ദലിത് കത്തോലിക്കന്‍ സഭാഹൃദയത്തിലുണ്ടോ?

ദലിത് കത്തോലിക്കന്‍ സഭാഹൃദയത്തിലുണ്ടോ?


ഡോ. ജോഷി മയ്യാറ്റില്‍

"'ശക്തന്മാരെ സിംഹാസനത്തില്‍നിന്നു മറിച്ചിട്ടു; എളിയവരെ ഉയര്‍ത്തി. വിശക്കുന്നവരെ വിശിഷ്ടവിഭവങ്ങള്‍കൊണ്ട് സംതൃപ്തരാക്കി; സമ്പന്നരെ വെറുംകൈയോടെ പറഞ്ഞയച്ചു' (ലൂക്കാ 1:52-53) എന്ന പരിശുദ്ധ മറിയത്തിന്‍റെ സ്തോത്രഗീതത്തോടു ചേര്‍ന്ന് സമത്വമുള്ള ഒരു സഭയും സമൂഹവും സൃഷ്ടിക്കാന്‍ സഭ വിളിക്കപ്പെട്ടിരിക്കുന്നു." 2016-ല്‍ പുറത്തിറക്കിയ ദലിത് പോളിസിയുടെ (Policy of Dalit Empowerment in the Catholic Church in India) ആമുഖത്തില്‍ സിബിസിഐ അധ്യക്ഷന്‍ കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമ്മീസ് പിതാവ് കുറിച്ചത് ഇങ്ങനെയാണ്. വ്യക്തിഗതമായും സംഘാതമായും ഘടനാപരമായും ഉള്ള മാനസാന്തരത്തിലേക്കാണ് ദലിത് പോളിസി സഭയെ ക്ഷണിക്കുന്ന ത് (നമ്പര്‍ 6). ഓഗസ്റ്റ് 19-ലെ നീതിഞായറിന്‍റെ പശ്ചാത്തലത്തില്‍ കേരളസഭയ്ക്ക് ഈ മേഖലയില്‍ ഉണ്ടാകേണ്ട മാനസാന്തരത്തിന്‍റെ വിവിധമേഖലകള്‍ ചൂണ്ടിക്കാണിക്കുകയാണ് ഈ കുറിപ്പിന്‍റെ ലക്ഷ്യം.

ആരാണ് ദലിത് ക്രൈസ്തവന്‍?
നൂറ്റാണ്ടുകളുടെ തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയുംമൂലം മാനുഷികശ്രേഷ്ഠത കവര്‍ന്നെടുക്കപ്പെട്ട വലിയൊരു ജനവിഭാഗമാണ് ദലിതര്‍. ഭാരതജനസംഖ്യയുടെ 20% പട്ടികജാതിയിലും 10% പട്ടികവര്‍ഗത്തിലും പെട്ടവരാണ്. അതായത് 30 കോടി ഭാരതീയര്‍ രാഷ്ട്രജീവിതത്തില്‍ പുറമ്പോക്കുകാരാണ്.

ഭാരതത്തിലെ ജാതിവ്യവസ്ഥയുടെ ഇരകള്‍ക്കുവേണ്ടി 'ദലിത്' എന്ന പദം ആദ്യമായി ഉപയോഗിച്ചത് മറാഠി സാമൂഹിക പരിഷ്കര്‍ത്താവായ മഹാത്മാ ജ്യോതിറാവു ഫുലേയും (1826-1890) ജനകീയമാക്കിയത് ഡോ. ബി.ആര്‍. അംബേദ്കറും (1891-1956) ആണ്. പിളര്‍ക്കുക, പൊട്ടിക്കുക, തുറക്കുക എന്നൊക്കെ അര്‍ത്ഥമുള്ള സംസ്കൃതക്രിയാധാതുവായ 'ദല്‍' എന്ന പദത്തില്‍നിന്നാണ് ദലിത് എന്ന പദം രൂപംകൊള്ളുന്നത്. സെമിറ്റിക്ഭാഷകളിലും സമാനപദമുണ്ടെന്നത് ശ്രദ്ധേയമാണ്. ബൈബിളില്‍, പ്രത്യേകിച്ച് സങ്കീര്‍ത്തനങ്ങളിലും സുഭാഷിതങ്ങളിലും ദല്‍, ദലാ, ദലത് എന്നീ ഹീബ്രു പദങ്ങള്‍ ദരിദ്രന്‍ (ലേവ്യ 14:21; സങ്കീ 41:1; ആമോസ് 5:11), തളര്‍ന്നവന്‍ (2 സാമു 13:4), അപ്രധാനി (2 രാജാ 24:14) എന്നീ അര്‍ത്ഥങ്ങളില്‍ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. നൂറ്റാണ്ടുകള്‍ നീണ്ട വിവേചനത്തിന്‍റെയും പീഡനത്തിന്‍റെയും ഇരകള്‍ എന്ന അര്‍ത്ഥമാണ് കൃത്യമായി ധ്വനിപ്പിക്കുന്നതെങ്കിലും ഭരണഘടനയിലും സര്‍ക്കാര്‍ രേഖകളിലുമൊന്നും ഉള്‍പ്പെടുത്തിയിട്ടില്ലാത്തതിനാല്‍ ഈ പദം സര്‍ക്കാരിനും കോടതികള്‍ക്കും ഇപ്പോഴും അനൗദ്യോഗികമാണ്. 1935-ലെ Scheduled Caste Act of India യിലൂടെ ബ്രിട്ടീഷുകാരാണ് ഈ ഗണത്തിന് മര്‍ദിതഗണം, പട്ടികജാതി എന്നീ പേരുകള്‍ നല്കിയത്.

ദലിതുക്രൈസ്തവന്‍റെ സ്ലീവാപ്പാത
എല്ലാ പൗരന്മാര്‍ക്കും തുല്യനീതിയും സമത്വവും ഉറപ്പാക്കുന്ന ഭരണഘടനയില്‍ ദലിതനായ ഡോ. അംബേദ്കറിന്‍റെ ന്യായബോധവും ദീര്‍ഘവീക്ഷണവും ദൃശ്യമാണ്. എന്നാല്‍, 1950-ല്‍ പുറപ്പെടുവിച്ച പ്രസിഡെന്‍ഷ്യല്‍ ഉത്തരവും പിന്നീടുണ്ടായ അമെന്‍റ്മെന്‍റും പ്രകാരം, ഹിന്ദു-സിഖ്- ബുദ്ധമതങ്ങളില്‍പ്പെടാത്ത ആരും പട്ടികജാതിയില്‍ പെടുന്നില്ല; സംവരണാനുകൂല്യങ്ങള്‍ക്ക് അര്‍ഹരുമല്ല. ഇത് മതത്തിന്‍റെ പേരിലുള്ള വിവേചനം നിരോധിക്കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 15(1)-നു വിരുദ്ധമാണെന്ന് തിരിച്ചറിയാന്‍ എന്താണ് ബുദ്ധിമുട്ട്?

മതംമാറിയതുകൊണ്ട് സാമൂഹിക-സാംസ്കാരിക-സാമ്പത്തികാവസ്ഥകള്‍ക്കും സ്വാഭാവികമായി മാറ്റമുണ്ടാകും എന്ന ചിന്ത യുക്തിഭദ്രമാണോ? മതഭേദമൊന്നുംകൂടാതെതന്നെ ജാതീയമായ വേര്‍തിരിവുകള്‍ക്ക് ഇരകളാണ് ദലിതര്‍ എവിടെയും എപ്പോഴും. സിബിസിഐ നയരേഖ സൂചിപ്പിക്കുന്നപ്രകാരം, ഭാരതത്തില്‍ ഓരോ 18 മിനിറ്റിലും ഒരു ദലിതനെങ്കിലും അക്രമത്തിന് ഇരയാകുന്നു. ദിവസവും 2 ദലിതരെങ്കിലും വധിക്കപ്പെടുന്നു; 3 ദലിത് സ്ത്രീകളെങ്കിലും ബലാത്സംഗം ചെയ്യപ്പെടുന്നു; 2 ദലിതഭവനങ്ങളെങ്കിലും അഗ്നിക്കിരയാക്കപ്പെടുന്നു. പ്രതിദിനം ദലിതര്‍ക്കുനേരേ 27 അതിക്രമകേസുകളെങ്കിലും രജിസ്റ്റര്‍ ചെയ്യപ്പെടുന്നു. ഓരോ ആഴ്ചയിലും 6 ദലിതരെയെങ്കിലും കാണാതാകുന്നു. ദലിതരില്‍ 45%-വും നിരക്ഷരരാണ്. അവരുടെ കുഞ്ഞുങ്ങളില്‍ 54%-വും പോഷകാഹാരക്കുറവുള്ളവരാണ്. 12% ദലിത്കുഞ്ഞുങ്ങളും 5-ാം ജന്മദിനത്തിനുമുമ്പ് മരിക്കുന്നു! 1000 ദലിത്കുഞ്ഞുങ്ങളില്‍ 84 പേരും ഒന്നാം ജന്മദിനത്തിനുമുമ്പേ മരിക്കുന്നു! 27% ഗ്രാമങ്ങളിലും പോലീസ് സ്റ്റേഷനില്‍ ചെല്ലുന്നതില്‍നിന്ന് ദലിതര്‍ തടയപ്പെടുന്നു. 37% ഗവണ്‍മെന്‍റ് സ്കൂളുകളിലും ദലിതുകുട്ടികള്‍ക്ക് ഭക്ഷണത്തിന് വേര്‍തിരിഞ്ഞ് ഇരിക്കേണ്ടിവരുന്നു! 48% ഗ്രാമങ്ങളിലും കുടിവെള്ളസ്രോതസ്സുകളിലേക്ക് ദലിതര്‍ക്ക് പ്രവേശനം നിഷേധിക്കപ്പെടുന്നു. ക്രൈസ്തവരായതുകൊണ്ട് ആര്‍ക്കെങ്കിലും ഇത്തരം പ്രശ്നങ്ങളില്‍നിന്ന് ഒഴിവു കിട്ടുന്നുണ്ടോ?

ഇനി, ക്രൈസ്തവര്‍ക്കിടയില്‍ ദലിതുക്രൈസ്തവരുടെ അവസ്ഥ എന്താണ്? 70% ക്രൈസ്തവരും ദലിതരാണെങ്കിലും ഇന്ത്യയിലെ 180 മെത്രാന്മാരില്‍ 14 പേര്‍ മാത്രമേ (6.6%) ദലിതുവിഭാഗത്തില്‍നിന്നുള്ളൂ. 822 മേജര്‍ സുപ്പീരിയര്‍മാരില്‍ 12 പേരും 27,000 വൈദികരില്‍ 1,130 പേരും (4.2%) ഒരു ലക്ഷം സമര്‍പ്പിതരില്‍ 4,500 പേരും (4.5%) മാത്രമാണ് ദലിതര്‍. സഭ നടത്തുന്ന 271 കോളേജുകളില്‍ പട്ടികജാതിയില്‍പ്പെട്ട 7.8%-വും പട്ടികവര്‍ഗത്തില്‍പ്പെട്ട 5.2%-വും വിദ്യാര്‍ത്ഥികളും മാത്രമാണ് പഠിക്കുന്നത്. കുടിവെള്ള ഉറവിടങ്ങള്‍, വിദ്യാഭ്യാസം, വിവാഹം എന്നിവയുടെ കാര്യത്തില്‍ വലിയ വിവേചനങ്ങള്‍ അനുഭവിക്കുന്നവരാണ് ദലിതുക്രൈസ്തവര്‍. സവര്‍ണഹിന്ദുക്കളില്‍നിന്നും സഹക്രൈസ്തവരില്‍നിന്നും ഒരുപോലെ വിവേചനം അനുഭവിക്കുന്ന ഇവര്‍ക്ക് എങ്ങനെയാണ് നീതി ലഭിക്കുന്നത്? രാഷ്ട്രവും സഭയും കൈവിട്ട അവസ്ഥയല്ലേ ദലിതുക്രൈസ്തവന്‍റേത്?

കെസിബിസി കമ്മീഷന്‍
ദലിത്ക്രൈസ്തവര്‍ക്കു വേണ്ടി കേരള കത്തോലിക്കാ മെത്രാന്‍സമിതി ഒരു എസ്സി/എസ് ടി/ബിസി കമ്മീഷനെ നിയമിച്ചിട്ടുണ്ട്. എല്ലാ വര്‍ഷവും നീതിഞായര്‍ ആചരണത്തിലൂടെ ദലിതുക്രൈസ്തവവിഷയം കത്തോലിക്കാമനസ്സുകളില്‍ സജീവമായി നിലനിറുത്തുകയും ഭരണകൂടത്തിനുമുമ്പില്‍ അവതരിപ്പിക്കുകയും ചെയ്യുകയാണ് മുഖ്യമായും ഇതിന്‍റെ പ്രവര്‍ത്തനം. ഈ കമ്മീഷനുകീഴിലാണ് ദലിത് കത്തോലിക്കാ അല്മായസംഘടനയായ ഡി.സി.എം.എസ്.-ന്‍റെ (ദലിത് കത്തോലിക്കാ മഹാസഭ) പ്രവര്‍ത്തനം. സമര്‍ത്ഥരായ ദലിത് വിദ്യാര്‍ത്ഥികള്‍ക്ക് ഡി.സി.എം.എസ് സ്കോളര്‍ഷിപ്പ് നല്കുന്നുണ്ട്. 2017-2018 കാലത്തേക്ക് കെസിബിസി ആവിഷ്കരിച്ചു നടപ്പാക്കിയ ഭവന നിര്‍മാണ പദ്ധതിയിലൂടെ ഇതിനകം 300 ഭവനങ്ങള്‍ ദലിത് കത്തോലിക്കാസഹോദരങ്ങള്‍ക്കായി ഒരുങ്ങിക്കഴിഞ്ഞു. സി. എം.ഐ. സന്ന്യാസസമൂഹമാണ് ഇക്കാര്യത്തില്‍ സവിശേഷതാത്പര്യമെടുത്തത്.

കേരള കത്തോലിക്കാസഭയും ദലിതരും
ജാതിവ്യവസ്ഥയ്ക്ക് അറുതി വരുത്താന്‍ പാശ്ചാത്യമിഷനറിമാര്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിട്ടും ഈ അടുത്തകാലംവരെ ദലിതുക്രൈസ്തവര്‍ക്കായിമാത്രം പ്രത്യേകം പള്ളികളും പള്ളിക്കൂടങ്ങളും സെമിത്തേരികളും നമുക്കിടയില്‍ ഉണ്ടായിരുന്നെന്നതു വിസ്മരിക്കാനാവില്ല. ഇപ്പോഴും ക്രൈസ്തവമനസ്സില്‍ നിന്ന് മേലാള-കീഴാള ചിന്തകള്‍ പൂര്‍ണമായും ഇല്ലാതായിട്ടില്ല. സഭയില്‍ നിലവിലുള്ള ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും വികസനപ്രവര്‍ത്തനങ്ങളുടെയും അധികാരവിതരണത്തിന്‍റെയും വിവാഹകൂദാശയുടെയും മേഖലകളിലെല്ലാം ഈ വേര്‍തിരിവ് ഇപ്പോഴും പ്രകടമാണ്. കേരളകത്തോലിക്കാസഭയില്‍ 373 സമര്‍പ്പിതസഭകളിലൊന്നിലും ഒരു ദലിത് മേജര്‍ സുപ്പീരിയര്‍ ഇല്ല എന്ന വസ്തുത ഞെട്ടിപ്പിക്കുന്നതാണ്! ദലിതരുടെ അവകാശങ്ങളെയും ശ്രേഷ്ഠതയെയുംകുറിച്ച് പ്രത്യയശാസ്ത്രപരമായും സൈദ്ധാന്തികമായും ഭാരതസഭയില്‍ സ്വീകാര്യതയുണ്ടെന്ന് സിബിസിഐ നയരേഖ പ്രസ്താവിക്കുന്നു (ദലിത് പോളിസി, നമ്പര്‍ 25). പ്രയോഗസാധ്യതയും സാധുതയും തത്ത്വത്തില്‍ അധിഷ്ഠിതമായിരിക്കണമല്ലോ. എന്നാല്‍, 'ദലിതു ദൈവശാസ്ത്രം' എന്ന പദംപോലും കേരളകത്തേലിക്കര്‍ക്ക് പരിചിതമാണെന്നു തോന്നുന്നില്ല.

നൂറ്റാണ്ടുകള്‍നീണ്ട സാമൂഹികവിവേചനത്തിന്‍റെ ബാക്കിപത്രമാണ് ഇന്നിന്‍റെ അവസ്ഥ എന്നതില്‍ സംശയമില്ലെങ്കിലും ഈ അവസ്ഥയ്ക്കു പരിഹാരം കാണാന്‍, ക്രിസ്തുവിശ്വാസത്തിന്‍റെ സൈദ്ധാന്തികാടിത്തറകൊണ്ടുതന്നെ ഏറ്റവും കൂടുതല്‍ ബാധ്യതയുള്ള ക്രൈസ്തവര്‍ എന്തുചെയ്യുന്നു എന്ന ചോദ്യത്തിന് ഈ കാരണവിശകലനത്തില്‍ മുഖ്യസ്ഥാനമുണ്ട്. If you are not part of the solution, you are part of the problem എന്ന ചൊല്ല് മറക്കാവുന്നതല്ല. സെക്കുലര്‍സമൂഹം ദലിതരുടെ ഉന്നമനത്തിനുവേണ്ടി സര്‍ക്കാര്‍നയങ്ങളും സംവിധാനങ്ങളുംവഴി ദലിതവിഭാഗങ്ങള്‍ക്കു നല്കുന്ന സവിശേഷ പരിഗണനയോടു തുലനംചെയ്യാവുന്നതും സ്ഥായീഭാവമുള്ളതുമായ ഒരു സംവിധാനവും ക്രൈസ്തവ സഭകളില്‍ ഇല്ലെന്നുവേണം പറയാന്‍.

അടിയന്തരപ്രാധാന്യമുള്ള പരിഹാരമാര്‍ഗങ്ങള്‍
1. കേരളസഭയിലെ ദൈവശാസ്ത്രപഠനകേന്ദ്രങ്ങള്‍, കെസിബിസി തിയോളജി കമ്മീഷന്‍, കേരള തിയളോജിക്കല്‍ അസോസിയേഷന്‍ തുടങ്ങിയ വേദികള്‍ ദലിത് ദൈവശാസ്ത്രസാധ്യതയ്ക്ക് വെള്ളവും വളവും പകരണം (ദലിത് പോളിസി, നമ്പര്‍ 29).

2. രൂപതാസെമിനാരിയില്‍ ജാതിചിന്തകൊണ്ടുമാത്രം തഴയപ്പെട്ട മിടുമിടുക്കനായ ഒരു കുട്ടി ഇന്ന് ഒരു സന്ന്യാസസഭയില്‍ ചേര്‍ന്ന് ഓക്സ്ഫോര്‍ഡില്‍ ഉപരിപഠനം നടത്തുകയാണെന്ന് ഒരു അച്ചന്‍ എന്നോടു പറഞ്ഞത് ഈയിടെയാണ്! വൈദികപരിശീലനമേഖലയില്‍ ദലിതുക്രൈസ്തവരെ ഒഴിവാക്കുന്ന പ്രവണത അവസാനിപ്പിക്കണം.

3. സമര്‍പ്പിതജീവിതത്തില്‍ ദലിതുക്രൈസ്തവര്‍ വിവേചനമോ തഴയപ്പെടലോ അനുഭവിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. ഈ വിഷയം സമര്‍പ്പിതര്‍ക്കായുള്ള കെസിബിസി കമ്മീഷനും കെ സിഎംഎസും പ്രത്യേകം പരിഗണിക്കണം (ദലിത് പോളിസി, നമ്പര്‍ 30).

4. നമ്മുടെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ മാനേജുമെന്‍റ് സീറ്റില്‍ ദലിതുക്രൈസ്തവര്‍ക്ക് ന്യായവും പര്യാപ്തവുമായ സംവരണം പ്രഖ്യാപിച്ച് ഭരണകൂടത്തിന്‍റെ നിസ്സംഗതയെ മറികടക്കാനുള്ള കരുത്ത് കേരളത്തിലെ കത്തോലിക്കാസഭയ്ക്കുണ്ട്. ആ ആര്‍ജവം പ്രകടമാക്കണം (ദലിത് പോളിസി, നമ്പര്‍ 31).

5. പരിവര്‍ത്തിത ക്രൈസ്തവ-ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്‍, ന്യൂനപക്ഷ കമ്മീഷന്‍, പട്ടികജാതി-പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ തുടങ്ങിയ ഗവണ്‍മെന്‍റു സംവിധാനങ്ങളുടെ കാലാകാലങ്ങളിലുള്ള പദ്ധതികളെയും ക്രമീകരണങ്ങളെയുംകുറിച്ച് ഫലപ്രദമായി വിവരങ്ങള്‍ നല്കുന്ന സംവിധാനം ഓരോ രൂപതകളിലും ഉണ്ടാകേണ്ടതാണ്. ഇത്തരം സംവിധാനങ്ങളെ ഏകോപിപ്പിക്കാന്‍ കെസിബിസി എസ്സി/എസ്ടി/ബിസി കമ്മീഷനു കഴിയണം.

6. വി. തോമാശ്ലീഹാ ബ്രാഹ്മണരെ മാമ്മോദീസാ മുക്കി എന്ന പൂണൂല്‍മാഹാത്മ്യത്തിന്‍റെ വ്യാജപ്രചാരണങ്ങള്‍ കത്തോലിക്കരായ എല്ലാവരും എല്ലാവിധത്തിലും അവസാനിപ്പിക്കണം. (ദലിത് പോളിസി, നമ്പര്‍ 32).

7. ദലിതുനേതൃത്വം വളര്‍ത്തിക്കൊണ്ടുവരാന്‍ നാം ശ്രദ്ധവയ്ക്കണം (ദലിത് പോളിസി, ന മ്പര്‍ 34).

ഈ കാലഘട്ടത്തില്‍ കേരളസഭയ്ക്ക് ദൈവം നല്കുന്ന ഒരു ചൂണ്ടുപലകയാണ് വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്‍. അദ്ദേഹത്തിന്‍റെ വിശുദ്ധനാമകരണനടപടികള്‍ മുന്നേറുന്നതിനൊപ്പം കേരളസഭയില്‍ ദലിതരുടെ വസന്തകാലമായിരിക്കണമെന്ന് നാം തീരുമാനിക്കണം. അത് കൃപയുടെ കുളിര്‍ മഴ പൊഴിക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org