സഭയ്ക്കു പ്രവാചകത്വം നഷ്ടപ്പെടരുത്

സഭയ്ക്കു പ്രവാചകത്വം നഷ്ടപ്പെടരുത്


ഫാ. ജേക്കബ് പീണിക്കപ്പറമ്പില്‍ സി.എം.ഐ.

വൈദികനായി 1977-ല്‍ മധ്യപ്രദേശിലെ സാഗര്‍ മിഷനില്‍ സേവനമാരംഭിച്ച മിഷണറിയാണ് ഫാ. ജേക്കബ് പീണിക്കപ്പറമ്പില്‍ സി.എം.ഐ. തൃശൂര്‍ ജില്ലയിലെ ആളൂര്‍ സ്വദേശിയായ അദ്ദേഹം ഗ്രാമവികസനത്തിലാണ് ഉപരിപഠനം നടത്തിയത്. തുടര്‍ന്ന് സാമൂഹ്യസേവകനായും സന്നദ്ധസംഘടനകളുടെ കണ്‍സള്‍ട്ടന്‍റായും പതിറ്റാണ്ടുകള്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ഇന്‍ഡോര്‍ ആസ്ഥാനമായ മതസൗഹാര്‍ദ പ്രസ്ഥാനമായ യുണിവേഴ്സല്‍ സോളിഡാരിറ്റി മൂവ്മെന്‍റിന്‍റെ ഭാഗമാണ്. നാലു പതിറ്റാണ്ടുകള്‍ക്കപ്പുറം നീളുന്ന തന്‍റെ അനുഭവങ്ങളും വീക്ഷണങ്ങളും സത്യദീപം സബ് എഡിറ്റര്‍ ഷിജു ആച്ചാണ്ടിയുമായുള്ള ഒരു സംഭാഷണത്തില്‍ പങ്കുവയ്ക്കുകയാണ് ഫാ. പീണിക്കപ്പറമ്പില്‍….

മിഷന്‍ എന്നത് മതംമാറ്റത്തിനു വേണ്ടിയുള്ളതാണെന്ന് ഞാനൊരിക്കലും കരുതിയിട്ടില്ല. മതം മാറ്റം ഞാന്‍ നടത്തിയിട്ടുമില്ല. മിഷന്‍ എന്നത് ക്രിസ്തു ചെയ്ത കാര്യങ്ങള്‍ തുടരുക എന്നതാണ്. ദൈവരാജ്യം എന്നത് ഒരു സാഹചര്യമാണ്. എല്ലാവരും ഒരേ പിതാവിന്‍റെ മക്കളായി, പരസ്പരം സ്നേഹിച്ചും സഹായിച്ചും തുല്യാവകാശങ്ങളോടെ ജീവിക്കുന്ന ഒരു സമൂഹം. അതാണ് ദൈവരാജ്യം. ആ സാഹചര്യം സൃഷ്ടിച്ചെടുക്കുകയാണു നമ്മുടെ മിഷന്‍. മതത്തില്‍ ആളെ കൂട്ടലല്ല. മതംമാറ്റം എന്നത് ആഭിമുഖ്യങ്ങളിലുള്ള മാറ്റമായിരിക്കണം. ആളുകളെ അവരുടെ സ്വാര്‍ത്ഥതയില്‍ നിന്നു പരസ്നേഹത്തിലേയ്ക്കും പരസ്പരധാരണയിലേയ്ക്കും ക്രിസ്തുവിന്‍റെ മൂല്യങ്ങളായ സത്യം, നീതി തുടങ്ങിയവയിലേയ്ക്കും നയിക്കുക. ക്രിസ്തു ഒരു മതം സ്ഥാപിച്ചിട്ടില്ല. ക്രിസ്തീയത ഒരു നവ മുന്നേറ്റമായിരുന്നു. നിലവിലുണ്ടായിരുന്നതില്‍ നിന്നു തികച്ചും വ്യത്യസ്തമായ ഒരു മൂല്യസംവിധാനം ഗിരിപ്രഭാഷണത്തില്‍ ക്രിസ്തു അവതരിപ്പിക്കുന്നുണ്ട്. ആ മൂല്യങ്ങളിലധിഷ്ഠിതമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കുന്നതിനുള്ള ഒരു മുന്നേറ്റമായിരുന്നു ക്രൈസ്തവികത. കോണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ത്തി ക്രിസ്ത്യാനികള്‍ക്കെതിരായ മര്‍ദ്ദനം നിറുത്തി, ക്രൈസ്തവമുന്നേറ്റത്തെ റോമന്‍ സാമ്രാജ്യത്തില്‍ അനുവദിച്ചതോടുകൂടിയാണ് ഇതൊരു മതമായി മാറിയത്. റോമിന്‍റെ ഔദ്യോഗിക മതമായതോടെ കാനന്‍ നിയമം പോലുള്ള കാര്യങ്ങളുണ്ടായി, ഭരണസംവിധാനങ്ങളുണ്ടായി, അധികാരപദവികളുണ്ടായി. ഇതിനൊന്നും സുവിശേഷവുമായി യാതൊരു ബന്ധവുമില്ല. ഇതെല്ലാം റോമന്‍ പാരമ്പര്യമാണ്. യേശുവിന്‍റെ പ്രബോധനങ്ങളില്‍ നിന്നു തികച്ചും വ്യത്യസ്തമായ കാര്യങ്ങള്‍. ഇതാണ് എന്‍റെ ബോദ്ധ്യം.

രക്ഷയ്ക്കുള്ള ഉപാധികളില്‍ മതം ഒരു ഘടകമല്ല. കര്‍ത്താവു അതെല്ലാം കൃത്യമായി പറഞ്ഞിട്ടുണ്ടല്ലോ. അവസാനനാളില്‍ മനുഷ്യരെ രണ്ടു വിഭാഗമായി തിരിക്കും. താന്‍ നഗ്നനും വിശക്കുന്നവനും രോഗിയും ഒക്കെയായിരുന്നപ്പോള്‍ തന്നെ സഹായിച്ചവരാണ് രക്ഷപ്പെടുക. കര്‍ത്താവിന്‍റെ വ്യവസ്ഥയതാണ്. അതാണു സുവിശേഷം. പശ്ചാത്തപിച്ച് ഒരു പുതിയ ജീവിതമാര്‍ഗത്തിലേയ്ക്കു മാനസാന്തരപ്പെടുകയാണാവശ്യം. ഇതു വ്യക്തിപരമായ മനപരിവര്‍ത്തനം. അടുത്തത് സാമൂഹ്യപരിവര്‍ത്തനം. ദൈവരാജ്യമൂല്യങ്ങള്‍ക്കെതിരായ സംവിധാനങ്ങള്‍ പരിഷ്കരിക്കപ്പെടണം. അയിത്തം, ലിംഗവിവേചനം തുടങ്ങിയവ മാറ്റുകയാണ് മറ്റൊരു മതപരിവര്‍ത്തനം. ഇങ്ങനെ വ്യക്തിപരമായ തലത്തിലും സാമൂഹ്യഘടനാതലത്തിലും പരിവര്‍ത്തനം വരണം. ഇക്കാര്യത്തിനായി പ്രവാചകദൗത്യം നിര്‍വഹിക്കേണ്ടവരാണു മിഷണറിമാര്‍. ക്രിസ്തുവിന്‍റെ ശിഷ്യര്‍ പ്രവാചകത്വം പേറുന്നവരായിരിക്കണമെന്നാണു പ്രതീക്ഷിക്കുന്നത്.

സഭയില്‍ നഷ്ടപ്പെട്ടു പോയിരിക്കുന്നത് ഈ പ്രവാചകത്വമാണ്. സ്ഥാപനമായി കഴിഞ്ഞപ്പോള്‍ എണ്ണം കൂട്ടുന്നതിലായി ശ്രദ്ധ. അപ്പോള്‍ പ്രവാചകത്വമില്ലാതായി. കര്‍ത്താവു പറഞ്ഞിരിക്കുന്നതു പക്ഷേ വളരെ വ്യക്തമാണ്. എണ്ണത്തിലല്ല ഗുണത്തിലാണു കാര്യം. ഭൂമിയുടെ ഉപ്പാകുക. ഉപ്പു ചെറിയ ശതമാനം മാത്രം മതി. അല്‍പം ഉപ്പിനു സകലതിനേയും പരിവര്‍ത്തനം ചെയ്യാന്‍ പറ്റും. അതാണു കര്‍ത്താവ് സഭയില്‍നിന്ന് ആഗ്രഹിക്കുന്നത്. പക്ഷേ അതിപ്പോള്‍ നടക്കുന്നില്ല.

ഇന്ത്യയിലെ ക്രൈസ്തവരില്‍ 50 ശതമാനം ദളിതരാണ്. 20 ശതമാനം ആദിവാസികള്‍. ബാക്കി 30 ശതമാനമാണ് സിറിയന്‍സും മാംഗ്ലൂരിലെയും ഗോവയിലെയും ക്രൈസ്തവരുമുള്ളത്. അതായത് 70 ശതമാനവും പിന്നാക്കാവസ്ഥ അനുഭവിക്കുന്നവരാണ്. ഈ ജനവിഭാഗത്തിലേറെയും സഭയിലേയ്ക്കു വന്നത് ക്രിസ്തീയതയിലുണ്ടായ ആകര്‍ഷണത്തേക്കാള്‍ സ്വന്തം പിന്നാക്കാവസ്ഥയില്‍ നിന്നു രക്ഷപ്പെടാനാണ്. പക്ഷേ അവര്‍ക്കത് ഉപകാരപ്പെട്ടില്ല. സഭയിലും ജാതീയത തുടര്‍ന്നു. ആദിവാസികള്‍ വന്നത് അവര്‍ക്കു പ്രത്യേക മതവിശ്വാസം ഉണ്ടായിരുന്നില്ലെന്നതു കൊണ്ടാണ്. സഭയില്‍ വന്നതുകൊണ്ട് വലിയ വ്യത്യാസം അവരുടെ ജീവിതത്തിലും ഉണ്ടായില്ല.

ഗ്രാമങ്ങളില്‍, അഥവാ സമൂഹത്തില്‍ ഉണ്ടാകാനാഗ്രഹിക്കുന്ന മാറ്റം ആദ്യം നാം നമ്മുടെ സ്വന്തം ജീവിതത്തില്‍ കാണിച്ചുകൊടുക്കണം. മിഷനില്‍ ഞങ്ങളാദ്യം നടത്തിയ പ്രൊജക്ടില്‍ വൈദികരും കന്യാസ്ത്രീകളും അല്മായരുമായ മുപ്പതോളം പേരുണ്ടായിരുന്നു. എല്ലാവരും ഒരുമിച്ചു ഭക്ഷണം, പ്രാര്‍ത്ഥന, ആസൂത്രണം എന്നിങ്ങനെയായിരുന്നു അവിടെ നടപ്പാക്കിയ ജീവിതശൈലി. പങ്കാളിത്തത്തോടെയുള്ള ഒരു സംസ്കാരം അവിടെ വികസിപ്പിച്ചു. സാമൂഹ്യസേവനം മാത്രമായിരുന്നില്ല ഞങ്ങളുടെ ഉദ്ദേശ്യം. ദൈവരാജ്യത്തിന്‍റെ അന്തരീക്ഷം നാം എവിടെ ജോലി ചെയ്യുന്നുവോ അവിടെ ഉണ്ടാക്കുക എന്നതാണ് ലക്ഷ്യം. സ്കൂള്‍ നടത്തുകയാണെങ്കില്‍ അവിടെ ദൈവരാജ്യാന്തരീക്ഷമുണ്ടാകണം. അദ്ധ്യാപകരെയും മാതാപിതാക്കളെയും വിദ്യാര്‍ത്ഥികളെയും പങ്കെടുപ്പിക്കുന്ന ഭരണം, ഗൃഹസന്ദര്‍ശനം എന്നിങ്ങനെ. എവിടെയായാലും ഈ അന്തരീക്ഷമുണ്ടാക്കുക എന്നതാണ് മിഷന്‍. അതില്‍നിന്ന് ആളുകള്‍ക്ക് അനുഭവിക്കാന്‍ കഴിയണം, ഈ ക്രൈസ്തവര്‍ മറ്റുള്ളവരില്‍ നിന്നു വ്യത്യസ്തരാണ്, പ്രസംഗിക്കുന്നതു പ്രവര്‍ത്തിക്കുന്നവരാണ് എന്ന്. അതാണു ശരിയായ സുവിശേഷവത്കരണം. ശരിയായി പഠിക്കാതെയും കാര്യങ്ങള്‍ മനസ്സിലാക്കാതെയും വരുന്നവരെ സഭയില്‍ ചേര്‍ക്കുന്നത് മിഷന്‍ അല്ല. പഠിച്ചും മനസ്സിലാക്കിയും പുതിയൊരു മതം സ്വീകരിക്കണമെന്നാഗ്രഹിക്കുന്നവര്‍ക്കു അതിനുള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന നല്‍കുന്നുണ്ട്. അതുപയോഗിക്കുന്നതിന് ആരും എതിരു നില്‍ക്കാന്‍ പാടില്ല.

സഭ പങ്കാളിത്തശൈലിയിലേയ്ക്കു വളരെയധികം മാറാനുണ്ട്. മെത്രാന്മാരും വൈദികരും ജനങ്ങളോട് ഉത്തരവാദിത്വം ബോധിപ്പിക്കേണ്ടവരായി മാറണം. ഇതിനുള്ള സംവിധാനങ്ങള്‍ ഉണ്ടാകണം. കോണ്‍സ്റ്റന്‍റൈന്‍റെ കാലത്തു സംഭവിച്ച അപചയത്തില്‍ നിന്നു സഭ സമ്പൂര്‍ണമായി മാറുകയും ക്രിസ്തു പഠിപ്പിച്ച ശൈലിയിലേയ്ക്കു വരികയും വേണം.

കേരളത്തില്‍ ഇനി സ്ഥാപനങ്ങളുടെ ആവശ്യമില്ല. അനാവശ്യമായ മത്സരമാണ് ഇപ്പോള്‍ നടക്കുന്നത്. ഈ മത്സരത്തില്‍ പങ്കെടുത്ത് സഭ അതിന്‍റെ ഊര്‍ജവും ശേഷികളും പാഴാക്കുകയാണ് ചെയ്യുന്നത്. വലിയ പള്ളികള്‍ പണിയുന്നത് സമൂഹത്തിന് ഉതപ്പു നല്‍കുകയാണെന്നു തിരിച്ചറിയാന്‍ കേരളസഭയ്ക്കു സാധിക്കണം. സ്വന്തമായ ഒരു മിഷന്‍ ഇല്ലാത്തതുകൊണ്ടാണ് ഈ മത്സരബുദ്ധി വരുന്നത്. മിഷന്‍ അവബോധം ഉണ്ടാകണമെങ്കില്‍ കേരളീയര്‍ പുറത്തുള്ള മിഷനുകളെ സേവനത്തിനായി തിരഞ്ഞെടുക്കണം. റീത്തു നോക്കാതെ ഏതെങ്കിലുമൊരു മിഷന്‍ പ്രദേശത്തെ ഏറ്റെടുക്കുക. കേരളത്തിലെ ഒരു രൂപത മിഷനിലെ ഒരു രൂപതയെ സഹായിക്കാന്‍ തിരഞ്ഞെടുക്കുക. ഏതൊക്കെ തലങ്ങളിലാണ് സഹായിക്കാന്‍ കഴിയുക എന്നു കണ്ടെത്തുക. കേരളത്തില്‍ നിന്നുള്ളവരെ മിഷന്‍ പ്രദേശങ്ങളിലേയ്ക്കു പരിചയപ്പെടുന്നതിനായി കൊണ്ടുവരിക. സാഹചര്യങ്ങള്‍ കണ്ടു ബോദ്ധ്യപ്പെടാന്‍ അവസരമൊരുക്കുക.

ഇന്ത്യയില്‍ മാറ്റമുണ്ടാകണമെങ്കില്‍ നിലവാരമുള്ള വിദ്യാഭ്യാസം വ്യാപകമാകണമെന്നാണ് ഞാന്‍ കരുതുന്നത്. ഉത്തരേന്ത്യയില്‍ ഇപ്പോള്‍ പാവപ്പെട്ടവര്‍ക്ക് നിലവാരമില്ലാത്ത വിദ്യാഭ്യാസമാണ് കിട്ടുന്നത്. അതുകൊണ്ട് സമ്പന്ന-ദരിദ്ര വിടവ് കൂടി വരികയാണ്. ആദിവാസികള്‍ക്കിടയില്‍ അഞ്ചാം ക്ലാസില്‍ വരുമ്പോഴേയ്ക്കും അമ്പതു ശതമാനവും സ്കൂള്‍ വിദ്യാഭ്യാസം ഉപേക്ഷിക്കുന്നു. പത്താം ക്ലാസിലെത്തുമ്പോഴേയ്ക്കും ഏതാണ്ട് 90 ശതമാനവും വിട്ടു പോകുന്നു. ദളിതരുടേയും അവസ്ഥ ഇതു തന്നെ. സംവരണമുണ്ടെങ്കിലും അതു പ്രയോജനപ്പെടുത്താന്‍ ഇവര്‍ക്കു സാധിക്കുന്നില്ല. മിഷനുകളില്‍ സഭയും ഏതാണ്ട് ഇതു തന്നെയാണു ചെയ്തത്. പാവപ്പെട്ടവര്‍ക്കായി ഹിന്ദി മീഡിയം സ്കൂളുകള്‍ നാം തുടങ്ങി. കാശുള്ളവര്‍ക്കു വേണ്ടി മികച്ച നിലവാരമുള്ള സമ്പന്ന വിദ്യാലയങ്ങള്‍ തുടങ്ങി. സമ്പന്ന-ദരിദ്ര വിവേചനമുള്ള വ്യവസ്ഥിതി നിലനിറുത്തുകയാണ് സഭ ചെയ്തത്. അതുകൊണ്ട് സര്‍വരുടേയും വിദ്യാഭ്യാസനിലവാരം ഉയര്‍ത്തുന്നതിനുള്ള പരിശ്രമങ്ങള്‍ കേരളസഭ മിഷനില്‍ വന്നു ചെയ്യണം.

സാമൂഹ്യമാറ്റമുണ്ടാക്കുക എന്ന മിഷനുമായിട്ടാണു കേരളസഭ മിഷനില്‍ വരേണ്ടത്. മിഷനില്‍ നിന്നുള്ളവരെ നാട്ടില്‍ കൊണ്ടു പോകുക. യുവജനങ്ങള്‍ക്കു ക്യാമ്പുകള്‍ മിഷനിലും നാട്ടിലും നടത്തുക. ഇതൊക്കെ കേരളസഭയ്ക്കു ചെയ്യാവുന്നതാണ്. വിദ്യാഭ്യാസത്തിനു തന്നെയാണ് നാം പ്രാമുഖ്യം കൊടുക്കേണ്ടത്. പക്ഷേ അതിനു സ്ഥാപനങ്ങള്‍ വേണമെന്നതാണ് നമ്മുടെ തെറ്റിദ്ധാരണ. സര്‍ക്കാര്‍ സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കു ട്യൂഷന്‍ കൊടുത്താല്‍ മതിയല്ലോ. വലിയ നിലവാരവര്‍ദ്ധനവ് ആ കുട്ടികള്‍ക്കുണ്ടാക്കാം. സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കേണ്ട കാര്യമില്ല. പാവപ്പെട്ടവര്‍ക്കും പ്രയോജനപ്പെടും. ആ രീതിയിലുള്ള വ്യത്യസ്തവും പ്രായോഗികവുമായ പദ്ധതികളെ കുറിച്ചാണു കേരളസഭ ചിന്തിക്കേണ്ടത്.

നമ്മുടേത് അനുഷ്ഠാനബദ്ധമായ ഒരു സഭയായി മാറിയിരിക്കുന്നു. പള്ളിയില്‍ ധാരാളമായി പോകുന്നുണ്ട്, പള്ളിയിലെ ചടങ്ങുകളുടെ എണ്ണം വന്‍തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ട്, പക്ഷേ മൂല്യബോധം കുറഞ്ഞു വരുന്നു. ക്രൈസ്തവമൂല്യങ്ങള്‍ കൊണ്ടുവരികയാണ്, അനുഷ്ഠാനങ്ങള്‍ കൂട്ടുകയല്ല വേണ്ടത്. അനുഷ്ഠാനബദ്ധമായ സഭയില്‍നിന്നു യുവജനങ്ങള്‍ അകന്നു പോകും. യൂറോപ്പിലെ സഭ അനുഷ്ഠാനങ്ങള്‍ക്കും നിയമപാ ലനത്തിനുമെല്ലാം അമിതമായ പ്രാധാന്യം നല്‍കിയിരുന്നു. അതുകൊണ്ടു കൂടിയാണ് അവിടെ സഭ തളര്‍ന്നത്. ഈ ശൈലി കേരളസഭയിലേയ്ക്കു വരികയാണ്. പരാജയപ്പെട്ട ഒരു മാതൃകയാണത് എന്നതു നാം മറന്നു പോകരുത്.

വൈദികര്‍ക്കും മെത്രാന്മാര്‍ക്കും ശരിയായ മിഷനും വിഷനുമുണ്ടെങ്കില്‍ അല്മായരെ പ്രചോദിപ്പിച്ച് നല്ല സജീവമായ ഒരു സമൂഹമാക്കി മാറ്റാന്‍ കഴിയും. സഭ, വിശേഷിച്ചും സീറോ മലബാര്‍ സഭ വളരെയധികം പങ്കാളിത്തപരമായിരുന്നു. ധനസംബന്ധമായ കാര്യങ്ങളെല്ലാം അല്മായരാണ്, അച്ചന്മാരല്ല നടത്തിയിരുന്നത്. സീറോ മലബാര്‍ സിനഡ് വന്നതിനുശേഷം സഭയുടെ ഭരണശൈലി ലാറ്റിന്‍ സഭയെ പോലെയാക്കാനാണ് ശ്രമിക്കുന്നത്. ആരാധനക്രമം പഴയതിലേയ്ക്കു തിരിച്ചു പോകുകയും ഭരണസംവിധാനം ലാറ്റിന്‍ ശൈലിയില്‍ മെത്രാന്മാരിലും വൈദികരിലും കേന്ദ്രീകരിക്കുകയും ചെയ്യുക എന്നൊരു സമീപനമാണ് സീറോ മലബാര്‍ സഭ പുലര്‍ത്തുന്നതെന്നു തോന്നാറുണ്ട്. അതു വാസ്തവത്തില്‍ സഭയുടെ പാരമ്പര്യത്തിന് തീര്‍ത്തും എതിരാണ്. ഓഡിറ്റ് ചെയ്ത വാര്‍ഷിക കണക്കുകള്‍ ഇടവക ബുള്ളറ്റിനില്‍ പ്രസിദ്ധീകരിക്കുക, രൂപതയുടെ വാര്‍ഷികറിപ്പോര്‍ട്ടും കണക്കുകളും ബജറ്റും പ്രസിദ്ധീകരിക്കുകയും പാസ്റ്ററല്‍ കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിക്കുകയും ചെയ്യുക എന്നിവയൊക്കെ നാം ആരംഭിക്കണം. സ്വത്ത് ജനങ്ങളുടേതാണ്, മെത്രാന്‍റേയോ ഒന്നോ രണ്ടോ വൈദികരുടേയോ അല്ല.

രൂപതകളില്‍ മെത്രാന്മാര്‍ സന്യസ്തരേയും മറ്റുള്ളവരേയും ഏകോപിപ്പിക്കുന്ന ദൗത്യമേറ്റെടുക്കണം. സന്യാസസഭകള്‍ രൂപതകളുടെ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുകയും സഹകരിപ്പിക്കുകയും വേണം. പരസ്പരം മത്സരിക്കേണ്ടവരല്ല ഇവരാരും. എന്നാല്‍ കേരളത്തിലും മിഷന്‍ പ്രദേശങ്ങളിലുമെല്ലാം നടക്കുന്നത് മത്സരമാണ്. സന്യസ്തര്‍ സ്ഥാപനങ്ങള്‍ നടത്തുകയും രൂപതാ വൈദികര്‍ അജപാലനം നിര്‍വഹിക്കുകയുമാണ് നാം ചെയ്തുവന്നത്. രൂപതാവൈദികര്‍ എപ്പോഴും ആളുകള്‍ക്കു സംലഭ്യരാകേണ്ടവരാണ്. ഈ ശൈലിയില്‍ മാറ്റം വരുന്നു. രൂപതാവൈദികര്‍ വന്‍തോതില്‍ സ്ഥാപനങ്ങള്‍ നടത്തുന്നവരായിരിക്കുന്നു. ഈ വ്യതിചലനം നല്ലതായില്ല. കേരളത്തിലാണെങ്കില്‍ സന്യസ്തര്‍ക്കും സ്ഥാപനങ്ങളില്‍ നിന്നു പിന്‍വാങ്ങാന്‍ കാലമായിക്കഴിഞ്ഞു.

നമുക്കു സ്വന്തമായി സ്ഥാപനങ്ങള്‍ നടത്താന്‍ മാത്രമേ അറിയൂ എന്നൊരു സ്ഥിതിയാണെന്നു തോന്നിയിട്ടുണ്ട്. സന്യസ്തര്‍ക്ക് എന്തുകൊണ്ട് സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ സ്വകാര്യസ്ഥാപനങ്ങളിലോ ജോലി ചെയ്തുകൂടാ? അപ്പോള്‍ അവിടെയെല്ലാം നമുക്കു സാക്ഷ്യം നല്‍കാന്‍ സാധിക്കും.

വൈദികരുടേയും സന്യസ്തരുടേയും പരിശീലനം പരിഷ്കരിക്കുക അത്യാവശ്യമാണ്. ഇപ്പോള്‍ വൈദികര്‍ക്കും സന്യസ്തര്‍ക്കും നല്‍കുന്ന പരിശീലനം കാലഹരണപ്പെട്ടു കഴിഞ്ഞു. സ്വയം അച്ചടക്കവും സ്വയം വിദ്യാഭ്യാസവുമാണ് ഇതില്‍ കൊണ്ടുവരേണ്ട രണ്ടു മാറ്റങ്ങള്‍. എല്ലാവരുടേയും ഗുണമേന്മ വന്‍തോതില്‍ വര്‍ദ്ധിക്കാനുണ്ട്. മൂല്യാധിഷ്ഠിത വ്യക്തിത്വവും വൈദഗ്ദ്ധ്യങ്ങളും എല്ലാവരിലും രൂപപ്പെടുത്തിയെടുക്കുക എന്നതാണ് ആവശ്യം.

എന്‍റെ മാതാവിന്‍റെയും പിതാവിന്‍റെയും സഹോദരന്മാര്‍ സി.എം.ഐ. വൈദികരായിരുന്നു. അവരായിരുന്നു സി.എം.ഐ. സഭയിലേയ്ക്കു വരാനുള്ള എന്‍റെ പ്രചോദനം. അവര്‍ കേരളത്തിലായിരുന്നു. സഭയില്‍ ചേരുമ്പോള്‍ മിഷണറിയാകണമെന്ന ഉദ്ദേശ്യം എനിക്കും ഉണ്ടായിരുന്നില്ല. നൊവിഷ്യേറ്റ് കഴിഞ്ഞ് നേരിട്ടു കോളേജില്‍ പോയ ആദ്യ ബാച്ചായിരുന്നു ഞങ്ങളുടേത്. 1967-ല്‍ ബാംഗ്ലൂരില്‍ ക്രൈസ്റ്റ് കോളേജ് തുടങ്ങിയ സമയമായിരുന്നു അത്. 1977-ല്‍ തിരുപ്പട്ടമേറ്റു.

കേരളത്തില്‍ ഒരു സാമൂഹ്യപ്രവര്‍ത്തകനാകുക എന്നതായിരുന്നു എന്‍റെ ആഗ്രഹം. കോളേജില്‍ അന്ധനായ ഒരു സഹപാഠി എനിക്കുണ്ടായിരുന്നു. അവനു വേണ്ടി നോട്ടുകള്‍ എഴുതിയെടുത്തിരുന്നതും പഠനത്തില്‍ സഹായിച്ചിരുന്നതും ഞാനായിരുന്നു. ആ അനുഭവമാണ് സാമൂഹ്യസേവനത്തിലേയ്ക്ക് എന്നെ ആകര്‍ഷിച്ചത്. വിമോചനദൈവശാസ്ത്രം സജീവമായ കാലഘട്ടമായിരുന്നു അത്. വീട്ടില്‍ എന്‍റെ പിതാവ് അല്‍പം ഇടതു ചിന്താഗതിക്കാരനായിരുന്നു. അത് എന്നെയും സ്വാധീനിച്ചിരുന്നു. അതുകൊണ്ട് ദൈവശാസ്ത്രം പഠിച്ചു തുടങ്ങിയ കാലത്തു തന്നെ സാമൂഹ്യസേവനമായിരിക്കണം എന്‍റെ രംഗമെന്ന ആലോചന തുടങ്ങിയിരുന്നു. ദൈവശാസ്ത്രപഠനം ഞാന്‍ ഗൗരവത്തില്‍ എടുത്തിരുന്നു. ഒരു സന്യാസിയുടെ വിളി ക്രിസ്തുവിന്‍റെ ദൗത്യം തുടരുക എന്നതാണെന്ന ബോദ്ധ്യം എനിക്കുണ്ടായിരുന്നു. കേരളത്തേക്കാള്‍ കൂടുതല്‍ മനുഷ്യസേവനം ആവശ്യമുള്ളത് മിഷനിലാണെന്ന ചിന്തയില്‍ നിന്നാണ് മിഷന്‍ ഞാന്‍ തിരഞ്ഞെടുത്തത്.

തൃശൂര്‍ ദേവമാതാ പ്രോവിന്‍സിന്‍റെ മിഷന്‍ ആയിരുന്ന സാഗറിലേയ്ക്കാണു പോയത്. 1978-ല്‍ ഒരു ഗ്രാമീണ മിഷന്‍ സ്റ്റേഷനില്‍ പ്രവര്‍ത്തനമാരംഭിച്ചു. അവിടെ വൈദ്യുതി ഉണ്ടായിരുന്നില്ല, വേനലില്‍ വെള്ളം ഉണ്ടായിരുന്നില്ല. വാഹനങ്ങളില്ല. അമേരിക്കന്‍ സഭയുടെ ധനസഹായത്തോടെയുള്ള 'ജോലിക്കു കൂലി ഭക്ഷണം' പദ്ധതി അവിടെ ഞങ്ങള്‍ നടപ്പാക്കിയിരുന്നു. അതിനു വേണ്ടി നടന്നും സൈക്കിളിലുമായി ഗ്രാമങ്ങളില്‍ ചുറ്റി സഞ്ചരിച്ചു. ആദിവാസിമേഖലകളിലൊന്നും സ്കൂളുകള്‍ ഉണ്ടായിരുന്നില്ല. ഉള്ള സ്കൂളുകളില്‍ തന്നെ അദ്ധ്യാപകരൊന്നും വരുമായിരുന്നില്ല. കാരണം, മേല്‍നോട്ടത്തിന് ആരുമുണ്ടായിരുന്നില്ല. അങ്ങനെ ഏകാദ്ധ്യാപക അനൗപചാരിക വിദ്യാലയങ്ങള്‍ക്ക് അവിടെ ഞാന്‍ തുടക്കമിട്ടു. അതിനുള്ള പണം അന്നു കേരളത്തില്‍ നിന്നുള്ള കൊവേന്തകള്‍ വഴി സ്വീകരിച്ച് 5 ഏകാദ്ധ്യാപക വിദ്യാലയങ്ങളാണു തുടങ്ങിയത്.

അതോടൊപ്പം കൃഷി മെച്ചപ്പെടുത്തുന്നതിനുള്ള സേവനങ്ങളും ചെയ്തു. വെള്ളം ഉപയോഗിച്ചു കൃഷി ചെയ്യുന്ന രീതി അവിടെയില്ലായിരുന്നു. അതിനുള്ള സൗകര്യങ്ങളും ഉണ്ടായിരുന്നില്ല. അതിനാല്‍ മൊബൈല്‍ പമ്പ് സെറ്റുകള്‍ ഏര്‍പ്പാടാക്കി കൂടുതല്‍ കൃഷി ചെയ്യുന്നതിനുള്ള സൗകര്യങ്ങളേര്‍പ്പെടുത്തി. അതൊക്കെ വലിയ ആവേശം നല്‍കുന്ന അനുഭവങ്ങളായിരുന്നു. ജീവിതത്തില്‍ വലിയ സംതൃപ്തി പകര്‍ന്ന കാലം. അതിനു ശേഷം സാമൂഹ്യപ്രവര്‍ത്തനത്തില്‍ ഉപരിപഠനത്തിനു പോയി. സൂററ്റ് യൂണിവേഴ്സിറ്റിയില്‍ മാസ്റ്റര്‍ ഓഫ് റൂറല്‍ സ്റ്റഡീസ് എന്ന കോഴ്സിനാണു ഞാന്‍ ചേര്‍ന്നത്. അതിനുശേഷം ഗ്രാമ വികസന രംഗത്തും സേവനം ചെയ്യുന്ന സന്നദ്ധസംഘടനകള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്ന രംഗത്തും പ്രവര്‍ത്തിച്ചു. 65 വയസ്സായപ്പോള്‍ ആ മേഖലയില്‍ നിന്നു വിരമിച്ച് എഴുത്തിലും വായനയിലും കൂടുതല്‍ ശ്രദ്ധ നല്‍കി യൂണിവേഴ്സല്‍ സോളിഡാരിറ്റി മൂവ്മെന്‍റ് (USM) കുടുംബത്തിന്‍റെ ഭാഗമായി കഴിയുകയാണ് ഇപ്പോള്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org