|^| Home -> Cover story -> കാവിപ്പടയോട്ടം: ചരിത്രം അവസാനിക്കുന്നില്ല

കാവിപ്പടയോട്ടം: ചരിത്രം അവസാനിക്കുന്നില്ല

Sathyadeepam


ഫാ. സുരേഷ് മാത്യു പള്ളിവാതുക്കല്‍ OfmCap

ബിജെപി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യം (എന്‍ ഡിഎ) കൂടുതല്‍ സീറ്റുകളും വോട്ട് വിഹിതവുമായി വീണ്ടും അധികാരത്തിലെത്തി. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും മോശമായിരുന്നു. എല്ലാവര്‍ക്കും അതറിയുകയും ചെയ്യാം. ദരിദ്രര്‍, ന്യൂനപക്ഷങ്ങള്‍, പുറന്തള്ളപ്പെട്ടവര്‍, തൊഴില്‍രഹിതര്‍ തുടങ്ങിയവരെല്ലാവരും തികഞ്ഞ ബുദ്ധിമുട്ടുകളും സഹനങ്ങളും അനുഭവിച്ചു. വാഗ്ദാനം ചെയ്യപ്പെട്ട സാമ്പത്തികപരിഷ്കാരങ്ങളൊന്നും നടപ്പായില്ല. തൊഴിലില്ലായ്മ എക്കാലത്തേയും ഉയര്‍ന്ന നിലയിലെത്തി, കാര്‍ഷികപ്രതിസന്ധി ജനകോടികളെ ബാധിച്ചു. എന്നിട്ടും മോദിയുടെ തേരോട്ടത്തെ തടയാന്‍ പ്രതിപക്ഷത്തിനു സാധിച്ചില്ല.

ബലാക്കോട്ടിനെ മുതലെടുത്തു
2018-ലെ സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ക്കു ശേഷം ബിജെപിയുടെ ഗതി താഴോട്ടായിരുന്നു. തിരഞ്ഞെടുപ്പു നടന്ന അഞ്ചു സംസ്ഥാനങ്ങള്‍ പ്രതിപക്ഷപാര്‍ട്ടികള്‍ പിടിച്ചടക്കിയല്ലോ. തുടര്‍ന്നുള്ള ഏതാനും മാസങ്ങളില്‍ മോദി തന്‍റെ പ്രവര്‍ത്തന വേഗത മാറ്റി, ആഖ്യാനം മാറ്റി, പുല്‍വാമ സംഭവം അതിനൊരു രാസത്വരകമായി വര്‍ത്തിക്കുകയും ചെയ്തു. പാക്കിസ്ഥാന്‍റെ അതിക്രമങ്ങളില്‍ നിന്നു രാജ്യത്തെ രക്ഷിക്കാന്‍ മോദിക്കു മാത്രമേ സാധിക്കൂ എന്നൊരു ശക്തമായ തോന്നലുണ്ടാക്കാന്‍ തുടര്‍ന്നുണ്ടായ ബലാക്കോട്ട് അക്രമം വഴി തെളിച്ചു. ഈ വികാരം പരമാവധി ചൂഷണം ചെയ്യപ്പെട്ടു. 2014-ല്‍ നല്‍കിയ തൊഴിലവസരവര്‍ദ്ധനവ്, വിലക്കയറ്റനിയന്ത്രണം, കള്ളപ്പണവിരുദ്ധപ്പോരാട്ടം തുടങ്ങിയ വാഗ്ദാനങ്ങളെ കുറിച്ചൊന്നും തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ മോദി ഒരക്ഷരം മിണ്ടിയില്ല. ഭൂരിപക്ഷസമൂഹത്തില്‍ പാക്കിസ്ഥാനേയും ന്യൂനപക്ഷത്തേയും കുറിച്ചുള്ള ഭീതി നിറയ്ക്കാനുള്ള പരിശ്രമങ്ങള്‍ മാത്രമാണ് പകരം നടന്നത്. “തുക്കടാ” രാഷ്ട്രീയ സംഘങ്ങളെ തോല്‍പിക്കാന്‍ കരുത്തുള്ള ഏകനേതാവായി മോദി അവതരിപ്പിക്കപ്പെടുകയായിരുന്നു. ദേശീയത അഥവാ രാഷ്ട്രാവത് ആയിരുന്നു ബിജെപിയുടെ പ്രചാരണത്തിന്‍റെ മുഖ്യവിഷയം.

ധ്രുവീകരണവിദഗ്ദ്ധനും പക്ഷംപിടിച്ച തിരഞ്ഞെടുപ്പു കമ്മീഷനും
മഹാരാഷ്ട്രയിലെ വാര്‍ദ്ധായില്‍ ഹിന്ദുക്കളോടു തികച്ചും മതത്തിന്‍റെ പേരില്‍ പരസ്യമായ വോട്ടഭ്യര്‍ത്ഥന നടത്താന്‍ മോദി തയ്യാറായി. ഭീകരാക്രമണത്തിന്‍റെ പേരില്‍ പ്രഗ്യാ സിംഗ് ഠാക്കൂറിനെതിരെ നടപടികള്‍ സ്വീകരിച്ചത് ഹൈന്ദവരുടെ വിശ്വാസത്തെ അധിക്ഷേപിച്ചു എന്നു പറഞ്ഞുകൊണ്ടായിരുന്നു ഇത്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്നു മത്സരിച്ചതിനെ അദ്ദേഹം ആക്ഷേപിച്ചു, “ന്യൂനപക്ഷം ഭൂരിപക്ഷമായിടത്തു നിന്നു മത്സരിക്കുന്നു.” മുസ്ലീങ്ങള്‍ ഇന്ത്യയിലെ തുല്യപൗരന്മാരല്ല എന്ന ഭാവത്തിലായിരുന്നു ആ ആക്ഷേപം. ഇത്തരം ധ്രുവീകരണ പ്രസ്താവനകള്‍ ടിവിയില്‍ തത്സമയം വരികയും ബിജെപിയുടെ പ്രചാരണസംവിധാനം രാജ്യമെങ്ങും കൂടുതല്‍ ഉച്ചത്തില്‍ കേള്‍പ്പിക്കുകയും ചെയ്തു. വിഷം പരമാവധി എല്ലായിടത്തും പടരുന്നുണ്ടെന്ന് അവര്‍ ഉറപ്പാക്കി.

ഇന്ത്യയുടെ തിരഞ്ഞെടുപ്പു പ്രചാരണച്ചട്ടങ്ങളുടെ ഈ പ്രകടമായ ലംഘനത്തിന്‍റെ പേരില്‍ മോദിക്കെതിരെ നടപടി സ്വീകരിക്കാന്‍ താത്പര്യമില്ലെന്നു തിരഞ്ഞെടുപ്പു കമ്മീഷന്‍ വ്യക്തമാക്കിയതോടെ മോദിയും ബിജെപി പ്രസിഡന്‍റ് അമിത്ഷായും ഒരു പടികൂടി മുന്നോട്ടു പോകുകയും പ്രഗ്യാ സിംഗ് ഠാക്കൂറിനെ ഭോപ്പാലില്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാക്കുകയും ചെയ്തു. ഹിന്ദു മേധാവിത്വത്തിന്‍റെ ശൗര്യത്തെ മാത്രമല്ല, മുസ്ലീങ്ങള്‍ക്കെതിരായ അക്രമത്തേയും ഭീകരവാദത്തേയും കൂടിയാണ് അവരുടെ സ്ഥാനാര്‍ത്ഥിത്വം പ്രതീകവത്കരിച്ചത്.

മുസ്ലീങ്ങളെ കൊല്ലാന്‍ ബോംബു വച്ചതിനു തനിക്കെതിരെ നടപടിയെടുത്ത മുതിര്‍ന്ന പോലീസുദ്യോഗസ്ഥന്‍ ഹേമന്ത് കര്‍കരെയെ 2008-ല്‍ കൊന്നതിനെ ന്യായീകരിച്ചുകൊണ്ടുള്ളതായിരുന്നു തന്‍റെ സ്ഥാനാര്‍ത്ഥിത്വപ്രഖ്യാപനത്തിനു ശേഷം പ്രഗ്യാ സിംഗ് നടത്തിയ ആദ്യത്തെ പരസ്യമായ അഭിപ്രായപ്രകടനം. ഇതേ തുടര്‍ന്നു, മഹാത്മാഗാന്ധിയുടെ കൊലപാതകിയെ അവര്‍ പുകഴ്ത്തിയത് മോദിയെ കുഴപ്പത്തിലാക്കുകയും തുടര്‍ന്നു മോദി അവരില്‍നിന്ന് അകലം പാലിക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നിട്ടും, നാഥുറാം ഗോഡ്സെ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയത്തെ വിമര്‍ശിക്കാതിരിക്കാന്‍ മോദി ജാഗ്രത കാണിച്ചു. പ്രഗ്യയെ പോലെ അദ്ദേഹവും ഗാന്ധിക്കോ ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ക്കോ മൂല്യം കല്‍പിക്കുന്നില്ല.

മോദിവത്കൃത മാധ്യമങ്ങള്‍
മോദിമതം വിപണനം ചെയ്യുന്നതിലും വിവിധ ‘പദ്ധതികളുടെ’ പേരില്‍ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെ അതിശയോക്തിവത്കരിക്കുന്നതിലും നല്ലൊരു പങ്കു മാധ്യമങ്ങളും സ്വമേധയാ കൂട്ടുപ്രതികളായി. മോദിയുടെയും അമിത്ഷായുടെയും റാലികള്‍ക്കു സ്വകാര്യ ടെലിവിഷന്‍ ചാനലുകള്‍ ആനുപാതികമല്ലാത്ത വിധത്തില്‍ അധികസമയം നല്‍കി. കൂടാതെ, കഴിഞ്ഞ അഞ്ചു വര്‍ഷവും ബിജെപിയുടെ വിഭാഗീയ, ശ്രദ്ധ തിരിക്കല്‍ അജണ്ടകള്‍ വിപണനം ചെയ്യാനും പൊതുമണ്ഡലത്തെ വിഷമയമാക്കാനും ഭരണകൂടത്തിന്‍റെ പരാജയപ്പെട്ട നയങ്ങള്‍ക്കെതിരായ വിമര്‍ശനങ്ങളുടെ വായടക്കാനും മാധ്യമങ്ങള്‍ സജീവമായ സഹായം നല്‍കി.

പ്രതിപക്ഷത്തിന്‍റെ പരാജയം
ബിജെപിയുടെ പ്രധാന അഖിലേന്ത്യാ എതിരാളിയായ കോണ്‍ഗ്രസ് സ്വയം പുനരുജ്ജീവിപ്പിക്കുന്നതിലും ഭരണകക്ഷിക്കു വെല്ലുവിളിയുയര്‍ത്തുന്നതിലും ദയനീയമായി പരാജയപ്പെട്ടു. പ്രതിപക്ഷ നേതാവിന്‍റെ പദവി ലഭിക്കുന്നതിനുള്ള സീറ്റുകള്‍ നേടുന്നതില്‍ പോലും ഒരിക്കല്‍ കൂടി ഈ പ്രമുഖ പുരാതന പാര്‍ട്ടി പരാജയപ്പെട്ടു എന്നതാണ് ഏറെ നിരാശാജനകം. എങ്കിലും, തെറ്റായ വിലയിരുത്തല്‍ പാടില്ല. ഒരു പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിലെന്ന പോലെ വലിയൊരു വിഭാഗം വോട്ടര്‍മാര്‍ക്ക് ഈ തിരഞ്ഞെടുപ്പ് മോദിയും എതിര്‍പക്ഷത്തെ ശൂന്യതയും തമ്മിലുള്ളതായിരുന്നു. അവര്‍ ആദ്യത്തെയാളെ തിരഞ്ഞെടുക്കുകയും ചെയ്തു. അദ്ദേഹത്തിന്‍റെ വ്യക്തിത്വം മറ്റെല്ലാവരേയും അതിശയിച്ചു നില്‍ക്കുന്നു. ജനങ്ങള്‍ ബിജെപി സ്ഥാനാര്‍ത്ഥികളെയല്ല കണ്ടത്, എല്ലാ സീറ്റിലും മോദി മത്സരിക്കുന്നതായി കാണുകയും മോദിക്ക് വോട്ടു ചെയ്യുകയുമാണ് ഉണ്ടായത്. മോദി അവരോട് ആവശ്യപ്പെട്ടതും അതു തന്നെയാണ്.

കൂടാതെ, ജയസാദ്ധ്യതയുള്ള ഒരു സഖ്യം രൂപീകരിക്കാന്‍ പ്രതിപക്ഷകക്ഷികള്‍ക്കു സാധിച്ചുമില്ല. ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പൊതുസ്ഥാനാര്‍ത്ഥികളെ നിറുത്തുന്നതില്‍ അവര്‍ പരാജയപ്പെട്ടു. വളരെ കഠിനാദ്ധ്വാനം ചെയ്തു സഖ്യം രൂപപ്പെടുത്തിയ സംസ്ഥാനങ്ങളില്‍ പോലും തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ക്കു പരസ്പരം വോട്ട് ചെയ്യുന്നു എന്നുറപ്പാക്കാനും പ്രതിപക്ഷത്തിനു കഴിഞ്ഞില്ല. ബിജെപി വന്‍വിജയം നേടിയ കര്‍ണാടകയിലും ഉത്തര്‍പ്രദേശിലും ഇതു വളരെ വ്യക്തമായിരുന്നു. പരസ്പരം ശണ്ഠ കൂടുന്ന പങ്കാളികള്‍ക്ക് വോട്ടര്‍മാരുടെ വിശ്വാസം പിടിച്ചുപറ്റാന്‍ കഴിഞ്ഞില്ല. വിശ്വാസ്യതയുള്ള ഒരു ബദലുമായി ജനങ്ങളെ സമീപിക്കുന്നതില്‍ പ്രതിപക്ഷം പരാജയപ്പെട്ടപ്പോള്‍ സ്വന്തം ക്ഷേമപദ്ധതികളുടെ ‘വിജയം’ വിറ്റഴിക്കാന്‍ ബിജെപിക്കു സാധിക്കുകയും ചെയ്തു.

ഗോഡ്സെയുടെ രാജ്യസ്നേഹത്തേക്കാള്‍ മികച്ചത് രാജ്യമര്‍ഹിക്കുന്നുണ്ട്
വോട്ട് വിഹിതത്തില്‍ 6% വര്‍ദ്ധനവു വരുത്തിക്കൊണ്ട് ഒരു ഭരണസഖ്യം വീണ്ടും അധികാരത്തിലെത്തുന്നത് ദീര്‍ഘകാലത്തെ ചരിത്രത്തില്‍ ആദ്യമായിട്ടാണ്. ആകെ ചെയ്ത വോട്ടിന്‍റെ 37.5% നേടുകയും ചെയ്തിരിക്കുന്നു. പ്രതിപക്ഷപാര്‍ട്ടികള്‍ ഒരു ആത്മപരിശോധന ചെയ്യേണ്ടിയിരിക്കുന്നു. ഇത് അവരുടെ നിലനില്‍പിന്‍റെ കാര്യം മാത്രമല്ല. രാജ്യം ഒരു മതേതര, ജനാധിപത്യ രാജ്യമായി തുടരേണ്ടതിനും ഇതാവശ്യമാണ്. മഹാത്മാഗാന്ധിയുടെ കൊലപാതകി രാജ്യസ്നേഹിയാണെന്നു പ്രഖ്യാപിച്ച വ്യക്തി വന്‍ഭൂരിപക്ഷത്തോടെ വിജയിക്കുന്ന സ്ഥിതിയോളം ഹിന്ദുത്വ പ്രത്യയശാസ്ത്രം ഇവിടെ രൂഢമൂലവും വ്യാപകവുമായിരിക്കുന്നു. ഗാന്ധിയുടെ കൊലയാളിയെ രാജ്യസ്നേഹിയെന്നു വിളിക്കുന്നവരെ സ്വന്തം പ്രതിനിധികളായി ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന തരത്തില്‍ ചരിത്രത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും ഹിന്ദുത്വവീക്ഷണം ഇവിടെ വ്യാപകമായിരിക്കുന്നു. സമൂഹത്തിന്‍റെ പല മേഖലകളിലും ഈ ചിന്താഗതിക്കു സ്വീകാര്യതയുണ്ടായിരിക്കുന്നു. പ്രഗ്യാ സിംഗ് ഠാക്കൂറിനെയും 2024-ല്‍ തിരഞ്ഞെടുപ്പു തന്നെ ഉണ്ടാകുകയില്ലെന്നു പ്രവചിക്കുന്ന സാക്ഷി മഹാരാജിനെയും പോലുള്ളവര്‍ തങ്ങളുടെ തിരഞ്ഞെടുപ്പു വിജയത്തില്‍ മതിമറക്കുന്നു. നിയമങ്ങളും ഇന്ത്യന്‍ ഭരണഘടനയില്‍ ആലേഖനം ചെയ്തിട്ടുള്ള മൂല്യങ്ങളും മാറ്റിമറിച്ചുകൊണ്ട് രാജ്യത്തിന്‍റെ ഭാവി നിര്‍ണയിക്കാന്‍ പോകുന്നതവരാണ്.

ബിജെപി സര്‍ക്കാരിന്‍റെ വീണ്ടുമുള്ള തിരഞ്ഞെടുപ്പ് അഭിപ്രായവ്യത്യാസങ്ങള്‍ പ്രകടിപ്പിക്കുന്നതിനു വേണ്ടി നിലകൊള്ളുന്നവരില്‍ ഭീതി ജനിപ്പിക്കുന്നുണ്ട്. ജനതയുടെ നിരവധി വിഭാഗങ്ങള്‍ ഭയത്തില്‍ ജീവിക്കുക എന്നത് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തെ സംബന്ധിച്ച് നല്ല ലക്ഷണമല്ല. രണ്ടാം മോദി ഭരണകൂടം ഒരു തിരുത്തലിനു തയ്യാറാകണം. അല്ലെങ്കില്‍ ബഹു സംസ്കാര, ബഹുമത രാഷ്ട്രമെന്ന ആശയം തകര്‍ച്ചയിലാകും. ഇന്ത്യ അതിന്‍റെ ജനാധിപത്യ അടിത്തറ വീണ്ടെടുക്കുകയും വികസിപ്പിക്കുകയും വേണം. ശരിയാണ്, ഈ തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷവര്‍ഗീയവിജയം ഒരു തിരിച്ചടിയാണ്. പക്ഷേ ചരിത്രം ഇവിടെ അവസാനിക്കുന്നില്ല.

(ഇന്ത്യന്‍ കറന്‍റ്സ് വാരികയുടെ ചീഫ് എഡിറ്ററാണ് ലേഖകന്‍.)

Leave a Comment

*
*