Latest News
|^| Home -> Cover story -> സ്നേഹത്തിന്‍റെ ഈ മതവും അസ്തമിച്ചു തുടങ്ങിയോ? (ഭാഗം-1)

സ്നേഹത്തിന്‍റെ ഈ മതവും അസ്തമിച്ചു തുടങ്ങിയോ? (ഭാഗം-1)

Sathyadeepam

ഫാ. റാഫേല്‍ നീലംകാവില്‍, ജര്‍മ്മനി
Ph.D. (Philosophy), Dr.Phil. (Theology)

ജര്‍മനിയിലെ ഒരു അനുഭവം പറഞ്ഞുകൊണ്ട് തുടങ്ങട്ടെ: ഞായറാഴ്ചകളില്‍ പോലും അധികം ആളുകള്‍ പള്ളിയില്‍ ഉണ്ടാകാറില്ലാത്ത ജര്‍മനിയിലെ ഒരു പള്ളിയില്‍ എല്ലാ ഞായറാഴ്ച കുര്‍ബാനയ്ക്കും ഒരുവിധം നിറയെ ആളുകള്‍! ഞാന്‍ ആ പള്ളിയില്‍ ഒരാഴ്ച അവിടത്തെ വൈദികനു പകരം നിന്നിട്ടുണ്ട്. ഇരിക്കാന്‍ സ്ഥലം ഇല്ലാതെ പിന്നില്‍ നില്‍ക്കുന്നവര്‍ അനവധി! എന്താണ് അവിടെ നടക്കുന്നത് എന്നറിയുവാന്‍ ഞാന്‍ ഉള്ളില്‍ നുഴഞ്ഞുകയറി. പിന്നീട് ഈ തിരക്കിന് കാരണവും അന്വേഷിച്ചു.

വികാരിയച്ചന്‍ വിശുദ്ധനൊന്നുമല്ല. പക്ഷേ, ആളുകള്‍ പറയുന്നു, മറ്റു പല വൈദികരേക്കാള്‍ നല്ലവനാണ് അദ്ദേഹം. ജാടകളും വെറും വചനങ്ങളും ഘോരഘോരമുള്ള ആഹ്വാനങ്ങളും ഒന്നും ഇല്ലാത്ത, ബോധ്യങ്ങള്‍ നിറഞ്ഞ, ബോധ്യങ്ങള്‍ വളര്‍ത്തുന്ന, നല്ല പ്രസംഗങ്ങള്‍. വളരെ മനുഷ്യത്വമുള്ളവന്‍. അടുത്ത ഇടവകകളില്‍ നിന്നും അവിടേക്കാണ് ജനം വരുന്നത്. അദ്ദേഹം അവിടെ നിന്നു വിരമിക്കുന്ന ദിവസം കുര്‍ബാനയ്ക്ക് എന്ത് ആള്‍ക്കൂട്ടമായിരുന്നു! ചിലര്‍ കരഞ്ഞു എന്നാണു ഞാന്‍ കേട്ടത്. ഇനി ആ ജനങ്ങള്‍ എവിടെ ദിവ്യബലിക്ക് പോകും? അതോ, ഇനി അധികം പോകുമോ?

പക്ഷേ, മറ്റു പല പള്ളികളിലെയും കാര്യം എങ്ങനെ? ഇതൊക്കെ വൈദികരുടെ മാത്രം തെറ്റുകൊണ്ടാണോ? മൊത്തം സഭയിലെ നൂറ്റാണ്ടുകള്‍ നീണ്ട ചില ആത്മീയ അപചയങ്ങള്‍കൊണ്ടും എളുപ്പത്തില്‍ പരിചയിക്കാവുന്ന അടിസ്ഥാന ആധ്യാത്മികതയുടെ കുറവുകൊണ്ടും ആണിത് എന്നെനിക്കു തോന്നുന്നു. ഈ പ്രശ്നത്തിന്‍റെ സാധ്യമായ പരിഹാരങ്ങള്‍ ആണ് ഇവിടെ നമ്മുടെ വിഷയം. മെത്രാന്മാരും വൈദികരും വളരെ എളുപ്പമുള്ള ചില മാറ്റങ്ങള്‍ക്കു മുന്‍കൈ എടുത്താലേ ഇനി സ്ഥായിയായ മാറ്റങ്ങള്‍ തുടങ്ങാനാവൂ എന്ന് ഞാന്‍ വാദിക്കും. വൈദികരുടെ സ്വഭാവവും ആധ്യാത്മിക വളര്‍ച്ചയ്ക്കുള്ള സന്നദ്ധതയും ജനങ്ങള്‍ക്ക് ഏറ്റവും പ്രധാനമാണ് എന്നത് മേല്പറഞ്ഞ ഒരു ഇടവകയിലെ അനുഭവത്തില്‍ നിന്നു നിത്യ സത്യമായി നിര്‍ണയിക്കാവുന്നതുമാണ്.

പാശ്ചാത്യനാടുകളിലൊന്നും വിശ്വാസികളില്ല, പ്രായമുള്ളവര്‍ മാത്രമേ ദേവാലയത്തില്‍ വരൂ, എന്ന് എല്ലാവരും പറയുന്നു. ഇതിനു കാരണം വൈദികരല്ല, സാങ്കേതികവിദ്യകളാണ്, എന്ന് പലരും വാദിക്കുന്നു. പക്ഷേ, നമ്മുടെ നാട്ടിലേക്കാള്‍ അന്വേഷണശീലം ഉള്ള ചെറുപ്പക്കാരും മധ്യവയസ്കരും വൃദ്ധരും പാശ്ചാത്യനാടുകളില്‍ വളരെ കൂടുതലുണ്ട് എന്ന് ഞാന്‍ പറയും. വിശ്വാസത്തിന്‍റെ അടിസ്ഥാനശിലകളെക്കുറിച്ചുള്ള അറിവും ബോധ്യങ്ങളും സഭയില്‍നിന്ന് സ്വീകാര്യമായ വിധത്തില്‍ ലഭിക്കുവാനുള്ള അവകാശം നിഷേധിക്കപ്പെട്ട ഒരു ജനതതി ആണിവര്‍. മറ്റു വന്‍കരകളിലും സ്ഥിതി ഇതു തന്നെ. ഇതാണ് എന്‍റെ അനുഭവം. ജനത്തിന്‍റെ സത്യാന്വേഷണ, ദൈവാന്വേഷണ മനോഭാവത്തോട് പ്രത്യുത്തരിക്കുവാന്‍ ഇവിടെയും നമ്മുടെ നാട്ടിലും വൈദികര്‍ കുറഞ്ഞുപോയി.

9, 10 എന്നീ ക്ളാസ്സുകളിലെ, സ്ഥൈര്യലേപനത്തിന് ഒരുങ്ങുന്ന കുട്ടികളോട് മണിക്കൂറുകളോളം അവരുടെ വിശ്വാസത്തിന്‍റെ അടിസ്ഥാനത്തെക്കുറിച്ചും അവരുടെ സ്നേഹബന്ധങ്ങളെക്കുറിച്ചും സംസാരിക്കുവാന്‍ അവസരം ലഭിച്ചിട്ടുണ്ട്. അവരുടെ ചോദ്യങ്ങള്‍ക്കു ബൗദ്ധികമായി സ്വീകാര്യമായതും, ജീവിതസ്പര്‍ശമുള്ളതും, ജീവിതത്തിന്‍റെയും പ്രപഞ്ചത്തിന്‍റെയും ആത്യന്തിക അര്‍ത്ഥങ്ങള്‍ വിചിന്തനം ചെയ്യുന്നതും, ആധ്യാത്മിക ആവശ്യങ്ങളില്‍ ഊന്നിയ ചിന്തയെ ഉദ്ദീപിപ്പിക്കുന്നതുമായ ഉത്തരങ്ങള്‍ ലഭിക്കുന്നുവെന്ന് സങ്കല്പിക്കുക. അപ്പോള്‍ ആ കുട്ടികള്‍ സത്യത്തെ ബുദ്ധികൊണ്ടും ഹൃദയം കൊണ്ടും സ്വീകരിക്കുന്നതും ഇനിയും അന്വേഷിക്കുവാന്‍ തയ്യാറാകുന്നതും ഞാന്‍ കണ്ടു. ഇത് ആശയ്ക്കു വഴി തരുന്നു. അതിനുതകുന്ന ബോധ്യരൂപങ്ങള്‍ നല്കുവാന്‍ ഇന്നും വൈദികരും സന്യസ്തരും അല്മായരും ഉണ്ടാകണം എന്നാണ് ഇത് കാണിക്കുന്നത്.

വിശ്വാസസത്യങ്ങള്‍ക്ക് നാം കൊടുക്കുന്ന അവതരണങ്ങളെ അവസാന സത്യങ്ങളായി വ്യാഖ്യാനിക്കുക എന്നതു പോലുള്ള മൗഢ്യങ്ങള്‍, ചിന്തിക്കുന്ന കുട്ടികളോടോ മുതിര്‍ന്നവരോടോ പാടില്ല എന്നു മാത്രം. ആ ചിന്തയില്‍ അവരെക്കൂടി മുഴുവന്‍ സമയവും പങ്കെടുപ്പിച്ചുകൊണ്ട് ആയിരിക്കണം ഉത്തരങ്ങള്‍ അന്വേഷിക്കുന്നത്. വിശ്വാസസത്യങ്ങളുടെ മുഴുവന്‍ അര്‍ത്ഥവ്യാപ്തിയും അവര്‍ക്കു വിളമ്പുവാന്‍ നമുക്കാല്ല എന്ന് ആര്‍ക്കും അറിയാം. എന്നുള്ളതുകൊണ്ട്, അവയെ അവരുടെ തുടര്‍ന്നുള്ള അന്വേഷണങ്ങള്‍ക്ക് തുറന്നു കൊടുക്കുവാനും, തുടര്‍ന്ന് ഇനിയും അവ ചര്‍ച്ച ചെയ്യുവാനും നാം സന്നദ്ധത കാണിക്കണം. ഇതു ചെയ്യാത്ത ഏതൊരുവനും അസ്വീകാര്യനായി മാറും.

ഇത്തരം അനുഭവങ്ങളില്‍നിന്ന് എനിക്കുറപ്പാണ്: ഇവിടെ മതം അന്തരിച്ചിട്ടില്ല. മതം ഇപ്പോഴത്തെ അതിന്‍റെ പ്രാഥമിക വിദ്യാഭ്യാസ തലത്തില്‍ മാത്രമുള്ള സാര്‍വത്രിക അവതാരത്തിലും അവതരണത്തിലും ഇപ്പോഴും ജീവിക്കുന്നതു കൊണ്ട്, അവിടുന്നങ്ങോട്ട് ക്ഷയിച്ചുകൊണ്ടിരിക്കുന്നു എന്നു മാത്രം. എന്തു ചെയ്താലാണ് ഇനി ആഴമായ മാറ്റം വരുക എന്നതാണിനി ബാക്കിയായ ചോദ്യം.

“നിഷ്കളങ്കമായി” കണ്ണുമടച്ചു എല്ലാം വിശ്വസിക്കുക എന്നത് ഒരിക്കലും മതവിശ്വാസമല്ല. ദേവാലയത്തില്‍നിന്നു ദേവാലയത്തിനും അപ്പുറത്തേയ്ക്കുള്ള ജീവിതത്തിലെ എല്ലാ തുറകളിലും മനുഷ്യനും സമൂഹത്തിനും ഇതുവരെ ഉള്ളതിനേക്കാള്‍ കൂടുതല്‍, കണ്ണുമടച്ചുള്ള വിശ്വാസത്തിനേക്കാള്‍ അധികമായി, സരളമായി ദൈവീകരണത്തിലേക്കു വഹിച്ചുകൊണ്ടു പോകുന്ന, ജീവിത സാക്ഷാത്ക്കാരം നിറഞ്ഞ ആദ്ധ്യാത്മികബൗദ്ധിക അര്‍ഥങ്ങള്‍ വിളമ്പുന്ന, ഒന്ന് ആകേണ്ടിയിരുന്നു മതം. ഇത് പാശ്ചാത്യസഭയുടെ ഇതുവരെയുള്ള ആവിഷ്കാര രൂപങ്ങളുടെ ഇന്നത്തെ അസ്തമയ അനുഭവം നമ്മെ പഠിപ്പിക്കുന്നു.

ഈ സത്യത്തിനോട് മല്പ്പിടുത്തം നടത്തിയിട്ടു കാര്യമില്ല. നാം ശിരസ്സു നമിച്ചു സ്വീകരിക്കണം ഈ സത്യത്തെ.

സാധാരണ ജനത്തിന് ഇപ്പോഴും നല്ല വൈദികരെ കാണണം. സൂക്ഷിച്ചാണ് അവര്‍ ഇവിടെ വൈദികരോട് അടുക്കുക. നമ്മുടെ നാട്ടിലും അങ്ങനെ ആയിക്കൊണ്ടിരിക്കുന്നു. അവര്‍ ബ്രഹ്മചാരികളും, ഒന്നോ രണ്ടോ മൂന്നോ വ്യക്തികളെ നിര്‍ബന്ധമായും കൂടുതല്‍ സ്നേഹിക്കേണ്ടി വരാത്തവരും ആണെങ്കില്‍, ഇന്നും ജനങ്ങള്‍ക്ക് ആ വൈദികരെത്തന്നെ ആണ് പ്രിയം. തങ്ങള്‍ക്ക് ആത്മവിശ്വാസത്തോടെ സംവദിക്കുവാന്‍ അവരോടേ സാധിക്കൂ എന്ന് ജനം കരുതുന്നു. അത് ഇല്ലാതാക്കുവാന്‍ നിങ്ങള്‍ക്കോ എനിക്കോ സാധിക്കുകയില്ല. ജ്ഞാനികളായ, സ്വാര്‍ഥതയില്ലാതെ സ്നേഹിക്കുന്ന, വ്യക്തികളെ ആര്‍ക്കും എന്നും ഇഷ്ടമാണ്.

വൈദികന്‍ ജനത്തിന്‍റെ ആധ്യാത്മിക, ബൗദ്ധിക അന്വേഷണ മനോഭാവത്തോട് നന്മനിറഞ്ഞ, യാഥാര്‍ഥ്യത്തോട് മല്ലിടാത്ത, നൈര്‍മല്യത്തോടെ പ്രത്യുത്തരിക്കുന്ന വ്യക്തികള്‍ ആണെങ്കിലോ? ഉത്തമം. ഇങ്ങനെ പ്രത്യുത്തരിക്കുന്ന സഭാസേവകര്‍ ഇല്ലെങ്കില്‍ നമ്മുടെ നാട്ടിലും പാശ്ചാത്യനാടുകളിലെ അവസ്ഥ തന്നെ വേഗം പ്രതീക്ഷിക്കാം.

വിശ്വാസത്തിന്‍റെ അടിസ്ഥാന പരമായ ബോധ്യങ്ങളും അവയിലൂടെ ക്രിസ്തുവിന്‍റെ സ്വന്തം മാര്‍ഗ്ഗത്തിലൂടെയുള്ള പ്രാര്‍ത്ഥനാരീതിയും ആഴമായി ചര്‍ച്ച ചെയ്തും സാധന ചെയ്തും പഠിക്കുവാന്‍ സാധിക്കുക എന്നത് പുരോഹിതരില്‍നിന്നും സന്യസ്തരില്‍ നിന്നും അവരുടെ അജപാലനകര്‍മ്മം ഭാഗികമായെങ്കിലും ഏറ്റെടുക്കുന്നവരില്‍ നിന്നും എല്ലാവര്‍ക്കും ലഭിക്കേണ്ട ആധ്യാത്മിക അവകാശങ്ങളാണ്.

ഒരു മനുഷ്യവ്യക്തി നന്മയെ നേടുവാന്‍, നന്മയിലൂടെ ദൈവത്തെ പ്രാപിക്കുവാന്‍, മനുഷ്യത്വത്തില്‍ വളര്‍ന്നുകൊണ്ട്, ദൈവത്തോടും തന്നോടുതന്നെയും മനുഷ്യരോടും പ്രകൃതിയോടും ദീര്‍ഘ സംഘര്‍ഷം ചെയ്യുന്നതാണ് ആ വ്യക്തിയുടെ ആധ്യാത്മികത. ഈ സംഘര്‍ഷത്തിന്‍റെ ക്രമമായ സാധനാരൂപമാണ് ആധ്യാത്മികത എന്ന ശാസ്ത്രം.

ലോകത്തിലെവിടെയും ക്രിസ്ത്യാനികള്‍, ഈ അടിസ്ഥാന ആധ്യാത്മിക അവകാശം നിഷേധിക്കപ്പെട്ടവരാണ്. ശരിയായ ആധ്യാത്മികത എന്താണെന്ന് സരളമായി അനുഭവിക്കുവാനുള്ള അവകാശം പുരോഹിതരില്‍ നിന്നും അവരോടടുത്ത സേവനങ്ങള്‍ ചെയ്യുന്നവരില്‍ നിന്നും എന്നും ലഭിക്കേണ്ടിയിരുന്നത് കുറെയൊക്കെ നഷ്ടപ്പെട്ടവരാണ് ക്രിസ്ത്യാനികള്‍, മനുഷ്യരെല്ലാം തന്നെയും.

ആഴമുള്ള ആദ്ധ്യാത്മികജീവിതം മനുഷ്യകുലത്തിനു സാധ്യമാക്കുകയാണ് മതത്തിന്‍റെ, സഭയുടെ, ലക്ഷ്യം. ഇതില്ലാത്ത മതം അനീതികള്‍ നിറഞ്ഞു ശോഷിച്ച് ഇല്ലായ്മയിലേക്കു നീങ്ങും. ജനങ്ങളും വൈദികരും മെത്രാന്മാരും ഇന്ന് ഇതിനെതിരായി എന്തു ചെയ്താലാണ് മതം ആധ്യാത്മികതയിലും മനുഷ്യത്വത്തിലും വളരുക? അനീതികള്‍ വളരുന്നതിനുമുന്‍പായി ചെയ്യേണ്ട കാര്യങ്ങള്‍ വളരെയധികം ചെയ്താലേ ഫലമുള്ളൂ, അനീതികള്‍ വളരാതിരിക്കൂ.

പാശ്ചാത്യസഭ അനുഭവിക്കുന്നതും കേരളസഭ നേരിടുവാന്‍ പോകുന്നതും
ഒരു വ്യക്തി ഒരു യാഥാര്‍ത്ഥ്യത്തിലോ ഒരാളിലോ വിശ്വസിക്കണമെങ്കില്‍, ആദ്യംതന്നെ അത് സ്നേഹയോഗ്യം ആണെന്ന തിരിച്ചറിവുണ്ടാകണം. ഈ തിരിച്ചറിവ് ആയിരക്കണക്കിനു തവണ ബുദ്ധിയിലും ഹൃദയത്തിലും ആവര്‍ത്തിക്കപ്പെടുമ്പോഴാണ് നാം ആ യാഥാര്‍ത്യത്തെയോ വ്യക്തിയെയോ സ്നേഹിക്കുവാനും വിശ്വസിക്കുവാനും തുടങ്ങുന്നത്.

അതായത്, മതപരമായ വളര്‍ച്ചയില്‍ ദൈവത്തെക്കുറിച്ചുള്ള തിരിച്ചറിവ്, ബോധ്യം, സ്നേഹം, വിശ്വാസം, പിന്നെ കൂടുതല്‍ സ്നേഹം, കൂടുതല്‍ വിശ്വാസം ഇതാണ് ക്രമം (St. Augustine: Intelligo ut credam, ചുരുക്കത്തില്‍, “അറിയുക, വിശ്വസിക്കുവാനായി”, “അറിവിലൂടെ വിശ്വാസത്തിലേക്ക്”). ഞാന്‍ ഇതിനെ ആദ്ധ്യാത്മികസാധനയിലെ അഗസ്റ്റീനിയന്‍ വളര്‍ച്ചാ പദ്ധതിക്രമം എന്ന് വിളിക്കാം.

ദൈവത്തെക്കുറിച്ചുള്ള തിരിച്ചറിവും ബോധ്യങ്ങളും ഉണ്ടായാല്‍ നാം ദൈവത്തെ സ്നേഹിക്കും, വിശ്വസിക്കും. ഇല്ലെങ്കില്‍ ഇല്ല! ബുദ്ധിയില്‍ മാത്രം അറിയുന്ന ഒരു കാര്യത്തോട് ആര്‍ക്കും സ്നേഹത്തോടെയുള്ള അര്‍പ്പണം ഉണ്ടാകില്ല. അറിവുകള്‍ ബുദ്ധിയില്‍ മാത്രം ഒതുങ്ങി നില്ക്കുന്നതിനു കാരണം, അറിവ് ബുദ്ധിയിലൂടെയും ഹൃദയത്തിലൂടെയും വളരെക്കാലം ചുറ്റിക്കറങ്ങി ബോധ്യമായി മാറുന്നില്ല എന്നതാണ്. യേശു മനുഷ്യരാശിയില്‍ തുടങ്ങി വെച്ച വ്യക്തിഗത, സാമൂഹ്യ വളര്‍ച്ചാ പ ദ്ധതിയുടേയും ജീവിതത്തിന്‍റെയും അന്തഃസത്ത അതായിരുന്നു. യേശു അത് ശിഷ്യന്മാരില്‍ പ്രയോഗിച്ചു, വിജയിക്കുകയും ചെയ്തു.

വിശ്വാസികളുടെയും വൈദികരുടെയും സന്യസ്തരുടെയും വിശ്വാസം ഇങ്ങനെ വളര്‍ന്നാലേ ഇവിടെ സമഗ്രതയുള്ള ക്രിസ്തുസഭ ഉണ്ടാകൂ. അതിനിയും തുടങ്ങേണ്ടിയിരിക്കുന്നു. നമ്മുടെ ഇടവകകളിലോ മറ്റു പ്രസ്ഥാനങ്ങളിലോ ഇതുവരെ ഇങ്ങനെ ഒരു സാധനാക്രമം 2000 വര്‍ഷങ്ങളായി ഉണ്ടായിട്ടുണ്ടോ? ഉണ്ടെങ്കില്‍ എത്രത്തോളം?

സെമിനാരിയില്‍ പോലും ഈ പരിശീലനക്രമം അപൂര്‍വമായേ ഉണ്ടാകാറുള്ളൂ. മേല്പറഞ്ഞ തിരിച്ചറിവും ബോധ്യങ്ങളും അനുസ്യൂതമായ അനുഭവമാക്കി മാറ്റലാണ് ഇടവകകളിലും സെമിനാരികളിലും സന്ന്യാസഭവനങ്ങളിലും ആദ്യം വേണ്ടത്. അതിനായി മേല്പറഞ്ഞ അഗസ്റ്റീനിയന്‍ ആദ്ധ്യാത്മിക സാധനാപദ്ധതിക്രമം ആണ് ഇടവകകളും സെമിനാരികളും ആദ്യം തുടങ്ങേണ്ടത്. ആദ്യം തന്നെ ഭക്താഭ്യാസങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും മാത്രം ഊന്നല്‍ കൊടുക്കുക അല്ല വേണ്ടത്. കതിരല്ലല്ലോ ആദ്യം ഉണ്ടാകുന്നത്.

വാച്യമായ ആരാധനയും പാട്ടുകളും പ്രസംഗങ്ങളും അദ്ഭുതങ്ങളും സുവിശേഷാധ്യാപനവും കൊടുത്താല്‍ മാത്രം പോരാ. അവ ചെയ്യുവാന്‍ വളരെ എളുപ്പമാണ്. ഇതാണ് ഇതുവരെ നൂറ്റാണ്ടുകളായി നടന്നുവരുന്നത്. പക്ഷേ, അതിനു മുന്‍പേ ഉണ്ടാകേണ്ട അഗസ്റ്റീനിയന്‍ ആദ്ധ്യാത്മിക സാധനാക്രമപ്രകാരമുള്ള ബോധ്യങ്ങള്‍ ആദ്യം തന്നെ വളര്‍ത്തുവാന്‍ സഭ ഇതുവരെ വേണ്ടത്ര ശ്രമിച്ചില്ല.

മേല്പറഞ്ഞത് സഭയില്‍ അധികം ഇല്ലാത്തതു കൊണ്ടാണ് ഇന്ന് ജനങ്ങളില്‍ വിശ്വാസത്തിന്‍റെ ശോഷണം ഉണ്ടാകുന്നത്. അതുവഴിയാണ് ഇതേ സമൂഹത്തിന്‍റെ മക്കളായ വൈദികരിലും സന്യസ്തരിലും വിശ്വാസമില്ലായ്മ, ആഡംബരജീവിതം, ആസക്തികള്‍ എന്നിവ വര്‍ധിക്കുന്നതും.

ക്രിസ്തു പ്രയോഗിച്ച സാധനാക്രമം ഇടവകകളില്‍ സാര്‍വത്രികമായി പ്രയോഗിക്കുവാന്‍ 2000 വര്‍ഷത്തോളം സഭയ്ക്ക് വേണ്ടത്ര ധൈര്യമുണ്ടായില്ല. അതിന്‍റെ ഫലമാണ് ഇന്ന് പാശ്ചാത്യസഭകള്‍ പേറുന്നത്. ഇവിടെ ഇനി ആഴമായ എന്തെങ്കിലും തുടങ്ങുവാനുള്ള ഇച്ഛാശക്തി പോലും ഈ സഭയ്ക്ക് നഷ്ടപ്പെട്ടോ എന്ന് ഞാന്‍ സംശയിക്കുന്നു.

ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള മിഷനറിമാര്‍ക്ക് പാശ്ചാത്യസഭകളില്‍ ആചാരക്രമങ്ങള്‍ ചെയ്യുവാനെ സാധിക്കുന്നുള്ളൂ, മിഷന്‍ പ്രവര്‍ത്തനം സാധിക്കുന്നില്ല! കാരണം, ഇവിടത്തെ ചിന്തിക്കുന്ന, ചോദ്യങ്ങള്‍ ചോദിക്കുന്ന ജനത്തോടു സംവദിക്കുവാന്‍ ദൈവാന്വേഷികളായ വ്യക്തികളെ വളര്‍ത്തി സഭയെ പടുത്തുയര്‍ത്തുന്ന പാരമ്പര്യം വേണം. നാമും ഈ പാരമ്പര്യം വളരെ കുറഞ്ഞവരാണ്. അതുകൊണ്ട്, ഇവിടത്തെ ജനത്തിന്‍റെ മതപരമായ ബോധ്യങ്ങള്‍ വളര്‍ത്തുവാന്‍ നമുക്കും സാധിക്കുന്നില്ല.

പക്ഷേ, വിധിപ്രകാരം ആരാധനാക്രമങ്ങളും മീറ്റിംഗുകളും ഉപദേശങ്ങളും നടത്തുവാനും നാടകീയമായ ആകര്‍ഷകതയോടെ ദിവ്യബലി അര്‍പ്പിക്കുവാനും ചില വൈദികര്‍ക്കുള്ള പാടവം വിശേഷംതന്നെ. ഈ ആകര്‍ഷകത അവസാനിക്കുമ്പോഴും ബാക്കി നില് ക്കേണ്ടത് ബോധ്യങ്ങളും അവ വഴിയായുള്ള ആധ്യാത്മികശ്രമങ്ങളും ദൈവമനുഷ്യസ്നേഹവും മാത്രം ആണ്. പക്ഷേ, ബോധ്യങ്ങളും അവ വഴിയായുള്ള ആധ്യാത്മിക ആഴവും സഭയില്‍നിന്നു നേടുവാനുള്ള ജനങ്ങളുടെ അവകാശത്തെ നാം കണ്ടില്ല. അങ്ങനെ ഇവിടെ സഭ മാത്രല്ല, എല്ലാ മതങ്ങളും അവസാനിച്ചു കൊണ്ടിരിക്കുന്നു.

ദൈവശാസ്ത്ര ഫാക്കല്‍റ്റികള്‍ മാത്രമല്ല, ഇന്ത്യന്‍ മതതത്ത്വ ശാസ്ത്രങ്ങള്‍ പഠിപ്പിക്കുന്ന കേന്ദ്രങ്ങളും പാശ്ചാത്യരാജ്യങ്ങളില്‍ അടച്ചുപൂട്ടിക്കൊണ്ടിരിക്കുന്നു എന്നും ഓര്‍ക്കണം. ദൈവശാസ്ത്ര പഠനത്തിലൂടെ മാത്രമോ രാഷ്ട്രീയ, ബിസിനസ് നിയന്ത്രണ, ആധുനിക മാധ്യമ ശാസ്ത്ര, മാര്‍ഗങ്ങളിലൂടെയോ ഒന്നും ആര്‍ക്കും ഒരു മതത്തെ അതിന്‍റെ സത്തയിലേക്കു വളര്‍ത്തുവാനാകില്ല. അതെല്ലാം ഇവിടെ നൂറ്റാണ്ടുകളായി പ്രയോഗിച്ചു ഗതികെട്ടിരിക്കുകയാണ്. അവ അറിവു പകരുവാനുള്ള വെറും സഹായികള്‍ മാത്രമാണ് എന്നു സഭ ഏതാണ്ട് മറന്നിരിക്കുന്നു.

നേരിട്ടുള്ള ആദ്ധ്യാത്മിക, ബോധ്യരൂപീകരണ, പ്രവര്‍ത്തനം ആണ് ഇടവകയിലെ അജപാല നം. അജപാലന മാനേജ്മെന്‍റ് ഇതിനു പകരമാകില്ല. ഈ മേഖലകളില്‍ നൂറ്റാണ്ടുകളായി ഉണ്ടായ അശ്രദ്ധകൊണ്ട് നമ്മുടെ നാട്ടിലും പാശ്ചാത്യസഭകളിലെ അതേ വിധത്തില്‍ ജനങ്ങള്‍ക്കുവേണ്ടി മാത്രമുള്ള ദൈവമനുഷ്യസ്നേഹത്തിന്‍റെ സഭ അകാലമൃത്യു നേരിടുന്ന സ്ഥിതി വന്നുകഴിഞ്ഞു. ഇത് ഇനിയും അനുവദിക്കണോ?

കേരളസഭയ്ക്ക് ഇന്നെന്തു ചെയ്യുവാനാകും?
കുഞ്ഞുങ്ങള്‍ നാം പ്രതീക്ഷിക്കാത്ത വിധത്തില്‍ പെരുമാറുമ്പോള്‍ നാം ഉടനെ അവരെ മര്‍ദ്ദിക്കുവാന്‍ തുടങ്ങുമോ? വിഡ്ഢികളാണ് അങ്ങനെ ചെയ്യുക. അതായത്, അനുസരണയല്ല കുട്ടികളില്‍ നിന്ന് ആദ്യം നാം പ്രതീക്ഷിക്കേണ്ടത്, തിരിച്ചറിവും ബോധ്യങ്ങളും ആണ്. ഇതു തന്നെയാണ് നമ്മുടെ മെത്രാന്മാരും വൈദികരും ആദ്യം ജനങ്ങള്‍ക്കും സെമിനാരികളിലും പകര്‍ന്നു കൊടുക്കേണ്ടത് എന്ന് ഞാന്‍ കരുതുന്നു.

യഥാര്‍ത്ഥത്തില്‍ ഒരു അര്‍ഥി സെമിനാരിയില്‍ അല്ലെങ്കില്‍ മഠത്തില്‍ വന്നയുടനെ അവന് അല്ലെ ങ്കില്‍ അവള്‍ക്ക് ദിനചര്യ, പ്രാര്‍ത്ഥനാക്രമം, അനുസരണ എന്നിവയെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങളും അഭ്യാസങ്ങളും മാത്രമേ പ്രധാനമായി ലഭിക്കുന്നുള്ളൂ. അതിനുശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞും ഇങ്ങനെത്തന്നെയാണ് നടക്കുന്നത് എങ്കിലോ? എങ്കില്‍ വൈദികര്‍ക്കും സന്യസ്തര്‍ക്കും ബോധ്യങ്ങളുള്ളവരായി വളരുവാന്‍ സാധിക്കുകയില്ല എന്നതിന് എന്ത് സംശയം?

ബോധ്യങ്ങളില്ലാത്ത, ബോധ്യങ്ങള്‍ കുറവുള്ള കുഞ്ഞുങ്ങളോടും യുവതീയുവാക്കളോടും ചെയ്യേണ്ടത് അവരെ ഉടന്‍ തേജോവധം ചെയ്യുകയോ, പറഞ്ഞുവിടുകയോ, ശിക്ഷിക്കുകയോ ആണോ? തുടക്കം മുതലേ സ്നേഹത്തോടെ, അവരുടെ കുറവുകളും കുസൃതികളും അവഗണിച്ചുകൊണ്ട്, പുതിയ ദൈവികജീവന്‍റെ നാമ്പുകള്‍ അവരിലൂടെ പക്വത പ്രാപിക്കുവാന്‍ ശ്രമിക്കുന്നത് ഉള്‍ക്കണ്ണാല്‍ കണ്ടുകൊണ്ട്, മാസങ്ങളോളം, ഒരുപക്ഷെ വര്‍ഷങ്ങളോളം, അവരുമായി ഒരുമിച്ച്, ജീവിതം, യാഥാര്‍ഥ്യം, ദൈവം, ആത്മാവ്, ശരിയായ സ്നേഹം, സാന്മാര്‍ഗികത, മനുഷ്യശരീരം, ജീവിതം എന്നിവയുടെ ആത്യന്തിക അര്‍ഥം തേടുകയും അവ ആഴമായി അന്വേഷിക്കുവാനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യുകയുമല്ലേ വേണ്ടത്?

എന്നിട്ടും അവരില്‍ ബോധ്യങ്ങള്‍ വളരുന്നില്ലെങ്കിലേ അവര്‍ക്കു ദൈവവിളി (ദൈവത്തിലേക്കുള്ള ദൈവികാഹ്വാനത്തിനുള്ള വൈയക്തിക പ്രത്യുത്തരം) പ്രത്യക്ഷത്തില്‍ ഇല്ല എന്നു വരുന്നുള്ളൂ! തത്ത്വശാസ്ത്ര ദൈവശാസ്ത്ര ആധ്യാത്മിക ശാസ്ത്രപഠനങ്ങള്‍ ഈ തലത്തിലല്ല വൈദികാര്‍ത്ഥികള്‍ക്കും വൈദികര്‍ക്കും സന്യസ്തര്‍ക്കും ലഭിക്കുന്നത് എന്ന് പത്തുവര്‍ഷം തത്ത്വശാസ്ത്രം പഠിപ്പിച്ച എനിക്ക് ബോധ്യമുണ്ട്.

ബോധ്യങ്ങളിലും വിശ്വാസത്തിലും ദൈവമനുഷ്യസ്നേഹത്തിലും വളര്‍ന്ന കുറെ വൈദികര്‍ എങ്കിലും ഇല്ലാത്ത രൂപതകളോ സന്ന്യാസസഭകളോ ഉണ്ടാകില്ലല്ലോ. അവരെക്കൊണ്ടു മേല്പറഞ്ഞ ബോധ്യ രൂപീകരണ മാര്‍ഗങ്ങള്‍ സെമിനാരികളില്‍ എല്ലാ വര്‍ഷവും കുറച്ചു മാസങ്ങളോളമെങ്കിലും നടത്തുവാന്‍ അധികം മുതല്‍ മുടക്കുണ്ടോ? ഇതിനു യോജിച്ച അല്മായരെയും ഉള്‍ക്കൊള്ളിക്കുന്നതു വളരെ നല്ലതാണ്. ആ കുട്ടികളുടെ ബോധ്യങ്ങള്‍ ചര്‍ച്ചയിലൂടെ പുറത്തെടുക്കുവാനും അവയെ ആഴമുള്ളവയായി മാറ്റുവാനും തുറന്ന ചര്‍ച്ചകളിലൂടെ ശ്രമിക്കുന്ന വൈദികരെയും അല്മായരെയും ആണ് ഇതിനാവശ്യം.

ഇതുതന്നെ നമ്മുടെ ഇടവകകളിലും ഇടയ്ക്കിടെ വിപുലമായ രീതിയില്‍ നടത്തുവാന്‍ സാധിക്കില്ലേ? അന്വേഷിക്കുന്നവരും, ആദ്ധ്യാത്മിക അറിവും ബോധ്യങ്ങളും ആഗ്രഹിക്കുന്നവരും തന്നെയാണല്ലോ നമ്മുടെ ജനങ്ങളും! അവരോട് തുടര്‍ച്ചയായി സംവദിക്കുവാനുള്ള സന്നദ്ധത എത്ര വൈദികര്‍ക്കും മെത്രാന്മാര്‍ക്കും ഉണ്ട്? മെത്രാന്മാര്‍ക്ക് അത് എളുപ്പമല്ല എന്ന് സമ്മതിക്കുന്നു.

പക്ഷേ, വൈദികര്‍ക്ക് അതിനു സന്നദ്ധതയുണ്ടെങ്കില്‍ അതിനുള്ള സമയവും ഉണ്ടാകും. ഇടഞ്ഞു നില്‍ക്കുന്നവരെ സ്നേഹത്തോടെ അവരുടെ വഴിക്കുവിടുക എന്നത് ദൈവം എപ്പോഴും ചെയ്യുന്ന തന്ത്രം ആണെന്നറിഞ്ഞ് അവരെ തേജോവധം ചെയ്യാതെ ബഹുമാനത്തോടെ സംരക്ഷിക്കുക എന്നത് സാവധാനം നമ്മുടെ ആദ്ധ്യാത്മികനയം ആയി മാറിക്കൊള്ളും.

അജപാലനത്തിന് ആളുകളില്ലാതെ വന്നപ്പോള്‍, കൂടുതല്‍ ഊര്‍ജസ്വലതയോടെ ആധ്യാത്മികബോധ്യരൂപീകരണം നടപ്പാക്കുവാന്‍ ശ്രമിക്കുന്നതിനു പകരമായി തുടങ്ങിയ വിശാല ഇടവക മാനേജ്മെന്‍റ് എന്ന പ്രക്രിയ വഴിയാണിപ്പോള്‍ പാശ്ചാത്യസഭ സ്വന്തം അടിവേര് വീണ്ടും മാന്തുന്നത് എന്നതും ശ്രദ്ധേയമാണ്.

വിശാല ഇടവക മാനേജ്മെന്‍റ് എന്നതിന് ഇവിടെ വൈദികര്‍ക്ക് സമയം ഉണ്ടല്ലോ! ആധ്യാത്മികബോധ്യരൂപീകരണം നടപ്പാക്കുവാന്‍ സമയമില്ല. നമുക്ക് ഈ സന്നദ്ധത ഇല്ലെങ്കില്‍ നമുക്കുറപ്പിക്കാം: ഇനിയും വൈദികരും പള്ളിക്കമ്മിറ്റിക്കാരും എങ്ങനെയൊക്കെ പെരുന്നാള്‍ നടത്തണം, അത് കൊഴുപ്പിക്കണം, പുതിയ പള്ളിയും ഹോളും പണിയണം, പള്ളിയുടെ ബാങ്ക് ബാലന്‍സ് വര്‍ദ്ധിപ്പി ക്കണം എന്നേ ആലോചിക്കൂ! അവിടെ രാഷ്ട്രീയക്കളികളും കയ്യാങ്കളികളും നടക്കും.

യേശുവിനെപ്പോലെ ബോധ്യങ്ങളുള്ള, അവയില്‍ ജനങ്ങളെയും വൈദികരെയും വളര്‍ത്തുവാന്‍ സ്വയംവിട്ടുകൊടുക്കുവാന്‍ തയ്യാറായ, കുറെ വൈദികരെയും അല്മായരെയും ആദ്യം കണ്ടെത്തണം. ബോധ്യങ്ങളിലും ദൈവ സ്നേഹത്തില്‍ അധിഷ്ഠിതമായ പ്രാര്‍ത്ഥനയിലും അവരെ ഇനിയും ആഴമായി പരിശീലിപ്പിച്ചു കൊണ്ടുവരണം. ഇത്ര മാത്രമാണ് തുടക്കത്തില്‍ വേണ്ടത്.

ഇനി, ഈ പ്രക്രിയ വൈദികരിലും സന്യസ്തരിലും ഒതുക്കി നിര്‍ത്തണോ? ധാരാളം ജനങ്ങള്‍കൂടി ഇങ്ങനെ ബോധ്യങ്ങളുള്ളവര്‍ ആകുന്നതല്ലേ നല്ലത്? അല്ലെങ്കില്‍ എവിടെയാണ് ക്രിസ്തുസഭ? ആഴമുള്ള ബോധ്യങ്ങളാണ് ദൈവാനുഭവത്തിലേക്കും സ്വയം മനുഷ്യകുലത്തിന് അര്‍പ്പിക്കുന്ന സ്നേഹ പ്രവര്‍ത്തനത്തിലേക്കും നയിക്കുന്നത്. ഇവ രണ്ടും ചേര്‍ന്നാലേ ഇടവകയാകുന്നുള്ളൂ, സഭയാകുന്നുള്ളൂ. അതുകൊണ്ട് ബോധ്യരൂപീകരണ പ്രവര്‍ത്തനത്തിന് ഒരുങ്ങുവാന്‍ തയ്യാറുള്ള ജനങ്ങളെയും വൈദികരെയും വളര്‍ത്തിയെടുത്തുകൂടേ നമ്മുടെ സഭയ്ക്ക്?

യേശുവിന്‍റെ ആദ്ധ്യാത്മികതയില്‍ ഊന്നി മാത്രമാണ് ദൈവശാസ്ത്രം വളരേണ്ടത്. ദൈവശാസ്ത്രത്തില്‍ ഊന്നിമാത്രം ആദ്ധ്യാത്മികത വളരില്ല. സഭാപിതാക്കന്മാരുടെ കാലശേഷം ആദ്ധ്യാത്മികത തലകുത്തി നില്ക്കുവാന്‍ തുടങ്ങി: ദൈവശാസ്ത്രത്തില്‍ ഊന്നിയ ആദ്ധ്യാത്മികത! അങ്ങനെ, സഭാപരമായ ആദ്ധ്യാത്മിക അശ്രദ്ധകൊണ്ട് ഇടവകകളില്‍ നമുക്ക് കൈമോശം വന്നത് യേശുവിന്‍റെ ആദ്ധ്യാത്മികതയാണ്.

അതായത്, യേശുവിന്‍റെ ആദ്ധ്യാത്മിക മാര്‍ഗമായ, യേശുവിന്‍റേതുതന്നെയായ പ്രാര്‍ത്ഥനാരൂപം പ്രണിധാന പ്രാര്‍ത്ഥനയാണ്. ഇതിലുള്ള അവഗാഹമാണ് ഈ ദൈവിക വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്ക് ആദ്യമായി ലഭിക്കേണ്ടത്. എന്നാലേ ആര്‍ക്കും വാച്യപ്രാര്‍ത്ഥനകള്‍ ചെയ്യുവാനറിയൂ.

കുറച്ചു വൈദികരെയും സന്യസ്തരെയും വെച്ചുകൊണ്ടുപോലും വൈദികരുടെയും സന്യസ്തരുടെയും അര്‍ത്ഥികളുടെയും ബോധ്യങ്ങളുടെ വളര്‍ച്ചയ്ക്കു വേണ്ടി പ്രവര്‍ത്തിച്ചു തുടങ്ങുക എളുപ്പമാണ് എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. എല്ലാവരെയും ഉദ്ധരിക്കുവാനുള്ള മാര്‍ഗങ്ങള്‍ ഇത്തരത്തിലുള്ള ചെറിയ അടിസ്ഥാന പരമായ തുടക്കങ്ങളിലേ മുളയിട്ടു തുടങ്ങു.

wisdomcontemplation@yahoo.co.in

Leave a Comment

*
*