Latest News
|^| Home -> Cover story -> അരികുജീവിതം മുഖ്യധാരയോടു പറയുന്നത്

അരികുജീവിതം മുഖ്യധാരയോടു പറയുന്നത്

Sathyadeepam

ഡോ. തോമസ് പനക്കളം
ഭാരതമാതാ കോളേജ്, തൃക്കാക്കര

“അത്രമേല്‍ അദൃശ്യയായതിനാലാണ്
സ്ത്രീ ഇത്രമേല്‍ ദൃശ്യയാവാന്‍ വെമ്പുന്നത്
ഭയമാണ് സ്വര്‍ണ്ണാഭരണങ്ങള്‍ അണിഞ്ഞ്
പട്ടുവസ്ത്രങ്ങള്‍ ധരിച്ച്,
വളകളിട്ട്, പാദസരങ്ങളണിഞ്ഞ്
സുഗന്ധദ്രവ്യങ്ങള്‍ പൂശി വന്നു നില്‍ക്കുന്നത്
മുള്ളുള്ള മരം പോലെ ഭീരു
ചമഞ്ഞ സ്ത്രീയപ്പോലെ ഭീരു.”
(-ബാഷോയുടെ കവിത
-വിവര്‍ത്തനം കല്പറ്റ നാരായണന്‍)

നമ്മുടെ ജീവിതത്തില്‍ അത്രയ്ക്ക് അദൃശ്യയാണവള്‍. അസ്തിത്വമില്ലാത്തവള്‍, ചമഞ്ഞൊരുങ്ങി നില്‍ക്കുന്ന ഭീരു. ജനസംഖ്യയുടെ പകുതിയിലേറെ സ്ത്രീജനങ്ങളുള്ള ഒരു നാട്ടില്‍ എന്തേ സ്ത്രീ വസ്തുവില്‍നിന്ന് വ്യക്തിയായി അടയാളപ്പെടുന്നില്ല? മാതൃഭൂമി – എ നേഷന്‍ വിത്തൗട്ട് വുമണ്‍  എന്ന പേരില്‍ മനീഷ് ത്സാ ഒരു സിനിമ ചെയ്തിട്ടുണ്ട്. നിങ്ങളൊരു വീടിന്‍റെ പൂമുഖത്തുനിന്ന് ഉറക്കെ വിളിക്കുകയാണ് ഇവിടെയാരുമില്ലേ എന്ന്. അകത്തു നിന്ന് ഒരു സ്ത്രീശബ്ദം ഇല്ല എന്ന് ഉറക്കെപ്പറയുന്നു.

പുരുഷന്‍റേതല്ലാതെ തന്‍റെ സാന്നിദ്ധ്യം, സാന്നിദ്ധ്യമാണെന്ന് അവള്‍ പോലും തിരിച്ചറിയുന്നില്ല. അതുകൊണ്ടിപ്പോഴും അവനവന്‍റെ സങ്കടം എന്നവള്‍ പറയും. അവളവളുടെ എന്ന് തന്‍റെ സ്വത്വത്തെ അടയാളപ്പെടുത്താന്‍ മറക്കും.

ജീവിതം തന്നെയാകുന്ന കലയില്‍പ്പിന്നെ അവള്‍ക്ക് എങ്ങനെ അസ്തിത്വം ഉണ്ടാവാനാണ്. അവള്‍, പൂമുഖ വാതില്‍ക്കല്‍ പൂന്തിങ്കളോ, പൂജാമുറിയിലെ ദേവിയോ കിടക്കയിലെ സ്വൈരിണിയോ, അടുക്കളയിലെ തേഞ്ഞുതീരാറായ വീട്ടുപകരണമോ, മരം ചുറ്റിപ്പാട്ടിലെ അണിഞ്ഞൊരുങ്ങിയ ശരീരമോ മാത്രമാണ്. അതിനപ്പുറം ചാടാന്‍ ഭാവനാലോകത്തു പോലും അവള്‍ക്ക് സ്വാതന്ത്ര്യമില്ല.

കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിലെ ബോബിയുടെ ഭാഷയില്‍ പറഞ്ഞാല്‍ അവളെക്കുറിച്ചുള്ള വിമോചന പ്രസംഗങ്ങളെല്ലാം വെറും പ്രഹസനം. നരസിംഹത്തിലെ മോഹന്‍ലാല്‍ കഥാപത്രത്തിന്‍റെ ഭാഷയില്‍ (ഇന്ദുചൂഡന്‍) പ്രേമിക്കാന്‍, കാമിക്കാന്‍, കള്ളൊഴിക്കാന്‍, പെറ്റുപോറ്റുവാന്‍, നെഞ്ചത്തടിച്ച് കരയാന്‍ മാത്രം വിധിക്കപ്പെട്ടവള്‍. മലയാളസിനിമതന്നെ എത്രത്തോളം സ്ത്രീ വിരുദ്ധമെന്ന് സമീപകാലത്തെ ചില സംഭവങ്ങള്‍ തന്നെ നേര്‍ സാക്ഷ്യം തരുന്നുണ്ടല്ലോ? അവിടെയാണ് പ്രതീക്ഷയുടെ ഒരു പുതുകിരണമായി കുമ്പളങ്ങി നൈറ്റ്സിന്‍റെ വരവ്.

മലയാള സിനിമ ജനാധിപത്യബോധത്തോടെ ഇതിനു മുന്‍പ് ഒരു സ്ത്രീ കഥാപാത്രത്തെയും അടയാളപ്പെടുത്തിയിട്ടില്ല എന്ന് കണ്ണടച്ച് ഇരുട്ടാക്കുകയല്ല. കെ.ജി. ജോര്‍ജ്ജ് മുതല്‍ പലരും ഏറിയും കുറഞ്ഞും ഇതിന് വഴിമരുന്നിട്ടിട്ടുണ്ട് എന്നത് മറക്കുന്നില്ല. നമ്മുടെ ന്യൂജെന്‍ സിനിമക്കാര്‍ ചിലരെങ്കിലും ഈ വിഷയത്തെ യാഥാസ്ഥിതിക മനസ്സോടെയല്ല കാണുന്നതെന്നും നമുക്കറിയാം. ഇതൊക്കെ മനസ്സില്‍വച്ചാലും കുമ്പളങ്ങിയുടെ തട്ട് താണുതന്നെയിരിക്കുന്നു വെന്നതാണ് സത്യം. എന്തുകൊണ്ട് എന്ന് ചിന്തിക്കാം.

സദാചാരവും പാരമ്പര്യ യാഥാസ്ഥിതിക ബോധവും ജാതിസ്വത്വങ്ങളും ചേര്‍ന്ന് നിര്‍മ്മിച്ച ജീവിതത്തെക്കുറിച്ചു തന്നെയുള്ള മലയാളിയുടെ വരേണ്യബോദ്ധ്യങ്ങളെ ഈ സിനിമപ്രശ്നവല്‍ക്കരിക്കുകയും ആണധികാരം എന്ന ഫ്യൂഡല്‍ അധികാരഘടനയെ പൊളിച്ചടുക്കുകയും ചെയ്യുന്നു. തറവാട്ടുമഹിമ, ഉദ്യോഗം, നല്ല കുടുംബം, ഗൃഹനാഥന്‍, വീടിന്‍റെ വിളക്കായ സ്ത്രീ തുടങ്ങിയ പാരമ്പര്യ സംവര്‍ഗ്ഗങ്ങളെ സിനിമ തൊലിയുരിച്ച് നിര്‍ത്തിയിരിക്കുന്നു. കേരളീയ ജീവിതത്തിന്‍റെ കുലചിഹ്നം ആണധികാരവ്യവസ്ഥയാണെങ്കില്‍ ആ വ്യവസ്ഥയോട് അക്ഷരാര്‍ത്ഥത്തില്‍ കലഹിക്കുകയാണ് കുമ്പളങ്ങി നൈറ്റ്സ്. നമ്മുടെ മുഖ്യധാരാ സിനിമ ആഖ്യാനം ചെയ്യാനിഷ്ടപ്പെടാത്ത കുറെ ചെറിയ മനുഷ്യരാണ് ഇതിലെ കഥാപാത്രങ്ങള്‍. മലയാളിയുടെ കപടസദാചാരത്തെയും സ്ത്രീവിരുദ്ധതയെയും നോക്കി കുമ്പളങ്ങി നൈറ്റ്സ് പല്ലിളിക്കുന്നു.

ഉമ്മറക്കോലായിലെ ചാരുകസേരയില്‍ മുറുക്കിത്തുപ്പി അധികാരഭാവത്തില്‍ വെടിവെട്ടം പറഞ്ഞിരിക്കുന്ന തറവാട്ടു കാരണവരോ/നായക ബിംബമോ ഇവിടെ അപനിര്‍മ്മിക്കപ്പെടുകയാണ്.

കുമ്പളങ്ങിയിലെ ആര്‍ക്കും വേണ്ടാത്ത ഒരു തുരുത്തില്‍ എല്ലാ വേസ്റ്റുകളുടെയും കൂടെയാണ് നെപ്പോളിയന്‍റെ മക്കളും കഴിയുന്നത്. പൂച്ചയെയും പട്ടിയെയും എന്തിന് ചത്ത മനുഷ്യരെയും വരെ ഉപേക്ഷിക്കുന്ന ആ സ്ഥലത്ത് ലോഡ്ജ് പോലെയൊരു വീട്ടില്‍ അടിയും കുടിയും അലമ്പുമായി അവര്‍ ജീവിക്കുന്നു. കുട്ടികളും എലികളും പൂച്ചകളും പെണ്ണുങ്ങളുമായി വന്നവരും വലിഞ്ഞുകേറിവന്നവരുമായ ഒരു പറ്റം ജീവികളുടെ ബഹളത്തിലേയ്ക്ക് ദാ ഞാന്‍ നോക്കുമ്പോള്‍ ഒരാട് എന്ന് വൈക്കം മുഹമ്മദ് ബഷീര്‍ (പാത്തുമ്മയുടെ ആട്) തന്‍റെ വീടിനെക്കുറിച്ച് പറഞ്ഞപോലെ തമിഴന്‍റെ ഭാര്യയും നീഗ്രോപ്പെണ്ണും പ്രേമിച്ച് വന്നവളുമെല്ലാം എത്തിച്ചേരുന്നത് എല്ലാവര്‍ക്കും ഇടമുള്ള ആ വീട്ടിലേയ്ക്കാണ്. ആ വീട് അപ്പോള്‍ സജിയുടെ ഭാഷയില്‍ സമാധാനമുള്ള വീടാവുന്നു. പെണ്ണിന് ആ വീട് രണ്ടാം പൗരത്വം കല്‍പ്പിക്കുന്നില്ല. തീട്ടപ്പറമ്പ്چഎന്ന് പൊതുസമൂഹം വ്യവഹരിക്കുന്ന അരികുവല്‍ക്കരിക്കപ്പെട്ട ഇടങ്ങളിലാണ് ജനാധിപത്യം പുലരുന്നത് എന്ന് സിനിമ കാട്ടിത്തരുന്നു.

സമാന്തരമായി നാം കാണുന്ന ഷമ്മിയുടെ വീട് മെയില്‍ ഷോവനിസത്തിന്‍റെ ഇടവും ആണ്‍നോട്ടത്തിന്‍റെ കേന്ദ്രവുമായി നിലകൊള്ളുന്നു. അവിടെയെല്ലാം അവനില്‍ നിക്ഷിപ്തമാണ്. അവനെചുറ്റിപ്പറ്റിയും, അവന്‍റെ ഇംഗിതാനുസൃതവുമാണെല്ലാം. കപടമാന്യനായ സൈക്കോ ആയ ആ കഥാപാത്രം ഒരു ശരാശരി മലയാളി പുരുഷന്‍റെ ഉള്ളിലെ ആദര്‍ശാത്മക വ്യക്തിത്വംതന്നെയാണ്. തളത്തില്‍ ദിനേശന് അപകര്‍ഷതയായിരുന്നെങ്കില്‍ (വടക്കുനോക്കിയന്ത്രത്തിലെ ശ്രീനിവാസന്‍ കഥാപാത്രം) ഷമ്മിക്ക് ഭീരുത്വവും അതിനെ മറികടക്കാനുള്ള ആണധികാരത്തിന്‍റെ ധാര്‍ഷ്ട്യവുമാണ് ഉള്ളത് എന്ന വ്യത്യാസം മാത്രം.

എന്നാല്‍ അവിടെയും സ്ഥിതി മറിച്ചാവുകയാണ്, ഭീരുക്കളായ പെണ്ണുങ്ങള്‍ നിലപാടിലേയ്ക്ക് വളരുകയാണ്. രണ്ട് തന്തയ്ക്ക് ജനിക്കുന്നത് ടെക്നിക്കലി പോസിബിള്‍ അല്ല എന്ന് ബേബിയുടെ ഷമ്മിയോടുള്ള മറുപടി ഇതാണ് സാക്ഷ്യപ്പെടുത്തുന്നത്.

ഏത് ടൈപ്പ് ചേട്ടനായാലും മാന്യമായി സംസാരിക്കണം എന്നാണ് ഷമ്മിയുടെ ഭാര്യ സിമിയും പറയുന്നത്. പുരുഷന് പെണ്ണ് കീഴടങ്ങി ജീവിക്കണം എന്ന് യാഥാസ്ഥിതിക കാഴ്ചപ്പാട് പുലര്‍ത്തുന്ന അവരുടെ അമ്മയും ഒടുവില്‍ നിലപാട് മാറ്റുകയാണ്. അവന് (ഷമ്മിക്ക്) വട്ടാണ് എന്നാണ് അവരുടെ പ്രതികരണം. പുരുഷാധികാരത്തിന്‍റെ ഈ വട്ട് തിരിച്ചറിയപ്പെടുകയും – ചോദ്യം ചെയ്യപ്പെടുകയും – ചെയ്യുന്നുവെന്നതാണ് കുമ്പളങ്ങി നൈറ്റ്സിന്‍റെ പ്രസക്തി.

പ്രണയത്തെ, പെണ്ണിന്‍റെ /ആണിന്‍റെയും സ്വയം തിരഞ്ഞെടുപ്പിനെ സിനിമ എങ്ങനെ കാണുന്നുവെന്നതു കൂടി പ്രസക്തമാണ്. മൂന്ന് പ്രണയങ്ങള്‍ ചിത്രത്തില്‍ നാം കാണുന്നുണ്ട്. ബോബിയുടെ സുഹൃത്തിന്‍റെ പ്രണയം (അത് അയാളെ സ്വയം തിരിച്ചറിവിലേയ്ക്ക് നയിക്കുന്നു), ബോണിയുടെ പ്രണയം (കെട്ടുപാടുകളോ ബാധ്യതയുടെ ഭാരങ്ങളോ ഇല്ലാത്ത പ്രണയം), പിന്നെ ബോബിയുടെതന്നെ പ്രണയം. ബോബിയുടെ പ്രണയം പൊതുവെ പല പുരുഷപ്രണയങ്ങളും പോലെ ശരീരനിഷ്ഠം മാത്രമായിരുന്നു. പ്രണയത്തിന് ഏകപക്ഷീയമായി ‘വളയ്ക്കുക’ എന്ന് പേരിട്ട മലയാളി യുവത്വം ആ വാക്കില്‍ത്തന്നെ പ്രണയത്തെ എങ്ങനെ സമീപിക്കുന്നു എന്നത് വ്യക്തമാണല്ലോ?

ഞാന്‍ അവളെ കെട്ടാന്‍ പോകുന്നുവെന്ന് ബോബിയുടെ കൂട്ടുകാരന്‍ പറയുമ്പോള്‍ അവന്‍റെ മറുപടി ഇങ്ങനെയാണ് ‘മച്ചാനേ ചായകുടിക്കാന്‍വേണ്ടി ചായത്തോട്ടം വിലക്കുവാങ്ങേണ്ട കാര്യമുണ്ടോ’ എന്നാണ് ബേബിയും ബോബിയും ഒന്നിച്ച് തീയേറ്ററില്‍ സിനിമ കാണുന്ന സീനിലും ബോബിയിലെ കള്ളക്കാമുകന് കാമമാണ് മുറ്റി നില്‍ക്കുന്നത്. തന്‍റെ ആവശ്യം (ലിപ്ലോക്ക് ചുംബനം) ന്യായമെന്ന് കാണിക്കാന്‍ മറ്റൊരു മുഖ്യധാരാ സിനിമയിലെ (മായാനദി) പ്രശസ്തമായൊരു സംഭാഷണം ബോബി ഉദ്ധരിക്കുന്നുണ്ട്. Sex is not a promise. പക്ഷെ ബേബി ശരീരത്തിനുമപ്പുറം Ture Love-ല്‍ വിശ്വസിക്കുന്നവളാണ്. അവള്‍ക്ക് ശാരീരികബന്ധം ആഗ്രഹമില്ലാഞ്ഞല്ല. മനസ്സാഗ്രഹിച്ചിട്ടും അവള്‍ക്ക് വല്ലാതെ വിറയ്ക്കുകയാണ്. കാരണം – താന്‍ വെറും ശരീരമായ പെണ്ണല്ല എന്ന് അവള്‍ സാക്ഷ്യപ്പെടുത്തുക കൂടിയാണ് ഇവിടെ. ദേഷ്യപ്പെട്ട് ഇറങ്ങിപ്പോകുന്ന അവന്‍ ‘ഞാനൊരു ആണാണ്’ എന്നാണ് അവളോട് പറയുന്നത്. പക്ഷെ, ആണത്വത്തെക്കുറിച്ചുള്ള ബോബിയുടെ പൂര്‍വ്വധാരണകളൊക്കെ ബേബി മാറ്റിയെടുക്കുകയാണ്. അവന്‍റെ കണ്ണില്‍ ആര്‍ദ്രതയുടെ കണ്ണീര് നിറയുന്നു. അവളുടെ നെഞ്ചില്‍ മുഖം ചേര്‍ത്ത് അവന്‍ കരയുന്നു. പെണ്ണിനെ അവന്‍ തിരിച്ചറിയുന്നതിവിടെയാണ്. ആദ്യരാത്രിയില്‍ അവന്‍ ബേബിയോട് ചോദിക്കുന്നു. ‘നിനക്ക് ഇപ്പോള്‍ വിറയ്ക്കുന്നുണ്ടോ?’ ഇല്ല എന്നാണ് അവളുടെ ഉത്തരം. ‘എനിക്ക് പക്ഷെ വിറയ്ക്കുന്നുവെന്നാണ്’ അവന്‍റെ മറുപടി. ആണത്വത്തെക്കുറിച്ചുള്ള പതിവ് വിചാരങ്ങള്‍ ഇവിടെ ചോദ്യം ചെയ്യപ്പെടുന്നു.

തൊഴില്‍ സംബന്ധിച്ചും തന്‍റെ ഇണയുടെ സാമൂഹ്യപദവിയും സാമ്പത്തിക ഉന്നതിയുമൊക്കെ സംബന്ധിച്ചും നിരവധി പെണ്‍വിചാരങ്ങള്‍ മലയാള സിനിമയില്‍ നമുക്ക് കണ്ടും കേട്ടും പരിചയമുണ്ട്. അത്തരം വിചാരങ്ങള്‍ പുരുഷന്‍റെ പടച്ചുവിടലാണ് എന്ന് കുമ്പളങ്ങി നൈറ്റ്സ് കാട്ടിത്തരുന്നു.

നേടിയ തൊഴിലില്‍ ബോബി പച്ചപിടിക്കുന്നില്ല. എന്നാല്‍ മീന്‍ പിടുത്തത്തില്‍ അയാള്‍ കാണിച്ച വൈദഗ്ദ്ധ്യം കണ്ട് അവള്‍ ചോദിക്കുന്നു ‘നിനക്ക് മീന്‍പിടിക്കാന്‍ പോയിക്കൂടെ’ എന്ന്. സ്റ്റാറ്റസിന് അത് പ്രശ്നമല്ലേ എന്നാണ് ബോബിയുടെ മറുചോദ്യം. ‘ദേണ്ടേ രാവിലെ മഞ്ഞക്കൂരിം കൂട്ടി ചോറുണ്ടേച്ചുവന്ന എന്നോടാണ്’ നീ ഇതു പറയുന്നത് എന്ന തീര്‍ത്തും അപ്രതീക്ഷിതമായ ട്വിസ്റ്റുകൊണ്ട് അവള്‍ ബോബിയുടെ അപകര്‍ഷതയെക്കൂടി മാറ്റിയെടുക്കുകയാണ്.

സാമ്പ്രദായിക നായികാവിചാരങ്ങളില്‍ നിന്ന് ബേബിയും നീഗ്രോപ്പെണ്‍കുട്ടിയും തമിഴത്തിയും എന്തിന് സിമിപോലും എത്രമാത്രം മാറിച്ചിന്തിക്കുമെന്ന് ഈ ചിത്രം നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. ഇത് ഒരു വീണ്ടു വിചാരമാണ്, മലയാള സിനിമയിലെ പെണ്ണിന് മൃദുലശരീരവും കുടിലമനസ്സുമെന്ന് നിര്‍വചിച്ച സാമ്പ്രദായിക സിനിമക്കാലത്തെ ഇവര്‍ വെല്ലുവിളിക്കുന്നു. നന്മനിറഞ്ഞ മനസ്സും മാറാത്ത നിലപാടുകളുമുള്ള, വന്നുചേരുന്ന ‘വീടിനെ’ വീടാക്കാന്‍ കഴിയുന്ന, ജീവിതത്തില്‍നിന്ന് തന്നെ കണ്ടെടുത്ത പെണ്‍പ്രതീകങ്ങളെയാണ് കുമ്പളങ്ങി നൈറ്റ്സ് നമുക്ക് മുന്‍പില്‍ വയ്ക്കുന്നത്.

കുമ്പളങ്ങി നൈറ്റ്സ് നല്കുന്ന മറ്റൊരു വീണ്ടുവിചാരം കുടുംബബന്ധങ്ങളെപ്പറ്റിയാണ്. ലോകം എത്ര മാറിയാലും വ്യക്തിയുടെ പ്രാഥമിക അഭയ കേന്ദ്രം കുടുംബം തന്നെയാണ് എന്ന് സിനിമ പറയുന്നു. എന്തു കൊണ്ടാണ് നെപ്പോളിയന്‍റെ വീട് തകര്‍ന്നുപോയത്? സജി മനഃശാസ്ത്രജ്ഞനോട് പറയുന്ന വാക്കുകളില്‍ ഇതിന് ഉത്തരമുണ്ട്. അപ്പന്‍ നല്ല പാര്‍ട്ടിയായിരുന്നു. നല്ല പണിക്കാരനായിരുന്നു. ഒരുപാട് ആഗ്രഹങ്ങള്‍ ഉണ്ടായിരുന്നു. നല്ല വീട് വെക്കാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷെ ആ സ്വപന്ങ്ങളോടെ തന്നെ അയാള്‍ മരിച്ചുപോയി. പണിക്ക് പോയി വന്ന ആദ്യ ദിവസം ബേബിയുമായി സംസാരിക്കുമ്പോള്‍ ബോബി അപ്പനെക്കുറി ച്ച് മനസ്സുതുറക്കുന്നുണ്ട്. ഒരു നാടന്‍ വിചാരത്തിലാണ് അവന്‍ അപ്പനെ അടയാളപ്പെടുത്തുന്നത്. ബ്രാല് മത്സ്യം കുഞ്ഞുങ്ങളുമായി നടക്കുന്ന സമയത്ത് അതിന്‍റെ ചുറ്റം മഞ്ഞ നിറത്തിലുള്ള ഒരു വലയം കാണും. ആ നിറം കാണുമ്പോള്‍ ബ്രാല് അവിടെയുണ്ടെന്ന് മനസ്സിലാക്കി തെറ്റിയെടുക്കാന്‍ മീന്‍പിടിക്കുന്നവര്‍ക്ക് എളുപ്പമാണ്. കുഞ്ഞുങ്ങളില്ലെങ്കില്‍ അതിനെ പിടിക്കാനാവില്ല. കുഞ്ഞുങ്ങളൊള്ളതുകൊണ്ടാണ് അതിന്‍റെ ജീവന്‍ പോണത് – കുഞ്ഞുങ്ങള് കാരണമാണ്. അപ്പന്‍ മരിച്ചുപോയതും അമ്മ ദൈവവേലയ്ക്കുപോയതും തങ്ങള് കാരണമാണ് എന്ന് ബോബി തിരിച്ചറിയുകയാണ് ഇവിടെ. മാതാപിതാക്കളുടെ സ്വപ്നങ്ങളില്‍ കരിനിഴല്‍ വീഴ്ത്തുന്നത് മക്കളാണ്. പെറ്റുപോറ്റുന്നവരുടെ കണ്ണീരും വിയര്‍പ്പും തിരിച്ചറിയാതെ പോകുന്ന മക്കള്‍ ഇന്നിന്‍റെ യാഥാര്‍ത്ഥ്യമാണ്. അത് ബോബിയെ കരയിക്കുന്നു. ഒരാള്‍ കരയുന്ന നിമിഷം അയാള്‍ പൂര്‍വ്വനന്മകളിലേയ്ക്ക് തിരിഞ്ഞ് നടക്കുകയാണ്. ബോബി കാമുകിയുടെ തോളില്‍ ചാരി കരയുമ്പോള്‍ സജി മനഃശാസ്ത്രജ്ഞന്‍റെ നെഞ്ചില്‍ വീണ് കരയുകയാണ്. രണ്ടു പേരും തിരിച്ചറിവുകളുടെ ആകാശം നേടി. പിന്നെയവര്‍ തിരിഞ്ഞുനടക്കുകയാണ്. തീട്ടപ്പറമ്പിലെ, ആ പഞ്ചായത്തിലെ മോശം വീട് അങ്ങനെ കൊച്ചു കൊച്ചു സന്തോഷങ്ങളുടെ വീടാകുകയാണ്. അത്തരം വീടകങ്ങള്‍ രൂപപ്പെടുത്തുകയാണ് നഷ്ടവസന്തങ്ങളെ തിരിച്ചു പിടിക്കാന്‍ വേണ്ടതെന്ന് സിനിമ നമ്മോട് പറയുന്നു. സ്നേഹ പാരസ്പര്യങ്ങളുടെ പുതിയ ആകാശവും പുതിയ ഭൂമിയും മലയാള സിനിമയില്‍ നിന്ന് നമ്മുടെ വീടകങ്ങളിലെ ഇരുണ്ടലോകങ്ങളിലേയ്ക്ക് പ്രകാശകിരണങ്ങള്‍ പൊഴിക്കട്ടെ.

vargheese.thomas@gmail.com

Comments

One thought on “അരികുജീവിതം മുഖ്യധാരയോടു പറയുന്നത്”

  1. ഷിജു കെ ജെ says:

    ശരിക്കും
    KUMBALANGI KNIGHTS
    എന്ന പേരല്ലെ ഈ പടത്തിന് യോജിക്കുക ?

Leave a Comment

*
*