ദലിത് ക്രൈസ്തവര്‍ എവിടെ?

ദലിത് ക്രൈസ്തവര്‍ എവിടെ?

ജോയി ഗോതുരുത്ത്
Ex-officio, കേരള ലേബര്‍ മൂവ്മെന്‍റ്

ഒരു വ്യാഴവട്ടക്കാലം മുമ്പാണ്. ഒരു ശനിയാഴ്ച ദിവസം. ജോലിസ്ഥലത്തു വച്ച് സഹപ്രവര്‍ത്തകന്‍ പറഞ്ഞു: "ഞാനിന്ന് ഉച്ചയ്ക്കുശേഷം ലീവാണ്. വേഗത്തില്‍ നാട്ടില്‍ പോകണം. തറവാട്ടിലെ പണിക്കാരന്‍ 'പുലയന്‍' മരിച്ചു". കോട്ടയം ജില്ലയിലാണ് എന്‍റെ ആ സഹപ്രവര്‍ത്തകന്‍റെ വീട്. പൗരാണിക നായര്‍ തറവാട്. കുടുംബത്തിന്‍റെയും ജാതിയുടെയും അന്തസ്സിലും ആഭിജാത്യത്തിലും എന്നും അഭിമാനം പുലര്‍ത്തിവന്ന വ്യക്തി. തിങ്കളാഴ്ച രാവിലെ കണ്ടപ്പോള്‍ മരണാനന്തര വിശേഷത്തെക്കുറിച്ച് അദ്ദേഹം വാചാലനായി. പണിക്കാരന്‍ 'പുലയനു' എണ്‍പതിലധികം പ്രായം വരുമായിരുന്നു. പണിക്കാരന്‍റെ സത്യസന്ധതയും കഠിനാദ്ധ്വാനശീലവും ആര്‍ജ്ജവത്വവും ഉത്തരവാദിത്ത ബോധവും വാതോരാതെ അദ്ദേഹം വിവരിച്ചു. മക്കള്‍ രണ്ടു പേരും അത്ര ശരിയല്ലായെന്നും പറഞ്ഞു വച്ചു. മൃതസംസ്കാരം നടത്തിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, പള്ളിയിലെ സിമത്തേരിയിലാണ് നടത്തിയതെന്നു പറഞ്ഞു. പള്ളിയിലോ എന്ന ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു, പുലയന്മാരുടെ ഒരു പള്ളി അവിടെയുണ്ട്. നാലു തലമുറകളായി അവര്‍ പള്ളിയില്‍ പോകുന്ന പുലയന്മാരാണത്രെ. നാലു തലമുറകള്‍ക്കു മുന്‍പ് ക്രൈസ്തവരായി മാറിയ ദലിതര്‍ ഇന്നും സവര്‍ണ്ണ മനസ്സില്‍ പഴയ കീഴാളജാതിക്കാര്‍ തന്നെയാണെന്ന യാഥാര്‍ത്ഥ്യം തുറിച്ചു നോക്കി ഇന്നും നമ്മെ ഭയപ്പെടുത്തുന്നു.

ത്രിവിധ വിവേചനം
സമൂഹം, രാഷ്ട്രം (ഭരണകൂടം), മതം(സഭ) എന്നീ മൂന്ന് ഇടങ്ങളില്‍ നിന്നും കടുത്ത വിവേചനത്തിനു പാത്രീഭൂതരാണു ദലിത് ക്രൈസ്തവര്‍ ഇന്നും.
ദലിതരെ മതത്തിന്‍റെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ച ഭരണാ ഘടനാ വിരുദ്ധമായ 1950 ആഗസ്റ്റ് 10-ലെ പ്രസിഡന്‍ഷ്യല്‍ ഉത്തരവിന്‍റെ വാള്‍മുനത്തുമ്പില്‍ പൗരവകാശം ദലിത് ക്രൈസ്തവര്‍ക്കു നിഷേധിക്കപ്പെട്ടിട്ട് നീണ്ട 68 വര്‍ഷങ്ങള്‍ കഴിഞ്ഞു. പട്ടികജാതിക്കാരുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി നടപ്പു സാമ്പത്തിക വര്‍ഷം കേന്ദ്രസര്‍ക്കാരും സംസ്ഥാനസര്‍ക്കാരും യഥാക്രമം 56,619 കോടിയും 3,234 കോടിയും രൂപ വകയിരുത്തിയിട്ടുണ്ട്. ദലിതരെന്ന നിലയിലുള്ള ഈ വകയിരുത്തലിന്‍റെ ആനുപാതിക വിഹിതാവകാശം ദലിത്ക്രൈസ്തവര്‍ക്കു നിഷേധിക്കപ്പെട്ടിരിക്കുന്നു. മതവിവേചനം ഭരണഘടനാ വിരുദ്ധമാണെങ്കിലും ഈ ഭരണഘടന പാവപ്പെട്ട ദലിത് ക്രൈസ്തവര്‍ക്കു സംരക്ഷണം നല്കുന്നില്ല എന്നതാണു യാഥാര്‍ത്ഥ്യം. ഇവര്‍ അംഗമായ മുഖ്യധാരാ സഭയുടെ ഇക്കാര്യത്തിലുള്ള നിസ്സംഗത അപലപനീയം തന്നെയാണ്.

മതമേഖല(സഭ)യില്‍ നിന്നുമുള്ള വിവേചനത്തെ സംബന്ധിച്ച് വളരെ വിശദമായ ഒരു ലേഖനം സത്യദീപത്തില്‍ (വാല്യം 92 ലക്കം 3) ഡോ. ജോഷി മയ്യാറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സമര്‍പ്പിതരുടെ ഇടയിലുള്ള ദലിത് പങ്കാളിത്തത്തിലുള്ള വിവേചനം ഉള്‍പ്പെടെയുള്ള ഒട്ടനവധി കാര്യങ്ങള്‍ ഉള്‍ച്ചേര്‍ത്തു സ്ഥിതിവിവരക്കണക്കുകള്‍ ഉദ്ധരിച്ചു തയ്യാറാക്കിയ ആധികാരിക പഠനമായിരുന്നു അത്. സി. ബി.സി.ഐ. 2016 ഡിസംബറില്‍ പ്രാബല്യത്തിലാക്കിയ ദലിത് നയ രേഖയുടെ അടിസ്ഥാനത്തില്‍ ഡോ. ജോഷി നിര്‍ദ്ദേശിച്ചിട്ടുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തീര്‍ച്ചയായും വളരെ പ്രസക്തമാണ്.

ജീവിത സാഹചര്യങ്ങള്‍
ദലിത് ക്രൈസ്തവരുടെ സാമൂഹികാവസ്ഥ – പ്രത്യേകിച്ച് കത്തോലിക്കരുടെ – നിര്‍ണ്ണയിക്കാന്‍ ശാസ്ത്രീയവും കാര്യമാത്ര പ്രസക്തവുമായ ശ്രമങ്ങള്‍ നാളിതുവരെ നടത്തപ്പെട്ടതായി അറിവില്ല. (ഡോ. മാത്യു സി.ജെ., മദ്രാസ് യൂണിവേഴ്സിറ്റിയില്‍ സമര്‍പ്പിച്ച ഗവേഷണ പ്രബന്ധം കോട്ടയം ജില്ലയിലെ ദലിത് ക്രൈസ്തവ ശക്തീകരണത്തെ സംബന്ധിച്ചാണ്). ദലിത് ക്രൈസ്തവരുടെ തൊഴില്‍ഘടന പരിശോധിച്ചാല്‍ അവരില്‍ ബഹുഭൂരിപക്ഷവും കര്‍ഷകത്തൊഴിലാളികള്‍, കൂലിപ്പണിക്കാര്‍ തുടങ്ങിയ വിഭാഗത്തില്‍ ഉള്‍പ്പെട്ട അസംഘടിത തൊഴിലാളികളാണ്. കാര്‍ഷികമേഖലയില്‍ നിന്നും ഉപജീവനം തേടുന്ന ഇവരുടെ ജീവിതം തീര്‍ച്ചയായും ദാരിദ്ര്യത്തിന്‍റെ നീരാളിപ്പിടുത്തത്തില്‍ തന്നെയായിരിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകാനിടയില്ല.

വിദ്യാഭ്യാസനിലവാരം
കേരളത്തിലെ ദലിത് ക്രൈസ്തവരുടെ വിദ്യാഭ്യാസത്തിന്‍റെയും, ഉദ്യോഗലബ്ധി പാടവത്തിന്‍റെയും (employability) നിജസ്ഥിതി കേരള സര്‍ക്കാരിന്‍റെ ചില വകുപ്പുകളില്‍നിന്നും ലഭിച്ച വിവരങ്ങള്‍ ഉപയോഗിച്ച് വിലയിരുത്താന്‍ ശ്രമിക്കുകയാണ്.

കേരള എന്‍ട്രന്‍സ് കമ്മീഷണറുടെ പക്കലുള്ള സ്ഥിതിവിവരക്കണക്കുകളാണ് ആദ്യം പരിശോധിക്കുന്നത്. എഞ്ചിനിയറിങ് എന്‍ട്രന്‍സ് പരീക്ഷ സാധാരണയായി ഏറ്റവും മിടുക്കരായ വിദ്യാര്‍ത്ഥികളാണ് എഴുതാറുള്ളത്. 2008 മുതല്‍ 2018 വരെയുള്ള പത്തുവര്‍ഷത്തെ എഞ്ചിനീയറിംഗ് പരീക്ഷയിലുള്ള ദലിത് ക്രൈസ്തവ വിദ്യാര്‍ത്ഥികളുടെ പ്രകടനം വിലയിരുത്തിയാല്‍, ദലിത് ക്രൈസ്തവ വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസ മികവിലും, ഗുണത്തിലും, എണ്ണത്തിലും പട്ടികജാതി വിഭാഗത്തേക്കാള്‍ വളരെ പിന്നിലാണെന്നു വെളിവാകുന്നു.

ഉദ്യോഗലഭ്യതാപ്രാപ്തി
ഇത് പരിശോധിക്കാനും വിലയിരുത്താനുമായി കേരള പബ്ലിക്ക് സര്‍വീസ് കമ്മീഷന്‍റെ ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്കിന്‍റെ തസ്തികയിലേക്കുള്ള ചില റാങ്ക് ലിസ്റ്റുകളാണ് സാമ്പിളുകളാക്കിയിട്ടുള്ളത്.

പതിന്നാലു ജില്ലകളിലും കൂടി ഓരോ വര്‍ഷവും 7000 തസ്തികകളില്‍ നിയമനം നടക്കുമ്പോള്‍ അതില്‍ ഒരു ശതമാനമായ 70 തസ്തികകള്‍ വീതം പ്രതിവര്‍ഷം ദലിത് ക്രൈസ്തവര്‍ക്ക് അവകാശപ്പെട്ടതാണ്. എന്നാല്‍ 2012, 2015, 2018 എന്നീ വര്‍ഷങ്ങളില്‍ ഇതിനു അര്‍ഹരായവര്‍ യഥാക്രമം 17, 19, 12 എന്നീ നിലയിലാണെന്നു കാണാം. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ കഴിഞ്ഞ മൂന്നു തവണകളിലും ആദ്യത്തെ അഞ്ഞൂറ് റാങ്കില്‍ സ്ഥാനം ലഭിക്കത്തക്കവിധത്തില്‍ ഒരു ഉദ്യോഗാര്‍ത്ഥിക്കു പോലും വിജയിക്കാനായില്ല. ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ എണ്ണത്തില്‍ 2018-ല്‍ 2015-നേക്കാള്‍ മൂന്നിലൊന്നു കുറവ് വന്നിരിക്കുന്നു. തങ്ങള്‍ക്കായി സംവരണം ചെയ്യപ്പെട്ട തസ്തികകളുടെ ആറിലൊന്നു പോലും നേടിയെടുക്കാന്‍ കഴിയാത്തത്ര പിന്നാക്കമാണ് ദലിത് ക്രൈസ്തവര്‍ എന്ന ദുഃഖയാഥാര്‍ത്ഥ്യം ഗ്രഹിക്കാം.

രണ്ടാമതായി, ഈയിടെ പ്രസിദ്ധീകരിക്കപ്പെട്ട സംസ്ഥാനതലത്തിലുള്ള അഞ്ച് പി.എസ്.സി. റാങ്ക് ലിസ്റ്റുകള്‍ കൂടി വിശകലനത്തിനു വിധേയമാക്കുകയാണ്. എഞ്ചിനിയറിങ് ഡിഗ്രി മുതല്‍ ഡ്രൈവിങ്ങ് ലൈസന്‍സ് വരെ അടിസ്ഥാന യോഗ്യതയായിട്ടുള്ള അഞ്ച് തസ്തികകളാണ് പഠനവിഷയം ആക്കിയിരിക്കുന്നത്. താരതമ്യ പഠനത്തിനായി പട്ടിക ജാതിക്കാരുടെ റാങ്കിന്‍റെ വിശദാംശങ്ങളും ചേര്‍ക്കുന്നു.

KSRTC-യില്‍ അസിസ്റ്റന്‍റ് ട്രാന്‍സ്പോര്‍ട്ട് ഓഫീസറായി നേരിട്ടുള്ള നിയമനത്തിന്‍റെ പ്രഥമ റാങ്ക് ലിസ്റ്റ് 2018 ജൂലായ് 10-നു പി.എസ്.സി. പ്രസിദ്ധീകരിക്കുകയുണ്ടായി. മെക്കാനിക്കല്‍ എഞ്ചിനീയറിങ് ബിരുദം അഥവാ എം.ബി.എ. ആണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. മൊത്തം 77 പേര്‍ റാങ്ക് ലിസ്റ്റില്‍ ഉണ്ട്. ദലിത് ക്രൈസ്തവര്‍ മെയിന്‍ ലിസ്റ്റില്‍ ആരും തന്നെയില്ല.

സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ വര്‍ക്ക്ഷോപ്പ് ഇന്‍സ്റ്റ്രക്ടറുടെ റാങ്ക്ലിസ്റ്റ് 2018 ജൂലായ് 11 നു പുറത്തിറക്കി. എഞ്ചിനീയറിങ് ഡിപ്ലോമയാണ് (ഐടി) അടിസ്ഥാന യോഗ്യത. ദലിത് ക്രൈസ്തവര്‍ ആരും തന്നെ മെയിന്‍ ലിസ്റ്റില്‍ ഇല്ല.

വനിതകള്‍ക്ക് പ്രാമാണ്യമുള്ള തസ്തികയാണ്, സ്റ്റാഫ് നഴ്സ്. വനിതകളുടെ പ്രകടനം കൂടി നോക്കാം. ബി.എസ്.സി. നേഴ്സിങോ, ഡിപ്ലോമയോ അടിസ്ഥാന യോഗ്യതയായുള്ള ഇവരുടെ റാങ്ക് ലിസ്റ്റ് 2018 ഒക്ടോബര്‍ 31 നാണ് പി.എസ്.സി. പ്രസിദ്ധീകരിച്ചത്. മെയിന്‍ ലിസ്റ്റില്‍ 3862 പേര്‍ ഉണ്ട്. ദലിത് ക്രൈസ്തവര്‍ 31 പേര്‍ മാത്രം. (ക്വാട്ട അനുസരിച്ച് 38 വേണം).

കാര്‍ഷിക മേഖലയെയാണു ദലിത് ക്രൈസ്തവര്‍ ബഹുഭൂരിപക്ഷവും ഉപജീവനത്തിനായി ആശ്രയിക്കുന്നത്. സംസ്ഥാന ഫാമിങ് കോര്‍പ്പറേഷനില്‍ ഡ്രൈവര്‍ തസ്തികയിലെ പ്രകടനം എന്തെന്നു നോക്കാം. 2018 ഒക്ടോബര്‍ 23 നായിരുന്നു റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. മെയിന്‍ റാങ്ക് ലിസ്റ്റില്‍ 22 പേര്‍ ഉണ്ട്. ദലിത് ക്രൈസ്തവര്‍ മെയിന്‍ ലിസ്റ്റിലും സപ്ലിമെന്‍ററിയിലും ഇല്ല.

ഉന്നത വിദ്യാഭ്യാസം ആവശ്യമായ തസ്തികകള്‍ മുതല്‍ ഡ്രൈവര്‍ തസ്തികയില്‍ വരെ പട്ടികജാതിക്കാരേക്കാള്‍ വളരെ പിന്നിലാണു ദലിത് ക്രൈസ്തവരുടെ സ്ഥാനം. സര്‍ക്കാര്‍ ഉദ്യോഗം എന്നത് കേവലം തൊഴില്‍ അഥവാ വരുമാനലബ്ധി മാര്‍ഗ്ഗം മാത്രമല്ല, ഭരണാധികാരത്തിലുള്ള ഭാഗഭാഗിത്തം കൂടിയാണെന്ന കാര്യം വിസ്മരിക്കരുത്. അധികാരത്തിലുള്ള ആനുപാതിക പങ്കാളിത്തമാണ്, ഉദ്യോഗ സംവരണത്തിന്‍റെ മൗലിക ഉദ്ദേശ്യം. ഫലത്തില്‍ ഭരണമണ്ഡലത്തില്‍നിന്നും കൂടി ദലിത് ക്രൈസ്തവര്‍ നിഷ്കാസിതരാകുന്നു. വിദ്യാഭ്യാസത്തിലും ഉദ്യോഗലബ്ധി പ്രാപ്തിയിലുമുള്ള പിന്നാക്കവസ്ഥ ദലിത് ക്രൈസ്തവരുടെ സാമൂഹികജീവിതത്തിന്‍റെ സമസ്തമണ്ഡലങ്ങളിലും കരിനിഴല്‍ വീഴ്ത്തുന്നു.

പിന്നാക്കാവസ്ഥയുടെ കാരണങ്ങള്‍ തേടി
ഒന്നര പതിറ്റാണ്ടുകള്‍ക്കു മുമ്പു വരെ ദലിത് ക്രൈസ്തവരുടെ വികസന സാമൂഹിക സൂചകങ്ങളും ജീവിതാവസ്ഥയും പട്ടികജാതി വിഭാഗക്കാരേക്കാള്‍ മികച്ചതായിരുന്നു എന്നു കാണാം.

തങ്ങള്‍ നേരിട്ടു കൊണ്ടിരുന്ന കടുത്ത ജാതിവിവേചനത്തിന്‍റെ നീരാളി പിടുത്തത്തില്‍ നിന്നും രക്ഷ നേടുക എന്നതായിരുന്നു, ദലിത് മാനസാന്തരത്തെ പ്രചോദിപ്പിച്ച പ്രധാനശക്തി. സ്വാതന്ത്ര്യ പ്രാപ്തിക്കു ശേഷം പട്ടിക ജാതി പദവി നിഷേധിക്കപ്പെട്ടെങ്കിലും, സാമൂഹിക പ്രലോഭനങ്ങളില്‍ വീഴാതെ യേശു വിശ്വാസത്തില്‍ ഉറച്ചുനില്ക്കാന്‍ ദലിത് സഹോദരരെ ശക്തിപ്പെടുത്തിയത് സഭ നല്കിയ സംരക്ഷണം ഒന്നുകൊണ്ടു മാത്രമായിരുന്നു. പരമ്പരാഗത ക്രൈസ്തവര്‍ അവരോട് കടുത്ത വിവേചനം പ്രകടിപ്പിച്ചു വരുന്നുണ്ടായിരുന്നെങ്കിലും സഭാനേതൃത്വം അവരെ പ്രത്യേകം പരിഗണിക്കുകയും സംരക്ഷിക്കുകയും ചെയ്തിരുന്നു. വാഴ്ത്തപ്പെട്ട തേവര്‍പറമ്പില്‍ കുഞ്ഞച്ചന്‍റെയും, മഹാമനീഷി ബ്രദര്‍ റോക്കി പാലക്കലിന്‍റെയും, യൂറോപ്യന്മാരായിരുന്ന മഹാമിഷണറിമാരുടെയും മഹിത പാരമ്പര്യം കാത്തുസൂക്ഷിക്കാന്‍ സഭാധികാരികള്‍ ശ്രദ്ധിച്ചിരുന്നു.

മഹാജനസഭയുടെ മഹിത നേതാക്കന്മാരായിരുന്ന പി.എം. മാര്‍ക്കോസും, പി. ചാക്കോയും സംസ്ഥാന അസംബ്ലി അംഗങ്ങളായിരുന്നു. ദലിത് ക്രൈസ്തവരുടെ മാത്രമല്ല, എല്ലാ വിഭാഗം ജനങ്ങളുടെ കൂടി നേതാക്കന്മാരുമായിരുന്നു അവര്‍. സഭ ഇവര്‍ക്കു നല്കിയിരുന്ന പിന്‍ബലവും പരിഗണനയും സംരക്ഷണവും പിന്‍വലിച്ചതു മുതലാണു ദലിത് ക്രൈസ്തവരുടെ സാമൂഹികജീവിതം പിന്നോട്ടടിക്കാന്‍ തുടങ്ങിയത് എന്നു കാണാനാകും. ഇത് എങ്ങനെ സംഭവിച്ചു എന്നു നോക്കാം.

സഭയുടെ സാമൂഹിക പ്രതിബദ്ധത
തിരുസ്സഭ സുവിശേഷവല്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത് കൗദാശിക ശുശ്രൂഷ, സാമൂഹികശുശ്രൂഷ എന്നീ ദ്വിവിധ ശുശ്രൂഷകളിലൂടെയാണെന്നു രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍, ആവര്‍ത്തിച്ചു പ്രബോധിച്ചിട്ടുണ്ട്. വിദ്യാഭ്യാസം, ആതുരശുശ്രൂഷ, അഗതീ പരിപാലനം, നീതിക്കായുള്ള ഇടപെടലുകള്‍ എന്നിവ വഴിയായിരുന്നു സാമൂഹിക ശുശ്രൂഷ മുഖ്യമായും സഭ നിര്‍വ്വഹിച്ചിരുന്നത്. ജാതിമത പ്രാദേശിക വ്യത്യാസങ്ങള്‍ പരിഗണിക്കാതെ, സമൂഹത്തിലെ നിന്ദിതരും നിരാലംബരുമായവരെ കേന്ദ്രീകരിച്ചു കൊണ്ടായിരുന്നു സഭ സാമൂഹികശുശ്രൂഷ നടത്തിയിരുന്നത്.

1991-ല്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ സാമ്പത്തിക നയം സ്വീകരിച്ചതിനു ശേഷം വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളും, ആശുപത്രി നടത്തലും ലാഭമുണ്ടാക്കാന്‍ ഉപയോഗിക്കുന്ന വ്യാവസായിക പ്രവര്‍ത്തനമായി പരിണമിക്കുകയുണ്ടായി. ലാഭേച്ഛുക്കളായ പല വ്യവസായികളും ഈ രംഗത്തേക്കു നിരങ്കുശം കടന്നുവന്നു. നൂറ്റാണ്ടുകളായി ഈ മണ്ഡലത്തില്‍ പ്രേഷിത തീക്ഷ്ണതയില്‍ നിറഞ്ഞു സേവനം ചെയ്തു വന്നിരുന്ന കേരള സഭയ്ക്കു പുതിയ നയങ്ങള്‍ കടുത്ത പ്രതിസന്ധി ഉളവാക്കി. ഉപവിയും വ്യവസായവും തമ്മില്‍ നടന്ന മത്സരത്തില്‍ വ്യവസായ പക്ഷത്തേക്കു സഭാസ്ഥാപനങ്ങള്‍ അറിഞ്ഞോ അറിയാതെയോ ചാഞ്ഞു പോയി എന്നതാണ് വസ്തുത. സാമൂഹിക ശുശ്രൂഷ, സ്ഥാപന ശുശ്രൂഷയായി വേഷം മാറി. സ്ഥാപനശുശ്രൂഷയുടെ ഗുണഭോക്താക്കള്‍ സമൂഹത്തിലെ സമ്പന്നവിഭാഗമായി മാറി. ഉപവിക്കു പകരം പ്രൊഫഷണലിസം മുന്‍കൈ നേടി. പണമില്ലാത്തവര്‍ മാറ്റി നിറുത്തപ്പെട്ടു. സുവിശേഷ മൂല്യങ്ങളും തിരുസ്സഭയുടെ സാമൂഹിക പ്രബോധനങ്ങളും സൗകര്യപൂര്‍വ്വം തഴയപ്പെടാന്‍ തുടങ്ങി. ജനസംരക്ഷണത്തിനു പകരം സ്ഥാപന സംരക്ഷണം മുഖ്യ അജണ്ടയായി മാറി.

സഭയുടെ ഭരണ സംവിധാനത്തില്‍ ഉണ്ടായ വളര്‍ച്ചയാണ്, രണ്ടാമത്തെ മാറ്റത്തിനു നിമിത്തമായി മാറിയത്. ദൈവാനുഗ്രഹത്താല്‍ കേരളത്തിലെ സീറോ-മലബാര്‍ സഭയും സീറോ-മലങ്കര സഭയും സ്വയംഭരണാധികാരമുള്ള മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സഭകളായി ഉയര്‍ത്തപ്പെട്ടത് ഇക്കാലയളവിലാണ്. മാര്‍ തോമാശ്ലീഹായുടെ പാരമ്പര്യം പേറുന്ന കേരള സഭയ്ക്കു ലഭിച്ചത് വലിയ അംഗീകാരമാണ്. ഇതു വഴി ധാരാളം ദൈവാനുഗ്രഹങ്ങള്‍ വര്‍ഷിക്കപ്പെടുന്നുണ്ട്. എന്നാല്‍ ഇതോടൊപ്പം തെറ്റായ ചില പ്രവണതകള്‍ കൂടി കടന്നു വന്നിട്ടുണ്ടോയെന്നു കൂടി പരിശോധിക്കപ്പെടേണ്ടതാണ്. കേരളത്തിലെ ലത്തീന്‍ സഭയുള്‍പ്പെടെ എല്ലാ സഭാവിഭാഗങ്ങളും സ്വന്തം തനിമ അന്വേഷിച്ചു കൊണ്ട് ശുദ്ധ പാരമ്പര്യ സംരക്ഷണത്തിന്‍റെ പേരുപറഞ്ഞു പൊതുഒരുമയില്‍ നിന്നും അകന്നുപോകാന്‍ ശ്രമിക്കുന്നുണ്ട് എന്നത് അനുഭവമാണ്. സെമിനാരി പരിശീലനം, മതബോധന സംവിധാനങ്ങള്‍, അല്മായ യുവജനശുശ്രൂഷകള്‍ എന്നിവയൊക്കെ റീത്തടിസ്ഥാനത്തില്‍ വേര്‍തിരിച്ചത് മൂലം കേരള കത്തോലിക്കാ സഭാഗാത്രത്തില്‍ ഉണ്ടായിട്ടുള്ള കുറവുകള്‍ എത്ര വലുതാണെന്നു കാലാന്തരേ മനസ്സിലാകുകയുള്ളൂ. വ്യക്തിസഭകള്‍ക്കുള്ളിലെ പ്രാദേശിക വേര്‍തിരിവുകള്‍ വേറെ.

മാറ്റവും ദലിതരും
കഴിഞ്ഞ രണ്ടു പതിറ്റാണ്ടു കൊണ്ട് കേരള സഭയ്ക്കു സംഭവിച്ച ഈ മാറ്റം രൂപംകൊടുത്ത ബലിയാടുകളില്‍ ഒന്നാം സ്ഥാനം ദലിത് ക്രൈസ്തവര്‍ക്കാണ്. സര്‍ക്കാരിന്‍റെ വിവേചനവും അവഗണനയും മൂലം പാര്‍ശ്വവല്ക്കരിക്കപ്പെട്ടിരുന്ന ഈ ജനവിഭാഗത്തിന്‍റെ പൗരജീവിതവും സാമൂഹിക ജീവിതവും പച്ച പിടിപ്പിക്കാന്‍ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്തതു സഭയായിരുന്നു. ഇവരുടെ ഏക ആശ്രയമായിരുന്ന സഭയുടെ പിന്‍വലിയലില്‍ ദലിത് ക്രൈസ്തവരുടെ സാമൂഹിക അസ്തിത്വം പോലും ചോദ്യം ചെയ്യപ്പെടുകയാണ്. അതിന്‍റെ പ്രത്യക്ഷ ലക്ഷണങ്ങളാണ്, ഉദ്യോഗം, വിദ്യാഭ്യാസം എന്നീ രംഗങ്ങളില്‍ അവര്‍ക്കുണ്ടായ പിന്നാക്കം പോകല്‍. ഇതോടനുബന്ധിച്ച് സാമ്പത്തിക, രാഷ്ട്രീയ, സാംസ്കാരിക രംഗങ്ങളിലെല്ലാം ദലിത് ക്രൈസ്തവരുടെ ഒഴിഞ്ഞുപോകല്‍ കാണാം.

ഒരു ജനവിഭാഗത്തിന്‍റെ വികസനത്തിനു മൂന്നു തലത്തിലുള്ള സമീപനം വേണമെന്നാണു സാമൂഹികശാസ്ത്രം പറയുന്നത്. ഉപവി, സ്ഥാപനം, ശക്തീകരണം. സഭയുടെ ഉപവി പ്രവര്‍ത്തനങ്ങളുടെ പ്രധാന ഗുണഭോക്താക്കള്‍, പ്രാദേശിക തലത്തിലെങ്കിലും ദലിത് ക്രൈസ്തവരായിരുന്നു. എന്നാല്‍ ഇക്കാലത്തെ സ്ഥിതിവിശേഷം ആകെ മാറിക്കഴിഞ്ഞു. ഉപവി ഫണ്ടുകളുടെ സിംഹഭാഗവും വക മാറ്റപ്പെട്ടു കഴിഞ്ഞു. സ്ഥാപനങ്ങളുടെ സംരക്ഷണം ഫലപ്രദമായി ഇവര്‍ക്ക് ലഭിക്കുന്നില്ല എന്നതാണ് സ്ഥിതിവിവരക്കണക്കുകള്‍ കാണിക്കുന്നത്. അഡ്മിഷനും അപ്പോയ്മെന്‍റിനും ജനസംഖ്യാനു പാതികമായ പ്രാതിനിദ്ധ്യം പോലും ഈ വിഭാഗത്തിനു ലഭിക്കുന്നില്ല. മെത്രാന്‍ സമിതിയുടെ കൂട്ടായ തീരുമാനപ്രകാരമുള്ള നിര്‍ദ്ദേശങ്ങളും സീറ്റുവിതരണവും ഫലപ്രദമായി രൂപതകളിലും സന്ന്യാസ സമൂഹങ്ങളിലും നടപ്പാക്കപ്പെടുന്നില്ല. ഭരണഘടന വാഗ്ദാനം ചെയ്തിട്ടുള്ള ന്യൂനപക്ഷ അവകാശങ്ങളിലാണു കത്തോലിക്കാസഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം കെട്ടിപ്പടുക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ സ്വന്തം പട്ടികജാതി അവകാശം ഉപേക്ഷിച്ചു സഭയില്‍ തുടരുന്ന ഈ നിസ്വര്‍ക്കു ന്യൂനപക്ഷാവകാശത്തിന്‍റെ പരിരക്ഷ തീര്‍ത്തും ലഭിക്കുന്നില്ല എന്നത് എത്ര ക്രൂരമാണ്.

ചില നിര്‍ദ്ദേശങ്ങള്‍
ദലിത് ക്രൈസ്തവരുടെ സാമൂഹിക ശക്തീകരണത്തിനുള്ള അടിയന്തിര ചില നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നു.

* ദലിത് ക്രൈസ്തവരുടെ നീതി നിഷേധത്തിനെതിരെയുള്ള പോരാട്ടം അവരുടെ മാത്രം പ്രശ്നമായി ചുരുക്കി കാണാതെ കേരള സഭയുടെ മുഖ്യ വിഷയമായി ഏറ്റെടുക്കണം. രാഷ്ട്രീയ-നിയമ പോരാട്ടങ്ങള്‍ക്കു നേതൃത്വം നല്കണം.

* സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ദലിത് ക്രൈസ്തവരുടെ വിദ്യാഭ്യാസ നിലവാരം, ഉദ്യോഗലഭ്യതാ പാടവം എന്നിവ വളര്‍ത്താനുള്ള പ്രത്യേക പരിപാടികള്‍ ആവിഷ്കരിച്ചു ഫലപ്രദമായി നടപ്പാക്കണം. സഭയുടെയും സന്ന്യാസ സമൂഹങ്ങളുടെയും എല്ലാ സ്ഥാപനങ്ങളിലും സഭയുടെ ദലിത് നയരേഖയനുസരിച്ചുള്ള പ്രാതിനിധ്യം അഡ്മിഷനും അപ്പോയ്മെന്‍റിനും ഉറപ്പാക്കണം.

* ഈ വിഭാഗത്തിന്‍റെ സാമൂഹിക നേതൃത്വ വികസനത്തിനായി പരിപാടികള്‍ ബോധപൂര്‍വ്വം ആവിഷ്കരിച്ച് നടപ്പാക്കണം. ജനപ്രതിനിധികളായി ദലിത് ക്രൈസ്തവരെ ഉയര്‍ത്തിക്കൊണ്ടു വരുവാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ മുഖ്യധാരാ രാഷ്ട്രീയ കക്ഷികളോട് ആവശ്യപ്പെടണം.

* ദലിത്ക്രൈസ്തവരുടെ വികസനത്തിനായി ഓരോ രൂപതയും എല്ലാ സന്ന്യാസ സമൂഹങ്ങളും (പ്രത്യേകിച്ച് ദലിത് പ്രാമുഖ്യമുള്ള രൂപതകള്‍) നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും ചെലവാക്കിയ പണത്തെ സംബന്ധിച്ചും എല്ലാ വര്‍ഷവും ധവളപത്രം പുറത്തിറക്കണം.

* സി.ബി.സി.ഐ. യുടെ ദലിത് നയം എല്ലാ രൂപതകളിലും ക്രമാനുക്രമമായി നടപ്പിലാക്കണം. ഇതിനുള്ള മേല്‍നോട്ടം വഹിക്കാനുള്ള ചുമതലയും അധികാരവും എസ്.സി./എസ്.റ്റി./ബി.സി. കമ്മീഷനു നല്കണം.

* ദലിത് ക്രൈസ്തവരുടെ സാമൂഹിക വികസനത്തിനാവശ്യമായ സംവിധാനങ്ങള്‍ കേരള സഭയ്ക്കു തന്നെയുണ്ടെന്നു തിരിച്ചറി യുകയും അതിനു തക്ക വിധത്തിലുള്ള പുനഃക്രമീകരണങ്ങള്‍ നടത്താന്‍ വേണ്ട തീരുമാനങ്ങള്‍ എടുക്കണം. തദനുസരണം സഭാ ശുശ്രൂഷകളിലും കാഴ്ചപ്പാടുകളിലും മനോഭാവത്തിലും മാറ്റങ്ങള്‍ വരുത്തണം.

ഉപസംഹാരം
രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രബോധനങ്ങള്‍ക്കനുസരിച്ച് ദൈവജനത്തിന്‍റെ സമ്പൂര്‍ണ്ണ പങ്കാളിത്തമുള്ള പ്രാദേശിക സഭയായി കേരള സഭ മാറാന്‍ തയ്യാറാകുന്നെങ്കില്‍ മാത്രമേ മുകളില്‍ കുറിച്ച കാര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയൂ. അതിനായി സ്ഥാപനങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും അതിലംഘിക്കുന്ന പ്രാധാന്യം മതത്തിന്‍റെ മൂല്യത്തിനു നല്കേണ്ടിയിരിക്കുന്നു. ക്രൈസ്തവീകതയുടെ മൂല്യം യേശുക്രിസ്തു തന്നെയാണല്ലോ.

"അവരെ (ദലിത് ക്രൈസ്തവര്‍) സമൂഹത്തിലെ മറ്റു അംഗങ്ങളില്‍നിന്നും മാറ്റി നിറുത്താന്‍ പാടില്ല. ക്രൈസ്തവരുടെ ഇടയില്‍ ജാതിബോധവുമായി ബന്ധപ്പെട്ട മുന്‍വിധികള്‍ നിലവിലുണ്ടെന്നതോ ന്നല്‍ ഉണ്ടെങ്കില്‍ പോലും അവ മാനവൈക്യത്തിനെതിരെയുള്ള പ്രതിസാക്ഷ്യവും, യഥാര്‍ത്ഥ ആത്മീയതയ്ക്കുള്ള ഭീഷണിയും, തിരുസ്സഭയുടെ സുവിശേഷവല്ക്കരണ ദൗത്യത്തിനെതിരെയുള്ള ഗൗരവമായ തടസ്സവുമാണ്. ആയതിനാല്‍ ജാതിവിഭജനത്തെ ശാശ്വതീകരിക്കുകയും ബലപ്പെടുത്തുകയും ചെയ്യുന്ന ആചാരങ്ങളും പാരമ്പര്യങ്ങളും സൂക്ഷ്മബോധത്തോടെ നവീകരിക്കണം. അതുവഴി അവര്‍ സമസ്ത ക്രൈസ്തവരുടെയും ഐക്യദാര്‍ഢ്യത്തിന്‍റെ ഭാവ പ്രകാശനമായി മാറട്ടെ." (വിശുദ്ധ ജോണ്‍ പോള്‍ പാപ്പ, തമിഴ്നാട് മെത്രാന്മാര്‍ക്കുള്ള സന്ദേശം, നവംബര്‍ 17, 2003).

joygoturut@gmail.com
Mob: 9495505930

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org