ഇനിയെന്ത്? ആത്മപരിശോധന, മാനസാന്തരം, നവീകരണം…

ഇനിയെന്ത്? ആത്മപരിശോധന, മാനസാന്തരം, നവീകരണം…

കുരുവിള ജോണ്‍ ഐ.എ.എസ്. (റിട്ട.)
മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഫോര്‍ കേരള ഗവര്‍ണര്‍

മലയാളവര്‍ഷം തൊണ്ണൂറ്റി ഒമ്പതിലെ വെള്ളപ്പൊക്കത്തിനു ശേഷം ഒരു നൂറ്റിതൊണ്ണൂറ്റി നാലിലെ മഹാപ്രളയം. പഴയനിയമത്തിലെ നോഹയുടെ വെള്ളപ്പൊക്കത്തെ അനുസ്മരിപ്പിക്കുന്ന പ്രളയം നിരവധി ആളുകളുടെ ജീവനപഹരിച്ചു. വീടും വീട്ടിനുള്ളിലെ വസ്തുക്കളും അനേകര്‍ക്ക് നഷ്ടപ്പെട്ടു. പ്രാണരക്ഷയ്ക്കിടയില്‍ ആര്‍ക്കും ഒന്നും എടുത്തുകൊണ്ടു പോരുവാന്‍ സാധിച്ചില്ല.

ജീവനുതുല്യമായി നാം കരുതിവെച്ചതെല്ലാം വെള്ളത്തിലായി. സഹോദരരുമായി വഴക്കുകൂടി തട്ടിപ്പറിച്ചവ, മറ്റുള്ളവരുമായി ഷെയര്‍ ചെയ്യാന്‍ വിസമ്മതിച്ച അമൂല്യമായ വസ്തുക്കള്‍, അനര്‍ഹമായി സമ്പാദിച്ചവയൊക്കെയും നമുക്കന്യമായി. ദുഃഖക്കടലില്‍ തുല്യരായി നാമെല്ലാം.

തിളങ്ങുന്ന താരങ്ങളായത്, നസ്രത്തിലെ ആട്ടിടയന്മാരെപ്പോലെ, നാമെല്ലാം അവഗണനമാത്രം നല്‍കിയിട്ടുള്ള കുറെ മത്സ്യത്തൊഴിലാളികള്‍! കടലിനും ആകാശത്തിനുമിടയില്‍, ഒരിക്കലും തകരാത്ത ദൈവവിശ്വാസം മാത്രം കൈമുതലായുള്ളവരുടെ തളരാത്ത ആത്മവിശ്വാസവും കൈവെടിയാത്ത ആത്മധൈര്യവും, ത്യാഗോജ്വലമായ മനുഷ്യസ്നേഹവും വരുംതലമുറയെ പാഠപുസ്തകങ്ങളിലൂടെ പഠിപ്പിക്കേണ്ടതുണ്ട്!!!

ഇവരുടെ മുമ്പില്‍ എത്രയോ ചെറിയ മനുഷ്യരാണു നമ്മളെല്ലാം!

നമ്മുടെ ഇപ്പോഴത്തെ തത്രപ്പാടുകളും ഒളിച്ചോട്ടവും കാണുമ്പോള്‍, തന്‍റെ കടമകളെക്കുറിച്ചു തന്നെത്തന്നെ നിരന്തരമായി ഓര്‍മപ്പെടുത്തുന്നതിനുവേണ്ടി നെഹ്റു തന്‍റെ മേശപ്പുറത്തു സ്ഥിരമായി വച്ചിരുന്ന റോബര്‍ട്ട് ഫ്രോസ്റ്റിന്‍റെ പ്രസിദ്ധമായ വരികളാണ് മനസ്സില്‍ വരുന്നത്:

The woods are lovely, dark and deep,
But I have promises to keep,
And miles to go before I sleep,
And miles to go before I sleep.

പറയാതെ വയ്യ, നമ്മള്‍ ഈയിടെ നടത്തിക്കൊണ്ടിരുന്ന പ്രതിഷേധങ്ങളും, നിയമം കയ്യിലെടുക്കാനും വളച്ചൊടിക്കാനും, നിയമത്തിന്‍റെ നീണ്ട കരങ്ങള്‍ക്കിടയിലൂടെ സൂത്രത്തില്‍, സംശയത്തിന്‍റെ ആനുകൂല്യത്തില്‍, രക്ഷപെടാനുമുള്ള ശ്രമങ്ങളെല്ലാം നമ്മെ ജനമധ്യത്തില്‍ കൂടുതല്‍ അപഹാസ്യരാക്കുമെന്നതിനു സംശയമില്ല. ജനമനസ്സുകളില്‍ സത്യമായും നാം കളങ്കിതരായി കഴിഞ്ഞു.

ഏതു പക്ഷത്താണ് ശരി, ഏതു പക്ഷത്താണ് തെറ്റ്? നിഷ്പക്ഷമായ അന്വേഷണത്തിനും നീതിപൂര്‍വമായ വിചാരണയ്ക്കും നാം പ്രകടമായി തടസ്സം നില്‍ക്കുന്നു എന്നതുതന്നെ ഒരു സൂചനയാണ്. ഇരകളെയും സാക്ഷികളെയും പ്രലോഭിപ്പിക്കാനും, ഭീഷണിപ്പെടുത്താനും, വേണ്ടിവന്നാല്‍ അപകടപ്പെടുത്താനും മുതിരുന്നവര്‍ നിരപരാധികളാണെന്ന് കരുതാനാവില്ലല്ലോ.

എന്തെങ്കിലും വീഴ്ചകള്‍ സംഭവിച്ചാല്‍ അത് പശ്ചാത്താപത്തോടെ ഏറ്റുപറഞ്ഞ്, അതിനു പ്രായശ്ചിത്തം ചെയ്യലാണ് രണ്ടായിരത്തിലേറെ വര്‍ഷങ്ങള്‍ പഴക്കമുള്ള നമ്മുടെ പാരമ്പര്യം. അത് പിന്തുടര്‍ന്നേ മതിയാവൂ.

എത്ര ഉന്നതനായാലും എത്ര ചെറിയവനായാലും സഭയിലെ ഒരു അംഗം അല്മായരായാലും സമര്‍പ്പിതരായാലും എന്തെങ്കിലും തെറ്റ് ചെയ്താല്‍ അത് എല്ലാവരെയും ബാധിക്കും, എല്ലാവര്‍ക്കും അതിന്‍റെ വൈക്കേറിയസ് ഉത്തര വാദിത്വവുമുണ്ട്.

നമ്മളെല്ലാം ഒന്നിച്ച് ഉറക്കെ ചിന്തിക്കേണ്ട സമയമാണിത്. ബൗദ്ധികതലത്തില്‍ ഒരു കൂട്ടമണി അടിക്കേണ്ട സമയമാണിത്.

ഒരു ക്രിസ്ത്യാനി, കത്തോലിക്കന്‍ എന്നതില്‍ ഒത്തിരി അഭിമാനിക്കുന്ന നമുക്കൊക്കെ ലജ്ജയോടെ, കുറ്റബോധം കൊണ്ട് തലതാഴ്ത്തി നില്‍ക്കേണ്ട അവസ്ഥയാണിന്ന്.

ആഗോളവത്കരണം, ഉദാരവല്‍ക്കരണം, സ്വകാര്യവത്കരണം എന്നിവയ്ക്ക് എന്തെല്ലാം ഗുണഫലങ്ങളുണ്ടെങ്കിലും അവ നമ്മളെ നമ്മളല്ലാതാക്കിക്കഴിഞ്ഞു. സര്‍വ്വവ്യാപിയായ ഇന്‍റര്‍നെറ്റിന്‍റെ കടന്നുകയറ്റം എല്ലാം എളുപ്പമാക്കിയിരിക്കുന്നു. തെറ്റും ശരിയും തമ്മിലുള്ള വ്യത്യാസം കുറഞ്ഞു കുറഞ്ഞുവരുന്നു. മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധം മൃഗതുല്യമാകുന്നു. ദൈവത്തോടൊപ്പം മാമ്മോനെയും, അല്ലെങ്കില്‍ ഒരു പടി മുന്നില്‍. പ്രായോഗികത എന്ന ഓമനപ്പേരില്‍ നാം തെറ്റിനോട് സമരസപ്പെടാന്‍ തയ്യാറാകുന്നു.

സര്‍വോപരി, നമ്മുടെ തെറ്റുകളെ തിരിച്ചറിയാനുള്ള വിവേകശേഷിപോലും നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നു. തിരിച്ചറിഞ്ഞാലല്ലേ പശ്ചാത്താപവും പ്രായശ്ചിത്തവും ഒക്കെ ചെയ്യാനാവൂ.

നമ്മുടെ ശത്രു ആര്, മിത്രമാര് എന്ന് നാമറിയുന്നില്ല. നമ്മുടെ ഏറ്റവും വലിയ ശത്രു നാം തന്നെയാണ്. മറ്റൊരു ശത്രുവിനും അതിലേറെ നമ്മളെ നശിപ്പിക്കാനാവില്ല എന്നത് നാം കാണുന്നില്ല.

അലക്സാണ്ടര്‍ ദി ഗ്രേറ്റ് തന്‍റെ ഏറ്റവും വലിയ, അവസാനത്തെ യുദ്ധസന്നാഹവുമായി പുറപ്പെടുന്നതിനു മുമ്പേ ഡെല്‍ഫി എന്ന സ്ഥലത്തെ Oracle നോട് ചോദിച്ചു താന്‍ വിജയിക്കുമോ, എന്ന്. O! Alexander, you are invincible! എന്നായിരുന്നു ദ്വയാര്‍ത്ഥത്തിലുള്ള Oracle ന്‍റെ മറുപടി. (തന്നെപ്പോലും തനിക്കു കീഴ്പെടുത്തുവാന്‍ സാധിക്കുകയില്ല എന്ന, പരാജയത്തിന്‍റെ, മുന്നറിയിപ്പായിരുന്നു അത്.)

എന്തായാലും ഒരു സംഗതി തീര്‍ച്ചയാണ്. ഈ ദുരവസ്ഥയില്‍ നിന്നും നാം കരകയറിയേ പറ്റു. എന്താണ് നമ്മുടെ മുമ്പിലുള്ള മാര്‍ഗങ്ങള്‍?

ഒരു ക്രിസ്ത്യാനിക്ക്, മറ്റുള്ളവരെപ്പോലെ ഒത്തിരി ഓപ്ഷനുകള്‍ ഇല്ല. ഏതു പ്രതിസന്ധിയിലും ന മ്മുടെ മുമ്പില്‍ ഒരേയൊരു മാര്‍ഗ്ഗമേയുള്ളൂ സത്യത്തിന്‍റെ മാര്‍ഗം, നന്മയുടെ മാര്‍ഗം, നീതിയുടെ മാര്‍ഗം. ക്രിസ്തുവിന്‍റെ ആ മാര്‍ഗ്ഗമല്ലാതെ മറ്റൊന്നും നമുക്ക് കരണീയമല്ല, എന്തൊക്കെ ഒഴിച്ചുകൂടാനാവാത്ത സാഹചര്യങ്ങള്‍ ഉണ്ടെങ്കില്‍പ്പോലും.

ഓരോ കാല്‍വെപ്പിലും നമ്മെ നയിക്കേണ്ടത് സത്യസന്ധതയും, എളിമയും, സുതാര്യതയും, അക്കൗണ്ടബിലിറ്റിയുമാണ്. അങ്ങനെ ചെയ്താല്‍ മാത്രം പോരാ, അത് മറ്റുള്ളവര്‍ക്ക് ബോധ്യം വരത്തക്കരീതിയില്‍ ആകാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

കര്‍ദിനാള്‍ ന്യൂമാന്‍റെ
LEAD, kindly light, amid th'
encircling gloom,
Lead Thou me on!
The night is dark, and I am
far from home-
Lead Thou me on!

സമൂഹത്തിന്‍റെ ഷോക്ക് അബ്സോര്‍ബര്‍ ഇന്ന് വളരെയേറെ ശക്തമാണ്. എന്ത് കൊള്ളരുതായ്മയും നമ്മെ പിടിച്ചുകുലുക്കുന്നില്ല, പണ്ടത്തെപ്പോലെ. എല്ലാം നിസ്സംഗതയോടെ നാം വീക്ഷിക്കുന്നു, നമ്മളുമായി ബന്ധമില്ലാത്ത കാര്യങ്ങളാണെന്ന മട്ടില്‍.

പഴയകാലത്ത് ഒരു കുടുംബത്തില്‍നിന്നു വ്യക്തികള്‍ സമര്‍പ്പിത ജീവിതത്തിലേക്ക് പോകുമ്പോള്‍, അവര്‍ക്ക് എല്ലാവിധ പിന്തുണയും പ്രോത്സാഹനവും നല്കുന്ന ഒരു സംസ്കാരമുണ്ടായി രുന്നു. അവരില്‍നിന്നു കുടുംബവും, കുടുംബത്തില്‍നിന്ന് അവരും പ്രതീക്ഷിക്കുന്ന ആത്മീയ ചൈതന്യത്തെക്കുറിച്ചു നിരന്തരമായി പരസ്പരം ഓര്‍മ്മപ്പെടുത്തുന്ന ഒരു രസതന്ത്രമുണ്ടായിരുന്നു. വികസനത്തിന്‍റെ മാന്ത്രികവലയത്തില്‍പെട്ടു, സ്വാര്‍ത്ഥതയും അഹങ്കാരവുമൊഴിച്ചു ബാക്കിയെല്ലാം നാം വഴിയരികില്‍ ഉപേക്ഷിച്ചു നീങ്ങുന്നു.

എന്താണ്, എവിടെയാണ് നമുക്ക് തെറ്റുപറ്റിത്തുടങ്ങിയത്? ലോകവസ്തുക്കളില്‍ ഏറ്റവും അപകടകാരി പണമാണ്. ആരുടെയും കരങ്ങളെ മലിനമാക്കാനുള്ള സാധ്യതയുണ്ട്, പണത്തിന്. കഴിയുന്നത്ര ഇതില്‍നിന്നും അകന്നുനിന്നാല്‍ നമ്മുടെ മനസ്സും ആത്മാവും നന്നാവും, ശുദ്ധമാകും. പൊതുകാര്യത്തിനായി കൈകാര്യം ചെയ്യേണ്ടിവന്നാല്‍ അത് നൂറു ശതമാനം സുതാര്യമായി മാത്രം. അല്ലാത്തതൊന്നും ക്രിസ്തീയമല്ല. അല്ലാത്തതൊന്നിനും ക്രിസ്തുവിന്‍റെ അനുമതിയില്ല, ശിക്ഷാര്‍ഹവുമാണ്.

കണക്കില്‍പ്പെടാത്ത ധനവും, ചോദ്യം ചെയ്യാനാകാത്ത അധികാരവും നിശ്ചയമായും നാശത്തിന്‍റ വിത്തുകള്‍ പാകും, എന്നത് ചരിത്രമാണ്. ചരിത്രത്തില്‍നിന്നു പാഠങ്ങളൊന്നും നാം പഠിക്കുന്നില്ല എന്നതാണ് ചരിത്രം പഠിപ്പിക്കുന്ന ഏറ്റവും വലിയ പാഠം എന്ന് പറഞ്ഞ വിവേകശാലികള്‍ക്ക് അഭിനന്ദനം!

ഈ രണ്ടു ശത്രുക്കളെയും അകറ്റിനിര്‍ത്താന്‍ നമുക്കൊരുമിക്കാം. അത്തരമൊരു നന്മയുടെ പാതയിലൂടെ മാത്രമേ നമുക്ക് നമ്മുടെ സഭയെന്ന കപ്പലിനെ രക്ഷിക്കാനാകൂ. അമേരിക്കന്‍ പ്രസിഡന്‍റ് റൂസ്വെല്‍റ്റ് രണ്ടാം ലോക മഹായുദ്ധത്തിന്‍റെ ഏറ്റവും വിഷമകരമായ സന്ദര്‍ഭത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചിലിനെ ആശ്വസിപ്പിക്കാന്‍ അയച്ച കത്തിലെ ലോങ്ഫെല്ലോയുടെ വരികള്‍ നമുക്കും പ്രസക്തമാണ്:

…sail on, O Ship of State!
Sail on, O Union, strong and great!
Humantiy with all its fears,
With all its hopes of future years,
Is hanging breathless on thy fate!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org