ഉഴുതുണ്ണുന്നവരും തൊഴുതുണ്ണുന്നവരും

ഉഴുതുണ്ണുന്നവരും തൊഴുതുണ്ണുന്നവരും


ഫാ. സൂരജ് പിട്ടാപ്പിള്ളി

ആഗോളസമൂഹം ഏറെ പ്രതീക്ഷയോടെയും ആവേശത്തോടെയും ഏറ്റുവാങ്ങിയ ഒരു ചാക്രികലേഖനമായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ 'അങ്ങേയ്ക്ക് സ്തുതി' (Laudato Si). ആലംബഹീനനായ മനുഷ്യന്‍റെയും ആലംബഹീനയായ പ്രകൃതിയുടെയും നിലവിളികള്‍ക്ക് ഒരേ ശബ്ദമാണെന്നും മനുഷ്യനോടു ചെയ്യുന്ന ദ്രോഹം പ്രകൃതിയെയും പ്രകൃതിയോടു ചെയ്യുന്ന ദ്രോഹം മനുഷ്യനെയും വേദനിപ്പിക്കുമെന്നും മാര്‍പാപ്പ അഭിപ്രായപ്പെട്ടു. സമാനതകളില്ലാത്ത പ്രകൃതി നശീകരണം നടന്ന – നടന്നുകൊണ്ടിരിക്കുന്ന – ഭാരതത്തിന്‍റെ പശ്ചാത്തലത്തില്‍ ഈ ചാക്രികലേഖനം നമുക്കൊരു വെല്ലുവിളിതന്നെയാണ്. തന്‍റെ പ്രസംഗങ്ങളിലെല്ലാം മാര്‍പാപ്പ ആവര്‍ത്തിക്കുന്ന 'നിസംഗതയുടെ ആഗോളവല്‍ക്കരണ'മാണ് പ്രകൃതിക്കെതിരെയുള്ള കടന്നുകയറ്റത്തിന്‍റെയും പിന്നിലെ ഒരു പ്രധാനഘടകം. എന്‍റെ അന്നവും കുടിവെള്ളവും ജീവവായുവും മുട്ടാത്തിടത്തോളം കാലം അതിന്‍റെ മൂല്യം ഞാന്‍ മനസ്സിലാക്കാത്തിടത്താണ് ഈ നിര്‍വ്വികാരത പ്രാഥമികമായി പ്രത്യക്ഷമാകുന്നത്. പരിസ്ഥിതിയോടുള്ള നിലപാടിലും കാഴ്ചപ്പാടിലും ഒരു സമൂല പരിവര്‍ത്തനവും മാനസാന്തരവും ആവശ്യപ്പെടുന്ന ചാക്രികലേഖനമാണിത്. ഇതിനോടകം ധാരാളം വ്യാഖ്യാനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വിധേയമായ ഈ ചാക്രിക ലേഖനത്തെപ്പറ്റി വീണ്ടും പരാമര്‍ശിക്കുന്നതും ഇതുയര്‍ത്തുന്ന വെല്ലുവിളികളെ പുനഃരവതരിപ്പിക്കുന്നതും ചില കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കാന്‍ വേണ്ടിയാണ്. അവയെക്കുറിച്ചുള്ള മറവി അക്ഷന്തവ്യമാണെന്നും വരും തലമുറയുടെ മുമ്പില്‍ കണക്കു ബോധിപ്പിക്കേണ്ട അപരാധമാണെന്നും ഞാന്‍ കരുതുന്നു.

വന്യമൃഗങ്ങള്‍ മനുഷ്യവാസപ്രദേശങ്ങളിലിറങ്ങി കൃഷികള്‍ നശിപ്പിക്കുന്നതും മനുഷ്യജീവന് ഭീഷണിയുയര്‍ത്തുന്നതും ഇന്ന് ഒരു വാര്‍ത്തയേ അല്ലാതായിരിക്കുന്നു. എന്നാല്‍ ഞെട്ടിപ്പിക്കുന്ന മറ്റൊരു യാഥാര്‍ത്ഥ്യത്തിനുനേരെയും നാം നിസ്സംഗത പുലര്‍ത്തുന്നു; വന്യമൃഗങ്ങള്‍ മനുഷ്യനെ കൊല്ലുകയും ഭക്ഷണമാക്കുകയും ചെയ്യുന്ന അത്യന്തം ഭീകരമായ അവസ്ഥ. 'ആദിവാസി യുവാവിനെ കടുവ കൊന്നു ഭക്ഷിച്ചു' എന്ന വാര്‍ത്ത ഒരു മനുഷ്യജീവിയെന്ന നിലയില്‍ അത്യന്തം വേദനയോടെയാണ് ഞാന്‍ ഏതാണ്ട് രണ്ടുവര്‍ഷങ്ങള്‍ക്ക് മുമ്പ് പത്രത്തില്‍ വായിച്ചത്. എന്നാല്‍ അതിലേറെ എന്നെ അസ്വസ്ഥതപ്പെടുത്തിയത് മറ്റൊരു സംഗതിയായിരുന്നു. ആ വാര്‍ത്ത ഉള്‍പ്പേജിലെ ഒരു ചെറു കോളത്തിലൊതുങ്ങി എന്നതായിരുന്നു അത്. നിസ്സംഗത ക്രൂരവും കുറ്റകരവുമാകുന്ന ഇത്തരം സാഹചര്യങ്ങളില്‍, മനുഷ്യജീവനുവേണ്ടി ശബ്ദിക്കാന്‍ ആരുമില്ലാതാവുന്ന സാഹചര്യങ്ങളില്‍ ഡെസ്ക്ടോപ്പ് പ്രകൃതിസ്നേഹികളുടെയും ആംചെയര്‍ മൃഗസ്നേഹികളുടെയും നിലപാടുകളിലെ പൊള്ളത്തരത്തെ തുറന്നെതിര്‍ക്കാന്‍ നെറിവുള്ള പൊതുസമൂഹം മുന്നോട്ടു വരണം. ഒരു കാര്യം ഉറപ്പിച്ചു പറയട്ടെ, 'ശീതീകൃത ചാരുകസേര പരിസ്ഥിതി വാദ'ത്തെ എതിര്‍ക്കുന്നവരെ പരിസ്ഥിതി വിരുദ്ധരും കയ്യേറ്റക്കാരും അപരിഷ്കൃതരും പരിസ്ഥിതി സാക്ഷരത (eco-literacy) ഇല്ലാത്തവരുമായി ചിത്രീകരിക്കാനുള്ള ശ്രമം നടക്കുന്ന ഇന്ന് നിലപാടുകളെടുക്കാന്‍ പലര്‍ക്കും മടിയാണ്.

ഹരിതഭീകരവാദം
പ്രപഞ്ചത്തെയും ദൈവത്തെയും മനുഷ്യനെയും ഒരേ ചരടില്‍ കോര്‍ത്ത് അവയുടെ പാരസ്പര്യത്തിലധിഷ്ഠിതമായ ഒരു ലോകവീക്ഷണം (Cosmotheandric vision) വളര്‍ത്തിയെടുത്ത മനുഷ്യന്‍ എല്ലാക്കാലങ്ങളിലും ദിക്കുകളിലും ഉണ്ടായിരുന്നു. അതേസമയം പ്രകൃതിയും മനുഷ്യനും തികച്ചും വ്യത്യസ്തമാണെന്നും മനുഷ്യകേന്ദ്രീകൃതമാണ് ഈ പ്രപഞ്ചമെന്നുമുള്ള ലോകവീക്ഷണവും ചരിത്രത്തില്‍ പലഘട്ടങ്ങളിലുമുണ്ടായിരുന്നു. മനുഷ്യനാണ് എല്ലാറ്റിന്‍റെയും അളവുകോല്‍ എന്നു പറഞ്ഞ പ്രാചീന ഗ്രീക്ക് ചിന്തകന്‍ പ്രോട്ടഗോറസും, മനുഷ്യന്‍ പ്രകൃതിയില്‍നിന്നും തുലോം വിഭിന്നനും തന്‍മൂലം ഉത്കൃഷ്ടനുമാണെന്ന് പറഞ്ഞ ആധുനിക ഫ്രഞ്ച് ചിന്തകന്‍ ദെക്കാര്‍ത്തുമൊക്കെ ഈ കൂട്ടത്തില്‍പ്പെട്ടവരാണ്. ദെക്കാര്‍ത്തിന്‍റെ ദ്വൈതവാദം അനുസരിച്ച് ചിന്താശേഷിയുള്ള മനുഷ്യന്‍ പദാര്‍ത്ഥപ്രപഞ്ചത്തെ, അതിന്‍റെ നിയമങ്ങള്‍ അറിഞ്ഞ് കീഴടക്കേണ്ടവനാണ്. ഈ ചിന്തയില്‍ നിന്നാണ് ആധുനിക ഭൗതികശാസ്ത്രം വളര്‍ന്നതുതന്നെ. അറിവിലൂടെ കീഴ്പ്പെടുത്തേണ്ട വസ്തുവാണ് പ്രപഞ്ചം എന്ന സങ്കല്‍പമാണ് പ്രകൃതിചൂഷക നിലപാടിന്‍റെ ആണിക്കല്ല്. മനുഷ്യകേന്ദ്രീകൃത പ്രപഞ്ച സങ്കല്‍പമാണ് പ്രകൃതിചൂഷണത്തിലേക്ക് നയിക്കുന്നത് എന്ന കാഴ്ചപ്പാടാണ് ചിന്താലോകത്ത് നിലനില്‍ക്കുന്നത്.

അമേരിക്കന്‍ മറൈന്‍ ബയോളജിസ്റ്റായിരുന്ന റേച്ചല്‍ കാഴ്സണ്‍ 1962-ല്‍ പ്രസിദ്ധീകരിച്ച 'മൂകവസന്തം' എന്ന ഗ്രന്ഥം പരിസ്ഥിതി വിജ്ഞാനീയത്തിലെ ഒരു നാഴികക്കല്ലാണ്. അമിതമായ വിഭവചൂഷണവും രാസവസ്തുപ്രയോഗവും മൂലം നട്ടം തിരിയുന്ന പ്രകൃതിയുടെ ദുരവസ്ഥയാണവിടെ വിവരിക്കപ്പെട്ടത്. പൂക്കള്‍ വിരിയുകയും പക്ഷികള്‍ പാടുകയും ചെയ്യേണ്ട വസന്തകാലം ശ്മശാനതുല്യമായ മൂകതയിലാണ്ടു പോയതിനെക്കുറിച്ചാണ് റേച്ചല്‍ കാഴ്സ ണ്‍ വിവരിച്ചത്. നോര്‍വേജിയന്‍ ചിന്തകനായ ആര്‍നേനേസ്സിന്‍റെ ആഴ പരിസ്ഥിതി വിജ്ഞാനീയം (Deep Ecology) മനുഷ്യകേന്ദ്രീകൃത പ്രപഞ്ചസങ്കല്‍പത്തെ പാടേ തള്ളിക്കളഞ്ഞു. മനുഷ്യന്‍ പ്രകൃതിയില്‍ പ്രത്യേക സ്ഥാനം അലങ്കരിക്കുന്നില്ല എന്ന വാദം ആകര്‍ഷകമായി തോന്നാമെങ്കിലും അത് അത്യന്തം അപകടകരമായ ഹരിതഭീകരവാദത്തിലേക്ക് നയിച്ചേക്കാം. സാങ്കേതിക വിദ്യയുടെ സഹായത്തോടെ മനുഷ്യന്‍ പ്രകൃതിയില്‍ വരുത്തിയ മാറ്റങ്ങളും, നിര്‍മ്മിതികളും തച്ചുതകര്‍ക്കണമെന്ന് വാദിക്കുന്ന ഹരിത ലഡ്ഡൈറ്റുകളും (Green Luddites) 'ആദ്യം പ്രകൃതി പിന്നെ മനുഷ്യന്‍' എന്നു വാദിക്കുന്നവരും (earth first movement) ഹരിത ഭീകരവാദത്തിലേക്കാണ് വളരുന്നത്. മനുഷ്യവംശത്തിന്‍റെ നിലനില്‍പ്പിനുതന്നെ കാരണമായ കരുണ, ഉപവി അതിജീവനശേഷി കുറഞ്ഞവരോടുള്ള കരുതല്‍ (care for the unfit), തുടങ്ങിയവയെ പാടേ നിരാകരിക്കുകയും ശേഷിയുള്ളവ മാത്രം നിലനിന്നാല്‍ മതിയെന്ന (survival of the fittest) പ്രകൃതിയുടെ നിയമം നിര്‍ദ്ദാക്ഷിണ്യം മനുഷ്യരാശിയുടെ മേല്‍ അടിച്ചേല്‍പ്പിക്കണമെന്നു വാദിക്കുകയും ചെയ്യുന്ന ഒരു വിഭാഗം പരിസ്ഥിതിവാദികളുണ്ട്. ജനസംഖ്യാ വര്‍ദ്ധനവ് പ്രകൃതിചൂഷണത്തിലേക്ക് നയിക്കുമെന്നതിനാല്‍ നിര്‍ബന്ധിത വന്ധ്യംകരണം, ദരിദ്രരാജ്യങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം നിര്‍ത്തലാക്കല്‍ തുടങ്ങിയ വന്യമായ നിര്‍ദ്ദേശങ്ങളാണ് പ്രകൃതിസംരക്ഷണത്തിന്‍റെ പേരില്‍ ഇവര്‍ മുന്നോട്ടു വയ്ക്കുന്നത്.

ഇത്തരം ഭ്രാന്തന്‍ ആശയങ്ങളുടെ സ്വാധീനത്താല്‍ ഇന്ത്യയില്‍ ഇതുപോലുള്ള പരിസ്ഥിതിസംരക്ഷണ രീതി നടപ്പിലാക്കണമെന്ന് വാദിക്കുന്നവരുണ്ട്. നമ്മുടെ നാടിന്‍റെ സവിശേഷമായ സാഹചര്യങ്ങളും ഭീമമായ ജനസംഖ്യയും കണക്കിലെടുക്കാതെ പടിഞ്ഞാറന്‍ ആശയങ്ങളെ അതേപടി നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് ചുരുക്കിപ്പറഞ്ഞാല്‍ ക്രൂരതയാണ്. ഈ ക്രൂരതയാണ് ഞാന്‍ മേല്‍പറഞ്ഞ നിസംഗതയിലേക്ക് നയിക്കുന്നത്.

പ്രായോഗിക പരിസ്ഥിതി പ്രേമം
ജനസംഖ്യ വളരെ കുറഞ്ഞ, വളരെ ഉയര്‍ന്ന പ്രതിശീര്‍ഷവരുമാനമുള്ള സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലോ മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലോ രൂപപ്പെട്ട തത്വശാസ്ത്രങ്ങളുടെ പ്രായോഗികതയും അപ്രായോഗികതയും തിരിച്ചറിയേണ്ടതുണ്ട്. ജീവസന്ധാരണത്തിനുവേണ്ടി പൗരന്‍മാര്‍ക്ക് വനമേഖലയില്‍ പ്രവേശിക്കേണ്ട സാഹചര്യം ഒട്ടുമില്ലാത്ത രാജ്യങ്ങളെയും വനമേഖലയുടെ സമീപസ്ഥലങ്ങളില്‍ ജീവിക്കുന്ന (കൊട്ടിഘോഷിക്കപ്പെട്ട വികസനത്തിന്‍റെ പുറംമ്പോക്കില്‍ ജീവിക്കുന്ന) പാവപ്പെട്ട ഇന്ത്യന്‍ കര്‍ഷകനെയും ഒരുപോലെ കാണരുത്. വന്യ മൃഗങ്ങളുടെ ശല്യത്തില്‍നിന്ന് കൃഷിയെയും കൃഷിഭൂമിയെയും സംരക്ഷിക്കുന്നതിനുവേണ്ടി വന്യമൃഗങ്ങളെ വെടിവെച്ച് കൊല്ലുന്ന രീതിയാണ് വിദേശരാജ്യങ്ങളില്‍ നിലവിലുള്ളത്. കൃഷിയുടെ സംരക്ഷണത്തോടൊപ്പം ആവാസവ്യവസ്ഥയ്ക്ക് ഭീഷണിയാകുന്ന മട്ടിലുള്ള പെറ്റുപെരുകലിനെ തടയുക എന്ന ലക്ഷ്യം കൂടി ഇതിനുണ്ട്. പ്രകൃതിയെ സംരക്ഷിക്കാന്‍ വേണ്ടി തത്ത്വശാസ്ത്രം രൂപീകരിച്ച സായിപ്പിന് മൃഗങ്ങളുടെ എണ്ണം ഭയാനകമായ വിധത്തില്‍ വര്‍ദ്ധിച്ചാല്‍ അവയെ കൊല്ലാനുള്ള വകതിരിവുകൂടിയുണ്ട് എന്ന കാര്യം ശ്രദ്ധേയമാണ്. മനുഷ്യജീവന് ഈ ജന്തുക്കള്‍ ഭീഷണിയായാലുള്ള കാര്യം പറയുകയും വേണ്ട. എത്രവലിയ സംരക്ഷിതപട്ടികയിലുള്ള ജന്തുവായാലും മനുഷ്യജീവന് ഭീഷണിയായാല്‍ അതിനെ നേരിടേണ്ടത് എങ്ങനെയെന്ന് അവര്‍ക്കറിയാം. എന്നാല്‍ ഈ തത്വശാസ്ത്രങ്ങള്‍ ഇറക്കുമതി ചെയ്ത നമ്മള്‍ അതിന്‍റെ തടവറയിലായിരിക്കുന്നു എന്നു പറയാതെ വയ്യ. മനുഷ്യന് ഈ പ്രപഞ്ചത്തില്‍ പ്രത്യേകമായൊരു സ്ഥാനമില്ലെന്ന് വാദിച്ച നോര്‍വേജിയന്‍ ചിന്തകന്‍ ആര്‍നേനേസ്സ് മരിച്ചപ്പോള്‍ ഇംഗ്ലീഷ് ദിനപത്രമായ 'ഗാര്‍ഡിയന്‍' അദ്ദേഹത്തെക്കുറിച്ചുള്ള ഒരു അനുസ്മരണക്കുറിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. (2009 ജനുവരി 15) അതില്‍ നേസ് പറഞ്ഞ ഒരു കാര്യം എന്നെ ആകര്‍ഷിച്ചു. "മനുഷ്യനെപ്പോലെ തന്നെ ജീവിക്കാന്‍ എല്ലാ ജീവികള്‍ക്കുമുള്ള അവകാശത്തെ ഞാന്‍ മാനിക്കും. പക്ഷേ എന്‍റെ കൊച്ചുമകന്‍റെ മുഖത്ത് കടിച്ച് ചോരകുടിക്കുന്ന കൊതുകിനെ കണ്ടാല്‍ രണ്ടാമതൊരാലോചനയും കൂടാതെ ഞാന്‍ അതിനെ തല്ലിക്കൊല്ലും." ചോരകുടിക്കുന്ന കൊതുകിന്‍റെ അവകാശത്തിനു പകരം വേദനിക്കുന്ന കൊച്ചുമകന്‍റെ അവകാശത്തെക്കുറിച്ച് ചിന്തിക്കാനുള്ള വിവേകം കാട്ടിയ ആര്‍നേ നേസിനെ എന്തുകൊണ്ട് നാം മാതൃകയാക്കുന്നില്ല.

ഉഴുതുണ്ണുന്നവരും തൊഴുതുണ്ണുന്നവരും
വികസിതമായ നഗരങ്ങളില്‍ ജീവിക്കുന്ന പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും നിരീക്ഷകര്‍ക്കും മണ്ണിനോടും പ്രകൃതിയോടും മല്ലിട്ട് അഷ്ടിക്ക് വക കണ്ടെത്തുന്ന കര്‍ഷകനോട് പുച്ഛമാണ്. അവരെ ഒന്നടങ്കം കയ്യേറ്റക്കാര്‍ എന്നുവിളിക്കാനും മടിയില്ല. നാടിന്‍റെ വിശപ്പുമാറ്റാന്‍ കൂടുതല്‍ അന്നം വിളയിക്കാന്‍ സര്‍ക്കാര്‍ തന്നെ പ്രോത്സാഹിപ്പിച്ച് കുടിയേറ്റിയ (Grow more food) കുടിയേറ്റക്കാരും അക്കൂട്ടത്തിലുണ്ടെന്ന കാര്യം അവര്‍ സൗകര്യപൂര്‍വ്വം മറക്കുന്നു. മനുഷ്യനെ കടിക്കുന്ന നായയുടെയും, കോഴിയെ പിടിക്കുന്ന നരിയുടെയും, മനുഷ്യനെ തിന്നുന്ന പുലിയുടെയും കടുവയുടേയുമൊക്കെ അവകാശങ്ങള്‍ക്ക് വേണ്ടി വാദിക്കുന്ന മനുഷ്യക്കോലങ്ങളെ കാണുമ്പോള്‍ സഹതാപം തോന്നാറുണ്ട്. വായിച്ചിട്ടും വകതിരിവില്ലാതെ പോകുന്ന ഇത്തരക്കാരെ കാണുമ്പോള്‍ ജര്‍മ്മന്‍ ചിന്തകനായ ഹൈഡഗ്ഗര്‍ പറഞ്ഞ കാര്യം ഓര്‍ക്കുക 'ശാസ്ത്രത്തിന് സ്വയം ചിന്തിക്കാന്‍ ശേഷിയില്ല.' ശരിയാണ്, ചിന്തയും വകതിരിവും മനുഷ്യന്‍റേതാണ്. മനുഷ്യന്‍റെ ചിന്തയില്‍നിന്ന് ജനിക്കുന്ന ശാസ്ത്രത്തിന് മനുഷ്യന് പകരം ചിന്തിക്കാനാവില്ല.

കാടു കയ്യേറിയ മനുഷ്യന്‍ തന്‍റെ അനിവാര്യമായ വിധിയെയാണ് നേരിടുന്നത് എന്നു പറയുന്നവര്‍ നാടുകയ്യേറുന്ന മൃഗങ്ങളും അനിവാര്യമായ വിധിയെ നേരിട്ടേ പറ്റൂ എന്ന ന്യായം പറയാത്തത് എന്തുകൊണ്ട് എന്നു ഞാന്‍ ചിന്തിക്കുകയാണ്. കാട്, നാട് എന്ന വേര്‍തിരിവുതന്നെ വിശകലനത്തിന് വിധേയമാക്കേണ്ടതാണ്. വാസയോഗ്യമല്ലാത്ത സ്ഥലങ്ങള്‍ ഉപേക്ഷിച്ച് വാസയോഗ്യമായ സ്ഥലങ്ങള്‍ അന്വേഷിച്ച് മനുഷ്യന്‍ നടന്നതിന്‍റെ ചരിത്രമാണ് സംസ്കാരങ്ങളുടെ ചരിത്രം. അതുകൊണ്ട് ഇന്നത്തെ കാടുകള്‍ പണ്ട് നാടുകളായിരുന്നേക്കാം, നാളെ അവ വീണ്ടും നാടായി മാറാനും സാധ്യതയുണ്ട്. ഇന്നത്തെ നാടുകളും പണ്ടെന്നോ കാടുകളായിരുന്നേക്കാം; നാളെ കാടുകളോ മരുഭൂമികളോ ആയി മാറാനും സാധ്യതയുണ്ട്. അതുകൊണ്ട് വിശാലാര്‍ത്ഥത്തില്‍ വാസയോഗ്യമായ സ്ഥലങ്ങള്‍ തേടിയവരെല്ലാം കൈയ്യേറ്റക്കാര്‍തന്നെയാണ്.

പ്രകൃതി സംരക്ഷണം എന്നാല്‍ മനുഷ്യനെ കൊന്നൊടുക്കാനുള്ള മൃഗങ്ങളുടെ അവകാശം അംഗീകരിക്കലല്ല എന്നു തറപ്പിച്ച് തന്നെ പറയട്ടെ. മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനുവേണ്ടി ആത്മാര്‍ത്ഥമായ ഒരു സമീപനവും സ്വീകരിക്കാത്ത സര്‍ക്കാര്‍ റോഡിലേക്ക് ചാഞ്ഞുനില്‍ക്കുന്ന മരങ്ങളുടെ ചില്ല വെട്ടുന്നതും മനുഷ്യന് ഭീഷണിയാകുന്ന രീതിയില്‍ പെറ്റുപെരുകുന്ന ജന്തുക്കളെ കൊല്ലുന്നതുമാണ് പ്രകൃതിചൂഷണം എന്ന വികലമായ കാഴ്ചപ്പാടാണ് സ്വീകരിച്ചിരിക്കുന്നത്. നമുക്കെല്ലാവര്‍ക്കുമൊരുമിച്ച് ഈ പ്രകൃതിയെ കൂടുതല്‍ വാസയോഗ്യമാക്കാം. മനുഷ്യര്‍ക്കും, മൃഗങ്ങള്‍ക്കും ഒരുപോലെ വാസയോഗ്യമായ ഒരു പ്രപഞ്ചം നമുക്ക് കെട്ടിപ്പടുക്കാം. വരുംതലമുറയ്ക്ക് മാലിന്യങ്ങളില്ലാത്ത ഒരു പ്രപഞ്ചം സമ്മാനിക്കാം. അതിനെയാണ് തലമുറാന്തരനീതി (transgenerational justice) എന്നു പറയുന്നത്.

കൃഷിയുടെ മാഹാത്മ്യത്തെക്കുറിച്ച് തിരുക്കുറളില്‍ തിരുവള്ളുവര്‍ പാടിയതിങ്ങനെയാണ്: "ഉഴുതുണ്ട് വാഴ്വോരേ വാഴ്വോര്‍ മറ്റെല്ലാം തൊഴുതുണ്ടു പിന്‍ ചെല്‍പവര്‍" ഉഴുതുണ്ണുന്നവനാണ് യഥാര്‍ത്ഥത്തില്‍ ഉണ്ണാന്‍ അര്‍ഹതയുള്ളവന്‍. മറ്റെല്ലാവരും തൊഴുതുണ്ണുന്നവരാണ്. ഉഴുതുണ്ണുന്ന, നമ്മെ ഊട്ടുന്ന കര്‍ഷകനെ തൊഴുതുണ്ണുന്നവന്‍ വന്ദിക്കണം. ചുരുങ്ങിയപക്ഷം നിന്ദിക്കാതിരിക്കുകയെങ്കിലും വേണം. ഉഴുതുണ്ണുന്നവനെത്തന്നെ ഊണാക്കി മാറ്റുന്ന വന്യജീവികളുടെ അവകാശത്തേക്കാള്‍ വലുത് അവന്‍റെ ജീവനും സ്വത്തുംതന്നെയാണ്. പ്രകൃതിസ്നേഹം പറഞ്ഞില്ലെങ്കില്‍ പരിഷ്കാരി എന്ന ലേബലുണ്ടാകില്ല എന്ന കാപട്യം മാറ്റിവച്ച് ആത്മാര്‍ത്ഥതയുള്ള സമീപനം സ്വീകരിക്കാന്‍ പരിസ്ഥിതി വാദികള്‍ക്കാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

(വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠം തത്വശാസ്ത്ര വിഭാഗം പ്രൊഫസറാണ് ലേഖകന്‍.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org