Latest News
|^| Home -> Cover story -> സംശയി(പ്പി)ക്കുന്ന പാപ്പ

സംശയി(പ്പി)ക്കുന്ന പാപ്പ

Sathyadeepam

ജോസ് പുതുശ്ശേരി

“വിശ്വാസപരവും ധാര്‍മ്മികവുമായ കാര്യങ്ങളില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ജനങ്ങളില്‍ ഉണ്ടാക്കുന്ന
അനിതരസാധാരണമായ സംശയങ്ങള്‍, അത്തരം വിഷയങ്ങളിന്മേല്‍ ആഴത്തില്‍ ചിന്തിക്കാന്‍
അവരെ പ്രേരിപ്പിക്കുന്നു.”

സഭയുടെ നൂറ്റാണ്ടുകളായിട്ടുള്ള പരമ്പര്യങ്ങള്‍ക്കും, ആധികാരികമായിട്ടുള്ള പഠനങ്ങള്‍ക്കും ഉപരിയായി ഫ്രാന്‍സിസ് മാര്‍പാപ്പ എടുത്ത ചില നിലപാടുകളെ അധികരിച്ച് ഏതാനും പത്രപ്രവര്‍ത്തകര്‍ പാപ്പയുമായി ഒരു അഭിമുഖസംഭാഷണം നടത്തി. അവരുടെ സംവാദത്തില്‍ നിന്നുരിത്തിരിഞ്ഞതും, ആ കൂടിക്കാഴ്ച്ചയുടെ കാതല്‍ എന്നുതന്നെ വിശേഷിപ്പിക്കാവുന്നതുമാ യ ഒരു വാക്യമാണ് ലേഖനത്തിന്‍റെ ആരംഭത്തില്‍ കുറിച്ചിരിക്കുന്നത്. ‘വിശ്വാസപരവും ധാര്‍മ്മികവുമായ കാര്യങ്ങളില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ജനങ്ങളില്‍ ഉണ്ടാക്കുന്ന അനിതരസാധാരണമായ സംശയങ്ങള്‍, അത്തരം വിഷയങ്ങളിന്മേല്‍ ആഴത്തില്‍ ചിന്തിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നു.’ വിവാഹേതര ബന്ധത്തില്‍ പിറന്ന കുഞ്ഞിനെ സ്നാനപ്പെടുത്തുന്നതും, സഭാക്കോടതികള്‍ വിവാഹമോചനത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ വൈകിപ്പിക്കരുതെന്ന് പറയുന്നതും, വിവാഹം എന്ന കൂദാശ വിമാനത്തില്‍ വച്ചും ആശീര്‍വദിക്കാന്‍ തടസ്സമില്ല എന്ന് കാണിച്ചു കൊടുത്തതും, കുര്‍ബാനയുള്‍പ്പെടെ കൂദാശകള്‍ക്ക് പണം കൈപ്പറ്റരുത് എന്ന് സ്നേഹബുദ്ധ്യാ കാര്‍ക്കശ്യത്തോടെ പറഞ്ഞതുമൊക്കെ ഈ കണ്‍ഫ്യൂഷന്‍ വിശ്വാസികളില്‍ സൃഷ്ടിക്കാനാണ്. കാലാകാലങ്ങളായി നിലനിന്നുപോരുന്ന പാരമ്പര്യങ്ങളെയും അതിന്‍റെ ചങ്ങലപ്പാടുകളേയും കവച്ച് വയ്ക്കാന്‍, അത്തരമൊരു ചുവടുവയ്പ്പ് ഈ കാലഘട്ടത്തിന്‍റെ അനിവാര്യതയാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനും പാപ്പ കണ്ടെത്തിയ ഏറ്റവും നല്ല ഉപാധിയാണ് വിശ്വാസികളില്‍ ക്രിയാത്മകമായ സംശയങ്ങള്‍ ജനിപ്പിക്കുക എന്നത്. സ്വതസിദ്ധവും എന്നാല്‍ വളരെയേറെ ധൈര്യം ആവശ്യമുള്ളതുമായ ഈ തിരിച്ചറിവാണ് പാപ്പ ഉണ്ടാക്കുന്ന കണ്‍ഫ്യൂഷനുകളുടെ അടിസ്ഥാനം. യഥാര്‍ത്ഥ അദ്ധ്യാപനം വിദ്യാര്‍ത്ഥികളില്‍ കാമ്പുള്ള സംശയങ്ങളും ചോദ്യങ്ങളും വിരിയിക്കുക എന്നതാണെന്ന് വായിച്ചതോര്‍ക്കുന്നു. ‘ഞാന്‍ വന്നിരിക്കുന്നത് നിങ്ങളുടെ ഇടയില്‍ തീ ഇടാനാണ്’ എന്ന കര്‍ത്താവിന്‍റെ മൊഴി തന്നെയാണ് ഇവിടെ അന്വര്‍ത്ഥമാവുക.

അവരുടെ ഗുരുക്കന്മാരെപ്പോലെയല്ല അവന്‍ പഠിപ്പിച്ചത്, അന്നുവരെ പഠിപ്പിച്ചതുമല്ല അവന്‍ പറഞ്ഞത് എന്ന സാക്ഷ്യം (മര്‍ക്കോ. 1:21) തന്നെ ക്രിസ്തു അവന്‍റെ കേള്‍വിക്കാരില്‍ ഒത്തിരി സംശയങ്ങള്‍ ജനിപ്പിച്ചു എന്നതിന്‍റെ തെളിവാണ്. സാബത്തില്‍ അവന്‍ രോഗശാന്തി നല്‍കിയതും, വ്യഭിചാരത്തില്‍ പിടിക്കപ്പെട്ടവളെ ആരാച്ചാരന്മാരില്‍ നിന്ന് രക്ഷിച്ചതും, കുഷ്ഠരോഗിയെ സ്പര്‍ശിച്ചതും, സ്ത്രീകളെ കൂടെ കൂട്ടിയതും ഒക്കെ അവന്‍റെ കേള്‍വിക്കാരില്‍ സംശയത്തിന്‍റെ മുളകള്‍ പാകിയതിനു ശേഷം മാത്രമാണ്, അത്ഭുതത്തിന്‍റേയും ആരാധനയുടേയും പൂക്കള്‍ വിടര്‍ത്തിയത്. ക്രിസ്തു അവന്‍റെ സാമൂഹ്യ ചുറ്റുപാടിന് നല്‍കിയ അത്രയും അരക്ഷിതാവസ്ഥ ഇന്നോളം ഈ ഭൂമിയില്‍ മറ്റാരും ആര്‍ക്കും നല്‍കിയിട്ടുണ്ടാവില്ല. അവന്‍റെ എത്രയെത്ര പരാമര്‍ശങ്ങളാണ് വിമര്‍ശനങ്ങള്‍ക്കും, പുനര്‍വിചിന്തനത്തിനും കാരണമായിട്ടുള്ളത്. യഹൂദരുടെ പാരമ്പര്യത്തെക്കുറിച്ചുണ്ടായ വിവാദം (മര്‍ക്കോ. 7), ശുദ്ധിയേയും അശുദ്ധിയേയും കുറിച്ചുണ്ടായ വിവാദം (മത്താ. 15), വിവാഹമോചനത്തെക്കുറിച്ചുണ്ടായ തര്‍ക്കം (മര്‍ക്കോ 10), പുനരുത്ഥാനത്തെ കുറിച്ചുണ്ടായ തര്‍ക്കം (മര്‍ക്കോ 12). ക്രിസ്തുവിന്‍റെ പ്രബോധനവും, പ്രവൃത്തികളും കൊണ്ടുണ്ടായ തര്‍ക്കങ്ങളുടേയും വിവാദങ്ങളുടേയും നിര ഇനിയും നീളുകയാണ്. അതുകൊണ്ടു തന്നെയാണ് രാവും പകലും കൂടെ നടന്നിരുന്ന ശിഷ്യന്മാര്‍ക്ക് പോലും, അവസാന മണിക്കൂറുകളില്‍ ഒത്തിരി ചോദ്യങ്ങള്‍ ബാക്കിയാവുന്നത്.

ആധികാരികതയുള്ള സംശയങ്ങളും ചോദ്യങ്ങളും ഉള്ളിടത്ത് ക്രിയാത്മകവും വ്യക്തവുമായ ഉത്തരങ്ങള്‍ രൂപപ്പെടുന്നു. അത് സമൂഹത്തിന്‍റെ നിര്‍മ്മിതിക്കും, ചരിത്രത്തിന്‍റെ പുനര്‍വായനയ്ക്കും കാരണവുമാകുന്നു. ഈ പാഠ്യരീതിക്ക് ക്രിസ്തുവിനേക്കാള്‍ പഴക്കമുണ്ട് എന്നത് ചരിത്രവസ്തുതയാണ്. സോക്രട്ടീസ് ചോദ്യങ്ങള്‍ ചോദിച്ച് മാത്രം തന്‍റെ ശിഷ്യന്മാരെ പഠിപ്പിച്ചിരുന്നതായി നാം വായിക്കുന്നുണ്ട്. കൃത്യമായ ഉത്തരം പറയുന്ന അര്‍ത്ഥിയേക്കാള്‍ ഉദാത്തമായ സംശയം ചോദിക്കുന്ന ശിഷ്യനെ ആശ്ലേഷിച്ചിരുന്ന ഒരു ഗുരു സമൂഹം ഭാരതത്തിനുണ്ട്. കാരണം, സംശയങ്ങള്‍ അറിവിന്‍റെയും, അരക്ഷിതാവസ്ഥ അതിജീവനത്തിന്‍റേയും ആരംഭമാണെന്ന് അവര്‍ മനസ്സിലാക്കിയിരുന്നു. ഇതേ രീതിയാണ് മാര്‍പാപ്പയും അവലംബിച്ചിരിക്കുന്നത്.

ദശാബ്ദങ്ങളായി ദൈവശാസ്ത്ര സംബന്ധമായ വേദികളിലേക്കും, ഗഹനമായ പ്രബന്ധങ്ങളിലേക്കും മാത്രം ചുരുങ്ങിപ്പോയ വിശ്വാസ സംബന്ധമായ എത്രയോ വിഷയങ്ങളാണ് ഇന്ന് പൊതുസമൂഹം ചര്‍ച്ച ചെയ്യുന്നത്. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ സഭയുടെ വാതായനങ്ങള്‍ തുറന്ന് തികച്ചും വിപ്ലവാത്മകമായ ഒരു നിലപാടെടുത്തു. സഭയെ അവളുടെ സുരക്ഷിത മേഖലകളില്‍നിന്ന് തെരുവിലേക്കും, ചന്തയിലേക്കും, കളിക്കളത്തിലേക്കുമൊക്കെ ഇറക്കിവിട്ടു. അവള്‍ക്ക് ഇറങ്ങിച്ചെല്ലാനാവാത്തതും, അവള്‍ക്ക് ഇടപെടാനാവാത്തതുമായ ഒരു വിഷയവും ഈ ഭൂമിയിലില്ല എന്ന യാഥാര്‍ത്ഥ്യം അരക്കെട്ടുറപ്പിച്ചു. ക്രിസ്തുവിന്‍റെ കല്പന പോലെ, ഭൂമിയുടെ അതിര്‍ത്തികള്‍ വരെയും, ജീവനുള്ളതും നിര്‍ജ്ജീവവുമായ സകലതിലേക്കും അവള്‍ കടന്നുചെന്നു. സാധാരണ മനുഷ്യന്‍റെ ജീവിതക്രമങ്ങളിലേക്ക്, ദാരിദ്ര്യത്തിലേക്ക്, അനീതി നിറഞ്ഞ ഭരണകൂട ഭീകരതയിലേക്ക്, പ്രകൃതി സംരക്ഷണത്തിലേക്ക്, യുദ്ധമുഖത്തേക്ക്, ശാസ്ത്ര സംവാദങ്ങളിലേക്ക്, മറ്റു മത വിഭാഗങ്ങളിലേക്ക് എന്നു വേണ്ട സൂര്യന് കീഴിലുള്ള സകലതിലേക്കും അവള്‍ ഇറങ്ങി ചെന്നു. ക്രിസ്തുവിന്‍റെ സഭയുടെ അനുരണനങ്ങള്‍ എല്ലായിടത്തും അവളുടെ വരവറിയിക്കുകയും, ഭാഗികമായെങ്കിലും അവളുടെ അധീശത്വം സ്ഥാപിക്കുകയും ചെയ്തു.

എന്നാല്‍, ഇന്ന് സഭ അഭിമുഖീകരിക്കുന്ന പ്രശ്നം വ്യത്യസ്തമായ ഇത്തരം ഇടങ്ങളിലേക്കും പ്രശ്നങ്ങളിലേക്കും ഇറങ്ങിച്ചെല്ലാനുള്ള വിമുഖതയോ, ബുദ്ധിമുട്ടോ അല്ല. മറിച്ച്, ഇറങ്ങിച്ചെന്നിരുന്ന ഈ ഇടങ്ങളില്‍ നിന്നൊക്കെ, സഭയുടെ അകത്തളങ്ങളിലേക്കും, അരമന കോട്ടകളിലേക്കും ഒരുപാട് പേര്‍ കയറി വരുന്നതിന്‍റെ അരക്ഷിതാവസ്ഥയാണ്. അധികാരത്തിന്‍റെ കോട്ടകള്‍ക്കുള്ളില്‍നിന്നും പുറത്തേക്കിറങ്ങി കാരുണ്യം ചെയ്യുന്നതിന്‍റെ സംതൃപ്തിയല്ല അവളുടെ മുഖത്ത് ഇന്ന് തെളിയുന്നത്. വഴിയോരങ്ങളില്‍ നിന്നും, വിജനതയില്‍നിന്നും സഭയുടെ അകത്തളങ്ങളിലേക്ക് കയറിവന്ന്, ഉത്തരം കൊടുക്കാനാവാത്ത വിധം ചോദ്യങ്ങള്‍ ചോദിക്കുന്ന വലിയ ഒരു കൂട്ടം ജനത്തെ കണ്ടതിന്‍റെ അങ്കലാപ്പാണ്. പഴയ നിയമത്തില്‍ നിന്നുദ്ധരിച്ചാല്‍, തന്‍റെ കീഴിലുള്ള ഇസ്രായേല്‍ സമൂഹത്തിന്‍റെ വളര്‍ച്ച കണ്ട് അസ്വസ്ഥനായി, അവരെ അടിമകളാക്കിയ ഫറവോയുടെ അവസ്ഥ.

സ്വയം ചോദ്യങ്ങള്‍ ചോദിച്ച് സ്വയമേവ ഉത്തരം കണ്ടെത്തി കൊണ്ടിരുന്ന സഭാസംവിധാനങ്ങള്‍ ഇന്ന് വ്യത്യസ്ത തുറകളില്‍ നിന്നുള്ള ചോദ്യശരങ്ങള്‍ക്ക് മുന്നില്‍ വ്യക്തമായ ഉത്തരം നല്കാനാകാതെ പതറിപ്പോകുന്നു.

അടിമത്തത്തിലായിരുന്ന രാഷ്ട്രങ്ങളും, അഴിമതിക്ക് ഇരയായിരുന്ന പ്രസ്ഥാനങ്ങളുമൊക്കെ സ്വാതന്ത്ര്യത്തിന്‍റെ വെള്ളിവെളിച്ചം കണ്ടത് ജനങ്ങള്‍ ആ വിഷയം സംസാരിച്ചു തുടങ്ങിയപ്പോഴാണ്. അവരുടെ ബോധമണ്ഡലത്തില്‍ അതിന് ഇടം കൊടുത്തപ്പോഴാണ്. അവരുടെ നാവിന്‍തുമ്പില്‍ അഗ്നി വിരിഞ്ഞപ്പോഴാണ്. രക്തസാക്ഷികളുടെ ചോരയില്‍ കുതിര്‍ന്ന മണ്ണിലാണ് ഒരു കാലത്ത് സഭ വളര്‍ന്നതെങ്കില്‍, ഇനി സഭ വളരേണ്ടത് ആശയസംവാദത്തിലൂടേയും, വിശ്വാസികളേയും ജനത്തേയും ഒരുപോലെ വിശ്വാസത്തിലെടുത്തു കൊണ്ടുള്ള മുന്നേറ്റങ്ങളിലൂടേയുമാകണം.

വിശ്വാസസമൂഹം സംസാരിക്കണം. അവരില്‍ ക്രിസ്തുവിനെക്കുറിച്ച്, തിരുലിഖിതങ്ങളെക്കുറിച്ച്, പാരമ്പര്യങ്ങളെക്കുറിച്ച്, വ്യവസ്ഥാപിതമായ ചട്ടകൂടുകളെക്കുറിച്ച് സംശയങ്ങള്‍ ജനിക്കണം, ജനിക്കാന്‍ സഭാ നേതൃത്വം കാരണമാവണം. ആ സംശയങ്ങളെ സഭയുടെ കല്‍കോട്ടകള്‍ക്കുള്ളിലേക്ക് രണ്ടും കൈയും നീട്ടി നാം വരവേല്ക്കണം. അങ്ങനെ സഭാമക്കളുടെ ക്രിയാത്മകമായ ചോദ്യങ്ങളിലൂടേയും, ഉത്തരങ്ങളിലൂടേയും സഭ വളരണം. Let there be confusions, so that they will reflect on it.

Leave a Comment

*
*