വര്‍ഗീയത: ജനങ്ങള്‍ തിരിച്ചറിയും, തിരുത്തും

വര്‍ഗീയത: ജനങ്ങള്‍ തിരിച്ചറിയും, തിരുത്തും

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ ഭരണഘടനാമൂല്യങ്ങളേയും പ്രതിസന്ധികളേയും ഭാവിയെ സംബന്ധിച്ച പ്രത്യാശയേയും കുറിച്ചു സംസാരിക്കുകയാണ് മധ്യപ്രദേശിലെ ഭോപ്പാല്‍ അതിരൂപതാദ്ധ്യക്ഷനായ ആര്‍ച്ചുബിഷപ് ലിയോ കൊര്‍ണേലിയോ. ആര്‍ച്ചുബിഷപ്പുമായി സത്യദീപം കണ്‍സള്‍ട്ടന്‍റ് എഡിറ്റര്‍ ഫാ. പോള്‍ തേലക്കാട്ട് നടത്തിയ അഭിമുഖ സംഭാഷണത്തില്‍ നിന്ന്:

? ഇന്ത്യയില്‍ സ്വാതന്ത്ര്യം നാം ഇന്ന് അനുഭവിക്കുന്നത് എപ്രകാരമാണ്?
സ്വാതന്ത്ര്യം ഇന്ന് ഇന്ത്യയില്‍ വെട്ടിച്ചുരുക്കപ്പെടുന്നുണ്ട്. ജനങ്ങളുടെ സ്വാതന്ത്ര്യം വളരെ വ്യവസ്ഥാപിതമായ വഴികളിലൂടെ ചൂഷണം ചെയ്യപ്പെടുന്നു. ഇത് ജനാധിപത്യമൂല്യങ്ങള്‍ക്ക് ഹാനികരമാണ്. അഭിപ്രായപ്രകടനത്തിനും സഞ്ചാരത്തിനും മതവിശ്വാസത്തിനുമുള്ള സ്വാതന്ത്ര്യം വളരെ ആസൂത്രിതമായി ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു. ആള്‍ക്കൂട്ടാക്രമണങ്ങള്‍ പതിവാകുന്നു. ഇതൊന്നും ഭരണകൂടം നിയന്ത്രിക്കുന്നില്ല. പോലീസ് കാഴ്ച്ചക്കാരായി നില്‍ക്കുന്നു.

? ഈ ആള്‍ക്കൂട്ടാക്രമണം നടക്കുന്നത് വിദ്വേഷത്തിന്‍റെയും പ്രതികാരത്തിന്‍റെയും ഭാഷ ഭാരതത്തില്‍ വന്‍തോതില്‍ പ്രചരിക്കുന്നതുകൊണ്ടാണെന്ന് പറയുന്നുണ്ട്. അതു ശരിയാണോ?
വളരെ ശരി. വെറുപ്പിന്‍റെ ഭാഷ പ്രോത്സാഹിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. വിഭജിച്ചു ഭരിക്കുക എന്ന തന്ത്രമാണ് നടക്കുന്നത്. വിഭജിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് വെറുപ്പിന്‍റെ ഭാഷ വരുന്നത്. ഐക്യവും സാഹോദര്യവും തന്ത്രപരമായി തകര്‍ത്തുകൊണ്ടിരിക്കുന്നു. ഈയിടെ ഞങ്ങളുടെ മുപ്പതോളം സ്കൂളുകളിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥിപ്രതിനിധികളുടെ ഒരു യോഗം നടത്തിയിരുന്നു. ആകെ എഴുനൂറോളം കുട്ടികള്‍ പങ്കെടുത്തു. ഞാനവിടെ പ്രസംഗിച്ചപ്പോള്‍, പ്രത്യാശയുടെയും സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും സന്ദേശം പ്രചരിപ്പിക്കാനാണ് ആവശ്യപ്പെട്ടത്. പ്രത്യാശയ്ക്കും സ്നേഹത്തിനും സമാധാനത്തിനും മാത്രമേ ഈ പരസ്പര വിദ്വേഷത്തില്‍ നിന്നു നമ്മുടെ നാടിനെ രക്ഷിക്കാന്‍ സാധിക്കുകയുള്ളൂ. നമ്മുടെ ജനങ്ങളുടെ മനോഭാവം മാറ്റേണ്ട സമയമാണിത്.

? ഈ വിദ്വേഷപ്രചാരണം നടത്തുന്നത് ഹിന്ദുത്വ-ആര്‍.എസ്.എസ്. അജണ്ടയനുസരിച്ചാണെന്നു കരുതുന്നുണ്ടോ?
രാഷ്ട്രീയവും മതവും കൂട്ടിക്കുഴയ്ക്കുന്നതിന്‍റെ പ്രശ്നമാണിത്. മതത്തിന്‍റെ രാഷ്ട്രീയവത്കരണം ഇന്ന് അനേകര്‍ ജീവിതശൈലിയാക്കി തീര്‍ത്തിരിക്കുന്നു. സാമൂഹികധ്രുവീകരണം സൃഷ്ടിക്കാന്‍ മതത്തെ ഉപയോഗിക്കുന്നു. മതത്തിന്‍റേയും ജാതിയുടേയും വംശത്തിന്‍റേയും പേരിലുള്ള വിഭാഗീയതകള്‍ സൃഷ്ടിക്കപ്പെടുന്നു. ഹിന്ദുമതം അല്ല ഇതിനു കാരണം. ഹിന്ദുമതത്തെ മതഭ്രാന്തന്മാര്‍ ദുരുപയോഗിക്കുകയാണ്. ഹിന്ദുത്വയല്ല ഹിന്ദുയിസം. ഹിന്ദുക്കള്‍ ഒരിക്കലും മതാത്മകമായ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നവരല്ല.

? ഹിന്ദുത്വയും ഹിന്ദുയിസവും തമ്മില്‍ വ്യത്യാസമുണ്ട്. ഇതു രണ്ടും തമ്മിലുള്ള വ്യത്യാസം ഇന്ത്യയിലെ ഹൈന്ദവഭൂരിപക്ഷം മനസ്സിലാക്കുന്നുണ്ടോ?
ഭൂരിപക്ഷം ഇതു മനസ്സിലാക്കുന്നില്ലെന്നാണ് എനിക്കു തോന്നുന്നത്. കാരണം, നമ്മുടെ ജനങ്ങളില്‍ ബഹുഭൂരിപക്ഷവും വിദ്യാഭ്യാസമില്ലാത്തവരാണ്. ഇതെല്ലാം കൃത്യമായി വിവേചിച്ചറിയാന്‍ അവര്‍ക്കു കഴിവില്ല. മതവും മതഭ്രാന്തും മതത്തിന്‍റെ രാഷ്ട്രീയവത്കരണവും തമ്മിലുള്ള വ്യത്യാസങ്ങള്‍ തിരിച്ചറിയുക ഈ ജനങ്ങള്‍ക്ക് എളുപ്പമാകില്ല. അതിനാല്‍ അവരില്‍ പലരും വികാരങ്ങളാല്‍ നയിക്കപ്പെടുന്നുണ്ട്. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുന്നത് നന്നായിരിക്കുമെന്ന് അവര്‍ കരുതുന്നു. പക്ഷേ ഇതിന്‍റെ അടിയിലുള്ള അപകടങ്ങള്‍ അവര്‍ തിരിച്ചറിയുകയോ ഭാവിയില്‍ ഇതുമൂലം ഉണ്ടായേക്കാവുന്ന സഹനങ്ങളെ മുന്‍കൂട്ടി കാണുകയോ ചെയ്യുന്നില്ല.

? ഹൈന്ദവസംസ്കാരത്തിന്‍റെ സംരക്ഷകരാണു തങ്ങളെന്നാണ് ഹിന്ദുത്വവാദികളും ബി.ജെ.പി.യുമെല്ലാം പറയുന്നത്. ഹൈന്ദവസംസ്കാരം വളരെ ഉന്നതമാണെന്നവകാശപ്പെടുന്ന അവര്‍ യോഗ പോലെയുള്ളവയെ വിദേശങ്ങളില്‍ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു…
ഉന്നതമായ സംസ്കാരം എന്നയൊന്നില്ല. എല്ലാ സംസ്കാരങ്ങളും മൂല്യവത്താണ്. എല്ലാ രാജ്യങ്ങള്‍ക്കും അവയുടേതായ മൂല്യങ്ങളും സംസ്കാരങ്ങളും ഉണ്ട്. നല്ല മൂല്യങ്ങളും സംസ്കാരങ്ങളും മറ്റു സ്ഥലങ്ങളില്‍ നിന്നു നമുക്കും സ്വീകരിക്കാവുന്നതാണ്. ഏകമായ ഒരു സംശുദ്ധസംസ്കാരമോ ഉന്നതസംസ്കാരമോ ഒന്നുമില്ല. എല്ലാം പരിണമിച്ചു വരുന്നതാണ്. ഭൂമിയില്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്ന മനുഷ്യജീവിതത്തിന്‍റെ ഒരു ഭാഗമാണിത്. മറ്റു ജനതകളും സംസ്കാരങ്ങളുമായി ഇടപഴകുമ്പോള്‍ നമ്മുടെ സംസ്കാരവും സമ്പുഷ്ടമാക്കപ്പെടുന്നു.

? സ്വാതന്ത്ര്യം ലഭിക്കുകയും സമത്വവും നീതിയുമൊക്കെ ഭരണഘടനയുടെ ഭാഗമാകുകയും ചെയ്തപ്പോള്‍ ജാതിമേധാവിത്വത്തിന് അതു തിരിച്ചടിയായി. ജാതീയത തിരിച്ചുകൊണ്ടുവരാനാണോ വര്‍ഗീയവാദികള്‍ ശ്രമിക്കുന്നത്?
ഈ ദിശയിലുള്ള ഗൂഢമായ ഒരു നീക്കം നടക്കുന്നുണ്ടെന്നു ഞാന്‍ കരുതുന്നു. ആത്യന്തികമായി ഇതു ഹൈന്ദവസംസ്കാരമല്ല, മറിച്ചു ബ്രാഹ്മണിക് സംസ്കാരമാണ്. അതേ കുറിച്ചാണു അവര്‍ പറയുന്നത്. ബ്രാഹ്മണര്‍ വളരെ ന്യൂനപക്ഷമായതിനാല്‍ ഭുരിപക്ഷത്തിന്‍റെ പിന്തുണ കിട്ടുന്ന വിധത്തില്‍ അതിനെ പരിവര്‍ത്തിപ്പിച്ച് അവതരിപ്പിക്കുകയാണ് അവര്‍ ചെയ്യുന്നത്.

? ലോകചരിത്രത്തില്‍ നാസിസം എന്നത് ഉയര്‍ന്ന ജാതിയുടെ ഒരു മേധാവിത്വ പ്രത്യയശാസ്ത്രമായിരുന്നല്ലോ. ഹിന്ദുത്വയില്‍ ഇങ്ങനെയൊരു പ്രത്യയശാസ്ത്രത്തിന്‍റെ നിഴല്‍ കാണുന്നുണ്ടോ?
സമാനമായ ഒരു പ്രത്യയശാസ്ത്രമാണിതും. തികച്ചും അപകടകരമായ പ്രത്യയശാസ്ത്രം. ഹിറ്റ്ലറുടെ ആശയമാണ് ഇവരെയും സ്വാധീനിച്ചിരിക്കുന്നത്. അതിനെ അനുകരിക്കാനാണ് ഇവിടുള്ളവര്‍ ശ്രമിക്കുന്നത്.

? ഇന്ത്യ എന്ന ആശയം അപകടത്തിലാണെന്ന് നോബല്‍ സമ്മാനജേതാവായ അമര്‍ത്യ സെന്‍ പറഞ്ഞല്ലോ. എല്ലാ പൗരന്മാരും തുല്യരും, എല്ലാവര്‍ക്കും മൗലികാവകാശങ്ങളുള്ളവരുമായ ഇന്ത്യയുടെ ഭരണഘടനാമൂല്യങ്ങള്‍ അപകടത്തിലാണെന്ന സെന്നിന്‍റെ അഭിപ്രായത്തോടു യോജിക്കുന്നു ണ്ടോ?
സെന്‍ പറഞ്ഞത് വളരെ ശരിയാണ്. ഇന്ത്യയുടെ ഭരണഘടനാമൂല്യങ്ങള്‍ വളരെ ഉന്നതമാണ്. എല്ലാവരും അതിനെ പ്രകീര്‍ത്തിക്കുന്നു. ഇന്ത്യയുടെ ഭരണഘടന പല രാജ്യങ്ങളുടെ ഭരണഘടനകളുടെ ഒരു മിശ്രണം മാത്രമാണെന്ന് ഹിന്ദുത്വവാദികളുടെ ഒരു ആചാര്യന്‍ പറഞ്ഞിട്ടുണ്ട്. അതിന്‍റെ മൂ ല്യമൊന്നും ഇവര്‍ക്കു മനസ്സിലായിട്ടില്ല. എല്ലാവരേയും ഉള്‍ക്കൊള്ളുന്നതും, എല്ലാ ദിശകളിലേയ്ക്കും നോക്കുന്നതുമായ ഒരു പ്രത്യയശാസ്ത്രമല്ല അവരുടേത്. അതു തീര്‍ച്ചയായും ഇന്ത്യയുടെ സമഗ്രതയ്ക്കും ഐക്യത്തിനും വളര്‍ച്ചയ്ക്കും പുരോഗതിക്കും തടസ്സമായിരിക്കും.

? ഇന്ത്യയാകെ ക്രൈസ്തവരുടെ അവസ്ഥ ഇന്ന് എന്താണ്? അവര്‍ ഭീഷണികളുടെ നിഴലിലാണോ? സ്വന്തം മതമനുഷ്ഠിക്കാനും പ്രഖ്യാപിക്കാനും അവര്‍ക്കു സ്വാതന്ത്ര്യമുണ്ടോ?
ഒരു സമ്മിശ്രപ്രശ്നമാണിത്. വളരെ സജീവമായ വിധത്തില്‍ മറ്റു മതങ്ങളില്‍ നിന്നു വിശ്വാസികളെ ചേര്‍ക്കാന്‍ ഒരു മതവും ശ്രമിക്കരുത്. ഇത് എല്ലാ മതങ്ങള്‍ക്കും ബാധകമാണ്. മതസ്വാതന്ത്ര്യമെന്നത് വളരെ അത്യാവശ്യമാണ്. അതേസമയം മറ്റു മതങ്ങളിലുള്ളവരെ മതം മാറ്റുവാന്‍ ന്യായമല്ലാത്ത മാര്‍ഗങ്ങള്‍ ഉപയോഗിക്കരുത്. ബലപ്രയോഗവും പ്രലോഭനവും അതിനുപയോഗിച്ചുകൂടാ. പ്രലോഭനമെന്നത് പൂര്‍ണമായും മുനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ള പ്രയോഗമാണ്. വിശക്കുന്ന മനുഷ്യന് ഭക്ഷണം നല്‍കാന്‍ എല്ലാവര്‍ക്കും കടമയുണ്ട്. അതു ചെയ്യുമ്പോള്‍ മതം മാറ്റത്തിനു പ്രലോഭനമേകുന്നു എന്നു പറഞ്ഞ് നിങ്ങളെ പിടികൂടാനുള്ള സാദ്ധ്യത നിലനില്‍ക്കുന്നു. ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ട്. ഉപവിപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന സന്മനസ്സുള്ള ആള്‍ക്കാര്‍ പോലും മതംമാറ്റത്തിനു പ്രേരണ നല്‍കുന്നവരെന്ന കുറ്റം നേരിടാനുള്ള സാദ്ധ്യതയാണുള്ളത്. സഹായമര്‍ഹിക്കുന്നവരേയും ദരിദ്രരില്‍ ദരിദ്രരേയും സഹായിക്കേണ്ടതുണ്ട്. അങ്ങനെ സഹായങ്ങള്‍ ചെയ്ത മദര്‍ തെരേസായെ പോലും മതംമാറ്റത്തിന്‍റെ പേരില്‍ കുറ്റാരോപണത്തിനു വിധേയയാക്കി. ഇതൊക്കെ വസ്തുതാവിരുദ്ധമാണ്.

? ഇന്ത്യയുടെയും അതിന്‍റെ ജനാധിപത്യത്തിന്‍റേയും ഭാവി എന്തായിരിക്കും?
ഇന്ത്യന്‍ ജനതയില്‍ എനിക്കു വിശ്വാസമുണ്ട്. കുറച്ചു വൈകിയിട്ടാണെങ്കിലും അവര്‍ യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയും. ചരിത്രം അതാണു പഠിപ്പിക്കുന്നത്. ജനങ്ങളെ കുറച്ചു കാലത്തേയ്ക്ക് തെറ്റിദ്ധരിപ്പിക്കാമെങ്കിലും എല്ലാ കാലത്തേയ്ക്കും അതു പറ്റുകയില്ലെന്ന് ചരിത്രം പറയുന്നു. തെറ്റിദ്ധാരണകളെല്ലാം മാറുന്ന ഒരു സമയം വരിക തന്നെ ചെയ്യും. ഇന്ത്യ ഈ മതാധിപത്യത്തില്‍ നിന്നും ജാതീയതയില്‍ നിന്നും വിമോചിതമാകുന്ന സമയം വരികയും വ്യക്തിസ്വാതന്ത്ര്യം സുപ്രധാനമാണെന്നു തിരിച്ചറിയുകയും ചെയ്യും. ജനങ്ങള്‍ ബോധവത്കരിക്കപ്പെടുകയും കാര്യങ്ങള്‍ മാറുകയും ചെയ്യുമെന്നതാണ് എന്‍റെ പ്രത്യാശയും പ്രാര്‍ത്ഥനയും.

തയ്യാറാക്കിയത്:
ഷിജു ആച്ചാണ്ടി
സബ് എഡിറ്റര്‍

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org