അല്മായ പങ്കാളിത്തം : വഴികളും വാതിലുകളും

അല്മായ പങ്കാളിത്തം : വഴികളും വാതിലുകളും


ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍

സെക്രട്ടറി, കൗണ്‍സില്‍ ഫോര്‍ ലെയ്റ്റി, കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ)

സഭയുടെ ഉണര്‍ത്തുപാട്ടായി രണ്ടാം വത്തിക്കാന്‍ സൂനഹദോസു മാറിയപ്പോള്‍ അല്മായ പങ്കാളിത്തം സജീവമാകുന്നതിന്‍റെ വാതിലുകള്‍ തുറക്കപ്പെട്ടു. കത്തോലിക്കാസഭയിലെ അല്മായ മുന്നേറ്റത്തിന്‍റെ ചരിത്രപശ്ചാത്തലങ്ങളിലേയ്ക്കും നന്മകള്‍ വാരിവിതറിയ സഭാസാക്ഷ്യങ്ങളുടെ ഇന്നുകളിലേയ്ക്കും യാത്രചെയ്ത് സഭയുടെ വളര്‍ച്ചയുടെ പാതയിലെ വെല്ലുവിളികളെ അതിജീവിക്കുന്നതില്‍ നാം എത്രമാത്രം വിജയിച്ചു? ദൈവശാസ്ത്ര വീക്ഷണങ്ങളിലൂടെ അല്മായ സമൂഹത്തെ വിചിന്തനം ചെയ്ത് വിലയിരുത്തുന്നതിനോടൊപ്പം ആധുനിക ലോകത്തിന്‍റെ പ്രായോഗിക തലങ്ങളില്‍ സഭയുടെ ശബ്ദവും ശക്തിയുമാകുവാന്‍ അവരെ രൂ പാന്തരപ്പെടുത്തി പ്രാപ്തരാക്കുവാന്‍ നമുക്കായോ? ഒരു പുനര്‍ വിചിന്തനത്തിന്‍റെ സമയമായെന്ന് തോന്നിപ്പോകുന്നു.

രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വീക്ഷണത്തില്‍
അല്മായന്‍ എന്ന പദം സുറിയാനി ഭാഷയില്‍ നിന്നുള്ളതാണ്. ലോകത്തോടു ബന്ധപ്പെട്ടവന്‍ എന്നര്‍ത്ഥം. ഇംഗ്ലീഷില്‍ നിലവിലുള്ള lay, laity എന്നീ പദങ്ങള്‍ക്ക് (പ്രയോഗങ്ങള്‍ക്ക്) പിന്നിലുള്ളത് laikos എന്ന ഗ്രീക്കുപദമാണ്. laos എന്ന ഗ്രീക്കുപദത്തില്‍ നിന്നാണ് ഈ വാക്കുണ്ടാകുന്നത്. ഇതിന് ജനത്തോടു ബന്ധപ്പെട്ടത്, ജനം എന്നീ അര്‍ത്ഥങ്ങളുണ്ട്. പഴയനിയമത്തില്‍ ജനം എന്നര്‍ത്ഥമുള്ള laos ആണ് ഗ്രീക്കുപരിഭാഷയിലുള്ളത്. "തെരഞ്ഞെടുക്കപ്പെട്ട", "രാജകീയ", "വിശുദ്ധ," "ദൈവത്തിന്‍റെ സ്വന്തം" എന്നീ വിശേഷണങ്ങളോടുകൂടിയാണ് സഭയാകുന്ന ജനത്തെക്കുറിച്ച് പുതിയ നിയമം പറയുന്നത്. ജനം മുഴുവനാണ് ദൈവികപദ്ധതിയനുസരിച്ച് ദൗത്യനിര്‍വ്വഹണത്തിനായി വിളിക്കപ്പെട്ടിരിക്കുന്നത്. ക്രിസ്തുവിന്‍റെ അനുയായികള്‍ക്ക് ആദ്യമായി ക്രൈസ്തവര്‍ എന്ന പേരു ലഭിക്കുന്നത് അന്ത്യോക്യായില്‍ വച്ചാണ് (അപ്പ. 11.26).

പത്തൊമ്പത്, ഇരുപത് നൂറ്റാണ്ടുകളില്‍ വളര്‍ന്നുവന്ന സഭാവിജ്ഞാനീയത്തിന്‍റെ വെളിച്ചത്തില്‍ സമഗ്രമായ ഒരു അല്മായ ദര്‍ശനം രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ അവതരിപ്പിച്ചു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ സഭാവിജ്ഞാനീയത്തില്‍ കാണുന്ന രണ്ടുപ്രധാന ആശയങ്ങളാണ് "ദൈവജനം", "കൂട്ടായ്മ" എന്നിവ. സഭാസമൂഹത്തിലെ എല്ലാ വേര്‍തിരിവുകള്‍ക്കും വ്യത്യാസങ്ങള്‍ക്കും അപ്പുറമുള്ള കാഴ്ചപ്പാടാണ് ദൈവജനമുള്‍ക്കൊള്ളുന്നത്. അല്മായനും വൈദികനും മെത്രാനും എന്ന വ്യത്യാസമില്ലാതെ മാമ്മോദീസ വഴി ദൈവജനത്തിലെ അംഗമായിത്തീര്‍ന്ന ഓരോ വ്യക്തിയും ദൈവത്താല്‍ വിളിക്കപ്പെട്ടവനെന്ന നിലയില്‍ അന്തസ്സും ദൗത്യവുമുള്ളവനാണ്.

ദൈവജനത്തിന്‍റെ മൂന്നുവിധത്തിലുളള ധര്‍മ്മങ്ങള്‍ വിശദമാക്കിക്കൊണ്ടാണ് വത്തിക്കാന്‍ കൗണ്‍സില്‍ അല്മായരുടെ ദൗത്യം വ്യക്തമാക്കുന്നത്. പുരോഹിതധര്‍മ്മം, പ്രവാചകധര്‍മ്മം, രാജകീയധര്‍മ്മം ഇവയാണ് ഈ ധര്‍മ്മങ്ങള്‍. വൈദികരുടെ ശുശ്രൂഷാ പൗരോഹിത്യത്തിന് പിന്‍ബലമായിട്ടുള്ളത് എല്ലാ വിശ്വാസികളുടെയും പൊതുവായ പൗരോഹിത്യമാണ്. പൊതുവായ പൗരോഹിത്യമില്ലാതെ ശുശ്രൂഷാപൗരോഹിത്യമില്ല. ലോകത്തിന്‍റെ വിശാലവേദിയില്‍, അതേസമയം തന്നെ സഭയുടെ ഹൃദയത്തില്‍ ജീവിക്കാന്‍ വിളിക്കപ്പെട്ടവനാണ് അല്മായന്‍.

അല്മായര്‍ ആദ്യനൂറ്റാണ്ടുകളില്‍
അപ്പസ്തോലന്മാരുടെ നേതൃത്വവും അധികാരവുമായിരുന്നു ക്രിസ്തുസഭയെ ആരംഭകാലത്ത് നയിച്ചത്. തുടര്‍ന്ന് മെത്രാന്‍, വൈദിക, ഡീക്കന്‍ ശുശ്രൂഷകള്‍ ഒന്നാം നൂറ്റാണ്ടിന്‍റെ അവസാനം രൂപംപ്രാപിച്ചു. അല്മായന്‍ അഥവാ "ജനത്തിലൊരുവന്‍" എന്ന അര്‍ത്ഥം വരുന്ന laikos anthropos എന്ന വാക്ക് വിശുദ്ധ ക്ലമന്‍റാണ് ആദ്യമായി ഉപയോഗിച്ചത്. ക്രിസ്തുവില്‍ വിശ്വാസം സ്വീകരിച്ചവര്‍ക്കെല്ലാം പൗരോഹിത്യ പദവിയുണ്ടെന്ന് വിശുദ്ധ ഇറനേവൂസ് ചൂണ്ടിക്കാണിച്ചു. അതുപോലെ മൂന്നാം നൂറ്റാണ്ടില്‍ തെര്‍ത്തുല്യനും മാമ്മോദീസായിലൂടെ വിശ്വാസിക്കു ലഭിക്കുന്ന പൗരോഹിത്യത്തെക്കുറിച്ചു പ്രസ്താവിച്ചിട്ടുണ്ട്.

ആദ്യ നൂറ്റാണ്ടുകളില്‍ വൈദികരുടെയും മെത്രാന്മാരുടെയും തെരഞ്ഞെടുപ്പില്‍ അല്മായര്‍ പങ്കുവഹിച്ചിരുന്നു. "അപ്പസ്തോലന്മാരുടെ പ്രബോധനം" (Didache), "അപ്പസ്തോലിക പാരമ്പര്യം" (Apostolic Tradition) തുടങ്ങിയ പുരാതന ക്രൈസ്തവലിഖിതങ്ങള്‍ സഭാനേതൃത്വത്തിനുള്ളവരെ തെരഞ്ഞെടുക്കുന്നതില്‍ ജനത്തിനുള്ള പങ്കാളിത്തത്തെ ചൂണ്ടിക്കാട്ടുന്നു.

ആദിമസഭയില്‍ വിശ്വാസത്തിനുവേണ്ടി സഹിക്കുകയും രക്തസാക്ഷിത്വം വരിക്കുകയും ചെയ്തവരില്‍ നല്ലൊരുഭാഗം അല്മായരായിരുന്നു. മതപീഡനനാളുകളില്‍ വിശ്വാസത്തിനുവേണ്ടി ജീവന്‍ വെടിഞ്ഞ ഈ അല്മായ സമൂഹത്തിന്‍റെ ത്യാഗവും സമര്‍പ്പണവുമായിരുന്നു ആദിമസഭയുടെ ശക്തി. എ.ഡി. 313-ല്‍ മിലാന്‍ വിളംബരത്തോടെ മതപീഢനം അവസാനിച്ചു. സഭ റോമാ സാമ്രാജ്യത്തില്‍ ഔദ്യോഗികമായി സ്വീകാര്യത നേടി. മൂന്നാം നൂറ്റാണ്ടുമുതല്‍, അല്മായര്‍ ചെയ്തുവന്നിരുന്ന പല സേവനങ്ങളും അപ്രത്യക്ഷമായി. നാലും അഞ്ചും നൂറ്റാണ്ടുകളില്‍ ആശ്രമജീവിതവും തപശ്ചര്യകളും അല്മായരുടെ ഇടയില്‍ പ്രചരിക്കാന്‍ തുടങ്ങി.

മദ്ധ്യകാലഘട്ടത്തില്‍ അല്മായന്‍റെ ദൗത്യം അനുസരണത്തിന്‍റെ ഭാഷയില്‍ വ്യാഖ്യാനിക്കപ്പെട്ടു. പ്രത്യേകിച്ച് മെത്രാനോടുള്ള ബഹുമാനവും വിധേയത്വവും അതിന്‍റെ ഭാഗമായിരുന്നു. അഞ്ചാം നൂറ്റാണ്ടില്‍ ലിയോ മാര്‍പാപ്പ അല്മായര്‍ സഭയില്‍ പ്രസംഗിക്കുന്നത് വിലക്കി. പള്ളിയുടെ ആകൃതിയില്‍ തന്നെ അല്മായന്‍റെ സ്ഥലവും വൈദികന്‍റെ സ്ഥലവും തമ്മില്‍ വേര്‍തിരിവുണ്ടായി. കൂദാശാനുഷ്ഠാനങ്ങളിലും പ്രാര്‍ത്ഥനകളിലുമുള്ള അല്മായപങ്കാളിത്തത്തിനു നിശ്ചിത വ്യവസ്ഥകളുണ്ടായി.

അല്മായ ഉണര്‍വ്വിന്‍റെ വസന്തകാലം
പത്തൊമ്പതും ഇരുപതും നൂറ്റാണ്ടുകളിലെ ദൈവശാസ്ത്രപരമായ പ്രത്യേകിച്ച് സഭാശാസ്ത്രപരമായ വളര്‍ച്ച അല്മായ പങ്കാളിത്തത്തെക്കുറിച്ച് ഹയരാര്‍ക്കിക്കല്‍ തലത്തിലും ജനകീയതലത്തിലും അവബോധം സൃഷ്ടിക്കുന്നതായിരുന്നു. സഭയുടെ സാമൂഹിക കാഴ്ചപ്പാടുകളുണ്ടാക്കിയ വിപ്ലവകരമായ ചിന്താഗതികള്‍ ഇതോടൊന്നിച്ച് കാണേണ്ടതുണ്ട്. 1891-ല്‍ ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പ പ്രസിദ്ധീകരിച്ച "റേരും നൊവാരും" എന്ന ചാക്രികലേഖനം തൊഴിലാളികളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാനും സാമൂഹിക നീതിക്കുവേണ്ടി പ്രവര്‍ത്തിക്കാനും അല്മായരെ ആഹ്വാനം ചെയ്തു. റേരും നൊവാരും പ്രസിദ്ധീകരിച്ചതിന്‍റെ നാല്‍പ്പതാം വര്‍ഷത്തില്‍ പീയൂസ് പതിനൊന്നാമന്‍ മാര്‍പാപ്പ "ക്വാദ്രജെസിമോ അന്നോ" എന്ന ചാക്രികലേഖനത്തിലൂടെ സഭയുടെ സാമൂഹിക ദര്‍ശനമുള്‍ക്കൊണ്ട് കര്‍മ്മരംഗത്തിറങ്ങാന്‍ അല്മായ വിശ്വാസികളെ ആഹ്വാനം ചെയ്തു.

പതിനൊന്നാം പീയൂസ് മാര്‍പാപ്പ "കത്തോലിക്കാ പ്രവര്‍ത്തനം" (Catholic Action) എന്ന പ്രസ്ഥാനത്തിന് ആഹ്വാനം നല്‍കിയത് ഈ പശ്ചാത്തലത്തിലാണ്. എല്ലാ സഭാംഗങ്ങളുടെയും ഭാഗഭാഗിത്വം വഴി സഭയുടെ ലോകത്തിലുള്ള സാന്നിധ്യവും പ്രവര്‍ത്തനവും കാര്യക്ഷമമാക്കുക, അതുവഴി ക്രിസ്തുവിന്‍റെ രാജ്യം വളര്‍ത്തുക എന്നതാണ് അല്മായരെ ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ കൊണ്ടുദ്ദേശിച്ചത്.

അല്മായ ശക്തീകരണ വെല്ലുവിളികള്‍
അല്മായ പങ്കാളിത്തവും കൂട്ടുത്തരവാദിത്വവും സവിശേഷതയായുള്ള സഭയ്ക്ക് ഇനിയും വളരെ ദൂരം മുന്നോട്ടുപോകേണ്ടതുണ്ട്. പ്രായോഗികാഭിമുഖ്യമുള്ള വിശ്വാസപരിശീലനം അല്മായര്‍ക്ക് നല്‍കേണ്ടതിന്‍റെ ആവശ്യകതയെ സഭയുടെ ഔദ്യോഗിക പ്രബോധനങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഭാരതസഭയില്‍ അല്മായ സാന്നിധ്യം പിന്നോക്കം പോകുന്നതു പ്രത്യേകിച്ചു സാമൂഹിക രാഷ്ട്രീയ രംഗത്താണ്. എന്നാല്‍, നവീകരണപ്രസ്ഥാനങ്ങളുടെ പശ്ചാത്തലത്തില്‍ ആത്മീയരംഗത്ത് ഉണര്‍വ്വോടെ പ്രവര്‍ത്തിക്കുന്ന അല്മായരുണ്ടായിട്ടുണ്ട്.

വിശ്വാസത്തോടുള്ള പ്രതിബദ്ധത ദൈവാലയ കര്‍മ്മങ്ങളില്‍ ഒതുങ്ങുകയും സാമൂഹിക രാഷ്ട്രീയ രംഗത്തേയ്ക്കിറങ്ങുമ്പോള്‍ വിശ്വാസവിരുദ്ധമായ പ്രത്യയശാസ്ത്രങ്ങളും സമീപനങ്ങളും ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന അവസ്ഥയിലേയ്ക്ക് പലപ്പോഴും അല്മായര്‍, പ്രത്യേകിച്ച് യുവാക്കള്‍ വഴുതിവീണിട്ടുണ്ട്. ഈ വെല്ലുവിളിയാണ് ഭാരതത്തില്‍ സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ ഏറ്റെടുക്കേണ്ടത്.

സാമൂഹിക രാഷ്ട്രീയ രംഗത്ത് സത്യത്തിനും നീതിക്കുംവേണ്ടി നിലകൊള്ളാനും ഒരു തിരുത്തല്‍ ശക്തിയായി പ്രവര്‍ത്തിക്കാനും എങ്ങനെ അല്മായരെ ബോധവല്‍ക്കരിക്കാം എന്നത് സഭയുടെ മുമ്പിലെ വലിയൊരു വെല്ലുവിളിയാണ്.

പങ്കാളിത്ത സംവിധാനങ്ങള്‍ ഫലപ്രദമോ?
ഭാരതത്തിലെ പല രൂപതകളും അല്മായപങ്കാളിത്ത സംവിധാനങ്ങള്‍ക്കു രൂപംകൊടുത്തത് അടിസ്ഥാന ക്രൈസ്തവ സമൂഹങ്ങളുടെ അഥവാ കുടുംബകൂട്ടായ്മകളുടെ രൂപീകരണത്തിലൂടെയാണ്. പലരും ഇതിനെ ഒരു പ്രാര്‍ത്ഥനാ സമ്മേളനമായും വെറും ഒരു സോഷ്യല്‍ യോഗമായും മാത്രമാണ് കാണുന്നത്. ചടങ്ങുകള്‍ക്കപ്പുറം ആദിമക്രൈസ്തവസഭയെ അനുസ്മരിക്കുന്ന പ്രാര്‍ത്ഥനയും കൂട്ടായ്മയും പങ്കുവയ്ക്കലും ആധുനിക സഭയിലെ കുടുംബകൂട്ടായ്മകള്‍ക്കുണ്ടോ?

അടിസ്ഥാന ക്രൈസ്തവ സമൂഹങ്ങള്‍ അല്മായ ശാക്തീകരണത്തിനും സഭാശുശ്രൂഷകളിലെ അല്മായ നേതൃത്വത്തിനും വലിയൊരു സാധ്യതയാണ് തുറന്നുകൊടുത്തിരിക്കുന്നത്. എന്നാല്‍ പല രൂപതകളിലും ഇടവക-രൂപതാ ശുശ്രൂഷാപ്രവര്‍ത്തനങ്ങളുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള പങ്കാളിത്ത സംവിധാനങ്ങള്‍ ഇല്ല എന്നതാണ് ഖേദകരമായ സത്യം.

പങ്കാളിത്തസംവിധാനങ്ങള്‍ ഇടവക-ഫൊറോന-രൂപതാ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ത്രിതലപ്രക്രിയ ചില രൂപതകളിലെങ്കിലുമുണ്ട്. അടിസ്ഥാനക്രൈസ്തവസമൂഹങ്ങളില്‍നിന്ന് പ്രതിനിധികളെ ഉള്‍പ്പെടുത്തി ശുശ്രൂഷാസമിതികള്‍ രൂപപ്പെടുത്തുന്ന ഈ പ്രക്രിയ ഫലപ്രദമായി നടപ്പിലാക്കുവാന്‍ നമുക്കു സാധിക്കുന്നുണ്ടോ?

വൈദികനേതൃത്വവും അല്മായ പങ്കാളിത്തവും
ഇന്നും പ്രാദേശികസഭയില്‍ "വൈദികമേധാവിത്വം" വളരെയേറെയുണ്ടെന്നുള്ളതാണ് സത്യം. ഒരു ക്ലെറിക്കല്‍ സഭയാണ് ഇന്നും നമ്മുടേത് എന്നു പറഞ്ഞാല്‍ അതൊരു അതിശയോക്തിയാവില്ല. അല്മായ പങ്കാളിത്തത്തെപ്പറ്റി സെമിനാരി പരിശീലനകാലഘട്ടത്തില്‍ ഒത്തിരിയേറെ പഠനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും പ്രാദേശികരംഗങ്ങളില്‍ യുവവൈദികര്‍ പോലും ഇതിനായി കാര്യമായ ശ്രമങ്ങള്‍ നടത്തുന്നുണ്ടോയെന്ന് ചിന്തിക്കുന്നത് ഉചിതമായിരിക്കും. മാത്രവുമല്ല, സഭയുടെ പൊതുവേദികളില്‍നിന്നുപോലും അല്മായരെ കഴിവതും ഒഴിവാക്കുന്ന പ്രവണത കൂടുകയുമാണ്.

വിദ്യാഭ്യാസ സാമൂഹ്യമേഖല
ആത്മീയ കാര്യങ്ങളില്‍ വൈദികര്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കുകയും വിദ്യാഭ്യാസം സാമൂഹ്യം ആരോഗ്യം തുടങ്ങി ഇതര മേഖലകളില്‍ അല്മായര്‍ക്ക് നേതൃത്വ രംഗത്ത് വരാന്‍ കഴിയുംവിധം സഭാ സംവിധാനങ്ങള്‍ ക്രമീകരിക്കുന്നതില്‍ നാം ഭയപ്പെടുന്നതെന്തിന്? സഭയുടെ പല നിലപാടുകളോടും അല്മായര്‍ക്കു വലിയ ആഭിമുഖ്യമില്ലാതെ പോകുന്നത് അവരുടെ പങ്കാളിത്തം ഈ രംഗങ്ങളില്‍ ഉറപ്പാക്കാത്തതുകൊണ്ടല്ലേ? ഈ തിരിച്ചറിവില്‍നിന്ന് ഒരു മാറ്റത്തിന് തയ്യാറാകുവാന്‍ സഭാനേതൃത്വം മുന്നോട്ടുവരുമെന്നാണ് പ്രതീക്ഷ.

മനുഷ്യവിഭവശേഷിയും അല്മായരും
പ്രബുദ്ധരായ അല്മായരുടെ പങ്കാളിത്തം സഭയില്‍ ഇന്ന് വളരെ പരിമിതമാണ്. ഇടവക രൂപതാ തലങ്ങളില്‍ മനുഷ്യവിഭവനിര്‍ണ്ണയം നടത്തുന്നത് നന്നായിരിക്കും. നമ്മുടെ ഇടവകകളിലെ ഇന്നത്തെ പ്രവര്‍ത്തനശൈലിയെപ്പറ്റിയുള്ള ഒരു പഠനം വെളിപ്പെടുത്തുന്നത് ഏറിയാല്‍ പത്ത് ശതമാനം പേരാണ് സഭാശുശ്രൂഷകളില്‍ സജീവപങ്കാളികളായിരിക്കുന്നത് എന്നാണ്. ഏതാണ്ട് 60 ശതമാനം പേരെ ഞായറാഴ്ച ക്രിസ്ത്യാനികളെന്നു വിശേഷിപ്പിക്കാം. എതാണ്ട് 30 ശതമാനം സഭാജീവിതവുമായി യാതൊരു ബന്ധവുമില്ലാതെയാണ് കഴിയുന്നത്. 40 ശതമാനം വരുന്ന പ്രബുദ്ധരായ അല്മായര്‍ സഭാജീവിതത്തോടു നിസംഗത പുലര്‍ത്തുന്നവരാണ് എന്നാണ് വെളിപ്പെടുന്നത്.

സാമൂഹിക രാഷ്ട്രീയ രംഗത്തെ പങ്കാളിത്തം
ആധുനിക കാലഘട്ടത്തില്‍ നീതിപൂര്‍വ്വകമായ സമൂഹനിര്‍മ്മിതി ഒരു സഭാശുശ്രൂഷയാണ്. രാഷ്ട്രീയം എന്നു പറയുന്നത് കക്ഷിരാഷ്ട്രീയമായി മാത്രം കാണരുത്. കക്ഷിരാഷ്ട്രീയത്തിനതീതമായി രാഷ്ട്രീയ പ്രവര്‍ത്തനത്തെ കാണാനും പ്രശ്നാധിഷ്ഠിത മൂല്യാധിഷ്ഠിത രാഷ്ട്രീയ സമവാക്യങ്ങള്‍ രൂപപ്പെടുത്തിയെടുക്കാനും ഇനിയും സഭയ്ക്ക് കഴിഞ്ഞിട്ടില്ല.

രാഷ്ട്രീയത്തോടുള്ള നിഷേധാത്മക മനോഭാവം വെടിഞ്ഞ് കക്ഷിരാഷ്ട്രീയത്തിനതീതമായി ചിന്തിക്കുന്ന മൂല്യബോധമുള്ള ഒരു പുതിയ അല്മായ യുവതലമുറയെ വാര്‍ത്തെടുക്കാന്‍ നമുക്കു കഴിയണം. കത്തോലിക്കാ യുവജന പ്രസ്ഥാനത്തിന് ഇക്കാര്യത്തില്‍ വലിയൊരു മുന്നേറ്റം നടത്താനാകും.

സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
132 ലാറ്റിന്‍, 31 സീറോ മലബാര്‍, 11 സീറോ മലങ്കര എന്നിങ്ങനെ 3 സഭാവിഭാഗങ്ങളിലായി 174 രൂപതകളാണ് ഇന്ന് ഭാരത കത്തോലിക്കാസഭയിലുള്ളത്. 174 രൂപതകളുടെയും പ്രവര്‍ത്തനങ്ങളുടെ കൂട്ടായ്മയാണ് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ അഥവാ സിബിസിഐ. ഈ 174 രൂപതകളിലായി ഒട്ടേറെ അല്മായ പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. യുവജനങ്ങള്‍ക്കായി ദേശീയതലത്തില്‍ ഐസിവൈഎം എന്ന കോര്‍ഡിനേഷനു മുണ്ട്. യുവജനങ്ങളും വനിതകളും പുരുഷന്മാരുമെല്ലാം ചേര്‍ന്നതാണ് സഭയിലെ അല്മായ സമൂഹം. വിവിധ രൂപതകളിലായി പ്രവര്‍ത്തിക്കുന്ന അഥവാ 3 റീത്തുകളിലായുള്ള അല്മായ പ്രസ്ഥാനങ്ങള്‍ ദേശീയതലത്തില്‍ സഹകരിച്ചും യോജിച്ചുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കുകയാണ് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ ലക്ഷ്യമിടുന്നത്.

വരുംനാളുകളില്‍ വലിയ പ്രതിസന്ധികളെയായിരിക്കും ഭാരതസഭ നേരിടേണ്ടിവരുന്നത്. ഇത് തിരിച്ചറിയണമെങ്കില്‍ ഇന്ത്യയുടെ മാറിക്കൊണ്ടിരിക്കുന്ന സാമൂഹ്യ രാഷ്ട്രീയ മേഖലകളെക്കുറിച്ച് സഭാനേതൃത്വവും വിശ്വാസിസമൂഹവും പഠിക്കണം. എതിര്‍പ്പുകളും ആക്ഷേപ അവഹേളനങ്ങളും നിരന്തരം നേരിടേണ്ടിവരും. സഭയുടെ സേവനശുശ്രൂഷാ മേഖലകളിലേയ്ക്കും ആത്മീയതലങ്ങളിലേയ്ക്കും ഈ എതിര്‍പ്പുകളിന്ന് വ്യാപിക്കുന്നു. ഭരണഘടന വാഗ്ദാനം ചെയ്യുന്ന അവകാശങ്ങളിന്മേലുള്ള നീതിപോലും ഇപ്പോള്‍ നിഷേധിക്കുമ്പോള്‍ നിശബ്ദരായി നോക്കിയിരിക്കാനേ നമുക്കാകുന്നുള്ളൂ. വിഘടിച്ചുനില്‍ക്കുമ്പോള്‍ മൗലിക അവകാശങ്ങള്‍ പോലും റദ്ദ് ചെയ്യുന്നതിന് നാം സാക്ഷികളാകേണ്ടിവരും. ആത്മീയതയെ അട്ടിമറിച്ച് സമ്പത്തും സ്ഥാപനങ്ങളും സഭയില്‍ ഇടംതേടുന്നതിന്‍റെ ഭവിഷ്യത്തുകള്‍ ഭിന്നതകളുടെയും പരസ്പരം പോരടിക്കുന്നതിന്‍റെയും രൂപത്തില്‍ സഭയേയും സഭാമക്കളേയും പൊതുസമൂഹത്തില്‍ അപഹാസ്യപ്പെടുത്തുന്നു. സഭാസംവിധാനങ്ങളില്‍ അല്മായ പങ്കാളിത്തം സജീവമാക്കി ഇതില്‍നിന്നൊരു മാറ്റവും ഉയര്‍ത്തെഴുന്നേല്‍പ്പുമുണ്ടാകുന്നില്ലെങ്കില്‍ ഭാരതസഭയ്ക്ക് കൂടുതല്‍ വെല്ലുവിളികളെ നേരിടേണ്ടിവരും.

റീത്തുകളുടെയും രൂപതകളുടെയും പേരില്‍ വിഘടിച്ചുനില്‍ക്കാതെ ആചാരപാരമ്പര്യ അനുഷ്ഠാനങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ, ഭാരതത്തിലെ കത്തോലിക്ക വിശ്വാസിസമൂഹത്തെ ഒരൊറ്റക്കാഴ്ചപ്പാടില്‍ കോര്‍ത്തിണക്കി ദേശീയതലത്തില്‍ സഭാനേതൃത്വത്തിന് കരുത്തേകി അല്മായ സമൂഹത്തിന്‍റെ ഒരു നവനേതൃത്വനിര പടുത്തുയര്‍ത്തുവാനും സഭയില്‍ പുതിയൊരു അല്മായ മുഖം സൃഷ്ടിക്കുവാനുമുള്ള ശ്രമമാണ് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ ലക്ഷ്യമിടുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org