്കേ പെണ്‍കുമ്പസാരങ്ങള്‍ മാത്രം എങ്ങനെ ശ്രദ്ധയാകര്‍ഷിക്കപ്പെടുന്നു? പത്തു ദൈവപ്രമാണങ്ങളും തിരുസഭയുടെ അഞ്ചു കലപ്നകളും ഇഴതിരിച്ച നൂറുകണക്കിനു പാപങ്ങളും ചെയ്തുപോയ പാപങ്ങള്‍ക്കൊപ്പം ചെയ്യാനാകുമായിരുന്ന നന്മകളില്‍ ഉപേക്ഷ കാട്ടിയതും പ്രവൃത്തിയില്‍ ഇടറിയതിനൊപ്പം മനസ്സുകൊണ്ട് ഇടറിയതും ഏറ്റുപറയേണ്ട നല്ല കുമ്പസാരത്തില്‍ 6-ാം പ്രമാണം മാത്രമായി എങ്ങനെ ഒറ്റ തിരിക്കപ്പെടുന്നു? ജീവിതത്തിന്‍റെ ഇടര്‍ച്ചകള്‍ മാത്രമല്ല, ചവിട്ടിക്കടന്നു പോകേണ്ടി വരുന്ന കനല്‍വഴികളുടെ ചൂടും പാതയോരത്തു കണ്ട മാരീചനും രോഗാതുരതകളില്‍ പ്രത്യാശ നഷ്പ്പെട്ടുപോകുന്നതും മരണഭീതിയും വിഭ്രാന്തികളും ശൂന്യതകളും കുടുംബത്തിന്‍റെ ഉത്തരവാദിത്വങ്ങളുടെ കനമേറുന്ന നുകവുമെല്ലാം ഇറക്കിവയ്ക്കാനുള്ള അത്താണികളാണു കുമ്പസാരക്കൂടുകള്‍. എന്നിട്ടും പെണ്‍കുമ്പസാരങ്ങള്‍ ആറാംപ്രമാണലംഘനങ്ങള്‍ മാത്രമെന്ന വിധിയെഴുത്തു ചിന്തിക്കപ്പെടേണ്ടതുതന്നെ. പെണ്ണെന്ന പദത്തിനോട് അശ്ലീലമെന്നു കൂടി കൂട്ടിവായിക്കുന്ന മലയാളിയുടെ മാനസികവൈകല്യത്തിന്‍റെ നേര്‍പത്രമാണു സോഷ്യല്‍ മീഡിയയില്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ നമ്മള്‍ കണ്ടത്. നൂറ്റാണ്ടുകളായി ലക്ഷക്കണക്കിനു സ്ത്രീകള്‍ ആയിരക്കണക്കിനു വൈദികരുടെ പക്കല്‍ കുമ്പസാരിച്ചിട്ടും ഇതുവരെ കേട്ടുകേള്‍വി പോലുമില്ലാത്ത ഒരു ആരോപണം വാര്‍ത്താ പ്രാധാന്യം നേടി എന്നതു സ്വാഭാവികം. എന്നാല്‍ ഈ ഒറ്റപ്പെട്ട സംഭവത്തെ അശ്ലീലവത്കരിക്കുന്നതിലൂടെ അല്മായര്‍ക്കും പുരോഹിതര്‍ക്കുമിടയില്‍ അകലം ഉണ്ടാക്കുക എന്ന കൃത്യമായ അജണ്ടയും നടപ്പിലാക്കപ്പെടുന്നുണ്ട്. സമാനമായ ഒരനുഷ്ഠാനം തങ്ങളുടെ മതങ്ങളില്‍ ഇല്ലാത്തതുകൊണ്ടു മറ്റു മതസ്ഥര്‍ക്കെല്ലാം കൗതുകമുണര്‍ത്തുന്ന 'സംഗതിയായ' കുമ്പസാരം വിമര്‍ശിക്കപ്പെടുന്നതു ശ്രദ്ധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും, അന്ധന്‍ ആനയെക്കുറിച്ചു വിവരിക്കുംപോലെയാണ് അവയില്‍ പലതും. സ്കൂള്‍ കാലഘട്ടത്തില്‍ കൂട്ടുകാര്‍ക്കൊപ്പം പള്ളിയില്‍ കയറിയാല്‍ മറ്റു മതസ്ഥരായ കുട്ടികള്‍ക്ക് അറിയേണ്ടതു കുമ്പസാരക്കൂടിനെ ചുറ്റിപ്പറ്റിയുള്ള കാര്യങ്ങളായിരുന്നു. സ്വകാര്യത നിറഞ്ഞ ഈ കൂദാശയെക്കുറിച്ചുള്ള ആകാംക്ഷകള്‍ സംശയങ്ങളും ആരോപണങ്ങളുമായി ഉയര്‍ന്നു എന്നു വേണം കരുതാന്‍. കൈ വെട്ടിമാറ്റപ്പെടും എന്ന പേടി കൂടാതെ കൈ കൊട്ടിച്ചിരിക്കും എന്ന ലാഭംകൂടി കണക്കിലെടുത്ത്, സിനിമയിലും മിമിക്രിയിലും അവതരിപ്പിക്കപ്പെട്ട ഇക്കിളികുമ്പസാരങ്ങള്‍ സാമാന്യജനത്തിലൊരു വിഭാഗം അപ്പാടെ വിശ്വസിച്ചു എന്ന സങ്കടം മാത്രമേ ട്രോളുകളോടും ചാനല്‍ചര്‍ച്ചകളോടും തോന്നുന്നുള്ളൂ. സ്ത്രീകള്‍ പുരുഷവൈദികരുടെ പക്കല്‍ കുമ്പസാരിക്കില്ല എന്നു തീരുമാനിച്ചാല്‍ തീരുന്ന പ്രശ്നമേ ഇന്നു കേരളസഭയിലുള്ളൂ എന്നു മാധ്യമചര്‍ച്ചയിലെ വനിതാ അവതാരിക വിധിയെഴുതുമ്പോഴും അന്ധമായ പൗരോഹിത്യ വിരോധത്തിന്‍റെ പേരില്‍ സ്ത്രീകളെ കുമ്പസാരിപ്പിക്കാന്‍ കന്യാസ്ത്രീകള്‍ വരട്ടെ എന്നു പ്ലക്കാര്‍ഡുയരുമ്പോഴും "ഭര്‍ത്താവിനോടു പറയാന്‍ പറ്റാത്തതൊന്നും കുമ്പസാരക്കാരനോടു പറയുന്നതെന്തിന് എന്ന് ഫെയ്സ് ബുക്ക് സാമൂഹ്യപ്രവര്‍ത്തക ഉപദേശിക്കുമ്പോഴും അവനവനു നേരിട്ട് അനുഭവമില്ലാത്ത കാര്യങ്ങളില്‍ അഭിപ്രായം പറയരുത് എന്ന വിവേകം ഇവര്‍ക്കില്ലേ എന്ന സഹതാപമേ തോന്നുന്നുള്ളൂ. കുമ്പസാരമില്ലാത്ത ഇതര ക്രൈസ്തവ സഭാവിഭാഗങ്ങളും ഇതിനിടയില്‍ തങ്ങളുടെ ഗൂഢലക്ഷ്യങ്ങള്‍ നടപ്പാക്കുന്നുണ്ട്. ഒരു കത്തോലിക്കാവിശ്വാസിക്കു തന്‍റെ രക്തത്തോടു ചേര്‍ക്കപ്പെട്ട പ്രാണന്‍റെ മിടിപ്പുകളാണു കൂദാശകള്‍. കുമ്പസാരവിവാദം എന്ന പേരില്‍ അശ്ലീലകഥകളും ട്രോളുകളും ചമയ്ക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന കത്തോലിക്കാ പുരുഷന്മാരോടു വലിയ സഹതാപമാണു തോന്നുന്നത്. പെണ്ണെന്നാല്‍-തന്‍റെ അമ്മയും ഭാര്യയും പെങ്ങളും മക്കളുമടക്കം – ആണിനു മുന്നില്‍ കാലിടറുന്നവരാണെന്ന തെറ്റിദ്ധാരണയുള്ളവരും, പെണ്ണിന്‍റെ സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കുന്ന കണ്ണുകൊണ്ടല്ലാതെ ഒന്നിനെയും കാണാന്‍ കഴിയാത്തവരും, സൗഹൃദസദസ്സുകളിലെ നിലനില്പു മാത്രം ലക്ഷ്യംവച്ചു നട്ടെല്ലു പണയപ്പെടുത്തി കയ്യടി നേടുവാന്‍ ശ്രമിക്കുന്നവരുമായ മാനസികരോഗികളാണല്ലോ അവര്‍.

സഭയിലെ കുറവുകളെയും സഭാധികാരികളുടെ പാളിച്ചകളെയും ചോദ്യം ചെയ്യുന്നതില്‍ ഒട്ടും മടിക്കാത്ത സഭാംഗങ്ങളായ സ്ത്രീകള്‍പോലും കുമ്പസാരവിവാദത്തില്‍ പ്രതികരിച്ചില്ല എന്നതു ശ്രദ്ധാര്‍ഹമാണ്. നിലവിലുള്ള വിവാദങ്ങള്‍ക്ക് ആധാരമായ സംഭവം യാഥാര്‍ത്ഥ്യമാണെങ്കില്‍ ഒറ്റപ്പെട്ടതാണെന്നു സ്വന്തം അനുഭവംകൊണ്ട് അവര്‍ തിരിച്ചറിയുന്നതുകൊണ്ടാണത്. കുമ്പസാരക്കൂട്ടില്‍ ഇര പിടിക്കാന്‍ ചിലന്തികളുണ്ട് എന്ന തോന്നല്‍ ഞങ്ങള്‍ക്കുണ്ടായിരുന്നുവെങ്കില്‍ കേരളത്തിലെ ഒരമ്മയും സ്വന്തം പെണ്‍മക്കളെ കുമ്പസാരക്കൂടിനു മുന്നിലേക്കു പറഞ്ഞയക്കില്ലായിരുന്നു. വേലി ചാടാനുള്ള വെമ്പലിനെ അതിജീവിക്കാന്‍ കരുത്തു പകരുന്ന, ആത്മഹത്യയുടെ വക്കില്‍ നിന്നു കരകയറി പോരാന്‍ ഇടയാക്കുന്ന, കൊലപാതകികളായി മാറേണ്ട സാഹചര്യങ്ങളില്‍ പൊറുക്കാന്‍ കൃപ നല്കുന്ന, മാനസികരോഗികളായി മാറാതിരിക്കാന്‍ അഭയമാകുന്ന അനുരഞ്ജനകൂദാശയുടെ ശക്തിയെന്തെന്നു തിരിച്ചറിയുന്ന പെണ്‍ബുദ്ധികളാണ്, വീടുകളില്‍, കുമ്പസാരിക്കാന്‍ സമയമായിട്ടോ എന്ന ചെവിട്ടോര്‍മ്മയുമായി ഭര്‍ത്താവിന്‍റെയും മക്കളുടെയും പുറകേ കൂടുന്നത്. മാനുഷികബുദ്ധികളാല്‍ പ്രശ്നപരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്തുന്ന, പ്രൊഫഷണല്‍ എത്തിക്സിന്‍റെ രഹസ്യാത്മകത മാത്രമുള്ള കൗണ്‍സിലിങ്ങുകളേക്കാള്‍ നൂറ്റാണ്ടുകളുടെ വിശ്വാസ്യതയും ദൈവികകൃപയുമുള്ള കുമ്പസാരക്കൂടുകളെ ആശ്രയിക്കാനാണു ഞങ്ങള്‍ ആഗ്രഹിക്കുന്നത്.

കുമ്പസാരവിവാദം ഒഴിവാക്കപ്പെടേണ്ടതായിരുന്നുവെങ്കിലും ആത്മപരിശോധനയ്ക്കു കളമൊരുക്കാന്‍ ഈ അവസരം സഹായകമായി എന്നു പറയാതിരിക്കാന്‍ വയ്യ. കാതില്‍ കേട്ട കുമ്പസാരരഹസ്യത്തെ പ്രാണനേക്കാള്‍ കാത്ത പുരോഹിതരുടെ ചരിത്രവും പൗരോഹിത്യം പാതിവഴിയില്‍ ഉപേക്ഷിച്ചവര്‍പോലും അനുരഞ്ജനകൂദാശയുടെ പവിത്രത കളങ്കപ്പെടുത്തില്ല എന്ന ഉറപ്പുമാണ് ഇവിടെ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത് എന്നത് ആശങ്കയുണര്‍ത്തുന്നുണ്ട്. കുമ്പസാരക്കൂടുകളെ ദുരുപയോഗിക്കുന്ന പുരോഹിതരുണ്ടെന്നു തെളിഞ്ഞാല്‍ അവര്‍ ശിക്ഷിക്കപ്പെടേണ്ടവര്‍ തന്നെയാണ്. പൗരോഹിത്യ പരിശീലനകാലത്ത് ഓരോ വൈദികവിദ്യാര്‍ത്ഥിക്കും നല്കുന്ന ഏറ്റവും കാര്‍ക്കശ്യമുള്ള കുമ്പസാരപരിശീലന പാഠങ്ങളെക്കുറിച്ച് അല്മായര്‍ക്കും അറിവു നല്കുന്നതു ലാഘവത്തോടെ കല്ലെറിയുന്നതില്‍ നിന്നും അപഹാസ്യമായി കുമ്പസാരക്കോമഡികള്‍ ഒരുക്കുന്നതില്‍ നിന്നും അവരെ തടയില്ലേ? ഒപ്പം ലഭിച്ച പരിശീലനം ദൈവനീതിക്കു മുന്നില്‍ പാലിക്കപ്പെടുന്നുവെന്ന് ഓരോ വൈദികനും സ്വയം ഉറപ്പുവരുത്തുകയും വേണം. ആദ്യകുര്‍ബാന സ്വീകരണത്തിന്‍റെ പരിശീലനത്തിനും വേദപാഠക്ലാസ്സുകള്‍ക്കുമപ്പുറം കുറ്റബോധത്തിന്‍റെ തൊങ്ങലുകള്‍ പിടിപ്പിച്ച കരിസ്മാറ്റിക് പ്രസംഗങ്ങളിലൂടെയും അല്ലാതെ പ്രായത്തിനനുസൃതമായ പരിശീലനം കുമ്പസാരത്തില്‍ അല്മായനു സഭയില്‍ നിന്നു ലഭിക്കുന്നുണ്ടോ എന്നതു സംശയമാണ്. കുമ്പസാരത്തിന്‍റെ രഹസ്യാത്മകതയും വിശുദ്ധിയും സംരക്ഷിക്കാന്‍ സഭ പുരോഹിതര്‍ക്കു നിശ്ചയിച്ചിരിക്കുന്ന കര്‍ശന നിബന്ധനകളെക്കുറിച്ചും ഏറ്റുപറയേണ്ടവ ഏതൊക്കെയെന്നും പറയേണ്ട രീതികള്‍ എപ്രകാരമെന്നും വ്യക്തത ലഭിക്കാന്‍ യുവജനങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും വേദികളുണ്ടാകുന്നതു നല്ലതല്ലേ?

വിമര്‍ശനങ്ങള്‍ എക്കാലത്തും സഭയെ വിശുദ്ധീകരിച്ചിട്ടേയുള്ളൂ എന്ന ചരിത്രം ഇനിയും ആവര്‍ത്തിക്കപ്പെടട്ടേ. വിവാദങ്ങളുണ്ടാക്കുന്ന വിഷയം മൂടിവയ്ക്കപ്പെടേണ്ടതല്ലല്ലോ? പാപസങ്കീര്‍ത്തനവേദികള്‍ പാപത്തിലേക്കല്ല, പുണ്യത്തിലേക്കുള്ള കവാടങ്ങളാണെന്ന ബോദ്ധ്യം വിശ്വാസികളില്‍ ആഴപ്പെടാന്‍ ഉതകുന്ന അനുരഞ്ജനകൂദാശയുടെ എല്ലാ വശങ്ങളെയുംകുറിച്ചു വിശ്വാസികള്‍ക്കുള്ള സംശയങ്ങള്‍ ദുരീകരിക്കുന്ന പഠനങ്ങളും ചര്‍ച്ചകളും സഭയിലുടനീളം ഉണ്ടാകണം. ചാരം പുതഞ്ഞു കിടക്കുന്ന ഈ ജീവദായകമായ കൂദാശയുടെ വീണ്ടെടുപ്പിന് ഈ വിവാദ കൊടുങ്കാറ്റ് നിമിത്തമായി മാറട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org