സഭയിലൊതുങ്ങുക എന്ന പ്രലോഭനത്തില്‍ അല്മായര്‍ വീഴരുത്

സഭയിലൊതുങ്ങുക എന്ന പ്രലോഭനത്തില്‍  അല്മായര്‍ വീഴരുത്


പ്രൊഫ. എഡ്വേര്‍ഡ് എടേഴത്ത്

പതിറ്റാണ്ടുകള്‍ നീണ്ട നിസ്തുല സഭാസേവനത്തിനുള്ള അംഗീകാരമായി ഷെവലിയര്‍ പദവി പ്രൊഫ. എഡ്വേര്‍ഡ് എടേഴത്തിനെ തേടിയെത്തി. കേരളത്തിലെ കരിസ്മാറ്റിക് പ്രസ്ഥാനത്തിനും അതിന്‍റെ യുവമുന്നേറ്റമായ ജീസസ് യൂത്തിനും ദിശാബോധം നല്‍കിയ ആരംഭകരില്‍ ഒരാളാണ് എഡ്ഡിച്ചേട്ടന്‍ എന്നു ജീസസ് യൂത്തുകാര്‍ സ്നേഹവൂര്‍വം വിളിക്കുന്ന ഷെവലിയര്‍ എഡ്വേര്‍ഡ് എടേഴത്ത്. ഈ അഭിമുഖത്തില്‍ തന്‍റെ ജീവിതത്തിലേയ്ക്കും സഭയ്ക്കും പുറത്തുമുള്ള കര്‍മ്മരംഗങ്ങളിലേയ്ക്കും തിരിഞ്ഞു നോക്കുന്ന അദ്ദേഹം സമകാലികസഭയ്ക്കുപയുക്തമായ വീക്ഷണങ്ങളും പങ്കുവയ്ക്കുന്നു…

കുമ്പളങ്ങി എന്ന ഞങ്ങളുടെ ഗ്രാമത്തില്‍ ഇപ്പോള്‍ ഏഴു ഇടവകകളുണ്ട്. എന്‍റെ ഇടവകയില്‍ എഴുന്നൂറോളം വീടുകളുണ്ട്. പക്ഷേ പത്തു മിനിറ്റു കൊണ്ട് നടന്നെത്താവുന്ന ദൂരത്താണ് ഈ വീടുകളെല്ലാം. ജനസാന്ദ്രത കൂടിയ പ്രദേശം. ഏറെയും കത്തോലിക്കര്‍. പള്ളി കേന്ദ്രീകരിച്ചായിരുന്നു ഗ്രാമത്തിന്‍റെ ജീവിതം. ഞാന്‍ കുട്ടിക്കാലം മുതല്‍ തന്നെ പള്ളി ഗായകസംഘത്തിലുണ്ട്. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ കഴിഞ്ഞ്, ആരാധനാക്രമം മലയാളത്തിലാക്കുന്ന കാലത്ത് പുതിയ മലയാളം പാട്ടുകള്‍ പഠിക്കാന്‍ ഗായകസംഘത്തിനൊപ്പം പോകുക പതിവായിരുന്നു. അങ്ങനെ സഭാജീവിതവുമായും ലിറ്റര്‍ജിയുമായും അടുത്ത ബന്ധം കുട്ടിക്കാലം മുതലേ ഉണ്ടായിരുന്നു.

ഇപ്പോഴും കുടുംബയൂണിറ്റ്, മതബോധനം എന്നിങ്ങനെ ഇടവകയുടെ എല്ലാ കാര്യങ്ങളിലും സജീവമായി തന്നെ തുടരുന്നു. അതില്‍ സന്തോഷമനുഭവിക്കുന്നു. എല്ലാവരും ഇടവകകളില്‍ സജീവമാകണമെന്ന് കരിസ്മാറ്റിക് ധ്യാനങ്ങളിലൊക്കെ പറയാറുള്ളതാണ്. പക്ഷേ ചിലര്‍ക്കെങ്കിലും ഇടവകകളില്‍ സജീവമാകാന്‍ നമ്മുടെ ഇടവകകളിലെ ഇന്നത്തെ രീതികള്‍ തടസ്സമാകാറുണ്ട്. ഇടവകകളില്‍ പലപ്പോഴും നേതൃത്വത്തില്‍ വരാന്‍ കഴിയുന്നത് ഒരു പ്രത്യേക ശൈലിയുള്ളവര്‍ക്കു മാത്രമാണ്. പൊതുസമൂഹത്തില്‍ ഇടപെടുകയും കാലാനുസൃതമായ പുതിയ ചിന്താ-ജീവിതശൈലികള്‍ പരിചയിക്കുകയും ചെയ്യുന്നവര്‍ക്ക് ഇടവകകളില്‍ നിലനില്‍ക്കുന്ന സംസ്കാരവുമായി പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടുണ്ടായേക്കും. പരമ്പരാഗതമായ ഇടവകജീവിതത്തില്‍ പുതിയ തലമുറയ്ക്ക് താത്പര്യമുണ്ടാകാതിരിക്കാനുള്ള സാദ്ധ്യതയുണ്ട്. ഉദാഹരണത്തിന്, ഇന്നത്തെ മട്ടിലുള്ള പെരുന്നാളുകളുടെ സംഘാടകരാകാന്‍ യുവതലമുറയ്ക്കു താത്പര്യമുണ്ടാകണമെന്നില്ല. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടെ ഇടവകകളുടെ പ്രവര്‍ത്തനശൈലികളില്‍ മാറ്റം ഉണ്ടാകേണ്ടതുണ്ട്.

ഇടവകയില്‍ പുതിയ കര്‍മ്മരംഗങ്ങള്‍ ഉരുത്തിരിഞ്ഞു വരണം. ഇടവക കൂട്ടായ്മകള്‍ക്ക് അര്‍ത്ഥമുണ്ടാകണമെങ്കില്‍ അവയ്ക്ക് ദൗത്യമുണ്ടാകണം. നമ്മള്‍ കൂട്ടായ്മ പടുത്തുയര്‍ത്താന്‍ ധാരാളം കാര്യങ്ങള്‍ ചെയ്യുന്നു. എന്തിനു വേണ്ടി ഈ കൂട്ടായ്മ വളര്‍ത്തണം? അതിനുത്തരമില്ലെങ്കില്‍ ഈ കൂട്ടായ്മകള്‍ വളരെ പെട്ടെന്നു ക്ലബ്ബുകളായി തീരും. ദൗത്യമുള്ള, പുറംലോകത്തേയ്ക്കു നോക്കുന്ന, പുതിയ കാലത്തിന്‍റെ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനെ കുറിച്ചു ചിന്തിക്കുന്ന ഒരു കൂട്ടായ്മയായി മാറണം. കേരളത്തിലെ ആയിരകണക്കിന് ഇടവകകളിലെ പതിനായിരകണക്കിനു കുടുംബകൂട്ടായ്മകളെ ദൗത്യബോധമുള്ളതാക്കുവാന്‍ സാധിച്ചാല്‍ അതു സഭയുടെ മുഖച്ഛായ മാറ്റും.

ഞങ്ങള്‍ പ്രായോഗികമായി ചെയ്യുന്ന ഒരു കാര്യം പറയാം. കുടുംബയൂണിറ്റിന് ആറു സേവനമേഖലകള്‍ നിശ്ചയിക്കുന്നു. ഓരോ മിനിസ്ട്രിക്കും ഓരോ ചുമതലക്കാര്‍. ഉദാഹരണത്തിന് വിദ്യാഭ്യാസമിനിസ്ട്രിയുടെ ചുമതലയുള്ള വ്യക്തിയും സമിതിയും യൂണിറ്റിലെ കുട്ടികളുടെ വിദ്യാഭ്യാസകാര്യങ്ങളില്‍ ശ്രദ്ധിക്കുന്നു. ആതുരസേവനം, യുവജനപ്രേഷിതത്വം, കുടുംബപ്രേഷിതത്വം, വിശ്വാസപരിശീലനം തുടങ്ങിയവയാണ് മറ്റു മിനിസ്ട്രികള്‍. ഓരോ കുടുംബയൂണിറ്റിനും അനുയോജ്യമായ മിനിസ്ട്രികള്‍ തിരഞ്ഞെടുക്കുകയാണു വേണ്ടത്. മിനിസ്ട്രികള്‍ സ്വന്തം കുടുംബയൂണിറ്റിനു പുറത്തുള്ള ലോകത്തെക്കുറിച്ചു ചിന്തിക്കുന്നതും സേവനമെത്തിക്കുന്നതും കൂടിയാകണം.

ഇപ്രകാരം മിഷന്‍ എന്ന ചിന്ത കുടുംബക്കൂട്ടായ്മകള്‍ക്കുണ്ടെങ്കില്‍ നമ്മുടെ ഇടവകസമൂഹങ്ങളുടെ പ്രതിച്ഛായ മാറും. ഇതു മാര്‍പാപ്പമാരൊക്കെ പലപ്പോഴും പറയുന്നതാണെങ്കിലും നമ്മുടെ ഇടവകകള്‍ ഭരണസംവിധാനങ്ങളിലും സംഘടനയിലും ലിറ്റര്‍ജിയിലും ഒതുങ്ങിക്കിടക്കുകയാണ്. പ്രാര്‍ത്ഥനകളുടെ എണ്ണവും സമയവും കൂട്ടിയാല്‍ ഭംഗിയായി എന്ന ചിന്തയാണ് നമുക്ക്. പ്രാര്‍ത്ഥിച്ചില്ലെങ്കിലും പ്രാര്‍ത്ഥന സംഘടിപ്പിക്കുക, പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കുക. ഇതൊക്കെ എന്തിനുവേണ്ടിയാണ് എന്ന് ആലോചിക്കുന്നില്ല. പ്രാര്‍ത്ഥനകള്‍ ചൊല്ലിക്കൂട്ടുന്നതു മാത്രമല്ല ഇടവകജീവിതം. തന്‍റെ വളര്‍ച്ചയിലും കൂട്ടായ്മയിലും ദൗത്യത്തിലും ഇടവകയുടെ പങ്ക് മനസ്സിലാക്കാന്‍ ഓരോ വ്യക്തിക്കും കഴിയണം, ഇടവകയ്ക്ക് അതില്‍ പങ്കു വഹിക്കാന്‍ കഴിയണം. പ്രാര്‍ത്ഥനകളും ആചാരങ്ങളും കൂട്ടുന്നതുകൊണ്ട് ആര്‍ക്കും ഇടവകസമൂഹം തന്‍റേതാണെന്ന അനുഭവമുണ്ടാകാന്‍ പോകുന്നില്ല.

ലീജിയന്‍ ഓഫ് മേരിയിലും ഞാന്‍ പണ്ടു സജീവമായി പ്രവര്‍ത്തിച്ചിരുന്നു. ധാരാളം പുസ്തകങ്ങള്‍ വീട്ടിലുണ്ടായിരുന്നു. വീട്ടില്‍ താമസിച്ചിരുന്ന ആന്‍റി, വിരമിച്ചതിനു ശേഷം ഞങ്ങള്‍ക്കൊപ്പം വിശ്രമജീവിതം ചിലവിട്ട പിതൃസഹോദരനായ മുന്‍ കൊച്ചി ബിഷപ് എടേഴത്ത് എന്നിവരുടെ പരിശീലനവും സ്വാധീനവും എന്‍റെ സഭാജീവിതത്തിലുണ്ടായിരുന്നു. ഹൈസ്കൂള്‍ കാലത്തെ എന്‍റെ സ്വപ്നം വൈദികനാകുക എന്നതായിരുന്നു. പത്താം ക്ലാസിനു ശേഷം കൊച്ചി രൂപതയ്ക്കു വേണ്ടി സെമിനാരിയില്‍ ചേര്‍ന്നു. സെമിനാരിയിലെ പ്രീഡിഗ്രിക്കാലം വലിയ സംശയങ്ങളുടെയും അസ്വസ്ഥതകളുടേയും ഒരു കാലമായിരുന്നു. ഏതായാലും, സെമിനാരിയില്‍ തുടരേണ്ടതില്ല, നിന്‍റെ ദൈവവിളി അതല്ല എന്ന തീരുമാനം പിതൃസഹോദരനായ ബിഷപ് തന്നെ എന്നെ അറിയിച്ചു. രണ്ടു മൂന്നു വര്‍ഷത്തിനു ശേഷം സെമിനാരിപഠനം ഉപേക്ഷിച്ചു. എന്നിട്ടും വൈദികനാകുക എന്ന സ്വപ്നം കുറച്ചു വര്‍ഷങ്ങള്‍ കൂടി ഞാന്‍ കാത്തു സൂക്ഷിച്ചിരുന്നു.

ഡിഗ്രി പഠിച്ചത് ആലുവ യു സി കോളേജിലാണ്. അക്കാലത്ത് മംഗലപ്പുഴ സെമിനാരിയിലെ പ്രൊഫസറായിരുന്ന സ്പാനിഷ് വൈദികന്‍ ഫാ. ഡൊമിനിക്കുമായുള്ള ബന്ധവും കോളേജിലെ വിദ്യാര്‍ത്ഥിസംഘടനയായ ഐക്കഫിന്‍റെ പ്രവര്‍ത്തനങ്ങളുമാണ് എന്നെ കരിസ്മാറ്റിക് പ്രസ്ഥാനവുമായി ബന്ധപ്പെടുത്തിയത്. കരിസ്മാറ്റിക് നവീകരണത്തെ കുറിച്ചു ധാരാളം വായിച്ചു. മുംബൈയില്‍ നിന്നു വന്ന സംഘം കേരളത്തില്‍ നടത്തിയ ആദ്യത്തെ കരിസ്മാറ്റിക് ധ്യാനത്തില്‍ സംബന്ധിച്ചു. ഫാ. ഫിയോ മസ്കരീനാസ്, ഫാ. റൂഫസ് പെരേര, ഫാ. മാര്‍സെലിനോ ഇറാഗി എന്നവരാണ് ധ്യാനം നയിച്ചത്. ഇന്ത്യയിലെ കരിസ്മാറ്റിക് പ്രസ്ഥാനത്തിന്‍റെ ആരംഭകരായ ഇവരുടെ മാര്‍ഗദര്‍ശനം പിന്നീട് ഏറെക്കാലം ഞങ്ങള്‍ക്കു ലഭിച്ചിരുന്നു. ഫാ. മാര്‍സെലിനോയുടെ നിര്‍ദേശപ്രകാരം സെ. തെരേസാസ് കോളേജില്‍ ഞങ്ങള്‍ ഒരു കരിസ്മാറ്റിക് ഗ്രൂപ്പ് ആരംഭിച്ചു. 1976-ല്‍ ആരംഭിച്ച ഈ ഗ്രൂപ്പില്‍ ഞാനിപ്പോഴും പങ്കെടുത്തു വരുന്നു. എന്‍റെ പില്‍ക്കാലത്തുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും സഹായമായി നിന്നത് ഈ ഗ്രൂപ്പാണ്.

കരിസ്മാറ്റിക് നവീകരണത്തിലേയ്ക്കുള്ള വരവ് ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. ബൈബിളിന്‍റെ പുതിയ വീക്ഷണത്തിലുള്ള വായനകളിലേയ്ക്കും അനുഭവവേദ്യമായ വിശ്വാസത്തിലേയ്ക്കും അതെന്നെ നയിച്ചു. ആചാരപരമെന്നതിനേക്കാളുപരി, മറ്റുള്ളവര്‍ക്ക് വിശ്വാസം അനുഭവവേദ്യമാക്കിക്കൊടുക്കാന്‍ കഴിയും എന്നെന്നെ പഠിപ്പിച്ചത് കരിസ്മാറ്റിക് നവീകരണമാണ്.

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു ശേഷമുള്ള സമയത്താണ് കോളജ് വിദ്യാഭ്യാസം. സഭയില്‍ ധാരാളം പുതിയ പരീക്ഷണങ്ങള്‍ നടക്കുന്ന കാലമായിരുന്നു അത്. ധാരാളം വായിക്കാനും പഠിക്കാനും പരീക്ഷിക്കാനുമൊക്കെ ആ കാലത്തു സാധിച്ചു. സാധാരണഗതിയില്‍ അല്മായര്‍ക്കു ലഭിക്കാത്ത അവസരങ്ങള്‍ യു സി കോളജിന്‍റെ മംഗലപ്പുഴ സെമിനാരിയുമായുള്ള സാമീപ്യം മൂലം എനിക്കു ലഭിച്ചു. ആ സമയത്ത് ആലുവ ലൊയോളയിലാണ് ഞാന്‍ താമസിച്ചിരുന്നത്. ഈശോസഭാ വൈദികരായ ഫാ.പോള്‍ ലന്തപ്പറമ്പിലും അമേരിക്കയില്‍ നിന്നു കരിസ്മാറ്റിക് നവീകരണത്തില്‍ ഉപരിപഠനം നടത്തിയ ഫാ. ജോസ് കിഴക്കേടവും അവിടെയുണ്ടായിരുന്നു. അക്കാലത്ത് മംഗലപ്പുഴയില്‍ ഫാ.ഫിയോ നടത്തിയ കരിസ്മാറ്റിക് ധ്യാനത്തില്‍ പങ്കെടുത്തു മടങ്ങിയ അന്നത്തെ കൊല്ലം ബിഷപ് ജെറോം ഫെര്‍ണാണ്ടസ് ലൊയോളയിലിറങ്ങി. ഞങ്ങളെല്ലാവരും ഒന്നിച്ചിരുന്നു സംസാരിച്ചു. കേരളത്തിലെ സീനിയറായ മെത്രാന്മാരിലൊരാളായിരുന്ന ബിഷപ് ജെറോം അന്നു പറഞ്ഞു, "ഞാന്‍ ധ്യാനത്തില്‍ പങ്കെടുത്തു. ഇതു കേരളസഭയെ മാറ്റാന്‍ പോകുകയാണ്. പക്ഷേ ഒരപകടമുണ്ട്. തീ ശക്തമാണ്. അതു നിയന്ത്രണമില്ലാതെ പടരാന്‍ പാടില്ല." കരിസ്മാറ്റിക് നവീകരണത്തിന്‍റെ മൗലികമായ ചൈതന്യം എന്നെന്നും കാത്തു സൂക്ഷിക്കാന്‍ നേതാക്കളെ പരിശീലിപ്പിക്കേണ്ടതിന്‍റെ ആവശ്യകത അന്നത്തെ ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നു. അക്കാലത്ത് കരിസ്മാറ്റിക് നവീകരണത്തില്‍ സജീവമായ 100 പേരുടെ പട്ടികയുണ്ടാക്കി. 1978-ല്‍ സി.ആര്‍.സി. മഞ്ഞുമ്മലില്‍ വച്ച് ഈ നേതാക്കള്‍ക്കായി ഒരു പരിപാടി നടത്തി. ബിഷപ് ജെറോമിന്‍റെ സംഘാടന നേതൃത്വത്തില്‍ മുംബൈയില്‍ നിന്നുള്ള ഫാ. ഫിയോയും സംഘവും വന്ന് നേതാക്കള്‍ക്കു പരിശീലനം നല്‍കി. അതിനു മുമ്പ് ഫാ. കിഴക്കേടവും ചെറിയൊരു പരിശീലനപരിപാടി നടത്തിയിരുന്നു. തുടര്‍ന്ന് 1978 ഫെബ്രുവരിയില്‍ കേരള കരിസ്മാറ്റിക് നവീകരണത്തിന്‍റെ ആദ്യ സംസ്ഥാനതല നേതൃസമിതിയായ കേരള സര്‍വീസ് ടീം (കെ.എസ്.ടി.) രൂപീകൃതമായി. യുവജനങ്ങളുടെ പ്രതിനിധികളായി ഞാനും പ്രൊഫ. സി.സി. ആലീസുകുട്ടിയും അതില്‍ അംഗങ്ങളായി.

കെ.എസ്.ടി.യുടെ ആദ്യ ത്തെ പരിപാടിയായി എന്തുകൊണ്ട് യുവജനങ്ങളെ സംഘടിപ്പിച്ചുകൂടാ എന്ന നിര്‍ദേശം ഫാ.ഫിയോ ഞങ്ങള്‍ക്കു മുമ്പില്‍ വച്ചു. പക്ഷേ യുവജനങ്ങളെ ഇതിലേയ്ക്കു കൊണ്ടുവരുന്നതില്‍ പലര്‍ക്കും ആശങ്കകളുണ്ടായിരുന്നു. ഐക്കഫിനെ കുറിച്ചൊക്കെ സഭാനേതൃത്വത്തിനു പരാതികളുള്ള കാലമായിരുന്നു. എങ്കിലും ഈ ചര്‍ച്ചകളുടെ അവസാനത്തില്‍ പരീക്ഷണാര്‍ത്ഥം യുവജനങ്ങളെ സംഘടിപ്പിക്കാന്‍ കഴിയുമോ എന്നു പരിശോധിക്കാന്‍ തന്നെ തീരുമാനിച്ചു. അതിന്‍റെ ചുമതല എന്നെ ഏല്‍പിച്ചു. അങ്ങനെ 1978 ജൂണ്‍, ജൂലൈ മാസങ്ങളില്‍ ഞാന്‍ കേരളമൊട്ടുക്കും യാത്ര ചെയ്തു യുവജനങ്ങളെ വിളിച്ചു കൂട്ടി. അതിന്‍റെ റിപ്പോര്‍ട്ട് കെ.എസ്.ടി.യ്ക്കു കൊടുത്തു. അതിന്‍റെ അടിസ്ഥാനത്തില്‍ 1978 ഡിസംബറില്‍ തേവര എസ് എച്ച് കോളേജില്‍ വച്ച് ഒരു യുവജന കണ്‍വെന്‍ഷന്‍ നടത്തി. അന്നു മുതല്‍ പ്രവര്‍ത്തനങ്ങള്‍ സജീവമായി ആരംഭിച്ചു. മാനേജ്മെന്‍റ് തത്ത്വങ്ങളും സൈക്കോളജിയും എല്ലാം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പരിശീലന പരിപാടികളായിരുന്നു അവയെല്ലാം. വളരെ അനൗപചാരികമായിട്ടായിരുന്നു ഇതെല്ലാം നടത്തിയിരുന്നത്. 1985-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ യുവജനവര്‍ഷം പ്രഖ്യാപിച്ചു. ആ വര്‍ഷം ഡിസംബറില്‍ തേവരയില്‍ വച്ചു തന്നെ വലിയൊരു യുവജന സമ്മേളനം നടത്തി. ആ സമ്മേളനത്തിന് ഒരു പേരിടാന്‍ അന്വേഷണം നടത്തി. പല പേരുകളില്‍ നിന്നു "ജീസസ് യൂത്ത് '85" എന്ന പേരു തിരഞ്ഞെടുത്തത് ഫാ. ജോസ് പാലാട്ടിയാണ്. ആ പേര് നിങ്ങളുടെ മുന്നേറ്റത്തിന്‍റെ തന്നെ പേരാക്കാമല്ലോ എന്നു നിര്‍ദേശിച്ചത് ഫാ. ജീനോ ആണ്. ജീസസ് യൂത്തിന്‍റേത് കരിസ് മാറ്റിക് ആദ്ധ്യാത്മികതയാണെങ്കിലും ശൈലികള്‍ വ്യത്യസ്തമാണ്. കൂടുതല്‍ യുവസൗഹൃദസമീപനമാണ് അത് ആരംഭകാലം മുതല്‍ പുലര്‍ത്തി വന്നിരുന്നത്. നീണ്ട ക്ലാസുകളില്ല. കൂട്ടായ്മകള്‍ക്കു പ്രധാന്യം കൊടുക്കുന്നു. പഠനമനനങ്ങളിലൂടെയും വിവേചനങ്ങളിലൂടെയും കാര്യങ്ങളില്‍ തീരുമാനങ്ങളിലെത്തുന്നു. കാലത്തിന്‍റെ സൂചനകള്‍ സ്വീകരിക്കുന്നു. ഇതെല്ലാം പ്രധാനമാണ്.

ഇതിനിടയില്‍ ഞാന്‍ എം.എ.യും എല്‍.എല്‍.ബി.യും പഠിച്ചു 1983-ല്‍ കോളേജില്‍ ജോലി ചെയ്യാന്‍ ആരംഭിച്ചിരുന്നു. ധാരാളം വായനകളും പഠനങ്ങളും എഴുത്തുകളും ആ കാലത്തു നടത്തി. ജീസസ് യൂത്തിനു വേണ്ടിയുള്ള രചനകള്‍ പലപ്പോഴും എന്നെയാണ് ഏല്‍പിച്ചിരുന്നത്. സഭയുടെ മറ്റു തലങ്ങളിലും നിരവധി ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാന്‍ ഇടയായി. കെ.സി.ബി.സി. വിദ്യാഭ്യാസ കമ്മീഷന്‍ ജോ. സെക്രട്ടറിയും കെ.ആര്‍.എല്‍.സി.സി. യുടെ വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറിയുമായിരുന്നു. പി.ഒ.സി. യുടെ നേതൃത്വത്തില്‍ പന്ത്രണ്ടു ക്ലാസുകളിലേയ്ക്കുള്ള മോറല്‍ സയന്‍സ് പാഠപുസ്തകങ്ങള്‍ തയ്യാറാക്കുന്നതില്‍ സഹകരിച്ചു. ഇപ്പോള്‍ കെ.ആര്‍.എല്‍.സി.സി. യുടെ ഡോക്യുമെന്‍റേഷന്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നു.

ഇത്തരം പ്രവര്‍ത്തനങ്ങളും കോളേജിലെ അദ്ധ്യാപനവുമായി മുന്നോട്ടു പോകുന്നതിനിടെയാണ് 2004-ല്‍ ഞാന്‍ രാഷ്ട്രീയത്തില്‍ വരികയും തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്തത്. രാഷ്ട്രീയത്തിലേയ്ക്കു വരാനിടയായത് ഏറ്റവും നന്നായി എന്നു തന്നെയാണു തിരിഞ്ഞു നോക്കുമ്പോള്‍ തോന്നുന്നത്. ഗാന്ധിദര്‍ശനവേദിയുടെ സംസ്ഥാന വൈസ് ചെയര്‍മാനും ആള്‍ കേരള ഹിസ്റ്ററി അസോസിയേഷന്‍റെ ജോ. സെക്രട്ടറിയുമായി ഞാനിപ്പോള്‍ പ്രവര്‍ത്തിക്കുന്നു. കുട്ടികളുടെ കളികളെ കുറിച്ചുള്ള ഒരു ഗവേഷണം നടത്തി വരുന്നുണ്ട്. കൊച്ചിയിലെ സമുദായങ്ങളെ രേഖപ്പെടുത്തുന്ന ഒരു പദ്ധതിയും മുന്നോട്ടു കൊണ്ടു പോകുന്നു. അപ്രതീക്ഷിതമായ രാഷ്ട്രീയ പ്രവേശനമില്ലാതിരുന്നെങ്കില്‍ മതേതര കര്‍മ്മരംഗങ്ങളായ ഗാന്ധിദര്‍ശനവേദിയിലോ ഹിസ്റ്ററി അസോസിയേഷനിലോ ഞാന്‍ സജീവമാകുകയില്ലായിരുന്നു. രണ്ടു വട്ടം കാലടി സര്‍വകലാശാലയുടെ സിന്‍ഡിക്കേറ്റ് അംഗമായി വരികയില്ലായിരുന്നു. കാലടി സര്‍വകലാശാലയില്‍ സിന്‍ഡിക്കേറ്റംഗമായി വെറുതെ ഇരിക്കുക മാത്രമല്ല ചെയ്തത്. പാര്‍ലിമെന്‍റ് സ്ഥാനാര്‍ത്ഥിയായിരുന്ന ആളെന്ന പരിഗണന സിന്‍ഡിക്കേറ്റില്‍ അവര്‍ നല്‍കിയിരുന്നു. അവിടെ ധനകാര്യവിഭാഗമാണ് ഞാന്‍ കൈകാര്യം ചെയ്തിരുന്നത്. രാഷ്ട്രീയാതിപ്രസരമുള്ള കേരളത്തിലെ സര്‍വകലാശാലകളില്‍ എന്തെങ്കിലും ചെയ്യുക എന്നത് എളുപ്പമുള്ള കാര്യമല്ല. എങ്കിലും അവിടെ നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ അവസരം കിട്ടി.

തിരഞ്ഞെടുപ്പില്‍ മത്സരിച്ചതിനെ തുടര്‍ന്ന് ഒരുപാടു പണം എനിക്കു നഷ്ടമായി. തിരഞ്ഞെടുപ്പില്‍ തോറ്റു. എങ്കിലും അതൊരു ദൈവനിയോഗമായി കാണുന്നു. കാരണം, സഭ വ്യക്തമായി പറയുന്നുണ്ട്, അല്മായന്‍റെ സ്ഥാനം പൊതുസമൂഹത്തിലാണ്. പൊതുസമൂഹത്തില്‍ നിന്ന് അല്മായന്‍ യാതൊരു കാരണവശാലും പിന്മാറാന്‍ പാടില്ല. സഭയിലൊതുങ്ങുക എന്നതാണ് അല്മായന്‍റെ പ്രലോഭനം. ക്രിസ്തുവിശ്വാസികള്‍ എന്ന രേഖയില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ ഇതു വ്യക്തമായി പറയുന്നുണ്ട്. വിശ്വാസിക്ക് ഇന്നു മറികടക്കാന്‍ പറ്റാതെ പോകുന്ന ഒരു പ്രലോഭനം സഭയുടെ സുന്ദരമായ ജീവിതത്തില്‍ ഒതുങ്ങുക എന്നതാണ്. പ്രാര്‍ത്ഥന, സംഘടനാപ്രവര്‍ത്തനം തുടങ്ങിയവയില്‍ മുഴുകി കഴിയുക അപകടകരമാണ്. സഭയില്‍ വേരൂന്നി നിന്ന്, വെള്ളവും വളവും സ്വീകരിച്ചുകൊണ്ട് സമൂഹത്തിലായിരിക്കുക എന്നതാണ് ആവശ്യം. പ്രത്യേകിച്ചു രാഷ്ട്രീയത്തില്‍ നിന്ന് ഒരിക്കലും മാറി നില്‍ക്കാന്‍ പാടില്ല. തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവസരം വന്നപ്പോള്‍ ഞാനതു സ്വീകരിച്ചതിന്‍റെ കാരണവും സഭയുടെ ഈ പഠനമാണ്.

കെ. കരുണാകരന്‍റെ വ്യത്യസ്തമായ ചിന്തയുടെ ഫലമായി നടത്തിയ അന്വേഷണത്തില്‍ അപ്രതീക്ഷിതമായിട്ടാണ് എന്‍റെ പേരു ഉയര്‍ന്നു വന്നത്. പി.എസ്.സി. അംഗത്വത്തിനു വേണ്ടി എന്‍റെ പേര് നിര്‍ദേശിക്കപ്പെട്ടിരുന്നതിനാല്‍ നേതാക്കളുടെയെല്ലാം കൈയില്‍ എന്‍റെ ബയോഡാറ്റ ഉണ്ടായിരുന്നു. അങ്ങനെ നേതാക്കള്‍ കരുണാകരന് എന്നെ പരിചയപ്പെടുത്തുകയും എനിക്കു സമ്മതമാണെങ്കില്‍ സ്ഥാനാര്‍ത്ഥിയായിക്കൊള്ളുക എന്നു കരു ണാകരന്‍ നിര്‍ദേശിക്കുകയും ചെയ്യുന്നു. ഇങ്ങനെ തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു പാര്‍ലിമെന്‍റ് തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിത്വം. പറ്റാത്ത പണിയാണിതെന്നു പറഞ്ഞ് അനേകര്‍ അന്ന് എന്നെ നിരുത്സാഹപ്പെടുത്തിയിരുന്നു. കൈക്കൂലി വാങ്ങിക്കേണ്ടി വരും, നുണ പറയേണ്ടി വരും എന്നെല്ലാമാണ് അവര്‍ മുന്നറിയിപ്പു നല്‍കിയത്.

പക്ഷേ രാഷ്ട്രീയത്തില്‍ വന്നതു നന്നായി എന്നു തന്നെ ഞാന്‍ കരുതുന്നു. ഇന്നത്തെ രാഷ്ട്രീയത്തില്‍ പല കാര്യങ്ങളും എനിക്കു ചെയ്യാന്‍ പറ്റാത്തതാണ്. അര്‍ത്ഥശൂന്യമായ സമരം ചെയ്യാനോ ഹര്‍ത്താല്‍ നടത്താനോ എതിര്‍ പാര്‍ട്ടി നേതാക്കളെ വെറുതെ താഴ്ത്തി പറയാനോ വലിയ നേതാക്കളുടെ പുറകെ പോയി കാത്തു നില്‍ക്കാനോ എന്നെക്കൊണ്ടു പറ്റില്ല. അല്ലാത്ത രാഷ്ട്രീയം എനിക്കു സാധിക്കും. പക്ഷേ ഇന്നത്തെ രാഷ്ട്രീയം ഈ ശൈലിയിലാകുമ്പോള്‍ അതില്‍ നിന്നു ഞാന്‍ സ്വാഭാവികമായും മാറി നില്‍ക്കും. ബാക്കിയെല്ലാ കാര്യങ്ങളിലും ഞാന്‍ സജീവമാണ്.

രാഷ്ട്രീയം മോശമായിരിക്കുന്നത് മനുഷ്യര്‍ മോശമായിരിക്കുന്നതുകൊണ്ടാണ്. നല്ല മനുഷ്യര്‍ അതില്‍ ഇടപെടാതിരിക്കുന്നതുകൊണ്ടാണ്. തിരഞ്ഞെടുപ്പിന് അവധി കിട്ടുമ്പോള്‍ ധ്യാനത്തിനു പോകാം, വേളാങ്കണ്ണിക്കു പോകാം എന്നൊക്കെ തീരുമാനിക്കുന്നത് പാപമാണ് എന്നു ഞാന്‍ പറയും. അല്മായന്‍റെ ആദ്ധ്യാത്മികത എന്നത് വീണ്ടും വീണ്ടും ധ്യാനം കൂടുന്നതും പ്രാര്‍ത്ഥനയില്‍ ഒതുങ്ങുന്നതും അല്ല. കര്‍ത്താവേ കര്‍ത്താവേ എന്നു വിളിക്കുന്നവര്‍ എന്നു കര്‍ത്താവു പറഞ്ഞത് ഇവരെ കുറിച്ചു തന്നെയാണ്. ആദ്ധ്യാത്മികതയെ കുറിച്ച് ഇന്നു കേരളത്തില്‍ വ്യത്യസ്തമായ ചോദ്യങ്ങള്‍ ഉയരേണ്ടതുണ്ട്. ഫലം പുറപ്പെടുവിക്കാത്തവ വെട്ടിവീഴ്ത്തുമെന്നു പറയുന്നുണ്ടല്ലോ. ഈശോ പറയുന്ന ഫലം ചൊല്ലിയ കൊന്തകളുടെയോ കൂടിയ കുര്‍ബാനകളുടേയോ എണ്ണമല്ല എന്ന കാര്യം നാം മറന്നു പോകരുത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org