Latest News
|^| Home -> Cover story -> ഭിത്തിയിലെ പ്രാര്‍ത്ഥനകള്‍, പ്രതിഷ്ഠാപനത്തിലൂടെയുള്ള പ്രഘോഷണങ്ങള്‍

ഭിത്തിയിലെ പ്രാര്‍ത്ഥനകള്‍, പ്രതിഷ്ഠാപനത്തിലൂടെയുള്ള പ്രഘോഷണങ്ങള്‍

Sathyadeepam


ചിത്രകാരനും ഈശോസഭാംഗവുമായ ഫാ. റോയ് എം.തോട്ടം

കൊച്ചി-മുസിരിസ് ബിനാലെയെ പരിചയപ്പെടുത്തുകയും വിലയിരുത്തുകയും ക്രൈസ്തവവീക്ഷണം പങ്കുവയ്ക്കുകയും ചെയ്യുന്നു

മെക്സിക്കോ നഗരത്തില്‍ നിന്നുള്ള മോണിക്ക മെയറുടെ ഒരു പ്രതിഷ്ഠാപന കല (Installation Art) ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന കൊച്ചി മുസിരിസ് ബിനാലെ 2018-ല്‍ ഉണ്ട്. അയയില്‍ ക്ലിപ് ചെയ്തിരിക്കുന്ന കടലാസു കാര്‍ഡുകളില്‍ സ്ത്രീകള്‍ തങ്ങളുടെ ദുരനുഭവങ്ങള്‍, വിശേഷിച്ചും ലൈംഗികചൂഷണാനുഭവങ്ങള്‍ എഴുതിയിടുന്നതാണിത്. ലൈംഗികോപദ്രവങ്ങളെ കുറിച്ച് ശബ്ദമുയര്‍ത്താനും മാനസീകദുഃഖത്തില്‍ നിന്നു മോചനം നേടാനും ഉതകുന്ന ഒരു പ്രക്രിയയാണ് ഇതു വിഭാവനം ചെയ്തിരിക്കുന്നത്. ഒരു പെണ്‍കുട്ടി തന്‍റെ ദുരനുഭവം അവിടെ എഴുതിയിടുന്നതു കാണാന്‍ ഇടയായി. എഴുതുമ്പോഴുള്ള അവളുടെ മുഖത്തെ വേദനയും രോഷവും ശ്രദ്ധിച്ചു. I was tormented and deeply wounded എന്നോ മറ്റോ ആയിരുന്നു അവളെഴുതിയ വാക്കുകള്‍. അതെഴുതി അയയില്‍ ക്ലിപ് ചെയ്തു മടങ്ങിയപ്പോള്‍ അവളില്‍ മിന്നിത്തെളിഞ്ഞ ആത്മവിശ്വാസവും പോരാട്ടധൈര്യവും ശ്രദ്ധിക്കാതിരിക്കാനായില്ല.

മനുഷ്യവിഷയങ്ങളിലും പ്രശ്നങ്ങളിലുമൂന്നിയാണ് മിക്കവാറും പ്രതിഷ്ഠാപനകലകള്‍ ബിനാലെയില്‍ ഒരുക്കിയിരിക്കുന്നത്. മോണിക്കയുടെ ഇന്‍സ്റ്റലേഷനിലേതു പോലെ കലാകാരിയോടൊപ്പം കാണികള്‍ക്കും കലാസൃഷ്ടികളില്‍ പങ്കുചേരാന്‍ കഴിയുന്നു. കലാകൃത്ത് തുടങ്ങി വച്ചത് കാണികള്‍ തുടരുന്നു.

ബിനാലെ സൃഷ്ടികളെ കുറിച്ചു വിചിന്തനം നടത്തുമ്പോള്‍ അവയെല്ലാം തന്നെ മനുഷ്യന്‍റെ വിമോചനത്തിന്‍റെ കാഹളമാണു മുഴക്കുന്നതെന്നു കാണാം. മാനസികവും രാഷ്ട്രീയവുമായ അധീശത്വങ്ങളുടെയും അസമാധാനത്തിന്‍റെയും അനീതിയുടെയും അസമത്വങ്ങളുടെയും സാഹചര്യങ്ങളെ തിരുത്തി എഴുതിയും മറികടന്നും മനുഷ്യന്‍റെ ചരിത്രത്തേയും അവസ്ഥകളേയും ഭാസുരമാക്കി പുനഃസൃഷ്ടിക്കുക എന്ന ‘രക്ഷാകര’ ദൗത്യത്തെ ഓര്‍മ്മപ്പെടുത്തുന്നതാണ് ഈ പ്രാവശ്യത്തെ ബിനാലെ എന്നു പറയാം.

സൗന്ദര്യത്തിന്‍റെ ആവിഷ്കാരമാണ് കലയെന്ന ധാരണയെ തിരുത്തിക്കുറിക്കുന്നതാണ് ബിനാലെ കലാവിഷ്കാരങ്ങള്‍. മനുഷ്യജീവിതത്തിന്‍റെ അസുന്ദരവശങ്ങളെയാണ് അവ കൂടുതലും വെളിവാക്കുന്നത്. നിഷ്ക്രിയമായ സൗന്ദര്യാസ്വാദനത്തേക്കാള്‍ ജീവിതത്തെ, സമൂഹത്തെ പാരസ്പര്യത്തിലും അന്യോന്യതയിലും സൗന്ദര്യപൂര്‍ണമാക്കുന്നതിനെ കുറിച്ചാണു ബിനാലെ കലാകൃത്തുക്കള്‍ തങ്ങളുടെ സൃഷ്ടികളിലൂടെ പറയുന്നത്.

ഇന്നു മനുഷ്യര്‍ നേരിടുന്ന സാമൂഹികവും പാരിസ്ഥിതികവും രാഷ്ട്രീയവും അസ്തിത്വപരവുമായ പ്രശ്നങ്ങളിലേയ്ക്കും വിഷയങ്ങളിലേയ്ക്കും അവ സംബന്ധിച്ചുള്ള വിമര്‍ശനാത്മകവും ഉത്തരവാദിത്വപരവുമായ അവബോധത്തിലേയ്ക്കും നിലപാടുകളിലേയ്ക്കുമാണ് ഈ കലാസൃഷ്ടികള്‍ നമ്മെ എത്തിക്കുന്നത്. ജീവിതപരിസരങ്ങളേയും പരിസ്ഥിതിയേയും അസുന്ദരമാക്കുന്ന മനുഷ്യന്‍റെതന്നെ ചെയ്തികളും അനീതികളും ഹിംസയും അധീശത്വവുമൊക്കെയാണ് അതിശക്തമായി കലാവിഷ്കാരങ്ങളിലൂടെ എടുത്തുകാട്ടുന്നത്. മനുഷ്യന്‍റെ ചെയ്തികള്‍ തന്നെ അവന്‍റെ/അവളുടെ ലോകത്തെ വൈരൂപ്യമുള്ളതാക്കുന്നു എന്ന ആത്മവിമര്‍ശനം നടത്തി ജീവിതത്തിന്‍റെ സൗന്ദര്യം പുനഃസൃഷ്ടിക്കുകയും പുനഃപ്രതിഷ്ഠിക്കുകയും വേണം. അന്യവത്കരണങ്ങളെ പ്രതിരോധിച്ച് അന്യോന്യതയിലേയ്ക്കു നാം ചുവടുവയ്ക്കുമ്പോള്‍ മാത്രമേ ആ സൗന്ദര്യം യാഥാര്‍ത്ഥ്യമാകുകയുള്ളൂ. എല്ലാ വിഭജനങ്ങളേയും അതിരുകളേയും നിരാകരിച്ച് എല്ലാവരും കൂടിവരികയും കൂടെ നിറുത്തുകയും ചെയ്യുമ്പോഴാണ് നമ്മുടെ അസ്തിത്വത്തിന് എന്തെങ്കിലും അര്‍ത്ഥവും സൗന്ദര്യവും ഉണ്ടാകുന്നുള്ളൂ. ബിനാലെ 2018 കലാസൃഷ്ടികളുടെ ഉദ്ദേശ്യം ഇത്തരമൊരു ചിന്താഗതിയിലേയ്ക്ക് മനുഷ്യമനസ്സിനെ പരുവപ്പെടുത്തുക എന്നതാണ്.

വെറും പ്രദര്‍ശനമല്ല
രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന ദൃശ്യകലാ മാമാങ്കമാണ് ബിനാലെ. കൊച്ചി മുസിരിസ് ബിനാലെയുടെ നാലാം പതിപ്പാണു 2018 ഡിസംബറില്‍ ആരംഭിച്ചത്. 2019 മാര്‍ച്ച് 29-ാം തീയതി വരെ അതു നീണ്ടു നില്‍ക്കും. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരികളും കലാകാരന്മാരും കാഴ്ചക്കാരും ഫോര്‍ട്ടുകൊച്ചിയിലും പരിസരങ്ങളിലുമായി ഒരുക്കിയിരിക്കുന്ന കലാവിഷ്കരണങ്ങളുടെ ഭാഗമായിത്തീരുകയാണ്. അനിതാ ദുബെ എന്ന പ്രസിദ്ധ കലാകാരി ക്യുറേറ്റ് ചെയ്തിരിക്കുന്ന ഇത്തവണത്തെ ബിനാലെ പലതുകൊണ്ടും പുതുമ നിറഞ്ഞതാണ്.

ബിനാലെ വെറുമൊരു കലാപ്രദര്‍ശനമല്ല. സംവാദങ്ങളും വീഡിയോ പ്രദര്‍ശനങ്ങളും സംഗീതവും കലാപങ്കാളിത്തവും സംഭാഷണവും ഒക്കെക്കൂടിയുള്ള കലാപ്രക്രിയയ്ക്കുള്ള അവസരവും ഇടവുമാണ് ബിനാലെ 2018. നമുക്കു പരിചിതമായ കലാസങ്കല്‍പങ്ങള്‍ക്കപ്പുറമായി കലയുടെ നിയതമായ ചട്ടക്കൂടുകളില്‍ നിന്നും കാഴ്ചപ്പാടുകളില്‍നിന്നും കലയെ മോചിപ്പിക്കുകയും വിശാലമായ അര്‍ത്ഥതലങ്ങളിലേയ്ക്കും മാനങ്ങളിലേയ്ക്കും കലയെ പ്രതിഷ്ഠിക്കുകയുമാണിവിടെ. മനുഷ്യന്‍റെ സാമൂഹിക, രാഷ്ട്രീയ ആത്മീയതലങ്ങള്‍ ഉള്‍പ്പെടെ അവന്‍റെ/അവളുടെ ജീവിതത്തെ ചൂഴ്ന്നു നില്‍ക്കുന്ന യാഥാര്‍ത്ഥ്യങ്ങളേയും അതീതയാഥാര്‍ത്ഥ്യങ്ങളേയും അനാവരണം ചെയ്യുകയോ ആവരണം ചെയ്യുകയോ ചെയ്തുകൊണ്ട് കല ഒരു വിസ്മയമായും ചോദ്യമായും ഉത്തരമായും അസ്വസ്ഥതയായും സന്തോഷമായും കാഴ്ചക്കാരെ ബാധിക്കുകയാണു ബിനാലെ സൃഷ്ടികള്‍.

ഒരു യാഥാര്‍ത്ഥ്യത്തിന്‍റെ ഉണ്മ മൂര്‍ത്തരൂപത്തില്‍ അതിന്‍റെ അര്‍ത്ഥങ്ങളുടെ സര്‍വസമ്പന്നതയോടും കൂടി നമ്മുടെ മുമ്പില്‍ പ്രത്യക്ഷപ്പെടുത്തുന്നതാണു കല ചെയ്യുന്നതെന്ന് ഹൈഡഗരുടെ തത്ത്വവിചാരത്തെ അടിസ്ഥാനപ്പെടുത്തി സെബാസ്റ്റ്യന്‍ കാപ്പന്‍ എസ്.ജെ. പറയുന്നുണ്ട്. “ഒരര്‍ത്ഥത്തില്‍ മഹത്തായ ഓരോ കലാസൃഷ്ടിയും ഒരു ‘ലോകം’ വിരചിക്കുന്നുണ്ട്. അതു പൊതുവെ യാഥാര്‍ത്ഥ്യത്തിന് പുതിയ വെളിച്ചം പകര്‍ന്നു നമ്മുടെ സാകല്യഭാഗധേയത്തിനു പുതിയ ദിശ നല്‍കാനുള്ള തീരുമാനങ്ങളെടുക്കാന്‍ നമ്മെ ക്ഷണിക്കുന്നു. സ്വയം വെളിപ്പെടുത്തുന്ന എന്തും അവസാനം നിഗൂഢതയില്‍ തന്നെ ലയിക്കുന്നുവെന്നാണ് ഹൈഡഗറിന്‍റെ വാദം.” തെളിച്ചപ്പെടലിന്‍റെയും ഒളിഞ്ഞിരിക്കലിന്‍റെയും ആദിമസംഘര്‍ഷമാണ് കലാസൃഷ്ടിയില്‍ ലോകവും ഭൂമിയും ജീവിതവുമായുള്ള സംഘര്‍ഷാത്മകൈക്യമായി രൂപമെടുക്കുന്നതെന്നു കാപ്പനച്ചന്‍ പറയുന്നു. ഇത്തരത്തിലുള്ള സംഘര്‍ഷാത്മകൈക്യാനുഭവമാണ് ബിനാലെയുടെ കലാവിഷ്കാരങ്ങള്‍ നല്‍കുന്നത്.

അന്യോന്യതയിലേക്ക്
പ്രസിദ്ധ കലാകാരിയും കലാചിന്തകയുമായ അനിത ദുബെ ക്യുറേറ്റ് ചെയ്തിരിക്കുന്ന 2018 ബിനാലെയുടെ വിഷയം ‘അന്യതയില്‍ നിന്ന് അന്യോന്യതയിലേയ്ക്ക്’ (posibilities for a nonalienated life) എന്നതാണ്. ഈ കാലഘട്ടത്തില്‍ വളരെ ഉചിതമായ ഒരു തലവാചകം. മറ്റുള്ളവരെ അപരനാക്കി ശത്രുപക്ഷത്തു നിറുത്തുന്ന അപരനിര്‍മ്മിതി നടത്തുന്ന ഈ കാലത്ത് ഹിംസയുടെയും വിദ്വേഷത്തിന്‍റെയും വിഭജനരേഖകളാല്‍ മനുഷ്യരെ വിഭജിച്ചുകൊണ്ട് ജീവിതം അസമാധാനപൂര്‍ണമാക്കുകയും മനുഷ്യജീവിതത്തിന്‍റെയും സമൂഹജീവിതത്തിന്‍റെയും സൗന്ദര്യ ത്തെ തല്ലിക്കൊഴിച്ചു കളയുക യും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ അതിനെക്കുറിച്ചുള്ള ആഴമായ അവബോധവും അതിനെതിരെയുള്ള പ്രതിരോധവും തീര്‍ ക്കുകയാണ് ബിനാലെ എന്നു പറയാം. കൂട്ടായ്മയുടെയും പാരസ്പര്യത്തിന്‍റെയും ആര്‍ദ്രത വളര്‍ത്തുന്ന നമ്മുടെ വിവേകവും സൗന്ദര്യവും ആസ്വദിക്കാനും പങ്കിടാനുമുള്ള ഒരിടവും അവസരവുമാണ് ബിനാലെക്കാലം.

സത്യാന്വേഷണവും സത്യത്തിന്‍റെ വെളിപാടുകളുമാണ് കലകളും കലാപ്രക്രിയകളും. നീതിയും ന്യായവും യുക്തിയും അവഗണിച്ചുകൊണ്ട് അസത്യങ്ങള്‍ നമ്മെ ഭരിക്കുന്ന സത്യാനന്തരകാലത്ത് ഇത്തരം സത്യാന്വേഷണത്തിന്‍റെ ശക്തമായ മാധ്യമമായി കലാവിഷ്കാരങ്ങള്‍ വര്‍ത്തിക്കുന്നത് പ്രസക്തമായ കാര്യമാണ്. എല്ലാ പുരോഗതികളും ‘വികസനങ്ങളും’ മനുഷ്യരാശിയെ കൂടുതല്‍ വിഭജിക്കുകയും പരസ്പരം അന്യവത്കരിക്കുകയുമാണു ചെയ്തത്. കൂട്ടത്തില്‍ നാം വസിക്കുന്ന ഈ ഭൂമിയും പ്രകൃതിയും അന്യവത്കരിക്കപ്പെട്ടിരിക്കുന്നു. ഈ അപചയത്തില്‍ നിന്ന് പാരസ്പര്യത്തിന്‍റെയും അ ന്വോന്യത്തിന്‍റെയും അവബോധത്തിലേയ്ക്കുള്ള ഉണര്‍വിന്‍റെ സാദ്ധ്യതയാണ് ബിനാലെയിലെ വിവിധ കലാവിഷ്കാരങ്ങള്‍. മനുഷ്യജീവിതവും ഈ മണ്ണും പ്രകൃതി യും അതിന്‍റെ ചരിത്രങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതാണ് ഏതാണ്ട് എല്ലാ ആവിഷ്കാരങ്ങളും.

ഒരു കലാകാരന്‍റേയോ കലാകാരിയുടേയോ ലോകത്ത് യാതൊരു അതിരുകളുമില്ല. എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഒന്നിനെയും വേര്‍തിരിക്കുന്ന വേലിക്കെട്ടുകള്‍ ഇല്ല. ആരും ആര്‍ക്കും അന്യരല്ല. ഭൂമിയും അതിലുള്ളവയും വിശുദ്ധമാണ്. കാരുണ്യത്തിന്‍റെ പുഴ അതില്‍ ഒഴുകുന്നുണ്ട്. സമാധാനത്തിന്‍റെ കാറ്റ് അതില്‍ വീശിക്കൊണ്ടിരിക്കും. സ്നേഹത്തിന്‍റെ അഗ്നി അതുള്ളില്‍ വഹിക്കുന്നു. ഭൂമിയുടെയും ജീവിതത്തിന്‍റെയും അത്യഗാധമായ സൗന്ദര്യത്തിലേയ്ക്കാണ് കലാകാരന്മാര്‍ ഊളിയിടുന്നത്. അത് ആത്മീയമായ പ്രക്രിയ തന്നെയാണ്.

പ്രധാന കലാസൃഷ്ടികള്‍
മുംബൈയില്‍ നിന്നുള്ള മൃണാളിനി മുഖര്‍ജിയുടെ ചിത്രങ്ങളില്‍ പ്രകൃതിയുടെ താളവും സംഗീതവും നിശബ്ദതയും അന്തര്‍ധാരയായി ഒഴുകുന്ന ഏതോ ചൈതന്യപ്രവാഹം ആവഹിക്കുന്നവയാണ്. മരങ്ങളും ഇലകളും കാറ്റും നിലാവും ഭൂമിയും ഒക്കെ തീര്‍ക്കുന്ന സാകല്യമായ ഒരു സൗന്ദര്യാനുഭൂതി അവരുടെ ചിത്രങ്ങള്‍ തരുന്നുണ്ട്. ചിത്രങ്ങളിലെ ചലനാത്മകതയുടെ ഭാഗമായിക്കൊണ്ട് കാഴ്ചക്കാരനും ഏതോ നിഗൂഢമായ ദിവ്യപരിസരത്തേയ്ക്ക് ഇളംകാറ്റില്‍ തെന്നി നീങ്ങുന്നതുപോലെയുള്ള അനുഭവം അവ തരുന്നു.

പട്നയില്‍ നിന്നുള്ള ശാംഭവി എന്ന കലാകാരി മനുഷ്യനും പ്രകൃതിയും കര്‍ഷകരും തമ്മിലുള്ള ബന്ധത്തിലും അവസ്ഥയിലും ഊന്നുന്ന പ്രതിഷ്ഠാപനകലയാണു നിര്‍വഹിക്കുന്നത്. ബീഹാറിലെ ഗ്രാമപ്രദേശങ്ങളില്‍ ചിലവഴിച്ച കുട്ടിക്കാലം അവരുടെ കലാരചനകളെ വളരെ പ്രചോദിപ്പിച്ചിട്ടുണ്ട്. ‘മാതിമാ’ എന്ന രചന അരിവാള്‍ കൊണ്ടുള്ള ഒരു പ്രതിഷ്ഠാപന ആവിഷ്കാരമാണ്. കര്‍ഷകരുടെ പ്രതിസന്ധികളെയും സംഘര്‍ഷങ്ങളേയും ഈ പ്രതിഷ്ഠാപനത്തിലൂടെ കലാകാരി സംവേദനം ചെയ്യുന്നു. ആയുധമായി കൂടി രൂപംമാറാന്‍ കെല്‍പുള്ള അരിവാള്‍ ഒരു പ്രാഥമിക ഉപകരണമാണ്. കൃഷി അന്യമാകുന്ന കാലത്ത് കര്‍ഷകരുടെ വീട്ടുപകരണങ്ങള്‍. വിശറി, മുറം, അരിവാള്‍ തുടങ്ങിയവ പുരാവസ്തുക്കളായി തീരുന്നു. അതിവലിപ്പത്തിലും ഭാവത്തിലുമാണ് ഇവ പുനഃസഷ്ടിച്ചിരിക്കുന്നത്. ഇന്ത്യയില്‍ കാല്‍ നൂറ്റാണ്ടിനുള്ളില്‍ നാലു ലക്ഷം കര്‍ഷകരാണ് കടം കയറി ജീവനൊടുക്കിയത്. സര്‍ക്കാരും സാമ്പത്തിക ഉദാരവത്കരണവുമൊക്കെ കര്‍ഷകരെ തീര്‍ത്തും അവഗണിക്കുന്നു, നമ്മുടെ സംസ്കൃതിയുടെ അടിസ്ഥാനം കൃഷിയിലാണ് എന്ന സത്യം മറന്നുകൊണ്ട്. കല ഒരു വിധത്തില്‍ കലാപം തന്നെയാണ്. ജീവിതം പ്രതിസന്ധിയിലാകുന്ന രാഷ്ട്രീയ കാലാവസ്ഥയില്‍ അതിനോട് കലഹിക്കുക എന്നത് കലയുടെ ധര്‍മ്മമാണ്. ബിനാലെ ആവിഷ്കാരങ്ങളില്‍ പലതും ഇത്തരം കലഹത്തിന്‍റെയും പ്രതിരോധത്തിന്‍റെയും അനീതിക്കെതിരെയുള്ള രോഷത്തിന്‍റെയും ആവിഷ്കാരങ്ങളാണ്. ഹൃദയം കൊണ്ട് നമ്മളും ആ കലഹത്തിന്‍റേയും പ്രതിരോധത്തിന്‍റെയും ഭാഗമാകുന്നു. ഒപ്പം നിലപാടുകളെടുക്കാന്‍ പ്രേരിപ്പിക്കപ്പെടുകയും ചെയ്യുന്നു.

ബിനാലെ ദൃശ്യപരം മാത്രമല്ല. ശബ്ദവും ചലനവും കേള്‍വിയുമൊക്കെ ഉള്‍പ്പെട്ട സമഗ്രമായ ഒരു അനുഭവത്തിലൂടെയാണ് കാഴ്ചക്കാര്‍ കടന്നുപോകുന്നത്. വെറും കാഴ്ചക്കാരായി മാത്രം ആര്‍ക്കും കടന്നുപോകാനാകില്ല. ബീനാലേയുടെ ഓരോ പവിലിയനിലും മുറികളിലും കയറിയിറങ്ങുമ്പോള്‍ ചരിത്രത്തിലൂടെയും ഓര്‍മ്മകളിലൂടെയുമാണ് കയറിയിറങ്ങുന്നത്. അരികുകളിലേയ്ക്ക് മാറ്റി നിറുത്തിയവരുടെ ജീവിതത്തിന്‍റെ വ്യഥകളുടെ ഭാരത്തില്‍ നമ്മളും പങ്കു ചേരുന്നു. അന്യവത്കരണത്തിന്‍റെ രാഷ്ട്രീയത്തിനെതിരേയും അതിന്‍റെ അധര്‍മ്മ പ്രത്യയശാസ്ത്രങ്ങള്‍ക്കെതിരെയും ഹൃദയത്തില്‍ നിലപാടെടുക്കുന്നവരായി തീരുന്നു നമ്മള്‍. ചുവരുകളും ഇടങ്ങളും പരിധികളുമൊക്കെ ഇല്ലാതായി അതിരുകളില്ലാത്ത വിശാലമായ ഒരു ലോകത്തിലൂടെയാണു നാം സഞ്ചരിക്കുക. മനുഷ്യന്‍റെ ആന്തരികതയുടെ വിശാലമായ ഭൂമികയാണ് അവിടെ വികസ്വരമാകുന്നത്. ചരിത്രത്തിലൂടെയും കണ്ണീരും വിയര്‍പ്പും വീണ മണ്ണിലൂടെയും സമാധാനത്തിന്‍റെ സ്വച്ഛഭൂമിയിലൂടെയും വ്യക്തമല്ലാത്തതും നിഗൂഢവുമായ ഇടങ്ങളിലൂടെയുമൊക്കെയാണു നാം കടന്നു പോകുന്നത്. മനുഷ്യന്‍റെ പരിമിതികളെ അതിലംഘിക്കുന്ന കലകള്‍ അവന്‍റെ മുഖംമൂടികളും അസത്യങ്ങളുടെ ആവരണങ്ങളും ഉരിഞ്ഞു കളയുന്നു.

സാധാരണക്കാരുടെ കല
അന്യവത്കരിക്കപ്പെട്ടവരുടെ ജീവിതം പ്രമേയമായവ മാത്രമല്ല അന്യവത്കരിക്കപ്പെട്ട കലാകൃത്തുക്കളുടെ സൃഷ്ടികളും അടങ്ങുന്നതാണ് ബിനാലെ 2018. പരമ്പരാഗത നെയ്ത്തുകാരിയായ കെ.വി. ശാന്ത മുതല്‍ ഗോണ്ട് ഗോത്ര ചിത്രമെഴുത്തുകാരായ ദുര്‍ഗ്ഗാബായി വ്യാം – സുഭാഷ് വ്യാം ദമ്പതികള്‍, അതിസൂക്ഷ്മ എംബ്രോയിഡറികള്‍ കൊണ്ട് നഗരക്കാഴ്ചകള്‍ പകര്‍ത്തുന്ന മുംബൈ നഗരത്തിലെ ഓട്ടോ ഡ്രൈവറായ ബപ്പിദാസ് തുടങ്ങി ഒരു വലിയ വിഭാഗം സാധാരണക്കാര്‍ ബിനാലെയുടെ ഭാഗമാണ്. കല ആരിലും പ്രവര്‍ത്തിക്കും. അതു ചിലരുടെ മാത്രം കുത്തകയാണ് എന്നു കരുതുന്ന സാധാരണ മനോഭാവത്തെ തിരുത്തിക്കുറിക്കുന്നതാണ് ഇവരുടെ ബിനാലെ സാന്നിദ്ധ്യം.

“അരികുവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങള്‍ സംസാരിക്കുന്നൊരു ലോകം സങ്കല്‍പിക്കുക. ഇരകളെന്ന നിലയിലല്ല, ഭാവിയുടെ ദാര്‍ശനികരും മുന്നണിപ്പോരാളികളുമായി സംസാരിക്കുന്നതിനു മുമ്പ് അവര്‍ കേള്‍ക്കും, ശ്രദ്ധിക്കും. പാറയും പൂവും പറയുന്നതും മുതിര്‍ന്ന സ്ത്രീകളും വിവേകികളായ പുരുഷന്മാരും അറിയിക്കുന്നതും ക്വിയര്‍ സമൂഹം പറയുന്നതും മുഖ്യധാരയിലെ തന്നെ വിമതവിചാരങ്ങള്‍ നമ്മെ ധരിപ്പിക്കുന്നതും പ്രകൃതിയുടെ മുന്നറിയിപ്പുകളും… ഇവര്‍ക്കെല്ലാം അവര്‍ ചെവി കൊടുക്കും,” ക്യുറേറ്റര്‍ അനിത ദുബെ പറയുന്നു.

വെറുപ്പിന്‍റെ വര്‍ത്തമാനകാല ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങള്‍ക്കുള്ള രാഷ്ട്രീയ ഉത്തരമായി തന്നെ അവതരിപ്പിക്കുന്ന ബിനാലെയാണിത്. കലാകൃത്തുക്കളിലേറെയും സ്ത്രീകളാണ്. ജീവിതം അതിന്‍റെ അരികുകളിലേയ്ക്കു മാറ്റി നിറുത്തിയവര്‍ തങ്ങളുടെ ഇടങ്ങളെ അടയാളപ്പെടുത്തുന്നുവെന്നത് ഏറെ പ്രധാനമാണ്. ചരിത്രത്തില്‍ ഉദാത്തമായ ഒരു ഘട്ടത്തെയാണ് അവര്‍ കലയിലൂടെ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. കല വിപ്ലവാത്മകമായ പ്രക്രിയയാണ്. കലകള്‍ക്കു രൂപാന്തരീകരണ ശേഷിയുണ്ട്. മനുഷ്യരുടെ ഹൃദയത്തില്‍ ചലനങ്ങള്‍ സൃഷ്ടിക്കുകയും അവബോധത്തിന്‍റെ സൂക്ഷ്മതലങ്ങളെ പരിവര്‍ത്തനവിധേയമാക്കുകയും ചെയ്യുന്നുണ്ട്. സാധാരണത്വത്തിന്‍റെ രൂപാന്തരീകരണത്തിലൂടെ വെളിപാടുകള്‍ നല്‍കിക്കൊണ്ട് കലകള്‍ ആന്തരികമായ ഉണര്‍വും ഉള്‍ക്കാഴ്ചകളും നല്‍കുന്നു. അപ്പോഴാണ് നമ്മുടെ മുമ്പില്‍ കാണുന്നതിനുമപ്പുറം അറിയുന്നതിനു കഴിവാര്‍ജിക്കുന്നത്. നാം ജീവിക്കുന്ന യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് വേറിട്ട ഒരു സ്വപ്നാത്മക ലോകത്തിലേയ്ക്ക് നയിക്കുക എന്നതല്ല, മറിച്ചു, കാഴ്ചപ്പാടുകളെയും സമീപനങ്ങളെയും നവീകരിച്ചുകൊണ്ട് ജീവിതത്തിന്‍റെ യാഥാര്‍ത്ഥ്യങ്ങളിലേയ്ക്ക് നമ്മെ തിരികെ എത്തിക്കുക എന്നതാണ് കല ചെയ്യുന്നത്.

കലാകൃത്തും കലാസൃഷ്ടിയും ആസ്വാദകനും തമ്മിലുള്ള അകലങ്ങളെ ഇല്ലാതാക്കുന്ന തരത്തിലുള്ള ബന്ധത്തിന്‍റെ ഒരു തലം സ്ഥാപിക്കപ്പെടുന്നുണ്ട് ബിനാലെ കലാകാഴ്ചകളില്‍. വിയോജിപ്പുകള്‍ക്കും വ്യത്യസ്തതകള്‍ക്കും ഇടം നല്‍കുന്നതാണ് കലയുടെ ഇടങ്ങള്‍. വ്യത്യസ്തത എന്നത് സൗന്ദര്യശാസ്ത്രത്തിന്‍റെ ഒരു തത്വവും ഘടകവുമാണ്. ബന്ധത്തിന്‍റെ ഒരു ശൃംഘലയാണ് കലാസ്വാദനത്തിലൂടെ സൃഷ്ടിക്കപ്പെടുന്നത്. കലകള്‍ ഈ പരസ്പര ബന്ധത്തിലേയ്ക്കുള്ള വാതായനമായിത്തീരുകയാണ്. അതിരുകളാല്‍ വേര്‍തിരിക്കപ്പെടാത്ത, എല്ലാവര്‍ക്കും ഇടമുള്ള ഒരു ലോകക്രമത്തിന്‍റെ വിശാലതയില്‍, അന്യോന്യതയില്‍ ഉറപ്പിക്കപ്പെടുന്ന അസ്തിത്വത്തിന്‍റെ ആഴമായ അവബോധത്തിലേയ്ക്കാണ് നാം എത്തിപ്പെടുന്നത്, പ്രത്യേകിച്ചും അന്യവത്കരിക്കപ്പെട്ടവരുടെ ജീവിതങ്ങളെ ഹൃദയം കൊണ്ടു ചേര്‍ത്തു പിടിച്ചുകൊണ്ട്.

കലാസങ്കല്പങ്ങളെ മാറ്റിയെഴുതാം
ബിനാലെ പോലുള്ള കലാസങ്കല്‍പത്തില്‍ എന്തും ഏതും കലയാകാം എന്നത് മലയാളി സമൂഹത്തിനു തങ്ങളുടെ കലാസങ്കല്‍ത്തെ മാറ്റി എഴുതാനുള്ള അവസരമാണ്. കാന്‍വാസിലോ പേപ്പറിലോ വരച്ചതു മാത്രമേ, അല്ലെങ്കില്‍ സിമന്‍റിലോ തടിയിലോ തീര്‍ത്ത ശില്പങ്ങള്‍ മാത്രമേ കല ആകുകയുള്ളൂ എന്ന നമ്മുടെ സങ്കുചിത കലാസംസ്കാരത്തെ മാറ്റി വിശാലമായ കലാധാരണകളെ ഉള്‍ക്കൊള്ളുവാന്‍ ബിനാലെ അനുഭവങ്ങള്‍ മലയാളിയെ പരുവപ്പെടുത്തുന്നുണ്ട്. കലാവിഷ്കാരത്തിന്‍റെ നിരന്തരമായ നിരവധി പരീക്ഷണങ്ങള്‍ ആഗോളതലത്തില്‍ നടക്കുന്നുണ്ട്. അതിന്‍റെ പല സാക്ഷ്യങ്ങളും ബിനാലെയിലൂടെ നമ്മുടെ മുമ്പില്‍ എത്തുന്നുണ്ട്. ഒരു ശിലയെ ദിവ്യമായി കണക്കാക്കി പൂജ്യവസ്തുവായി കരുതി പ്രത്യേകസ്ഥലത്ത് പ്രതിഷ്ഠിക്കുമ്പോള്‍ അതു ഒരു ദേവതാപ്രതിരൂപമായി തീരുന്നതുപോലെ ഒരു വസ്തു കലാത്മകമായ ഒരിടത്തില്‍ പ്രതിഷ്ഠിക്കുമ്പോള്‍ അതു കലയായി തീരുന്നു. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള കലാകാരി സ്യൂ വില്യംസിന്‍റെ സൃഷ്ടികളില്‍ വസ്ത്രങ്ങളും കുപ്പികളുമാണ് ഉപയോഗിച്ചിരിക്കുന്നത്. ചരിത്രത്തെ അന്വേഷണാത്മകമായി പുനഃസൃഷ്ടിക്കുന്നവയാണ് അവരുടെ പ്രതിഷ്ഠാപനകല. ഡച്ച് ഭരണത്തിന്‍ കീഴിലായിരുന്ന കൊച്ചിയ്ക്കും കേപ് ടൗണിനും പൊതുവായി ഒരു ചരിത്രമുണ്ടെന്നു കണ്ടെത്തിയ അവര്‍ കൊച്ചിയില്‍ നിന്ന് അടിമകളെ കേപ്ടൗണിലേയ്ക്കു വിറ്റതിന്‍റെയും അവര്‍ അവിടെ പണിയെടുത്തതിന്‍റെയും സൈനീക രേഖകള്‍ ശേഖരിച്ചു. ആ ചരിത്രത്തെ അടിമകള്‍ ധരിച്ച തുണികളിലൂടെ പുനഃസൃഷ്ടിക്കുന്നു. ഇന്ത്യന്‍ തൊഴിലാളികള്‍ വര്‍ഗം പരമ്പരാഗതമായി നെയ്തെടുത്ത് ലിനന്‍ വസ്ത്രങ്ങള്‍ അവര്‍ ശേഖരിച്ചിരുന്നു. ആ വസ്ത്രങ്ങളില്‍ ഈ അടിമകളെ കുറിച്ചുള്ള ചെറുവിവരണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ അടിമകളനുഭവിച്ച അടിച്ചമര്‍ത്തലിനെയും അത്യദ്ധ്വാനത്തെയും പ്രതീകവത്കരിക്കാന്‍ ഈ വസ്ത്രങ്ങളെ ഈ അടിമത്തത്തിന്‍റെ കേന്ദ്രമായ കേപ് ടൗണ്‍ കൊട്ടാരത്തിന്‍റെ സമീപത്തുള്ള ചെളിവെള്ളത്തില്‍ മുക്കിയെടുക്കുന്നു. ആ വസ്ത്രങ്ങള്‍ അയയില്‍ തൂക്കിയും കൂട്ടിയിട്ടും ഉണ്ടാക്കിയ പ്രതിഷ്ഠാപനം കൊളോണിയല്‍ അധിനിവേശത്തെ പ്രതീകാത്മകമായി ചോദ്യം ചെയ്യുന്നതാണ്.

പ്രതിഷ്ഠാപനങ്ങള്‍
ബിനാലെയില്‍ സാധാരണ നാം കണ്ടു ശീലിച്ച ദ്വിമാനത്തിലോ ത്രിമാനത്തിലോ ഉള്ള ചിത്രങ്ങള്‍, ശില്പങ്ങള്‍ എന്നിവയേക്കാള്‍ കൂടുതല്‍ ഇന്‍സ്റ്റലേഷന്‍ എന്നു വിളിക്കുന്ന പ്രതിഷ്ഠാപനകലാവിഷ്കാരങ്ങളാണ്. അതിന്‍റെ ആവിഷ്കാരത്തില്‍ നിയതമായ മാനദണ്ഡങ്ങളോ വ്യവസ്ഥകളോ ഇല്ല. സാമൂഹികവും രാഷ്ട്രീയവുമായ വിഷയങ്ങളെ അവതരിപ്പിക്കുന്നതിനുള്ള ശക്തമായ മാധ്യമമായിട്ടാണ് പ്രതിഷ്ഠാപനകലകളെ കണക്കാക്കുന്നത്. കാഴ്ചക്കാരന്‍ ഈ കലാവിഷ്കാരത്തെ വെറുതെ നോക്കിക്കാണുക മാത്രമല്ല, ആ കലാസൃഷ്ടി ഉന്നയിക്കുന്ന പ്രശ്നങ്ങളേയും ദര്‍ശനങ്ങളേയും നിലപാടുകളേയും ചരിത്രത്തേയും ഉള്‍ക്കൊണ്ടുകൊണ്ട് അതിലെല്ലാം ആസ്വാദകനും ഭാഗഭാക്കാകുന്നു. പ്രതിഷ്ഠാപനങ്ങള്‍ ചലനാത്മകവുമാണ്. നിശ്ചലമായി ഒരിടത്ത് ഒതുങ്ങുന്നില്ല. നിശ്ചലമെന്നു തോന്നിക്കുന്നവയില്‍ പോലും പ്രതിരോധത്തിന്‍റെയോ കലഹത്തിന്‍റെയോ ശാന്തിയുടെയോ ഒക്കെ ഊര്‍ജപ്രസരണമുണ്ടാകും. അവതരണപരമാണ് (performance) മിക്ക ഇന്‍സ്റ്റലേഷനും. അതുകൊണ്ടു തന്നെ കാഴ്ചക്കാരനും അതില്‍ പങ്കു ചേരുന്നുണ്ടു മനസ്സുകൊണ്ടെങ്കിലും. കല അനുഭവമാകേണ്ടതുണ്ട്. വെറുതെ നോക്കി കടന്നു പോകേണ്ടതല്ല. വിസ്മയത്തിന്‍റെയും ഗൃഹാതുരത്വത്തിന്‍റെയും പ്രതീക്ഷയുടെയും പ്രതിരോധത്തിന്‍റെയും ഒക്കെ അനുഭവത്തിലൂടെയാണ് ഓരോ ആവിഷ്കാരവും നമ്മെ കടത്തി വിടുന്നത്. കാഴ്ചക്കാരനെയും കലാകാരനാക്കുന്ന ഒരു പ്രക്രിയ ഇവിടെ നടക്കുന്നുണ്ട്. ‘എല്ലാവരും പ്രത്യേക തരത്തിലുള്ള കലാകാരന്മാരാണ്’ എന്ന ആനന്ദകുമാരസ്വാമിയുടെ വാക്കുകള്‍ ഇവിടെ പ്രസക്തമാണ്.

ബിനാലെയിലെ പല കലാസൃഷ്ടികളും ആവിഷ്കാരങ്ങളും അസംബന്ധം എന്നു ചിലര്‍ക്കെങ്കിലും തോന്നുമായിരിക്കും. അ സംബന്ധം (absurdity) എന്നത് യാഥാര്‍ത്ഥ്യങ്ങളെ തീക്ഷ്ണമായി അവതരിപ്പിക്കാന്‍ സ്വീകരിക്കുന്ന ആധുനികമായ മാര്‍ഗമാണ് എന്നു വേണമെങ്കില്‍ പറയാം. പരുക്കന്‍ സ്വഭാവവും (rude) അസംബന്ധവും ആധുനികകലാസങ്കേതങ്ങളില്‍ ഉപയോഗിക്കപ്പെടുന്നുണ്ട്. ഒരു തരത്തിലുള്ള മാന്യവിരുദ്ധമായ (eccentric) കലാപ്രക്രിയ ദര്‍ശനത്തിന്‍റെ ശക്തിയെ പ്രദാനം ചെയ്യുന്നു എന്നു പറയാറുണ്ട്.

നാഗാലാന്‍റില്‍ നിന്നുളള തെംസുയാങെര്‍ ലോങ്ങ്കുമാറിന്‍റെ ‘ഗോഡ്സ് സമ്മിറ്റ്/ എന്ന ബഹുമാധ്യമശില്പരൂപം നാഗരികതയുടെ ചരിത്രത്തില്‍ ദൈവങ്ങളെ അടയാളപ്പെടുത്തിയിരിക്കുന്നു. ദൈവങ്ങളുടെ മുറിയില്‍ നിന്നു ചുവന്ന പരവതാനി വിരിച്ച ഒരു വഴിയുണ്ട്. അതിന്‍റെ ഒരു ഭാഗത്തും മനുഷ്യരുടേയും മൃഗങ്ങളുടേയും എല്ലും തലയോടുമൊക്കെ ചിതറിക്കിടക്കുന്നു. ഇന്നത്തെ മതഭ്രാന്തിന്‍റെയും വൈര്യത്തിന്‍റേയുമൊക്കെ യാഥാര്‍ത്ഥ്യത്തെ അവതരിപ്പിക്കുകയാണു ചുവന്ന പരവതാനിയും തലയോട്ടികളും എല്ലുകളും. വൈരുദ്ധ്യങ്ങളും അസംബന്ധങ്ങളുമായ ബിംബങ്ങളിലൂടെ ശക്തമായ സന്ദേശമാണ് ഈ കലാസൃഷ്ടി ആവിഷ്കരിക്കുന്നത്. ചോര പുരണ്ട തലയോട്ടികളും എല്ലുകളും നിറഞ്ഞ വഴികളാണ് ഈ കാലഘട്ടത്തില്‍ മതങ്ങള്‍ സൃഷ്ടിക്കുന്നതെന്ന അതിശക്തമായ വിമര്‍ശനം ഉയര്‍ത്തുന്നു ഈ പ്രതിഷ്ഠാപനം.

ബംഗളുരൂ സ്വദേശിയായ ബി വി സുരേഷിന്‍റെ ‘ശപിക്കപ്പെട്ട വടികള്‍’ ഇന്നത്തെ ഇന്ത്യന്‍ സമകാലിക രാഷ്ട്രീയത്തിന്‍റെ പൊള്ളത്തരങ്ങളെ തുറന്നു കാണിക്കുന്നു. ഗാന്ധിജിയുടെ ഊന്നുവടിയില്‍ നിന്ന് സംഘപരിവാറിന്‍റെ മുളവടിയിലെത്തുമ്പോള്‍ അഹിംസയുടെ ഊന്നുവടിയെന്ന നിലവിട്ട് മുളവടി ഒരു വിധ്വംസക ഉപകരണമായി മാറുന്നതെങ്ങിനെയെന്നും സ്വച്ഛ് ഭാരത് തുടച്ചു നീക്കുന്നത് രാഷ്ട്രത്തിന്‍റെ ബഹുവര്‍ണസംസ്കൃതിയെ തന്നെയാണെന്നും വ്യക്തമാക്കുന്നതാണ് കെയിന്‍സ് ഓഫ് റാത്ത്.

ബാംഗ്ലാദേശില്‍ നിന്നുള്ള മര്‍സിയ ഫര്‍ഹാന കേരളത്തിലെ പ്രളയദുരന്തവുമായി ബന്ധപ്പെടുത്തിയാണ് തന്‍റെ പ്രതിഷ്ഠാപനകല ആവിഷ്കരിക്കുന്നത്. പ്രളയത്തില്‍ നാശോന്മുഖമായ ഗാര്‍ഹികവസ്തുക്കള്‍, ഫര്‍ണീച്ചറുകള്‍, പുസ്തകങ്ങള്‍ തുടങ്ങി പ്രളയബാധിതപ്രദേശങ്ങളില്‍ നിന്നു ശേഖരിച്ച വസ്തുക്കള്‍ ഉപയോഗിച്ചുള്ള ഇന്‍സ്റ്റലേഷനാണിത്.

കലയിലെ ആത്മീയത
ആധുനികകലകള്‍ ആത്മീയ തലം ഉള്‍ക്കൊള്ളുന്നവയാണ് എന്നു പ്രസിദ്ധ കലാനിരൂപകനായ ജെയിംസ് എല്‍ക്കിന്‍സ് പറയുന്നു. എന്നാല്‍ അതു മതാധിഷ്ഠതമല്ലതാനും. ജോണ്‍ അപ്ഡൈക് ആധനിക കലയെ വിളിക്കുന്നത് അനുദിനജീവിതശകലങ്ങള്‍ കൊണ്ടു കൂട്ടിച്ചേര്‍ക്കപ്പെട്ട മതമെന്നാണ്. ആത്മീയത എന്നാല്‍ ജീവിതത്തിന്‍റെ യഥാര്‍ത്ഥ അര്‍ത്ഥം അന്വേഷിക്കുക എന്നതും ക്രിയാത്മക പ്രവര്‍ത്തനങ്ങളിലൂടെ നിരന്തരം പരിവര്‍ത്തനവിധേയമാക്കി മാനുഷിക സാകല്യം ആര്‍ജിക്കുക എന്നതുമാണ്. മനുഷ്യനെന്ന നിലയിലുള്ള പരിമിതികളെ ഉല്ലംഘിക്കുവാനും ആന്തരീകമായ ഔന്നത്യത്തിലേയ്ക്ക് ഉയര്‍ന്നുകൊണ്ട് ജീവിതത്തെ അര്‍ത്ഥവത്തായി സാക്ഷാത്കരിക്കാനുമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. കലയുടെ സാദ്ധ്യതകള്‍ മനുഷ്യന്‍റെ ഈ ആന്തരീക അഭിവാഞ്ഛയെ പേറുന്നതാണ്. കലാകൃത്തുക്കള്‍ കലാവിഷ്കാരങ്ങളിലൂടെ വിനിമയം ചെ യ്യുന്നത് ആഴമായ ആന്തരീകാനുഭവങ്ങളാണ്. നാം കണ്ടെത്താത്ത ദിവ്യമായതിനു വേണ്ടി (unrecognizable sacred)യുള്ള അന്തര്‍ദാഹം നമ്മളിലുണ്ട്. ബോധപൂര്‍വമല്ലെങ്കില്‍ കൂടിയും ആധുനിക കലാകൃത്തുക്കള്‍ ഈ ദിവ്യമായതിനെ തിരയുന്ന മനുഷ്യമനസ്സിനെയാണ് ആവിഷ്കരിക്കുന്നത്. മനുഷ്യന്‍റെ ജീവിതപരിസരങ്ങളെ മാറ്റിനിറുത്തിക്കൊണ്ടല്ല, പ്രത്യുത അവന്‍റെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക തലങ്ങളെയും അതുമായി ബന്ധപ്പെട്ട വിഷയങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഇത്തരം കലാവിഷ്കാരങ്ങള്‍ നടക്കുക. മനുഷ്യമനസ്സിന്‍റേയും ലോകത്തിന്‍റേയും അഗാധതലങ്ങളിലേയ്ക്കാണു കലാകൃത്തുക്കള്‍ കടന്നു ചെല്ലുന്നത്.

മനുഷ്യര്‍ തമ്മിലും മനുഷ്യരും പ്രകൃതിയും തമ്മിലും അന്യവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ അതിരുകളെയും വിഭജനങ്ങളെയും അപരനിര്‍മ്മിതികളെയും ഒക്കെ നിരാകരിച്ചുകൊണ്ട്, അന്യോന്യതയുടെ പാഠങ്ങളെയും വഴികളെയും പുനര്‍ നിര്‍മ്മിച്ച് മനുഷ്യരും പ്രകൃതിയും ഒന്നുചേരുന്ന ലാവണ്യാനുഭവത്തിന്‍റെ ഉദാത്ത ഇടങ്ങളെയും അവസ്ഥകളേയും പുനഃസൃഷ്ടിക്കാനുള്ള നിലപാടുകളിലേയ്ക്കാണ് ബിനാലെ 2018 നമ്മെ കൊണ്ടെത്തിക്കുന്നത്.

മനുഷ്യരിലെ മാനുഷികഭാവങ്ങള്‍ കൂടുതല്‍ ഉണര്‍ത്തുക, അരികുവത്കരിക്കപ്പെട്ടവരെ അറിയുക, ചേര്‍ത്തു നിറുത്തുക എന്നൊരു സന്ദേശമാണ് ഈ ബിനാലെയിലെ എല്ലാ ആവിഷ്കാരങ്ങളും നല്‍കുന്നത്. ഇതെല്ലാം സുവിശേഷാത്മകമായ നിലപാടുകള്‍ തന്നെയാണ്. വാക്കുകളിലൂടെ പറയുക എന്നതിനേക്കാള്‍ ഈ നിലപാടുകളെ ഒരനുഭവവും വികാരവുമാക്കി പകരുകയാണ് കല ചെയ്യുന്നത്. ഫ്രാന്‍സിസ് അസ്സീസിയുടെ പുല്‍ക്കൂട് വാസ്തവത്തില്‍ ഒരു ആദ്യകാല പ്രതിഷ്ഠാപനകലയാണ്. സഭയില്‍ തന്നെ വലിയ മാറ്റങ്ങള്‍ വരുത്തിയ, വലിയ സന്ദേശം പ്രചരിപ്പിച്ച ഒരു ഇന്‍സ്റ്റലേഷനാണത്. ക്രിസ്തു വളരെ നിസ്വനായി കാലിത്തൊഴുത്തില്‍ ജനിച്ചു, കാലികളും ഇടയന്മാരും ആടുകളും ഒക്കെയാണ് വിനീതമായ ആ അവതാരത്തിനു സാക്ഷികളായത് എന്ന സന്ദേശം വാക്കുകളേക്കാള്‍ ശക്തമായി മനുഷ്യരിലേയ്ക്കു പകര്‍ന്നു കൊടുക്കാന്‍ ആ കലാരൂപത്തിനു സാധിച്ചു. പുല്‍ക്കൂട് പിന്നെ ഒരു പാരമ്പര്യമായി മാറി. ഇന്നും പുല്‍ക്കൂടുകള്‍ ക്രൈസ്തവരോടും അക്രൈസ്തവരോടും നടത്തുന്ന സുവിശേഷപ്രഘോഷണത്തിന്‍റെ ശക്തിയും സ്വാധീനവും വേറെ ഏതു പ്രഭാഷണങ്ങള്‍ക്കുണ്ട്? ക്രിസ്മസിന്‍റെ സന്ദേശം ലോകജനതയ്ക്കു പകര്‍ന്നു കൊടുത്തുകൊണ്ടേയിരിക്കുന്ന പുല്‍ക്കൂടുകള്‍ ഏറ്റവും ഉജ്ജ്വലമായ ഒരു പ്രതിഷ്ഠാപനകലയാണ്. പുല്‍ക്കൂടിന്‍റെ നിര്‍മ്മാണത്തിലെ പങ്കുചേരല്‍ എല്ലാവരുടേയും ഏറ്റവും ഗൃഹാതുരമായ ഒരു ബാല്യകാലസ്മരണയായിരിക്കും. അതു നമ്മിലുണ്ടാക്കുന്ന വൈകാരികമായ അനുഭവലോകം മാഞ്ഞുപോകുന്നതല്ല, അതുണ്ടാക്കാന്‍ പ്രസംഗങ്ങള്‍ക്കൊന്നും കഴിയുകയുമില്ല.

കലയെ മാറ്റി നിറുത്തിക്കൊണ്ട് ഒരു ക്രൈസ്തവികതയില്ല. ഒരു ദൃശ്യദൈവശാസ്ത്രം നമുക്കുണ്ട്. ശില്പങ്ങളും ഛായാചിത്രങ്ങളും ചുമര്‍ചിത്രങ്ങളും വാസ്തുകലയും എല്ലാം ചേര്‍ന്ന സമ്പന്നമായ ഒരു പാരമ്പര്യം. പിന്നീടു നാം ചിത്രങ്ങള്‍ക്കുള്ള പ്രാധാന്യം കുറയ്ക്കുകയും വാക്കുകളിലേയ്ക്കു തിരിയുകയും ചെയ്തു. ചിത്രങ്ങള്‍ക്കു മനുഷ്യഹൃദയങ്ങളിലുണ്ടാക്കാന്‍ കഴിയുന്ന സ്വാധീനം വാക്കുകള്‍ക്കുണ്ടാക്കാന്‍ കഴിയില്ല. ഇന്നും നമ്മുടെ പള്ളികള്‍ ചിത്രങ്ങളേയും ശില്പങ്ങളേയും ഉപയോഗിക്കുന്നുണ്ട്. പക്ഷേ അതൊരു തരം അലങ്കാരമായാണു കാണുന്നത്. കലയേക്കാള്‍ കരകൗശലവിദ്യയും വര്‍ണാഭമായ അലങ്കാരപ്പണികളുമാണ് നാം നടത്തുന്നത്. കോടികള്‍ ചിലവഴിച്ചു നിര്‍മ്മിച്ച നമ്മുടെ പുതിയ ദേവാലയങ്ങള്‍ അതിനു തെളിവു തരും.

ചിത്രം തന്നെ ഒരു പ്രാര്‍ത്ഥനയെന്നാണു ആദിമസഭ കരുതിയിരുന്നത്. ഭൂഗര്‍ഭദേവാലയങ്ങളുടെ കാലത്ത് ചിത്രങ്ങളെ ഭിത്തിയിലെ പ്രാര്‍ത്ഥനകളെന്നാണു വിളിച്ചിരുന്നത്. ആര്‍ഭാടത്തിന്‍റെ ഭാഗമായ അലങ്കാരമായിട്ടല്ല, വരുന്ന വിശ്വാസികള്‍ക്ക് ആത്മീയാനുഭവം പകരുന്നതിനുള്ള കലാസൃഷ്ടികളായിട്ടാണ് പള്ളിയിലെ കലാവിഷ്കാരങ്ങലെ കാണേണ്ടത്. അതേ കുറിച്ചുള്ള ഒരു പുനഃവിചിന്തനത്തിനു ഈ ബിനാലെ സഭയ്ക്ക് ഒരു അവസരമാക്കാവുന്നതാണ്.

Comments

One thought on “ഭിത്തിയിലെ പ്രാര്‍ത്ഥനകള്‍, പ്രതിഷ്ഠാപനത്തിലൂടെയുള്ള പ്രഘോഷണങ്ങള്‍”

  1. James Poothara says:

    I liked the way Father has explained the complicated Binale concepts in a way which could be understood by ordinary people. I side with your comments expressed therein.
    Thanks for Sathydeepam to start such a readers playform on the topics they publish in the weekly.

Leave a Comment

*
*