തിരുസഭ: രോഗലക്ഷണങ്ങളെയല്ല, രോഗകാരണങ്ങളെ ചികിത്സിക്കുക

തിരുസഭ:  രോഗലക്ഷണങ്ങളെയല്ല,  രോഗകാരണങ്ങളെ ചികിത്സിക്കുക

ജോണ്‍ പോള്‍

സഭയും സമൂഹവും രണ്ടായി വര്‍ത്തിക്കുമ്പോള്‍ തന്നെ സമൂഹത്തിന്‍റെ താത്പര്യങ്ങള്‍ സഭയുടെയും സഭയുടെ താത്പര്യങ്ങള്‍ സമൂഹത്തിന്‍റെയും താത്പര്യങ്ങളാകുകയും ഇവ തമ്മിലുള്ള ബന്ധത്തില്‍ ശൈഥില്യമില്ലാതിരിക്കുകയും ചെയ്യുമ്പോഴാണ്, സഭയെ ഏതു മണ്ണിലാണോ വേരാഴ്ത്തി വച്ചിരിക്കുക, ആ മണ്ണും സംസ്കാരവുമായി അനുരൂപണപ്പെട്ടുകൊണ്ടുള്ള ഒരു പ്രേഷിത പ്രവര്‍ത്തനം സാദ്ധ്യമാകുന്നത്. സൈന്യങ്ങളുടെ യഹോവയില്‍ നിന്നും പാപമോചനത്തിനായി സ്വയം ബലിയായി സമര്‍പ്പിച്ചവന്‍റെ വിശ്വാസധാരയിലേയ്ക്കുള്ള പരിവര്‍ത്തനത്തിന്‍റെ കഥയാണ് പുതിയ നിയമം സാക്ഷ്യപ്പെടുത്തുന്നത്. അവിടം മുതല്‍ ഇന്നു വരെയുള്ള പ്രയാണത്തില്‍ ക്രൈസ്തവികതയുടെ ഒരു പരിണാമപ്രക്രിയയെ ഒന്നു പരിശോധിക്കേണ്ടതുണ്ട്. ഇന്നു നമുക്കിടയില്‍ ക്രിസ്തു കടന്നു വന്നാല്‍ ക്രിസ്തു നമുക്ക് അപരിചിതനായിരിക്കുമോ, സുപരിചിതനായിരിക്കുമോ? ക്രിസ്തുവില്‍ നിന്ന് എത്രത്തോളം നാം അകന്നു പോകുന്നുവെന്നത് ചുഴിഞ്ഞിറങ്ങി നാം പരിശോധിക്കേണ്ട കാര്യമാണ്.

ആന്തരീകമായ വെല്ലുവിളികളെ മറികടന്നുകൊണ്ട്, അതിനുള്ള പരിഹാരം ആന്തരീകമായി തന്നെ കണ്ടെത്തിക്കൊണ്ട് നമ്മുടെ വിശ്വാസബോദ്ധ്യത്തിന്‍റെയും ദാര്‍ഢ്യത്തിന്‍റെയും ഒരു തലത്തില്‍ നിന്നു കൊണ്ടു മാത്രമേ നമുക്ക് ബാഹ്യമായ വെല്ലുവിളികളെ നേരിടാനുള്ള ആര്‍ജ്ജവം ഉണ്ടാകുകയുള്ളൂ. പ്രതിബന്ധങ്ങള്‍ മറികടക്കാനുള്ള മറ്റ് ശ്രമങ്ങള്‍ രോഗലക്ഷണങ്ങളെ മാത്രം പരിഹരിക്കുന്നതാണ്. എവിടെയാണു നമുക്കു പിഴവുകള്‍ സംഭവിച്ചതെന്നു നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. വിശ്വാസം എന്നതു പ്രഘോഷിക്കാന്‍ മാത്രമുള്ളതല്ല, ജീവിതത്തിലൂടെ പ്രതിഫലിപ്പിച്ചു കാണിക്കാന്‍ കൂടിയുള്ളതാണ്. അങ്ങനെയൊരു മാതൃകയാണ് ക്രിസ്തു കാണിച്ചു തന്നത്. അങ്ങനെയുള്ള മാതൃകകളാണ് അപ്പസ്തോലന്മാരും പ്രവാചകരും വിശുദ്ധരും കാണിച്ചു തന്നത്. ജീവിതമായിരുന്നു അവരുടെയെല്ലാം സന്ദേശം.

അതിന്‍റെ പശ്ചാത്തലത്തില്‍ നമ്മുടെ വര്‍ത്തമാനകാലത്തേയ്ക്കു നാം നോക്കുമ്പോള്‍ നമുക്കു കാണാന്‍ കഴിയുന്നത് വളരെ നിര്‍ഭാഗ്യകരമായ ഒരുപാട് അവസ്ഥാന്തരങ്ങളാണെന്നുള്ളതാണു സത്യം. എവിടെയാണ് നമുക്ക് ഇടര്‍ച്ചകള്‍ സംഭവിക്കുന്നത്? അതു പറയുക എളുപ്പമല്ല. കാരണം, 21 നൂറ്റാണ്ടോളം പഴക്കമുള്ള നമ്മുടെ വിശ്വാസനൈരന്തര്യത്തിന്‍റെ ഇടര്‍ച്ചകളെയാണ് നമുക്ക് അക്കമിട്ടു നിരത്തേണ്ടത്. ക്രിസ്തു ജീവിച്ചിരുന്ന കാലത്തെ ഏതാനും ആളുകള്‍ക്കിടയിലാണ് ക്രിസ്തുമതം ആരംഭിച്ചതെങ്കിലും അത് ഒരുപാടൊരുപാട് പടര്‍ന്നു വളര്‍ന്നത്, ക്രിസ്തുശിഷ്യന്മാര്‍ നടത്തിയ അക്ഷീണമായ പരിശ്രമങ്ങളുടെ ഫലമായിട്ടാണ്.

ദക്ഷിണാഫ്രിക്കയിലെ ഇടുങ്ങിയ തെരുവുകളിലെ ചാളകളില്‍ താമസിക്കുന്ന ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ നാം പ്രയോഗിക്കുന്ന രസതന്ത്രമല്ല ഈ ഭാരതത്തിന്‍റെ മണ്ണിലേയ്ക്കു വരുമ്പോള്‍ നാം പ്രയോഗിക്കേണ്ടത്. സാംസ്കാരികമായ അനുരൂപണം വിശ്വാസപ്രഘോഷണത്തില്‍ നാം അവലംബിക്കേണ്ടതുണ്ട്. അതു പൂര്‍ണമായി അവലംബിക്കുമ്പോള്‍ കൊടുക്കല്‍ വാങ്ങലുകള്‍ ധാരാളമാവശ്യമായി വരും. പല നാടുകളിലും വിദേശ മിഷണറിമാരും വ്യാപാരികളും ശക്തികളും കടന്നു ചെന്നപ്പോള്‍ വിഷം പുരട്ടിയ അമ്പുകളുമായിട്ടാണു സ്വീകരിച്ചതെങ്കില്‍ നമ്മുടെ കൊച്ചുകേരളം ഇളനീര്‍ കൊടുത്താണ് വിദേശികളെ ആശ്ലേഷിച്ചത്. അങ്ങനെയൊരു പാരമ്പര്യം നമുക്കുണ്ട്. ഈ വസ്തുത വേണ്ടവിധം അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ടോ നമ്മുടെ ചരിത്രത്തില്‍ എന്നത് നാം ചിന്തിക്കണം. തോമാശ്ലീഹാ വന്നു മാര്‍ഗ്ഗം കൂട്ടിയ നമ്പൂതിരിമാരിലാണു നമ്മുടെ വംശാവലിയെന്ന പച്ചക്കള്ളം നാം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. തോമാശ്ലീഹാ വന്ന നൂറ്റാണ്ടില്‍ നമ്പൂതിരിമാര്‍ എന്ന വര്‍ഗം കേരളത്തിലെത്തിയിട്ടില്ല. പിന്നെങ്ങിനെയാണ് അവരെ മാര്‍ഗം കൂട്ടുന്നത്?

തോമാശ്ലീഹാ ഇവിടെ വന്നിട്ടില്ലെന്നു വാദിക്കുന്ന ചരിത്രകാരന്മാരുണ്ട്. അവര്‍ക്കു സഭയുടെ പണ്ഡിതന്മാര്‍ മറുപടിയും നല്‍കിയിട്ടുണ്ട്. തോമാശ്ലീഹാ വന്നിട്ടില്ല എന്നതിനു വ്യക്തമായ തെളിവുകളില്ല, വന്നു എന്നതിനും ഏതു കോടതിയിലും സ്ഥാപിക്കാന്‍ കഴിയുന്ന തെളിവുകളില്ല.

പുതിയ കാലഘട്ടത്തില്‍ പുതിയ രൂപകങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള വിശദീകരണങ്ങളും വ്യാഖ്യാനങ്ങളും നല്‍കാന്‍ നമ്മുടെ ആത്മീയനേതൃത്വത്തിനു സാധിക്കണം. അതു സാധിക്കുന്നില്ലെങ്കില്‍ ഉണ്ടാകാവുന്ന വിപത്തുകളും നമ്മള്‍ തിരിച്ചറിയണം.

യഥാര്‍ത്ഥ ദൈവവിളി ലഭിച്ച ശേഷം വൈദികരും കന്യാസ്ത്രീകളുമാകാന്‍ വരുന്നവരെത്ര പേരുണ്ട് എന്നതും ചിന്തനീയമാണ്. സാങ്കേതികവിദ്യയുടെ മേധാവിത്വത്തിനു വല്ലാതെ വിധേയപ്പെട്ടുകൊണ്ടുള്ള നമ്മുടെ ജീവിതമുണ്ടാക്കുന്ന ഒരുപാടു പ്രശ്നങ്ങളുണ്ട്. അതിനിടയില്‍ എന്തുകൊണ്ടു ദൈവവിളികള്‍ കുറയുന്നു? അഥവാ ദൈവവിളികള്‍ ഉണ്ടെങ്കില്‍ തന്നെ ഇതിനു വേണ്ടി കടന്നു വരുന്ന അമ്പതു ശതമാനം പേരെങ്കിലും യഥാര്‍ത്ഥ ദൈവവിളിയുടെ പേരിലാണോ കടന്നു വരുന്നത്? ഈയൊരു പദവി സ്വീകരിച്ചാല്‍ ലഭിക്കുന്ന സാമ്പത്തികവും ഭൗതികവുമായ സുരക്ഷിതത്വം അവരെ ആകര്‍ഷിക്കുന്നതിലെ ഒരു മുഖ്യഘടകമാണോ? നമ്മുടെ ആത്മീയ നേതൃത്വത്തിന് യഥാര്‍ത്ഥമായ ആത്മീയ ചൈതന്യമില്ലെങ്കില്‍ നമ്മുടെ സഭ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അതാണെന്നു ഞാന്‍ പറയും. കാരണം, വളര്‍ന്നു വരുന്ന പുതിയ തലമുറ ദേവാലയത്തില്‍ നിന്നകന്നു പോകുന്നുവെങ്കില്‍ അവരെ തിരിച്ചുകൊണ്ടുവരാന്‍ ആകാശത്തേയ്ക്കു കൈകള്‍ ഉയര്‍ത്താനും അവരുടെ നെറുകയില്‍ കൈകള്‍ വയ്ക്കാനും അവരെ ചേര്‍ത്തണയ്ക്കാനും കഴിയണമെങ്കില്‍ വിശ്വാസത്തിന്‍റെ ദാര്‍ഢ്യവും സ്ഥൈര്യവും ചൈതന്യവും ഉണ്ടാകണം. അതുണ്ടാകുന്നതിനു സഹായകരമാകുന്നുണ്ടോ നമ്മുടെ സാമൂഹ്യരസതന്ത്രവും ശുശ്രൂഷാരീതികളും എന്നുള്ളത് പുനപരിശോധിക്കേണ്ടിയിരിക്കുന്നു.

ചാവറയച്ചനെ കുറിച്ചുള്ള ചില പ്രഭാഷണങ്ങള്‍ക്കു ചെന്നപ്പോള്‍ വിശുദ്ധന്‍ ചെയ്ത അത്ഭുതങ്ങളെ കുറിച്ചു പറയൂ എന്നെന്നോട് ആവശ്യപ്പെട്ടവരുണ്ട്. നേര്‍ച്ചപ്പെട്ടിയുടെ പിന്നില്‍ നില്‍ക്കുന്ന ചാവറയച്ചനെ എനിക്കു പരിചയമില്ല എന്ന് അല്‍പം പരുഷമായി എനിക്കു പറയേണ്ടി വന്നു. എവുപ്രാസ്യാമ്മ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട ശേഷം ആ തീര്‍ത്ഥാടനകേന്ദ്രത്തില്‍ ചെന്ന എന്നോട് ഒരാള്‍ എവുപ്രാസ്യാമ്മയുടെ മുറിയില്‍ കര്‍ത്താവു വന്നു വി.കുര്‍ബ്ബാന ചൊല്ലിയിട്ടുണ്ടെന്ന് പറഞ്ഞു. ഞാന്‍ അമ്പരന്നു പോയി. എവുപ്രാസ്യാമ്മ മേനാച്ചേരി പിതാവിനയച്ച കത്തില്‍ ഇതു പറയുന്നുണ്ടെന്നാണ് അവര്‍ പറഞ്ഞത്. വിശുദ്ധയുടെ കത്തുകള്‍ ഞാനും വായിച്ചിട്ടുള്ളതാണ്. ദിവ്യബലി കാണാന്‍ കഴിയാത്ത ദിവസം മാതാവും മാലാഖമാരും വന്നു ബലിപീഠമൊരുക്കുകയും കര്‍ത്താവു വന്നു ബലിയര്‍പ്പിക്കുകയും ചെയ്തുവെന്നു വിശുദ്ധ എഴുതിയ കത്തിലുണ്ട്. അതിന്‍റെ അടിയില്‍ ഇതെല്ലാം എന്‍റെ തോന്നലുകളാണു പിതാവേ എന്നും എഴുതിച്ചേര്‍ത്തിട്ടുണ്ട്. അവരുടെ മനസ്സാകുന്ന അള്‍ത്താരയിലാണ് ക്രിസ്തുവിന്‍റെ ബലിയുടെ പ്രതീകാത്മക സാന്നിദ്ധ്യം അനുഭവിച്ചതെന്നു വളരെ വ്യക്തമായ ഭാഷയില്‍ എഴുതിയിട്ടുണ്ട്. ഇതു മനസ്സിലാക്കാതെ ഇതുപോലെ അത്ഭുതങ്ങളില്‍ അഭിരമിക്കാനുള്ള ആഗ്രഹം സഭകള്‍ നേരിടുന്ന ഒരു വെല്ലുവിളിയാണ്. കര്‍ത്താവിന്‍റെ കുര്‍ബാനയെന്നു പറയുന്നത് ലോകരക്ഷയ്ക്കായി സ്വയം ബലി നല്‍കിയതിനെയാണ്. ദിവ്യബലിയുടെ പ്രതീകാത്മകമായ പ്രസക്തിയും പ്രാധാന്യവും അതിലൂടെ നാം നിര്‍വഹിക്കുന്നതെങ്ങനെയാണ് എന്ന ബോദ്ധ്യം നമുക്കില്ല എന്നര്‍ത്ഥം.

സഭ നേരിടുന്ന വിശ്വാസബാഹ്യമായ വെല്ലുവിളികളെ നേരിടണമെങ്കില്‍ ആന്തരീകമായ വെല്ലുവിളികളെ നേരിട്ട് സഭ വിശ്വാസത്തിന്‍റെ ആഴമുള്ള മണ്ണില്‍ വേരുറപ്പിച്ചു നില്‍ക്കാനുള്ള നട്ടെല്ലും തന്‍റേടവും വീണ്ടെടുക്കണം. അതുണ്ടായിരുന്നൊരു കാലഘട്ടം നമ്മുടെ മുമ്പിലുണ്ട്. ചോരപ്പുഴകളുടെ കാലഘട്ടങ്ങള്‍ ആവര്‍ത്തിക്കാന്‍ വേണ്ടിയായിരിക്കരുത് നമ്മുടെ ചുവടുവയ്പുകള്‍ എന്നു നമ്മള്‍ തിരിച്ചറിയണം. വളരെ വര്‍ഗീയമായ നിലപാടുകളിലൂടെ ക്രൈസ്തവികതയെ പാര്‍ശ്വവത്കരിച്ചുകൊണ്ട് ഏതെല്ലാം വിധത്തില്‍ തമസ്കരിക്കാമോ, അധിക്ഷേപിക്കാമോ അങ്ങനെയെല്ലാം ചെയ്യാനുള്ള ശ്രമങ്ങള്‍ ഇവിടെ നടക്കുന്നുണ്ട്, സത്യമാണ്. പള്ളികള്‍ പണ്ട് അമ്പലങ്ങളായിരുന്നു എന്ന മട്ടിലുള്ള പ്രചാരണങ്ങള്‍ നടക്കുന്നു. അതിനു മറുപടി പറയേണ്ടത് പൊള്ളയായ അവകാശവാദങ്ങള്‍ നിരത്തിയിട്ടല്ല. ഈ മണ്ണിന്‍റെ ചരിത്രത്തിലേയ്ക്കു നമ്മള്‍ തിരിഞ്ഞു നോക്കണം. ക്രിസ്തുമതം വരുന്നതിനു മുമ്പ്, ഹൈന്ദവമതം ഒരു സംസ്കാരമായി സ്ഥാനം പിടിക്കുന്നതിനു മുമ്പ് ബൗദ്ധമതമാണ് ഇവിടെ ഭരിച്ചിരുന്നത്. ബുദ്ധക്ഷേത്രങ്ങളാണ്, ഹൈന്ദവക്ഷേത്രങ്ങളല്ല ഇവിടെയുണ്ടായിരുന്നത്. അങ്ങനെ അതിനു മുമ്പുള്ള വേരുകളിലേയ്ക്കു നമ്മള്‍ പോകുന്നുവെങ്കില്‍, ഹൈന്ദവമതത്തിനു ഇവിടെ അമ്പലങ്ങള്‍ സ്ഥാപിക്കാമെങ്കില്‍ ക്രൈസ്തവമതത്തിനു പള്ളികളും സ്ഥാപിക്കാമെന്ന ആര്‍ക്കും മനസ്സിലാകുന്ന യുക്തിസഹമായ വാദങ്ങള്‍ നമുക്കു നല്‍കാനാകും. പഠിക്കേണ്ടതു പഠിക്കാതെ, തത്കാലവിജയത്തിനുള്ള കാര്യങ്ങള്‍ പറയുകയല്ല വേണ്ടത്.

സഭ ഇടപെടേണ്ടതും പഠിക്കേണ്ടതുമായ ഒരുപാടു കാര്യങ്ങളുണ്ട്. അതു ചെയ്യാതെ വിശ്വാസേതരമായ കാര്യങ്ങളില്‍ സഭ എന്തിന് ഇടപെടണം? അങ്ങനെ ഇടപെട്ടുകൊണ്ടു സമൂഹമദ്ധ്യേ അപഹാസ്യരായി നില്‍ക്കുന്ന പലരേയും ന്യായസ്ഥരെന്നു വിളിക്കാന്‍ എന്തിനു സഭാമേലദ്ധ്യക്ഷന്മാര്‍ മുന്നിട്ടിറങ്ങണം? ആര്‍ക്കുവേണ്ടിയാണോ നാം ഈ ന്യായവാദങ്ങള്‍ നിരത്തുന്നത്, അവര്‍ ക്രൈസ്തവികതയുടെ വോട്ടുബാങ്കുകളേയും ആനൂകൂല്യങ്ങളേയും ആവോളം നുകര്‍ന്നെടുത്തിട്ട്, ക്രൈസ്തവസഭ ഭാരതത്തില്‍ പ്രതിസന്ധികള്‍ നേരിട്ടപ്പോള്‍ സ്വന്തം പദവികള്‍ വിട്ടിട്ടു സഭയോടൊപ്പം നില്‍ക്കാന്‍ മടിച്ചവരാണ്. സ്വന്തം പദവികള്‍ക്കുവേണ്ടി സഭയെ ചവിട്ടുപടികളായി ഉപയോഗിക്കുക മാത്രമാണ് അവരൊക്കെ ചെയ്തിട്ടുള്ളതെന്നു നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. അവരുടെ വീഴ്ചകളില്‍ കൈ പിടിച്ചെഴുന്നേല്‍പിക്കുന്നതിനു പകരം വിശ്വാസിസമൂഹത്തെ കൂടുതല്‍ ഉന്നതങ്ങളിലേയ്ക്കു നയിക്കുന്നതിനുള്ള ഉത്തരവാദിത്വം സ്വയം തിരിച്ചറിയാന്‍ സഭാനേതൃത്വം തയ്യാറാകണം.

നമ്മുടെ ക്രൈസ്തവസഭയുടെ രൂപഘടനയെ നിരവധി പ്രസ്ഥാനങ്ങള്‍ അനുകരിച്ചിട്ടുണ്ട്. ഏറ്റവുമധികം അനുകരിച്ചിട്ടുള്ളത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമാണ്. ഇടവക മുതല്‍ റോമന്‍ കൂരിയ വരെ നമുക്കുള്ളതു പോലെ ലോക്കല്‍ കമ്മിറ്റി മുതല്‍ പോളിറ്റ് ബ്യൂറോ വരെ അവര്‍ക്കുണ്ട്. ഏറ്റവും സുഘടിതമായ രീതിയില്‍ ഒരു പ്രസ്ഥാനം കൊണ്ടു പോകുന്നതിന് 21 നൂറ്റാണ്ടിന്‍റെ ചരിത്രമുള്ള ഒരു മാതൃകയെ അവര്‍ അനുകരിക്കുന്നു. നമ്മുടെ പല മാതൃകകളും ഇങ്ങനെ അനുവര്‍ത്തിക്കപ്പെട്ടിട്ടുണ്ട്. ചാവറയച്ചനാണ് പിടിയരി എന്ന ധനസമാഹരണരീതി കൊണ്ടു വന്നത്. സ്കൂളുകള്‍ നടത്തുന്നതിനുള്ള ചെലവു കണ്ടെത്തുന്നതിനായിരുന്നു അത്. അരിയിടുമ്പോള്‍ ഒരു പിടി അരി മാറ്റി വയ്ക്കുക, പറമ്പിലെ ഒരു തെങ്ങ് പള്ളിയ്ക്കു മാറ്റി വയ്ക്കുക എന്നിങ്ങനെയുള്ള രീതികള്‍. ചാവറയച്ചന്‍റെ ഈ രീതികള്‍ നമ്മള്‍ നടപ്പാക്കണമെന്ന് എന്‍ എസ് എസും എസ് എന്‍ ഡി പി യും ഔദ്യോഗികമായി എഴുതി വച്ചിട്ടുണ്ട്. നമ്മളാണു മാതൃക. ഇതൊന്നും നമ്മള്‍ അറിയുകയോ ഘോഷിക്കുകയോ ചെയ്യുന്നില്ല. സാമ്പത്തികമായ വലിയ പ്രതിസന്ധി സഭ നേരിട്ടപ്പോള്‍, ഇടവകകള്‍ അവയുടെ ചെലവു കഴിഞ്ഞ് നിശ്ചിത ശതമാനം രൂപതയ്ക്കു നല്‍കണമെന്ന നിര്‍ദേശം പുറപ്പെടുവിച്ചത് വികാരി ജനറാളായിരിക്കുമ്പോള്‍ ചാവറയച്ചനാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ന് പഞ്ചായത്തു മെമ്പര്‍ മുതല്‍ പാര്‍ലിമെന്‍റ് മെമ്പര്‍ വരെയുള്ളവരില്‍ നിന്നു ലെവി പിരിക്കുന്നത് ഈ മാതൃകയിലാണ്.

ഇന്ത്യയില്‍ ഇന്നു മൊത്തം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിലെ മൊത്തം അംഗബലത്തേക്കാള്‍ എത്രയോ കൂടുതലാണ് ക്രൈസ്തവസമൂഹത്തിലെ അംഗങ്ങള്‍. പക്ഷേ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അത് അര്‍ഹിക്കുന്നതിനേക്കാള്‍ വലിയ പരിവേഷം കല്‍പിച്ചു നല്‍കിക്കൊണ്ട് ഒരു മഹാശത്രുവിനെ പോലെ ചിത്രീകരിക്കുന്ന സമീപനങ്ങള്‍ ദൂരവ്യാപകമായി നമുക്കു ഗുണമാണോ ദോഷമാണോ ഉണ്ടാക്കിയിരിക്കുന്നത് എന്നു നാം തിരിച്ചറിയണം.

മുഹമ്മദ് നബിയെ കുറിച്ച് ഖുറാനില്‍ പറഞ്ഞിരിക്കുന്ന ഒരു സംഭവമുണ്ട്. അമുസ്ലീങ്ങളെ ആക്ഷേപിച്ചു സംസാരിച്ച ആളെ നബി ശാസിക്കുന്ന സംഭവം. നിന്‍റേതല്ലാത്ത വിശ്വാസങ്ങള്‍ പുലര്‍ത്തുന്ന ആളെ ആ വിശ്വാസത്തെ ചൊല്ലി അവമതിക്കരുത് എന്നു നബി വ്യക്തമാക്കുന്നു. മറ്റൊരുവന്‍റെ ദൈവസങ്കല്‍പത്തെ നിന്ദിക്കുമ്പോള്‍ നീ നിന്ദിക്കുന്നത് അള്ളാഹുവിനെ തന്നെയാണെന്നു തിരിച്ചറിയുക എന്നതാണ് നബിവചനം. ഇത്തരത്തിലുള്ള ആയുധങ്ങള്‍ കൊണ്ടു വേണം നമ്മുടെ വിശ്വാസപ്രസാരണത്തെ നാം ശക്തിപ്പെടുത്തുവാന്‍. ക്രിസ്തു പറഞ്ഞത് വിശന്നിരുന്നപ്പോള്‍ ആഹാരവും ദാഹിച്ചിരുന്നപ്പോള്‍ വെള്ളവും കൊടുത്തവരാണ് തന്‍റെ യഥാര്‍ത്ഥ അനുയായികളെന്നാണ്. അവര്‍ സ്വര്‍ഗരാജ്യം അവകാശമാക്കുമെന്നാണ്. ഇതു മതവും ജാതിയും നോക്കിയിട്ടാണോ പറയുന്നത്? അല്ല. മറ്റുള്ളവരുടെ നിസ്സഹായാവസ്ഥ കണ്ടറിഞ്ഞ് ഒരു ചെറുവിരല്‍ സഹായമെങ്കിലും ചെയ്യുമ്പോഴാണു നാം ക്രിസ്തുവിന്‍റെ യഥാര്‍ത്ഥ ശിഷ്യരാകുന്നത്.

മദര്‍ തെരേസായുടെ ജീവിതത്തില്‍ നിരവധി സംഭവങ്ങള്‍ മറ്റുള്ളവരുടെ വിശ്വാസത്തെ മാനിക്കുന്നതായി നമുക്കു കാണാം. മരണാസന്നരായി വരുന്ന വൃദ്ധര്‍ക്ക് മരണനേരത്ത് അവരുടെ മതവിശ്വാസത്തിനു ചേരുന്ന വിധത്തിലുള്ള സമാശ്വാസം നല്‍കാനും സംസ്കരിക്കാനും മദര്‍ ശ്രദ്ധിക്കുമായിരുന്നു. ഇതാണു ക്രിസ്തു കാണിച്ചു തന്ന ആയുധം കൊണ്ടുള്ള തിരിച്ചടി.

45 വര്‍ഷത്തോളം 41 ചാനലുകളിലും 36 റേഡിയോകളിലും നാല്‍പതിലേറെ രാജ്യങ്ങളില്‍ സുവിശേഷപ്രഭാഷണം നടത്തിയ ബിഷപ് ഫുള്‍ട്ടന്‍ ജെ ഷീന്‍ എന്ന മഹാനായ സുവിശേഷകന്‍റെ ഒരു പുസ്തകം മലയാളത്തിലേക്കു ഞാന്‍ വിവര്‍ത്തനം ചെയ്യുകയുണ്ടായി. അതിലദ്ദേഹം പറയുന്നുണ്ട്, ഏതു പ്രദേശത്തു ചെല്ലുമ്പോഴും അവിടത്തെ സാംസ്കാരിക പശ്ചാത്തലത്തിന് അനുസരിച്ചു വേണം സുവിശേഷം പ്രഘോഷിക്കുവാനെന്ന്. പ്രാദേശികാവശ്യങ്ങളനുസരിച്ച് ഒരു പുരോഹിതനു പ്രഭാഷകന്‍ മാത്രമായിരിക്കാന്‍ കഴിഞ്ഞില്ലെന്നു വരും. പുരോഹിതന്‍ സ ഹോദരനാകണം, പിതാവാകണം, ദാസനാകണം.

യേശു ശിഷ്യന്മാരുടെ കാലുകള്‍ കഴുകിയത് കാലുകളിലെ അഴുക്കു കളയുക എന്ന ലക്ഷ്യത്തോടെയല്ല. മറിച്ച് ഒരു മാതൃക നല്‍കുക എന്നതായിരുന്നു ഉദ്ദേശ്യം. ദാസരുടെ ദാസനാകുക എന്ന ലക്ഷ്യമായിരുന്നു. കാലു കഴുകാന്‍ വിസമ്മതിച്ച പത്രോസിനോട് അങ്ങനെയെങ്കില്‍ നീ എന്നെ മനസ്സിലാക്കിയിട്ടില്ല, ഉള്‍ക്കൊണ്ടിട്ടില്ല എന്നും ക്രിസ്തു പറഞ്ഞു. ഇതു പോലും മനസ്സിലാക്കാതെ വളരെ ഉപരിപ്ലവമായ ചില ഏടുകളെ മാത്രം ആശ്രയിക്കുകയാണു നാം. ഇതുകൊണ്ടാണു ഞാന്‍ പറഞ്ഞത്, ഇന്ത്യന്‍ സഭ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ പലപ്പോഴും രോഗകാരണങ്ങള്‍ക്കു പകരം രോഗലക്ഷണങ്ങളെ അന്വേഷിക്കുന്നതില്‍ ഒതുങ്ങുന്നുവെന്ന്.

16 വര്‍ഷത്തോളം റോമില്‍ പഠിച്ചു പട്ടം കിട്ടിയ ശേഷം നാട്ടിലെ ഒരിടവകയില്‍ പ്രവര്‍ത്തിക്കാന്‍ വന്ന വൈദികനെ കുറിച്ച് ഒരു കഥ അടുത്തയിടെ കേട്ടു. ആദ്യത്തെ പ്രസംഗത്തിനു വേണ്ടി ഒരുങ്ങാന്‍ 12 വ്യാഖ്യാനഗ്രന്ഥങ്ങള്‍ നിരത്തി വച്ച് അദ്ദേഹം സമഗ്രമായ പഠനം നടത്തി കുറിപ്പുകളെടുത്തു. പിറ്റേന്ന് പ്രസംഗിക്കാന്‍ തുടങ്ങുമ്പോള്‍ അദ്ദേഹം കാണുന്നത് മുതിര്‍ന്നവരെല്ലാം ഉറങ്ങുകയും ചെറുപ്പക്കാര്‍ ഫോണുകളില്‍ നോക്കിയിരിക്കുകയും ചെയ്യുന്നതാണ്. അന്നു കുര്‍ബ്ബാന കഴിഞ്ഞു തിരിച്ചു മുറിയിലേയ്ക്കു പോകുമ്പോള്‍ ക്രൂശിത രൂപത്തെ നോക്കി അദ്ദേഹം നിരാശയോടെ പറഞ്ഞുവത്രെ, "ഇത്തരക്കാര്‍ക്കു വേണ്ടിയാണല്ലോ നീ കുരിശില്‍ കേറിയതും ഞാനിത്രയും പഠിച്ചതും." ഇത്തരത്തിലുള്ള നിരാശ ഉണ്ടാകുന്നുണ്ടെങ്കില്‍ നാം അതിന്‍റെ കാരണങ്ങള്‍ അന്വേഷിക്കണം. എന്‍റെ മാതാപിതാക്കളും ഞാനും പള്ളിപ്രസംഗത്തില്‍ കേട്ട കഥകള്‍ തന്നെ എന്‍റെ അനന്തരതലമുറയും കേള്‍ക്കണമെന്നതാണു സ്ഥിതിയെങ്കില്‍ അവര്‍ ഇതില്‍ നിന്നൊക്കെ അകന്നു പോകുന്നതു സ്വാഭാവികമാണ്. കണ്ടിട്ടില്ലാത്തതും കേട്ടിട്ടില്ലാത്തതുമായ പുതിയ പാഠങ്ങള്‍ വിശ്വാസത്തിനു കണ്ടെത്തി കൊടുക്കാന്‍ നമുക്കു കഴിയണം.

എണസ്റ്റ് ഹെമിങ്വേ പറഞ്ഞു, "മനുഷ്യന്‍ ജനിക്കുന്നത് നിഷ്കളങ്കനായാണ്. അവന്‍റെ നിഷ്കളങ്കതയുടെ തീവ്രത, അതിന്‍റെ നിശിതമായ വീര്യം താങ്ങുവാന്‍ ഇവിടത്തെ വ്യവസ്ഥിതിയ്ക്കു കഴിയില്ല. അതുകൊണ്ട് അവന്‍റെ നിഷ്കളങ്കത നീക്കാന്‍ സമൂഹം ശ്രമിച്ചുകൊണ്ടിരിക്കും." മനുഷ്യന്‍റെ ചരിത്രമെന്നത് ഈ മലിനീകരണം ചെറുക്കാന്‍ മനുഷ്യന്‍ നടത്തുന്ന ചെറുത്തുനില്‍പും തിരിച്ചു സമൂഹം നടത്തുന്ന ആക്രമണവും ആണ്. ഇത്തരത്തിലുള്ള ആക്രമണ പ്രത്യാക്രമണങ്ങള്‍ നടക്കുമ്പോള്‍ അതിനെ നേരിടാന്‍ ആന്തരീകവും ബാഹ്യവുമായ പടച്ചട്ടകള്‍ ആവശ്യമാണ്. ബാഹ്യമായ പടച്ചട്ടകള്‍ക്കു നിത്യമരണത്തില്‍ നിന്നു നമ്മെ രക്ഷപ്പെടുത്താന്‍ കഴിയില്ല. അതുകൊണ്ട് ആന്തരീകമായ പടച്ചട്ടകള്‍ അണിയേണ്ടിയിരിക്കുന്നു.

(ആലുവ ജീവസ് ഓഡിറ്റോറിയത്തില്‍ നടന്ന അഞ്ചാമത് ഫാ.മത്യാസ് മുണ്ടാടന്‍ സി എം ഐ അനുസ്മരണ പ്രഭാഷണത്തില്‍ നിന്ന്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org