സന്യാസിനികളുടെ ശാക്തീകരണവും മനുഷ്യാവതാരവും

സന്യാസിനികളുടെ ശാക്തീകരണവും മനുഷ്യാവതാരവും

ഫാ. വര്‍ഗീസ് പാലാട്ടി, മിലാന്‍

എക്കാലത്തെയും പോലെ സഭ വിവിധ വെല്ലുവിളികളെ നേരിടുന്നു. ഇത്തരം വെല്ലുവിളികളൊക്കെ സഭയുടെ തന്നെ ശുദ്ധീകരണത്തിനും പുതിയ ബോധ്യങ്ങള്‍ക്കും നവചൈതന്യത്തിനും കാരണമാകാറുണ്ട്. കാലത്തിനനുസരിച്ചു രൂപപ്പെടുന്ന സമൂഹവും, സാമൂഹ്യവ്യവസ്ഥിതികളും, സാമൂഹ്യമാധ്യമങ്ങളും രാഷ്ട്രീയസാമൂഹിക സാംസ്കാരിക മത സങ്കല്പ്പങ്ങള്‍ക്ക് കൂടുതല്‍ വെല്ലുവിളികളും പുനര്‍നിര്‍വചനങ്ങളും ആവശ്യപ്പെടുന്നുണ്ട്. സഭയും, സഭാ സംവിധാനങ്ങളും വളരെ വിമര്‍ശനാത്മകമായി ചര്‍ച്ച ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തില്‍, കാലത്തിന്‍റെ ചുവരെഴുത്തുകള്‍ വായിച്ചു കൂടുതല്‍ തെളിമയുള്ള സംവിധാനങ്ങളെ രൂപപ്പെടുത്തുക എന്നത് സഭയുടെ നൂതന ധര്‍മ്മമാണ്.

സ്ത്രീശാക്തീകരണം സഭയിലും സമൂഹത്തിലും ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുക. ആരോപണവും പ്രത്യാരോപണവുമായി പ്രശ്നപരിഹാരത്തിന് സഭയ്ക്കു വെളിയില്‍ അഭയം പ്രാപിക്കുന്ന ഒരു സന്യാസിനിയുടെ രോദനം; ശാക്തീകരണമായോ, നിസ്സഹായതയായോ, വിചിത്രമായോ തോന്നിപോകാം. അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക് എന്ന സൂക്തം ആധുനിക കുടുംബങ്ങളിലും, രാഷ്ട്രീയസാമൂഹ്യതലങ്ങളിലും പ്രാബല്യത്തില്‍ വന്നുകൊണ്ടിരിക്കുന്ന ഒരു മാറ്റത്തിന്‍റെ കാലമാണിത്. പരമ്പരാഗതമായ ഒരു പുരുഷമേധാവിത്വത്തില്‍ നിന്നും ലിംഗസമത്വത്തിലേക്കുള്ള ദൂരം നിര്‍ണ്ണയിക്കുന്നതില്‍, ആ ദേശത്തെ വിദ്യാഭ്യാസസമ്പ്രദായവും, സാമൂഹ്യ വ്യവസ്ഥിതികളും, ശാസ്ത്രസാങ്കേതിക വിദ്യകളും, മാധ്യമങ്ങളും, മതസങ്കല്പങ്ങളും ഏറെ പങ്കുവഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ രാജ്യങ്ങള്‍ തമ്മിലും, സംസ്ഥാനങ്ങള്‍ തമ്മിലും, നഗരഗ്രാമപ്രദേശങ്ങള്‍ തമ്മിലും സ്ത്രീ ശാക്തീകരണത്തിന് അന്തരം കാണാനാകും. മുഖ്യധാരാ മാധ്യമങ്ങളും സാമൂഹ്യമാധ്യമങ്ങളും, സാമൂഹ്യപരിഷ്കര്‍ത്താക്കളും ഈ ലക്ഷ്യനിര്‍വഹണത്തിനു വലിയ പങ്കുവഹിക്കുന്നുണ്ട്. അതു കൊണ്ടുതന്നെ സ്ത്രീശബ്ദത്തെ ഒരു മാറ്റൊലിയായി കണ്ട് ഗൗരവമായി തന്നെ മാധ്യമങ്ങള്‍ സമൂഹ മധ്യത്തില്‍ അവതരിപ്പിക്കുന്നു.

സഭയിലും സ്ത്രീശാക്തീകരണവും, സ്ത്രീപ്രാതിനിധ്യവും വളരെ പുരോഗമനചിന്തയോടെ സ്വാഗതം ചെയ്യുന്നുണ്ട്.

അത് എത്രത്തോളം സഭയില്‍ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേര്‍ന്നു എന്നത് ഈ വര്‍ത്തമാനകാലത്തിലെ ചര്‍ച്ചകളോട് ചേര്‍ന്നു ചിന്തിക്കുകയാണിവിടെ.

സ്തീകള്‍ക്കുണ്ടായിരുന്ന സാമൂഹ്യവേര്‍തിരിവുകളെ തച്ചുടച്ചു യഥാര്‍ത്ഥത്തില്‍ സ്ത്രീസമത്വത്തിനപ്പുറം സ്ത്രീശാക്തീകരണത്തിന് ക്രിസ്തു നാന്ദി കുറിക്കുന്നതു സുവിശേഷ വിവരണങ്ങളില്‍ ദര്‍ശിക്കാനാകും. എങ്കിലും, സഭ തഴച്ചുവളരുന്ന സമൂഹവും സാമൂഹ്യവ്യവസ്ഥിതികളും സ്ത്രീശാക്തീകരണം നടപ്പിലാക്കുന്നതിന് ഏറെ സ്വാധീനിക്കുന്നുണ്ട്.

ശാക്തീകരണം എന്ന സങ്കല്പ്പം സമൂഹമധ്യത്തില്‍ ഉടലെടുക്കാനും വേരുപിടിക്കാനും കടപ്പെട്ടിരിക്കുന്നത് ഫെമിനിസ്റ്റ് മൂവ്മെന്‍റുകളോടും ഫ്രോയിഡിന്‍റെ മനഃശാസ്ത്രത്തോടും, ഗാന്ധിസത്തോടുമാണ്. ബ്രസീലിയന്‍ എഴുത്തുകാരനായ പൗളോ ഫ്രയരെ (Poulo Freire) 1968-ല്‍ പ്രസിദ്ധീകരിച്ച 'Pedagogy of the Oppressed' എന്ന പുസ്തകത്തില്‍ ശാക്തീകരണത്തില്‍ വിദ്യാഭ്യാസത്തിനുള്ള പങ്ക് ഊന്നിപ്പറയുന്നുണ്ട്. 1970 കളിലാണ് ശാക്തീകരണം എന്ന ആശയം അന്തരാഷ്ട്രത്തലത്തില്‍ ഗൗരവമായി അക്കാദമിക് തലങ്ങളായ, സോഷ്യല്‍ സര്‍വീസ്, സോഷ്യല്‍ സൈക്കോളജിയിലൊക്കെ പഠന വിഷയമാകുന്നത്. തുടര്‍ന്ന് പൊളിറ്റിക്സിലും, ബിസിനസ്സിലും ശ്രദ്ധേയമായ പാഠ്യവിഷയമായി. 1990 മുതല്‍ ശാക്തീകരണത്തിന്‍റെ സാധ്യതകളും വെല്ലുവിളികളും അന്താരാഷ്ട്ര അജണ്ടയായി രൂപപ്പെട്ടു. സ്ത്രീസമത്വവും ശാക്തീകരണവും(Gender Em-powerment Measure-GEM) Human Development Index-ന്‍റെ അളവുകോലായി UNDP 1995- ല്‍ കൂട്ടിച്ചേര്‍ക്കപെട്ടു.

സ്ത്രീസമത്വത്തെയും അന്തസ്സിനേയും തൃണവത്കരിക്കുന്ന തരത്തില്‍, സ്ത്രീയെ കുടുംബത്തിലും സമൂഹത്തിലും പരിമിതമായ സ്വാതന്ത്ര്യം ഉള്ളവളായി നിയമസംഹിതയായ മനുസ്മൃതിയില്‍ ചിത്രീകരിച്ചിട്ടുണ്ട്. പ്രാചീന ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട ഒരു കാലഘട്ടത്തില്‍ 1848-ലാണ് സാവിത്രിബായ് ഫൂലെ ഇന്ത്യയിലെ ആദ്യത്തെ സ്ത്രീ അദ്ധ്യാപികയായി ചരിത്രം മാറ്റിക്കുറിച്ചു സ്ത്രീശാക്തീകരണത്തിനു തുടക്കം കുറിച്ചത്. പിന്നീട് ഏകദേശം നൂറു വര്‍ഷങ്ങള്‍ക്കുശേഷം ഇന്ദിരാഗാന്ധി ഇന്ത്യന്‍ പ്രധാനമന്ത്രിയായി ശാക്തീകരണത്തിന്‍റെ മൂര്‍ത്തീഭാവമായത്. ബഹിരാകാശസഞ്ചാരം നടത്തിയ ആദ്യത്തെ ഇന്ത്യന്‍ വംശജയായ കല്പന ചൗള ഇന്ത്യന്‍ സ്ത്രീകളുടെ യശ്ശസ് ഉയര്‍ത്തിയതും ഈ ശാക്തീകരണത്തിന്‍റെ ചവിട്ടുപടികളാണ്. തുടര്‍ന്നുള്ള കാലഘട്ടം സ്ത്രീശാക്തീകരണത്തിന്‍റെ അലയടികള്‍ സാമൂഹ്യരാഷ്ട്രീയ സാംസ്കാരിക തലങ്ങളില്‍ ദര്‍ശിക്കാനാകും. ഇന്ത്യന്‍ ഭരണ ഘടനയിലും, 1990-ല്‍ രൂപീകൃതമായ ദേശീയ വനിതാ കമ്മീഷനും, 2001-ല്‍ പാസ്സാക്കിയ National Policy for the Empowerment of Women, അതേ വര്‍ഷം തന്നെ സ്ത്രീശാക്തീകരണ വര്‍ഷമായി (സ്വാശക്തി) പ്രഖ്യാപിച്ചതൊക്കെ ഇന്ത്യന്‍ സമൂഹം സ്ത്രീ ശാക്തീകരണത്തെ ഈ കഴിഞ്ഞ ദശകങ്ങളില്‍ വളരെയേറെ പ്രാധാന്യത്തോടെ കാണുന്നുവെന്നതിന്‍റെ തെളിവുകളാണ്. സ്ത്രീ ശാക്തീകരണത്തോടുള്ള ഒരു രാഷ്ട്രത്തിന്‍റെ നിലപാടുകള്‍ സമൂഹത്തെയും അവിടെയുള്ള സഭയെയും ഒരു തരത്തില്‍ ബാധിക്കുന്നുണ്ട്. സഭയും രാഷ്ട്രവും ഇത്തരുണത്തില്‍ പരസ്പര പൂരകങ്ങളും, സഭ രാഷ്ട്രത്തിന്‍റെ മനഃസാക്ഷിയുമാകണം.

മറ്റു വികസിത രാജ്യങ്ങളിലെ പോലെ ഭാരതത്തിലെ സമൂഹത്തില്‍ ഈ അടുത്തകാലത്ത് കൂടുതലായി ആര്‍ജ്ജിച്ചെടുത്ത സ്ത്രീശാക്തീകരണം ആഗോള കത്തോലിക്കാസഭയില്‍ പണ്ടു മുതല്‍ നിഷ്കര്‍ഷിക്കുന്ന സ്ത്രീ ശാക്തീകരണം ഭാരത സഭയില്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കാരണമാകുന്നുണ്ട്. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ അപ്പസ്തോലിക ലേഖനമായ 'Mulieris Dignitatem'-ത്തിന്‍റെ 20-ാം വര്‍ഷം ആചരിച്ചപ്പോള്‍ CBCI 'സ്ത്രീശാക്തീകരണം സഭയിലും സമൂഹത്തിലും' എന്ന വിഷയത്തെക്കുറിച്ചു വളരെ ഫലപ്രദമായി ചര്‍ച്ച ചെയ്യുകയും, സഭയിലും സമൂഹത്തിലും ഈ ശാക്തീകരണം വേഗത്തില്‍ നടപ്പിലാക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഗര്‍ഭച്ഛിദ്രവും, സ്ത്രീകളോടുള്ള വിവേചനവും, പീഡനവും കൂടുതലായി കണ്ടുവരുന്ന സമൂഹത്തില്‍, രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ വെളിച്ചത്തില്‍ സ്ത്രീത്വത്തെ ക്രൈസ്തവ കാഴ്ചപ്പാടില്‍ മൂല്യമുള്ളതാക്കി പഠിപ്പിക്കുന്നുണ്ട്. സാമൂഹ്യ കാഴ്ചപ്പാടില്‍ നിന്നും വ്യത്യസ്തമായി പദവിയെക്കാളും അധികാരത്തെക്കാളും ശുശ്രൂഷയിലൂടെ ശാക്തീകരണം എന്ന സങ്കല്പ്പത്തിന് വിശാലമായ അര്‍ത്ഥം സഭ നല്കുന്നുണ്ട്.

സ്ത്രീയും പുരുഷനും ദൈവത്തിന്‍റെയും സഭയുടെയും മുന്‍പില്‍ തുല്യരാണെന്നും, അതിനാല്‍ തന്നെ പരസ്പരം ആദരിക്കാനും, അന്തസ്സോടെ പെരുമാറാനും സഭ ഓര്‍മ്മപ്പെടുത്തുന്നു. പുരുഷന്മാരെപ്പോലെ തന്നെ സ്ത്രീകളുടെ വിദ്യാഭ്യാസവും, ജോലി നേടലും, തുല്യവേതനവും, അഭിപ്രായ സ്വാതന്ത്ര്യവും, നേതൃത്വവും തീരുമാനമെടുക്കാനുള്ള പ്രാഗത്ഭ്യവുമെല്ലാം സ്ത്രീകളെ അരങ്ങത്തേയ്ക്ക് കൊണ്ടു ചെന്നെത്തിച്ചു. ഇടവകകളിലും സഭാ നേതൃത്വങ്ങളിലൊക്കെ സ്ത്രീപ്രാതിനിധ്യം ഉറപ്പുവരുത്തുന്നുണ്ട്. ഇത്തരം കുടുംബങ്ങളില്‍ നിന്നും ദൈവവിളി സ്വീകരിച്ചു വരുന്ന സന്യാസിനികളും, സാക്ഷ്യം നല്കേണ്ട സമൂഹവും സന്യാസിനികളുടെ അന്തസ്സും, അഭിപ്രായ സ്വാതന്ത്ര്യവും, തീരുമാനമെടുക്കാനുള്ള കഴിവും ഉയര്‍ത്തുന്നുണ്ട്.

സഭയിലെ സന്യാസിനികള്‍ നാലാം നൂറ്റാണ്ടു മുതല്‍ കര്‍ത്താവിന്‍റെ മണവാട്ടികളായി സ്വയം സമര്‍പ്പണം ചെയ്തു സഭയില്‍ ശുശ്രൂഷാജീവിതം തുടരുന്നവരാണ്. പുരോഹിതരും, കന്യാസ്ത്രീകളും ക്രിസ്തുവിന്‍റെ ഒരേ ദൈവവിളിയില്‍ പങ്കുപറ്റുന്നവരെങ്കിലും, പൗരോഹിത്യം ഏഴു കൂദാശകളില്‍ ഒന്നും, എന്നാല്‍ സന്യാസിനി ജീവിതം ഒരു സമര്‍പ്പണജീവിതവുമാണ്. പക്ഷേ രണ്ടു കൂട്ടരും ക്രിസ്തുവിന്‍റെ മുന്തിരിത്തോട്ടത്തിലെ ജോലിക്കാരുമാണ്.

സമൂഹം കല്പിച്ചിട്ടുള്ള പുരോഹിത സന്യാസിനി വേര്‍തിരിവ് ഈ അടുത്തുകാലംവരെ വളരെ പ്രകടമായിരുന്നു. എന്നാല്‍ ഇന്ന് സഭ വ്യക്തമാക്കുന്ന ശാക്തീകരണം കൊണ്ട് വളരെയേറെ കന്യാസ്ത്രീകള്‍ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കടന്നു വരുവാനും വിശുദ്ധികൊണ്ടും വിജ്ഞാനം കൊണ്ടും വ്യതിരിക്തത പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ആത്മീയ ഗുരുക്കന്മാരായും, ഡോക്ടര്‍മാരായും, നേഴ്സുമാരായും, പ്രൊഫസ്സര്‍മാരായും, അധ്യാപികമാരായും നിരവധി സിസ്റ്റേഴ്സ് സഭയ്ക്കും സമൂഹത്തിനും ഇപ്പോള്‍ ശുശ്രൂഷ ചെയ്തുകൊണ്ട് മുഖ്യധാരയിലേക്ക് കടന്നുവന്നിട്ടുണ്ട്. എങ്കിലും കോണ്‍വെന്‍റിനുള്ളിലും, സഭയ്ക്കകത്തും സ്വതന്ത്രമായ അഭിപ്രായപ്രകടനം നടത്താനാകാതെ, നിസ്സഹായരായി, നിശബ്ദ ശുശ്രൂഷ ചെയ്യുന്ന ഒരു വിഭാഗം കന്യാസ്ത്രീകള്‍ക്കിടയില്‍ ഉണ്ടെന്നുള്ളത് നിഷേധിക്കാന്‍ തരമില്ല. സമര്‍പ്പണവും, ശുശ്രൂഷയും പൂര്‍ണ മനസ്സോടെ ദൈവവിളിയുടെ മുഖമുദ്രയായി സ്വീകരിച്ചവരുടെ അകമഴിഞ്ഞ സേവനത്തെ ദൈവജനം വിലമതിക്കാത്ത അവസ്ഥ വന്നാല്‍ അതു തീര്‍ത്തും നിരാശാജനകമാണ്.

ശാക്തീകരണം ആരംഭിക്കേണ്ടത് സന്യാസിനി മഠങ്ങളിലാണ്, തുടര്‍ന്ന് സഭാതലങ്ങളിലും. സന്യാസിനി മഠങ്ങളില്‍ അഭിപ്രായ സ്വാതന്ത്ര്യം പ്രകടമാക്കിക്കൊണ്ടും, വ്യഥകള്‍ പങ്കുവയ്ക്കാന്‍ തുണസഹോദരിമാരെ ഉറപ്പുവരുത്തികൊണ്ടും, അറിവിന്‍റെയും അധികാരത്തിന്‍റെയും കുറവു കൊണ്ട് പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെ സമുദ്ധരിക്കുകയും ചെയ്യുന്ന സമീപനങ്ങള്‍ ശ്ലാഘനീയവും അതു ശാക്തീകരണത്തിലേക്ക് നയിക്കുന്നതുമാണ്. ക്രിസ്തുവിന്‍റെ മുന്‍പില്‍ ഞങ്ങള്‍ എല്ലാവരും തുല്യരാണ് എന്നു ബോധ്യപ്പെടുന്നിടത്താണ് ശാക്തീകരണം ആരംഭിക്കുന്നത്. ക്രിസ്തുവിന്‍റെ വിളി സ്വീകരിച്ചു സഭയിലെ ദാസികളായി ശുശ്രൂഷ ചെയ്യുന്നവരെ ഒരു കാരണത്തിന്‍റെ പേരിലും വിവേചനത്തോടെ ആരും കാണുവാനോ, അത്തരത്തില്‍ കണക്കാക്കാനോ പാടില്ല. സമര്‍പ്പണജീവിതംകൊണ്ട് സഭയ്ക്കും സമൂഹത്തിനും ശുശ്രൂഷ ചെയ്യുമ്പോഴും അവരുടെ അന്തസ്സും, മഹത്ത്വവും അല്പം പോലും കുറച്ചു കാണുന്നതും തെറ്റുതന്നെ. സന്യാസിനികളുടെ പ്രായത്തെയും, സേവനത്തെയും, ദൈവവിളിയെയും, ജീവിതത്തെയും ആദരിക്കുന്നതും, വിലമതിക്കുന്നതും ശാക്തീകരണത്തിന്‍റെ ഭാഗമാണ്. അതിന്‍റെ ഉദാത്ത ഉദാഹരണമാണ്, വത്തിക്കാന്‍ ഓഫീസുകളിലും, സഭാ കേന്ദ്രങ്ങളിലും, രൂപതാ സ്ഥാപനങ്ങളിലും മറ്റ് ഔദ്യോഗിക രംഗങ്ങളിലും സന്യാസിനികളെ സഭ ഉത്തരവാദിത്തങ്ങള്‍ നല്കി അംഗീകരിക്കുന്നത്. ശാക്തീകരണത്തിന്‍റെ ശുഭ സൂചനകള്‍ സഭയിലും സമൂഹത്തിലും കാണുന്നുണ്ട്.

ശാക്തീകരണത്തോടൊപ്പം ഒരു 'മനുഷ്യാവതാരവും' ഈ കാലഘട്ടത്തിലെ സന്യാസിനി സമൂഹത്തില്‍ സംജാതമാകണമെന്നു ചിന്തിക്കുന്ന പക്ഷക്കാരനാണ് ഞാന്‍. പാര്‍ശ്വവത്ക്കരിക്കപ്പെട്ട സന്യാസിനികളുടെ സമുദ്ധാരണം പോലെ തന്നെ മാറ്റം വരുത്തേണ്ടതാണ്, സമൂഹത്തിന്‍റെ മുഖ്യധാരയില്‍ സേവനം ചെയ്യുന്ന ചിലരുടെ മനുഷ്യത്വരഹിതമായ മനോഭാവങ്ങള്‍. ചില സമര്‍പ്പിതര്‍ക്ക് പദവിയും അധികാരവും ലഭിച്ചു കഴിയുമ്പോള്‍ ശുശ്രൂഷാ മനോഭാവവും, മാനുഷികഭാവങ്ങളും അന്യമാകുന്ന ദുരവസ്ഥ. ആത്മാര്‍ത്ഥതകൊണ്ട് ചെയ്യുന്നതാണ് എന്ന മുടന്തന്‍ ന്യായങ്ങള്‍ നിരത്താതെ, വിനയത്തോടെയും മാതൃകാപരമായും ഉന്നതപദവികള്‍ അലങ്കരിക്കുവാന്‍ സഭയിലും സമൂഹത്തിലും എല്ലാ സമര്‍പ്പിതര്‍ക്കും കഴിയണം. സമൂഹത്തിന്‍റെ കാഴ്ചപ്പാടില്‍ ഉന്നതമായ സ്ഥാനം വഹിക്കുന്ന വിദ്യാസമ്പന്നരും, കഴിവുമുള്ള ചില സന്യാസിനികളുടെ ഒറ്റപ്പെട്ട വിവേകരഹിതവും, കരുണയില്ലാത്തതുമായ വാക്കുകള്‍ വളരെ ശത്രുക്കളെ നേടുന്നുവെന്നു മാത്രമല്ല, സാധാരണക്കാര്‍ക്ക് ആന്തരിക മുറിവും സമ്മാനിക്കുന്നു.

ചില കോണ്‍ഗ്രിഗേഷന്‍റെ പ്രത്യേക കാരിസം പുസ്തകത്തിലൂടെയോ സംശയനിവാരണത്തിലൂടെ മാത്രമെ അറിയാന്‍ സാധിക്കു എന്ന രീതിയിലേക്കു ചുരുങ്ങുന്നത് അപടകരമല്ലേ? കാരിസമോ സമൂഹമോ നിര്‍ബന്ധിക്കാത്ത, വര്‍ദ്ധിച്ചു വരുന്ന വിദ്യാഭ്യാസ ആതുരസ്ഥാപനങ്ങള്‍ ഇന്നത്തെ സന്യാസിനി സമൂഹങ്ങളെ സ്ഥാപനവത്ക്കരണത്തില്‍ കൊണ്ടുചെന്നെത്തിക്കുന്നുണ്ടോ? സ്വന്തം സന്യാസിനി സമൂഹത്തിന്‍റെ സ്ഥാപനങ്ങളിലുള്ള നിതാന്ത ശ്രദ്ധ, അവയ്ക്കുവേണ്ടി മാത്രം പഠിപ്പിക്കുന്ന സന്യാസിനികളുടെ തുടര്‍ വിദ്യാഭ്യാസം പുതിയ സ്ഥാപനങ്ങള്‍ തുടങ്ങാനുള്ള തത്രപ്പാട് എന്നിവയായി ചില സന്യാസിനി സമൂഹങ്ങള്‍ ഒതുങ്ങി തീരുന്നുണ്ടോ? നിലവിലുള്ള സ്കൂളുകളുടെ നിലവാരം കാത്തുസൂക്ഷിച്ചുകൊണ്ടു മറ്റു സ്കൂളുകളില്‍ നിന്നും വ്യത്യസ്തമായി മൂല്യങ്ങള്‍ നല്കുന്നതും, അദ്ധ്യാപകനിയമനത്തില്‍ സൗജന്യമായി തന്നെ നിയമനം നടത്തുന്നതും പല സന്യാസിനി സമൂഹത്തിനും അഭിമാനിക്കാവുന്ന കാര്യവുമാണ്.

പണ്ടു ഇടവകയില്‍ സേവനം ചെയ്തിരുന്ന കന്യാസ്ത്രീകളുടെ പേര് ഇടവകക്കാര്‍ക്ക് കാണാപ്പാഠമായിരുന്നു. കാരണം സിസ്റ്റേഴ്സ് സമയം കണ്ടെത്തി ഭവന സന്ദര്‍ശനം നടത്തുമായിരുന്നു, അധികാരപൂര്‍വം സ്നേഹശാസന നടത്തുമായിരുന്നു. എത്രയോ പേരെ ഉപദേശിച്ചും ധ്യാനത്തിനു വിട്ടും നന്നാക്കിയിട്ടുണ്ട്. അതാണ് ഈ ആധുനിക യുഗത്തിലെ സമര്‍പ്പിതരുടെ മനുഷ്യാവതാരം. ആരോടും പറയാന്‍ സാധിക്കാത്ത ജീവിതത്തിലെ സ്വകാര്യദുഃഖങ്ങള്‍ ഒരു കന്യാസ്ത്രീയോട് മാത്രം പങ്കുവയ്ക്കാന്‍ കുടുംബത്തില്‍ നിങ്ങളെ കാത്തിരിക്കുന്ന യുവതിയും, അമ്മയും ഉണ്ടാകും. സമര്‍പ്പിതജീവിതം കൂടുതല്‍ ജീവിതഗന്ധിയാകുമ്പോള്‍ തത്തുല്യമായി വിശുദ്ധീകരിക്ക പ്പെടുകയും ഫലമണിയുകയും ചെയ്യുന്ന നിരവധി വ്യക്തികളും കുടുംബങ്ങളും ഉണ്ടാകുമെന്നത് നാം കാണുന്ന സത്യമാണ്. ഇത്തരം മുറിവുണക്കുന്ന തമ്പുരാന്‍റെ ഈ ശുശ്രൂഷയ്ക്ക് പകരക്കാര്‍ ആരുമില്ല എന്ന സത്യവും സമൂഹം തിരിച്ചറിയുന്നു.

ഉപസംഹാരം
സന്യാസിനി സമൂഹങ്ങളിലും, സഭാതലങ്ങളിലും, സമൂഹത്തിലും സന്യാസിനികളുടെ ശാക്തീകരണം ഉറപ്പുവരുത്തേണ്ടത് സഭയുടെയും കൂടി ഉത്തരവാദിത്തമാണ്. സന്യാസിനീസമൂഹത്തിന്‍റെ ശുശ്രൂഷയും മനുഷ്യാന്തസ്സും പരസ്പര പൂരകങ്ങളായി കണക്കാക്കണം. അധികാരവും വിനയവും സമന്വയിപ്പിക്കാന്‍ ഉന്നതപദവികളിലുള്ള സന്യാസിനികള്‍ മറന്നുപോകരുത്. നിങ്ങളുടെ സേവനവും, പ്രചോദനവും ജാതിമതഭേദ്യമെന്നെ ഒത്തിരിപേരെ സ്വാധീനിക്കുന്നുണ്ട് എന്നത് ഏവര്‍ക്കും അഭിമാനിക്കാവുന്ന സത്യവുമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org