Latest News
|^| Home -> Cover story -> ഫാ. മരിയന്‍: നാസിതടവറയില്‍നിന്ന് ഇന്ത്യയിലേയ്ക്കും പിന്നെ അള്‍ത്താരയിലേയ്ക്കും

ഫാ. മരിയന്‍: നാസിതടവറയില്‍നിന്ന് ഇന്ത്യയിലേയ്ക്കും പിന്നെ അള്‍ത്താരയിലേയ്ക്കും

ഷിജു ആച്ചാണ്ടി

നാസിതടവറയില്‍നിന്നു വീണ്ടുകിട്ടിയ ആയുസ്സ് ഇന്ത്യയിലെ ആദിവാസികള്‍ക്കും കുഷ്ഠരോഗികള്‍ക്കും വേണ്ടി ചിലവഴിച്ച്, കുഷ്ഠരോഗികള്‍ക്കിടയില്‍ തന്നെ വീണു മരിച്ച്, ഇപ്പോള്‍ അള്‍ത്താരയുടെ മഹത്വത്തിലേയ്ക്കുയരാന്‍ ഊഴം കാക്കുന്ന ഒരു ജീവിതത്തിന്‍റെ കഥയാണ് ഫാ. മരിയന്‍ സെലാസക്കിന്‍റേത്.

സെമിനാരി വിദ്യാര്‍ത്ഥിയായിരിക്കെ 1940 മുതല്‍ അഞ്ചു വര്‍ഷം നാസികളുടെ തടങ്കല്‍പാളയത്തില്‍ കഴിഞ്ഞയാളാണ് അദ്ദേഹം. മരിയനൊപ്പം 26 വൈദികവിദ്യാര്‍ത്ഥികളെയാണു ഹിറ്റ്ലറുടെ പട്ടാളം കുപ്രസിദ്ധമായ ദാകാവ് കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലടച്ചത്. 1945-ല്‍ അമേരിക്കന്‍ സൈന്യം നാസികളെ കീഴ്പ്പെടുത്തി, ഈ തടവറയിലെ തടവുകാരെ മോചിപ്പിക്കുമ്പോഴേയ്ക്കും മരിയനൊപ്പം ഉണ്ടായിരുന്ന 14 വൈദികവിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടിരുന്നു. പട്ടിണിയും കഠിനജോലികളും രോഗങ്ങളും മര്‍ദ്ദനങ്ങളും മൂലം ഇഞ്ചിഞ്ചായുള്ള മരണങ്ങള്‍. കൂടെ വന്നവരുടെ മരണങ്ങള്‍ കണ്ടു നില്‍ക്കുമ്പോള്‍ മരിയനും മറ്റു വൈദികവിദ്യാര്‍ത്ഥികളും ഒരു പ്രതിജ്ഞയെടുത്തു: “ഈ കല്ലറയില്‍നിന്നു ജീവനോടെ പുറത്തു കടക്കാനിടയായാല്‍ മരിച്ചുപോകുന്നവരുടെ ജോലി കൂടി ഞങ്ങള്‍ ചെയ്യും.” അക്ഷരാര്‍ത്ഥത്തില്‍ ഇതു ചെയ്തതിന്‍റെ കഥയാണ് പിന്നീടു ഫാ. മരിയന്‍റെ ജീവിതം.

തടവില്‍നിന്നു മോചിതനായി വൈദികവിദ്യാഭ്യാസം തുടര്‍ന്നു പുരോഹിതനായ ഫാ. മരിയന്‍ സെലാസക് എസ്വിഡി 1950-ല്‍ ഇന്ത്യയിലേയ്ക്കു പുറപ്പെട്ടു. ഒഡിഷയിലെ സാംബല്‍പുര്‍ മിഷനിലാണ് അദ്ദേഹം എത്തിച്ചേര്‍ന്നത്. എന്തുകൊണ്ട് ഇന്ത്യ തിരഞ്ഞെടുത്തു എന്ന ചോദ്യത്തിന് അദ്ദേഹം ഉത്തരമേകിയിട്ടുണ്ട്. “കടലുപോലെ മനുഷ്യരുള്ള രാജ്യം. അതില്‍ സേവനമര്‍ഹിക്കുന്നവര്‍ അനേകം. പിന്നെ, ഗാന്ധിയുടെ നാട്. സവിശേഷവും അസാധാരണവുമായ അഹിംസയെന്ന മാര്‍ഗത്തിലൂടെ തന്‍റെ നാടിന്‍റെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടുന്ന ഗാന്ധിയുടെ ചിത്രം ചെറുപ്പത്തില്‍ എനിക്ക് ആവേശം പകര്‍ന്നിരുന്നു.”

2006-ല്‍ ഫാ. മരിയന്‍ മരിച്ചു, ഒഡിഷയുടെ മണ്ണില്‍ അടക്കപ്പെട്ടു. നീണ്ട 56 വര്‍ഷങ്ങള്‍ അദ്ദേഹം ഇന്ത്യയിലെ തികച്ചും അര്‍ഹിക്കുന്ന മനുഷ്യരെ മാത്രം സേവിച്ചു. ഇപ്പോള്‍ അദ്ദേഹത്തെ ദൈവദാസനായി പ്രഖ്യാപിച്ചു കൊണ്ട്, വിശുദ്ധപദവി നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്. ഫാദര്‍ എന്നു അദ്ദേഹത്തെ ആദരപൂര്‍വം വിളിക്കുന്ന ഒഡിഷയിലെ പാവപ്പെട്ട ആദിവാസികളും കുഷ്ഠരോഗികളും ജീവിച്ചിരിക്കുമ്പോള്‍ തന്നെ അദ്ദേഹത്തെ വിശുദ്ധനായി കണ്ടിരുന്നു. ഒഡിഷയില്‍ ഒതുങ്ങി നിന്നതുകൊണ്ട് പുറംലോകം കാര്യമായി അദ്ദേഹത്തെ അറിഞ്ഞിരുന്നില്ല. 2002-ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിനു നാമനിര്‍ദേശം ചെയ്യപ്പെട്ടപ്പോഴാണ് ലോകം ഫാ. മരിയനെ ശ്രദ്ധിച്ചത്.

1950-ല്‍ ഇന്ത്യയിലെത്തിയ അദ്ദേഹം വടക്കന്‍ ഒഡിഷയിലെ വനപ്രദേശങ്ങളില്‍ അധിവസിച്ചിരുന്ന തീര്‍ത്തും ദരിദ്രരായ ആദിവാസികള്‍ക്കിടയിലാണു കാല്‍ നൂറ്റാണ്ട് സേവനം ചെയ്തത്. സാംബല്‍പുര്‍ മിഷന്‍റെ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി. ആദിവാസിഗ്രാമങ്ങളില്‍ ഇരുന്നൂറോളം വിദ്യാലയങ്ങളാണ് ഈ മിഷന്‍ സ്ഥാപിച്ചത്. സൈക്കിളില്‍ നിരന്തരം യാത്രകള്‍ ചെയ്തുകൊണ്ടാണ് ഈ വിദ്യാലയങ്ങളുടെ വളര്‍ച്ചയ്ക്കുവേണ്ടി ഫാ. മരിയന്‍ യത്നിച്ചത്. മിഷണറിമാര്‍ ചെന്നില്ലായിരുന്നെങ്കില്‍ രണ്ടോ മൂന്നോ തലമുറകള്‍ കഴിഞ്ഞാലും ഈ ആദിവാസിജനതയ്ക്കു വിദ്യാഭ്യാസം ലഭിക്കുമായിരുന്നില്ല. മിഷണറി സാന്നിദ്ധ്യമില്ലാത്ത ഉത്തരേന്ത്യന്‍ ആദിവാസിമേഖലകളുടെ അവസ്ഥ തന്നെയാണ് അതിനു തെളിവ്. എസ്വിഡി സന്യാസസമൂഹത്തിന്‍റെ സാംബല്‍പുര്‍ മിഷന്‍ വന്‍വിജയമായി. മിഷണറിമാരുടെ സ്കൂളുകളില്‍ പഠിച്ച ആദിവാസി വിദ്യാര്‍ത്ഥികളില്‍ നിന്ന് ഡസന്‍ കണക്കിനു സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരും സര്‍ക്കാര്‍ ഉദ്യോസ്ഥരും ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും ഉണ്ടായി. മാത്രമല്ല ധാരാളം ദൈവവിളികളും. ഇന്ന് ഒഡിഷയിലെ സഭയെ നയിക്കുന്നത് ഈ മേഖലയില്‍നിന്നുള്ള ആദിവാസി മെത്രാന്മാരാണ്.

സാംബല്‍പുര്‍ മിഷന്‍ കുറെയൊക്കെ സ്വയംപര്യാപ്തമായി മുന്നേറാന്‍ തുടങ്ങിയ കാലത്താണ് 1975-ല്‍ ഫാ. മരിയന്‍ തന്‍റെ സേവനകേന്ദ്രം പുരിയിലേയ്ക്കു മാറ്റുന്നത്. പ്രശസ്തമായ ക്ഷേത്രനഗരം. സുപ്രസിദ്ധമായ ജഗന്നാഥക്ഷേത്രം സ്ഥിതി ചെയ്യുന്നയിടം. മറ്റു ക്ഷേത്രങ്ങളും. ആയിരകണക്കിനു തീര്‍ത്ഥാടകരെത്തുന്ന നഗരം. അതുകൊണ്ടു തന്നെ യാചകരായും ആയിരങ്ങളെത്തുന്ന നഗരം. കുഷ്ഠരോഗികളും അനേകം. പുരി അക്കാലത്ത് കുഷ്ഠരോഗികളുടെ നഗരമായും അറിയപ്പെട്ടിരുന്നു. കുഷ്ഠരോഗം സമൂഹം പേടിസ്വപ്നമായി കരുതിയിരുന്ന കാലം. കുഷ്ഠരോഗികളെ സമൂഹം ഭ്രഷ്ടു കല്‍പിച്ച് അകറ്റി നിറുത്തിയിരുന്നു. പുരിയിലെ ജനങ്ങളും കുഷ്ഠരോഗികളെ പൊതുസമൂഹത്തില്‍നിന്നു മാറ്റി നിറുത്താന്‍ താത്പര്യപ്പെട്ടു. അതിന്‍റെ ഫലമായി ഒറ്റപ്പെട്ട കോളനികളിലേയ്ക്കു പുരിയിലെ കുഷ്ഠരോഗികള്‍ നീക്കപ്പെട്ടു. ഈ പശ്ചാത്തലത്തിലേയ്ക്കാണ് ഫാ. മരിയന്‍ വരുന്നത്.

കുഷ്ഠരോഗികളുടെ ഇടയില്‍ സേവനം ചെയ്യാന്‍ അദ്ദേഹം തീരുമാനിച്ചു. കോളനിയില്‍ അന്ന് എണ്ണൂറിലധികം രോഗികളുണ്ട്. അവരുടെ കുടുംബാംഗങ്ങള്‍ വേറെ. ഇവര്‍ക്കു സമൂഹത്തില്‍ ഇറങ്ങാനോ ജോലി ചെയ്യാനോ പഠിക്കാനോ അവസരമില്ല. ശരിയായ ചികിത്സ ലഭിക്കുന്നില്ല. കിടക്കാന്‍ പരിതാപകരമായ കുടിലുകള്‍ മാത്രം.

ഫാ. മരിയന്‍ ആദ്യം ചെയ്തത് കുഷ്ഠരോഗികളോടുള്ള സമൂഹത്തിന്‍റെ വെറുപ്പ് മാറ്റുക എന്നതാണ്. രോഗികളെ മനുഷ്യരായി പരിഗണിക്കാന്‍ സമൂഹത്തെ പ്രേരിപ്പിക്കാന്‍ അദ്ദേഹം പല മാര്‍ഗങ്ങള്‍ സ്വീകരിച്ചു. അതില്‍ പ്രധാനമായത് അദ്ദേഹം സ്വയം ഈ രോഗികളെ തികഞ്ഞ ആദരവോടും സ്നേഹത്തോടും പരിഗണിക്കുകയും പരിചരിക്കുകയും ചെയ്തു എന്നതാണ്. രോഗികളെ കൂടെ കൂട്ടാനും പരസ്യമായി അവരെ ആലിംഗനം ചെയ്യാനും മുറിവുകള്‍ വച്ചുകെട്ടാനും ശുശ്രൂഷിക്കാനും അദ്ദേഹം തയ്യാറായി. എനിക്കിതു ചെയ്യാമെങ്കില്‍ പിന്നെ നിങ്ങള്‍ക്കെന്താണ് എന്നു പരോക്ഷമായി സമൂഹത്തോടു ചോദിക്കുന്നതായിരുന്നു അദ്ദേഹത്തിന്‍റെ പ്രവൃത്തികള്‍. ഒരു യൂറോപ്യന്‍ കൂടിയായതിനാല്‍ അദ്ദേഹത്തിന്‍റെ അത്തരം പെരുമാറ്റങ്ങള്‍ക്കു സമൂഹത്തില്‍ സ്വാധീനം ചെലുത്താനായി.

കരുണാലയ ലെപ്രസി കെയര്‍ സെന്‍റര്‍ എന്ന സ്ഥാപനത്തിന് ഫാ. മരിയന്‍ തുടക്കമിട്ടു. തന്‍റെ ജന്മനാടായ പോളണ്ട് ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ നിന്നു ധനസഹായം സ്വീകരിച്ചു. കോളനിയിലെ കുടിലുകളില്‍ കഴിഞ്ഞിരുന്ന എല്ലാ കുഷ്ഠരോഗികളുടെയും കുടുംബങ്ങള്‍ക്ക് ചെറിയ വീടുകള്‍ നിര്‍മ്മിച്ചു കൊടുത്തു. ഇന്നും ആ വീടുകളിലാണ് ആ കുടുംബങ്ങള്‍ താമസിക്കുന്നത്. ഒരു ആശുപത്രി നിര്‍മ്മിച്ചു. 22 പേരെ കിടത്തി ചികിത്സിക്കുന്നതിനു സൗകര്യമുള്ള ആശുപത്രി. നൂറു കണക്കിനാളുകള്‍ ചികിത്സ തേടി പകല്‍ വന്നു പോകുന്നുണ്ട്. പുരിയ്ക്കു പുറത്തു നിന്നടക്കം വരുന്ന കുഷ്ഠരോഗികള്‍ക്കു മരുന്നും ചികിത്സയും പൂര്‍ണ സൗജന്യമായി നല്‍കി. ഇത് ഇന്നും തുടരുന്നുവെന്ന് കരുണാലയയുടെ ഇപ്പോഴത്തെ ഡയറക്ടറായ ഫാ. ബാപ്റ്റിസ്റ്റ് ഡിസൂസ എസ്വിഡി പറഞ്ഞു.

രോഗികള്‍ക്കുള്ള പാദരക്ഷകള്‍ നിര്‍മ്മിക്കുന്നതിനുള്ള ചെറിയ യൂണിറ്റ് ഇവിടെ ആരംഭിച്ചു. ഇവിടെ കഴിയുന്ന രോഗികള്‍ക്കും പുറമെ നിന്നുള്ളവര്‍ക്കും ഇവിടെ നിര്‍മ്മിക്കുന്ന ചെരിപ്പുകള്‍ നല്‍കുന്നു. ഇതില്‍ ജോലി ചെയ്യുന്നതും രോഗികള്‍ തന്നെ. ഈ യൂണിറ്റ് ഇന്നും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

മേഴ്സി കിച്ചന്‍ എന്ന പേരില്‍ ആഹാരം തയ്യാറാക്കി വിതരണം ചെയ്യുന്ന ശാലയാണ് കരുണാലയയുടെ മറ്റൊരു സ്ഥാപനം. സൗജന്യമായാണ് ഇവിടെ നിന്നു ഭക്ഷണവിതരണം. കുഷ്ഠരോഗം മൂലം കൈകാലുകള്‍ നഷ്ടമായവരും സ്വന്തമായി പാചകം ചെയ്യാന്‍ കഴിയാത്തവരുമായ കുറെ പേര്‍ വീടുകളില്‍ കഴിയുന്നുണ്ട്. പലര്‍ക്കും ബന്ധുക്കളുണ്ടാകില്ല. അവര്‍ക്ക് ഇവിടെ നിന്ന് ആഹാരം നല്‍കുന്നു. കിച്ചനിലേയ്ക്കു നടന്നു വരാന്‍ കഴിയാത്തവര്‍ക്ക് താമസസ്ഥലത്തു കൊണ്ടു ചെന്നു കൊടുക്കുന്നു. മേഴ്സി കിച്ചനും ഇന്നും പ്രവര്‍ത്തനം തുടരുന്നുണ്ട്.

പുരിയില്‍ ഫാ. മരിയന്‍ കെട്ടിപ്പടുത്ത ഏറ്റവും ശ്രദ്ധേയമായ ഒരു സ്ഥാപനം ബിയാട്രിക്സ് സ്കൂള്‍ ആണ്. കോളനിയിലെ കുട്ടികളെ പൊതുവിദ്യാലയങ്ങള്‍ ചേര്‍ക്കുമായിരുന്നില്ല. അവരുടെ കൂടെ പഠിക്കാന്‍ രോഗികളുടേതല്ലാത്ത വീടുകളില്‍നിന്നു കുട്ടികളെ അയയ്ക്കില്ല. അതുകൊണ്ട് കോളനിയുടെ അനന്തരതലമുറയ്ക്കു വിദ്യാഭ്യാസം ചെയ്യാനാകാത്ത സ്ഥിതി. ഫാ. മരിയന്‍റെ ആഗ്രഹമാണെങ്കില്‍ രോഗികളെയും അല്ലാത്തവരേയും വേര്‍തിരിച്ചു കാണുന്ന ഒരു സ്ഥിതി മാറ്റുക എന്നതാണ്. പക്ഷേ വിദ്യാലയങ്ങള്‍ സഹകരിക്കാത്ത സാഹചര്യത്തില്‍ എന്തു ചെയ്യും? അദ്ദേഹം വിദേശത്തു നിന്നുള്ള വിശ്വാസികളുടെ ധനസഹായത്തോടെ ഒരു സ്കൂള്‍ തുടങ്ങി. കോളനിയില്‍ നിന്നുള്ള കുട്ടികളെ ചേര്‍ത്തു.

വിദ്യാഭ്യാസരംഗത്തു പതിറ്റാണ്ടുകളുടെ മുന്‍പരിചയമുള്ളയാളാണു ഫാ. മരിയന്‍. സ്കൂള്‍ പെട്ടെന്നു വളര്‍ന്നു. നല്ല നിലവാരമാര്‍ജിച്ചു. ഫലം, സ്കൂളില്‍ പഠിക്കാന്‍ അവസരം ചോദിച്ചു പുരിയുടെ മറ്റു ഭാഗങ്ങളില്‍നിന്നു രോഗികളല്ലാത്തവരും മക്കളെയും കൊണ്ടു വന്നു. ഫാ. മരിയന്‍ കാത്തിരുന്നതും അതു തന്നെ. കോളനിയിലെ കുട്ടികള്‍ മറ്റു കുട്ടികളോടൊപ്പം പഠിക്കുക, പൊതുസമൂഹത്തില്‍ അവരെ സ്വീകാര്യരാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്‍റെ ആത്യന്തികലക്ഷ്യം. പുറമെ നിന്നുള്ളവര്‍ക്ക് അദ്ദേഹം സന്തോഷപൂര്‍വം പ്രവേശനം കൊടുത്തു. ഇന്നു ‘ഫാദറിന്‍റെ സ്കൂള്‍’ എന്നു നാട്ടുകാര്‍ വിളിക്കുന്ന ബിയാട്രിക്സ് സ്കൂള്‍ പുരിയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായി അറിയപ്പെടുന്നു. കോളനിയില്‍ നിന്നുള്ള എല്ലാ കുട്ടികളും അവിടെ പഠിക്കുന്നു. അവരോടൊപ്പം മറ്റുള്ളവരുടെയും. ഏതാനും പതിറ്റാണ്ടുകള്‍ക്കു മുമ്പ് സ്വപ്നത്തില്‍ പോലും ചിന്തിക്കാന്‍ കഴിയാതിരുന്ന കാര്യം. ഇതു രോഗികളുടെ അനന്തരതലമുറകളുടെ ഭാഗധേയം മാറ്റിയെഴുതുന്നു.

കരുണാലയ കോളനിയുടെ ഭൗതികസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും ഫാ. മരിയന്‍ വലിയ ശ്രദ്ധ കൊടുത്തു. കോളനിവാസികള്‍ക്ക് ആരാധനയ്ക്കുള്ള ഹൈന്ദവക്ഷേത്രമടക്കം അദ്ദേഹമാണ് നിര്‍മ്മിച്ചു കൊടുത്തത്. 1975-ല്‍ പുരിയിലേയ്ക്കു വന്ന സമയത്ത് തന്നെ സംശയദൃഷ്ടിയോടെയാണു പുരി വാസികള്‍ കണ്ടതെന്നു അദ്ദേഹം എഴുതിയിട്ടുണ്ട്. “ഞാന്‍ ഈ പാവപ്പെട്ട കുഷ്ഠരോഗികളെ മതം മാറ്റാന്‍ വന്നതാണെന്ന് അവര്‍ കരുതി,” അദ്ദേഹമോര്‍ത്തു. അക്കാര്യത്തില്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. ഈ കോളനിയിലെ കുടുംബങ്ങളുടെ കാണപ്പെട്ട ദൈവമായി ആദരിക്കപ്പെടുകയും അനന്തമായ സ്വാധീനം കോളനിവാസികളുടെ മേല്‍ അനുഭവിക്കുകയും ചെയ്തുവെങ്കിലും മരിക്കുന്നതുവരെ ഇവിടെ ചിലവഴിച്ച 31 വര്‍ഷങ്ങള്‍ക്കിടെ ഒരു കോളനിവാസിക്കു പോലും അദ്ദേഹം ജ്ഞാനസ്നാനം നല്‍കിയില്ല. അതു ബോധപൂര്‍വ്വകമായിരുന്നു. മാത്രവുമല്ല കോളനിക്കാര്‍ക്കു വേണ്ടി ഒരു ക്ഷേത്രം നിര്‍മ്മിച്ചു നല്‍കുകയും ചെയ്തു. ആ ക്ഷേത്രത്തില്‍ നടക്കുന്ന ആഘോഷങ്ങളില്‍ എപ്പോഴും അദ്ദേഹം പങ്കെടുക്കുകയും ചെയ്യുമായിരുന്നു.

പുരിയില്‍ താമസിക്കുമ്പോഴും വിപുലമായ സൗഹൃദബന്ധങ്ങള്‍ ആഗോളതലത്തില്‍ അദ്ദേഹം നിലനിറുത്തിയിരുന്നു. മാതൃഭാഷയ്ക്കു പുറമെ ജര്‍മ്മനും ഇറ്റാലിയനും ഫ്രഞ്ചും സ്പാനിഷും ഹിന്ദിയും ഒറിയയും ആദിവാസിഭാഷയായ സാദിരിയും ഒക്കെ അദ്ദേഹം സംസാരിക്കുമായിരുന്നു. കുഷ്ഠരോഗികളിലേയ്ക്ക് അന്താരാഷ്ട്രസഹായങ്ങളെത്തിക്കുവാന്‍ ഈ കഴിവും ബന്ധങ്ങളും അദ്ദേഹം നിരന്തരം ഉപയോഗിച്ചുകൊണ്ടിരുന്നു.

2002-ലും 2003-ലും അദ്ദേഹത്തെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിനു നാമനിര്‍ദേശം ചെയ്തു. തന്നെ പോലുള്ള മിഷണറിമാരുടെ സേവനങ്ങളിലേയ്ക്കു ലോകം ശ്രദ്ധ തിരിക്കുന്നതിലുള്ള സന്തോഷം മാത്രമാണ് അതിലദ്ദേഹം പ്രകടിപ്പിച്ചത്. 1918 ജനുവരി 30 നു പോളണ്ടില്‍ ജനിച്ച അദ്ദേഹം 2006 ഏപ്രില്‍ 30 നു പുരിയിലെ കരുണാലയ കോളനിയിലെ വഴികളിലൂടെ തന്‍റെ പ്രിയപ്പെട്ടവരുടെ ക്ഷേമമാരാഞ്ഞു നീങ്ങുമ്പോഴാണ് ജീവന്‍ വെടിഞ്ഞത്. തന്‍റെ കര്‍മ്മരംഗത്തു താന്‍ ജീവിതമര്‍പ്പിച്ചു സേവിച്ചവരുടെ മദ്ധ്യത്തില്‍ വച്ച് അദ്ദേഹം ജീവിതത്തോടു വിട പറഞ്ഞു.

കോളനിവാസികള്‍ ഇന്നും അദ്ദേഹത്തെ സ്നേഹാദരങ്ങളോടെ ഓര്‍ക്കുന്നു. ദൈവവചനമിഷണറിസഭയിലെ വൈദികര്‍ ഫാ. മരിയന്‍റെ സേവനങ്ങള്‍ തുടരുന്നു. കോളനിയില്‍ രോഗീകുടുംബങ്ങളിലെ അംഗസംഖ്യം വളരുന്നതിനനുസരിച്ച് ഇപ്പോഴും പുതിയ വീടുകള്‍ ഈ വൈദികരുടെ നേതൃത്വത്തില്‍ പണി തീര്‍ന്നുകൊണ്ടിരിക്കുന്നു. ഫാമും പാദരക്ഷാഫാക്ടറിയും ആശുപത്രിയും ബിയാട്രിക്സ് സ്കൂളും എല്ലാം മുന്നോട്ടു പോകുന്നു. സുമനസ്സുകളുടെ സഹായത്തോടെയാണ് ഇതെല്ലാം നടത്തുന്നതെന്ന് ഫാ. മരിയന്‍ സ്ഥാപിച്ച ഈശോപാന്തി ആശ്രമത്തിലെ അംഗമായ ഫാ. പോള്‍ മൊറേസ് എസ്വിഡി പറഞ്ഞു. ആളുകള്‍ക്കു ധ്യാനിക്കുന്നതിനും പ്രാര്‍ത്ഥിക്കുന്നതിനും പരിശീലനപരിപാടികള്‍ സംഘടിപ്പിക്കുന്നതി നും മറ്റുമായി ഫാ. മരിയന്‍റെ നേതൃത്വത്തില്‍ സ്ഥാപിതമായതാണ് ഈശോപാന്തി ആശ്രമം. പുരിയിലെ ഇടവകദേവാലയവും ഫാ. മരിയന്‍ തന്നെ നിര്‍മ്മിച്ചതാണ്. കുഷ്ഠരോഗികള്‍ക്കുള്ള സേവനങ്ങള്‍ക്കു പുറമെ അദ്ദേഹം പുരിയിലെ സഭയ്ക്കു ചെയ്ത രണ്ടു പ്രധാന സംഭാവനകള്‍ ഇവയാണ്.

ഫാ. മരിയന്‍റെ മരണശേഷം ഒരു മ്യൂസിയം എസ്വിഡി മിഷണറിമാര്‍ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. അദ്ദേഹം താമസിച്ചിരുന്ന ചെറിയ കെട്ടിടവും ബലിയര്‍പ്പിച്ചിരുന്ന ചെറിയ ചാപ്പലും സ്ഥിതി ചെയ്യുന്നിടത്താണിത്. ഫാ. മരിയന്‍റെ ജീവിതത്തിലേയ്ക്കു വെളിച്ചം വീശുന്നതാണു മ്യൂസിയം. ഇവിടെ അദ്ദേഹത്തിന്‍റെ കബറിടവും സ്ഥിതി ചെയ്യുന്നു.

കഴിഞ്ഞ വര്‍ഷം ഫാ. മരിയന്‍റെ ജന്മശതാബ്ദിയായിരുന്നു. അതോടനുബന്ധിച്ച് അദ്ദേഹത്തെ ദൈവദാസനായി പ്രഖ്യാപിക്കുകയും വിശുദ്ധപദവി നല്‍കുന്നതിനു മുന്നോടിയായ നടപടികള്‍ക്കു തുടക്കമിടുകയും ചെയ്തിട്ടുണ്ട്. മലയാളിയായ ഫാ. കുര്യന്‍ താഴത്തുവീട്ടില്‍ എസ്വിഡി ആണ് പോസ്റ്റുലേറ്റര്‍ ആയി പ്രവര്‍ത്തിക്കുന്നത്. ദേശത്തും വിദേശത്തും നിന്ന് ഫാ. മരിയന്‍റെ ജീവിതത്തെ കുറിച്ചുള്ള രേഖകളും മറ്റു വിവരങ്ങളും അന്വേഷിക്കുകയും സമാഹരിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ് ഇപ്പോഴെന്ന് ഫാ. കുര്യന്‍ അറിയിച്ചു. പോളണ്ടില്‍ നിന്നെത്തി അരനൂറ്റാണ്ടിലേറെക്കാലം ഇന്ത്യയിലെ ഏറ്റവും നിസ്വരായ മനുഷ്യര്‍ക്കു വേണ്ടി ജീവിച്ച്, ഇവിടെ എരിഞ്ഞടങ്ങിയ കര്‍മ്മനിരതവും സ്നേഹസാന്ദ്രവുമായിരുന്ന ഒരു ജീവിതത്തിന്‍റെ നീക്കിബാക്കികള്‍ ഇനിയും അനേകം തലമുറകള്‍ക്കു പ്രചോദനം പകരുമെന്നതില്‍ തര്‍ക്കമില്ല.

Comments

One thought on “ഫാ. മരിയന്‍: നാസിതടവറയില്‍നിന്ന് ഇന്ത്യയിലേയ്ക്കും പിന്നെ അള്‍ത്താരയിലേയ്ക്കും”

  1. Fr. Tomi George SVD says:

    I am happy to read the life history of Servant of God Fr. Marian in Satyadeepam.

Leave a Comment

*
*