ഞാന്‍ അത് കാര്യമാക്കുന്നുണ്ട്, നിങ്ങളോ?

ഞാന്‍ അത് കാര്യമാക്കുന്നുണ്ട്, നിങ്ങളോ?


ഫാ. ജോസ് വള്ളികാട്ട്

ഈ അടുത്ത കാലത്തു കുടിയേറ്റ മാതാക്കളില്‍ നിന്നും അവരുടെ കുട്ടികളെ വേര്‍പെടുത്തുന്ന ഭീകരമായ നയം സ്വീകരിച്ച ട്രംപ് ഭരണകൂടത്തെ പിന്തിരിപ്പിക്കാന്‍ സംഘര്‍ഷഭരിതമായ മെക്സിക്കന്‍ അതിര്‍ത്തിയിലേക്ക് സ്വയം കടന്നെത്തിയ അമേരിക്കന്‍ പ്രഥമ വനിത ധരിച്ചിരുന്നത് 'ഞാന്‍ അത് കാര്യമാക്കുന്നില്ല, നിങ്ങളോ?' എന്ന എഴുത്തുള്ള ഒരു പുറം കുപ്പായം ആയിരുന്നു. വസ്ത്രധാരണത്തില്‍ വലിയ ശ്രദ്ധ കൊടുക്കുന്ന മുന്‍മോഡല്‍ കൂടിയായ മെലാനിയാ ട്രംപ് എന്തുകൊണ്ട് ആ വരികളുള്ള വസ്ത്രം ധരിച്ചു എന്നത് മാധ്യമ ലോകത്തിനു വലിയ കൗതുകമുളവാക്കിയ വാര്‍ത്തയായിരുന്നു. ആ കുപ്പായത്തിനും അതിലെ എഴുത്തിനും പലവിധ വ്യാഖ്യാനങ്ങള്‍ ഉണ്ടായെങ്കിലും അതിന്‍റെ കെട്ട് ഇന്നും അഴിഞ്ഞിട്ടില്ല.

മതം, ജാതി, വര്‍ഗം, രാഷ്ട്രീയം, കച്ചവടം എന്നിവ സങ്കീര്‍ണമായി കെട്ടുപിണഞ്ഞു കിടക്കുന്ന ഈ മാധ്യമ യുഗത്തില്‍ നാം അണിയുന്ന ഏതൊരു പ്രതീകവും ഒരു നിലപാടാണ്. നമ്മുടെ വസ്ത്രവും, വാഹനവും, ശരീര ഭാഷയും, ഭാഷണവും, മൗനവും, കൂടികാഴ്ചകളും, കൈകുലുക്കലുകളും, ഇടപെടലുകളും, പിന്‍വലിയലുകളും എല്ലാം ലോകം ഗൗരവമായി വീക്ഷിക്കുന്ന നിലപാടുകളാണ്.

ഫ്രാന്‍സിസിന്‍റെ പാത
മുഖാമുഖം, അഭിമുഖം എന്നൊക്കെ അര്‍ത്ഥംവരുന്ന 'എന്‍ കൗണ്ടര്‍' എന്ന പദം കത്തോലിക്കാ സഭയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചിട്ടുള്ളത് ഫ്രാന്‍സിസ് പാപ്പ ആയിരിക്കും. പുറംലോകത്തെയും, അതിന്‍റെ നായകരെയും, അതിലെ അനുപേക്ഷണീയമായ യാഥാര്‍ത്ഥ്യങ്ങളെയും അനിതരസാധാരണമായ ധൈര്യത്തോടും, സുവിശേഷം പ്രദാനം ചെയ്യുന്ന പ്രസാദാത്മകതയോടും ആനന്ദത്തോടും കൂടെ അഭിമുഖീകരിച്ച മറ്റൊരു പാപ്പ ഉണ്ടാവില്ല. 2014 ലോകസമ്പര്‍ക്ക ദിനത്തില്‍ 'മുഖാമുഖത്തിന്‍റെ കലര്‍പ്പില്ലാത്ത സംസ്കാരം സൃഷ്ടിക്കുക' എന്ന മുദ്രാവാക്യം പ്രമേയമായി സ്വീകരിച്ച പാപ്പ കത്തോലിക്കാസഭയെ ലോകവുമായുള്ള അര്‍ത്ഥപൂര്‍ണ്ണവും, ഫലദായകവുമായ അഭിമുഖത്തിന്‍റെ തുറകളിലേക്കു കൈപിടിച്ച് നടത്തി. രണ്ടാം വത്തിക്കാന്‍ സൂനഹദോസ് മുതല്‍ അമ്പതുവര്‍ഷത്തോളമായി സഭ നടത്തി വരുന്ന സംവാദശൈലിക്ക് പുതിയ ഉണര്‍വും മാനങ്ങളും പകര്‍ന്നു.

ഒരു രഹസ്യ അറയ്ക്കുള്ളില്‍ പുറംലോകവുമായി ബന്ധമില്ലാതെ കഴിയുന്ന ഒരു ഗൂഢസംഘം അല്ല സഭ. വിശ്വാസങ്ങള്‍, കൂദാശകള്‍, ആചാരങ്ങള്‍, ഘടനകള്‍ എന്നിവയൊക്കെ സഭയുടെ അംഗങ്ങളെ മാത്രം ബാധിക്കുന്ന കാര്യങ്ങളാണെങ്കിലും സഭ അടിസ്ഥാനപരമായി പ്രേഷിത സ്വഭാവം പേറുന്ന ഒരു സംവിധാനം കൂടിയാണ്. പ്രേഷിതപ്രവര്‍ത്തനം എന്നാല്‍ മതപരിവര്‍ത്തനം ചെയ്ത് അംഗങ്ങളെ കൂട്ടുന്ന പരിപാടിയാണ് എന്ന രീതിയില്‍ സഭയ്ക്കകത്തും പുറത്തും ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ലോകവും, അതിലെ എല്ലാത്തരം അഭിപ്രായഭേദങ്ങളുമായി നിരന്തരം സംവദിക്കുന്ന 'ഉപയോഗിച്ച് തീര്‍ന്നിട്ടില്ലാത്ത സദ്ഗുണങ്ങളുടെ ഉറവ' ആയിട്ടാണ് സഭയെ രണ്ടാം വത്തിക്കാന്‍ സൂനഹദോസ് വിഭാവനം ചെയ്തത് (സഭ ആധുനികലോകത്തില്‍ 43). അതിനാല്‍ പൊതുസമൂഹവുമായുള്ള ഇടപെടലുകള്‍ സഭയുടെ പ്രധാനലക്ഷ്യം ആണ്.

സഭാമേലധ്യക്ഷന്മാരും, ഉന്നതപദവികള്‍ വഹിക്കുന്ന വൈദികര്‍, സന്യസ്തര്‍ എന്നിവരും, വികാരിമാരും, അല്മായരും തങ്ങളുടെ പ്രവര്‍ത്തനമണ്ഡലങ്ങളില്‍ വിവിധ നേതാക്കന്മാരുമായി സംവദിക്കേണ്ടത് സഭയുടെയും സുവിശേഷത്തിന്‍റെയും ദൗത്യമാണ്. സമൂഹിക സാംസ്കാരിക മണ്ഡലങ്ങളിലെ എല്ലാത്തരം നേതാക്കളുമായി എഴുത്തുകാര്‍, ചിന്തകര്‍, മതനേതാക്കള്‍, സന്നദ്ധപ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, രാഷ്ട്രീയക്കാര്‍, വിദ്യാഭ്യാസ ആരോഗ്യമേഖലകളിലെ വിചക്ഷണന്മാര്‍ തുടങ്ങിയവരുമായി നല്ല ബന്ധങ്ങളും സംവാദങ്ങളും ഉണ്ടാവണം. സംസ്കാരങ്ങളുമായുള്ള സംവാദം എന്നാണ് ഇതിനെ നാം വിളിക്കുന്നത്.

എന്നാല്‍, ഈ ബന്ധങ്ങളുടെയും സംവാദങ്ങളുടെയും ലക്ഷ്യം എന്തായിരിക്കണം? സത്യത്തിലും നീതിയിലും അധിഷ്ഠിതമായ ഒരു മെച്ചപ്പെട്ട ലോകം പണിയുകയും അതുവഴി നവമാന വികതയ്ക്ക് ജന്മം കൊടുക്കുകയും ചെയ്യുക എന്നതാണ് ക്രൈസ്തവസംവാദത്തിന്‍റെ പ്രഥമലക്ഷ്യം. ഈ പ്രക്രിയയില്‍ മനുഷ്യന്‍റെ അസ്തിത്വംതന്നെ, ചരിത്രത്തോടും, സഹജരോടും ഉള്ള അവന്‍റെ ഉത്തരവാദിത്തത്തെ പുനര്‍നിര്‍വചിക്കുകയും ചെയ്യുന്നുണ്ട് (സ. ആ. 55).

ജാലകങ്ങള്‍ തുറക്കുക.
പൊതുസമൂഹവുമായുള്ള ഇടപെടലുകളെ നമ്മുടെ വീടിന്‍റെ വാതായനങ്ങള്‍ തുറക്കുന്നതിനോട് ഉപമിക്കാം. ജാലകം തുറക്കുമ്പോള്‍ ഉള്ളിലെ കലര്‍പ്പില്ലാത്ത സത്യത്തിന്‍റെ രത്നങ്ങളുടെ ശോഭ വളരെ ശക്തിയായി പുറം ലോകത്തേക്ക് പ്രസരിക്കും. ലോകം സുവിശേഷ പ്രഭയാല്‍ നിറയും. അതേസമയം ബാഹ്യ സംസ്കാരത്തിന്‍റെ കിരണങ്ങള്‍ പുറത്തുനിന്ന് അകത്തേക്ക് പ്രവേശിക്കുകയും ചെയ്യും. അങ്ങനെ സാംസ്കാരിക സംവാദം സുവിശേഷവും സംസ്കാരവും തമ്മിലുള്ള ഒരു കൊടുക്കല്‍ വാങ്ങല്‍ പ്രക്രിയയായി മാറുന്നു.

എന്നാല്‍ ഇന്ന് സഭയുടെ ജാലകങ്ങള്‍ തുറന്നിരിക്കുന്നത് ചില പ്രത്യേക ദിശകളിലേക്കു മാത്രമാണെന്നത് നിരാശ ഉളവാക്കുന്നു. ഉന്നതശ്രേണിയിലുള്ള വ്യക്തികളുമായി, അതും ചില പ്രത്യേക രാഷ്ട്രീയ സാമുദായിക നിലകളിലെ സമുന്നതരുമായി മാത്രം 'സംവാദത്തിന്‍റെ' വേദികള്‍ തുറക്കുന്നത് സാമൂഹ്യനീതിയുടെ 'പൊതുനന്മ' എന്ന തത്ത്വത്തിന്‍റെ ദുരുപയോഗമാണ്. നാനാതുറകളിലേക്കും വിശേഷിച്ചു ലോകത്തിന്‍റെ അരികുകളിലേക്കുമാണല്ലോ സഭാസൗധത്തിന്‍റെ വാതിലുകള്‍ തുറക്കപ്പെടേണ്ടത്. വാതിലുകള്‍ തുറന്നു സഭ എത്തേണ്ട പ്രധാനവിഭാഗങ്ങള്‍ പാവപ്പെട്ടവര്‍, മര്‍ദിതര്‍, ചൂഷിതര്‍ അഭയാര്‍ത്ഥികള്‍, ദളിതര്‍ എന്നിവരാവണം. അപ്പോള്‍ മാത്രമേ സഭയ്ക്ക് 'ആടിന്‍റെ മണമുള്ള ഇടയന്മാര്‍' ആവാന്‍ കഴിയൂ.

അത്തിമരങ്ങള്‍ പൂക്കാത്തകാലം
എപ്പോഴാണ് സഭ അഭിമുഖങ്ങള്‍ക്കായി പുറംലോകത്തേക്ക് പോവുന്നത്? ഒന്നാമതായി, നിരന്തരം നടത്തികൊണ്ടിരിക്കേണ്ട ഒരു സുവിശേഷ കൃത്യമാണു മുഖാമുഖങ്ങള്‍. ഫലങ്ങളുടെ കാലം അല്ലാതിരുന്നിട്ടു പോലും ഈശോ അത്തിമരത്തെ ശപിച്ചത് എന്തുകൊണ്ട് എന്ന് ആത്മശോധന ചെയ്യുന്നതു നല്ലതാണ്. അനുകൂലമോ പ്രതികൂലമോ ആയ എല്ലാ കാലങ്ങളിലും സഭ ശക്തമായ ഇടപെടലുകള്‍ പൊതു സമൂഹത്തില്‍ നിര്‍വഹിക്കണം. സ്ഥിരതയും നൈരന്തര്യവും ആണ് സഭയുടെ വിശ്വാസ്യതയെ ബലപ്പെടുത്തുന്നത്.

രണ്ടാമതായി, ഇടപെടലുകള്‍ പ്രധാനമായും മനുഷ്യന്‍റെ പൊതുനന്മയെ ലക്ഷ്യം വച്ചാവണം. സഭയുടെ സാമൂഹ്യ നീതിയുടെ അടിത്തറ പൊതുനന്മ എന്ന തത്ത്വം ആണല്ലോ. അതായത് മനുഷ്യനും പ്രകൃതിക്കും കേടുപാടുകള്‍ സംഭവിക്കുമ്പോഴും, മനുഷ്യന്‍റെ അന്തസ്സിനു വിലയിടിയുകയും ചെയ്യുന്ന അവസരങ്ങളിലും സുവിശേഷ മൂല്യങ്ങളുടെ പ്രഭയില്‍ ഇടപെടലുകള്‍ നടത്തുക എന്നത് സഭയുടെ ദൈവവിളിയാണ്. രാഷ്ട്രീയ കൊലപാതകങ്ങള്‍, വെറുപ്പിന്‍റെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കപ്പെടുന്ന വേളകള്‍, സാമൂഹ്യസമാധാനവും ഐക്യവും ഭഞ്ജിക്കപ്പെടുന്ന അവസരങ്ങള്‍, സാധാരണക്കാരുടെ ജീവിതത്തെ ദുരിതപൂര്‍ണ്ണമാക്കുന്ന നയങ്ങള്‍ ഭരണാധിപന്മാര്‍ രൂപീകരിക്കുന്ന അവസരങ്ങള്‍, പ്രകൃതിയുടെ മേലുള്ള കയ്യേറ്റങ്ങള്‍ ഉണ്ടാവുന്ന അവസരങ്ങള്‍ എന്നിവ സഭ ശക്തമായി ഇടപെടേണ്ട സമയങ്ങളാണ്.

ചുരുക്കത്തില്‍ സഭാമേലധ്യക്ഷന്മാര്‍ സമൂഹത്തിലെ വിവിധ ശ്രേണികളില്‍പെട്ട പ്രധാനികളുമായി ഇടപെടുന്നതു കേവലം അവരുടെ വ്യക്തിപരമായ സൗഹൃദ സമ്മേളനം അല്ല. മറിച്ചു സുവിശേഷത്തെ സാധാരണ ജീവിതതലങ്ങളിലേക്ക് അവതീര്‍ണമാക്കാനുള്ള വലിയ അവസരം ആണ്. അത് വലിയ പ്രേഷിത ദൗത്യത്തിന്‍റെ ഭാഗമാണ്.

സഭ, സംസ്കാരം, വിശ്വാസികള്‍
സാമൂഹ്യമാധ്യമങ്ങള്‍ ശക്തമായ പൊതുജനാഭിപ്രായ വേദിയായി വളര്‍ന്നു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ ഓണ്‍ ലൈന്‍ ചര്‍ച്ചകളില്‍ ഉയരുന്ന ഒരു പ്രധാനവിഷയം നാം ചിന്തയ്ക്ക് വിധേയമാക്കണം. സഭയുടെ ചില നിലപാടുകളും അതിലെ പ്രമുഖ വ്യക്തികളും വിവിധങ്ങളായ ആരോപണങ്ങളെ നേരിടുന്ന സാഹചര്യത്തില്‍ ഈ വിഷയത്തിന് പ്രാധാന്യമേറുന്നു. എന്താണ് സഭ എന്ന് സാധാരണക്കാരന്‍ ചോദിച്ചു തുടങ്ങുകയും അവരുടേതായ നിര്‍വ്വചനങ്ങള്‍ മുന്നോട്ടുവയ്ക്കുകയും ചെയ്യുന്ന പോപ്പുലര്‍ തിയോളജിയുടെ മുന്നേറ്റം സാമൂഹ്യമാധ്യമങ്ങളില്‍ കാണാം. അത്തരത്തില്‍ സാമൂഹ്യമാധ്യമങ്ങള്‍ സഭയെ അഭൂതപൂര്‍വമായ വിധത്തില്‍ പാര്‍ട്ടിസിപ്പേറ്ററി ചര്‍ച്ച് ആക്കി മാറ്റിയിരിക്കുന്ന സാംസ്കാരിക പരിണാമത്തിനും നാം സാക്ഷികളായിക്കൊണ്ടിരിക്കുകയാണ്. ദാര്‍ശനികമായും ദൈവശാസ്ത്രപരമായും സഭയെ ക്രിസ്തുവിന്‍റെ മൗതികശരീരമെന്നും, ദൈവരാജ്യം എന്നും, ക്രിസ്തുവിന്‍റെ മണവാട്ടി എന്നുമൊക്കെ വിളിക്കാം എന്നിരുന്നാലും സാധാരണ വിശ്വാസി സഭയെ അധികാരികളും, വൈദികരും, വിശ്വാസികളും അടങ്ങുന്ന ഒരു സംഘടന എന്നാണു മനസിലാക്കുന്നത്.

സഭാമേലധ്യക്ഷന്മാരും ഔദ്യോഗികസ്ഥാനങ്ങള്‍ വഹിക്കുന്നവരും വിശ്വാസികളെ പ്രതിനിധീകരിക്കുന്നവരും, അവരുടെ ആത്മീയവും സാമൂഹ്യവുമായ സ്വപ്നങ്ങളെ നെഞ്ചേറ്റുന്നവരും ആണ്. സീറോ-മലബാര്‍ സഭയെ സംബന്ധിച്ച് അതിന്‍റെ തലവനും മറ്റു മെത്രാന്മാരും നാല്പത്തഞ്ചുലക്ഷത്തോളം വരുന്ന ക്രൈസ്തവരുടെ ആത്മീയ പ്രതീക്ഷകള്‍ക്ക് ജീവന്‍ നല്‍കേണ്ടവരാണ്. അതിലുപരി സഭയെ പ്രത്യാശയുടെയും സമാധാനത്തിന്‍റെയും ഉറവിടമായി ഉറ്റു നോക്കുന്ന അനേകലക്ഷം അ ക്രൈസ്തവര്‍ ഉണ്ട്. സഭയുടെ നിലപാടുകളെ പ്രതീക്ഷയോടെ നോക്കുന്ന അവരുടെ സ്വപ്നങ്ങളെയും സഭയ്ക്ക് കണ്ടില്ലെന്നു നടിക്കാനാവില്ല. അത് സുവിശേഷം സഭയ്ക്ക് നല്‍കുന്ന ഉത്തരവാദിത്തമാണ്. മനുഷ്യത്വത്തിന്‍റെ അന്തസ്സിനെ ഉയര്‍ത്തിപ്പിടിക്കുന്ന സഭയുടെ എല്ലാ നിലപാ ടുകളും അവര്‍ സഹര്‍ഷം സ്വാഗതം ചെയ്യും.

അതുകൊണ്ടുതന്നെ, ക്രിസ്തുവിന്‍റെ നിലപാടുകളെ കോംപ്രമൈസ്സ് ചെയ്തുകൊണ്ട്, നേട്ടമുണ്ടാകും എന്ന് നേതൃത്വത്തിലെ ചിലര്‍ മാത്രം കരുതുന്ന താത്പര്യങ്ങള്‍ സംരക്ഷിക്കുവാനുള്ള നീക്കങ്ങള്‍ക്ക് വിശ്വാസികളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും വലിയ വിമര്‍ശനം ഏറ്റു വാങ്ങേണ്ടി വരും. വര്‍ഗീയ സം ഘടനകളെയും, സഭയുടെയും, രാഷ്ട്രത്തിന്‍റെയും അഖണ്ഡതയ്ക്ക് തുരങ്കം വയ്ക്കുന്നവരെയും വെള്ളപൂശാനുള്ള ആത്മീ യനേതാക്കന്മാരുടെ വ്യഗ്രത തികച്ചും അക്ഷന്തവ്യമാണ്. സാമൂഹ്യ, സാംസ്കാരിക, സാമ്പത്തിക മണ്ഡലങ്ങളിലെ സ്വാധീനമുള്ള വ്യക്തികളുമായുള്ള കൂടിക്കാഴ്ചകളും സംബന്ധങ്ങളും വ്യക്തിപരമായ പ്രതിച്ഛായാ നിര്‍മ്മാണത്തിനോ, നേട്ടങ്ങള്‍ക്കോ പരസ്പരം ഉപയോഗിക്കുന്നത് ആശാസ്യവുമല്ല.

'സഭ ദൈവജനം' എന്ന കൂടുതല്‍ ജനാധിപത്യപരമായ സഭാ ദര്‍ശനം രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ മുന്നോട്ടുവച്ചിരിക്കെ, സഭയുടെ പൊതുനിലപാടുകള്‍ എന്താണ് എന്ന് അറിയാന്‍ തീര്‍ച്ചയായും സഭാവിശ്വാസികള്‍ക്കും പൊതുസമൂഹത്തിനും അവകാശമുണ്ട്. വിവിധങ്ങളായ രാഷ്ട്രീയകക്ഷികള്‍ അധികാരത്തിലേറാന്‍ കുതന്ത്രങ്ങള്‍ പയറ്റുകയും, മതസമുദായ വോട്ടു ബാങ്കുകളെ പ്രീണിപ്പിക്കുകയും ചെയ്യുമ്പോള്‍ കൃത്യമായ നിലപാടുകളും, കര്‍മ്മപദ്ധതികളും, ഇല്ലാതെ എല്ലാവര്‍ക്കും മുമ്പില്‍ കമ്പളം വിരിക്കുന്ന ശൈലി, വിശ്വാസികളിലും പൊതുസമൂഹത്തിലും ആശയകുഴപ്പം സൃഷ്ടിക്കും എന്ന് മാത്രമല്ല, സഭയുടെ പവിത്രതയും, വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടുകയും ചെയ്യും.

രാഷ്ട്രീയകക്ഷികളുമായി സംവാദത്തിലേര്‍പ്പെടുമ്പോള്‍ കേവലം സാമുദായികമായി മാത്രം ചിന്തിക്കുന്നതും സുവിശേഷ ചൈതന്യത്തിനു നിരക്കുന്നതല്ല. സഭ സാര്‍വത്രികം ആണ് എങ്കില്‍ ലോകത്തിലെ എല്ലാ മനുഷ്യരും, ജീവജാലങ്ങളും, പ്രകൃതിയും അതിന്‍റെ പരിധിയില്‍ വരുന്നുണ്ട്. അപ്പോള്‍, 'ബാക്കിയുള്ളവര്‍ക്കെന്തുമാകട്ടെ, നമുക്ക് നേട്ടമുണ്ടായല്ലോ' എന്ന മനോഭാവം 'പൊതുനന്മ," 'നവമാനവികത' എന്നീ തത്ത്വങ്ങളെ തള്ളിക്കളയുന്നതിനു തുല്യമാണ്. മാത്രവുമല്ല, ബലഹീനരോടും, പീഡിതരോടും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുക എന്നതാണ് സഭയുടെ പ്രധാന ദൗത്യം. അപ്പോള്‍, വിവിധ പ്രത്യയ ശാസ്ത്രങ്ങള്‍ സഭയ്ക്കും, മനുഷ്യത്വത്തിനും മുന്നില്‍ വയ്ക്കുന്ന നിലപാടുകള്‍ എന്താണ് എന്ന് പൊതുസ മൂഹവും, വിശ്വാസസമൂഹവും അറിഞ്ഞിരിക്കേണ്ടതാണ്. ഇത്തരം കൂടിക്കാഴ്ചകള്‍ മനുഷ്യനും, പ്രകൃതിക്കും, സമൂഹത്തിനും പൊതുവായ ഗുണം നല്‍കുന്ന തരത്തില്‍ പരിവര്‍ത്തനപ്പെടുത്തുവാന്‍ ആത്മീയവ്യക്തികള്‍ക്കു കടമ ഉണ്ട്.

മരത്തില്‍നിന്ന് താഴെ ഇറങ്ങുക
കുറവുകള്‍ ഉള്ള സക്കേവൂസ് കര്‍ത്താവിനെ അഭിമുഖീകരിക്കുന്നതിനു പകരം മരത്തില്‍ കയറിയിരുന്നു. സഭയുടെ മുഖം പൊതുസമൂഹത്തിനു മുന്നില്‍ കൂടുതല്‍ കളങ്കിതമാവുന്ന വാര്‍ത്തകളാണ് സമീപകാലങ്ങളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സാധാരണക്കാരന്‍റെ വിയര്‍പ്പിന്‍റെയും വേദനയുടെയും ഫലമായി ഉണ്ടായ സഭയെ അവരുടെ തലത്തില്‍നിന്ന് അടര്‍ത്തി മാറ്റി സഭാനേതാക്കന്മാര്‍ അവര്‍ക്കു അപ്രാപ്യമായ മരത്തിനു മുകളില്‍ പ്രതിഷ്ഠിച്ചിരിക്കയാണ്. കര്‍ത്താവ് താഴെ നിന്ന് വിളിക്കുന്നു, 'ഇറങ്ങി വരിക.' താഴേക്കിറങ്ങിയാലേ കര്‍ത്താവിനെ അഭിമുഖം കാണുവാന്‍ നമുക്കാവൂ.

പക്ഷെ ആ ഇറക്കം അപാരമായ ശൂന്യവത്കരണം നമ്മില്‍ നിന്ന് പ്രതീക്ഷിക്കുന്നു. വഞ്ചിച്ചെടുത്ത സ്വത്തുക്കളും, കവര്‍ന്നെടുത്ത കന്യാത്വവും, തകര്‍ത്തു കളഞ്ഞ വിശ്വാസവും ഒക്കെ രണ്ടും നാലും ഇരട്ടിയായി തിരിച്ചുകൊടുക്കാനുള്ള ഹൃദയ പരമാര്‍ത്ഥത അത് നമ്മില്‍നിന്ന് ആവശ്യപ്പെടും. എന്നാല്‍ അത് നമ്മുടെ മനസിനും ആത്മാവിനും ആനന്ദം പകരും. അപ്പോള്‍ 'പത്രോസിന്‍റെ ഭവനം' നാനാതരം ആളുകളെക്കൊണ്ട് നിറയും. ദളിതരുടെയും, സ്ത്രീകളുടെയും, ന്യൂനപക്ഷങ്ങളുടെയും സന്തോഷങ്ങളും പ്രത്യാശകളും, ദുഃഖങ്ങളും ഉത്കണ്ഠകളും നമ്മുടേതും ആവും. സഭയുടെ പുത്രന്‍ എന്ന നിലയില്‍ അത് ഞാന്‍ കാര്യമാക്കുന്നുണ്ട്, നിങ്ങളും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org