ദൈവവിളി: സത്യവും മിഥ്യയും

ദൈവവിളി: സത്യവും മിഥ്യയും


റവ. ഡോ. ആന്‍റണി നരികുളം

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ കഴിയുന്ന വേളയില്‍ ദൈവവിളി പരസ്യങ്ങളാല്‍ സമ്പന്നമാണു കേരളത്തിലെ കത്തോലിക്കാ മാസികകളും വാരികകളും. 15-17 വയസ്സു മാത്രം പ്രായമുള്ള കുട്ടികള്‍ ആയുസ്സ് മുഴുവന്‍ നീണ്ടുനില്ക്കേണ്ട വൈദിക, സന്യാസജീവിതം – അതാകട്ടെ, ജീവിതകാലം മുഴുവന്‍ ബ്രഹ്മചര്യം പാലിച്ചുകൊള്ളാമെന്ന വാഗ്ദാനത്തോടെ – തിരഞ്ഞെടുക്കാന്‍ പ്രാപ്തരല്ലെന്നും, തന്മൂലം അപ്രകാരം പരസ്യം നല്കുന്നത് ഉചിതമല്ലെന്നും വേണ്ടിവന്നാല്‍ നിയമംമൂലം നിരോധിക്കേണ്ടതാണെന്നും മറ്റും പ്രസംഗിക്കുകയും എഴുതുകയും ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതായി കാണുന്നു. വൈദിക, സന്യാസ "ദൈവവിളി"യെപ്പറ്റിയും അതിനെ പൂര്‍ണതയിലെത്താന്‍ സഹായിക്കുന്ന പരിശീലനത്തെപ്പറ്റിയും വ്യക്തമായ ധാരണകളില്ലാത്തതല്ലേ ഈ അഭിപ്രായപ്രകടനങ്ങള്‍ക്കു കാരണമെന്നു സംശയിക്കുന്നു. ഈ മേഖലയില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന വ്യക്തിയെന്ന നിലയില്‍ ഏതാനും ചില വസ്തുതകള്‍ വിശദമാക്കാന്‍ ആഗ്രഹിക്കുന്നു. ബൈബിളിന്‍റെയും ദൈവശാസ്ത്രത്തിന്‍റെയും സഭാപാരമ്പര്യത്തിന്‍റെയും വെളിച്ചത്തില്‍ നടത്തുന്ന ഒരു വിശകലനമല്ലിത്. വാദിക്കാനോ ജയിക്കാനോ നടത്തുന്ന ശ്രമവുമല്ല. മറിച്ച്, അനുഭവത്തിന്‍റെ വെളിച്ചത്തില്‍ ചില വസ്തുതകള്‍ അനുവാചകരുടെ ശ്രദ്ധയില്‍പ്പെടുത്തുക എന്ന ലക്ഷ്യം മാത്രമേ ഇതിനുള്ളൂ.

1. ദൈവവിളി
പൗരോഹിത്യത്തിലേക്കും സന്യാസത്തിലേക്കുമുള്ള ദൈവത്തിന്‍റെ ക്ഷണത്തെയാണു പൊതുവേ "ദൈവവിളി" എന്നു വിശേഷിപ്പിക്കുന്നത്. അതു പൂര്‍ണമായും ശരിയല്ല. അടിസ്ഥാനപരമായി, ദൈവമക്കളാകാനുള്ള വിളിയാണു ദൈവവിളി. കാരണം, ക്രൈസ്തവര്‍ എല്ലാവരും 'ക്രൈസ്തവജീവിതത്തിന്‍റെ പൂര്‍ണതയും സ്നേഹത്തിന്‍റെ തികവും പ്രാപിക്കാന്‍' (തിരുസ്സഭ, 40) വിളിക്കപ്പെട്ടവരാണ്. ഈ സ്നേഹത്തിന്‍റെ തികവു ദൈവസ്നേഹത്തിലും പരസ്നേഹത്തിലും പ്രകടമാക്കണം. ഇതു നിര്‍വഹിക്കാന്‍ സമര്‍പ്പിതജീവിതം നയിക്കണമെന്നു നിര്‍ബന്ധമില്ല. എങ്കിലും, ക്രൈസ്തവ പാരമ്പര്യം പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്ന ഒരു ചിത്രമുണ്ട്. അതിന്‍റെ തെളിവാര്‍ന്ന ഉദാഹരണമാണു യേശു തന്‍റെ 12 ശിഷ്യന്മാരെ തിരഞ്ഞെടുത്ത രീതി. തന്നോടുകൂടെ ആയിരിക്കുന്നതിനും തന്‍റെ സുവിശേഷം പ്രഘോഷിക്കുന്നതിനുമാണ് അവിടുന്ന് അവരെ തിരഞ്ഞെടുത്തത് (മര്‍ക്കോസ് 3:14- 15). തുടര്‍ന്നിങ്ങോട്ട് പല രീതികളിലും സന്ദര്‍ഭങ്ങളിലും ഈ തിരഞ്ഞെടുപ്പിന്‍റെ മര്‍മ്മം തിരിച്ചറിഞ്ഞ വ്യക്തികള്‍ ദൈവസ്വരം ശ്രവിച്ചു സുവിശേഷദൗത്യവുമായി ഇറങ്ങിത്തിരിച്ചതിന്‍റെ ഉദാഹരണങ്ങളാല്‍ സമ്പന്നമാണു സഭയുടെ ചരിത്രം. വി. അഗസ്റ്റിന്‍, വി. ഫ്രാന്‍സിസ് അസ്സീസി, വി. ഫ്രാന്‍സിസ് സേവ്യര്‍, വി. കൊച്ചുത്രേസ്യ, ഫാ. ഡാമിയന്‍, വി. മദര്‍ തെരേസ തുടങ്ങിയവര്‍ മാത്രമല്ല ഈ നിരയിലുള്ളവര്‍. വളരെ സാധാരണക്കാരായ ലക്ഷക്കണക്കിനു സമര്‍പ്പിതരുടെ ശുശ്രൂഷകള്‍ ഈ ലോകത്തെ സമ്പന്നമാക്കിയിട്ടുണ്ട്.

ഒരു വ്യക്തിക്ക് "ദൈവവിളി" ഉണ്ടെന്നു തെളിയിക്കാന്‍ മാര്‍ഗമുണ്ടോ? 'ശാസ്ത്രീയമായ' തെളിവുകള്‍ ഹാജരാക്കാന്‍ സാധിക്കുമെന്നു തോന്നുന്നില്ല. പക്ഷേ, സാമാന്യബുദ്ധിക്കു മനസ്സിലാകുന്ന സാദ്ധ്യതകള്‍ ഉണ്ടുതാനും. സമര്‍പ്പിത ജീവിതത്തിലേക്കുള്ള 'വിളി' ഉണ്ടെന്നു തിരിച്ചറിയാന്‍ സഹായിക്കുന്ന ചില മാനദണ്ഡങ്ങളുണ്ട്. അവയെ ഇപ്രകാരം സംഗ്രഹിക്കാം.

* തന്നെത്തന്നെ ദൈവികവേലയ്ക്കു സമര്‍പ്പിക്കാനുള്ള ഉള്‍വിളി.

* പ്രാര്‍ത്ഥനയിലൂടെ ദൈവവുമായി ബന്ധത്തിലായിരിക്കാനുള്ള താത്പര്യം.

* സഹോദരങ്ങള്‍ക്കുവേണ്ടി സ്വയം സമര്‍പ്പിക്കാനുള്ള ആഭിമുഖ്യം.

* ബ്രഹ്മചര്യജീവിതത്തിലൂടെ "എല്ലാവര്‍ക്കും എല്ലാമാകാനു"ള്ള താത്പര്യം.

* സഭാപ്രബോധനങ്ങളോടും സഭാധികാരികളോടുമുള്ള അനുസരണം.

* സമര്‍പ്പിതജീവിതം നയിക്കുന്നതിനുള്ള മാനസികവും ശാരീരികവുമായ ആരോഗ്യം.

* സാന്മാര്‍ഗികവും ബൗദ്ധികവുമായ കാര്യങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്ന പ്രതിബദ്ധത.

* തിരുസ്സഭാധികാരികളുടെ സമ്മതവും സ്വീകരണവും.

2. ദൈവവിളി പ്രോത്സാഹനം
മുകളില്‍ സൂചിപ്പിച്ച ഗുണങ്ങള്‍ ഉള്ളവരെ കണ്ടെത്തുന്നതിനുള്ള പരിശ്രമത്തെയാണു 'ദൈവവിളി പ്രോത്സാഹനം'കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ ലക്ഷ്യം മുന്നില്‍ വച്ചുകൊണ്ടാണ് 'ദൈവവിളി ധ്യാനം' 'ദൈവവിളി ക്യാമ്പ്' തുടങ്ങിയവ നടത്തുന്നത്. ദൈവം കാണിച്ചുതരുന്ന വഴിയിലൂടെ സഞ്ചരിക്കാന്‍ അതിന് ആഭിമുഖ്യമുള്ള കുട്ടികളെ നയിക്കുക എന്നതാണു ദൈവവിളി പ്രോത്സാഹിപ്പിക്കുന്നവരുടെ കടമ; അവര്‍ ചിന്തിക്കുന്ന വഴിയിലൂടെ കുട്ടികളെ നടത്തുക എന്നതല്ല. അനുസരണത്തോടും ബ്രഹ്മചര്യജീവിതത്തോടും ലളിതജീവിതത്തോടും മറ്റും കുട്ടികള്‍ക്കുള്ള ആഭിമുഖ്യം കുറച്ചെങ്കിലും തിരിച്ചറിയാന്‍ ഈ കാലഘട്ടം പ്രയോജനപ്പെടും. വളരെ ചെറുപ്പം മുതലേ സ്വാര്‍ത്ഥപരമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്ക് അനുസരണം എളുപ്പമായിരിക്കില്ല. ബാല്യത്തില്‍ ലൈംഗികമായി ദുരുപയോഗിക്കപ്പെട്ട വ്യക്തിക്കു ബ്രഹ്മചര്യം ഒരു കീറാമുട്ടിയായിരിക്കും. ആഡംബരത്തിലും സുഖലോലുപതയിലും ജീവിതം നയിച്ചുപോന്നയാള്‍ക്കു ലളിതജീവിതം അഭ്യസിക്കുക എളുപ്പമായിരിക്കില്ല. ഇതൊക്കെ തിരിച്ചറിഞ്ഞു കുട്ടികളെ നയിക്കുക എന്ന വലിയ ഉത്തരവാദിത്വം ദൈവവിളി പ്രോത്സാഹകര്‍ക്കുണ്ട്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവരെയെല്ലാവരെയും ദൈവവിളി ക്യാമ്പുകളില്‍ പ്രവേശിപ്പിക്കാറില്ല. സമര്‍പ്പിത ജീവിതത്തോട് അല്പമെങ്കിലും ആഭിമുഖ്യമുണ്ടെന്നു ബോദ്ധ്യപ്പെട്ടാല്‍ മാത്രമേ സാധാരണയായി വൈദികരും സന്യസ്തരും ക്യാമ്പുകളിലേക്കു ശിപാര്‍ശ ചെയ്യാറുള്ളൂ. മറിച്ചുള്ള നിലപാടുകള്‍ സ്വീകാര്യമല്ല.

സമര്‍പ്പിത ജീവിതത്തിലേക്കു കുട്ടികള്‍ ആകര്‍ഷിക്കപ്പെടുന്നതിന്‍റെ ഒരു പ്രധാന കാരണം, ആ ജീവിതം തിരഞ്ഞെടുത്തവരുടെ മാതൃകാപരമായ ജീവിതമാണ്. ഇതു സമര്‍പ്പിതജീവിതത്തില്‍ മാത്രമല്ല, മറ്റെല്ലാ ജീവിതസാഹചര്യങ്ങളിലും കണ്ടുവരുന്നതാണ്. ചിലരുടെ യഥാര്‍ത്ഥ വിളിയുടെ കൂമ്പടഞ്ഞു പോകാന്‍ സമര്‍പ്പിതരുടെ ദുര്‍മാതൃക കാരണമാകുന്നുണ്ടെന്നതും വസ്തുതയാണ്.

3. ചില തെറ്റായ ധാരണകള്‍
ദൈവവിളിയെപ്പറ്റിയുള്ള ചില തെറ്റായ ധാരണകള്‍ തിരുത്തപ്പെടേണ്ടതുണ്ട്. ഹൈസ്കൂളോ/ഹയര്‍ സെക്കന്‍ഡറിയോ കഴി ഞ്ഞ്, ദൈവവിളി പരസ്യം കണ്ടോ ക്യാമ്പില്‍ പങ്കെടുത്തോ സെമിനാരിയിലോ സന്ന്യാസിനീ പരിശീലനഭവനത്തിലോ പ്രവേശിക്കുന്ന അര്‍ഥികള്‍ക്കു യഥാര്‍ത്ഥ ദൈവവിളി ഉണ്ടാകണമെന്നു നിര്‍ബന്ധമില്ല. പരിശീലന ഘട്ടത്തിന്‍റെ ആരംഭത്തില്‍ തന്നെ-ചിലപ്പോള്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ – തങ്ങള്‍ക്ക് ഈ വിളി ലഭിച്ചിട്ടില്ലെന്നു തിരിച്ചറിയുന്നവരുണ്ട്.

പണ്ടൊക്കെ കുടുംബങ്ങളില്‍ മക്കള്‍ പലരുണ്ടായിരുന്നതുകൊണ്ടു സമര്‍പ്പിതജീവിതം തിരഞ്ഞെടുക്കുക എളുപ്പമായിരുന്നെന്നും, ഇന്ന് അതല്ല സ്ഥിതിയെന്നും പറയുന്നവരുണ്ട്. ഇതില്‍ കുറേ സത്യമുണ്ടെങ്കിലും, സ്ഥിതിവിവരക്കണക്കുകള്‍ വേറൊരു ചിത്രമാണു നല്കുന്നത്, സെമിനാരികളുടെ കാര്യത്തിലെങ്കിലും. കേരളത്തിലെ സെമിനാരികളില്‍ പരിശീലനം നേടുന്നവരില്‍ 10 ശതമാനത്തില്‍ താഴെ മാത്രമേ മൂന്നോ അതിലധികമോ മക്കളുള്ള കുടുംബങ്ങളില്‍ നിന്നുള്ളൂ. ബഹുഭൂരിപക്ഷം പേരും ഒന്നോ രണ്ടോ മക്കളുള്ള കുടുംബങ്ങളില്‍ നിന്നുളളവരാണ്. അവരില്‍ നല്ലൊരു ശതമാനം പേര്‍ കുടുംബത്തിലെ ഏക ആണ്‍കുട്ടിയാണ്. അങ്ങനെയുള്ളവരെ സെമിനാരി പ്രവേശനത്തില്‍ നിന്നു പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നവരാണ് അധികാരികളില്‍ അധികം പേരും. പിന്നീട്, അര്‍ത്ഥികളുടെ നിര്‍ബന്ധത്തിനു വഴങ്ങുകയാണു പതിവ്.

മാതാപിതാക്കളും ബന്ധുക്കളും തടഞ്ഞിട്ടും സെമിനാരിയില്‍ പ്രവേശിക്കുന്നവരുടെ എണ്ണം അവഗണിക്കാവുന്നതല്ല. ഏക മകനെ/ മകളെ സന്തോഷത്തോടെ യാത്രയാക്കുന്ന മാതാപിതാക്കളും ഇല്ലാതില്ല.

കാര്യമായ ആലോചനയില്ലാതെയാണു ചിലര്‍ വൈദിക, സന്യാസജീവിതം തിരഞ്ഞെടുക്കുന്നതെന്ന ആരോപണത്തില്‍ കഴമ്പുണ്ടെന്ന് അനുഭവങ്ങളില്‍ നിന്നു മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ട്. എല്ലാവരും, അല്ലെങ്കില്‍ ഭൂരിപക്ഷം പേരും അപ്രകാരമാണെന്നു പറയുന്നതാണു തെറ്റ്. മറിച്ചാണു പലപ്പോഴും കണ്ടിട്ടുള്ളത്. ഒന്നുരണ്ട് ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാം.

ഇംഗ്ലണ്ടിലെ ആഗോളപ്രശസ്തമായ വാര്‍ത്താചാനലാണു ബിബിസി. അവിടെ പത്രപ്രവര്‍ത്തകയായിരുന്ന മര്‍ട്ടീന പേഡി പത്രലോകത്തെ ഞെട്ടിച്ചുകൊണ്ടു സന്യാസിനിയാകാന്‍ തീരുമാനിച്ചു. ഒരു വ്യാഴവട്ടക്കാലം ബിബിസിയുടെ ലേഖികയായി അമേരിക്കയില്‍ സേവനം ചെയ്തിട്ടുള്ള മഹതിയാണവര്‍. അമേരിക്കന്‍ പ്രസിഡന്‍റുമാരായിരുന്ന ബില്‍ ക്ലിന്‍റണ്‍, ബറാക് ഒബാമ എന്നിവരെ ഇന്‍റര്‍വ്യൂ ചെയ്തിട്ടുള്ള പ്രശസ്ത പത്രപ്രവര്‍ത്തക. അയര്‍ലണ്ടിലെ ഒരു മഠത്തിലാണവള്‍ അര്‍ത്ഥിനിയായി ചേര്‍ന്നത് – പരി. കുര്‍ബാനയുടെ ആരാധനാസമൂഹത്തില്‍. അയര്‍ലണ്ടിലെ ബെല്‍ഫാസ്റ്റ് നഗരത്തിലെ ആ മഠത്തില്‍വച്ച് 2016 ഒക്ടോബര്‍ 21-ാം തീയതി അവരെ കാണുന്നതിനും സംസാരിക്കുന്നതിനും ഈ ലേഖകന് അവസരമുണ്ടായി. അര മണിക്കൂറോളം നീണ്ടുനിന്ന ആ സംഭാഷണത്തിനിടെ ഞാന്‍ അവരോട് ആവര്‍ത്തിച്ച ഒരു ചോദ്യമുണ്ട്: ഈ ജീവിതം തിരഞ്ഞെടുക്കാന്‍ എന്തായിരുന്നു കാരണം? ഒരു നിമിഷം നിശ്ശബ്ദയായിരുന്ന സി. മര്‍ട്ടീന പറഞ്ഞു: 'I don't know father.' ഞാന്‍ വളരെ പ്രശസ്തയായ  പത്രപ്രവര്‍ത്തകയായിരുന്നപ്പോഴും എന്‍റെ മനസ്സ് അസ്വസ്ഥമായിരുന്നു. ആരോ എന്‍റെ ഉള്ളില്‍ മന്ത്രിച്ചുകൊണ്ടിരുന്നു: "Feed my Sheeps." ഞാന്‍ പല വൈദികരോടും ചോദിച്ചു: എന്താ ഇങ്ങനെ? അവര്‍ പറഞ്ഞു: നിന്‍റെ വെറും തോന്നലായിരിക്കും. Forget about it. ഈ ഉത്തരങ്ങളൊന്നും എന്നെ തൃപ്തയാക്കിയില്ല. ഞാന്‍ എന്‍റെ അന്വേഷണം തുടര്‍ന്നു. അത് എന്നെ ഈ മഠത്തിലെത്തിച്ചു.' ഇതു പറഞ്ഞിട്ട് അവര്‍ തന്നോടൊപ്പം മഠത്തില്‍ ചേര്‍ന്ന മറ്റു രണ്ടു സന്യാസിനികളെ വിളിച്ചുകൊണ്ടു വന്നു. അവരില്‍ ഒരാള്‍ കോളജദ്ധ്യാപനം ഉപേക്ഷിച്ചു മഠത്തില്‍ ചേര്‍ന്നവള്‍. മറ്റേയാള്‍ കോടതിയില്‍ പ്രാക്ടീസ് ചെയ്തിരുന്ന അഭിഭാഷകയും.

മര്‍ട്ടീന മഠത്തില്‍ ചേര്‍ന്നതറിഞ്ഞപ്പോള്‍ സഹപ്രവര്‍ത്തകയായ ഒരു പത്രപ്രവര്‍ത്തകയ്ക്ക് ഒരാഗ്രഹം – മര്‍ട്ടീനയുടെ 'മനംമാറ്റ' ത്തിന്‍റെ കാരണം കണ്ടെത്തണം. മേലധികാരികളുടെ അനുവാദത്തോടെ അവര്‍ മര്‍ട്ടീനയുടെ മഠത്തില്‍ ഓരഴ്ചക്കാലം താമസിച്ചു 'കാരണം' അന്വേഷിച്ചു. അതേപ്പറ്റി ഒരു ഡോക്കുമെന്‍ററിയും തയ്യാറാക്കി. 15 മിനിറ്റുളള അത് അവസാനിക്കുന്നത് ഇങ്ങനെയാണ്: 'I don't know what is happening. But I know, something is happening.'-നെയാണ് 'ദൈവവിളി' എന്നു വിശേഷിപ്പിക്കുന്നത്.

കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ കേരളത്തിലെ സെമിനാരികളിലും സന്യാസപരിശീലനഭവനങ്ങളിലും പ്രവേശനം നേടിയ ഡോക്ടര്‍മാരുടെയും എന്‍ജിനീയര്‍മാരുടെയും ഐ.ടി. വിദഗ്ദ്ധരുടെയും മറ്റു ബിരുദാനന്തരബിരുദധാരികളുടെയും എണ്ണം തീരെ ചെറുതല്ല എന്നോര്‍ക്കുക.

ഇതിനൊരു മറുവശമുണ്ട്. വൈദിക-സന്യാസജീവിതത്തോടു ശരിയായ ആഭിമുഖ്യമില്ലാത്തവരും ഇതില്‍ പ്രവേശിക്കാനും, പിന്നീടു പുറത്തുപോകാനും ഇടയാകുന്നുണ്ട്. ഉത്തമ സമര്‍പ്പിതജീവിതം നയിക്കുന്നവര്‍പോലും ചില പ്രത്യേക സാഹചര്യങ്ങളില്‍പ്പെട്ട് ഈ ജീവിതം ഉപേക്ഷിക്കാനും ഇടവന്നിട്ടുണ്ട്. അങ്ങനെ വ്യത്യസ്ത സാഹചര്യങ്ങളില്‍ ഈ ജീ വിതാന്തസ് ഉപേക്ഷിക്കാന്‍ തീരുമാനിച്ചവരില്‍ ചിലരുടെ അനുഭവസാക്ഷ്യങ്ങളാണു സാര്‍വത്രികസ്വഭാവമുള്ള സംഭവങ്ങളായി പലപ്പോഴും അവതരിപ്പിക്കപ്പെടുന്നത്. ഇതൊക്കെ കണ്ടിട്ടും കേട്ടിട്ടും പ്രത്യാശയോടെ തങ്ങളുടെ വിളിയില്‍ ഉറച്ചുനിന്ന് ഏറ്റെടുത്ത ശുശ്രൂഷാദൗത്യം തുടരുന്നവരാണു ബഹുഭൂരിപക്ഷം സമര്‍പ്പിതരും.

മറ്റു ജീവിതമാര്‍ഗങ്ങളില്ലാത്തതുകൊണ്ടാണ് ഈ ജീവിതം തിരഞ്ഞെടുക്കുന്നതെന്ന വാദം തികച്ചും പൊള്ളയാണെന്നു മുപ്പതു വര്‍ഷത്തിലേറെയായി സെമിനാരികളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഈ ലേഖകനു ഖണ്ഡിതമായി പറയാന്‍ കഴിയും. അങ്ങനെയുള്ളവര്‍ ആത്മസമര്‍പ്പിതജീവിതത്തിലേക്കു വരുന്നില്ല എന്നല്ല അര്‍ത്ഥമാക്കുന്നത്. അതാണു കാരണമെന്ന സാമാന്യവത്കരണത്തിലെ ശരികേട് ചൂണ്ടിക്കാണിച്ചതാണ്.

4. പരിശീലന കാലഘട്ടം
സെമിനാരി, സന്യാസ പരിശീലനരീതികളില്‍ ചെറിയ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും പൊതുവേ പറഞ്ഞാല്‍, ഏതാണ്ട് സമാനമാണെന്നു പറയാം. ഇടവക വൈദികരാകാന്‍ ഒരുങ്ങുന്നവരുടെ പരിശീലനപദ്ധതി ഇപ്രകാരമാണ്. ഹൈസ്കൂള്‍, പ്ലസ് ടൂ, ചിലപ്പോള്‍ ബിരുദം എന്നിവയ്ക്കു ശേഷമാണു കുട്ടികള്‍ വൈദികപരിശീലനത്തിനായി സെമിനാരിയില്‍ പ്രവേശിക്കുന്നത്. ഏതാണ്ട് 9 മുതല്‍ 12 വര്‍ഷം വരെ നീണ്ടുനില്ക്കുന്ന പരിശീലനഘട്ടമാണുള്ളത്. ഇക്കാലമത്രയും വൈദികനാകാനുള്ള തന്‍റെ തീരുമാനത്തില്‍നിന്നു പിന്മാറാന്‍ – പുരോഹിതപട്ടം സ്വീകരിക്കുന്നതിന്‍റെ തലേദിവസം വരെ – അര്‍ത്ഥിക്ക് അവസരമുണ്ട്. മാത്രമല്ല, പരിശീലനത്തിന്‍റെ എല്ലാ ഘട്ടങ്ങളിലും തങ്ങളുടെ വിളിക്കനുസരിച്ചു ജീവിക്കാനുള്ള ഒരുക്കം അര്‍ത്ഥികള്‍ക്കുണ്ടെന്നു മേലധികാരികള്‍ ഉറപ്പുവരുത്താറുമുണ്ട്. ഇക്കാര്യത്തില്‍ സംശയങ്ങളുണ്ടായാല്‍, അര്‍ത്ഥികള്‍ മുന്നോട്ടു പോകാതിരിക്കാന്‍ മേലധികാരികള്‍ ശ്രദ്ധിക്കും. വേണ്ടിവന്നാല്‍ പിന്മാറാന്‍ അവരെ ഉപദേശിക്കുകയോ ചിലപ്പോള്‍ നിര്‍ബന്ധപൂര്‍വം പരിശീലനപദ്ധതിയില്‍ നിന്ന് അവരെ ഒഴിവാക്കുകയോ ചെയ്യും. അതുകൊണ്ടു സെമിനാരിയില്‍ പ്രവേശിക്കുന്നവരില്‍ ഏതാണ്ട് അമ്പതു ശതമാനത്തിനടുത്ത് അര്‍ത്ഥികള്‍ മാത്രമേ പരിശീലനം പൂര്‍ത്തിയാക്കി പുരോഹിതപട്ടം സ്വീകരിക്കാറുള്ളൂ.

സന്യാസസഹോദരന്മാരുടെയും സന്യാസിനികളുടെയും പരിശീലന കാലഘട്ടം വൈദികരെ അപേക്ഷിച്ചു ദൈര്‍ഘ്യം കുറഞ്ഞതാണ്. കാരണം, വൈദികപരിശീലനത്തിലെ തത്ത്വശാസ്ത്ര, ദൈവശാസ്ത്ര പഠനകാലം വര്‍ഷങ്ങള്‍ നീണ്ടുനില്ക്കുന്ന പ്രക്രിയയാണ്. എങ്കിലും, സന്യാസസഹോദരന്മാരും സന്യാസിനികളും ആ ജീവിതാന്തസ്സിന് ആവശ്യമായ പരിശീലനം നേടിയതിനുശേഷം മാത്രമാണു പ്രഥമ വ്രതവാഗ്ദാനം നടത്തുന്നത്. ഓരോ സന്യാസസമൂഹത്തിന്‍റെ സിദ്ധിയും ശുശ്രൂഷകളും പരിചയപ്പെടുന്നതിനുള്ള കാലഘട്ടം (Candidacy), പരിശീലനത്തിന്‍റെ രണ്ടാം ഘട്ടം (Postulancy), മൂന്നാം ഘട്ടം (Novitiate) എന്നിവയ്ക്കു ശേഷമാണ് ആദ്യമായി വ്രതവാഗ്ദാനം നടത്തുന്നത്. അങ്ങനെ മൂന്നു മുതല്‍ അഞ്ചു വര്‍ഷംവരെ നീണ്ടുനില്ക്കുന്ന പരിശീലനമാണ് അവര്‍ക്കു ലഭിക്കുന്നത്. സന്യാസസമൂഹത്തില്‍ സമ്പൂര്‍ണമായി അംഗങ്ങളാകുന്നതിനു വീണ്ടും ആറു വര്‍ഷത്തില്‍ കുറയാതെ അവര്‍ കാത്തിരിക്കണം. ഇതിനിടെ മറ്റൊരു പരിശീലനഘട്ടം കൂടി അവര്‍ക്കുണ്ട് (Juniorate). അങ്ങനെ 6 മുതല്‍ 9 വര്‍ഷം കൂടി കഴിഞ്ഞാണു നിത്യവ്രതവാഗ്ദാനത്തിന് അവസരം ലഭിക്കുക. അപ്പോഴേക്കും അര്‍ത്ഥിക്ക് 25-28 വയസ്സ് പ്രായമുണ്ടായിരിക്കും. 'എട്ടും പൊട്ടും' തിരിയാത്ത പ്രായത്തിലാണു സന്യാസിനികള്‍ ജീവിതകാലം മുഴുവന്‍ പാലിക്കേണ്ട വ്രതങ്ങള്‍ എടുക്കുന്നതെന്ന ആരോപണത്തില്‍ കഴമ്പില്ലെന്നു സൂചിപ്പിക്കാനാണ് ഇക്കാര്യങ്ങള്‍ വിശദമാക്കിയത്.

സെമിനാരികളില്‍ വൈദികപരിശീലനം നേടുന്നവര്‍ക്ക്, മുകളില്‍ സൂചിപ്പിച്ചപോലെ, കൂടുതല്‍ വര്‍ഷങ്ങള്‍ ആവശ്യമായി വരും. രണ്ടു മുതല്‍ ആറു വര്‍ഷംവരെ മൈനര്‍ സെമിനാരിയില്‍ പരിശീലനം ലഭിച്ചവരെയാണു തത്ത്വശാസ്ത്ര, ദൈവശാസ്ത്ര പഠനങ്ങള്‍ക്കായി മേജര്‍ സെമിനാരിയില്‍ പ്രവേശിപ്പിക്കുന്നത്. രണ്ടു മുതല്‍ മൂന്നു വര്‍ഷം വരെ നീണ്ടുനില്ക്കുന്ന തത്ത്വശാസ്ത്രപനവും മൂന്നു മുതല്‍ നാലു വര്‍ഷംവരെനീണ്ടുനില്ക്കുന്ന ദൈവശാസ്ത്രപഠനവും അവിടെ പൂര്‍ത്തിയാക്കണം. വൈദികപട്ടം സ്വീകരിക്കുന്നതിന് 8-10 മാസങ്ങള്‍ക്കു മുമ്പാണ് അര്‍ത്ഥികള്‍ ഡീക്കന്‍പട്ടം സ്വീകരിക്കുന്നത്. അതായത്, വൈദികപരിശീലനം ആരംഭിച്ച് 9-12 വര്‍ഷങ്ങള്‍ക്കുശേഷം. അപ്പോഴാണ്, അപ്പോള്‍ മാത്രം, (ഏതാണ്ട് 26-28 വയസ്സ് പ്രായമുള്ളപ്പോള്‍) ജീവിതകാലം മുഴുവന്‍ പാലിക്കേണ്ട ബ്രഹ്മചര്യവ്രതം പാലിക്കാന്‍ സന്നദ്ധരാണോ എന്ന് അവരോട് ഔദ്യോഗികമായി ചോദിക്കുന്നതും അതിനുള്ള സമ്മതപത്രത്തില്‍ അവര്‍ ഒപ്പുവയ്ക്കുന്നതും.

വൈദികവിദ്യാര്‍ത്ഥികള്‍ എടുക്കുന്ന തീരുമാനത്തിന്‍റെ ശരിയും തെറ്റും തിരിച്ചറിയാന്‍ സഹായിക്കുന്ന വിവിധ പദ്ധതികള്‍ പരിശീലനഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചില രൂപതകളില്‍, സ്വന്തം വീടുകളില്‍ താമസിച്ചോ അല്ലാതെയോ, കോളജുകളില്‍ പോയി ഏതെങ്കിലും ബിരുദം സമ്പാദിച്ചതിനുശേഷം മാത്രം തത്ത്വശാസ്ത്രപഠനം ആരംഭിച്ചാല്‍ മതിയെന്നു തീരുമാനിച്ചിട്ടുണ്ട്. തത്ത്വശാസ്ത്രപഠനത്തിനുശേഷം ഒരു വര്‍ഷം നിര്‍ബന്ധിത അവധി എടുക്കണമെന്നും ദൈവവിളിയുടെ നിജസ്ഥിതി പരിശോധിക്കാന്‍ ആ അവസരവും പ്രയോജനപ്പെടുത്തണമെന്നും നിശ്ചയിച്ചിരിക്കുന്നു. തുടര്‍ന്നാണു മൂന്നോ നാലോ വര്‍ഷം നീണ്ടുനില്ക്കുന്ന ദൈവശാസ്ത്രപഠനം. തത്ത്വശാസ്ത്രപഠനത്തിനുമുമ്പോ പിമ്പോ ബിരുദാനന്തര ബിരുദം എടുക്കാന്‍ കോളജില്‍ വിടുന്ന പതിവും ചിലയിടങ്ങളിലുണ്ട്. അതിനാവശ്യമായ പണം സ്വപ്രയത്നത്താല്‍ കണ്ടെത്തണമെന്നും നിഷ്കര്‍ഷിക്കാറുണ്ട്.

പൗരോഹിത്യസ്വീകരണത്തിനു തൊട്ടുമുമ്പ് 3 മാസം മുതല്‍ 12 മാസം വരെ അജപാലനശുശ്രൂഷകള്‍ക്കായി വിനിയോഗിക്കാന്‍ ശെമ്മാശന്മാരെ നിയോഗിക്കുന്ന സമ്പ്രദായവും ചിലയിടങ്ങളിലുണ്ട്. ചുരുക്കത്തില്‍, വൈദികജീവിതത്തിലേക്ക് എന്നേയ്ക്കുമായി പ്രവേശിക്കുന്നതിനുമുമ്പു വീണ്ടുവിചാരപ്പെടാന്‍ എല്ലാ സംവിധാനങ്ങളും സഭാധികാരികള്‍ ഒരുക്കിയിട്ടുണ്ട്.

പരിശീലനത്തിന്‍റെ വിവിധ ഘട്ടങ്ങളില്‍ സെമിനാരിയോടു വിട പറയുന്നവരില്‍ പലരും സെമിനാരിയുമായും മേലധികാരികളുമായും സഹപാഠികളുമായും നല്ല ബന്ധങ്ങള്‍ തുടരുന്നുണ്ടെന്നതു പലര്‍ക്കും അജ്ഞാതമായിരിക്കും. അക്കൂട്ടര്‍, സഹപാഠികളായിരുന്ന വൈദികരൊത്തു വാര്‍ഷികയോഗങ്ങള്‍ നടത്തുകയും സെമിനാരിയിലായിരുന്നപ്പോള്‍ ചെലവഴിച്ച സുന്ദരനിമിഷങ്ങള്‍ അയവിറക്കുകയും ചെയ്യാറുണ്ടെന്നതു സത്യമാണ്. മാത്രമല്ല, പില്ക്കാലത്തെ അവരുടെ വിജയത്തിനു സെമിനാരിയിലെ ചിട്ടയായ ക്രമങ്ങളും പരിശീലനവും കാരണമായിട്ടുണ്ടെന്നു നന്ദിയോടെ സ്മരിക്കുന്നതും കണ്ടിട്ടുണ്ട്.

5. ബ്രഹ്മചര്യജീവിതം
വൈദികജീവിതത്തില്‍നിന്നു നിര്‍ബന്ധിത ബ്രഹ്മചര്യം ഒഴിവാക്കണമെന്നു പലരും അഭിപ്രായപ്പെടാറുണ്ട്. വിവാഹിതരെ വൈദികരാക്കണമെന്നതാണു മറ്റൊരു വാദം. വൈദികരില്‍ ചിലരുടെ ബ്രഹ്മചര്യലംഘനമാണ് ഈ അഭിപ്രായപ്രകടനങ്ങളുടെ അടിസ്ഥാനം. വൈദികബ്രഹ്മചര്യം എടുത്തുകളഞ്ഞാല്‍ കൂടുതല്‍ ദൈവവിളികള്‍ ഉണ്ടാകുമെന്നും ചിലര്‍ പറയുന്നു. അങ്ങനെയെങ്കില്‍, ബ്രഹ്മചര്യനിയമം ഇല്ലാത്ത സഭകളില്‍ കൂടുതല്‍ ദൈവവിളികള്‍ ഉണ്ടാകേണ്ടതല്ലേ? അങ്ങനെ സംഭവിക്കുന്നതായി കാണുന്നില്ല. വൈദികര്‍ക്കു വിവാഹം കഴിക്കാന്‍ അനുവാദമുള്ള ചില കത്തോലിക്കാ സഭാവിഭാഗങ്ങളില്‍പ്പോലും ദൈവവിളികള്‍ വര്‍ദ്ധിക്കുന്നില്ലെന്നു സ്ഥിതിവിവരക്കണക്കുകള്‍ പറയുന്നു.

വൈദികര്‍ കുട്ടികളെ ലൈംഗികമായി ദുരുപയോഗിച്ചതിന്‍റെ പേരില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ചില കടുത്ത നടപടികള്‍ സ്വീകരിച്ചതായി നമുക്കറിയാം. ഇതു ബ്രഹ്മചര്യനിയമം വരുത്തിവച്ച ദുരന്തമാണെന്ന മട്ടില്‍ ചിലരൊക്കെ വ്യാഖ്യാനിക്കുന്നതു കണ്ടിട്ടുണ്ട്. സ്വവര്‍ഗപ്രേമത്തിന്‍റെ പേരില്‍ കുറ്റാരോപിതരായ വൈദിക, സന്ന്യസ്ത സംഭവങ്ങളും നമുക്കറിയാം. എങ്കില്‍, ബ്രഹ്മചര്യവ്രതത്തിനു കീഴിലല്ലാത്ത വിവാഹിതര്‍ ഈ തിന്മകളില്‍ നിന്നു വിമുക്തരല്ലെന്ന വസ്തുത എങ്ങനെ വിശദീകരിക്കും? മനുഷ്യസഹജമായ ലൈംഗികപാപങ്ങളെ ബ്രഹ്മചര്യവുമായി കൂട്ടിക്കുഴയ്ക്കേണ്ടതില്ല. അവയെ മനുഷ്യബലഹീനതയുടെ പ്രതിഫലനമായി മനസ്സിലാക്കുന്നതല്ലേ ശരി?

വിവാഹിതരെ അഭിസംബോധന ചെയ്തുകൊണ്ടു ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തിയ ഒരു പ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു: 'കുടുംബങ്ങളെ തകര്‍ക്കുന്ന ഒരു മനഃശാസ്ത്രവിശകലനം ആധുനികതയുടെ പേരില്‍ പടരുന്നതായി കാണുന്നു. മനഃശാസ്ത്രപരമായി, മരണം വേര്‍പിരിക്കുന്നവരെ രണ്ടു വ്യക്തികള്‍ക്കു ഭാര്യാഭര്‍ത്താക്കന്മാരായി ഒരുമിച്ചു ജീവിക്കുക അസാദ്ധ്യമാണെന്ന് ഈ ശാസ്ത്രജ്ഞര്‍ പറയുന്നു.' അതാണോ കോടാനുകോടി ദമ്പതിമാരുടെ ജീവിതം സാക്ഷിക്കുന്നത്, മാര്‍പാപ്പ ചോദിച്ചു. പ്രശ്നം മനഃശാസ്ത്രപരമല്ല; മനുഷ്യരില്‍ കുടികൊള്ളുന്ന പാപമാണ് (റോമാ 7:14-21). അദ്ദേഹം പറഞ്ഞു, വൈദിക, സന്യാസ ജീവിതങ്ങളിലും ഇതു വാസ്തവമാണെന്ന കാര്യം സുവിദിതമാണല്ലോ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org