യുഗപ്രഭാവനായ മങ്കുഴിക്കരി പിതാവ്.!

യുഗപ്രഭാവനായ മങ്കുഴിക്കരി പിതാവ്.!

ജെയിംസ് ജെ. മങ്കുഴിക്കരി

മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരി പിതാവ് ദിവംഗതനായിട്ട് 2019 ജൂണ്‍ 11-ാം തീയതി
25 വര്‍ഷങ്ങള്‍ തികയുന്നു. അദ്ദേഹത്തിന്‍റെ ജീവിതത്തിലേക്ക് ഒരെത്തിനോട്ടം

കേരള കത്തോലിക്കാ മെത്രാന്‍ സംഘത്തിലെ Trouble Shooter, മെത്രാന്‍ സംഘത്തിലെ തത്ത്വജ്ഞാനി തുടങ്ങിയ അപരാഭിധാനങ്ങളാല്‍ പ്രകീര്‍ത്തിതനായിരുന്ന പിതാവ്, 1920 മാര്‍ച്ച് 2-ന് ചേര്‍ത്തലയില്‍ തണ്ണീര്‍മുക്കത്തു ഭൂജാതനായി. മങ്കുഴിക്കരിയില്‍ ശ്രീ. എം.ജെ. ജോസഫിന്‍റെയും പുത്തന്‍തറയില്‍ ശ്രീമതി റോസമ്മയുടെയും ഏഴു മക്കളില്‍ മൂന്നാമനായ അദ്ദേഹം മോണ്‍. മാത്യു മങ്കുഴിക്കരിയുടെ സഹോദരപുത്രനാണ്. വിവിധ സന്യാസസഭകളില്‍ മൂന്നു സഹോദരികളുണ്ട്.

എസ്എസ്എല്‍സി പാസ്സായശേഷം എറണാകുളം അതിരൂപതയുടെ പെറ്റി സെമിനാരിയില്‍ വൈദികപഠനത്തിനു ചേര്‍ന്ന അദ്ദേഹം 1955 മാര്‍ച്ച് 12-ാം തീയതി മാര്‍ ജോസഫ് പാറേക്കാട്ടില്‍ പിതാവിന്‍റെ കൈവയ്പുവഴി പൗരോഹിത്യം സ്വീകരിച്ചു. എറണാകുളത്തെ കത്തിഡ്രലില്‍ ഹ്രസ്വമായ കാലയളവില്‍ സഹവികാരിയായിരുന്ന നവവൈദികന്‍ റോമിലെ ഗ്രിഗോറിയന്‍ സര്‍വകലാശാല, ലുവൈന്‍ സര്‍വകലാശാല എന്നിവിടങ്ങളില്‍ നിന്നു തത്ത്വശാസ്ത്രത്തില്‍ ഉന്നതബിരുദങ്ങള്‍ നേടി. മഹാകവി രവീന്ദ്രനാഥ് ടാഗോറിന്‍റെ സത്താദര്‍ശനത്തെ അടിസ്ഥാനമാക്കി രചിച്ച Meta Physical Vison of Tagore എന്ന പ്രബന്ധത്തിനു 100 ശതമാനം മാര്‍ക്ക് നേടി ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കി.

മംഗലപ്പുഴ സെമിനാരിയിലെ തത്ത്വശാസ്ത്ര പ്രഫസ്സര്‍ എന്ന നിലയില്‍ അദ്ദേഹം കൈകാര്യം ചെയ്ത പ്രധാന വിഷയം സത്താദര്‍ശനം (Substantial Vision) എന്നതായിരുന്നു. തത്ത്വശാസ്ത്രാധ്യാപനത്തില്‍ അദ്ദേഹം നവീനപാതകള്‍ വെട്ടിത്തുറന്നു. കടുകട്ടിയായ ഈ വിഷയം കുമാരനാശാന്‍, വള്ളത്തോള്‍, ജി. ശങ്കരക്കുറുപ്പു തടങ്ങിയവരുടെ പ്രസിദ്ധമായ ശ്ലോകങ്ങള്‍ കലര്‍ത്തി മധുരമനോജ്ഞമായ കാവ്യഭാഷയില്‍ അവതരിപ്പിച്ചു വൈദികവിദ്യാര്‍ത്ഥികള്‍ക്ക് ആസ്വാദ്യകരമാക്കിത്തീര്‍ത്തു. തോമസ് അക്വിനാസ്, അഗസ്റ്റിന്‍ ഹൈഡഗര്‍, തെയ്യാര്‍ദെഷാര്‍ദ്ദാന്‍ തുടങ്ങിയ തത്ത്വശാസ്ത്രപ്രതിഭകളുടെ അനര്‍ഘചിന്താരത്നങ്ങള്‍ തന്‍റെ അസാധാരണ വാഗ്പ്രഭയില്‍ മധുവിന്‍റെയും നവഗീതത്തിന്‍റെയും മാധുര്യമെന്നോണം അദ്ദേഹം തന്‍റെ വിദ്യാര്‍ത്ഥികള്‍ ഹൃദ്യമാക്കി. സെമിനാരി അദ്ധ്യാപകനായിരിക്കവേ കേരളമങ്ങോളമിങ്ങളോമുള്ള വിവിധ റീത്തുകളിലെ ഇടവകകള്‍, കോളജ് ഹോസ്റ്റലുകള്‍ എന്നിവ കേന്ദ്രീകരിച്ചു നടത്തിയ പ്രഭാഷണങ്ങളിലെ അനിര്‍വചനീയമായ പ്രസംഗധോരണി മലയാളത്തിന്‍റെ Silver Tounged Orater എന്ന നാമം അദ്ദേഹത്തിനു ചാര്‍ത്തിക്കൊടുത്തു. വിശ്വാസസത്യങ്ങളുടെ അനുപമനായ വക്താവെന്ന നിലയില്‍ കേരള ഫുള്‍ട്ടന്‍ ഷീനായും അറിയപ്പെട്ടു. പ്രസംഗവേദികളിലും സാഹിത്യചര്‍ച്ചാവേദികളിലും അദ്ദേഹത്തിന്‍റെ വാക്കുകള്‍ അനിഷേധ്യങ്ങളും ആധികാരികവുമായിരുന്നു.

1970 മുതല്‍ 1984 ഏപ്രില്‍ 1 വരെ കര്‍ദി. പാറേക്കാട്ടില്‍ പിതാവിന്‍റെ സഹായമെത്രാനും അതിരൂപതയുടെ വികാരി ജനറാളായും സേവനമനുഷ്ഠിച്ച അദ്ദേഹം 1984 ഏപ്രില്‍ 1 മുതല്‍ 1996 ജലൈ 2 വരെ അതിരൂപതയുടെ അഡ്മിനിസ്ട്രേറ്ററായിരുന്നു. 1986 ജൂലൈ 3-ന് താമരശ്ശേരി രൂപതാദ്ധ്യക്ഷനായി. കെസിബിസിയുടെ സെമിനാരി കമ്മീഷന്‍, പിഒസി, ലിറ്റര്‍ജിക്കല്‍ കമ്മീഷന്‍, ബാംഗ്ലൂര്‍ സെന്‍റ് ജോണ്‍സ് മെഡിക്കല്‍ കോളജ് അഡ്മിനിസ്ട്രേറ്റീവ് ബോര്‍ഡ് എന്നിവയില്‍ അംഗവും ആലുവ, കോട്ടയം സെമിനാരികളുടെ കമ്മീഷന്‍, സീറോ-മലബാര്‍ ലിറ്റര്‍ജിക്കല്‍ കമ്മീഷന്‍ എന്നിവയുടെ ചെയര്‍മാനും സീറോ-മലബാര്‍ സഭയുടെ സ്ഥിരം സിനഡില്‍ അംഗവുമായിരുന്നു.

കോളജ് സമരം, നിലയ്ക്കല്‍ സമരം എന്നിവ സഭയുടെ താത്പര്യങ്ങള്‍ക്ക് ഊനം തട്ടാതെ പരിഹരിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കു വഹിച്ചു.

താമരശ്ശേരി രൂപതയില്‍ ചുരുങ്ങിയ എട്ട് വര്‍ഷക്കാലത്തെ ഭരണത്തിനിടയില്‍ ആ പുതിയ രൂപതയെ സ്വയം പര്യാപ്തതയിലേക്കു നയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പിടിഎ സെമിനാറുകളില്‍ പിതാവിന്‍റെ ക്ലാസ്സുകള്‍ നാനാജാതി മതസ്ഥര്‍ ഹര്‍ഷാരവത്തോടെ സ്വീകരിച്ചു.

വസ്ത്രധാരണവും, ജീവിതരീതികളും ഒരു താപസന്‍റേതായിരുന്നു. മുറികളിലെ ജനല്‍ കര്‍ട്ടനുകള്‍ കോറത്തുണിയുടേതായിരുന്നു. അദ്ദേഹമുപയോഗിച്ചിരുന്നത് അംബാസിഡര്‍ കാറായിരുന്നു. ദൂരയാത്രയ്ക്ക് ഉപയോഗിച്ചിരുന്നതു പൊതുവാഹനങ്ങളായിരുന്നു. രൂപതാ കാര്യാലയത്തിനു മുന്നില്‍ എഴുതിവച്ചിരുന്നതു Diocession Office എന്നാണ്.

അദ്ദേഹത്തിന്‍റെ പ്രസംഗശൈലി തീപ്പൊരി ചിതറുന്നതായിരുന്നു. മാലപ്പടക്കത്തിനിടയില്‍ അമിട്ട് പൊട്ടി ചിതറുമ്പോഴുണ്ടാകുന്ന ആരവവും ആസ്വാദ്യതയും അവയില്‍ നിറഞ്ഞു തുളുമ്പിയിരുന്നു. ശബ്ദത്തിലും ആശയങ്ങളിലും പ്രവര്‍ത്തനശൈലികളിലും ഇടിനാദം പോലെയായിരുന്ന അദ്ദേഹം നമ്മില്‍ നിന്നു കടന്നുപോയതും ഇടിമിന്നല്‍പോലെയാണ്. കേരള കത്തോലിക്കാസഭയെയും രാഷ്ട്രീയ സാമൂഹികമണ്ഡലങ്ങളെയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുകൊണ്ടാണ് ആ വേര്‍പാടു സംഭവിച്ചത്. മരണത്തിന് ഏതാനും നിമിഷങ്ങള്‍ വരെ കര്‍ത്തവ്യനിരതനുമായിരുന്നു.

അദ്ദേഹം ദിവംഗതനാകുന്നതിനു കൃത്യം ഒരു മാസത്തിനുമുമ്പു തിരുവനന്തപുരത്തെ നാലാഞ്ചിറയിലുള്ള പ്രകൃതി ചികിത്സാകേന്ദ്രത്തില്‍ ചികിത്സയ്ക്ക് എത്തിയിരുന്നു. തിരുവനന്തപുരത്തുള്ള ഞാനും എന്‍റെ കുടുംബാംഗങ്ങളും അദ്ദേഹത്തെ സന്ദര്‍ശിച്ചപ്പോള്‍ വിവിധ വിഷയങ്ങളെക്കുറിച്ച് അദ്ദേഹം മനസ്സ് തുറക്കുകയുണ്ടായി. ലോകകാര്യങ്ങളും വ്യക്തിപരമായ കാര്യങ്ങളും ആ സംസാരത്തില്‍ കടന്നുവന്നു. ആരോഗ്യപരമായ കാര്യങ്ങളാല്‍ രാജിവയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും കാക്കനാട്ടെ സെന്‍റ് തോമസ് മൗണ്ട് സ്ഥിതി ചെയ്യുന്ന 25 ഏക്കര്‍ സ്ഥലം വാങ്ങിയപ്പോള്‍ ചിലര്‍ക്കു തന്നോടു നീരസമുണ്ടായെന്നും പറഞ്ഞു.

പ്രകൃതി ചികിത്സയ്ക്കുശേഷം 1994 മേയ് 19-ന് അദ്ദേഹം തിരുവനന്തപുരം വിട്ടു. അതിനുമുമ്പു മേയ് മാസത്തിലെ രണ്ടാം ശനിയാഴ്ച തിരുവനന്തപുരത്തു നാലാഞ്ചിറയ്ക്കടുത്തുള്ള മണ്ണന്തല റാണിഗിരി ദേവാലയത്തില്‍ ഗത്സമന്‍ പ്രാര്‍ത്ഥനാ കൂട്ടായ്മ സംഘടിപ്പിച്ച ഉപവാസപ്രാര്‍ത്ഥനയില്‍ കാരാഗൃഹത്തില്‍ അകപ്പെട്ട് പൗലോസും സീലാസും അത്ഭുതകരമായ കാരാഗൃഹത്തില്‍ നിന്നും മോചിതരായ സംഭവം (അപ്പ. പ്ര. അദ്ധ്യായം 16) വ്യാഖ്യാനിച്ചുകൊണ്ട് ഒരു ഉജ്ജ്വല പ്രഭാഷണം നടത്തി. മങ്കുഴിക്കരി പിതാവിന്‍റെ വേര്‍പാടിനുശേഷം ഏതാനും മാസങ്ങള്‍ക്കകം മാര്‍ എബ്രഹാം കാട്ടുമന പിതാവിന്‍റെ മരണംകൂടി സംഭവിച്ചപ്പോള്‍ സഭയിലെ ഉജ്ജ്വല താരങ്ങളായിരുന്നു ഈ രണ്ടു പേരും പൗലോസും സീലാസും കാരാഗൃഹമോചിതരായതുപോലെ ശരീരമാകുന്ന കാരാഗൃഹത്തില്‍നിന്നും മോചിതരായി വിവാദങ്ങളില്‍നിന്നു രക്ഷപ്പെട്ട് ആത്മവിമോചനം പ്രാപിച്ചതിന്‍റെ സൂതനയായിരുന്നു ആ പ്രസംഗമെന്ന് എന്‍റെ മനസ്സ് മന്ത്രിക്കുകയുണ്ടായി.

1994 ജൂണ്‍ 13-ാം തീയതി (വി. അന്തോനീസിന്‍റെ തിരുനാള്‍ ദിനം) താമരശ്ശേരി ബിഷപ് ഹൗസില്‍ നിന്നും തിരുവാമ്പാടി പ്രോ കത്തിഡ്രലിലേക്കു നടന്ന വിലാപയാത്ര പ്രത്യേകം സ്മരണീയമാണ്. ആ 20 കിലോമീറ്റര്‍ ദൂരം ഇരുവശങ്ങളിലും പതിനായിരങ്ങള്‍ നിരന്നുനിന്നു വന്ദ്യപിതാവിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. ആരും പറയാതെ തന്നെ തദ്ദേശവാസികള്‍ ഹര്‍ത്താല്‍ ആചരിച്ചു. രണ്ടുമൂന്നു ദിവസങ്ങളായി മലബാര്‍ മേഖല മുഴുവന്‍ കണ്ണീരു തൂകുന്നതുപോലെ തോരാമഴയിലായിരുന്നു. എന്നാല്‍ അഭിവന്ദ്യ വള്ളോപ്പിള്ളി പിതാവിന്‍റെ നേതൃത്വത്തില്‍ അന്ത്യശുശ്രൂഷ ആരംഭിച്ചതോടെ മാനം തെളിഞ്ഞു പൊളളുന്ന വെയിലായി. കേരളത്തിലെ ഒരു സഭാമേലദ്ധ്യക്ഷനും ഇത്ര വികാര നിര്‍ഭരവും പ്രൗഢഗംഭീരവുമായ അന്ത്യാഞ്ജലി കിട്ടിയിട്ടില്ല. പ്രോ കത്തിഡ്രല്‍വികാരി അഭിവന്ദ്യ പേപ്പല്‍ ഡലിഗേറ്റ് മാര്‍ എബ്രഹാം കാട്ടുമനപിതാവ് ഗദ്ഗദകണ്ഠനായി ശുശ്രൂഷകള്‍ക്കു നേതൃത്വം നല്കി. ചരമപ്രസംഗം നിര്‍വഹിച്ച കുന്നശ്ശേരി പിതാവിന്‍റെ ഏതാനും വാക്കുകള്‍: "സീറോ-മലബാര്‍ സഭയുടെ കുര്‍ബാനക്രമത്തിന്‍റെ വളരെ വിശിഷ്ടമായ ഒരു ഭാഗം കാലങ്ങള്‍ക്കനുസൃതമായി രചിക്കപ്പെട്ട പ്രാര്‍ത്ഥനകളാണ്. ആ പ്രാര്‍ത്ഥനകളെല്ലാം തന്നെ രചിച്ചതില്‍ മുഖ്യനായകത്വം മങ്കുഴിക്കരി പിതാവിന്‍റേതായിരുന്നുവെന്ന വസ്തുത ഒരു പക്ഷേ, ലിറ്റര്‍ജിക്കല്‍ കമ്മിറ്റിക്കു പുറത്തുള്ളവര്‍ക്ക് അറിഞ്ഞുകൂടായിരിക്കും." വി. തോമസ് അക്വിനാസ് സഭയിലെ പ്രമുഖ തത്ത്വശാസ്ത്രജ്ഞനും വേദശാസ്ത്രജ്ഞനുമായിരുന്നു. ഏതാണ്ട് അതുപോലെയുള്ള സവിശേഷമായ ബുദ്ധിവൈഭവത്തോടെ പഠിപ്പിക്കുവാന്‍ കഴിവുളള ഒരു പ്രെഫസ്സറായിരുന്നു മാര്‍ മങ്കുഴിക്കരി." പ്രൊഫ. കെ.എം. തരകന്‍ അന്ന് ഇങ്ങനെയാണു പ്രസ്താവിച്ചത്. "കേരളത്തില്‍ മെത്രാനെക്കുറിച്ചുള്ള സങ്കല്പത്തില്‍ ചില മാറ്റങ്ങള്‍ വരുത്തുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. വേഷത്തിലും ഭാഷണത്തിലും പെരുമാറ്റത്തിലും ജീവിത ശൈലിയിലും അദ്ദേഹം ജനങ്ങളുമായി ഇടപഴകി, ജനങ്ങളുടെ ഭാഷയില്‍ സംസാരിക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. അദ്ദേഹം നയതന്ത്രത്തിന്‍റെ മനുഷ്യനല്ലായിരുന്നു. കാപട്യം അദ്ദേഹം വെറുത്തു. മുഖംമൂടി അണിഞ്ഞിരുന്നില്ല. സത്യം ആരുടെയും മുമ്പില്‍ വെട്ടിത്തുറന്നു പറയുവാന്‍ അദ്ദേഹത്തിനു മടിയില്ലായിരുന്നു. ആ പ്രസംഗം മടി കൂടാതെ മണിക്കൂറുകള്‍ കേട്ടിരിക്കുവാന്‍ ജനങ്ങള്‍ തയ്യാറായതിന്‍റെ കാരണമിതാണ്." ആ സ്മരണകള്‍ക്കു മുമ്പില്‍ കൂപ്പുകയ്യോടെ ബാഷ്പാഞ്ജലികള്‍ അര്‍പ്പിക്കുന്നു; നിത്യവിശ്രാന്തി!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org