
യേശുവിന്‍റെ ഉദ്ദേശ്യം വ്യക്തിസ്വാതന്ത്ര്യത്തെയോ മതാചാരങ്ങളെയോ കുറിച്ചു പഠിപ്പിക്കുക എന്നതായിരുന്നില്ല. എങ്കിലും ഇതെല്ലാം ഉള്‍ക്കൊള്ളുന്ന ഒരു പ്രബോധനസമ്പത്താണ് നമുക്കു സുവിശേഷങ്ങളിലുള്ളത്. വ്യക്തിസ്വാതന്ത്ര്യവും മതാചാരങ്ങളും സമ്മേളിക്കുന്ന മതാത്മകത എന്നത് യേശുവിന്‍റെ പ്രബോധനവിഷയം തന്നെയാണ്. മതാചാരങ്ങള്‍ എന്നത് മതത്തിന്‍റെ ഒരു വശം മാത്രമാണ്. മതാത്മകത വളരെ വികൃതമായ രീതിയില്‍ അനുഭവിക്കുന്ന, മതത്തിന്‍റെ യഥാര്‍ത്ഥ അര്‍ത്ഥം നഷ്ടപ്പെട്ട, മതത്തെ ഒരു കച്ചവടവസ്തുവായി കാണുന്ന അവസ്ഥയാണ് ഇന്നു കേരളത്തിലുള്ളത്. മുകളില്‍ നിന്നു താഴേയ്ക്കുള്ള എല്ലാ തലങ്ങളേയും കുറിച്ചു ഇതു പറയാവുന്ന ഒരു സ്ഥിതിയാണ് ഇന്നുള്ളത്.
മതാത്മകതയുടെ വികൃതരൂപങ്ങള്‍
മതാത്മകതയുടെ വികൃതമായ രൂപങ്ങള്‍ നാം കാണുന്നു. പലരും മതമെന്നു പറയുന്നത് എന്താണെന്നു തന്നെ നമുക്കു മനസ്സിലാകുന്നില്ല. മതത്തിന്‍റെ പേരില്‍ വിഭജനങ്ങളും വര്‍ഗീയതകളും അക്രമങ്ങളും ഒക്കെ സാദ്ധ്യമാകുന്ന ഒരവസ്ഥ വരുമ്പോള്‍ എവിടെയൊക്കെയോ വളരെ തെറ്റായ വ്യാഖ്യാനങ്ങള്‍ മതത്തിനു നല്‍കപ്പെടുന്നു എന്നതു സത്യമാണ്.
മതത്തിന്‍റെ തന്നെ ബാഹ്യമായ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും മാത്രം അടിത്തറ ഇട്ടുകൊണ്ടുള്ള പ്രകടനങ്ങള്‍ ധാരാളമുണ്ട്. വളരെ പ്രകടനപരതയോടെ മതം ആവിഷ്കരിക്കപ്പെടുന്നതു നമ്മുടെ ചുറ്റും കാണുന്നുണ്ട്. വില്‍ക്കാന്‍ പറ്റുന്ന ചരക്കായി നമ്മുടെ മതാത്മകതയെ മാറ്റിയിരിക്കുന്നു. ഉപഭോക്തൃ ആത്മീയതയുടെ പല രൂപങ്ങള്‍ വരുന്നു. ആത്മീയതയെ തന്നെ ഉപഭോക്തൃ മനോഭാവത്തോടെ സമീപിക്കുക. ആത്മീയതയെ പല പാക്കേജുകളാക്കി മാറ്റുക. ഡിസ്കൗണ്ടുള്ള പാക്കേജുകളും അതിലുണ്ട്. എവിടെയൊക്കെയോ നാം മതാത്മകതയെ തെറ്റായി വ്യാഖ്യാനിക്കുന്നു എന്നതിന്‍റെ സൂചനയാണത്.
ദൈവത്തെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന കാഴ്ചകളും ഇവിടെ കാണാം. ഇവിടെയാണ് അടിസ്ഥാന പ്രശ്നം കിടക്കുന്നത്. ദൈവത്തിന്‍റെ ചിത്രമെന്താണ്? നമ്മള്‍ വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്യുന്ന, നമ്മുടെ ദൈവം എന്നു നാം പറയുന്ന ദൈവത്തിന്‍റെ ചിത്രം യഥാര്‍ത്ഥ ദൈവത്തിന്‍റെ ചിത്രമാണോ? മതാത്മകത നമ്മെ നമ്മില്‍ നിന്നു പുറത്തിറങ്ങാന്‍ സഹായിക്കേണ്ടേ? അല്ലെങ്കില്‍ പിന്നെ എന്തു മതം? നമ്മില്‍ തന്നെ ഒതുങ്ങിക്കൂടിയിരുന്നു സ്വാര്‍ത്ഥപരമായി ജീവിക്കാന്‍ സഹായിക്കുന്നതും ചുറ്റുമുള്ളവരെ തിരിച്ചറിയാന്‍ കഴിയാത്ത രീതിയിലേയ്ക്ക് എന്നെ വളര്‍ത്തി, കൊഴുത്ത് തടിച്ചിരിക്കാന്‍ ഇടയാക്കുന്നതുമായ മതം കൊണ്ട് എന്തു പ്രയോജനം?
ദൈവത്തിന്‍റെ സംരക്ഷണം നാമേറ്റെടുക്കേണ്ട കാര്യമൊന്നുമില്ല. ദൈവം അതിനൊക്കെ അതീതനാണ്. ആ ദൈവത്തിന്‍റെ യഥാര്‍ത്ഥ ചിത്രത്തിലേയ്ക്കുള്ള ഒരു മടക്കയാത്രയാണ് ഇന്നാവശ്യം. അവിടെയാണു യഥാര്‍ത്ഥ പ്രബോധനത്തിന്‍റെ പ്രസക്തിയിരിക്കുന്നത്. അയോധ്യയില്‍ മസ്ജിദ് തകര്‍ക്കപ്പെട്ട നാളില്‍ അക്രൈസ്തവനായ ഒരു എഡിറ്റര്‍ കുറിച്ചു, യേശുവിനെ വിളിക്കുക, അതാണു പരിഹാരമാര്‍ഗം. അദ്ദേഹം യേശുവിന്‍റെ പ്രബോധനത്തിന്‍റെ പ്രാധാന്യം തിരിച്ചറിഞ്ഞു. ക്രൈസ്തവവിശ്വാസത്തെ കുറിച്ചല്ല, യേശു നല്‍കിയ പ്രബോധനത്തെ കുറിച്ചാണു പറഞ്ഞത്. അതാണു പരിഹാരമാര്‍ഗമെന്നു പറയുമ്പോള്‍, മതത്തിന്‍റെ പേരില്‍ അരങ്ങേറുന്ന കാര്യങ്ങള്‍ക്ക് പരിഹാരം യേശുവിന്‍റെ പ്രബോധനത്തിലാണുള്ളത് എന്നര്‍ത്ഥം. അതിലേയ്ക്കാണു നാം ശ്രദ്ധ കൊണ്ടുവരേണ്ടത്.
ആന്തരീക സ്വാതന്ത്ര്യത്തിലേക്ക്
യഥാര്‍ത്ഥ മതാത്മകത എപ്രകാരമാണു നമ്മെ യഥാര്‍ത്ഥമായ ആന്തരീക സ്വാതന്ത്ര്യത്തിലേക്കു നയിക്കുന്നതെന്നു നമുക്കു മനസ്സിലാക്കാം. നമ്മുടെ വ്യക്തിസ്വാതന്ത്ര്യത്തിന്‍റെ മഹനീയതയിലേക്കു നമ്മെ കൊണ്ടു വരികയും തദ്ഫലമായി മതം എപ്രകാരം ജീവിക്കണമെന്നു നമ്മെ പഠിപ്പിക്കുകയും ചെയ്യുന്നു, യഥാര്‍ത്ഥ മതാത്മകത. അവിടെ നമുക്കു ആധാരമായി വരുന്നത് ആന്തരീകതയുടെ നിയമമാണ്. അവിടെയാണു യഥാര്‍ത്ഥ മാനസാന്തരത്തിന്‍റെ അര്‍ത്ഥം കിടക്കുന്നത്. നമ്മുടെ ഉള്ളിന്‍റെ ഉള്ളില്‍ മൃദുലമായ സ്വരത്തില്‍ നമ്മോടു സംസാരിക്കുന്ന ആ അപരിമേയത്വത്തിന്‍റെ പൂര്‍ണതയായ ദൈവത്തിന്‍റെ സ്വരം തിരിച്ചറിയാന്‍ പറ്റുന്ന അവസ്ഥയ്ക്കാണു മതാത്മകതയെന്നു പറയുന്നത്. അതില്ലാതെ നാം എന്തൊക്കെ പ്രകടിപ്പിച്ചാലും എത്ര ബലികള്‍ നടത്തിയാലും അനുഷ്ഠാനങ്ങള്‍ നടത്തിയാലും അവ വേറും നാടകങ്ങളും പ്രകടനങ്ങളുമായി മാറും.
യാതൊരു ആചാരങ്ങളും വേണ്ട എന്നു ഞാനൊരിക്കലും പറയില്ല. യേശു യഹൂദനായി ജനിച്ചയാളാണ്. യഹൂദമതാചാരങ്ങള്‍ അനുഷ്ഠിച്ചു ജീവിച്ചയാളാണ്. സാബത്തില്‍ പ്രാര്‍ത്ഥിക്കാന്‍ പോകുമായിരുന്നു. ദിവസവും പ്രാര്‍ത്ഥിക്കുമായിരുന്നു. എന്നാല്‍ ഇവയെയൊക്കെ അതിജീവിക്കുന്ന യേശുവിനെയാണു നാം കാണുന്നത്. മാനസാന്തരം എന്നു പറഞ്ഞപ്പോള്‍ യേശു ഉദ്ദേശിച്ചത് ഹൃദയത്തിന്‍റെ പരിവര്‍ത്തനമാണ്. ഏക ദൈവത്തിങ്കലേയ്ക്ക്, ഏക ഹൃദയത്തോടെ, ഏക സ്നേഹത്തോടെ, ഏക ആരാധനാമനോഭാവത്തോടെ തന്‍റെ അസ്തിത്വത്തിന്‍റെ ഊര്‍ജം മുഴുവന്‍ തിരിച്ചു വയ്ക്കാന്‍ കഴിയണം. അതിന്‍റെ ഫലമായിട്ടുണ്ടാകുന്നതാണ് പ്രാര്‍ത്ഥനയും ആചാനുഷ്ഠാനങ്ങളുമൊക്കെ. മനുഷ്യരായിരിക്കുന്നിടത്തോളം നമുക്കിതെല്ലാം ആവശ്യമാണ്. അങ്ങനെയൊരു മതാത്മകത ഉടലെടുക്കുമ്പോഴാണ് ദൈവകേന്ദ്രിതമായ ഒരു സംസ്കാരത്തിന്‍റെ സാദ്ധ്യത തെളിയുന്നത്. നമ്മുടെ ഭാരതസംസ്കാരത്തിന്‍റെ തന്നെ അടിസ്ഥാനമൂല്യങ്ങളാണ് ഇവ. പ്രാപഞ്ചികമായ ഒരു വീക്ഷണമാണത്. പ്രതീകാത്മകമായ വീക്ഷണം. എല്ലാം ഉള്‍ക്കൊള്ളുന്ന ദര്‍ശനം സാദ്ധ്യമാകണം. സര്‍വാശ്ലേഷകമായ ഒരു വീക്ഷണമാണ് നമുക്കാവശ്യം. അതുപോലെ തന്നെ ക്രിയാത്മകമായ ഒരു വീക്ഷണം. ദൈവികതയിലേയ്ക്കു വരുമ്പോള്‍ നിഷ്ക്രിയരായ വ്യക്തികളായിട്ടല്ല നാം മാറുക, മറിച്ച്, പ്രവാചകധര്‍മ്മം ഏറ്റെടുത്ത് അതിനുവേണ്ടി സാഹസം കാണിക്കുന്ന വ്യക്തികളായി മാറും. അതാണു ദൈവകേന്ദ്രീകൃതമായ സംസ്കാരത്തിന്‍റെ സവിശേഷത. ചുറ്റുമുള്ള യാഥാര്‍ത്ഥ്യങ്ങളുമായുള്ള നമ്മുടെ ബന്ധം ശക്തമാകുകയാണു, കുറഞ്ഞു പോകുകയല്ല ചെയ്യുന്നത്.
ഈ പ്രബോധനം യാഥാര്‍ത്ഥ്യമാക്കി തീര്‍ക്കാനാണു യേശു അന്നത്തെ യഹൂദ മതാത്മകതയുടെ മൂന്നു അടിസ്ഥാനങ്ങളെ ശക്തമായ വിമര്‍ശനത്തിന് വിധേയമാക്കുന്നത്. പ്രാര്‍ത്ഥന, ദേവാലയം, നിയമം എന്നിവയാണവ. ഇവ മൂന്നുമാണ് ഒരു മതത്തിന്‍റെ മൂന്ന് അടിസ്ഥാന സ്ഥാപനങ്ങള്‍. യേശു ഇവയോടു ചേര്‍ന്നു നില്‍ക്കുമ്പോ ഴും ഒരിക്കലും ഇവയൊന്നിന്‍റേയും പ്രതിനിധിയാകുന്നില്ല. ഇവയ്ക്കെല്ലാമതീതമായ ഒരു മനോഭാവത്തോടുകൂടി, യഹൂദ വിശ്വാസത്തെ ആധികാരികതയുള്ള വിശ്വാസമാക്കി അവതരിപ്പിക്കാനും വെളിപ്പെടുത്താനും ശ്രമിക്കുകയാണു ചെയ്തത്. ആ പുനര്‍വ്യാഖ്യാനത്തിന്‍റെ അടിസ്ഥാനം യേശു വെളിപ്പെടുത്തുന്ന ദൈവത്തിന്‍റെ ചിത്രമാണ്. നിയമത്തിന്‍റെ അക്ഷരാര്‍ത്ഥത്തിലുള്ള വ്യാഖ്യാനത്തിലൂടെ സമൂഹത്തില്‍ വിഭജനം നടത്തിയ വ്യക്തികളാണ് ഫരിസേയരും മറ്റും. അവര്‍ നല്ല മനുഷ്യരായിരുന്നു. അക്രമത്തിലൂടെ റോമാക്കാരെ തുരത്തിയാല്‍ തങ്ങള്‍ക്കു തങ്ങളുടെ മതം തിരികെ കിട്ടുമെന്നു കരുതിയവരുണ്ട്. പൊതുസമൂഹത്തില്‍ നിന്ന് ഒളിച്ചുപോയി സ്വന്തമായ മതില്‍ക്കെട്ടിനകത്തു കഴിഞ്ഞു, തങ്ങളാണു യഥാര്‍ത്ഥ മതസമൂഹമെന്ന് അവകാശപ്പെട്ടിരുന്ന കുമ്റാന്‍ സമൂഹമുണ്ട്. ഇവര്‍ ആരുമായും യേശു പൂര്‍ണമായി യോജിച്ചില്ല. അവിടെയാണു യേശു വെളിപ്പെടുത്തിയ ദൈവത്തിന്‍റെ ചിത്രം. സ്വന്തം കാര്യങ്ങള്‍ നോക്കി, സ്വന്തം പാരമ്പര്യങ്ങള്‍ സംരക്ഷിച്ചു സ്വന്തം ദ്വീപുകളില്‍ സ്വസ്ഥമായി കഴിയാമെന്നു കുറേ പേര്‍ പറഞ്ഞപ്പോള്‍ യേശു പറഞ്ഞത് അങ്ങനെ ദ്വീപുകളില്ലെന്നാണ്. എല്ലാവരും ഉള്ള മണല്‍ത്തിട്ടകളാണുള്ളത്. പിതാവായ ദൈവം എന്നതാണ് നമ്മുടെ മതാത്മകതയുടെ അടിസ്ഥാനം. ഒരൊറ്റ ദൈവം, ആ ദൈവം നമ്മുടെ പിതാവ്. അവിടെ കാലൂന്നി നില്‍ക്കുന്ന ക്രൈസ്തവനെ സംബന്ധിച്ചിടത്തോളം വിശ്വാസ അനുഭൂതിയിലൂടെ അവന്‍ ചിന്തിക്കുന്നത് എങ്ങനെ തനിക്കു തന്‍റെ സഹോദരനുമായി ബന്ധപ്പെടാമെന്നാണ്. കാരണം അവന്‍ കണ്ടുമുട്ടിയ ദൈവം ഒന്നും മൂന്നുമാണ്, ത്രിത്വൈക ദൈവമാണ്. അതൊരു കുടുംബമാണ്. ഈ മണല്‍ത്തിട്ട ഒരു കുടുംബാനുഭൂതിയാണ്.
ആചാരങ്ങളെ മറികടക്കുമ്പോള്‍
ദൈവത്തെ ഏറ്റവുമധികം സ്നേഹിക്കുന്നു എന്നറിയിക്കാനുള്ള മാര്‍ഗമായി അന്നത്തെ യഹൂദര്‍ കണ്ടിരുന്നതെന്താണ്? ഏറ്റവും വലിയ ബലികളര്‍പ്പിക്കുക. ദഹനബലികള്‍, വലിയ മൃഗങ്ങള്‍… യേശു പറഞ്ഞു, അങ്ങനെയല്ല. നിന്‍റെ അയല്‍ക്കാരനെ സ്നേഹിക്കുക. ഒരു പുനഃവ്യാഖ്യാനമാണത്. യഹൂദപുരോഹിതന്മാര്‍ മഴയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന സമയത്താണ് യേശു വിളിച്ചു പറയുന്നത്, ദാഹിക്കുന്നവന്‍ എന്‍റെ അടുക്കല്‍ വന്നു കുടിക്കട്ടെ എന്ന്. ഇതിനേക്കാള്‍ വലിയൊരു പ്രവാചകപ്രകടനം എന്താണുള്ളത്? എന്തൊരു സാഹസികതയാണത്? ഇവിടെയാണ് ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും മറികടക്കുന്ന യേശുവിന്‍റെ ചിത്രം തെളിയുന്നത്. യേശു ദേവാലയത്തില്‍ നില്‍ക്കുമ്പോള്‍ അങ്ങോട്ടു കടന്നുവരുന്ന അന്ധരും മൂകരും ബധിരരുമുണ്ട്. ദേവാലയത്തിലേയ്ക്കു കടക്കാന്‍ അംഗീകാരമില്ലാത്തവരാണ് അംഗവൈകല്യമുള്ളവര്‍. ആചാരങ്ങളും അനുഷ്ഠാനങ്ങളും മറികടക്കുന്ന യേശു അവരെ സ്വീകരിച്ച് സൗഖ്യപ്പെടുത്തുന്നു. അപ്പോള്‍ കുഞ്ഞുങ്ങള്‍ പ്രഘോഷിക്കുകയാണ്, ദാവീദിന്‍റെ പുത്രന് ഓശാന. മറുവശത്തു നില്‍ക്കുന്ന ഫരിസേയരും നിയമജ്ഞരും പറയുന്നത് ഇതു മതത്തിന്‍റെ വികൃതമായ അവതരണമാണെന്നാണ്. യേശു ഈ മതത്തിന്‍റെ ആചാരങ്ങളെ മറികടക്കുകയാണ് ചെയ്തത്.
യേശു കുഷ്ഠരോഗിയെ ശ്രവിക്കുകയും രോഗികളോടു പെരുമാറുകയും ചെയ്യുന്ന രീതി ശ്രദ്ധിക്കൂ. ദൈവത്തിന്‍റെ പിതൃത്വത്തില്‍ അടിസ്ഥാനമിട്ട യഥാര്‍ത്ഥമായ മതാത്മകതയുടെ സ്വാതന്ത്ര്യമാണ് അതിന്‍റെ അടിസ്ഥാനമാകുന്നത്. ഇത്തരം ഉദാഹരണങ്ങള്‍ നിരവധിയുണ്ട്. രക്തസ്രാവക്കാരിയുടെ കാര്യം നമുക്കറിയാം. യഥാര്‍ത്ഥ ദൈവത്തിന്‍റെ ചിത്രമാണ് നാം ഇവിടെയെല്ലാം കാണുന്നത്. ആ ദൈവത്തോട് അനുരൂപണപ്പെടുമ്പോള്‍ വരുന്ന വ്യതിയാനമാണ് നാം കാണുന്നത്. പ്രാര്‍ത്ഥനയാണെങ്കിലും നിയമാനുഷ്ഠാനമാണെങ്കിലും ദേവാലയസംബന്ധമായ കാര്യങ്ങളാണെങ്കിലും പുനഃവ്യാഖ്യാനം ചെയ്തു യഥാര്‍ത്ഥ മതാത്മകതയിലേയ്ക്കു നയിക്കുകയാണ് യേശു ചെയ്തത്.
യേശു സ്വന്തം നാട്ടില്‍ സാബത്ത് ദിവസം സിനഗോഗില്‍ പ്രവേശിച്ചു വായിക്കുന്നു. തന്‍റെ മതാചാരങ്ങള്‍ക്കനുസരിച്ചു ജീവിക്കുന്നയാളാണ് യേശു, അതേസമയം അതിനപ്പുറത്തുമാണ് എന്നു തെളിയിക്കുന്നതാണ് ഈ സംഭവം. സ്വാതന്ത്ര്യം ഉള്ളിലുള്ളതുകൊണ്ട് ഏതു സമയത്തും എഴുന്നേറ്റു നിന്നു കൃത്യമായി യഥാര്‍ത്ഥ മതാത്മകതയുടെ അര്‍ത്ഥം പ്രഖ്യാപിക്കാന്‍ കഴിയുന്ന അവസ്ഥയുണ്ട്. യഥാര്‍ത്ഥത്തില്‍ വളരെ ബാഹ്യമായ സാമൂഹിക, സാമ്പത്തിക തലങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ വേണ്ടി ഒരുമ്പെട്ടിറങ്ങുന്ന സ്ഥിതിയല്ല യേശു അവിടെ കൊണ്ടു വരുന്നത്. യേശു പറഞ്ഞത് താന്‍ വന്നത് പാവപ്പെട്ടവര്‍ക്കു സുവിശേഷം പ്രഘോഷിക്കാന്‍ വേണ്ടിയാണെന്നാണ്. അതിനുള്ള ശക്തി തനിക്കു തരുന്നത് കര്‍ത്താവിന്‍റെ ആത്മാവാണ്. അതുപോലെ ജൂബിലിവര്‍ഷം പ്രഖ്യാപിക്കാനും. മോചനം നല്‍കുന്നതിനെ കുറിച്ചു പറയുന്നു. ഇതിന്‍റെ കൂടെയുള്ളതാണ് അന്ധര്‍ക്കു കാഴ്ച. നമ്മുടെ പ്രശ്നം അന്ധതയാണ്. അടിമത്തമുണ്ട്, അക്രമമുണ്ട്, അഴിമതിയുണ്ട് എന്നൊക്കെ പറയുമ്പോള്‍ അന്തിമ വിശകലനത്തില്‍ അതിന്‍റെയൊക്കെ കാരണമായി നില്‍ക്കുന്നത് നമ്മുടെ അന്ധതയാണ്. ദൈവത്തെ പിതാവ് എന്നു തിരിച്ചറിഞ്ഞ്, ആ ദൈവത്തില്‍ കേന്ദ്രീകരിച്ച ഒരു ആന്തരീക സംസ്കാരം നമ്മില്‍ രൂപപ്പെടുത്തി, അതില്‍ ഉരുത്തിരിയുന്ന ആന്തരീക സ്വാതന്ത്ര്യത്തിലൂടെ ബഹിര്‍സ്ഫുരിക്കുന്ന മതാത്മകതയുടെ വിവിധ രൂപങ്ങള്‍. അതിലേയ്ക്കു തിരിച്ചുവരികയും അന്ധത മാറ്റുകയും ചെയ്താലേ നമുക്കിവിടെ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കുകയുള്ളൂ. നമ്മുടെ അടിസ്ഥാനപ്രശ്നം അന്ധതയാണ്. ദൈവത്തിന്‍റെ ചിത്രം പുനര്‍നിര്‍വചിച്ചാലേ നമ്മുടെ തന്നെ അടിസ്ഥാന പ്രശ്നം നമുക്കു തിരിച്ചറിയാന്‍ സാധിക്കുകയുള്ളൂ. യഥാര്‍ത്ഥ ദൈവത്തെയാണോ നാം മതാത്മകതയുടെ അടിസ്ഥാനമായി വച്ചിരിക്കുന്നത് എന്നു ചിന്തിക്കണം. ദൈവകേന്ദ്രീകൃതമായ വീക്ഷണത്തിന്‍റെ വളര്‍ച്ചയാണ് ഇവിടെ അത്യാവശ്യം. അതിലൂടെ മാത്രമേ സ്വാതന്ത്ര്യം വരൂ, വ്യക്തികളുടെ മഹത്വം തിരിച്ചറിയൂ, സഹവര്‍ത്തിത്വം സാദ്ധ്യമാകൂ, കൂട്ടായ്മ സാദ്ധ്യമാകൂ.
നാം നിയമത്തിനു കീഴിലല്ല
ഒരിക്കല്‍ സ്നാപകന്‍റെ ശിഷ്യന്മാര്‍ ചോദിച്ചല്ലോ, നീ തന്നെയാണോ യഥാര്‍ത്ഥത്തില്‍ വരുവാനിരുന്നവന്‍? അതോ ഞങ്ങള്‍ മറ്റൊരുവനെ കാത്തിരിക്കണോ? നിങ്ങള്‍ പോയി സ്നാപകനോടു കണ്ടതു പറയുക എന്നായിരുന്നു യേശുവിന്‍റെ മറുപടി. അന്ധര്‍ കാണുന്നു, ബധിരര്‍ കേള്‍ക്കുന്നു, കുഷ്ഠരോഗികള്‍ സൗഖ്യമാക്കപ്പെടുന്നു, മരിച്ചവര്‍ ഉയിര്‍പ്പിക്കപ്പെടുന്നു, പാവപ്പെട്ടവര്‍ക്കു സുവിശേഷം അറിയിക്കപ്പെടുന്നു. എന്നോട് ഇടര്‍ച്ച തോന്നാത്തവര്‍ ഭാഗ്യവാന്മാര്‍.
താന്‍ അന്ധനു കാഴ്ച കൊടുക്കുന്നു, മുടന്തനു സൗഖ്യം കൊടുക്കുന്നു എന്നല്ല യേശു പറഞ്ഞത്. യേശു ചെയ്തതു മുഴുവന്‍ സാഹചര്യങ്ങളുടെ അടിസ്ഥാനപരമായ വ്യതിചലനത്തിലേയ്ക്കു നയിക്കുന്ന പ്രക്രിയയാണ്. അന്ധര്‍ കാണുന്ന സ്ഥിതി. അന്ധത മാറി, ഉള്‍ ക്കാഴ്ചയുള്ളവരായി ദൈവത്തിന്‍റെ കണ്ണുകള്‍ കൊണ്ട് കാണുകയും കേള്‍ക്കുകയും ചെയ്യുന്ന അവസ്ഥ. സത്യത്തില്‍ അതിലൂടെയാണു യഥാര്‍ത്ഥ മതാത്മകത വരിക.
ആത്മാവില്‍ ചരിക്കുന്നവര്‍ നിയമത്തിനു കീഴിലല്ല എന്നു ഗലാത്യര്‍ക്കെഴുതിയ ലേഖനത്തില്‍ പൗലോസ് ശ്ലീഹാ പറയുന്നുണ്ട്. ദൈവകേന്ദ്രീകൃതമായ ആന്തരീകത രൂപപ്പെടുമ്പോള്‍ നമുക്കുണ്ടാകുന്ന സ്വാതന്ത്ര്യം, നാനാത്വം തിരിച്ചറിയാന്‍ കഴിയുന്ന അവസ്ഥ നമുക്കു സമ്മാനിക്കുന്നു. നാനാത്വത്തിലാണു ഏകത്വമെന്നു തിരിച്ചറിയാന്‍ കഴിയുന്ന അവസ്ഥ. ആത്മാവിന്‍റെ പ്രേരണയനുസരിച്ചു വ്യാപരിക്കുവിന്‍, ജഡമോഹങ്ങളെ തൃപ്തിപ്പെടുത്താന്‍ ശ്രമിക്കരുത് എന്നാണ് പൗലോസ് ശ്ലീഹാ പറഞ്ഞത്. ജഡമോഹങ്ങള്‍ ആത്മാവിനെതിരാണ്. ആത്മാവിന്‍റെ അഭിലാഷങ്ങള്‍ ജഡത്തിനുമെതിരാണ്. ഇതുമൂലം ആഗ്രഹിച്ചതു പ്രവര്‍ത്തിക്കാന്‍ കഴിയാതെ വരുന്നു.
നമ്മള്‍ ആത്മാവില്‍ ചരിക്കുന്നവരാണെങ്കില്‍ ആത്മാവിനു കീഴ്പ്പെട്ടു ജീവിക്കുന്നവരാണെങ്കില്‍ ഈ ദൈവകേന്ദ്രീകൃതസംസ്കാരം നമ്മുടെ അന്ധത മാറ്റിത്തരും. അതിലൂടെ നമ്മള്‍ നിയമത്തിനു കീഴിലല്ലെന്നു തിരിച്ചറിയും. ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും യഥാര്‍ത്ഥ പ്രസക്തി തിരിച്ചറിയും. അവയെ അനുകരിക്കേണ്ട തരത്തില്‍ അനുകരിക്കാന്‍, പരസ്പരം വളര്‍ത്താനും കൂട്ടായ്മയില്‍ ചേര്‍ത്തു നിറുത്താനും സഹായിക്കുന്ന യാഥാര്‍ത്ഥ്യങ്ങളായി തിരിച്ചറിയാന്‍ സാധിക്കും.
(പാലാരിവട്ടം പിഒസിയില്‍, കേരള തിയോളജിക്കല്‍ അസോസിയേഷന്‍റെ വാര്‍ഷിക സമ്മേളനത്തില്‍ നടത്തിയ പ്രഭാഷണത്തില്‍ നിന്ന്.)