അണയാത്ത അഗ്നി, മങ്ങാത്ത ആനന്ദം: സന്യാസികളുടെ മുഖമുദ്ര

അണയാത്ത അഗ്നി, മങ്ങാത്ത ആനന്ദം: സന്യാസികളുടെ മുഖമുദ്ര


ഫാ. മാത്യു വട്ടമറ്റം CMF

സുപീരിയര്‍ ജനറല്‍,
ക്ലരീഷ്യന്‍ സന്യാസ സമൂഹം)

പത്തൊമ്പതാം നൂറ്റാണ്ടില്‍ സ്പെയിനില്‍ സ്ഥാപിതമായ സന്യാസസമൂഹമാണ് ക്ലരീഷ്യന്‍സ് (Cordis Marie Filii-CMF) ഇപ്പോള്‍ 65 ലോകരാജ്യങ്ങളിലായി മൂവായിരത്തിലേറെ അംഗങ്ങളുള്ള സന്യാസസമൂഹമാണിത്. മലയാളിയായ ഫാ. മാത്യു വട്ടമറ്റമാണ് അതിന്‍റെ ഇപ്പോഴത്തെ സുപ്പീരിയര്‍ ജനറല്‍. പാലാ രൂപതയിലെ കളത്തൂര്‍ സെ. മേരീസ് ഇടവകാംഗമായ ഫാ. വട്ടമറ്റം ഈ സ്ഥാനത്തെത്തുന്ന ആദ്യത്തെ ഏഷ്യക്കാരനാണ്. 12 വര്‍ഷം സഭയുടെ ജനറല്‍ കൗണ്‍സിലറായി പ്രവര്‍ത്തിച്ച ശേഷമാണ് ജനറാളായി തിരഞ്ഞെടുക്കപ്പെട്ടത്. ലോകത്തിലെ എല്ലാ ക്ലരീഷ്യന്‍ സെമിനാരി വിദ്യാര്‍ത്ഥികളുടേയും സന്യാസപരിശീലനത്തിന്‍റെ ചുമതലയാണു കൗണ്‍സിലറെന്ന നിലയില്‍ വഹിച്ചിരുന്നത്. 2015-ല്‍ അദ്ദേഹം ജനറാളായതിനു ശേഷം ഈ സമൂഹത്തിലെ ഏഴ് അംഗങ്ങളെ മെത്രാന്മാരായും 2 പേരെ കാര്‍ഡിനല്‍മാരായും ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചിട്ടുണ്ട്. തൊട്ടു മുന്‍ ജനറല്‍ കഴിഞ്ഞ ജൂലൈയില്‍ ജപ്പാനില്‍ മെത്രാനായി നിയമിക്കപ്പെട്ടു. മറ്റൊരു മുന്‍ ജനറലാണ് കാര്‍ഡിനലായി ഉയര്‍ത്തപ്പെട്ടത്. മാര്‍പാപ്പയുടെ ആവശ്യപ്രകാരം അദ്ദേഹത്തെ സന്ദര്‍ശിച്ചു സ്വകാര്യ കൂടിക്കാഴ്ചകള്‍ നടത്തിയിട്ടുള്ള ഫാ. വട്ടമറ്റം പാപ്പയുമായി അടുത്ത വ്യക്തിബന്ധം പുലര്‍ത്തുന്നു.

ഫാ. മാത്യു വട്ടമറ്റവുമായി സത്യദീപം സബ് എഡിറ്റര്‍ ഷിജു ആച്ചാണ്ടി നടത്തിയ അഭിമുഖ സംഭാഷണത്തില്‍ നിന്ന്:

? ക്ലരീഷ്യന്‍സ് ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നതെന്നാണ്?
ഇന്ത്യയില്‍ നിന്ന് ക്ലരീഷ്യന്‍ സഭയിലേയ്ക്ക് അറുപതുകളില്‍ തന്നെ അംഗങ്ങളെ സ്വീകരിച്ചു തുടങ്ങി. ആദ്യത്തെ പുരോഹിതരുടെ പരിശീലനം ജര്‍മ്മനിയിലായിരുന്നു. അവര്‍ തിരിച്ചുവന്ന് 1970-ല്‍ ഇവിടെ സന്യാസഭവനമാരംഭിച്ചു. ഇന്ത്യയില്‍ ഇപ്പോള്‍ നാലു പ്രൊവിന്‍സുകളുണ്ട്. അഞ്ചാമത്തെ പ്രോവിന്‍സ് താമസിയാതെ ജാര്‍ഖണ്ഡ് ആസ്ഥാനമാക്കി തുടങ്ങും. കേരളം, ബാംഗ്ലൂര്‍, ചെന്നൈ, നോര്‍ത്ത് ഈസ്റ്റ് എന്നിവയാണ് ഇപ്പോഴത്തെ പ്രോവിന്‍സുകള്‍. മലയാളി പുരോഹിതര്‍ മുന്നൂറ്റമ്പതോളം പേരുണ്ട്.

ഏറ്റവും കൂടുതല്‍ സന്യാസാര്‍ത്ഥികളുള്ളത് ഇന്‍ഡോനേഷ്യയില്‍ നിന്നാണ് ഇപ്പോള്‍. തൊട്ടുപുറകെ ഇന്ത്യ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളാണ്. 17 ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സഭ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ രാജ്യങ്ങളിലെല്ലാം നിന്ന് ദൈവവിളികളുണ്ട്. ലാറ്റിനമേരിക്കയിലും ശക്തമായ സാന്നിദ്ധ്യമുണ്ട്. യൂറോപ്പില്‍ പോളണ്ട്, സ്പെയിന്‍ എന്നീ രാജ്യങ്ങളില്‍ നിന്നാണ് കൂടുതലും ദൈവവിളികളുള്ളത്. യൂറോപ്പില്‍നിന്നു ദൈവവിളികള്‍ കുറയുന്നു. കത്തോലിക്കാസഭയുടെ മുഖം മാറിക്കൊണ്ടിരിക്കുന്നതിന്‍റെ ഭാഗമായാണ് ഞാനതിനെ കാണുന്നത്. ഇപ്പോള്‍ ഏഷ്യയിലാണ് സഭ സജീവമായിരിക്കുന്നത്. ലോകത്തില്‍ കൂടുതല്‍ മനുഷ്യര്‍ കഴിയുന്നതും ഏഷ്യയിലാണല്ലോ. അതുകൊണ്ട് സഭയും കൂടുതല്‍ ഏഷ്യനായിരിക്കേണ്ടതുണ്ട്. അതു കര്‍ത്താവിന്‍റെ പദ്ധതിയാണ്. ആഫ്രിക്കയിലും സഭ വളരുകയാണ്. അവിടെ നിന്നു ധാരാളം ദൈവവിളികളും വരുന്നുണ്ട്.

? ഈ മാറ്റത്തെ അങ്ങു കാണുന്നത് പോസിറ്റീവായിട്ടാണ്…?
ഞാന്‍ ചരിത്രത്തിന്‍റെ ദൈവത്തില്‍ വിശ്വസിക്കുന്നു. ഈജിപ്തിലെ മഹാസംസ്കാരത്തിന്‍റെ പശ്ചാത്തലത്തില്‍ കഴിഞ്ഞിരുന്ന യഹൂദജനതയുടെ മോചനത്തിനായി ദൈവം തിരഞ്ഞെടുത്ത കുഞ്ഞ് അവിടെ ഏറ്റവും കഴിവുള്ളവനൊന്നും ആയിരുന്നില്ല. പക്ഷേ ജനം ദൈവത്തിന്‍റെ തിരഞ്ഞെടുപ്പിനെ വിശ്വസിച്ചു. ആ വിശ്വാസത്തിന്‍റെ കരുത്ത് ഇന്നും യഹുദസമൂഹത്തിനുണ്ട്. ദൈവം എപ്പോഴും ബലഹീനരായവരെയാണു തിരഞ്ഞെടുക്കുക. ക്ലിയോപാട്രയെ അല്ല മറിയത്തേയാണ് ദൈവം തിരഞ്ഞെടുത്തത്. തികച്ചും ഒരു ഗ്രാമീണസ്ത്രീ. മദര്‍ തെരേസായെ ഓര്‍ക്കുക. അറിയപ്പെടാത്ത ദേശത്തു നിന്നുള്ള അറിയപ്പെടാത്ത സ്ത്രീ. കര്‍ത്താവ് അവരെ തിരഞ്ഞെടുത്ത് ഇന്ത്യയില്‍ കൊണ്ടുവന്ന് ലോകത്തിന്‍റെ അമ്മയാക്കി. ചരിത്രത്തില്‍ സംഭവിക്കുന്നത് ദൈവത്തിന്‍റെ പദ്ധതിയുടെ ഭാഗമാണെന്ന വിശ്വാസമാണെനിക്കുള്ളത്. അതുകൊണ്ട് മാറ്റങ്ങളില്‍ ഒന്നും ഭയപ്പെടാനില്ല. നാം യേശുക്രിസ്തുവിനെ സംരക്ഷിക്കേണ്ടതില്ല. നാമവനെ പ്രഘോഷിച്ചാല്‍ മതി. നാം ദൈവത്തെയല്ല, ദൈവം നമ്മെയാണു സംരക്ഷിക്കുന്നത്. ചരിത്രം ദൈവത്തിന്‍റെ ഒരു കേളീരംഗമാണ്.

? യൂറോപ്പില്‍ സഭ തകരുന്നുവെന്നും അതില്‍ നി ന്നു മറ്റു സഭകള്‍ പാഠം പഠിക്കണമെന്നുമാണ് പൊതുവെയുള്ള പറച്ചില്‍. എന്തുകൊണ്ട് യൂറോപ്പില്‍ സഭ തകരുന്നു?
തകര്‍ച്ചയെന്നുള്ളത് നമ്മുടെ ഒരു വിധിയെഴുത്താണ്. മനുഷ്യരുടെ നിഗമനം. പള്ളികളില്‍ ആളില്ല, ദൈവവിളികള്‍ കുറയുന്നു, സന്യാസഭവനങ്ങള്‍ അടയ്ക്കുന്നു എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇതു പറയുന്നത്. പക്ഷേ നമ്മളിതിനെ ദൈവത്തിന്‍റെ കണ്ണുകളിലൂടെ കാണാന്‍ ശ്രമിക്കണം. സുവിശേഷവീക്ഷണത്തില്‍ നോക്കുക. അപ്രകാരം നോക്കിയാല്‍ യൂറോപ്പില്‍ സഭ തകര്‍ന്നു എന്നു പറയാന്‍ കഴിയില്ല. സജീവവിശ്വാസികളായ എത്രയോ മനുഷ്യരവിടെയുണ്ട്.

നല്ല ക്രൈസ്തവസാക്ഷ്യജീവിതം നയിക്കുന്ന ധാരാളം പേരെ, യുവാക്കളടക്കം, എനിക്കറിയാം. ഒന്നു രണ്ട് അബദ്ധങ്ങള്‍ അവര്‍ക്കു പറ്റിയെന്നു പറയാം. "ആനന്ദിച്ച് ആഹ്ലാദിക്കുവിന്‍" എന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പുതിയ അപ്പസ്തോലിക പ്രബോധനത്തില്‍ ആധുനിക സഭ നേരിടുന്ന രണ്ടു വെല്ലുവിളികളായി പരാമര്‍ശിക്കുന്നത് ജ്ഞാനവാദവും പെലാജിയനിസവുമാണല്ലോ. ഞാനതില്‍ ഒന്നു കൂടി കൂട്ടിച്ചേര്‍ക്കുന്നു, യുക്തിവാദം അഥവാ ഭൗതികവാദം. മതത്തിന് ഒരു അതിഭൗതികമാനമുണ്ട്. ദൈവത്തെ നമ്മുടെ ബുദ്ധിയുടെ കൊക്കിലൊതുക്കാന്‍ ശ്രമിച്ചാല്‍ അതു നടക്കില്ല. ഒരുപരിധി വരെ യൂറോപ്പ് അതിനു ശ്രമിച്ചു. ധ്യാനാത്മകവും അതിഭൗതികവുമായ മാനം നഷ്ടപ്പെട്ടാല്‍ ഏതൊരു മതത്തിന്‍റെയും ജീവന്‍ നഷ്ടപ്പെടും. ബുദ്ധമതം അതിനുദാഹരണമാണ്. അക്രമാസക്തമാകുന്ന ബുദ്ധമതത്തെ മ്യാന്‍മറിലും ശ്രീലങ്കയിലുമെല്ലാം നാം കാണുന്നു. ബുദ്ധന്‍റെ മിസ്റ്റിക്കല്‍ മാനം നഷ്ടപ്പെടുത്തിയതോടെയാണ് ആ മതം വെല്ലുവിളികള്‍ നേരിടാന്‍ തുടങ്ങിയത്. എല്ലാത്തിനേയും ശാസ്ത്രീയമായി അന്വേഷിക്കുക, മനസ്സിലാക്കുക എന്നതായിരുന്നു യൂറോപ്പിന്‍റെ ലക്ഷ്യം. അതിന് തീര്‍ച്ചയായും ഒരു പോസിറ്റീവ് വശമുണ്ട്. ഭൗമികമായ കാര്യങ്ങള്‍ക്ക് അതാവശ്യമാണ്. ആധുനികജീവിതസൗകര്യങ്ങള്‍ നമുക്കുണ്ടായതും അങ്ങനെയാണ്. പക്ഷേ ആത്മീയകാര്യങ്ങള്‍ക്കും അതേ രീതിശാസ്ത്രം പ്രയോഗിക്കുന്നതു ശരിയാകില്ല. അതിന്‍റെ ഒരു പ്രതിസന്ധി യൂറോപ്പ് നേരിട്ടു. ഒരുപരിധി വരെ ഇപ്പോള്‍ അതിനെ മറികടന്നുവെന്നാണ് തോന്നുന്നത്. പുതിയൊരു മനസ്സിലാക്കല്‍ യൂറോപ്പില്‍ ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്. ധ്യാനാത്മകസന്യാസസമൂഹങ്ങളിലേയ്ക്കുള്ള ദൈവവിളികള്‍ യൂറോപ്പില്‍ വര്‍ദ്ധിച്ചു തുടങ്ങിയത് അതിന്‍റെ സൂചനയാണ്.

ഈ യുക്തിവാദം വൈദികരേയും സന്യസ്തരേയും വരെ ബാധിച്ചിട്ടുണ്ട്. പ്രാര്‍ത്ഥന കൂടാതെ, യേശുക്രിസ്തുവിനെ അറിയാതെ, ആത്മീയതയിലോ ബൈബിളിലോ നമുക്ക് ഡോക്ടറേറ്റ് എടുക്കാം. അതൊരപകടമാണ്. ബൗദ്ധികമായ പഠനങ്ങള്‍ നമുക്ക് എത്ര വേണമെങ്കിലും നടത്താം. ഹൃദയം കൊണ്ടുള്ള പഠനമാണ് ആവശ്യം. അവിടെയാണ് പ്രാര്‍ത്ഥനയും നിശബ്ദതയും ധ്യാനവുമെല്ലാം ആവശ്യമായി വരുന്നത്. ഇതെല്ലാം ഒന്നിച്ചു പോകണമെന്നാണ് മാര്‍പാപ്പ ആവശ്യപ്പെടുന്നത്.

മറ്റൊന്ന്, ഭൗമിക ലോകത്തെ ദൈവമാക്കുക എന്ന അപകടമാണ്. സി എസ് ലെവിസിന്‍റെ ഒരു പുസ്തകത്തില്‍ സ്നേഹത്തെ കുറിച്ചു പറയുന്നുണ്ട്. നാലു സ്നേഹങ്ങളെ അദ്ദേഹം വിശദീകരിക്കുന്നു. എന്നിട്ടു പറയുന്നതിതാണ്, "ഇവയിലേതെങ്കിലുമൊരു സ്നേഹത്തെ ദൈവമാക്കിയാല്‍ അതു സാത്താനായി മാറും." ദൈവമല്ലാത്ത എന്തിനേയും ദൈവമാക്കിയാല്‍ അതു സാത്താനാകും. ഭൗതികമായ സൗകര്യങ്ങളെ ദൈവമാക്കുക. അങ്ങനെയൊരു വീഴ്ചയും യൂറോപ്പില്‍ ഉണ്ടായിട്ടുണ്ടെന്നു പറയാം. രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞപ്പോള്‍ യൂറോപ്പ് വലിയ ദുരിതങ്ങളും പട്ടിണിയും ഒക്കെ സഹിച്ചു. അതിനെ മറികടന്ന് അവര്‍ വളരെ വേഗത്തില്‍ പുരോഗതി പ്രാപിച്ചു. അതോടെ സുഖസൗകര്യങ്ങളെ ദൈവമാക്കുന്ന സ്ഥിതിയുണ്ടായി. പുതിയ തലമുറയ്ക്കു വേദന അസ്സഹനീയമായി. ചെറിയൊരു പ്രശ്നമുണ്ടായാല്‍ വിവാഹമോചനം നേടുന്നതു പോലുള്ള കാര്യങ്ങള്‍ അങ്ങനെയാണു വ്യാപകമായത്. അടുത്തത് ഭൗതികസൗകര്യങ്ങളും പണവും വെട്ടിപ്പിടിക്കാനുള്ള നെട്ടോട്ടമാണ്. ഒരാഴ്ച മുഴുവന്‍ അമിതമായി അദ്ധ്വാനിക്കുന്നു. അപ്പോള്‍ പിന്നെ ഞായറാഴ്ച സന്തോഷിക്കാനുള്ളതാണ്. ദൈവത്തിനു കൊടുക്കാന്‍ സമയമില്ല. അതിനു നൂറു കാരണങ്ങളും പറയാനുണ്ടാകും. വൈദികരുടേയും മെത്രാന്മാരുടേയും സഭയുടേയും കുറ്റങ്ങള്‍ കണ്ടുപിടിക്കുന്നതും അതിനാണ്. ഞായറാഴ്ചയില്‍ പള്ളികളില്‍ ആളു കുറയുന്നതില്‍ ഇത്തരത്തില്‍ പല ഘടകങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജോലിത്തിരക്കിനിടയില്‍ കുട്ടികള്‍ക്ക് വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നില്ല എന്ന കുറ്റബോധം മാതാപിതാക്കള്‍ക്കുണ്ട്. അതിനു പരിഹാരമായി കളിപ്പാട്ടങ്ങള്‍ വാങ്ങിക്കൊടുക്കുന്നു, ഞായറാഴ്ചകളില്‍ കളിക്കാന്‍ കൊണ്ടുപോകുന്നു. യഥാര്‍ത്ഥത്തില്‍ കുട്ടികള്‍ക്കു കൊടുക്കാന്‍ കഴിയുന്ന ഏറ്റവും നല്ല സമ്മാനം ദൈവത്തെ പരിചയപ്പെടുത്തുക, പള്ളിയില്‍ കൊണ്ടു പോകുക എന്നതാണ്. ഞാനിത് യൂറോപ്പിലെ മനുഷ്യരോടു പറയാറുണ്ട്.

ഏതു പ്രശ്നത്തിനും എളുപ്പത്തിലുള്ള പരിഹാരമുണ്ടാക്കുക എന്നതും ഈ ഭൗതികവാദത്തിന്‍റെ ലക്ഷണമാണ്. ഉദാഹരണത്തിനു സ്വവര്‍ഗലൈംഗികത. അങ്ങനെയൊരു പ്രശ്നമുണ്ട്. അതു യാഥാര്‍ത്ഥ്യമാണ്. പക്ഷേ ഉടനെ സ്വവര്‍ഗവിവാഹം എന്നൊരു പരിഹാരം കണ്ടെത്തുകയാണ്. വസ്തുനിഷ്ഠമായ മൂല്യങ്ങളേക്കാള്‍ നൈമിഷികമായ തോന്നലുകളെ അടിസ്ഥാനപ്പെടുത്തിയുള്ള താത്കാലിക പരിഹാരങ്ങള്‍. ജീവിതത്തിനും മനുഷ്യബന്ധങ്ങള്‍ക്കുമുള്ള മൂല്യത്തെ ഇവിടെ ഭൗതികവത്കരിക്കുകയാണ്. ആ അര്‍ത്ഥത്തില്‍ യൂറോപ്പ് അതിന്‍റെ തന്നെ ചില തിരഞ്ഞെടുപ്പുകള്‍ക്കുള്ള വില കൊടുക്കുന്നു എന്നാണ് ഞാനതിനെ കാണുന്നത്. അതേസമയം വിശുദ്ധരായ അനേകം വ്യക്തികളും കുടുംബങ്ങളും യൂറോപ്പിലുണ്ട് എന്നതു മറക്കാനും പാടില്ല.

? യൂറോപ്യന്‍ രാജ്യങ്ങളെല്ലാം ക്ഷേമരാഷ്ട്രങ്ങളായി മാറിയപ്പോള്‍ സഭയെ അവര്‍ക്കാവശ്യമില്ലാതെ വന്നതുകൊണ്ടാണെന്നും പറയുന്നവരുണ്ട്.
ചില കാര്യങ്ങളിലതു ശരിയാണ്. ഒരു ദ്വന്ദാത്മകസമീപനമാണ് അവര്‍ സ്വീകരിച്ചത്. രാജ്യം വേറെ, മതം വേറെ. ഫ്രഞ്ച് വിപ്ലവം കഴിഞ്ഞപ്പോഴേയ്ക്കും ഈ വേര്‍തിരിവു സംഭവിച്ചിരുന്നു. മതം പരസ്യമായി പറയാന്‍ പാടില്ല എന്നായി. രാഷ്ട്രത്തെയും മതത്തേയും വേര്‍തിരിച്ചു കാണണം. പക്ഷേ രണ്ടും പൂര്‍ണമായി പരസ്പരം വേര്‍പെടുത്തേണ്ടതല്ല. പരസ്പരം ആരോഗ്യകരമായി സഹകരിക്കേണ്ടവരാണ് രണ്ടു കൂട്ടരും. ചില കാര്യങ്ങള്‍ രാജ്യത്തിനാണു കൊടുക്കാന്‍ കഴിയുക, ചിലതു മതങ്ങള്‍ക്കും. കേരളത്തില്‍ സഭ നടത്തിയ വിദ്യാഭ്യാസസേവനം ഈ സഹകരണത്തിന്‍റെ നല്ല മാതൃകയാണ്.

മറ്റൊരു കാര്യം, മനുഷ്യനെന്നാല്‍ ശരീരം മാത്രമല്ല എന്നതാണ്. ശാരീരികമെന്നതിനു പുറമെ മാനസികവും ആത്മീയവുമായ തലങ്ങള്‍ കൂടി മനുഷ്യര്‍ക്കുണ്ട്. അതു വേര്‍പെടുത്തുക എളുപ്പമല്ല. "നാം ആത്മീയാനുഭവമുള്ള മനുഷ്യജീവികളല്ല, മറിച്ച് മനുഷ്യാനുഭവം ഉള്ള ആത്മീയ ജീവികളാണ്" എന്ന് തെയ്യാര്‍ദ് ദെഷാര്‍ദാന്‍ പറയുന്നുണ്ടല്ലോ. ആത്മീയത പ്രദാനം ചെയ്യുന്നതില്‍ ക്രൈസ്തവികതയ്ക്ക് അനന്യമായ ഒരു ദൗത്യമുണ്ട്. അത് എക്കാലവും സാധുതയുള്ളതാണ്. അതാണ് ക്രിസ്തുവിന്‍റെ രഹസ്യം എന്നു ഞാന്‍ വിശ്വസിക്കുന്നു. മനുഷ്യാവതാരം, കുരിശുമരണം, ഉത്ഥാനം എന്നിവ. വിശേഷിച്ചും പീഢാനുഭവരഹസ്യം. അതാണ് അതിന്‍റെ ഉള്‍ക്കാമ്പ്. സഹനങ്ങളുണ്ടാകുമ്പോള്‍ കുരിശില്‍ നോക്കി മനുഷ്യന് ആശ്വാസവും ശക്തിയും കണ്ടെത്താന്‍ കഴിയുന്നു. അതു കണ്ടെത്താന്‍ കഴിയുന്നവര്‍ക്ക്, ഈശോ തങ്ങള്‍ക്കു ജീവനേകുന്നു എന്ന് അനുഭവിക്കാനാകും.

ബുദ്ധമതത്തിലും ഹിന്ദുമതത്തിലുമെല്ലാം പരസ്പരം സമ്പുഷ്ടമാക്കുന്നതും തിരുത്തുന്നതുമായ ഘടകങ്ങളുണ്ട്. ശാസ്ത്രവും ഒരു ഘടകമാണ്. ശാസ്ത്രത്തിന്‍റെ സഹായമില്ലെങ്കില്‍ മതം അപചയം നേരിടും. ശാസ്ത്രീയസമീപനം മതത്തിന്‍റെ വഴിതെറ്റലുകളെ ഒഴിവാക്കാന്‍ സഹായിക്കും. മതമാകട്ടെ, ഭൗതികതയ്പ്പുറത്തേയ്ക്കു ശാസ്ത്രത്തെ വഴികാട്ടാന്‍ സഹായിക്കുന്നു. ഒരു സമഗ്രസമീപനമാണ് മതത്തോടും ശാസ്ത്രത്തോടും നമുക്കുണ്ടായിരിക്കേണ്ടത്.

? യൂറോപ്പില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഉണ്ടാക്കുന്ന മാറ്റം എങ്ങനെയാണ്?
അദ്ദേഹം മൂലം ഇന്നു കൂടുതല്‍ കത്തോലിക്കര്‍ പള്ളിയില്‍ പോകുന്നു, കുമ്പസാരിക്കാന്‍ തയ്യാറാകുന്നു. മറ്റു സഭകളുമായി നല്ല ബന്ധങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നു. കര്‍ത്താവിന്‍റെ സ്വപ്നം അതായിരുന്നു. നമ്മളൊന്നാകണം. ആ ഒരു ദര്‍ശനം പാപ്പായ്ക്കുണ്ട്. കത്തോലിക്കാസഭയും വിശ്വാസവും ഇന്ന് കൂടുതല്‍ പേര്‍ക്ക് ആകര്‍ഷകമായി തോന്നുന്നു. സഭ വിട്ടുപോയ ചിലരെല്ലാം തിരിച്ചു വരുന്നു.

? ചില വിവാദങ്ങളും ഉണ്ടല്ലോ. സ്വവര്‍ഗലൈംഗികത, വിവാഹമോചനം എന്നിവ പോലെയുള്ള വിഷയങ്ങളില്‍…
പലതും തെറ്റിദ്ധാരണകള്‍ മൂലമുണ്ടാകുന്നതാണ്. ചില വിഭാഗങ്ങള്‍ക്ക് താത്പര്യമുള്ള പ്രസ്താവനകള്‍ സന്ദര്‍ഭത്തില്‍ നിന്നടര്‍ത്തിയെടുത്ത് ഉപയോഗിക്കുകയാണ്. നാളെ മുതല്‍ സ്വവര്‍ഗലൈംഗികത ആകാം എന്നു പാപ്പ ഒരിടത്തും പറഞ്ഞിട്ടില്ല. മനുഷ്യജീവന്‍റെ പവിത്രതയെ കുറിച്ചാണു പാപ്പ പറയുന്നത്. ഒരു മനുഷ്യവ്യക്തിയേയും അയാളുടെ പ്രശ്നത്തേയും നാം വേറിട്ടു കാണണം. ദൈവത്തിന്‍റെ കണ്ണുകളിലൂടെ മനുഷ്യരെ കാണുക. ഒരു വ്യക്തി ഒരു സംഘര്‍ഷത്തിലൂടെ കടന്നു പോകുന്നു. വിവാഹം കഴിക്കാതെ ഗര്‍ഭവതിയായ ഒരു സ്ത്രീയെ സങ്കല്‍പിക്കുക. ആ കുഞ്ഞിനെ ഭ്രൂണഹത്യ ചെയ്യാതെ പ്രസവിക്കാന്‍ അവര്‍ തയ്യാറാകുന്നു. ആ കുഞ്ഞിന്‍റെ ജ്ഞാനസ്നാനം കരുണയോടെ കാണേണ്ട ഒരു വിഷയമാണ്. ചുരുങ്ങിയത് ആ ജീവന്‍ നശിപ്പിക്കാതിരിക്കാന്‍ തയ്യാറായ അമ്മയാണല്ലോ അവര്‍. പക്ഷേ ഈ നിലപാടിനര്‍ത്ഥം നാളെ മുതല്‍ ഇതെല്ലാം അനുവദനീയമാണ്, എല്ലാവരും ഇങ്ങനെയായിക്കോട്ടെ എന്നാണോ? അല്ല. ഈ വ്യത്യാസമാണ് നാം മനസ്സിലാക്കേണ്ടത്. പാപ്പായുടെ പ്രബോധനങ്ങളും പ്രസംഗങ്ങളും ആഴത്തില്‍ പരിശോധിക്കുമ്പോള്‍ ഞാന്‍ കാണുന്നത് മനുഷ്യവ്യക്തിയുടെ അന്തസ്സിനോടുള്ള അളവില്ലാത്ത ആദരവാണ്. മനുഷ്യര്‍ ദൈവത്തിന്‍റെ ഛായയില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നവരാണെന്നതു മറക്കാത്ത ഒരു സമീപനം. കുറ്റവാളികളോടു പോലും ഇതേ സമീപനം സ്വീകരിക്കാന്‍ കഴിയേണ്ടതാണ്. ഓരോ കുറ്റവാളിയും തന്‍റെ യഥാര്‍ത്ഥ തനിമയില്‍നിന്ന് ഏറെയകന്നു പോയവരാണ്. ആരും മറ്റുള്ളവരെ ദ്രോഹിക്കാന്‍ വേണ്ടി ജനിച്ചിരിക്കുന്നവരല്ല. സ്നേഹിക്കാന്‍ വേണ്ടി ജനിച്ചവരാണ്. മരിച്ചു കഴിഞ്ഞാല്‍ ഒരാളെ കുറിച്ചു നാം നല്ലതാണു പറയുക. തിന്മ ചെയ്തിട്ടുണ്ടെങ്കില്‍ അതു മാറ്റി വച്ചിട്ട്, ചെയ്ത നന്മകള്‍ മാത്രം എണ്ണി പറയുന്നു. അതെന്തുകൊണ്ടാണ്? കേവലമൊരു നാട്ടുമര്യാദ എന്ന നിലയ്ക്കാണോ? അല്ല, അതിനേക്കാള്‍ ഗാഢമായ ചില കാര്യങ്ങള്‍ അതിലുണ്ട്. അയാള്‍ ചെയ്ത ആ ചെറുനന്മകളാണ് യഥാര്‍ത്ഥത്തില്‍ അയാളുടെ സ്വത്വത്തോടു കൂടുതല്‍ ചേര്‍ന്നു നില്‍ക്കുന്നത്. ആ വ്യക്തി എന്തിനു ജനിച്ചു, യഥാര്‍ത്ഥത്തില്‍ അയാള്‍ ആരായിരുന്നു എന്നതു വ്യക്തമാക്കാനാണ് അയാള്‍ ചെയ്ത ചെറിയ നന്മകള്‍ നാം വിളിച്ചു പറയുന്നത്. ആ കാര്യങ്ങളാണ് അയാളുടെ ജീവിതത്തില്‍ അവശേഷിക്കാന്‍ പോകുന്നത്. ഒരാളുടെ യഥാര്‍ത്ഥമായ ഈ ആത്മതത്വത്തെ ആരാണു വളര്‍ത്തുന്നത്? അതു ചെയ്യുകയാണു സഭ. നീ ദൈവത്തിന്‍റെ സന്താനമാണ് എന്നയാളോടു പറയുന്നത് സഭയാണ്. അതു പറഞ്ഞു കൊടുക്കാന്‍ ക്രൈസ്തവരെന്ന നിലയില്‍ നാം കടപ്പെട്ടിരിക്കുന്നു.

? കുടിയേറ്റകാര്യത്തില്‍ പാപ്പ സ്വീകരിക്കുന്ന നിലപാട് യൂറോപ്പില്‍ എതിര്‍പ്പുണ്ടാക്കുന്നില്ലേ? അഭയാര്‍ത്ഥികളെ നിരുപാധികം സ്വീകരിക്കണം എന്ന ആവശ്യത്തെ യൂറോപ്പിന് അംഗീകരിക്കാനാകുന്നുണ്ടോ?
പാപ്പ സംസാരിക്കുന്നത് മനുഷ്യവ്യക്തിക്കു വേണ്ടിയാണ്. യുദ്ധവും പട്ടിണിയും മൂലം സ്വന്തം നാടുപേക്ഷിച്ച് മെച്ചപ്പെട്ട ഒരു ജീവിതം തേടി വരുന്നവരാണ് അഭയാര്‍ത്ഥികള്‍, കുടിയേറ്റക്കാര്‍. മധ്യപൂര്‍വദേശത്തുനിന്നും ആഫ്രിക്കയില്‍നിന്നും ജീവന്‍ രക്ഷിച്ച് ഓടി വരുന്നത് നമ്മുടെ സഹോദരങ്ങള്‍ തന്നെയാണ്. ഒരു പിതാവ് എന്ന നിലയില്‍ ചിന്തിച്ചു നോക്കൂ. ഒരു മകന്‍ ഗള്‍ഫിലൊക്കെ പോയി നല്ല പണമുണ്ടാക്കി വന്നു. അടുത്ത മകനു പഠിക്കാന്‍ പറ്റിയില്ല, വരുമാനമൊന്നുമില്ല. പിതാവിന്‍റെ കണ്ണിലൂടെ നോക്കിയാല്‍ പണമുള്ള മകന്‍ ഇല്ലാത്തവനെ സഹായിക്കുക എന്നത് തികച്ചും സ്വാഭാവികമായ കാര്യമാണ്. എന്‍റെ കാര്യം ഞാന്‍ നോക്കാം എന്ന മട്ടില്‍ മതിലു കെട്ടി ജീവിക്കാനാകില്ല. എല്ലാം പരസ്പരബന്ധിതമാണ്. ഇവിടെ ഒരു പൂവിരിയുന്നതിനു സൂര്യനുമായി ബന്ധമുണ്ട്. കഴിവുള്ള മക്കള്‍ കഴിവില്ലാത്ത മക്കളെ സഹായിക്കുന്ന വീടുകളുണ്ട്. അതു കാണുമ്പോള്‍ മാതാപിതാക്കള്‍ക്കു സന്തോഷം. അങ്ങനെയല്ലാത്ത വീടുകളുമുണ്ട്. ഇങ്ങനെ നോക്കുമ്പോള്‍ കുടിയേറ്റക്കാരെ നാം പരിഗണിക്കേണ്ടതുണ്ട്. ലോകത്തില്‍ എല്ലാ കാലത്തും കുടിയേറ്റം ഉണ്ടായിരുന്നു. ഇറ്റലിക്കാരും സ്പെയിന്‍കാരുമെല്ലാം ലക്ഷകണക്കിനായി ലാറ്റിനമേരിക്കയിലേയ്ക്കും മറ്റു രാജ്യങ്ങളിലേയ്ക്കും കുടിയേറിയിട്ടുണ്ട്. അമേരിക്കയില്‍ ട്രംപ് കുടിയേറ്റക്കാരെ ഒഴിവാക്കാന്‍ ശ്രമിക്കുന്നു. യഥാര്‍ത്ഥത്തില്‍ അമേരിക്കയില്‍ ഇപ്പോഴുള്ളവരെല്ലാം പഴയ കുടിയേറ്റക്കാരാണെന്നത് അവര്‍ മറക്കുന്നു. ഏറെക്കുറെ സമത്വാധിഷ്ഠിതമായ സമ്പത്തിന്‍റെ വിതരണം വിവിധ വന്‍കരകള്‍ക്കും രാജ്യങ്ങള്‍ക്കുമിടയിലുണ്ടെങ്കില്‍ ആരും എവിടേയും കുടിയേറിപ്പാര്‍ക്കാന്‍ താത്പര്യപ്പെടില്ല.

? ഏഷ്യയിലും ആഫ്രിക്കയിലും സഭ വളരുകയാണല്ലോ. ആഗോളസഭയ്ക്ക് ഏഷ്യയില്‍ നിന്നുള്ള സംഭാവനകളെ എങ്ങനെ കാണുന്നു? പണ്ടു പാശ്ചാത്യസഭ ഇങ്ങോട്ടു മിഷണറിമാരെ നല്‍കി, ഇപ്പോള്‍ തിരിച്ച് അങ്ങോട്ടു മിഷണറിമാരെ നല്‍കാന്‍ നമുക്കു കടമയുണ്ട് എന്നു പറയുന്നവരുണ്ട്…
ഒരു ബാര്‍ട്ടര്‍ സംവിധാനമായി അതിനെ കാണേണ്ടതില്ല. സഭ ഒരു കുടുംബമാണ്. ലോകത്തില്‍ അതിനൊരു ദൗത്യമുണ്ട്. ഒരു പ്രത്യേക ഘട്ടത്തില്‍ പാശ്ചാത്യസഭയ്ക്കു വലിയ ശക്തിയും സജീവതയുമുണ്ടായിരുന്നു. ലോകത്തിന്‍റെ പല ഭാഗങ്ങളിലും അവര്‍ പോയി. ക്ലരീഷ്യന്‍ മിഷണറിമാരുടെ തന്നെ അനേകം കഥകളുണ്ട്. ആളുകളുടെ ഇടയിലേയ്ക്കു പോയി അവരെ സഹായിക്കുകയും സ്നേഹിക്കുകയും അവരുടെ ഭാഷകളെ വളര്‍ത്തുകയുമൊക്കെ ചെയ്തതിന്‍റെ ഹൃദയസ്പര്‍ശിയായ ധാരാളം അനുഭവങ്ങള്‍. ക്രിസ്തീയ സ്നേഹവും വിശ്വാസവുമാണ് അതിനു പ്രേരകമായത്. പാശ്ചാത്യര്‍ അതില്‍ അവരുടേതായ പങ്കുവഹിച്ചു. ഇവിടെ ഒരു പൗരസ്ത്യസാംസ്കാരിക സാഹചര്യത്തില്‍ നാം ജീവിക്കുകയാണ്. നമ്മളും ചില സംഭാവനകള്‍ നല്‍കുകയും പരസ്പരപൂരകമായി വര്‍ത്തിക്കുകയും ചെയ്യേണ്ടതുണ്ട്. നമ്മുടെ മഹര്‍ഷിമാര്‍ ഹിന്ദുക്കളുടെ മാത്രമല്ല, നമ്മുടേതും കൂടിയാണ്. ദൈവാന്വേഷണമാണ് അവര്‍ നടത്തിയത്. നമ്മള്‍ അതിനുത്തരം ക്രിസ്തുവില്‍ കണ്ടെത്തി. ഭാരതീയവും പൗരസ്ത്യവുമായ ഒട്ടേറെ മൂല്യങ്ങളുണ്ട്. അദ്വൈത ചിന്ത ഒരുദാഹരണമാണ്. പൗരസ്ത്യപിതാക്കന്മാര്‍ കൂടുതല്‍ മിസ്റ്റിക്കലാണ്. അതൊക്കെ നാം ആഗോളസഭയ്ക്കു നല്‍കേണ്ടതാണ്. അല്ലാതെ അവിടെ പോയി കുര്‍ബാനയില്ലാത്ത ഇടവകകളില്‍ കുര്‍ബാന ചൊല്ലിക്കൊടുക്കുക എന്നതല്ല കാര്യം. ഈ തലത്തില്‍ നമുക്ക് ചില പോരായ്മകള്‍ വരുന്നുണ്ട് എന്നെനിക്കു തോന്നുന്നു. നാം തൊഴില്‍ശേഷി നല്‍കുകയല്ല ചെയ്യേണ്ടത്.

ഞങ്ങളുടെ സമൂഹത്തിലൊക്കെ സംഭവിക്കുന്ന മനോഹരമായ ഒരു കാര്യം സംസ്കാരാന്തര ജീവിതമാണ്. ഞാന്‍ താമസിക്കുന്ന ഭവനത്തില്‍ 14 രാജ്യങ്ങളില്‍ നിന്നുള്ളവരുണ്ട്. മലയാളികള്‍ രണ്ടു പേര്‍ മാത്രമാണ്. ഞങ്ങള്‍ ഒന്നിച്ചു ജീവിക്കുന്നു. ആരും ആരേക്കാളും മെച്ചമോ മോശമോ അല്ല. അതില്‍ ഒരു സാക്ഷ്യമുണ്ട്. ഒരു യൂറോപ്യനും ഏഷ്യനും ലാറ്റിനമേരിക്കക്കാരനും ചേര്‍ന്ന് ഒരു സമൂഹമാകുന്നു. അവര്‍ ഒരു ആഫ്രിക്കന്‍ ഗ്രാമത്തിനു വേണ്ടി സേവനം ചെയ്യുന്നു. അതു മനോഹരമായ ഒരു സാക്ഷ്യമാണ്. വലിയ ചിത്രത്തെക്കുറിച്ചുള്ള ബോധത്തിന്‍റെ അടിസ്ഥാനത്തില്‍ വേണം ചെറിയ ചിത്രം കാണാന്‍. സഭയ്ക്കുള്ളിലെ റീത്തുകളെക്കുറിച്ചൊക്കെ ചിന്തിക്കുമ്പോള്‍ ഇതെല്ലാം മനസ്സില്‍ വേണം. വാസ്തവത്തില്‍ സഭ പോലും സഭയെക്കുറിച്ചെന്നതിനേക്കാള്‍ മനുഷ്യവംശത്തെയാകെ കണ്ടുകൊണ്ടാണ് ചിന്തിക്കേണ്ടത്. രൂപതകള്‍ തമ്മിലും സന്യാസസഭകള്‍ തമ്മിലും റീത്തുകള്‍ തമ്മിലും പരസ്പരം മത്സരിക്കുന്നുണ്ടെങ്കില്‍ നാം ഈശോയുടെ ആത്മാവിനാല്‍ നയിക്കപ്പെടുന്നില്ല എന്നു തന്നെയാണര്‍ത്ഥം. പരിശുദ്ധാത്മാവിനാലാണു നയിക്കപ്പെടുന്നതെങ്കില്‍ നമുക്കൊരിക്കലും മറ്റുള്ളവരെ തള്ളിപ്പറയാനൊക്കില്ല.

? ക്ലരീഷ്യന്‍ സഭയുടെ ഭാവിയെ കുറിച്ചുള്ള ദര്‍ശനമെന്താണ്?
മുന്നോട്ടു പോകുന്ന ഒരു സന്യാസസമൂഹമായിരിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. സമൂഹത്തിന്‍റെ അതിരുകളിലേയ്ക്കു കടന്നു ചെന്നു മനുഷ്യരെ സഹായിക്കുന്ന ഒരു സമൂഹമാകാന്‍ ശ്രമിക്കുന്നു. അതാണല്ലോ ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്നാവശ്യപ്പെടുന്നത്. ജനറല്‍ ചാപ്റ്ററില്‍ സംബന്ധിച്ചപ്പോള്‍ പാപ്പ ഞങ്ങളോടു മൂന്നു വാക്കുകളാണ് പറഞ്ഞത്. 1, ആരാധിക്കുക. ദൈവത്തില്‍ വേരൂന്നി നില്‍ക്കുക എന്നതാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. 2, മുന്നോട്ടു പോകുക. ധീരതയോടെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുക എന്നര്‍ത്ഥം. അതു മിഷണറിമാര്‍ക്ക് അത്യാവശ്യമായ ഒരു മനോഭാവമാണല്ലോ. 3, അനുധാവനം ചെയ്യുക. ദൈവജനത്തേയും സന്യസ്തര്‍ പരസ്പരവും അനുഗമിക്കുക.

ഒരു ക്ലരീഷ്യന്‍റെ, സന്യാസിയുടെ ഉള്ളിലുള്ള ദൈവസ്നേഹാഗ്നി അണഞ്ഞുപോയാല്‍ അത് അപകടമാണ്. അഗ്നിയുണ്ടെങ്കില്‍ അവര്‍ സ്വാഭാവികമായി പ്രവര്‍ത്തിച്ചുകൊള്ളും. മൃതസംസ്കാരചടങ്ങിലെ മുഖവുമായി, സ്വയംകേന്ദ്രീകൃതമായി ജീവിക്കാതെ ഉള്ളില്‍ നിന്നൊഴുകുന്ന ആനന്ദത്തിന്‍റെ വാഹകരായിരിക്കണം. ജയില്‍പുള്ളികള്‍ക്കുവേണ്ടി, കുഷ്ഠരോഗികള്‍ക്കുവേണ്ടി, തോട്ടിപ്പണി കുലത്തൊഴിലായ ആന്ധ്രയിലെ ഒരു അധഃസ്ഥിത സമുദായത്തിനുവേണ്ടി, ലാറ്റിനമേരിക്കയില്‍ മയക്കുമരുന്നിരകള്‍ക്കുവേണ്ടി ഒക്കെ വലിയ സേവനങ്ങള്‍ ചെയ്ത ക്ലരീഷ്യന്‍ മിഷണറിമാരുണ്ട്. ഇത്തരത്തില്‍ ഓരോ സ്ഥലത്തും കാലത്തും ആവശ്യമുള്ള പുതിയ മേഖലകളില്‍ സമൂഹത്തിന്‍റെ അതിരുകളിലേയ്ക്കിറങ്ങണം, സഭ. ഉദാഹരണത്തിന് ഇപ്പോള്‍ കേരളത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രശ്നങ്ങള്‍ നേരിടുന്നതിനുള്ള സേവനങ്ങള്‍. അതുപോലെ മറ്റു മേഖലകളും ഉണ്ടാകും.

? കേരളസഭയെ വലിയ മിഷണറി തീക്ഷ്ണതയുള്ള സഭയെന്നാണു പറയാറുള്ളത്. ഒരു ആഗോള മിഷണറി സമൂഹത്തിന്‍റെ മേധാവിയായിരിക്കുമ്പോള്‍ കേരളസഭയോട് എന്താണു പറയാനുള്ളത്?

മൗലികമായ ആ മിഷന്‍ തീ ക്ഷ്ണതയിലേയ്ക്കു നാം മടങ്ങിപ്പോകേണ്ടതുണ്ട്. തോമാശ്ലീഹാ ഇവിടെ വന്നത് ആ അഗ്നിയുമായാണ്. അതു നമുക്കും പകര്‍ന്നു കിട്ടി. അതാണു നമ്മുടെ പൈതൃകമെങ്കില്‍ അതേ തീക്ഷ്ണതയുമായി പുറത്തേയ്ക്കു പോകാന്‍ നാം തയ്യാറാകണം. പല മേഖലകളിലും ആ തീക്ഷ്ണത വളര്‍ന്നു വരുന്നുണ്ട്. ധാരാളംപേര്‍ അപ്രകാരം മിഷനു വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. ഫിയാത്ത് മിഷനും വിവിധ കരിസ്മാറ്റിക് ഗ്രൂപ്പുകളും ഉദാഹരണമാണ്. വലിയ പള്ളികള്‍ പണിയുന്നത് ഇപ്പോള്‍ സീറോ മലബാര്‍ സഭയുടെ ഒരു സവിശേഷതയാണ്. വലിയ പള്ളികള്‍ ആവശ്യമാണോ ഇല്ലയോ എന്നതു സംബന്ധിച്ച് വിശകലനമൊന്നും ഞാന്‍ നടത്തിയിട്ടില്ല. പക്ഷേ ഒരു കാര്യമുണ്ട്. നമ്മുടെ ആവശ്യങ്ങള്‍ ഒരിക്കലും അവസാനിക്കുകയില്ല. നാം സ്വയം അലങ്കരിച്ചുകൊണ്ടേയിരിക്കും. അക്കാര്യത്തില്‍ ചില കാര്യങ്ങള്‍ നമുക്ക് പാശ്ചാത്യസഭയില്‍ നിന്നു പഠിക്കാനുണ്ട്. ഒരു ദുരന്തമൊക്കെ ഉണ്ടായാല്‍ അവിടെ സഹായമെത്തിക്കുക എന്നത് അവരുടെ രക്തത്തിലുള്ളതാണ്. യൂറോപ്പില്‍ ചിലര്‍ മിഷനെ ഉദ്ദേശിച്ചു നല്‍കുന്ന സംഭാവനകള്‍ സ്വീകരിക്കാന്‍ എനിക്കു വിഷമം തോന്നിയിട്ടുണ്ട്. ഒരിക്കല്‍ ജര്‍മ്മനിയിലെ ഒരു പാവപ്പെട്ട സ്ത്രീ എനിക്കു മിഷനെ സഹായിക്കാനായി പണം നല്‍കി. ടെലിവിഷന്‍ പോലും വാങ്ങാതെ സമ്പാദിച്ച പണമായിരുന്നു അത്. ആന്ധ്രായില്‍ വളരെ അര്‍ഹിക്കുന്ന ഒരു പദ്ധതിക്കു വേണ്ടി ആ പണം നല്‍കിയതോര്‍ക്കുന്നു. ആ സ്ത്രീയുടെ മുമ്പില്‍ സ്വയം ചെറുതാകുന്നതായി എനിക്കു തോന്നി. എവിടെയെങ്കിലും പ്രകൃതിദുരന്തങ്ങളൊക്കെയുണ്ടാകുമ്പോള്‍ ഉടന്‍ സഹായങ്ങള്‍ സമാഹരിച്ചു നല്‍കുന്ന ഒരു രീതി കേരളസഭയില്‍ ഇനിയും വളരാനുണ്ടെന്നാണു തോന്നുന്നത്. യൂറോപ്പില്‍ പള്ളിയില്‍ പോകുന്നവര്‍ കുറവായാല്‍ പോലും ഈ സഹായമനസ്ഥിതി ശക്തമായി നിലനില്‍ക്കുന്നു. മറ്റു മനുഷ്യരെക്കുറിച്ചുള്ള ഒരു കരുതല്‍ അവര്‍ക്കുണ്ട്. യൂറോപ്പിലെ സഭ തകരുന്നു എന്ന വാദം ഞാനംഗീകരിക്കാത്തത് അതുകൊണ്ടാണ്. ക്രൈസ്തവചൈതന്യം അവിടെ നിലനില്‍ക്കുന്നു. അവിടത്തെ പോരായ്മകളെ ന്യായീകരിക്കുകയല്ല. പക്ഷേ സഹിക്കുന്ന മനുഷ്യരെ സഹായിക്കാനുള്ള സന്നദ്ധത നമ്മള്‍ കൂടുതലായി ആര്‍ജിക്കണം. ഉത്തരേന്ത്യയിലെയും ആഫ്രിക്കയിലെയും സഭകളെയൊക്കെ സഹായിക്കാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്. കാരണം, നാം ധാരാളമായി സ്വീകരിച്ചവരാണ്. ഇനി നല്‍കേണ്ടതുമുണ്ട്. ഇവിടെ ചിലപ്പോള്‍ പള്ളികളുടെ നിര്‍മ്മാണത്തിനു വിദേശസംഭാവനകള്‍ ലഭ്യമാക്കുന്നതു കണ്ടിട്ടുണ്ട്. എനിക്കതു നല്ല കാര്യമായി തോന്നാറില്ല. ആഫ്രിക്കയിലെയൊക്കെ സാഹചര്യങ്ങള്‍ അറിയാവുന്നതുകൊണ്ടാണത്. കേരളത്തിലെ സഭയ്ക്ക് ഇന്ന് അന്താരാഷ്ട്ര ഏജന്‍സികളുടെ സഹായമൊന്നും ആവശ്യമുണ്ടെന്നു കരുതുന്നില്ല. ഇക്കാര്യത്തിലൊക്കെ ഒരു മനഃപരിവര്‍ത്തനം നമുക്കാവശ്യമുണ്ട്.

? ക്ലരീഷ്യന്‍ രക്തസാക്ഷികള്‍ സഭാചരിത്രത്തില്‍ ധാരാളമുണ്ടായിട്ടുണ്ടല്ലോ…
1936-ല്‍ സ്പെയിനില്‍ ഒരു ആഭ്യന്തരയുദ്ധം നടന്നു. കമ്മ്യൂണിസത്തിന്‍റേയും അനാര്‍ക്കിസത്തിന്‍റേയും ഒരു പരീക്ഷണശാലയായിരുന്നു അന്നു സ്പെയിന്‍. സ്പെയിന്‍ ലാറ്റിനമേരിക്കയിലേയ്ക്കുള്ള ഒരു കവാടവുമാണ്. കത്തോലിക്കാസഭയെ ശത്രുവായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഒരു മതമര്‍ദ്ദനമാണ് അക്കാലത്തു നടന്നത്. കത്തോലിക്കാസഭയുടെ ആളുകളെയെല്ലാം നിഷ്ഠുരമായി കൊന്നൊടുക്കുകയാണ് ചെയ്തത്. 272 സന്യാസികളെ ഞങ്ങള്‍ക്ക് അന്നു നഷ്ടപ്പെട്ടു. ധാരാളം ദൈവവിളികളുള്ള സമയമായിരുന്നു അത്. വിശ്വാസത്തെ മുറുകെ പിടിച്ചതുകൊണ്ടാണ് അവര്‍ക്കെല്ലാം ജീവന്‍ നഷ്ടപ്പെട്ടത്. കാരണം വിശ്വാസം ത്യജിച്ചാല്‍ കൊല്ലില്ലെന്ന വാഗ്ദാനം ഇവര്‍ക്കെല്ലാം ലഭിച്ചിരുന്നു. പക്ഷേ അവരെല്ലാം സ്വജീവനേക്കാള്‍ പ്രധാനമായി കണ്ടത് വിശ്വാസത്തെയായിരുന്നു. തുടര്‍ന്ന് മറ്റൊരു അക്രമപരമ്പരയില്‍ നൂറ്റമ്പതോളം സഭാംഗങ്ങളും കൊല്ലപ്പെട്ടു. ഇവരെയെല്ലാം പിന്നീട് രണ്ടു ഘട്ടമായി രക്തസാക്ഷികളായി പ്രഖ്യാപിച്ചിരുന്നു. ഇവരില്‍ ഓരോരുത്തരുടേയും കഥ വളരെ ഹൃദയസ്പര്‍ശിയാണ്. ഉപദ്രവിച്ചവരോടു ക്ഷമിക്കുന്നതും കൊല്ലുമെന്നറിയുന്നവര്‍ക്കു വേണ്ടി പോലും അവസാനനിമിഷം വരെ സേവനം ചെയ്യുന്നതുമായ സംഭവങ്ങള്‍.

? ആഗോളസഭയ്ക്കു ക്ലരീഷ്യന്‍ സമൂഹം നല്‍കിയ സംഭാവനകള്‍ എന്താണ്?
ഞങ്ങള്‍ക്ക് ഒരുപാടു വലിയ സ്ഥാപനങ്ങളില്ല. സമൂഹത്തിന്‍റെ അതിരുകളില്‍ സേവനം ചെയ്യുന്ന ധാരാളം സന്യസ്തര്‍ ഈ സമൂഹത്തിലുണ്ടായിട്ടുണ്ട്. വിദ്യാഭ്യാസരംഗത്തും വലിയ സേവനങ്ങള്‍ ചെയ്തിട്ടുണ്ട്. ബൈബിള്‍ സാഹിത്യ പ്രചാരണത്തിലും സന്യാസജീവിതത്തിന്‍റെ ദൈവശാസ്ത്രം പോലുള്ള മേഖലകളിലും കാര്യമായ സംഭാവനകളുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org