|^| Home -> Cover story -> പ്രായമാകാത്ത വാര്‍ദ്ധക്യം

പ്രായമാകാത്ത വാര്‍ദ്ധക്യം

Sathyadeepam

സണ്ണി കുറ്റിക്കാട്ട് സിഎംഐ

വാര്‍ദ്ധക്യത്തിന്‍റെ കടന്നുവരവോടെ ഒരുവന്‍റെ ജീവിതത്തിലെ സുവര്‍ണ കാലഘട്ടം അവസാനിക്കുകയാണോ? ശൈശവത്തില്‍നിന്നു വാര്‍ദ്ധക്യത്തിലേക്കുള്ള പ്രയാണത്തിന്‍റെ ഓരോ ഘട്ടത്തിലും നമുക്കു ചിലതു നഷ്ടപ്പെടുന്നു, നാം ചിലതു നേടുന്നു. അതാണു വളര്‍ച്ച; വ്യക്തിത്വത്തിന്‍റെ വികസനം. വാര്‍ദ്ധക്യത്തില്‍ സിദ്ധികള്‍ നഷ്ടമാകുന്നു, പുതുതായി ഒന്നും നേടുന്നില്ല എന്നാണു പലരും കരുതുന്നത്. എന്നാല്‍, അടുത്തകാലത്തു നടത്തപ്പെട്ട പല ഗവേഷണപഠനങ്ങളും തെളിയിക്കുന്നത്, വാര്‍ദ്ധക്യം പ്രതീക്ഷയ്ക്കു വകയില്ലാത്ത എല്ലാ ഇലകളും പൊഴിയുന്ന മഞ്ഞു പെയ്യും കാലമല്ല, എങ്ങും ഒരു നാമ്പു കാണാനില്ലാത്ത മരുഭൂമിയുമല്ല എന്നത്രേ. വാര്‍ദ്ധക്യത്തില്‍ നമുക്കു പലതും നഷ്ടമാകുന്നുണ്ട്. പക്ഷേ, നഷ്ടപ്പെടാതെ നാം നിലനിര്‍ത്തുന്നതും പുതുതായി ആര്‍ജ്ജിക്കുന്നതുമായ സിദ്ധികളുണ്ടെന്ന് ഈ രംഗത്തു ഗവേഷണം നടത്തുന്നവര്‍ ഉറപ്പിച്ചു പറയുന്നു.

92-ാം വയസ്സിലും ശാസ്ത്രീയസംഗീതം ഗിത്താറില്‍ ആവിഷ്കരിച്ച ആന്‍ഡ്രേ സെഗോവിയ, 86 വയസ്സായപ്പോഴും അമേരിക്കയുടെ നിയമനിര്‍മാണ സഭയില്‍ സേവനം ചെയ്തുകൊണ്ടിരുന്ന ക്ലോഡ് പെപ്പര്‍, തന്‍റെ 82-ാം വയസ്സിലും ലോകമെങ്ങും പറന്നുനടന്നു വിദൂഷകവൃത്തി നടത്തുകയും ഗോള്‍ഫ് കളിക്കുകയും ചെയ്ത ബോബ് ഹോപ്, ഗാന്ധിഗ്രാം യൂണിവേഴ്സിറ്റിയുടെ വൈസ് ചാന്‍സലറായിരുന്ന ഡോക്ടര്‍ രാമചന്ദ്രന്‍, തിരുവനന്തപുരത്തെ അഭിഭാഷകരില്‍ അഗ്രഗണ്യനായിരുന്ന മളളൂര്‍ ഗോവിന്ദപിള്ള തുടങ്ങിയവരെല്ലാം വാര്‍ദ്ധക്യത്ത അവരവരുടെ വഴിക്കു മെരുക്കിയെടുത്തവരാണ്. 80 കഴിഞ്ഞിട്ടും കര്‍മനിരതരായിരുന്നവരാണിവര്‍; ലക്ഷ്യബോധത്തോടെ പ്രവര്‍ത്തിക്കാനും ജീവിതത്തില്‍ ആനന്ദം കണ്ടെത്താനും ഇവര്‍ക്കു കഴിഞ്ഞു. ഏതു പ്രായത്തിലുള്ളവരിലും – പ്രായം മുപ്പതിനും നാല്പതിനും ഇടയ്ക്കായാലും, ഇരുപതിനും മുപ്പതിനും ഇടയ്ക്കായാലും – ഊര്‍ജ്ജസ്വലരും കര്‍മവിമുഖരുമുണ്ട്. പ്രായം ഏറെ ചെന്നവരിലും ഈ രണ്ടു വിഭാഗങ്ങളുമുണ്ട്. വയസ്സായി എന്ന മനോഭാവംകൊണ്ടും പാരമ്പര്യരീതികള്‍ അനുസരിച്ചും പ്രവര്‍ത്തനവിമുഖരാകുന്നവരുമുണ്ട്.

പ്രായമല്ല ആരോഗ്യമാണു മാനസിക പ്രവര്‍ത്തനങ്ങളുടെ ഗതിവിഗതികള്‍ നിയന്ത്രിക്കുന്നത് എന്നു കരുതാന്‍ നമ്മുടെ മുമ്പില്‍ ഒട്ടേറെ കാരണങ്ങളുണ്ട്. ഉപയോഗിക്കാത്ത കത്തി തുരുമ്പു പിടിക്കുന്നതുപോലെ, വ്യായാമമില്ലെങ്കില്‍ മാംസപേശികളും ദുര്‍ബലമാകും. വ്യായാമംകൊണ്ടും സമീകൃതമായ ആഹാരംകൊണ്ടും ആരോഗ്യം നിലനിര്‍ത്തുന്ന വ്യക്തികളുടെ മനോവ്യാപാരങ്ങള്‍ വാര്‍ദ്ധക്യത്തിലും വലിയ കുഴപ്പമില്ലാതെ തുടരും. മനസ്സിന്‍റെ സിദ്ധികള്‍ ഓര്‍മിക്കാനും ചിന്തിക്കാനും തീരുമാനമെടുക്കുവാനുമുള്ള കഴിവുകള്‍ കാത്തുസൂക്ഷിക്കാന്‍ നമുക്കു കഴിയും. ഉപയോഗിച്ചുകൊണ്ടിരുന്നാല്‍ തിളക്കം മങ്ങാത്ത ആയുധമായിരിക്കും മനസ്സ്. വാര്‍ദ്ധക്യത്തില്‍ ചില മാനസിക വ്യാപാരങ്ങള്‍ മന്ദഗതിയിലാകും. പക്ഷേ, പല മേഖലകളിലും യുവാക്കളെയോ മദ്ധ്യവയസ്കരെയോ അപേക്ഷിച്ചു കാര്യക്ഷമത കൂടുതല്‍ കാട്ടുന്നതു വയോവൃദ്ധരാണെന്നു പലതരത്തിലുള്ള അനുഭവങ്ങളുടെ വെളിച്ചത്തില്‍ നമുക്കു പറയുവാനാകും.

പ്രായമായവരുടെ മാനസിക വ്യാപാരങ്ങള്‍ പരിമിതമാണ്, ചിന്തിക്കാനുള്ള അവരുടെ കഴിവു കുറഞ്ഞുപോകുന്നു എന്ന ധാരണ ചിലപ്പോഴൊക്കെ നാം ഉണ്ടാക്കിയെടുക്കാന്‍ പരിശ്രമിക്കാറുണ്ട്. നമുക്കു താത്പര്യമുള്ള വിഷയങ്ങളും സംഭവങ്ങളുമാണു കൂടുതലായും നമ്മുടെ മനസ്സില്‍ തങ്ങിനില്ക്കുക. ഇവയില്‍ പലതും വൃദ്ധജനങ്ങളെ സംബന്ധിച്ചിടത്തോളം നിസ്സാരമെന്നും അപ്രധാനമെന്നും അവര്‍ കരുതുന്നവയായിരിക്കാം. അതുകൊണ്ടുതന്നെ അവയോടുള്ള അവരുടെ പ്രതികരണം സ്വഭാവികമായും തണുപ്പനായിരിക്കും. ഇതിനര്‍ത്ഥം വൃദ്ധജനങ്ങളുടെ പ്രതികരണശേഷിയും ചിന്തിക്കാനുള്ള കഴിവും അവരില്‍ നിന്നും തുടച്ചുനീക്കപ്പെട്ടു എന്നല്ല.

കൂട്ടുകാരുടെ പേര് ഓര്‍മ്മിക്കാന്‍ കഴിയുന്നില്ല, ഓര്‍മ്മിച്ചിരിക്കേണ്ട പലതും മറന്നുപോകുന്നു എന്നിങ്ങനെ പ്രായമായവര്‍ പരാതിപ്പെടുന്നതു കേള്‍ക്കാറുണ്ട്. എന്നാല്‍, ഇവിടെ നാം മനസ്സിലാക്കേണ്ട ഒരു കാര്യം ഓര്‍മക്കുറവ് വൃദ്ധരുടേതു മാത്രമായ ഒരു പ്രശ്നമല്ല എന്നതാണ്. ഏതു പ്രായത്തിലുള്ളവര്‍ക്കും മറവിയുണ്ടാകാം. പക്ഷേ, ചെറുപ്പക്കാരുടെ മറവി വെറും മറവിയായി കാണാന്‍ നാം തയ്യാറാകുമ്പോള്‍ വൃദ്ധന്‍റെ മറവി അയാളുടെ മാനസികാവ്യാപാരങ്ങളത്രയും തകരാറിലാണ് എന്നതിന്‍റെ ലക്ഷണമായി നാം വ്യാഖ്യാനിക്കുന്നു. തങ്ങള്‍ക്കു ചുറ്റും എന്താണ് നടക്കുന്നതെന്നു പിടികിട്ടുന്നില്ല എന്നതിനു തെളിവായി ഈ മറവി വ്യാഖ്യാനിക്കപ്പെടുന്നു. പക്ഷേ, ഓര്‍മശക്തി പല കാരണങ്ങള്‍ക്കൊണ്ട് ഏതു പ്രായത്തിലും ദുര്‍ബലമാകാം. ചുരുക്കിപ്പറഞ്ഞാല്‍ നമ്മുടെയൊക്കെ ജീവിതത്തില്‍ സംഭവിക്കുന്ന സ്വീകാര്യവും അസ്വീകാര്യവുമായ പല സംഭവങ്ങള്‍ക്കും പ്രായത്തിന്‍റെ അതിര്‍വരുമ്പുകള്‍ക്കു കാര്യമായ സ്വാധീനമില്ല.

ജീവിതത്തിന്‍റെ പല അവസരങ്ങളിലും ചെറുപ്പക്കാര്‍ തങ്ങള്‍ കണ്ടതും കേട്ടതുമായ പല കാര്യങ്ങളും അതേപടി ആവര്‍ത്തിക്കാന്‍ സാമര്‍ത്ഥ്യം കാണിക്കാറുണ്ട്. എന്നാല്‍ തങ്ങള്‍ വായിച്ചതിന്‍റെ, കണ്ടതിന്‍റെ അല്ലെങ്കില്‍ കേട്ടതിന്‍റെ ആകെയുള്ള അര്‍ത്ഥം എന്തെന്നു കൃത്യമായി പറയാന്‍ അവര്‍ക്കും പലപ്പോഴും കഴിയാതെ വരുന്നു. പക്ഷേ, വൃദ്ധര്‍ പലപ്പോഴും തങ്ങള്‍ കണ്ടതിന്‍റെയും കേട്ടതിന്‍റെയും അര്‍ത്ഥം വ്യക്തമായി ഗ്രഹിക്കുകയും അതു സ്വന്തം വാക്കുകളില്‍ വിശദമാക്കുകയും ചെയ്യുന്നതു കാണാം. വായിക്കുകയോ കാണുകയോ ചെയ്യുകയോ ആയിട്ടുള്ള ഒരു കാര്യത്തിന്‍റെ അര്‍ത്ഥം ഗ്രഹിക്കുകയും അത് ഓര്‍മിച്ചിരിക്കുകയും ചെയ്യുന്നതല്ലേ അവ അതേപടി ആവര്‍ത്തിക്കുന്നതിനേക്കാള്‍ അഭികാമ്യം.

അമ്പതു വര്‍ഷമോ അറുപതു വര്‍ഷമോ മുമ്പുള്ള ഉത്സവത്തിന്‍റെ ഓര്‍മകള്‍ വരെ ഇപ്പോഴും മങ്ങാതെ സൂക്ഷിക്കുന്നവരുണ്ട്. പ്രായമാകുന്തോറും ഓര്‍മിക്കാനുള്ള കാര്യങ്ങള്‍ ഏറെ ഉണ്ടാകും. വിശാലമായ ഒരു മേഖലയായിരിക്കും ഇത്. അക്കാരണത്താല്‍ത്തന്നെ പഴയ സംഭവം ഓര്‍മിക്കാന്‍ അല്പസമയം വേണ്ടിവരും. ഒട്ടേറെ അപൂര്‍വവസ്തുക്കള്‍ ശേഖരിച്ചു വച്ചിട്ടുള്ള ഉള്ളറയില്‍ നിന്നും ഒരു വസ്തു തപ്പിയെടുക്കാന്‍ സമയമെടുക്കും.

വൃദ്ധര്‍ക്കു ചെറുപ്പക്കാരെപ്പോലെ വേഗം നടക്കാനോ കാറോടിക്കാനോ കഴിയുന്നില്ല; അതുകൊണ്ടു വൃദ്ധര്‍ ഒന്നിനും കൊള്ളാത്തവര്‍, വഴിമാറി കൊടുക്കേണ്ടവര്‍, എവിടെയെങ്കിലും ഒതുങ്ങികൊടുക്കേണ്ടവര്‍ എന്നൊരു ധാരണ പലര്‍ക്കുമുണ്ട്. വൃദ്ധരുടെ കണ്ണുകളിലൂടെ ലോകത്തെ കാണാനും വിലയിരുത്താനും കഴിയാത്തവരാണിവര്‍.

ഈ ലോകം സുന്ദരമാണ്; ഈ ആയുസ്സ് ഒരനുഗ്രഹമാണ്, ഈ കാറ്റും വെളിച്ചവും ഞങ്ങള്‍ ആസ്വദിക്കുന്നു. തിരശ്ശീല വീഴുന്നതുവരെ ഞങ്ങള്‍ അരങ്ങില്‍തന്നെ തുടരും, എന്ന ചിന്താഗതി മാനസിക ആരോഗ്യം വളര്‍ത്തുന്നതാണ്.

ജീവിതത്തിന്‍റെ വ്യഗ്രതയേറിയ ഓട്ടത്തിനിടയില്‍ വേഗത ഒരു ആസ്തിയാണോ ബാദ്ധ്യതയാണോ എന്നു തീര്‍ത്തും പറയാറായിട്ടില്ല. പലതും വേഗം ചെയ്യാന്‍ കഴിയുന്നില്ല എന്ന ഒരേയൊരു കാരണത്തെ അടിസ്ഥാനമാക്കി വാര്‍ദ്ധക്യത്തെ തള്ളിപ്പറയുകയും വൃദ്ധജനങ്ങളെ എഴുതിത്തള്ളുകയും ചെയ്യുന്നതു ബുദ്ധിപരമാണോ എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.

Leave a Comment

*
*