യന്തിരന്മാര്‍ കഴുകനഖങ്ങളാഴ്ത്തുന്നുണ്ട്, നമ്മുടെ ബാല്യ, കൗമാര, യൗവ്വനങ്ങളില്‍… തട്ടിത്തകര്‍ക്കണം നാം, ഈ കാഴ്ചക്കെണികള്‍!

യന്തിരന്മാര്‍ കഴുകനഖങ്ങളാഴ്ത്തുന്നുണ്ട്,  നമ്മുടെ ബാല്യ, കൗമാര, യൗവ്വനങ്ങളില്‍… തട്ടിത്തകര്‍ക്കണം നാം,  ഈ കാഴ്ചക്കെണികള്‍!

ആന്‍റണി ചടയംമുറി

കൂടുതല്‍ നല്ല ആശയവിനിമയത്തിലേക്കു നയിക്കാന്‍ കഴിയുന്ന ശക്തികള്‍ക്കു തന്നെ, വര്‍ദ്ധമാനമായ സ്വാര്‍ത്ഥതയിലേക്കും ഒറ്റപ്പെടലിലേക്കും ലോകത്തെ നയിക്കാന്‍ കഴിയും. ഇതൊരു വൈരുദ്ധ്യമാണ്. (വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 1999-ലെ മാധ്യമദിനസന്ദേശം- നമ്പര്‍ 4) ഈ വാക്യം ഉദ്ധരിച്ചുകൊണ്ട് സാമൂഹ്യസമ്പര്‍ക്കമാധ്യമങ്ങള്‍ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ രേഖയിലാകട്ടെ (ഇന്‍റര്‍ നെറ്റ്-ഉപയോഗവും ധാര്‍മ്മികതയും-2002- പേജ്-25) ഇങ്ങനെ പറയുന്നു: "ഇന്‍റര്‍നെറ്റിനു ജനങ്ങളെ ഐക്യപ്പെടുത്താന്‍ കഴിയും. അതേസമയം വിഭജിക്കാനും കഴിയും. വ്യക്തികള്‍ എന്ന നിലയിലും പ്രത്യയശാസ്ത്രം, രാഷ്ട്രീയം, സമ്പത്ത്, വംശം, ജാതി, തലമുറകള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍ എന്നിവയാല്‍ മാത്രമല്ല, മതത്താല്‍ പോലും വിഭജിക്കാന്‍ കഴിയും."

ഇന്ന് ഇന്‍റര്‍നെറ്റ് തീര്‍ത്ത വിസ്മയങ്ങളില്‍ നാം മുഴുകിക്കഴിയവേ, നമ്മുടെ ചുറ്റുമുള്ള കുടുംബങ്ങളും സമൂഹവും ഈ പുതിയ ആശയവിനിമയ മാധ്യമം ഒഴുക്കിവിടുന്ന മാലിന്യങ്ങളാല്‍ നിറയുന്നുണ്ട്. പുതിയ വിവരങ്ങളുടെ അനിയന്ത്രിതമായ തിരത്തള്ളലുകളില്‍ പരമ്പരാഗതമായ മൂല്യങ്ങള്‍ തട്ടിത്തെറിപ്പിക്കപ്പെടുന്നു. കത്തോലിക്കാസഭ മുന്നോട്ടുവയ്ക്കുന്ന മനുഷ്യവ്യക്തിയുടെ മഹത്വത്തോടുള്ള സമര്‍പ്പണവും, സഭയുടെ ധാര്‍മിക ജ്ഞാനത്തിന്‍റെ സുദീര്‍ഘമായ പാരമ്പര്യവും നവീനസമ്പര്‍ക്കമാധ്യമരംഗത്ത് ഇന്ന് തമസ്ക്കരിക്കപ്പെടുകയാണ്.

മാനുവല്‍ കാസ്റ്റല്‍ (Manual Castells Ollivan) ഈ സാമൂഹിക വ്യവസ്ഥിതിയെക്കുറിച്ച് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. നിലവിലുള്ള സാമൂഹ്യവ്യവസ്ഥിതിയെ നെറ്റ്വര്‍ക്കുകള്‍ തകിടം മറിക്കുമെന്നാണ് കാസ്റ്റലിന്‍റെ പ്രവചനം. നെറ്റും സെല്‍ഫും (Net And Self) എന്ന തന്‍റെ ഗ്രന്ഥത്തിലാണ് മാര്‍ക്സിറ്റ്ചായ്വുള്ള കാസ്റ്റല്‍ ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളത്. വ്യക്തികള്‍, കുടുംബം, സമൂഹം, രാഷ്ട്രം, ലോകം എന്നിങ്ങനെ പരമ്പരാഗതമായി അടയാളപ്പെടുത്തിവരുന്ന സാമൂഹിക സംഘടനാവ്യവസ്ഥയ്ക്ക് നവലോകക്രമത്തില്‍ സ്ഥാനമില്ലാതെയാകാം. വിവിധതരം സര്‍ക്യൂട്ടുകള്‍, അവയെ ബന്ധിപ്പിക്കുന്ന ഒരു ഹബ്, ഇതിനെയെല്ലാം നിയന്ത്രിക്കുന്ന ഒരു തലച്ചോര്‍ എന്നിവ ചേര്‍ന്ന് മനുഷ്യജീവിതത്തിന്‍റെ സമസ്ത മേഖലകളിലും ഇന്‍റര്‍നെറ്റ് നമുക്ക് ഊഹിക്കാന്‍ പോലും കഴിയാത്ത മാറ്റങ്ങള്‍ വരുത്തുമെന്നു ഈ ശാസ്ത്രജ്ഞന്‍ പ്രവചിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ ആശയവിനിമയ വിസ്മയങ്ങളെ നാം നിരീക്ഷിക്കേണ്ടതും വിലയിരുത്തേണ്ടതും. മൈക്രോ സോഫ്റ്റ് എന്ന അന്താരാഷ്ട്ര ഭീമന്‍റെ സ്ഥാപകനായ ബില്‍ഗേറ്റ്സാകട്ടെ തന്‍റെ പുതിയ ഗ്രന്ഥത്തില്‍ ഒരുതരം ഡിജിറ്റല്‍ നെര്‍വസ് സിസ്റ്റമാണ് ഭാവിയെ അടക്കി ഭരിക്കാന്‍ പോകുന്നതെന്നു എഴുതിവച്ചിട്ടുണ്ട്. ബിസിനസിന്‍റെയും അറിവിന്‍റെയും ലോകം ഡിജിറ്റല്‍ ഭാവിയുടേതായിരിക്കുമെന്നും അദ്ദേഹം അടിവരയിട്ടു പറയുന്നു.

നമുക്ക് ചുറ്റുമുള്ള കുടുംബ, സാമൂഹികാന്തരീക്ഷത്തെ വിശകലനം ചെയ്യുമ്പോള്‍ ആശയവിനിമയത്തിലെ വിടവും തലമുറകള്‍ തമ്മിലുള്ള വിടവും തീര്‍ത്തിട്ടുള്ള തമോഗര്‍ത്തങ്ങള്‍ നമ്മെ ഭീതിദരാക്കുന്നുണ്ട്. നവമാധ്യമങ്ങള്‍, സാമൂഹ്യമാധ്യമങ്ങള്‍, ഡിജിറ്റല്‍ മാധ്യമങ്ങള്‍, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍, സോഷ്യല്‍ നെറ്റ്വര്‍ക്കിങ്ങ് എന്നിങ്ങനെയുള്ള ആശയവിനിമയങ്ങളുടെ പുതിയ പാതകളില്‍ തലമുറകളുടെ തികച്ചും ഭിന്നമായ ദിശാസഞ്ചാരങ്ങള്‍ക്കു നാം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്.

കമ്മ്യൂണിക്കേഷന്‍ ഗ്യാപ്പും ജനറേഷന്‍ ഗ്യാപ്പും
തലമുറകളുടെ അഞ്ച് വിഭാഗങ്ങളെയാണ് നിലവില്‍ സാമൂഹിക നിരീക്ഷകര്‍ പട്ടികവരച്ച് അനാവരണം ചെയ്യുന്നത്: 70 വയസ്സിനു മുകളിലുള്ളവര്‍, 70 വയസ്സ് മുതല്‍ 52 വയസ്സുവരെ പ്രായമായവര്‍. 51 വയസ്സിനും 35 വയസ്സിനും മധ്യേ പ്രായമുള്ളവര്‍, 34നും 21നും മധ്യേ പ്രായമുള്ളവര്‍, 20 വയസ്സ് പ്രായമുള്ളവര്‍ എന്നിങ്ങനെയാണ് ഈ പട്ടിക.ഈ തലമുറകള്‍ തമ്മില്‍ നടക്കേണ്ട ആശയസംവേദനം ഇപ്പോള്‍ പ്രശ്നസങ്കീര്‍ണ്ണമാണ്. പട്ടികയിലെ ആദ്യത്തെ മൂന്ന് വിഭാഗക്കാര്‍ തമ്മില്‍ ഫലപ്രദമായ ആശയവിനിമയമില്ല. പട്ടികയിലെ അവസാന സ്ഥാനക്കാരായ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള ആശയസംവേദനത്തിലുമുണ്ട് സാരമായ വീഴ്ച. ഉദാഹരണം പറയാം: അധ്യാപകരും വിദ്യാര്‍ത്ഥികളും ഈ പട്ടികയിലെ അവസാനത്തെ ബെഞ്ചുകാരാണ്. എന്നാല്‍ കലാലയരംഗത്തെ അശാന്തി പലപ്പോഴും ഈ തലമുറകള്‍ തമ്മിലുള്ള സംഘര്‍ഷത്തിനു വഴിമരുന്നിടുന്നു.

തലമുറകള്‍ തമ്മില്‍ ആശയസംവേദനത്തില്‍ ഉണ്ടായിട്ടുള്ള അകല്‍ച്ചയും ഇടര്‍ച്ചയും കമ്മ്യൂണിക്കേഷന്‍ ഗ്യാപ്പ് എന്ന പതിവ്പദം കൊണ്ട് മാത്രം വിശേഷിപ്പിക്കാനാവില്ല. ഈ തലമുറകള്‍ തമ്മിലുള്ള ആശയവിനിമയതലത്തില്‍ സംഭവിച്ചിട്ടുള്ള തകര്‍ച്ചയ്ക്ക് ജനറേഷന്‍ഗ്യാപ്പ് എന്ന സാങ്കേതികനാമകരണമാവാമെങ്കിലും ഈ രണ്ട് പ്രതിഭാസങ്ങളും ഒരുമിച്ചു വന്നിരിക്കുന്നുവെന്നതാണ് ഈ കാലഘട്ടത്തിന്‍റെ ദുര്യോഗമായി ചൂണ്ടിക്കാണിക്കേണ്ടത്. വര്‍ത്തമാന കാലഘട്ടത്തിലെ ഈ മുറിവ് ഉണക്കാനുള്ള പ്രയത്നങ്ങള്‍ക്കുപോലും ഇന്ന് വൈകല്യമോ ദൗര്‍ബല്യമോ സംഭവിച്ചിട്ടുണ്ട്.

തലമുറകളിലൂടെയാണ് മൂല്യവിനിമയം നടക്കേണ്ടതെന്നു നമുക്കറിയാം. ആശയസംവേദനത്തിന്‍റെ ചാനലുകളിലൂടെയാണ് മൂല്യങ്ങള്‍ തലമുറകളിലേക്കു കൈമാറുന്നതും. ഈ പ്രക്രിയ അവിരാമം നടക്കുമ്പോഴാണ് സദ്സമൂഹത്തിനായുള്ള വ്യക്തികളുടെ സ്വഭാവ രൂപീകരണം നടക്കുക. ഏതു കാലഘട്ടത്തിലും മതങ്ങളാണ് ഈ മഹനീയ കര്‍മ്മത്തിനായി മുന്നിട്ടിറങ്ങുക. കാരണം. Religion എന്ന ആംഗലേയപദത്തിന്‍റെ അര്‍ത്ഥം തന്നെ ബന്ധമെന്നാണ.് Religious എന്നാല്‍ ബന്ധമുണ്ടാക്കുകയെന്നും. മതാത്മകമായതെന്തും ബന്ധങ്ങളുടെ പാലം പണിയലാണ്. നിയതമായ മൂല്യങ്ങളില്‍ ഊന്നിയ ആശയസംവേദനത്തിലൂടെ കുടുംബങ്ങളിലും അതുവഴി സമൂഹത്തിലും നന്മയുടെ പ്രകാശം പരത്താന്‍ എല്ലാ മതങ്ങള്‍ക്കും കഴിയും. തലമുറകള്‍ തമ്മിലുള്ള ആശയവിനിമയത്തിലെ തകര്‍ച്ച മൂല്യവിനിമയത്തിന്‍റെ ഈ ശൃംഖലയാണ് തകര്‍ത്തെറിഞ്ഞത്. ആഗോളവത്ക്കരണത്തിന്‍റെ മറവില്‍ ഈ ശൃംഖലാഭേദനം ചില കമ്പോളക്കുത്തകകള്‍ ലക്ഷ്യമിട്ടിരുന്നുവെന്നത് രഹസ്യമേയല്ല.

വിഡിയോഗെയിമുകള്‍ എന്ന വില്ലന്‍
ചെറുപ്പത്തിലേ പിടികൂടുകയെന്ന തന്ത്രത്തിന്‍റെ ഭാഗമായി കുരുന്നുകളിലേക്ക് അവര്‍ നടത്തിയ തിന്മയുടെ പകര്‍ന്നാട്ടങ്ങളുടെ പൂരപ്പറമ്പാണ് ഇന്ന് ഡിജിറ്റല്‍ ലോകം. നമ്മുടെ കുട്ടികള്‍ കളിക്കുന്ന വീഡിയോ ഗെയിമുകളെക്കുറിച്ച് അജ്ഞരായ മാതാപിതാക്കള്‍ അവര്‍ അറിയാതെ അവരുടെ മക്കളെ തിന്മയുടെ വിഷപ്പുക ശ്വസിക്കാന്‍ അനുവദിക്കുകയാണ്. തികച്ചും നിരുപദ്രവമെന്നു മാതാപിതാക്കള്‍ കരുതുന്ന ജി.ടി.എ (ഗ്രാന്‍റ് തെഫ്റ്റ് ഓട്ടോ എന്ന് മുഴുവന്‍ പേര്) പരമ്പരയില്‍പെട്ട വീഡിയോ ഗെയിമുകളില്‍ കുട്ടികള്‍ പരിചയിക്കുന്നത് വാഹനമോഷണവും എല്ലാ ട്രാഫിക് റൂളുകളും തെറ്റിക്കാന്‍ അവരെ പ്രേരിപ്പിക്കുന്ന ഡ്രൈവിങ്ങും, വഴിയില്‍ കാണുന്നവരെ വെടിവച്ച് രസിക്കുന്ന കുറ്റകൃത്യങ്ങളുമാണ്. Sincity,  Hitman തുടങ്ങിയ ഗെയിമുകളില്‍ ബലാല്‍സംഗങ്ങള്‍ പോലും കുട്ടിക്കളിയായി അവതരിപ്പിക്കപ്പെടുന്നു. ജീവകാരുണ്യത്തിനായി കോടികള്‍ നീക്കിവയ്ക്കുന്ന മൈക്രോസോഫ്റ്റ് അടക്കമുള്ള 19 പ്ലാറ്റ്ഫോമുകളില്‍ ഇന്ന് ഇത്തരം ഗെയിമുകള്‍ സുലഭമാണ്. ജപ്പാന്‍കാരാണ് വീഡിയോ ഗെയിമുകള്‍ കണ്ടുപിടിച്ചത്. 70-80കളില്‍ ഉണ്ടായിരുന്ന സ്പേസ്വാര്‍ പോലെയുള്ള നിരുപദ്രവവീഡിയോ ഗെയിമുകളെ അമേരിക്കന്‍ കമ്പനികളാണ് തിന്മയുടെ വന്‍ചുഴികളിലേക്കു നയിച്ചതെന്നു ചരിത്രത്തിലുണ്ട്. ആദ്യകാലത്ത് കമ്പ്യൂട്ടറുകളില്‍ ഒതുങ്ങിനിന്ന വീഡിയോ ഗെയിമുകള്‍ 1993-2006 കാലഘട്ടത്തില്‍ മൊബൈലുകളില്‍ ചേക്കേറി. ഇന്ന് ഇന്‍റര്‍ നെറ്റ് ഉപയോക്താക്കളില്‍ 75%ഉം സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവരാണ്.കമ്പ്യൂട്ടിങ്ങിനും ഡിജിറ്റല്‍ കമ്മ്യൂണിക്കേഷനായും ഉപയോഗിക്കുന്ന അടിസ്ഥാന ഏകകമായ ബിറ്റുകള്‍ (Bits) തുടക്കത്തില്‍ എട്ടെണ്ണം ഉപയോഗിച്ചിരുന്ന വീഡിയോ ഗെയിമുകളില്‍ ഇന്ന് 64 ബിറ്റുകള്‍ വരെ ഉപയോഗിച്ചുകൊണ്ടുള്ള അത്യപാരമായ കാഴ്ചക്കെണികളുടെ കുടമാറ്റങ്ങളാണ് നടക്കുന്നത്.

ആശയവിനിമയത്തിലെ സാങ്കേതിക വിസ്ഫോടനം
പുതിയതലമുറ ഈ കാഴ്ചക്കെണികളിലേക്ക് ആകര്‍ഷിക്കപ്പെടുമ്പോള്‍ ആ പ്രവണതയെ ചെറുക്കുന്നതില്‍ നാം എത്രത്തോളം ജാഗ്രത കാണിക്കുന്നുണ്ട്? നമ്മുടെ മതബോധനവും ദൈവബോധനവും പുതിയ തലമുറകള്‍ക്കു പരിചിതമായ ആശയവിനിമയ മാധ്യമങ്ങളിലേക്ക് മൊഴിമാറ്റം നടത്തുന്നതില്‍ നാം എത്രത്തോളം വിജയിച്ചിട്ടുണ്ട്? പുതിയ തലമുറകളുടെ സംഭാഷണങ്ങളിലെ സാങ്കേതിക പദ പ്രയോഗങ്ങള്‍ കേട്ട് പകച്ചുനില്ക്കുന്ന മാതാപിതാക്കളെ അത്തരം പുതിയകാര്യങ്ങള്‍ പഠിപ്പിക്കുന്നതില്‍ നമ്മുടെ കുടുംബ, സാമൂഹിക പ്രസ്ഥാനങ്ങള്‍ എത്രത്തോളം ഫലപ്രദമായ ഇടപെടലുകള്‍ നടത്തുന്നുണ്ട്? അതിസങ്കീര്‍ണ്ണമായ ആശയവിനിമയത്തിലെ ഈ സാങ്കേതിക വിസ്ഫോടനത്തെ നമ്മുടെ ജീവിതപരിസരങ്ങളില്‍ നിര്‍വചിക്കുന്നതിലും വ്യാഖ്യാനിക്കുന്നതിലും നാം വൈകിപ്പോകുന്നുണ്ടോ? ഇന്നോ നാളെയോ നിങ്ങളും ഞാനും ഉള്‍പ്പെട്ട ദൈവജനം ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തിയേപറ്റൂ. ഇത്തരം സാമൂഹിക പ്രതിസന്ധികളെക്കുറിച്ച് ചില ചിന്തകര്‍ പറഞ്ഞുവച്ചത് ഇവിടെ നാം ഓര്‍മ്മിക്കുന്നത് നല്ലതാണ്. ബ്രസീലിയന്‍ വിദ്യാഭ്യാസപണ്ഡിതനായ പാവ്ലോ ഫ്രെയര്‍ ഊന്നിപ്പറഞ്ഞത് മൂല്യങ്ങള്‍ തലമുറകളിലേക്ക് കൈമാറ്റം ചെയ്യുന്നത് കുടുംബം, വിദ്യാഭ്യാസം, മതം, സാമൂഹികമാധ്യമങ്ങള്‍ എന്നിവ വഴിയാണെന്നാണ്. ഈ മൂല്യവിനിമയത്തിനുള്ള പ്രധാന പ്രതിബന്ധത്തെക്കുറിച്ച് വിലപിച്ചത് ആല്‍വിന്‍ ടോഫ്ളറാണ്. അമേരിക്കക്കാരനായ ടോഫ്ളര്‍ ഒരേ സമയം എഴുത്തുകാരനും ഫ്യൂച്ചറിസ്റ്റും ബിസിനസ്സുകാരനുമായിരുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ നിരക്ഷരര്‍ക്കു പുതിയ നിര്‍വചനം നല്കിക്കൊണ്ടാണ് ഈ ദുരവസ്ഥ അദ്ദേഹം വിവരിച്ചത്. കൂടുതല്‍ പഠിക്കാന്‍ ശ്രമിക്കാത്തവരും പഠിച്ചത് തിരുത്തി പഠിക്കാന്‍ വിമുഖരും പുതിയ കാര്യങ്ങളെക്കുറിച്ച് ഒരിക്കല്‍പോലും പഠിക്കാന്‍ കൂട്ടാക്കാത്തവരുമാണ് ഈ നൂറ്റാണ്ടിലെ നിരക്ഷരരെന്ന  ടോഫ്ളറുടെ നിര്‍വചനം നമ്മുടെ കുടുംബ, സമൂഹ തലങ്ങളിലെ ആശയവിനിമയ ശൈലികളുടെ പുനര്‍വായന ആവശ്യപ്പെടുന്നു.

ആഗോളവത്ക്കരണം സമ്മാനിച്ച എല്ലാ സാമ്പത്തിക, സാമൂഹിക, സാങ്കേതിക, ഔദാര്യങ്ങളും നന്മയ്ക്കുവേണ്ടിയും മൂല്യവിനിമയത്തിനുവേണ്ടിയും വിനിയോഗിക്കാത്ത കമ്പോളശക്തികള്‍ക്കെതിരെയുള്ള കുരിശുയുദ്ധത്തിനാണ് നാം ഇനിയും സജ്ജരാകേണ്ടത്. കമ്പോളശക്തികളുടെ ലാഭക്കൊതി പണ്ടെല്ലാം അവരുടെ പ്രാഥമിക ലക്ഷ്യം മാത്രമായിരുന്നു. ഇന്ന് സ്ഥിതി മാറി. സ്വതന്ത്രമായി ചിന്തിക്കാനോ, നേര്‍വഴി നടക്കാനോ, ഉള്ള സാമൂഹിക നവോത്ഥാനത്തിന്‍റെ എല്ലാ കൈചൂണ്ടികളും ലാഭവെറിപൂണ്ട ഇത്തരം കമ്പോളശക്തികള്‍ തകര്‍ത്തെറിഞ്ഞുകഴിഞ്ഞു.

ടെര്‍മിനേറ്ററും കാര്‍ട്ടൂണുകളും
1984ലാണ് ആര്‍നോള്‍ഡ് ഷ്വാസ്നെഗര്‍ നായകനായ ടെര്‍മിനേറ്റര്‍ റിലീസ് ചെയ്തത്. നമുക്ക് ഏറെ പരിചിതമായ അവതാറിന്‍റെ സംവിധായകന്‍ ജെയിംസ് കാമറൂണിനു ഒരു പനിക്കിടക്കയില്‍ വച്ച് കിട്ടിയ കഥാബീജം 2029-ല്‍ ലോകം കൈവരിക്കാന്‍ പോകുന്ന സാങ്കേതിക വിസ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിലുള്ളതാണ്. ഗ്രാഫിക്സുകളും അടിപൊളി കാര്‍ ചേയ്സുകളും കിടിലന്‍ സ്റ്റണ്ടുമായി എത്തിയ ചിത്രം അന്ന് വാരിക്കൂട്ടിയത് 780 ലക്ഷം യു.എസ്. ഡോളര്‍. 60 ലക്ഷം ഡോളറായിരുന്നു നിര്‍മ്മാണച്ചെലവ്. ഇതോടെ യന്തിരന്‍റെ പിന്നാലെയായി സിനിമാലോകം. വീല്‍സ്മിത്തിന്‍റെ ഐറോബോട്ട് അടക്കം നിരവധി സിനിമകള്‍. ടെര്‍മിനേറ്റര്‍ പരമ്പരയിലും ആറോളം സിനിമകള്‍ നിര്‍മ്മിക്കപ്പെട്ടു. പുതിയ ടെര്‍മിനേറ്റര്‍ സിനിമ 2019-ല്‍ റീലീസ് ചെയ്യുമത്രെ. ഇന്ത്യയില്‍ രജനീകാന്താണ് യന്തിരനും മനുഷ്യനുമായി ഡബിള്‍റോളില്‍ നമ്മെ വിസ്മയിപ്പിച്ചത്. ഐസക് അസിമോവ് എന്ന പാതിറഷ്യനും പാതി അമേരിക്കക്കാരനുമായ എഴുത്തുകാരനാണ് ആദ്യമായി യന്തിരന്മാര്‍ എന്ന റോബോട്ടുകളെ കഥകളില്‍ അവതരിപ്പിച്ചത്. മനുഷ്യരും മനുഷ്യരും തമ്മില്‍ നടക്കേണ്ട ആശയസംവേദനത്തകര്‍ച്ചയില്‍ യന്തിരന്മാര്‍ കടന്നുവരുന്ന കഥകള്‍ക്കു അന്നും ഇന്നും വിപണിമൂല്യമുണ്ട്. തിന്മയുടെ മുഖപടമണിഞ്ഞ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളും അഭ്രക്കാഴ്ചകളും മാത്രമല്ല, അശ്ലീലവും തറഫലിതങ്ങളും അടങ്ങിയ കാഴ്ചക്കെണികളും ഇന്‍റര്‍നെറ്റില്‍ ഇന്ന് സുലഭമാണ്. ഒരുതരത്തില്‍ പറഞ്ഞാല്‍ വിര്‍ച്വല്‍ റിയാലിറ്റി ബോക്സുകള്‍ തലയില്‍ പിടിപ്പിച്ചു നല്കി പുതിയ ആഗോളക്കുത്തകകള്‍ നമ്മുടെ കുരുന്നുകളെ ആരോ എവിടെയോ ഇരുന്ന് പടച്ചുവിടുന്ന യാന്ത്രിക സാംസ്ക്കാരിക നിര്‍മ്മിതികളിലേക്കു തള്ളിവിടുന്നു. ഫേസ്ബുക്ക് പോലെയുള്ള കമ്പനികള്‍ വിര്‍ച്വല്‍ റിയാലിറ്റി വിഭാഗത്തിലുള്ള പഠനത്തിനും ഗവേഷണത്തിനും 400 പേരെയാണ് നിയമിച്ചിട്ടുള്ളത്! ഇന്ദ്രിയങ്ങള്‍ക്കു രുചിക്കാവുന്ന വിഷക്കൂട്ടുകളാണ് ഇവര്‍ കുരുന്നുകള്‍ക്കായി തയ്യാറാക്കുന്നത്. ഏതോ രാജ്യത്ത് ഇരുന്ന് അഡ്മിന്‍ റോളില്‍ ഒരാള്‍ ലോകത്തെങ്ങുമുള്ള ബാല്യകൗമാര യൗവ്വനങ്ങളെ അവര്‍ക്കു പരിചിതമല്ലാത്ത തിന്മയുടെ സര്‍ക്കസ് കൂടാരങ്ങളിലേക്കു നയിക്കുകയാണ്. ബ്ലൂവെയില്‍ പോലുള്ള ഗെയിമുകളിലൂടെ കുട്ടികള്‍ നയിക്കപ്പെടുന്ന തിന്മയുടെ ലോകത്തിലേക്കുള്ള പ്രവേശന കവാടങ്ങളില്‍ കുടുംബവും സമൂഹവും ഒറ്റക്കെട്ടായി കാവല്‍പ്പുരകള്‍ തീര്‍ക്കേണ്ടതല്ലേ?

ശ്രവണസന്നദ്ധതയില്ലാത്ത പഴയ തലമുറകളും ഞങ്ങള്‍ക്കു നിങ്ങളേക്കാള്‍ കൂടുതല്‍ അറിയാമെന്നു കരുതുന്ന പുതിയ തലമുറകളും തമ്മിലുള്ള സംഘര്‍ഷത്തിലാണ് നമ്മുടെ കുടുംബങ്ങളും സമൂഹവും. പരമ്പരാഗതമായ ആശയസംവേദന ശൈലികളെ വെല്ലുവിളിക്കുന്ന വിധത്തിലുള്ള നവീനസമ്പര്‍ക്കമാധ്യമങ്ങള്‍ പുതിയ തലമുറയെ ഭ്രാന്തമായി എങ്ങോട്ടാണ് നയിക്കുന്നതെന്നു ചിന്തിക്കാന്‍ നടി സണ്ണി ലിയോണിന്‍റെ കൊച്ചി സന്ദര്‍ശനം മാത്രം ഉദാഹരണമായെടുത്താല്‍ മതി. എല്ലാസര്‍വേകളിലും അശ്ലീലക്കാഴ്ചകളിലെ നമ്പര്‍വണ്‍ താരമായ അവരെ കാണാന്‍ യുവജനങ്ങളും കൗമാരങ്ങളും ഓടിയെത്തിയത് പരമ്പരാഗതമാധ്യമങ്ങളുടെ പിന്തുണയില്ലാതെയായിരുന്നു. ചിന്തിക്കുന്നവരും മൂല്യവിചാരമുള്ളവരുമായ പൗരസമൂഹത്തിന്‍റെ ശിഥിലീകരണം ആഗോളവല്ക്കരണത്തിന്‍റെ മുഖ്യ അജണ്ടയായിരിക്കെ, അതിന് അനുസൃതമായി പുതിയതലമുറയെ തിന്മയുടെ പുല്‍നാമ്പുകള്‍ തഴച്ചുവളരുന്ന സാങ്കേതിക ഭൂമികയിലേക്കു ബോധപൂര്‍വം അവര്‍ ആട്ടിത്തെളിക്കുന്നതിന്‍റെ കാഴ്ചക്കോലമായിരുന്നു അത്. ഇതുവഴി വ്യവസ്ഥാപിതമായ കുടുംബപശ്ചാത്തലത്തില്‍ നിന്നും ഓരോ വ്യക്തിയെയും അടര്‍ത്തിമാറ്റി തിന്മയുടെ വഴികളിലേക്കു തള്ളിവിടാന്‍ ചില ആഗോളക്കുത്തകകള്‍ ശ്രമിക്കുന്നു.

യാന്ത്രിക ഭ്രമങ്ങളുടെ പണിപ്പുരകള്‍
ദൈവവും മനുഷ്യനുമായുള്ള ആശയസംവേദനത്തിന്‍റെ ഇടര്‍ച്ചയ്ക്കും തകര്‍ച്ചയ്ക്കും ദൈവം കണ്ടെത്തിയ പരിഹാരമാര്‍ഗമാണ് ക്രിസ്തു. ക്രിസ്തുവിലൂടെ എല്ലാം ഒന്നിപ്പിക്കുന്ന കുടുംബങ്ങളെയാണ് ക്രിസ്തുമതം വിഭാവന ചെയ്യുന്നത്. അതുകൊണ്ടാണ് കര്‍ദ്ദിനാള്‍ ആവരി ഡള്ളസ് എന്ന ദൈവശാസ്ത്രജ്ഞന്‍ സഭ ആശയവിനിമയമാകുന്നു (Church is Communication) എന്നു പറഞ്ഞത്.

ക്രിസ്തു മതവിശ്വാസത്തിന്‍റെ അടിസ്ഥാനതത്വങ്ങളാണ് ദൈവ-മനുഷ്യ, മനുഷ്യ-മനുഷ്യബന്ധങ്ങള്‍. ദൈവംതന്നെ പിതാവ്-പുത്രന്‍-പരിശുദ്ധാത്മാവ് എന്ന സ്നേഹക്കൂട്ടായ്മയാണെന്നു നാം വിശ്വസിക്കുന്നു. വ്യക്തിബന്ധങ്ങളുടെ പൂര്‍ണ്ണതയായും (Relation) പരസ്പര പങ്കുവയ്ക്കലായും (perichoresis ഈ ആശയം യോഹ.17:21ല്‍ വചനം സാക്ഷ്യപ്പെടുത്തുന്നുണ്ട്.) സമ്പൂര്‍ണ്ണ കൂട്ടായ്മ (Koinonia/Communion)യായുമാണ് പരിശുദ്ധ ത്രിത്വത്തെ സഭാപിതാക്കന്മാര്‍ അവതരിപ്പിച്ചിട്ടുള്ളതും. അതുകൊണ്ടുതന്നെ, ദൈവ-മനുഷ്യബന്ധവും മനുഷ്യ-മനുഷ്യബന്ധവും തകരുന്നത് പാപമാണെന്നു സഭ പഠിപ്പിക്കുന്നു. ബന്ധങ്ങളുടെ പുന:സ്ഥാപനമായിട്ടാണ് രക്ഷയെ സഭ കാണുന്നത്. നവമാധ്യമങ്ങളായാലും, നമ്മുടെ ഏതൊരു ആശയസംവേദന വേദിയായാലും അവിടെ ബന്ധങ്ങളുടെ വളര്‍ച്ചയുണ്ടാകണം; പുന:സ്ഥാപനമുണ്ടാവണം. സെക്കന്‍ഡ് സ്ക്രീന്‍ യുഗത്തിലൂടെ പുതിയ തലമുറകളുമായുള്ള ബന്ധത്തില്‍ അകല്‍ച്ചയോ ഇടര്‍ച്ചയോ തകര്‍ച്ചയോ ഉണ്ടായിട്ടുണ്ടെങ്കില്‍ അവ പുന:സ്ഥാപിക്കുകയെന്നത് ദൈവജനമായ നമ്മുടെ ദൗത്യം തന്നെയാണ്. ഡിജിറ്റല്‍ പൗരന്മാരാകാന്‍ നാം ഭയപ്പെടരുതെന്നും (23.01.2014 ലെ സന്ദേശം)- മുഴുവന്‍ സഭയുടെയും പ്രേഷിതത്വ കടമ നിര്‍വഹിക്കാനുള്ള ഒരു മാര്‍ഗമാണ് ആശയവിനിമയമെന്നും ഫ്രാന്‍സിസ് പാപ്പ പറഞ്ഞത് ഈ ദൗത്യത്തെക്കുറിച്ച് നമ്മെ കൂടുതല്‍ ഓര്‍മ്മിപ്പിക്കാന്‍ വേണ്ടിയാണ്. വി. തോമസ് അക്വീനാസിന്‍റെ വാക്കുകള്‍ ഇവിടെ ഓര്‍മ്മിക്കാം: എന്ത് വിശ്വസിക്കണമെന്നറിയുക, എന്ത് ആഗ്രഹിക്കണമെന്നറിയുക, എന്ത് പ്രവര്‍ത്തിക്കണമെന്നറിയുകڈ

നാം നിര്‍മ്മിക്കണം പുതിയ ഡിജിറ്റല്‍ ഇടങ്ങള്‍
കാലത്തിന്‍റെ അടയാളങ്ങള്‍ വിവേചിച്ചറിയാനും അവ നടപ്പാക്കാനുമുള്ള ഇച്ഛാശക്തി തീര്‍ച്ചയായും കേരളസഭയ്ക്കുണ്ട്. ആഗോളവത്ക്കരണം നമ്മുടെ സ്ഥാപനങ്ങളെയും പ്രസ്ഥാനങ്ങളെയും നവകമ്പോളനിര്‍മ്മിതികള്‍ വാങ്ങുവാന്‍ പ്രേരിപ്പിക്കുമെങ്കിലും, സാംസ്ക്കാരിക അനുരൂപണമികവുള്ള അവയുടെ പ്രയോജനപ്പെടുത്തല്‍ പ്രോത്സാഹിപ്പിക്കാന്‍ ചെറുവിരലനക്കില്ല. ഉദാഹരണം ക്രൈസ്തവരംഗത്തെ അച്ചടിമാധ്യമങ്ങള്‍ തന്നെ. ഇന്നും ഭാരതീയ, കേരളീയ ശൈലിയിലുമുള്ള മതാനുഷ്ഠാന പ്രതീകങ്ങളാണോ അവയില്‍ പലതും ഉപയോഗിക്കുന്നത്? പ്രാദേശികവും, സാംസ്ക്കാരികത്തനിമയുള്ളതുമായ ചിത്രങ്ങളുടെ അഭാവം ക്രിസ്തീയ അച്ചടി മാധ്യമരംഗത്തുണ്ട്. കുമ്പസാരമെന്ന തലവാചകത്തോടുകൂടിയ ലേഖനത്തില്‍ സായിപ്പിനെയും മദാമ്മയെയും പലപ്പോഴും ചിത്രങ്ങള്‍ക്കായി നാം ഉള്‍പ്പെടുത്തുന്നു. മാധ്യമങ്ങളിലേക്കു നാം ഉള്‍ച്ചേര്‍ക്കേണ്ട ഭാരതീയ, കേരളീയ സാംസ്ക്കാരികത്തനിമയ്ക്ക് ഈ പ്രവണതകള്‍ പ്രതിബന്ധം തീര്‍ക്കുന്നു. നാം ഒരുക്കേണ്ട മാധ്യമ പരിത:സ്ഥിതിയുടെ രൂപത്തെക്കുറിച്ചും ഭാവത്തെക്കുറിച്ചും നമുക്കു ശരിയായ ബോദ്ധ്യമുണ്ടാകണം. ഇത്തരം ചിത്രങ്ങള്‍ ഫ്രീയായി ഉപയോഗിക്കാവുന്ന ഡിജിറ്റല്‍ ഇടങ്ങള്‍ നാം നിര്‍മ്മിക്കേണ്ടതല്ലേ? കത്തോലിക്കാസഭ മൊബൈല്‍ ഫോണുകളിലും ടാബ്ലറ്റുകളിലും (ഗുളികയല്ല,ടാബ് എന്നു ന്യൂജെന്‍ വിളിക്കുന്നത് നോട്ട് പാഡിനെയാണ്) എത്തിപ്പെടുന്നില്ലെങ്കില്‍ സഭ ഇല്ല എന്നു പറയേണ്ടിവരും എന്ന് വിലപിച്ചത് അലക്സാഡ്രിയായിലെ(യു.എസ്) ബിഷപ്പ് റൊണാള്‍ഡ് ഹെര്‍സോഗാണ്. കേരളത്തെപോലെ സാങ്കേതിക സാക്ഷരത കൈവരിച്ച നാടിനു ഈ വാക്കുകള്‍ കേട്ടില്ലെന്നു നടിക്കാനാവില്ല.

മാധ്യമ ഇടപെടല്‍ എന്നു പറയുന്നത് ഓഡിയോ കാസറ്റ് നിര്‍മ്മാണമോ, വെബ്സൈറ്റ് രൂപീകരണമോ, മൊബൈല്‍ ആപ്പുകളുടെ ആവിഷ്ക്കാരങ്ങളോ ഒക്കെ ആകാം. എന്നാല്‍ അവയുടെ അവതരണ രീതിക്കു ഭാരതീയ, കേരളീയത്തനിമയുണ്ടായില്ലെങ്കില്‍, പുതിയ തലമുറയുടെ അഭിരുചികള്‍ക്കനുസരിച്ചല്ല അവയുടെ Content (ഉള്ളടക്കം) നാം തയ്യാറാക്കുന്നതെങ്കില്‍ ഈ സെക്കന്‍ഡ് സ്ക്രീന്‍ യുഗത്തില്‍ പുതിയ തലമുറയെ നമുക്ക് ആകര്‍ഷിക്കാനാവില്ല. ഇവിടെ നാം ലക്ഷ്യമിടുന്ന ആശയസംവേദനം പൂര്‍ണ്ണമാകുന്നതുമില്ല.

സഭയുടെ പഠനങ്ങള്‍, ആരാധനക്രമങ്ങള്‍, പ്രാര്‍ത്ഥനാപുസ്തകങ്ങള്‍ എന്നിവയ്ക്കെല്ലാം വൈയക്തിക സ്വീകാര്യതയുള്ള ടെക്സ്റ്റുകള്‍ തയ്യാറാക്കണം. ഒരു പത്താം ക്ലാസ്സുകാരന്‍റെ മൊബൈലില്‍, അവന്‍റെ അമ്മയുടെയോ അമ്മൂമ്മയുടെയോ ചിത്രത്തോടൊപ്പം പരിശുദ്ധകന്യകാമാതാവിന്‍റെ ചിത്രവും ചേര്‍ത്ത് എത്രയും ദയയുള്ള മാതാവേ എന്ന പ്രാര്‍ത്ഥന ചിത്രീകരിച്ചു നല്കാനുള്ള ടാസ്ക്ക് നമുക്ക് മതബോധന ക്ലാസുകളില്‍ നല്കാന്‍ കഴിയും. ഒരു ഉദാഹരണം മാത്രമാണിത്. ഓരോ ദേശത്തിന്‍റെയും സാംസ്ക്കാരികവും സാമ്പത്തികവും സാമൂഹികവുമായ വൈവിധ്യങ്ങളെ അംഗീകരിച്ചുകൊണ്ടും ആദരിച്ചുകൊണ്ടുമുള്ള മള്‍ട്ടിമീഡിയ ആഖ്യാനരീതികള്‍ നാം കണ്ടെത്തേണ്ടതുണ്ട്. ആശയവിനിമയത്തില്‍ വ്യക്തികേന്ദ്രീകൃതവും പ്രാദേശികത്തനിമയുള്ളതുമായ ശൈലി നാം ആവിഷ്ക്കരിക്കണമെന്ന് ചുരുക്കം.

വേണം, പുതിയ സാമൂഹിക മാധ്യമ സാംസ്ക്കാരിക ശൈലി
നമുക്കു ചുറ്റും ഒരു പുതിയ സാമൂഹിക മാധ്യമ സാംസ്ക്കാരിക ശൈലി രൂപമെടുത്തു കഴിഞ്ഞു. എല്ലാവര്‍ക്കും ശബ്ദം  നല്കുന്ന ജനകീയ വിനിമയശൈലിയിലേക്കു അതിവേഗം നാം മാറണം. സാമൂഹിക മാധ്യമങ്ങളുടെ അന്ത:സത്ത തന്നെ പാരസ്പരികത (Interactivity) ആണ്. കാരണം ഡിജിറ്റല്‍ ലോകമെന്നത് ഒരു താല്ക്കാലിക പ്രതിഭാസമല്ല. നാം അംഗീകരിക്കുകയും പൊരുത്തപ്പെടുകയും ചെയ്യേണ്ട യാഥാര്‍ത്ഥ്യമാണത്. ഈയിടെ ഒരു വികാരിയച്ചന്‍, ഇടവകയിലെ പുതിയ തലമുറയെ കൈയില്‍ എടുത്തത്, അവരുടെ ജന്മദിനങ്ങളില്‍ ഓരോരുത്തര്‍ക്കും മൊബൈലുകളില്‍ ആശംസ നേര്‍ന്നു കൊണ്ടായിരുന്നു! ഇതോടെ പള്ളിയില്‍ വരാതിരുന്ന ബാല്യകൗമാരപ്രായക്കാര്‍ അവരുടെ ജന്മദിനങ്ങളില്‍ എന്തുത്യാഗം സഹിച്ചും പള്ളിയിലെത്തിത്തുടങ്ങി. വി.കുര്‍ബാനയ്ക്കുശേഷം ഒരു ജപമാലയോ, ഒരു വിശുദ്ധന്‍റെയോ വിശുദ്ധയുടെയോ ചിത്രമോ നല്കി അവനെ/അവളെ വികാരിയച്ചന്‍ സ്നേഹത്തോടെ ചേര്‍ത്തുപിടിക്കുന്നു. പുതിയ ആശയവിനിമയരീതിയിലൂടെയുളള 'നെഞ്ചോടടുപ്പിക്കുന്ന ഈ ചേര്‍ത്തുപിടിക്കല്‍' ക്രിസ്തുനാഥന്‍റെ കരവലയത്തിലേക്കുള്ള ഒരു കുഞ്ഞാടിന്‍റെ തിരിച്ചുവരവാണെന്നു ഓര്‍മ്മിക്കണം.

മാധ്യമങ്ങള്‍ ഇന്ന് വെറും ഉപകരണങ്ങളല്ല. അവ നമുക്കു സമ്മാനിക്കുന്നത് പുതിയൊരു 'ആവാസവ്യവസ്ഥ' (Ecology) യാണ്. ബന്ധങ്ങള്‍ നിര്‍മ്മിക്കാനും പുന:സ്ഥാപിക്കാനും കടമയുള്ള മതങ്ങള്‍ ഈ ആവാസവ്യവസ്ഥയെ പുതിയ തലമുറയെ നവമായി കണ്ടുമുട്ടാനുള്ള ഇടങ്ങളായി രൂപാന്തരപ്പെടുത്തണം. മൊബൈല്‍ പോലുള്ള യാന്ത്രിക സംവിധാനങ്ങളിലൂടെ ഇന്‍റര്‍നെറ്റില്‍ സമയം പോക്കുന്ന പുതുതലമുറയെ ദൈവത്തോടും മനുഷ്യരോടും സംസാരിക്കുന്നവരാക്കി മാറ്റാന്‍ ആശയവിനിമയത്തിനായുള്ള പുതിയ ഉപകരണങ്ങളും(Tools) ഉപാധികളും (techniques) തന്ത്രവൈദഗ്ദ്ധ്യവും (strategies) സ്വായത്തമാക്കാന്‍ റീത്തുകള്‍ക്ക് അതീതമായി കേരളസഭയുടെ മുന്നേറ്റം ആവശ്യമല്ലേ? സാങ്കേതികമായി നാം സാക്ഷാത്ക്കരിക്കേണ്ട څപുതിയകാര്യങ്ങള്‍ക്കു ഭാരിച്ച സാമ്പത്തികച്ചെലവ് പ്രതീക്ഷിക്കാമെങ്കിലും കേരളസഭ ഒരുമിച്ച് ഒരു പുതിയ ഐ.ടി, സാക്ഷരതാ മിഷന്‍ നമ്മുടെ കുടുംബങ്ങള്‍ക്കായി ആസൂത്രണം ചെയ്യേണ്ടതുണ്ട്. കണ്ണുതുറന്നു കാണേണ്ട കാലത്തിന്‍റെ അടയാളങ്ങള്‍ കണ്ണടച്ചിരുന്നാല്‍ താല്ക്കാലികമായി കാണാതിരിക്കാം. പക്ഷെ കാലത്തിന്‍റെ കുതിച്ചു പായലില്‍ ദൈവം ഭരമേല്പ്പിച്ച സുപ്രധാന ദൗത്യം നമുക്ക് കാണാതിരിക്കാനാവുമോ?

antony.chadayammuri@gmail.com

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org