|^| Home -> Cover story -> ‘ആധികാരികത’യുടെ അധികാരദൂരം

‘ആധികാരികത’യുടെ അധികാരദൂരം

Sathyadeepam


ഡോ. തോമസ് വള്ളിയാനിപ്പുറം

ഏതു സമൂഹത്തിന്‍റെയും പുരോഗതി നേതൃത്വത്തിന്‍റെ സംശുദ്ധമായ പ്രവര്‍ത്തനങ്ങളേയും ധീരോദാത്തമായ നിലപാടുകളേയും സര്‍വതോന്മുഖമായ സമര്‍പ്പണത്തെയുമാശ്രയിച്ചാണ് നിലകൊള്ളുന്നത്. വഴി അറിയുന്നവനും വഴി കാണിക്കുന്നവനും വഴിയെ പോകുന്നവനുമാണ് നേതാവ് എന്ന പഴയ നിര്‍വ്വചനം ഇന്നും കാലഹരണപ്പെട്ടിട്ടില്ല. അണികള്‍ക്കു ശരിയായ പാത കാണിച്ചുകൊടുക്കുകയും ആ പാതയിലൂടെ നടന്ന് മാതൃക നല്കുകയും ചെയ്യുമ്പോഴേ നേതാവ് തലമുറകള്‍ക്ക്വെളിച്ചമേകുന്ന ദീപഗോപുരമായിത്തീരൂ. എന്നാല്‍ നേതൃരംഗത്തെ അഴിമതിയും ജീര്‍ണ്ണതയുമാണ് നാമിന്നു നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഈ നേതൃത്വ പ്രതിസന്ധി രാ ഷ്ട്രീയ-സാമൂഹിക-മത-മണ്ഡലങ്ങളെയെല്ലാം ബാധിച്ചിട്ടുണ്ട്.

സഭാനേതൃതലങ്ങളില്‍ അടുത്തകാലത്തുണ്ടായ ചില അപചയങ്ങള്‍ ഈ നേതൃവിചാരത്തിന്‍റെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു. സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള പരാതികള്‍, അധികാര ദുര്‍വ്വിനിയോഗത്തെ സംബന്ധിച്ച ആക്ഷേപങ്ങള്‍, സുഖലോലുപമായ ജീവിതശൈലി, വിദ്യാഭ്യാസ-ആതുരശുശ്രൂഷാരംഗങ്ങളിലെ അതാര്യത, അഴിമതിയുടെ മണമുള്ള സ്ഥാപനവല്ക്കരണ ഭ്രാന്ത്, ആര്‍ഭാടപ്പള്ളികളും മന്ദിരങ്ങളും നിര്‍മ്മിച്ചു കൂട്ടാനുള്ള വ്യഗ്രത മുതലായവയെല്ലാം ഇന്ന് പരക്കെ ആക്ഷേപങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കാരണമായിട്ടുണ്ട്. രാഷ്ട്രീയ സാമൂഹിക രംഗങ്ങളില്‍ അഴിമതിയാരോപണത്തിനു വിധേയരാകാതെ ഉയര്‍ന്നു നില്‍ക്കുന്ന ക്രൈസ്തവ നേതാക്കള്‍ എത്രയുണ്ട്? ക്രൈസ്തവരുടെ പേരില്‍ നിലകൊള്ളുന്ന ചില രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ നേതാക്കളും സ്ഥാനമാന തര്‍ക്കങ്ങളുടേയും സാമ്പത്തിക തിരിമറികളുടേയും കറപുരണ്ട് പൊതുസമൂഹമധ്യേ അപഹാസ്യരാകുന്നില്ലേ?

നേതൃരംഗത്തെ ജീര്‍ണ്ണത സഭയുടേയും സമുദായത്തിന്‍റേയും വിവിധ മേഖലകളില്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുന്നതിനാല്‍, നേതൃത്വത്തിന്‍റെ നവീകരണത്തിനും ശുദ്ധീകരണത്തിനുമാണ് നാം അടിയന്തര ശ്രദ്ധകൊടുക്കേണ്ടത്. ബൈബിളിലെ നേതൃത്വശൈലികളെക്കുറിച്ചുള്ള ധ്യാനാത്മകമായ വിചിന്തനം നേതാക്കളുടെ നവീകരണത്തിനും ശുദ്ധീകരണത്തിനും സഹായിക്കും.

നേതാവ് – വളര്‍ത്തുന്നവന്‍
മറ്റുള്ളവരെ വളര്‍ത്തി വലുതാക്കിയിട്ട് സ്വയം ശൂന്യനായിത്തീരുന്നവനാണ് നേതാവ് എന്ന പുതിയ നേതൃത്വദര്‍ശനം ബൈബിള്‍ ലോകത്തിനു നല്കുന്നു. മൂന്നു കാര്യങ്ങളാണ് നേതാവ് ശ്രദ്ധിക്കേണ്ടത്. ഒന്ന് ദര്‍ശനം, രണ്ട് സംഘം, മൂന്ന് വ്യക്തി. താന്‍ നേതൃത്വം കൊടുക്കുന്ന സംഘടനയുടെ ലക്ഷ്യത്തെപ്പറ്റി സുവ്യക്തമായ ബോധ്യം നേതാവിനുണ്ടായിരിക്കണം. ഈ ലക്ഷ്യം അണികളില്‍ സന്നിവേശിപ്പിക്കാനും അയാള്‍ക്കു കഴിയണം. ലക്ഷ്യബോധത്തെയാണ് ‘ദര്‍ശനം’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ദൈവരാജ്യസംസ്ഥാപനമായിരുന്നു ലോകൈക നേതാവായ ക്രിസ്തുവിന്‍റെ ദര്‍ശനം. ഏതെങ്കിലും ഭൂപ്രദേശമല്ല ദൈവരാജ്യം. ദൈവം ഭരിക്കുന്ന അവസ്ഥയാണ് ദൈവരാജ്യം. ദൈവത്തിന്‍റെ പിതൃത്വത്തിലും മാനവസാഹോദര്യത്തിലുമധിഷ്ഠിതമായ പുതിയ വ്യവസ്ഥിതിയാണത്. അത് ഈ ഭൂമിയില്‍ത്തന്നെ സ്ഥാപിക്കപ്പെടണം. എന്നാല്‍ പൂര്‍ണ്ണത യുഗാന്ത്യത്തിലേ ആഗതമാകൂ. ദൈവരാജ്യത്തിന്‍റെ മൂല്യങ്ങള്‍ പുലരുന്ന നവലോകത്തിനു വേണ്ടി അധ്വാനിക്കുകയാണ് സഭാ നേതാക്കളുടെ ധര്‍മ്മം. സത്യവും നീതിയും സ്നേഹവും കരുണയും ശുദ്ധതയും പുലരുന്ന പുതിയ ലോകമാണ് ദൈവരാജ്യം വിഭാവനം ചെയ്യുന്നത്.

ദര്‍ശനം വളര്‍ത്തുന്നതോടൊപ്പം, ദര്‍ശനം സാക്ഷാത്ക്കരിക്കാന്‍ സഹായിക്കുന്ന സമര്‍പ്പിത സംഘത്തെ കൂടി രൂപപ്പെടുത്തി പരിശീലിപ്പിക്കാന്‍ ഉത്തമനായ നേതാവ് ശ്രദ്ധവയ്ക്കും. നേതാവ് വളര്‍ത്തുന്ന രണ്ടാമത്തെ ഘടകം സംഘമാണ്. ടീം വര്‍ക്കിലൂടെ മാത്രമേ നേതൃത്വം വിജയം വരിക്കൂ. എല്ലാം ഒറ്റയ്ക്കു ചെയ്യാമെന്നു കരുതുന്നത് മൗഢ്യമാണ്. ഏകാധിപത്യസ്വഭാവമുള്ള നേതൃത്വശൈലി പങ്കാളിത്ത സ്വഭാവത്തോടുകൂടിയ നേതൃത്വശൈലിയെ അംഗീകരിക്കില്ല. തന്‍റെ അധികാരം വിഭജിച്ചു നല്കാനും മറ്റുള്ളവരെക്കൂടി വളര്‍ത്തിക്കൊണ്ടു വരാനും ഏകാധിപതിയായ നേതാവ് ഒരിക്കലും സമ്മതിക്കില്ല. അണികളുടെയിടയില്‍ കഴിവുള്ളവരെ സംശയത്തോടെയാണ് അയാള്‍ വീക്ഷിക്കുക. അവരെ അടിച്ചമര്‍ത്താനും നീര്‍വീര്യമാക്കാനുമാണ് ഏകാധിപതിയുടെ ശ്രദ്ധ.

പങ്കാളിത്തത്തിന്‍റെ ക്രിസ്തുശൈലി
ജനാധിപത്യപരമായ നേതൃത്വശൈലി പങ്കാളിത്ത സ്വഭാവത്തോടുകൂടിയ ശുശ്രൂഷാ സംവിധാനമാണ് വിഭാവനം ചെയ്യുന്നത്. അണികളില്‍ കഴിവുള്ളവരെ കണ്ടെത്തി വിവിധ ശുശ്രൂഷകള്‍ ഏല്പിച്ചു കൊടുക്കുന്നതില്‍ ജനാധിപത്യവാദിയായ നേതാവ് തല്പരനായിരിക്കും. തന്‍റെ അധികാരം വിഭജിച്ചുകൊടുത്ത് അനേകം സഹകാരികളെ നേതൃസ്ഥാനങ്ങളില്‍ പ്രതിഷ്ഠിക്കാന്‍ അയാള്‍ ശ്രദ്ധിക്കും. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ ആരായാനും മാനിക്കാനും അവയനുസരിച്ച് പദ്ധതികളില്‍ മാറ്റം വരുത്താനും അയാള്‍ തയ്യാറാകും. യേശുവിന്‍റെ നേതൃത്വശൈലി പങ്കാളിത്തത്തിന് പ്രാധാന്യം നല്കുന്നതായിരുന്നു. അവിടുന്ന് ആദ്യം 12 പേരെയും പിന്നെ 72 പേരെയും തിരഞ്ഞെടുത്ത് തന്‍റെ ദൗത്യത്തില്‍ സഹകാരികളാക്കി. അവരെ പരിശീലിപ്പിക്കുകയും അവര്‍ക്ക് അധികാരം പകര്‍ന്നു നല്കുകയും അവരെ പ്രേഷിത പ്രവര്‍ത്തനത്തിന് അയയ്ക്കുകയും ചെയ്തു. താന്‍ തെരഞ്ഞെടുത്തു പരിശീലിപ്പിച്ച ചെറുസംഘത്തിലൂടെയാണ് അവിടുന്ന് ലോകം മുഴുവന്‍ കീഴടക്കിയത്.

ദര്‍ശനവും സംഘവും വളര്‍ത്തുന്ന നേതാവ് വ്യക്തികളേയും വളര്‍ത്തും. സംഘടനയിലെ ഓരോ വ്യക്തിയും പ്രധാനപ്പെട്ടവരാണ്. ഏകാധിപതിയായ നേതാവ് ലക്ഷ്യം നേടിയെടുക്കുന്നതിനുവേണ്ടി വ്യക്തികളെ ഉപയോഗിക്കാനും സംഹരിക്കാനും മടിക്കില്ല. ഉത്തമ നേതാവാകട്ടെ ഓരോ വ്യക്തിയുടേയും അനന്യമഹത്വം അംഗീകരിക്കുകയും ഓരോ വ്യക്തിയേയും വളര്‍ത്തുന്നതില്‍ ശ്രദ്ധിക്കുകയും ചെയ്യുന്നു. അയാള്‍ വ്യക്തികളോട് കരുണ കാണിക്കും. രോഗികളോടും പീഡിതരോടും പാപികളോടുമുള്ള യേശുവിന്‍റെ കാരുണ്യം വ്യക്തികളെ വളര്‍ത്തുന്നതില്‍ യേശു പ്രദര്‍ശിപ്പിച്ച ശ്രദ്ധയാണ് വെളിപ്പെടുത്തുന്നത്.

ദര്‍ശനം, സംഘം, വ്യക്തി എന്നിവയെ വളര്‍ത്തുന്ന ഉത്കൃഷ്ട നേതൃത്വശൈലിയാണ് ക്രിസ്തു പിന്തുടര്‍ന്നത്. സഭയില്‍ ഈ നേതൃത്വശൈലി പുലരുന്നുണ്ടോ? ക്രാന്തദര്‍ശിത്വവും ലക്ഷ്യബോധവുമുള്ള എത്ര നേതാക്കള്‍ സഭയിലുണ്ട്? ദൈവരാജ്യത്തിന്‍റെ മൂല്യങ്ങളാല്‍ നയിക്കപ്പെടുന്നവര്‍ എത്രയുണ്ട്? അധികാരം പങ്കുവച്ച്, പങ്കാളിത്തപരമായ നേതൃത്വശൈലി അവലംബിക്കുന്നവര്‍ എത്രയുണ്ട്? വ്യത്യസ്താഭിപ്രായങ്ങള്‍ പറയുന്നവരെ മാറ്റി നിറുത്താനാണോ നാം ശ്രമിക്കുന്നത്? പാവപ്പെട്ടവരേയും പീഡിതരേയും അവഗണിച്ചുകൊണ്ട് ധനികരോടും പ്രബലരോടും കൂട്ടുകൂടാനല്ലേ നാം താല്പര്യപ്പെടുന്നത്?

മറ്റുള്ളവരെ വളര്‍ത്തി വലുതാക്കി, നേതൃത്വം അവരെ ഏല്പിച്ചുകൊടുത്തിട്ട് ശൂന്യവല്ക്കരണത്തിന്‍റെ ഇല്ലായ്മയിലേക്കു നീങ്ങുന്ന നേതൃത്വശൈലിയാണ് ക്രിസ്തു ലോകത്തെ പഠിപ്പിച്ചത്. ഈ നേതൃത്വശൈലിയാണ് കുരിശില്‍ കത്തിജ്വലിച്ചു നില്‍ക്കുന്നത്. ഇതില്‍ നിന്ന് നാം എത്രയോ കാതം അകലെയാണ്.

നേതാവ്-ശുശ്രൂഷകന്‍
നേതാവ് ശുശ്രൂഷകനും വിനീതദാസനുമാണെന്ന് ക്രിസ്തു നിരന്തരം പഠിപ്പിച്ചു (മര്‍ക്കോ. 9:33-37; മത്താ. 20:20-28; ലൂക്കാ 22:24-30; യോഹ. 13:13-15). പാദക്ഷാളനത്തോളവും കുരിശുമരണത്തോളവും എത്തിനില്‍ക്കുന്ന ശുശ്രൂഷയാണ് സ്വജീവിതത്തിലൂടെ യേശു പഠിപ്പിച്ചത്. ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും അനേകരുടെ മോചനദ്രവ്യമായി സ്വജീവന്‍ കൊടുക്കാനും വന്ന നല്ല ഇടയനാണ് അവിടുന്ന്. ആടുകള്‍ക്കുവേണ്ടി അവിടുന്ന് ജീവന്‍ അര്‍പ്പിച്ചു (യോഹ. 10:11).

നേതാവിന്‍റെ അഹന്ത തകര്‍ന്നുവീണാലേ ശുശ്രൂഷയുടെ ജീവിതശൈലി രൂപപ്പെടൂ. “നിങ്ങള്‍ നേതാക്കന്മാര്‍ എന്നു വിളിക്കപ്പെടരുത്. ക്രിസ്തു മാത്രമാണ് നിങ്ങളുടെ ഏക നേതാവ്. നിങ്ങളില്‍ ഏറ്റവും വലിയവന്‍ നിങ്ങളുടെ ശുശ്രൂഷകനായിരിക്കണം. തന്നെതന്നെ ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടും” (മത്താ. 23:10-11). എന്ന പ്രബോധനം തെറ്റായ നേതൃത്വരീതിയെ വിമര്‍ശിക്കുന്ന തീവ്ര വചനങ്ങളുടെ പശ്ചാത്തലത്തിലാണ് നല്കപ്പെടുന്നത്. നേതാവ് അണികള്‍ക്കു മുകളില്‍ നില്ക്കുന്നവനല്ല; അണികളെ കീഴടക്കി ഭരിക്കുന്നവല്ല; മറിച്ച് അണികള്‍ക്കു തുല്യനായി, അണികളില്‍ ഒരുവനായി നീങ്ങുന്നവനാണ്; മാ ത്രമല്ല അണികളുടെ ദാസനായി അവര്‍ക്കു ശുശ്രൂഷ ചെയ്യുന്നവനാണ്.

സഭ സ്ഥാപനാകാരം പൂണ്ടപ്പോള്‍ സഭയിലെ നേതാക്കള്‍ മാനേജര്‍മാരും ഭരണകര്‍ത്താക്കളുമായി മാറി. സ്ഥാപനപരതയില്‍ നിന്ന് കൂട്ടായ്മപരതയിലേക്ക് സഭ തിരിച്ചുവന്നാല്‍ മാത്രമേ നേതൃത്വം ശുശ്രൂഷയായി മാറുകയുള്ളൂ.

നേതാവ് – ധാര്‍മ്മികപ്രഭാവന്‍
പ്രബുദ്ധതയും പ്രതിബദ്ധതയുമുള്ള ശുശ്രൂഷാ നേതൃത്വത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത ധാര്‍മ്മിക പ്രഭാവമാണ്. നേതാവിന്‍റെ അധികാരം ‘സ്ഥാന’ത്തിന്‍റെ ഔന്നത്യത്തില്‍നിന്നല്ല, ധാര്‍മ്മിക ചൈതന്യമാര്‍ന്ന നിര്‍മ്മല ജീവിതത്തില്‍നിന്നാണ് പൊട്ടിപ്പുറപ്പെടുന്നത്. ‘അധികാരവും’, ‘ആധികാരികതയും’ തമ്മിലുള്ള വ്യത്യാസം നാം തിരിച്ചറിയണം. ബാഹ്യമായി ലഭിക്കുന്നതാണ് അധികാരമെങ്കില്‍ ഉള്ളിലെ ധാര്‍മ്മികശക്തിയില്‍നിന്നു പൊട്ടിപ്പുറപ്പെടുന്നതാണ് ആധികാരികത. അധികാരം തകര്‍ന്നു വീഴും, ആധികാരികത അഭംഗുരം നിലകൊള്ളും. സഭാനേതൃത്വത്തിന് ആധികാരികതയാണ് ഇന്നാവശ്യം. ഉത്കൃഷ്ടമായ ധാര്‍മ്മിക മൂല്യങ്ങള്‍ തങ്ങളുടെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നതിലൂടെ ലഭിക്കുന്നതാണ് ആധികാരികത.

പഴയനിയമത്തിലെ ജോസഫ് ധാര്‍മ്മിക പ്രഭാവത്തിന്‍റെ ഉജ്ജ്വലസാക്ഷ്യമാണ്. പൊത്തിഫറിന്‍റെ ഭാര്യ അയാളെ അവിഹിതബന്ധത്തിന് നിരന്തരം പ്രലോഭിപ്പിച്ചപ്പോള്‍ ജോസഫിന്‍റെ മറുപടി: “ഞാന്‍ എങ്ങനെയാണ് ഇത്ര നീചമായി പ്രവര്‍ത്തിച്ചു ദൈവത്തിനെതിരെ പാപം ചെയ്യുക’ (ഉല്പ. 39:9). പെഡോഫീലിയായുടേയും മറ്റു ലൈംഗിക കുറ്റകൃത്യങ്ങളുടേയും ആരോപണങ്ങള്‍ നേതൃത്വത്തിനെതിരെ ഉയരുമ്പോള്‍ നമുക്ക് ആധികാരികതയുണ്ടെന്ന് എങ്ങനെ പറയാനാവും?

പ്രവാചകനായ സാമുവലിന്‍റെ വിടവാങ്ങല്‍ പ്രസംഗം നേതൃത്വം സുതാര്യവും സത്യസന്ധവുമായിരിക്കണമെന്ന് പ്രബോധിപ്പിക്കുന്ന തിരുവചനങ്ങളാണ്. സാമുവല്‍ ഇസ്രായേല്‍ ജനത്തോടു ചോദിക്കുന്നു: “ഞാന്‍ ആരുടെയെങ്കിലും വസ്തുക്കള്‍ അപഹരിക്കുകയോ ആരെയെങ്കിലും വഞ്ചിക്കുകയോ ഞെരുക്കുകയോ ചെയ്തിട്ടുണ്ടോ? ആരില്‍ നിന്നെങ്കിലും കൈക്കൂലി വാങ്ങിയിട്ടുണ്ടോ? അവര്‍ പറഞ്ഞു: അങ്ങ് അങ്ങനെയൊന്നും ചെയ്തിട്ടില്ല. അവന്‍ അവരോടു പറഞ്ഞു: “ഞാന്‍ തികച്ചും നിഷ്കളങ്കനാണെന്നു നിങ്ങള്‍ കണ്ടുവല്ലോ” (1 സാമു. 12:3-5). നാബോത്തിന്‍റെ മുന്തിരിത്തോട്ടം കയ്യേറിയ ആഹാബു രാജാവിനും ജസബല്‍ രാജ്ഞിക്കുമെതിരെ ശിക്ഷാവിധി പ്രഖ്യാപിക്കാന്‍ ഏലിയാ പ്രവാചകനു കഴിഞ്ഞത് അദ്ദേഹത്തിന്‍റെ ജീവിതം സത്യധര്‍മ്മാദികളില്‍ ഉറപ്പിക്കപ്പെട്ടിരുന്നതുകൊണ്ടാണ് (1 രാജാ. 21:1-29). സ്നാപകയോഹന്നാന് ഹേറോദേസിന്‍റെ അധാര്‍മ്മികതയ്ക്കെതിരെ വിരല്‍ ചൂണ്ടാനായത് അദ്ദേഹം അതിനിര്‍മ്മലമായ താപസജീവിതം നയിച്ചിരുന്നതുകൊണ്ടാണ് (മര്‍ക്കോ. 6:14-29). പീലാത്തോസിന്‍റെ മുമ്പില്‍ വിചാരണ ചെയ്യപ്പെടുമ്പോള്‍, സത്യത്തിനു സാക്ഷ്യം വഹിക്കാനാണ് താന്‍ വന്നതെന്നും സത്യത്തില്‍ നിന്നുള്ള ഏവനും തന്‍റെ സ്വരം ശ്രവിക്കുന്നുവെന്നും ക്രിസ്തുവിന് പ്രഘോഷിക്കാനായത് (യോഹ. 19:37-38) സത്യധര്‍മ്മാദികളോട് അവിടുന്ന് കര്‍ക്കശമായ പ്രതിബദ്ധത പുലര്‍ത്തിയതു കൊണ്ടാണ്. ഈ വിചാരണയുടെ സമാപനത്തില്‍ ക്രിസ്തു തന്നെ വിധിയാളനായിത്തീരുന്നുവെന്ന് സുവിശേഷകനായ യോഹന്നാന്‍ പ്രതീകാത്മകമായി ധ്വനിപ്പിക്കുന്നത് ശ്രദ്ധേയമാണ് (യോഹ. 19:13). സത്യത്തിനു വേണ്ടി നിലകൊള്ളുമ്പോള്‍ പീഡനങ്ങളേല്‍ക്കേണ്ടി വരും. പക്ഷേ, അന്ത്യത്തില്‍ സത്യം വിജയിക്കും.

സമാപനം
സഭയുടെ സമ്പൂര്‍ണ്ണ നവീകരണത്തിന് നിമിത്തമെന്ന മട്ടിലാണ് സമീപകാല സംഭവങ്ങളെ നാം കാണേണ്ടത്. സഭ വിശുദ്ധയായിരിക്കുന്നതുപോലെ തന്നെ പാപികളായ വിശ്വാസികളുടെ കൂട്ടായ്മ കൂടിയാണ്. അതിനാല്‍ സഭ നിരന്തരം നവീകരണത്തിനു വിധേയപ്പെടണം. ഏറ്റവും പ്രധാനപ്പെട്ടത് നേതാക്കളുടെ നവീകരണം തന്നെയാണ്. സമ്പത്ത്, സെക്സ്, അധികാരം എന്നിവയുടെ ദുര്‍വ്വിനിയോഗവുമായി ബന്ധപ്പെട്ട് അഴിമതിയുടെ പ്രലോഭനങ്ങളാണ് നേതാക്കളെ നിരന്തരം അലട്ടുന്നത്. ഇവയ്ക്കെതിരെ നേതാക്കള്‍ നിതാന്ത ജാഗ്രത പുലര്‍ത്തിയേ തീരൂ. സഭയുടെയും സമൂഹത്തിന്‍റെയും രാഷ്ട്രത്തിന്‍റെയും തലങ്ങളില്‍ നല്ല നേതാക്കള്‍ ഉയര്‍ന്നു വരുന്നതിനു വേണ്ടി നമുക്ക് ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിക്കാം. ധീരമായി പ്രതികരിക്കാം, ദൈവവചനമാകുന്ന വാളെടുത്തു പോരാടാം.

Comments

One thought on “‘ആധികാരികത’യുടെ അധികാരദൂരം”

  1. Lonappan k d says:

    What you said is real and very correct.

Leave a Comment

*
*