Latest News
|^| Home -> Cover story -> ലൈംഗികാപവാദ പ്രതിസന്ധിഘട്ടത്തില്‍ സഭാവിജ്ഞാനീയവും സഭാനവീകരണവും

ലൈംഗികാപവാദ പ്രതിസന്ധിഘട്ടത്തില്‍ സഭാവിജ്ഞാനീയവും സഭാനവീകരണവും

Sathyadeepam

പ്രൊഫ. മാസ്സിമോ ഫാജ്ജിയോലി, ഫിലാഡല്‍ഫിയ

കുട്ടികള്‍ പുരോഹിതരുടെ ലൈംഗികചൂഷണങ്ങള്‍ക്കിരകളായതിനോടു ബന്ധപ്പെട്ടു കത്തോലിക്കാസഭയിലുണ്ടായ പ്രതിസന്ധിയെ ഫ്രാന്‍സിസ് മാര്‍പാപ്പ കൈകാര്യം ചെയ്തതു ചരിത്രം എപ്രകാരം വിലയിരുത്തുമെന്ന് അറിയാനിരിക്കുന്നതേയുള്ളൂ. ഈ പ്രതിസന്ധിയുടെ ഏറ്റവും ഗുരുതരമായ ഘട്ടത്തിലൂടെ കടന്നു പോകുകയാണ് ഇപ്പോള്‍ അദ്ദേഹത്തിന്‍റെ നേതൃത്വം.

വ്യക്തിപരമായ ഉദ്ദേശ്യശുദ്ധികളുടെ വിശ്വാസ്യതയാല്‍ മാത്രമല്ല ഈ വിഷയത്തിലെ മാര്‍പാപ്പയുടെ സംഭാവന വിലയിരുത്തപ്പെടുക. സമകാലിക കത്തോലിക്കാസഭയുടെ ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ ഈ ദുരന്തത്തെ കൈകാര്യം ചെയ്യുന്നതില്‍ അദ്ദേഹവും സഭയും പ്രകടിപ്പിച്ച കഴിവിന്‍റെ കൂടി അടിസ്ഥാനത്തിലായിരിക്കുമത്. ചില കാര്യങ്ങള്‍ അദ്ദേഹത്തെ ആശ്രയിച്ചിരിക്കുന്നു, ചിലത് അങ്ങനെയല്ല. ഉദാഹരണത്തിന്, കുട്ടികളുടെ അവകാശസംരക്ഷണത്തിനുള്ള പൊന്തിഫിക്കല്‍ കമ്മീഷന്‍റെ അധികാരം അദ്ദേഹം പുതുക്കി. പകുതിയോളം അംഗങ്ങളെ നിലനിറുത്തുകയും ഉപദേശകസമിതിയില്‍ പുതിയ അംഗങ്ങളെ നിയമിക്കുകയും ചെയ്തു. പക്ഷേ നടപ്പാക്കപ്പെടേണ്ട നിരവധി സംരംഭങ്ങളില്‍ ഒന്നു മാത്രമാണു കമ്മീഷന്‍. അതു കൂടുതല്‍ ഫലപ്രദമാകേണ്ടതുമുണ്ട്.

പെറു സന്ദര്‍ശിക്കുമ്പോള്‍ ഈശോസഭാംഗങ്ങളുമായുള്ള ഒരു കൂടിക്കാഴ്ചയ്ക്കിടെ ലൈംഗികാപവാദപ്രതിസന്ധിയെ കുറിച്ച് അദ്ദേഹത്തോടു ചോദ്യങ്ങള്‍ ഉന്നയിക്കപ്പെട്ടു. കത്തോലിക്കാസഭയ്ക്കുണ്ടായ വലിയൊരു അപമാനമാണ് ഇതെന്ന് അദ്ദേഹം അവിടെ പറഞ്ഞു. “ഇതു നമ്മുടെ ബലഹീനത മാത്രമല്ല കാണിക്കുന്നത്. നമ്മുടെ കാപട്യത്തിന്‍റെ തോതും ഇതു വ്യക്തമാക്കുന്നുണ്ട്,” അദ്ദേഹം സമ്മതിച്ചു. ചില പുതിയ സന്യാസസമൂഹങ്ങളുടെ സ്ഥാപകര്‍ ഈ ചൂഷണക്കേസുകളില്‍ വീണുപോയിട്ടുണ്ടെന്നതു ശ്രദ്ധിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹ്രസ്വകാല പരിഹാരങ്ങള്‍ക്കപ്പുറത്ത് ഈ പ്രതിസന്ധിയെ എങ്ങനെ കൈകാര്യം ചെയ്യുമെന്നതും പരിഷ്കരണത്തിന്‍റെ ഒരു ദീര്‍ഘകാലപാതയില്‍ ഇതിനോടുള്ള സഭാത്മക പ്രതികരണത്തെ എപ്രകാരം പ്രതിഷ്ഠിക്കുമെന്നതുമാണ് വെല്ലുവിളി. സഭാനവീകരണത്തെ സംബന്ധിച്ച ഏതൊരാശയവും സഭയുടെ ദൗത്യത്തേയും സ്വഭാവത്തേയും സംബന്ധിച്ച ആശയങ്ങളില്‍, അതായത് സഭാവിജ്ഞാനീയത്തില്‍ അധിഷ്ഠിതമായിരിക്കണം. എല്ലാ സഭാവിജ്ഞാനീയവും സഭയുടെ പാരമ്പര്യത്തേയും ചരിത്രത്തേയും സംബന്ധിച്ച ധാരണയില്‍ അധിഷ്ഠിതമായിരിക്കുകയും വേണം.

ലൈംഗികാപവാദപ്രതിസന്ധി സഭയുടെ ചരിത്രത്തില്‍ എവിടെ സ്ഥാനപ്പെടുത്തുമെന്ന് നാം ഇതുവരേയും തിരിച്ചറിഞ്ഞിട്ടില്ലെന്നതാണ് ഇന്നത്തെ പ്രശ്നം. പ്രാദേശികസഭകളില്‍ ഇതുണ്ടാക്കിയ ആഘാതങ്ങളെ കുറിച്ചുള്ള പഠനങ്ങള്‍ ഉണ്ടായിട്ടുണ്ട്. പുരോഹിതര്‍ ലൈംഗികചൂഷകരായതിന്‍റെ സാംസ്കാരികവും നരവംശശാസ്ത്രപരവുമായ കാരണങ്ങള്‍, ഇരകളില്‍ അതേല്‍പിച്ച മുറിവുകളുടെ ആത്മീയമാനങ്ങള്‍ തുടങ്ങിയവയെല്ലാം പഠിക്കപ്പെട്ടിട്ടുണ്ട്. ചൂഷണങ്ങള്‍ നടക്കാനിടയായ സംവിധാനങ്ങളെ കുറിച്ചുള്ള ആഴമേറിയ റിപ്പോര്‍ട്ടുകളും പുറത്തു വന്നിട്ടുണ്ട്.

എന്നാല്‍ ആഗോളസഭയില്‍ എപ്പോള്‍, എവിടെയാണ് ലൈംഗികചൂഷണസംഭവങ്ങള്‍ ആരംഭിച്ചതെന്നതിനെ കുറിച്ചു വ്യക്തമായ ധാരണ നമുക്കിപ്പോഴും ഇല്ല. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു ശേഷം അമേരിക്കയില്‍ മാത്രമാണ് ഇതു സംഭവിച്ചതെന്ന് ഇനി നമുക്കു വിശ്വസിക്കാനാവില്ല. ലോകമാകെ ഇതു നടന്ന വര്‍ഷങ്ങളെ കുറിച്ചു നമുക്കറിയില്ല. പക്ഷേ, പുരോഹിതരുടെ ലൈംഗികചൂഷണത്തിന്‍റെ സഭാവിജ്ഞാനീയത്തെ കുറിച്ചും സഭയിലുണ്ടാകേണ്ട സ്ഥാപനാത്മകവും സാംസ്കാരികവുമായ നവീകരണത്തെകുറിച്ചുമുള്ള വിചിന്തനം ഉടന്‍ ആരംഭിക്കാതിരിക്കാന്‍ ഇതൊരു കാരണമല്ല.

ലൈംഗികാപവാദപ്രതിസന്ധിയെ കുറിച്ചുള്ള സഭാവിജ്ഞാനീയത്തിന്‍റെ ഭാഗമാകേണ്ട ചില വി ഷയങ്ങള്‍ നമുക്കു പരിശോധിക്കാം.

ആദ്യവിഷയങ്ങള്‍ പാപ്പാസ്ഥാനവും വത്തിക്കാനുമാണ്. കഴിഞ്ഞ പത്തു നൂറ്റാണ്ടുകളായി കത്തോലിക്കാസഭയിലെ അപവാദങ്ങളും ചൂഷണങ്ങളുമെല്ലാം പരിശോധിച്ചിരുന്നതും പരിഹരിച്ചിരുന്നതും റോം കേന്ദ്രീകരിച്ചുള്ള സംവിധാനങ്ങളിലൂടെയായിരുന്നു. 11, 12 നൂറ്റാണ്ടുകളിലുണ്ടായ ഗ്രിഗോറിയന്‍ നവീകരണം മുതല്‍ ആധുനികതയുടെ ആദ്യകാലങ്ങളില്‍ റോമന്‍ കൂരിയായിലുണ്ടായ അഴിമതി വരെയുള്ള കാര്യങ്ങളില്‍ സാമാന്യമായ പ്രതിരോധ നടപടിയെന്നത് റോമിനും പാപ്പായ്ക്കും കൂടുതല്‍ അധികാരങ്ങള്‍ നല്‍കുക എന്നതായിരുന്നു.

ഇന്ന് ആഗോളസഭയിലുണ്ടായിരിക്കുന്ന ലൈംഗികാപവാദപ്രതിസന്ധിക്കുള്ള ഉത്തരം മറ്റൊരു കേന്ദ്രീകരണമാണോ എന്നതു വ്യക്തമല്ല. ചിലെയിലെ പ്രാദേശിക സഭയിലെ രാഷ്ട്രീയം പ്രാദേശികസഭാധികാരവും റോമും തമ്മിലുള്ള ബന്ധങ്ങളെ സങ്കീര്‍ണമാക്കിയിട്ടുണ്ട്. ലൈംഗികചൂഷകരായ പുരോഹിതരെ പരസ്യമായി തള്ളിപ്പറയാന്‍ മടിക്കുകയോ അതിനു കഴിയാതിരിക്കുകയോ ചെയ്യുന്ന മെത്രാന്മാരെ നേരിടാന്‍ റോമന്‍ കൂരിയായില്‍ മറ്റൊരു സൂപര്‍ ട്രിബ്യൂണല്‍ ശരിക്കും നമുക്ക് ആവശ്യമാണോ? അഥവാ, കൂടുതല്‍ വികേന്ദ്രീകൃതമായ ഒരു സഭയാണോ നമുക്കാവശ്യം? പുരോഗമന കത്തോലിക്കാവിശ്വാസത്തിന്‍റെ സഭാവിജ്ഞാനീയം സാധാരണ ഗതിയില്‍ റോമിലേയ്ക്കു കൂടുതല്‍ അധികാരം വരുന്നതിന് എതിരാണ്. പക്ഷേ ചൂഷകരെ ശിക്ഷിക്കുന്ന കാര്യം വരുമ്പോള്‍ റോമിന്‍റെ പങ്കിനെ കുറിച്ച് ഈ പുരോഗമന സഭാവിജ്ഞാനീയത്തിനും ചാഞ്ചല്യമുണ്ട്.

ഇതിന്‍റെ മറുപുറത്ത്, ഫ്രാന്‍സിസിനെ കുറിച്ചു കേള്‍ക്കാന്‍ ഇഷ്ടമില്ലാത്ത യാഥാസ്ഥിതിക-പാരമ്പര്യവാദ സഭാവിജ്ഞാനീയവും ചരിത്രപരമായി തന്നെ കൂടുതല്‍ പ്രാദേശികവും സാര്‍വത്രികത കുറഞ്ഞതുമായ സഭാവിജ്ഞാനീയത്തിന് എതിരാണ്. സഭാചരിത്രത്തിലെ എല്ലാ പ്രധാനപ്രതിസന്ധികളും, സഭയുടെ കേന്ദ്രവും അതിരുകളും തമ്മിലുള്ള ബന്ധത്തിന്‍റെ ചില വശങ്ങളെ പുനര്‍നിര്‍വചിച്ചിട്ടുണ്ട്. ഈ ആഭ്യന്തര വിഷയത്തിലും ലൈംഗികാപവാദ പ്രതിസന്ധി സ്വാധീനം ചെലുത്താനിടയുണ്ട്.

ലൈംഗികാപവാദ പ്രതിസന്ധി മൂലം മെത്രാന്‍ സ്ഥാനത്തിന്‍റെ സഭാവിജ്ഞാനീയം ചോദ്യം ചെയ്യപ്പെടുമ്പോള്‍ മെത്രാന്മാര്‍ ഏതൊക്കെ വിഷയങ്ങളില്‍ ആരോടാണ് കണക്കു പറയേണ്ടതെന്ന വിഷയമാണ് രണ്ടാമതായി ഉയര്‍ന്നു വരുന്നത്.

മനുഷ്യജീവനുമായി ബന്ധപ്പെട്ടതും വനിതാപൗരോഹിത്യവുമായി ബന്ധപ്പെട്ടതുമായ വത്തിക്കാന്‍റെ പ്രബോധനനയങ്ങളോടു ചേര്‍ന്നു നില്‍ക്കുന്നുണ്ടോ എന്നതായിരുന്നു ഇക്കഴിഞ്ഞ ദശകങ്ങളില്‍ മെത്രാന്‍ തിരഞ്ഞെടുപ്പിന്‍റെ മാനദണ്ഡം. അജപാലന സേവനം നിര്‍വഹിക്കാനുള്ള അവരുടെ പ്രാഗത്ഭ്യം പരിഗണിക്കപ്പെട്ടിരുന്നില്ല. പ്രാദേശികസഭകളില്‍ നിന്നുള്ള വിവരങ്ങള്‍ ഉപയോഗിക്കാതിരിക്കുന്നതും മെത്രാന്‍റെ തിരഞ്ഞെടുപ്പില്‍ വിശ്വാസികളുടെ അഭിപ്രായങ്ങളറിയാത്തതും ഈ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പുനപരിശോധിക്കേണ്ടതാണ്.

കൂടാതെ, രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ മുതല്‍ മെത്രാന്‍റെ പങ്ക് കൂടുതലും ഭരണപരമായ കാര്യങ്ങളിലേയ്ക്കു മാറിയിരിക്കുകയാണ്. ഒരു അജപാലകനേക്കാള്‍ സിഇഒ എന്ന നിലയിലായിരിക്കുന്നു മെത്രാന്‍റെ ദൗത്യം. ഈ മാറ്റത്തെ ശക്തിപ്പെടുത്തുകയാണ് ലൈംഗികാപവാദപ്രതിസന്ധി. ഇടവകകളും സ്കൂളുകളും അടച്ചു പൂട്ടാതിരിക്കാന്‍ വേണ്ടി ലഭ്യമായ വിഭവങ്ങളെല്ലാം ഉപയോഗപ്പെടുത്തുന്നതിനാണു മെത്രാന്മാരുടെ സമയത്തിന്‍റെ സിംഹഭാഗവും ഉപയോഗിക്കപ്പെടുന്നത് എന്നതിനാല്‍ ലൈംഗികാപവാദ പ്രതിസന്ധിക്കുള്ള ആത്മീയവും ദൈവശാസ്ത്രപരവുമായ പ്രതികരണത്തെ കുറിച്ചുള്ള സഭാവിജ്ഞാനീയപരമായ വിചിന്തനം മെത്രാന്മാരുടെ ഭാഗത്തു നിന്നുണ്ടാകാനിടയില്ല.

പുരോഹിതരുടേയും അല്മായരുടേയും സഭാവിജ്ഞാനീയത്തെക്കുറിച്ച് ലൈംഗികാപവാദപ്രതിസന്ധി എന്തു പറയുന്നു എന്നതാണു മൂന്നാമത്തെ വിഷയം. പുരോഹിതരും അല്മായരും പരസ്പരം എങ്ങനെ കാണുന്നു എന്നതില്‍ ലൈംഗികാപവാദപ്രതിസന്ധി മാറ്റമൊന്നും ഉണ്ടാക്കിയിട്ടില്ല എന്നു നടിച്ചിട്ടു കാര്യമില്ല. വിശേഷിച്ചും പുരുഷ പുരോഹിതസമൂഹത്തെ സ്ത്രീകളും യുവജനങ്ങളും എപ്രകാരം കാണുന്നുവെന്നത്. ഇരുപതാം നൂറ്റാണ്ടിന്‍റെ അന്ത്യത്തില്‍ ഇറ്റാലിയന്‍ അല്മായ ദൈവശാസ്ത്രജ്ഞനായ മാര്‍കോ വെര്‍ ഗോറ്റിനി അല്മായരുടെ ദൈവശാസ്ത്രമെന്നു വിശേഷിപ്പിച്ചതിനെയും കൗദാശികാഭിഷേകത്തേക്കാള്‍ സാക്ഷ്യത്തില്‍ അധിഷ്ഠിതമായ ഒരു സഭാവിജ്ഞാനീയത്തിന്‍റെ ആരംഭത്തെയും നിര്‍ണയിക്കുന്ന ഘടകങ്ങളാണ് ഇവ.

പുരോഹിതരുടെ ലൈംഗിക ചൂഷണങ്ങളുടെ ബലതന്ത്രം അന്വേഷിക്കുന്നവര്‍ സാധാരണയായി ഉയര്‍ത്തുന്ന ഒരു വിഷയമാണ് ബ്രഹ്മചര്യനിയമം. ഉദാഹരണത്തിന് ആസ്ത്രേലിയായിലെ റോയല്‍ കമ്മീഷന്‍റെ അന്തിമ റിപ്പോര്‍ട്ട്. പക്ഷേ മറ്റ് സഭാവിജ്ഞാനീയ മാനങ്ങള്‍ കൂടി പരിശോധിക്കപ്പെടേണ്ടതുണ്ട്. ഉദാഹരണത്തിനു പുരോഹിതരുടെ ജീവിതശൈലി. രൂപതാവൈദികര്‍ മിക്കപ്പോഴും ഒറ്റയ്ക്കാണു ജീവിക്കുന്നത്. സമൂഹത്തിനു സേവനങ്ങള്‍ നല്‍കേണ്ട ഏകാകികളായി അവര്‍ കാണപ്പെടുന്നു. മറ്റു വൈദികരുടെ സമൂഹത്തില്‍ അവര്‍ ജീവിക്കുന്നത് അപൂര്‍വമാണ്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ ഉയര്‍ന്നു വരികയും അന്തിമരേഖകളില്‍ അവഗണിക്കപ്പെടുകയും ചെയ്ത ഒരു നിര്‍ദേശമായിരുന്നു ഇത്.

പേപ്പല്‍ നുണ്‍ഷ്യോമാരുടെ സഭാവിജ്ഞാനീയത്തെ പുതിയൊരു കാഴ്ചയ്ക്കു വിധേയമാക്കേണ്ടതിന്‍റെ ആവശ്യകതയിലേയ്ക്കും ലൈംഗികാപവാദപ്രതിസന്ധി വിരല്‍ചൂണ്ടുന്നു. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ മുതല്‍ പേപ്പല്‍ സ്ഥാനപതിമാരുടെ ദൗത്യം മാറിയിട്ടുണ്ട്. കത്തോലിക്കരെ മാത്രം ബാധിക്കുന്ന വിഷയങ്ങളല്ല അവര്‍ ഇപ്പോള്‍ പറയുന്നത്. ലോകത്തെയും മനുഷ്യവംശത്തേയും സേവിക്കുകയാണ് അവര്‍.

ഈ മാറ്റത്തെ പിന്തുണയ്ക്കുന്നയാളാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. പക്ഷേ സഭാത്മ സമൂഹത്തേക്കാള്‍ സ്ഥാപനത്തെ സംരക്ഷിക്കുകയാണ് പേപ്പല്‍ നയതന്ത്രവിഭാഗം ചെയ്യുന്നതെന്ന് ചിലെയിലെ ലൈംഗികാപവാദപ്രതിസന്ധി തെളിയിച്ചു. സ്ഥാപനമെന്ന നിലയില്‍ വത്തിക്കാന്‍ നയതന്ത്രജ്ഞര്‍ പ്രാദേശികസഭകളില്‍ നിന്നു സ്വതന്ത്രമായി നില്‍ക്കുന്നത് ചില വിഷയങ്ങളില്‍ നല്ലതാണ്. പക്ഷേ സ്വാതന്ത്ര്യവും ഉത്തരവാദിത്വമില്ലായ്മയും തമ്മില്‍ വ്യത്യാസമുണ്ട്.

സഭയുടെ സമ്പത്തിന്‍റെ സഭാവിജ്ഞാനീയവും ഇവിടെ ഒരു വിഷയമാണ്. സഭയുടെ സ്വത്തുക്കള്‍ സംരക്ഷിക്കാനുള്ള പുരോഹിതസമൂഹത്തിന്‍റെ സഹജമായ താത്പര്യം ലൈംഗികാപവാദപ്രതിസന്ധിയുടെ ചരിത്രത്തില്‍ നമുക്കു കാണാം. അതേസമയം തന്നെ സാമ്പത്തിക കുറ്റങ്ങളും ലൈംഗികചൂഷണവും പലപ്പോഴും ഒരേ ചിത്രത്തിന്‍റെ തന്നെ ഭാഗമായി വരികയും ചെയ്യുന്നു. ദരിദ്രമായ സഭ, ദരിദ്രര്‍ക്കുവേണ്ടിയുള്ള സഭ എന്ന ആശയം ലൈംഗികാപവാദ പ്രതിസന്ധിയോടുള്ള ഒരു പ്രതികരണമാണ്.

പുതിയ, സമ്പന്നമായ ചില സന്യാസസഭകളെ ലൈംഗികാപവാദപ്രതിസന്ധി ബാധിച്ചതു ശ്രദ്ധേയമാണെന്ന് ചിലെയില്‍ വച്ചു ഫ്രാന്‍സിസ് മാര്‍പാപ്പ പറയുകയും ചെയ്തു. “അധികാരത്തോടു ബന്ധപ്പെട്ട ഒരു മനോഭാവത്തിന്‍റെ ഫലമാണ് ഈ സമൂഹങ്ങളിലെ ചൂഷണങ്ങള്‍. അതു വേരുകളില്‍ തന്നെ ചികിത്സിക്കപ്പെടേണ്ടതാണ്. ദുരുപയോഗത്തിന്‍റെ മൂന്നു തലങ്ങളാണ് ഒന്നിച്ചു വരുന്നത്. അധികാരത്തിന്‍റെ ദുരുപയോഗം, ലൈംഗിക ദുരുപയോഗം, സാമ്പത്തിക ദുരുപയോഗം,” മാര്‍പാപ്പ പറഞ്ഞു.

മേല്‍പറഞ്ഞ എല്ലാ ഘടകങ്ങളും ഇതു സംബന്ധിച്ച വിചിന്തനത്തിന്‍റെ ഭാഗമാകേണ്ടതുണ്ട്.

സഭയുടെ മാതൃകകള്‍ എന്ന തന്‍റെ വിഖ്യാതമായ കത്തോലിക്കാ സഭാവിജ്ഞാനീയ ഗ്രന്ഥത്തില്‍ കത്തോലിക്കാസഭയ്ക്കുള്ളിലെ സംവാദത്തില്‍ വിവിധ സഭാവിജ്ഞാനീയമാതൃകകള്‍ക്കുള്ള പങ്കിനെ കുറിച്ച് കാര്‍ഡിനല്‍ അവെരി ഡള്ളസ് പറഞ്ഞിട്ടുണ്ട്. “യാഥാര്‍ത്ഥ്യത്തിന്‍റെ സൈദ്ധാന്തിക ധാരണ ആഴപ്പെടുത്തുന്നതിനു വിചിന്തനാത്മകമായും വിമര്‍ശനാത്മകമായും ഉ പയോഗിക്കാവുന്ന ഒരു മാതൃക” അദ്ദേഹം വിവരിക്കുന്നുണ്ട്.

1974-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ഈ പുസ്തകം കഴിഞ്ഞ ദശകത്തിന്‍റെ തുടക്കത്തില്‍ പരിഷ്കരിക്കപ്പെട്ടു. കത്തോലിക്കാ സഭാവിജ്ഞാനീയത്തിന് ഇപ്പോഴും ഇതു വളരെ ആശ്രയിക്കാവുന്ന ഒരാമുഖമാണ്. ലൈംഗികാപവാദപ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇതു വീണ്ടും നവീകരിക്കാവുന്നതുമാണ്.

ആദ്യ അദ്ധ്യായത്തില്‍ തന്നെ ഡള്ളസ് പറയുന്നു, “പ്രായോഗിക ദുരുപയോഗത്തിലേയ്ക്കു നയിക്കുന്ന ഒരു മാതൃക സൈദ്ധാന്തിക കാഴ്ചപ്പാടില്‍നിന്നു നോക്കിയാലും ഒരു മോശം മാതൃകയാണ്.”

പ്രൊട്ടസ്റ്റന്‍റ് നവീകരണത്തിന്‍റെ കാരണങ്ങളില്‍പ്പെടുന്ന ദണ്ഡവിമോചനത്തെയാണ് അദ്ദേഹം ഇവിടെ പരാമര്‍ശിച്ചത്. എന്നാല്‍, ലൈംഗികാപവാദപ്രതിസന്ധിയും പരിഷ്കരിക്കപ്പെടേണ്ട സഭാവിജ്ഞാനീയമാതൃകയിലേയ്ക്കു വിരല്‍ ചൂണ്ടുന്നുണ്ടോ എന്നു നാം ആത്മപരിശോധന ചെയ്യേണ്ടതാണ്.

Leave a Comment

*
*