ഹർത്താലുകൾ അഴിഞ്ഞാടുമ്പോൾ

ഹർത്താലുകൾ അഴിഞ്ഞാടുമ്പോൾ

ടോം ജോസ് തഴുവംകുന്ന്

ഡിജിറ്റല്‍യുഗം അത്ഭുതങ്ങള്‍ രചിക്കുന്ന തിരക്കിലാണിന്ന്! ഈ അത്ഭുതങ്ങളുടെ പിന്നാലെ മനുഷ്യര്‍ പരക്കം പായുകയാണ്. ഗൃഹോപകരണങ്ങളും കമ്പ്യൂട്ടറും മൊബൈല്‍ ഫോണും തുടങ്ങി നിസ്സാരമായ ടൂത്ത് ബ്രഷ് പോലും അനുദിനം മാറിക്കൊണ്ടിരിക്കുന്നു; അഥവാ ബിസിനസ്സ് വിജയത്തിനായി മാറ്റിക്കൊണ്ടിരിക്കുന്നുവെന്നും പറയാം. ഓരോ ഉപകരണങ്ങളും മാറ്റത്തിനു വിധേയമാകുന്നു; കുറവുകളെന്നു വിചാരിക്കുന്നതിനെ തിരുത്തി പരിഹരിച്ച് ആകര്‍ഷണീയമാക്കുന്നു. വിപണികള്‍ പുതുമ തേടുന്നു; അക്കാരണത്താല്‍ തന്നെ സജീവവുമാകുന്നു.

ഇതുപോലെതന്നെയാണു മനുഷ്യന്‍റെ കാര്യവും. വ്യക്തിയും സമൂഹവും രാജ്യവും എന്നും നന്മയില്‍ നവീകരിക്കപ്പെടേണ്ടതാണ്. നവീകരണമില്ലാത്ത ജനതയ്ക്കു നിലനില്പ് അസാദ്ധ്യമാണെന്നു സാരം. ഒറ്റയ്ക്കു ചിന്തിക്കാം പക്ഷേ, ഒന്നിച്ചിരുന്നു ചര്‍ച്ച ചെയ്യാനും ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കാനുമാകണം. നമ്മുടെ സമൂഹം ഇന്നു പ്രശ്നകലുഷിതമാണ്. "ഐകമത്യം മഹാബലം" എന്നു പഠിച്ചിരുന്നിടത്തുനിന്നും ഭിന്നിപ്പിച്ചു നേട്ടങ്ങള്‍ കൊയ്യാന്‍ പെടാപ്പാടു പെടുന്ന 'കൂര്‍മ്മബുദ്ധികള്‍' പച്ചപിടിക്കുന്ന കാലമാണിന്ന്. പണിമുടക്കും ഹര്‍ത്താലും പരസ്പരം പോരടിക്കലും സ്ഥിരം കാഴ്ചയാകുന്ന നമ്മുടെ നാട് പിന്നോട്ടു സഞ്ചരിക്കുന്നുവെന്നു പറയുന്നതാകും ശരി! തെറ്റുകള്‍ തിരുത്തി എന്നും നവീനമാക്കുന്ന ശൈലിയാണു ജനാധിപത്യത്തില്‍ നടക്കേണ്ടത്.

ഹര്‍ത്താലുകള്‍കൊണ്ടു ജനം പൊറുതിമുട്ടുമ്പോഴും ജനാധിപത്യം എന്ന വാക്ക് മുഴങ്ങി കേള്‍ക്കുന്നു. ജനമനസ്സു വായിച്ചിരുന്നെങ്കില്‍ ഹര്‍ത്താല്‍ ഉണ്ടാകുമായിരുന്നോ? പൊതുജനത്തെ തടവിലാക്കുന്ന ഈ ക്രൂരത നമുക്കു മാറ്റണ്ടേ? വിപണിയുടെ മത്സരക്കളം സജീവമാക്കാന്‍ യത്നിക്കുന്ന 'സാങ്കേതിക തലച്ചോര്‍' നമ്മുടെ സമൂഹജീവിതത്തില്‍ ഉണരാത്തത് എന്ത്? തെറ്റു തിരുത്തി കൂടുതല്‍ ജനോപകാരപ്രദ രാഷ്ട്രീയം പ്രായോഗികമാക്കാന്‍ കഴിയാത്തത് എന്ത്? ഭരണപക്ഷവും പ്രതിപക്ഷവും ഇതര പക്ഷങ്ങളും ജനക്ഷേമത്തിന്‍റെ പ്രകടനപത്രികകള്‍ മത്സരിച്ചു പുറത്തിറക്കുമ്പോഴും വിഭാഗീയത മുതലെടുക്കുന്ന തന്ത്രരാഷ്ട്രീയം മാറാത്തതെന്ത്? അധികാരം നിലനിര്‍ത്താന്‍ എന്തു വിദ്യയും പ്രായോഗികമാക്കുന്ന ആശയനിറംമാറ്റം ജനാധിപത്യത്തെ വികൃതമാക്കുന്നില്ലേ? എന്തിന് ഈ തെരുവുയുദ്ധങ്ങള്‍? പൊതുമുതലിനു നേരെ കല്ലെറിയുന്നതു മലര്‍ന്നു കിടന്നു തുപ്പുന്നതുപോലെയല്ലേ?

ഹര്‍ത്താല്‍കൊണ്ടു എന്താണ് നേട്ടമെന്നു രാഷ്ട്രീയക്കാര്‍ പറയാത്തത് എന്ത്? അധികാരകേന്ദ്രങ്ങളോ രാഷ്ട്രീയപ്രസ്ഥാനങ്ങളോ കോടതിയോ ചെയ്തുവയ്ക്കുന്ന അനുകൂലമല്ലാത്ത നടപടിക്രമങ്ങളോടു പ്രതികരിക്കുന്നതു തെരുവില്‍ പരസ്പരം പടവെട്ടിയും അഴിഞ്ഞാടിയുമാണോ? അധികാരകേന്ദ്രങ്ങളുമായി നേരിട്ടു മുഖാമുഖം ചര്‍ച്ച ചെയ്തു തിരുത്തിയെടുക്കേണ്ടിടത്തു പൊതുജനത്തെ ദ്രോഹിക്കുകയാണോ വേണ്ടത്? രാജ്യത്ത് തൊഴിലില്ലെന്നും കൃഷി ആദായകരമല്ലെന്നും വികസനം മുരടിക്കുന്നെന്നും ഘോരഘോരം പ്രസംഗിക്കുന്ന രാഷ്ട്രീയക്കാര്‍ നമ്മുടെ യുവാക്കളെ പ്രകോപിപ്പിച്ചു തെരുവിലേക്കിറക്കി വിടുകയാണോ വേണ്ടത്? യുവാക്കളുടെ കര്‍മശേഷിയെ വ്യക്തിത്വ വികാസത്തിലൂടെ രാജ്യപുരോഗതിക്കായി പ്രയോജനപ്പെടുത്തേണ്ടതല്ലേ? പെട്രോളിനു തീ കൊളുത്താന്‍ വിവേകമോ വിജ്ഞാനമോ കൂട്ടായ്മയോ ഭരണപ്രാവീണ്യമോ സാമ്പത്തിക മേല്ക്കോയ്മയോ ഒന്നും വേണ്ട. എന്നാല്‍ പെട്രോളെന്ന വലിയ ഇന്ധനത്തെ ചലനാത്മകവും വിജയപൂരിതവുമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അടിസ്ഥാന എനര്‍ജിയാക്കി മാറ്റണമെങ്കില്‍ തികഞ്ഞ പക്വതയും വിവേകവും കാര്യശേഷിയും പ്രവര്‍ത്തനമികവും ലക്ഷ്യബോധവും സര്‍വോപരി മാന്യതയും ഉണ്ടാകണം. യുവാക്കളുടെ തിളയ്ക്കുന്ന യുവത്വത്തെ തച്ചുടയ്ക്കാനും തകിടം മറിക്കാനും നശിപ്പിക്കാനുമല്ല സൗഹാര്‍ദ്ദതയുടെ അന്തരീക്ഷത്തില്‍ സമൂഹത്തെ പടുത്തുയര്‍ത്താനാണു പ്രചോദിപ്പിക്കേണ്ടതെന്നു മറക്കാതിരിക്കുക!

രാജ്യം സ്വാതന്ത്ര്യം പ്രാപിച്ചിട്ട് എഴുപതിലേറെ വര്‍ഷമായിട്ടും (തല നരച്ചിട്ടും) പക്വതയുടെ വിജയ പൂര്‍ണത കൈവരിച്ചിട്ടുണ്ടോ? ഇന്നും സമൂഹത്തിനിടയിലെ കുറവുകള്‍ ആഘോഷമാക്കി തിരഞ്ഞെടുപ്പിനെ നേരിടാന്‍ വെമ്പുകയാണ്. മനുഷ്യരുടെ ഇല്ലായ്കവല്ലായ്കകളെ നിലനിര്‍ത്തിക്കൊണ്ടുതന്നെ ഇന്നു ശരിയാക്കാം നാളെ ശരിയാക്കാം മറ്റെന്നാള്‍ ശരിയാക്കാം… എന്നു പറഞ്ഞ് ആശ കൊടുത്തു സാധാരണക്കാരെ ജനാധിപത്യഭരണസംവിധാനത്തിനു പിന്നാലെ നടത്തുന്ന സിദ്ധാന്തം ഇന്നും തുടരുകയാണ്. ഒട്ടകത്തെ നടത്തിക്കുവാന്‍ ഒട്ടകത്തിന്‍റെ തലയ്ക്കു മുന്നില്‍ ഒട്ടകത്തിനു കാണുവാന്‍ തക്കവിധം ക്യാരറ്റ് കെട്ടിയുറപ്പിക്കുന്നതുപോലെയാണ്. ഇപ്പോള്‍ തിന്നാമെന്ന വിചാരത്തോടെ ഒട്ടകം നില്ക്കാതെ നടത്തം തുടരുമ്പോഴും ക്യാരറ്റ് തിന്നാനാകുന്നില്ലെന്ന യാഥാര്‍ത്ഥ്യം അവശേഷിക്കുന്നു.

ഇന്നും വികസ്വരരാഷ്ട്രമെന്നും മൂന്നാം ലോകരാഷ്ട്രത്തിലെ അംഗമെന്നുമൊക്കെ പറഞ്ഞു ഭാരതം മുന്നേറുമ്പോഴും ഒരു സ്വാശ്രയഭാരതമെന്ന സ്വന്തം കാലില്‍ നില്പ് സാദ്ധ്യമാകുന്നുണ്ടോ? എന്‍റെ ജീവിതമാണ് എന്‍റെ സന്ദേശമെന്നു പറഞ്ഞ മഹാത്മജിയെ ആദരിക്കുന്ന ജീവിതസന്ദേശമുള്ളവരായിട്ടെങ്കിലും ഭാരതത്തില്‍ എത്ര പേരുണ്ട്? അഴിമതിയും സ്വജനപക്ഷപാതവും കൈക്കൂലിയും തട്ടിപ്പും വെട്ടിപ്പുമൊക്കെ സാധാരണമാകുന്നു. പ്രവര്‍ത്തനങ്ങളിലെ സത്യസന്ധതയില്ലായ്മയും സ്വാര്‍ത്ഥമോഹങ്ങളും പൊതുവികസനത്തിനു തുരങ്കം വയ്ക്കുന്നു. കെഎസ്ആര്‍ടിസിയില്‍ ശമ്പളം മുടങ്ങിയാലും കുറഞ്ഞാലും വൈകിയാലും പിരിച്ചുവിട്ടാലും നാം സമരത്തിലാകും, എന്നാല്‍ ഹര്‍ത്താല്‍ വന്നാല്‍ കല്ലെറിയാനുള്ളതു കെഎസ്ആര്‍ടിസിയാണ്. ലാഭമോ നഷ്ടമോ പ്രശ്നമാക്കാതെ ജോലിക്കാര്‍ ട്രിപ്പുകള്‍ ഓടിച്ചുതീര്‍ത്തു കടമ തീര്‍ക്കും; അത്രതന്നെ. ഇത് എന്‍റേതാണ്, എനിക്കു അന്നം തരുന്നത് ഈ 'ആനവണ്ടി'യുടെ ഓട്ടത്തിലെ ആദായത്തില്‍ നിന്നുമാണ്, നഷ്ടം എന്‍റേതുംകൂടിയാണ് എന്ന് ഇവിടെയാരും ചിന്തിക്കാറേയില്ലല്ലോ? പ്രസംഗത്തിനുവേണ്ടി 'പൊതു'വും നേട്ടത്തിനുവേണ്ടി 'സ്വകാര്യ'വും പച്ചപിടിക്കുന്ന നമ്മുടെ നാട്ടിലെ ഹര്‍ത്താല്‍ ഒരു വിപത്തുതന്നെയെന്നു തിരിച്ചറിഞ്ഞു തിരുത്തിയില്ലെങ്കില്‍ നാട്ടിലെ പ്രസ്ഥാനങ്ങളെല്ലാം പൂട്ടും. പഠനരംഗം ലക്ഷ്യബോധമില്ലാതാകും. നാളെയുടെ മക്കളെല്ലാം 'വീടു പൂട്ടി' അന്യദേശത്തേയ്ക്കു പഠനത്തിനെന്നും ജോലിക്കെന്നുമൊക്കെ പറഞ്ഞു പറന്നുപോകും. സ്വതന്ത്ര ഭാരതവും സ്വാശ്രയഭാരതവും വികസിത ഭാരതവും ഹര്‍ത്താലിലും പണിമുടക്കിലും ഒതുങ്ങും!

സമസ്ത മേഖലയിലും യന്ത്രങ്ങള്‍ കടന്നുവന്നുവെന്നു നാം അ ഭിമാനിക്കുമ്പോഴും കര്‍മ്മമേഖലയിലെ മനുഷ്യവിഭവശേഷി തുലോം ഇല്ലാതായെന്നു പറയേണ്ടിയിരിക്കുന്നു. മുടക്കുമുതല്‍ കൂടുകയും വരവു കുറയുകയും ചെയ്തിരിക്കുന്ന കാര്‍ഷികമേഖലയെ ഉണര്‍ത്തേണ്ടത് അഭ്യസ്തവിദ്യരായ യുവതയാണ്. നാളെയുടെ പ്രതീക്ഷ അവരിലാണെന്നിരിക്കെ യുവതയുടെ പ്രവര്‍ത്തനമികവ് രാഷ്ട്രീയക്കളികളില്‍ തളച്ചിടരുത്. ഒറ്റക്കെട്ടാകേണ്ട യുവാക്കള്‍ പരസ്പരം ചേരിതിരിഞ്ഞ് കല്ലെറിയുന്നതും ആക്രോശിക്കുന്നതും കാണുമ്പോള്‍ നാടു കേഴുകയാണ്. വെളളപ്പൊക്കവും വേനലുമൊക്കെ വരുമ്പോള്‍ മാത്രമല്ല എല്ലാ സാഹചര്യങ്ങളിലും 'ഒന്നാണു നമ്മള്‍' എന്നു തിരിച്ചറിഞ്ഞു വര്‍ത്തിക്കണം.

എന്തിനു തെരുവില്‍ അഴിഞ്ഞാടണം? യുവതയുടെ പ്രശ്നങ്ങള്‍ക്കായി തെരുവിലിറങ്ങുന്നവരുടെ പ്രവര്‍ത്തനമികവു പുരോഗതിയുടെ രാഷ്ട്രനിര്‍മിതിയുടെ വഴിയിലാകട്ടെ. നിയമംമൂലം നിയന്ത്രിക്കേണ്ടതാണു ഹര്‍ത്താലുകള്‍. കാരണം ഹര്‍ത്താലെന്നതു വ്യക്തിയുടെയോ സമൂഹത്തിന്‍റെയോ രാജ്യത്തിന്‍റെയോ നന്മയിലൂന്നിയ സംഭവമല്ല; ലക്ഷ്യബോധമുള്ളതുമല്ല. പേടിപ്പെടുത്തുന്നതും രാജ്യപുരോഗതിയെ പിന്നോട്ടടിക്കുന്നതുമാണു ഹര്‍ത്താല്‍. അലസന്‍റെ മനസ്സ് സാത്താന്‍റെ ആയുധപ്പുരയാണെന്നു പറയാം. അല്ലെങ്കില്‍ ഒഴുക്കില്ലാത്ത ജലത്തില്‍ അഴുക്ക് അടിഞ്ഞുകൂടുന്ന അവസ്ഥപോലെയാണ്. എപ്പോഴും സുപരിചിതമായ കര്‍മവഴികള്‍ ഉണ്ടാകണം. സദാ കര്‍മനിരതമാകുമ്പോള്‍ മറ്റുള്ളവരെ ദ്വേഷിക്കാനല്ല സഹായിക്കാനും സ്നേഹിക്കാനുമേ കഴിയൂ!! ഡീസന്‍റ് ഭാരതത്തിനായി പ്രയത്നിക്കാനുമാകും!

ദൈവം എല്ലാ പക്ഷികള്‍ക്കും ഭക്ഷണം നല്കുന്നു. എന്നാല്‍ അവിടുന്ന് ഒന്നിന്‍റെയും കൂട്ടില്‍ ഭക്ഷണം കൊണ്ടുപോയി വയ്ക്കാറില്ലെന്നുള്ള യാഥാര്‍ത്ഥ്യം ഹര്‍ത്താലുകാര്‍ അറിയുന്നതു നന്നായിരിക്കും. സ്വസ്ഥമായും സ്വൈര്യമായും നമുക്കു ജീവിക്കാനാകണം. ഒപ്പം മറ്റുള്ളവര്‍ക്കും സ്വസ്ഥതയും സ്വൈര്യവും നല്കുകയും വേണം. പ്രയത്നിക്കാതെ നാം വളരില്ല; രാജ്യവും വളരില്ല. വിമാനത്താവളങ്ങളോ ചിലയിടങ്ങളിലെ പച്ചപ്പരവതാനിയോ പച്ചച്ചെടിയോ ഒന്നുമല്ല വികസനം. 152 മീറ്റര്‍ ഉയരമുള്ള ഏകതാപ്രതിമയുടെ കാഴ്ചയുടെ സീമകളില്‍ എവിടെയെങ്കിലും ഐക്യമുണ്ടോ? ദാരിദ്ര്യത്തിന്‍റെ ചേറ്റുകുഴികള്‍ ദരിദ്രരേഖയാല്‍ റേഷന്‍കാര്‍ഡുകളുടെ നിറം വ്യത്യസ്തമാക്കുമ്പോഴും ഡിജിറ്റല്‍ ഇന്ത്യയുടെ മാഹാത്മ്യം പ്രസംഗിച്ചു കേമത്തം നടിക്കും. പണിയെടുക്കാത്തിടത്തോളം കാലം ദാരിദ്ര്യം മാറില്ല. പണിയെടുക്കാനുള്ള അവസരങ്ങളെ തകിടം മറിച്ചു കൊടി നാട്ടുന്ന രാഷ്ട്രീയത്തിനും ചിന്തിക്കാനേറെയാണിന്നും.

പട്ടിണികൊണ്ടു മരിച്ചവരും പാര്‍പ്പിടമില്ലാതെ ജീവിക്കുന്നവരും മരുന്നില്ലാതെ രോഗത്തോടു പടവെട്ടുന്നവരും പഠിച്ചിട്ടും നാട്ടില്‍ തൊഴിലില്ലാതെ അലയുന്നവരും ഈ ഹര്‍ത്താലിന്‍റെ നാളുകളിലും ഈ നാട്ടിലുണ്ടെന്നതു യാഥാര്‍ത്ഥ്യമല്ലേ? ആദര്‍ശങ്ങള്‍ പടവെട്ടി മരിക്കാനുളളതല്ല. മറിച്ചു പടിവച്ച് ഉയരാനുള്ളതാണ്. മാധ്യമങ്ങളിലൂടെയും നവമാധ്യമങ്ങളിലൂടെയും രാഷ്ട്രീയവേദികളിലൂടെയും ആശയസംവാദം നടത്താതെ നിയമസഭയിലും ഇതര ത്രിതല ഭരണസംവിധാനങ്ങളിലുമിരുന്നു മുഖാമുഖം നമ്മുടെ നാടിന്‍റെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യൂ. എന്തു കാരണത്തിനും ഇനി ബന്ദ് വേണ്ട, ഹര്‍ത്താലും വേണ്ട, പണിമുടക്കും വേണ്ട. പണിമുടക്കില്ലാത്ത ഭാരതം വിജയിക്കട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org