അഭയാര്‍ത്ഥിയില്‍ നിന്ന് അജപാലകനിലേക്ക്…

അഭയാര്‍ത്ഥിയില്‍ നിന്ന്  അജപാലകനിലേക്ക്…

അല്‍ബേനിയായിലെ നിരീശ്വരകുടുംബത്തില്‍നിന്ന്
നിയമവിരുദ്ധ കുടിയേറ്റക്കാരനായി ഇറ്റലിയിലെത്തുകയും അവിടെ
ഒരു വികാരിയച്ചനില്‍നിന്ന് സഹായം സ്വീകരിച്ച് കോളേജില്‍ പഠിക്കുകയും
കത്തോലിക്കാ വിശ്വാസിയാകുകയും അതിനുശേഷം സെമിനാരിയില്‍ ചേര്‍ന്ന്
പുരോഹിതനാകുകയും ചെയ്ത യുവാവ് തന്‍റെ ജീവിതകഥ ഫ്രാന്‍സിസ്
മാര്‍പാപ്പയുടെ സാന്നിദ്ധ്യത്തില്‍ വിവരിച്ചപ്പോള്‍…

പ്രിയപ്പെട്ട ഫ്രാന്‍സിസ് പാപ്പ,
എന്‍റെ പേര് Fr Blader Xhuli. ഞാന്‍ എന്‍റെ ജീവിതത്തില്‍ ക്രിസ്തുവിനെ കണ്ടുമുട്ടിയത് എങ്ങനെയെന്നു പങ്കുവയ്ക്കാനാണ് അങ്ങയുടെ മുന്‍പില്‍ നില്‍ക്കുക. അല്‍ബേനിയായിലെ Fier എന്ന സ്ഥലത്ത്, 1977-ല്‍ ഒരു നിരീശ്വരകുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്‍റെ പതനത്തിനു ശേഷം, എന്‍റെ മാതാപിതാക്കള്‍ക്ക് ജോലി നഷ്ടപ്പെട്ടു, കാരണം അവരും മറ്റുള്ളവരെപ്പോലെ രാജ്യത്തിനു വേണ്ടിയാണ് ജോലി ചെയ്തു കൊണ്ടിരുന്നത്. ജോലി ചെയ്യാനും കുറച്ച് പൈസ സമ്പാദിക്കാനും കുടുംബത്തെ സഹായിക്കാനും ഒരു നല്ല ഭാവിക്കും എന്‍റെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുവാനുമായി 1993-ല്‍, 16-ാം വയസ്സില്‍ ഞാന്‍ ഇറ്റലിയിലേക്ക് പോകാന്‍ തീരുമാനിച്ചു. ഒരു ജോലിയും വീടും കണ്ടുപിടിക്കാമെന്ന പ്രതീക്ഷയില്‍ വ്യാജ രേഖകളുമായി ഞാന്‍ അഡ്രിയാറ്റിക് കടല്‍ കടന്ന് Oltrento യില്‍ എത്തി. എന്നാല്‍ കപ്പലിറങ്ങിയപ്പോള്‍ ജോലിയും വീടുമെന്ന സ്വപ്നം പെട്ടെന്നൊന്നും സാദ്ധ്യമാകില്ല എന്നെനിക്ക് മനസ്സിലായി. Oltrento യില്‍നിന്ന് ഫ്ളോറന്‍സ് എത്തുന്നതുവരെ ഇറ്റലിയിലെ പല നഗരങ്ങളിലും ഞാന്‍ അലഞ്ഞു നടന്നു. 1993-ലെ വേനല്‍ക്കാലം ഞാന്‍ ഉറങ്ങിയത് തുറസ്സായ സ്ഥലങ്ങളിലും, ട്രെയിന്‍ സ്റ്റേഷനുകളിലും ആയിരുന്നു. നിയമാനുസൃതമല്ലാതെ എത്തിച്ചേര്‍ന്ന അഭയാര്‍ത്ഥി എന്ന ലേബല്‍ ഒരു രക്ഷാമാര്‍ഗ്ഗം കണ്ടുപിടിക്കാന്‍ ഒരു വിധത്തിലും സഹായകമായില്ല. എന്‍റെ ഒരു മാതൃരാജ്യക്കാരന്‍ ഫ്ളോറന്‍സില്‍ ഭക്ഷണവും വെള്ളവും സൗജന്യമായി ലഭിക്കും എന്ന് പറഞ്ഞതുകൊണ്ട് ഞാന്‍ ഇവിടെ തങ്ങാന്‍ തീരുമാനിച്ചു. ആ അവസ്ഥയില്‍ അതൊരു പറുദീസയായി എനിക്ക് തോന്നി. അങ്ങനെ ഒത്തിരി മാസങ്ങള്‍ lungo Mungone എന്ന വഴിയിലെ പാലത്തിനടിയില്‍ ഉറങ്ങിയും, via braca യിലുള്ള കാരിത്താസ് ഓഫീസില്‍ നിന്ന് ലഭിച്ച സൗജന്യ ഭക്ഷണം കഴിച്ചും ഞാന്‍ തള്ളിനീക്കി.

രാത്രിയിലെ ഈര്‍പ്പവും തണുപ്പും മാത്രമല്ല, നിരാശയും എന്നെ ഉറങ്ങാന്‍ അനുവദിച്ചില്ല. ഞാന്‍ എത്തിച്ചേര്‍ന്ന അവസ്ഥ ഞാന്‍ അല്‍ബേനിയയില്‍ ഉപേക്ഷിച്ചുപോന്നതിനെക്കാളും മോശമായിരുന്നു. പക്ഷെ അഡ്രിയാറ്റിക് കടല്‍ കടക്കാനായി ഞാന്‍ ചിലവാക്കിയ വലിയ തുക എന്നെ ഒരു കടക്കാരനാക്കിയതുകൊണ്ട് എനിക്ക് തിരിച്ചുപോരാന്‍ സാധിക്കില്ലായിരുന്നു. lungo mungo വഴിയില്‍ ഞാന്‍ ഏകനായി നിലവിളിക്കുകയും അലമുറയിടുകയും ചെയ്തു. ദൈവം ഈ നിരാശന്‍റെ നിലവിളി കേട്ടു. ഫ്ളോറന്‍സില്‍ പല പള്ളികളിലും ഞാന്‍ ഭിക്ഷ യാചിച്ചു നടന്നു. ഒരു ദിവസം വി. ഗീര്വാസിയോയുടെ പള്ളിയില്‍ പോയി വാതിലില്‍ മുട്ടി. ഒരച്ചന്‍ വന്നു കതകുതുറന്നു. ഞാന്‍ അദ്ദേഹത്തില്‍നിന്ന് ഒരു കത്ത് സ്വീകരിക്കാനായാണ് പോയത്, എനിക്ക് ഭിക്ഷയായി അദ്ദേഹം ഒന്നും നല്‍കിയതുമില്ല. പക്ഷേ അദ്ദേഹം എന്‍റെ കാര്യത്തില്‍ താത്പര്യം കാണിച്ചു.

"നീ ആരാണ്? എന്താണ് ചെയ്യുന്നത്?"

അല്‍പസമയത്തെ സന്ദേഹത്തിനുശേഷം എനിക്ക് പതിനാറു വയസ്സുണ്ടെന്നും പാലത്തിനടിയില്‍ ആണ് ഉറങ്ങുന്നതെന്നും ഞാന്‍ പറഞ്ഞു. ഞാന്‍ തുറസ്സായ സ്ഥലത്താണ് ഉറങ്ങിയിരുന്നതെന്ന് പറയാന്‍ എനിക്ക് എളുപ്പമായിരുന്നില്ല. 'ഇതൊരിക്കലും സംഭവിക്കാന്‍ പാടില്ല' എന്ന് പറഞ്ഞുകൊണ്ട് ഒരു പരിഹാരം കാണാനായി അദ്ദേഹം പലരേയും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. പക്ഷെ ഒന്നും വിജയിച്ചില്ല. 'നാളെ തിരിച്ചു വരൂ, എന്തെങ്കിലും മാര്‍ഗ്ഗം കണ്ടെത്താം' എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ഞാന്‍ പിറ്റേ ദിവസം ചെന്നപ്പോള്‍ എന്‍റെ പ്രശ്നത്തിന് ഒരു പരിഹാരവും കണ്ടുപിടിക്കാന്‍ സാധിക്കാതിരുന്നതിനാല്‍ അദ്ദേഹം എന്നോട് ഇങ്ങനെ പറഞ്ഞു.

"എന്‍റെ വാതിലില്‍ വന്നു മുട്ടിയത് യേശുവാണ്, മകനെ നീ എന്‍റെ ഭവനത്തില്‍ വന്നു താമസിക്കുക."

അദ്ദേഹം എന്നെ സ്വന്തം ഭവനത്തില്‍ (പള്ളിമുറിയില്‍) സ്വീകരിക്കുകയും ഞാന്‍ അദ്ദേഹത്തിന്‍റെ മകനെപ്പോലെ അവിടെ ജീവിക്കുകയും ചെയ്തു. ഒരു ദിവസമല്ല, ഒരു മാസമല്ല, 9 വര്‍ഷം. 2002-ല്‍, നീണ്ടുനിന്ന രോഗങ്ങള്‍ക്കു ശേഷം അദ്ദേഹം മരിക്കുന്നതു വരെ. അദ്ദേഹത്തിന്‍റെ പേര് ജോവാന്‍ കാര്‍ലോ സേത്തി എന്നാണ്. സ്വന്തം പിതാവിനെപ്പോലെ എന്നെ സ്വഭവനത്തില്‍ സ്വീകരിച്ച അദ്ദേഹം എനിക്ക് ആത്മീയപിതാവ് മാത്രമല്ല. അദ്ദേഹത്തിന്‍റെ പരിശ്രമം വഴിയായി എനിക്കൊരു ജോലി ശരിയായി. ഒന്നും ചെയ്യാതെ വെറുതെ ഇരിക്കാന്‍ എന്നെ അദ്ദേഹം അനുവദിച്ചില്ല – ഒരു പെട്രോള്‍ പമ്പില്‍ ഞാന്‍ 5 വര്‍ഷം ജോലി ചെയ്തു. എന്‍റെ ഇറ്റലിയിലെ നിയമാനുസൃതമായ താമസത്തിനായി രേഖകള്‍ ശരിയാക്കാന്‍ അദ്ദേഹം സഹായിച്ചു. ഞാന്‍ എന്‍റെ പഠനം തുടര്‍ന്നു. എന്‍റെ പ്രാഥമിക പഠനങ്ങള്‍ക്കുശേഷം ഞാന്‍ യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്നു. എന്‍റെ ജോലി മാറി. ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ മാനേജര്‍ പോസ്റ്റില്‍ ഞാന്‍ ജോലി ആരംഭിച്ചു.

ഞാന്‍ വൈദിക മന്ദിരത്തിലാണ് താമസിച്ചിരുന്നത്. ഞാന്‍ വരുന്നത് ഒരു നിരീശ്വരവാദ രാഷ്ട്രത്തില്‍ നിന്നായിരുന്നു. ഞായറാഴ്ചകളില്‍, 16 വയസ്സുള്ള എന്‍റെ സമപ്രായക്കാരോട് കൂടി ഞാന്‍ ഗ്രൗണ്ടില്‍ ഫുട്ബോള്‍ കളിക്കുമായിരുന്നു. 11 മണിയാകുമ്പോള്‍ അവരെല്ലാവരും വി. ബലിക്കായി പോകുമായിരുന്നു. പ. പിതാവേ, ഞാന്‍ ആദ്യമായി പ. കുര്‍ബാനയ്ക്ക് പോയത് ഒറ്റയ്ക്കിരിക്കാതിരിക്കാന്‍ വേണ്ടിയായിരുന്നു. ഞാന്‍ വി. കുര്‍ബാന ഇഷ്ടപ്പെട്ട് തുടങ്ങി, പ്രത്യേകിച്ച്, തിരുവചനഭാഗങ്ങളടങ്ങിയ വായനകള്‍. വികാരാധീനനാക്കുന്ന കുര്‍ബാന ഗീതങ്ങള്‍ എന്നെ കുടുംബത്തെകുറിച്ചും അകലങ്ങളില്‍ ആയിരുന്ന സ്നേഹത്തെക്കുറിച്ചും ഓര്‍മ്മിപ്പിച്ചു. എന്‍റെ കാഴ്ചപ്പാടില്‍ പരി. കുര്‍ ബാനയുടെ ഭാഗങ്ങളെല്ലാം വളരെ ലളിതമായിരുന്നു. അതു കൊണ്ട് തന്നെ ഞാന്‍ പങ്കെടുത്ത രണ്ടാമത്തെയോ മൂന്നാമത്തെയോ ഞായറാഴ്ചയിലെ പരി. കുര്‍ബാനയില്‍ ഞാന്‍ വി. കുര്‍ബാന സ്വീകരിക്കാനായി വരിയില്‍ നിന്നു. കുര്‍ബാന പുസ്തകത്തിലെ മറ്റെല്ലാ കാര്യങ്ങളും കൃത്യമായി ഞാന്‍ ചെയ്തിരുന്നു. ഇതും അതുപോലെ ആണെന്ന് ഞാന്‍ കരുതി. പക്ഷേ സേത്തി അച്ചന്‍ എനിക്ക് പരി. കുര്‍ബാന തന്നില്ല.

അതെന്നെ വളരെയധികം വിഷമിപ്പിച്ചു. ഞാന്‍ സങ്കീര്‍ത്തിയില്‍ ചെന്നു.

"എനിക്ക് എന്തുകൊണ്ടാണ് വി. കുര്‍ബാന നല്‍കാതിരുന്നത്?"

"മാമ്മോദീസ സ്വീകരിക്കാത്തതുകൊണ്ട്."

"എങ്കില്‍ അതൊരു വിഷയമേ അല്ല, ഇപ്പോള്‍തന്നെ മാമ്മോദീസ നടത്താം."

"പോരാ, അതിനുവേണ്ട തയ്യാറെടുപ്പുകള്‍ നടത്തണം, വേദപാഠവും പഠിക്കണം."

"തയ്യാറെടുപ്പ് നടത്താം, വേദപാഠവും പഠിക്കാം." സന്തോഷത്തോടെ ഞാന്‍ പറഞ്ഞു. ഒരുപക്ഷെ ഒരു 16 വയസ്സുകാരന്‍റെ എന്തെങ്കിലും നേടിയെടുക്കാനുള്ള ആഗ്രഹമായിരിക്കാം, അറിയില്ല. സന്തോഷത്തോടെ എല്ലാ വൈകുന്നേരങ്ങളിലും ജോലി കഴിഞ്ഞും, പഠനം കഴിഞ്ഞും വരുമ്പോള്‍ വേദപാഠം പഠിക്കാനായി ആരംഭിച്ചു. 1994-ലെ ഈസ്റ്റര്‍ ദിനത്തില്‍ ഞാന്‍ മാമ്മോദീസയും സ്ഥൈര്യലേപനവും വി. കുര്‍ബാനയും സ്വീകരിച്ചു. ആദ്യം ഞാന്‍ ദൈവത്തെ കണ്ടുമുട്ടിയത് സേത്തി അച്ചനിലാണെങ്കില്‍ ഇപ്പോള്‍, ഞാന്‍ രണ്ടാമതായി സ്വീകരിച്ച മാമ്മോദീസയിലും കൂദാശകളിലും ഞാന്‍ ക്രിസ്തുവിനെ കണ്ടുമുട്ടി. എന്‍റെ ജീവിതത്തിനു അതൊരു യാത്ര അവസാനിപ്പിക്കുന്ന നിമിഷമല്ലെന്നും പുതിയൊരു യാത്ര തുടങ്ങുന്ന സമയമാണെന്നും ഞാന്‍ തിരിച്ചറിഞ്ഞു.

പഠിക്കുകയും ജോലിയെടുക്കുകയും ചെയ്യുന്ന ഒരു ചെറുപ്പക്കാരനില്‍നിന്ന്, 2000, ജൂബിലി വര്‍ഷത്തില്‍ പൗരോഹിത്യ ജീവിതത്തിലേക്ക് വിളി കണ്ടെത്തുന്ന ഒരാളായി ഞാന്‍ മാറി. യൂണിവേഴ്സിറ്റി പഠനം ഉപേക്ഷിച്ചു സെമിനാരിയില്‍ ചേരുവാന്‍ ഞാന്‍ തീരുമാനിച്ചു. പക്ഷേ സേത്തി അച്ചന്‍ "ദൈവത്തിനു തിടുക്കമില്ലെന്നും ആരംഭിച്ചതെല്ലാം നല്ല രീതിയില്‍ പൂര്‍ത്തീകരിക്കാനും അങ്ങനെ നിന്‍റെ ദൈവവിളി ഉറപ്പിക്കാനും" ഉപദേശിച്ചു. നിര്‍ഭാഗ്യവശാല്‍ അദ്ദേഹം 2002-ല്‍ മരിച്ചു. എങ്കിലും അദ്ദേഹത്തിന്‍റെ ഉപദേശം ഞാന്‍ പ്രാവര്‍ത്തികമാക്കി. അങ്ങനെ യൂണിവേഴ്സിറ്റി പഠനം ഞാന്‍ പൂര്‍ത്തിയാക്കി, 2003-ല്‍ ഞാന്‍ സെമിനാരിയില്‍ ചേര്‍ന്നു. സെമിനാരിയില്‍ മനോഹരമായ 7 വര്‍ഷങ്ങള്‍ ഞാന്‍ വൈദീകപരിശീലനത്തിനായി ചിലവഴിച്ചു. 2010 മുതല്‍ ഞാന്‍ ഫ്ളോറന്‍സ് രൂപതയിലെ വൈദികനാണ്. വി. കസാനോ ഇടവകയില്‍ 5 വര്‍ഷം ഞാന്‍ അസി. വികാരിയായിരുന്നു. അവിടെ വികാരിയും ഇടവക ജനങ്ങളും എന്നെ സ്വന്തം കുടുംബത്തിലെന്നപോലെ സ്വീകരിച്ചു. ഈ വര്‍ഷം ജനുവരി മുതല്‍ കര്‍ദ്ദിനാള്‍ എന്നെ ചുമതലപ്പെടുത്തിയത് കാമ്പി ബിസെന്‍സ്യായിലെ പരി. അമ്മയുടെ ഇടവകയാണ്. അവിടെ ആത്മീയ, അജപാലനപരമായ ജോലികള്‍ക്ക് യാതൊരു കുറവുമില്ല.

പൗരോഹിത്യസ്വീകരണദിനത്തില്‍ സുവിശേഷം നല്‍കിക്കൊണ്ട് മെത്രാന്‍ നല്‍കിയ 'പഠിപ്പിക്കുന്നതെല്ലാം ജീവിക്കുവിന്‍' എന്ന നിര്‍ദ്ദേശം കഠിന പരിശ്രമത്തിലൂടെ നിലനിര്‍ത്താന്‍ പരിശ്രമിച്ചുകൊണ്ടും, എല്ലാ സഹോദരവൈദീകരെയും പോലെ, സഹോദരങ്ങളെയും ദൈവത്തെയും സന്തോഷത്തോടെ ശുശ്രൂഷിച്ചുകൊണ്ടും എല്ലാ ദിവസവും ജീവിക്കാനായിട്ടു പരിശ്രമിക്കുന്നു.

ഒത്തിരിപേരുടെ ഔദാര്യവും സ്നേഹവും കരുതലും, അത് തിരിച്ചുനല്‍കുന്നതില്‍ എനിക്കുള്ള ദാരിദ്ര്യവും ഞാന്‍ അനുഭവിച്ചു. പ്രിയപ്പെട്ട ഫ്രാന്‍സിസ് പാപ്പ, 22 വര്‍ഷങ്ങള്‍ക്കുശേഷം അങ്ങയുടെ മുന്‍പില്‍, ഞാന്‍ ആ ദിവസം മുട്ടി വിളിച്ച വാതിലിനെയും 'യേശുവാണ് എന്‍റെ വാതിലില്‍ മുട്ടിയത്' എന്നു എന്നോട് അന്ന് പറഞ്ഞ വാക്കുകളെയും ഓര്‍ത്തുകൊണ്ട്, എനിക്ക് ഉറപ്പിച്ചു പറയാന്‍ സാധിക്കും, ക്രിസ്തു അവിടെ ഉണ്ടായിരുന്നു – മുട്ടി വിളിച്ചവനിലല്ല, മറിച്ച് ആ വാതില്‍ തുറന്നവനില്‍.

ഇന്നും അങ്ങ് നിര്‍ദ്ദേശിച്ച കരുണയുടെ ജൂബിലി ആചരണത്തിന്‍റെ വാതില്‍പടിയില്‍ നില്‍ക്കുമ്പോള്‍ സഭയോടും ലോകം മുഴുവനോടും യേശു പറയുന്നു -'മുട്ടുവിന്‍ നിങ്ങള്‍ക്ക് തുറന്നു കിട്ടും.'

(ഫ്ളോറന്‍സില്‍വച്ചു നടത്തപ്പെട്ട ഇറ്റാലിയന്‍ കത്തോലിക്കാ സഭയുടെ അഞ്ചാമത്തെ കണ്‍വെന്‍ഷനില്‍ പരി. പിതാവിന്‍റെ സാന്നിദ്ധ്യത്തില്‍ സാന്താ മരിയ ദെല്‍ ഫ്യൊറെ കത്തീഡ്രലില്‍ Fr Blader Xhuli നല്‍കിയ സാക്ഷ്യം. (Tuesday, 10 November 2015))

പരിഭാഷ:
ഫാ. സിജോ കണ്ണമ്പുഴ OM

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org