‘വയല്‍നാടി’ന്‍റെ നൊമ്പരം

‘വയല്‍നാടി’ന്‍റെ നൊമ്പരം

ഫാ. ബിജോ തോമസ് കറുകപ്പള്ളി, മാനന്തവാടി

കേരളത്തില്‍ ആഞ്ഞടിച്ച പ്രളയം വയനാട് ജില്ലയെ പൂര്‍ണമായും നാശത്തിലാഴ്ത്തിക്കളഞ്ഞു. സര്‍ക്കാര്‍ കണക്കു പ്രകാരം വയനാട്ടില്‍ ആയിരം കോടിയുടെ നഷ്ടമാണു കണക്കാക്കിയിരിക്കുന്നത്. 450 കിലോമീറ്റര്‍ പിഡബ്ല്യൂഡി റോഡുകള്‍ തകര്‍ന്നു. തകര്‍ക്കപ്പെട്ട പഞ്ചായത്ത് റോഡുകളുടെ കണക്കു ലഭ്യമായിട്ടില്ല. കാര്‍ഷികമേഖലയില്‍ 50 കോടിയുടെ നഷ്ടമാണു കണക്കാക്കുനനത്. 35 കോടിയുടെ വാഴകൃഷി തകര്‍ന്നു. 615 വീടുകള്‍ പൂര്‍ണമായും ഇല്ലാതായി. രണ്ടായിരത്തിലധികം വീടുകള്‍ ഭാഗികമായി തകര്‍ന്നു. ഭാഗികമായി നാശനഷ്ടങ്ങളുണ്ടായ വീടുകള്‍ പുനരുദ്ധരിക്കുകയെന്നാല്‍ മിക്കതും പുനര്‍നിര്‍മ്മിക്കുന്ന അവസ്ഥ വേണ്ടി വരും. പതിനായിരത്തില്‍പ്പരം കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. 3800 പേര്‍ വിവിധ ക്യാമ്പുകളില്‍ അഭയം തേടി. ബന്ധുവീടുകളിലും മറ്റും ചേക്കേറിയവര്‍ അര ലക്ഷത്തിലേറെ വരും. വെറും ഏഴു ലക്ഷം ജനസംഖ്യയുള്ള വയനാട്ടില്‍ പ്രളയം ബാക്കിവച്ച കണക്കുകളാണിവ. മൂന്നു ചുരങ്ങളിലൂടെ വയനാട്ടിലേക്കുള്ള യാത്ര ഇല്ലാതായതും പുറംലോകവുമായുള്ള ബന്ധവും ആശയവിനിമയവും പ്രയാസകരമാക്കിയതും സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കി.

വയനാട്ടില്‍ത്തന്നെ വടക്കേ വയനാട്ടിലാണു കൂടുതല്‍ രൂക്ഷമായ നാശനഷ്ടങ്ങള്‍ ഉണ്ടായത്. കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍ ഭാഗങ്ങളിലും നിലമ്പൂരും പ്രളയക്കെടുതിയുടെ തീവ്രത അനുഭവപ്പെട്ടു. ആ വിധത്തില്‍ മാനന്തവാടി രൂപതയുടെ എല്ലാ പ്രദേശങ്ങളിലും ഇതിന്‍റെ തിക്താനുഭവങ്ങള്‍ ഉണ്ടായി.

രണ്ടു പ്രാവശ്യമായിട്ടാണ് ഈ വര്‍ഷം വെള്ളപ്പൊക്കം ഉണ്ടായത്. ആദ്യം വെള്ളം ഉയര്‍ന്നു; പിന്നെ ഇല്ലാതായി. രണ്ടാമത് ബാണാസുര സാഗര്‍ അണക്കെട്ടു പെട്ടെന്നു തുറക്കേണ്ട സാഹചര്യം വന്നു. ആ സമയത്തു മഴയുടെ ശക്തിയില്‍ ഉരുള്‍പൊട്ടലും ഉണ്ടായി. ഈ സമയത്ത്, കബനീനദിയിലൂടെ ഒഴുകിച്ചെല്ലുന്ന വെള്ളം കര്‍ണാടകയില്‍ കോട്ടയ്ക്കടുത്തുള്ള ഡാം തുറക്കാതിരുന്നതും വിനയായി. അത് ഇവിടെ ജലം സംഭരിക്കപ്പെടാനുള്ള കാരണമായി തീര്‍ന്നു.

വയനാട് വെള്ളപ്പൊക്ക ഭീഷണിയുള്ള സ്ഥലമേ അല്ല. വെള്ളം ഇവിടെ ഒഴുകാതെ നില്ക്കുകയും മഴ ശക്തമായി പെയ്യുകയും ചെയ്തപ്പോഴാണ് അതു ദുരന്തമായി മാറിയത്. ഇവിടെ ജനങ്ങള്‍ പൂര്‍ണമായും കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നവരാണ്. കൃഷിക്കൊപ്പം വളര്‍ത്തുമൃഗ പരിപാലനവും ഇതില്‍ വരുന്നതാണ്.

വയനാട് 'വയല്‍നാട്' ആണെന്നു പറയുമെങ്കിലും നെല്‍കൃഷിയില്‍നിന്നു വാഴകൃഷിയിലേക്ക് ഒരു മാറ്റം ഉണ്ടായിട്ടുണ്ട്. ഓണത്തെ ഉദ്ദേശിച്ചാണു പലരും വാഴകൃഷി ചെയ്തിരുന്നത്. എന്നാല്‍ അതൊക്കെയും നശിച്ചു. 100 രൂപ മുതല്‍ 200 രൂപവരെയാണ് ഒരു വാഴക്കുലയ്ക്കു സാധാരണ ചെലവു വരുന്നത്. ഇത് 250 രൂപ മുതല്‍ 400 രൂപ വരെ വിലയ്ക്കാണു വില്‍ക്കുക. എന്നാല്‍ 100 രൂപ കണക്കാക്കിയാണു സര്‍ക്കാര്‍ ഇപ്പോള്‍ നഷ്ടപരിഹാരം നിശ്ചയിച്ചിരിക്കുന്നത്. കര്‍ഷക ആത്മഹത്യകള്‍ വളരെയേറെയുണ്ടായ പ്രദേശമാണു വയനാട്. ഈ സാഹചര്യത്തില്‍ കര്‍ഷകര്‍ അത്തരം ദുശ്ചിന്തകളിലേക്കു നീങ്ങാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കേണ്ടതു നമ്മുടെ കടമയാണ്.

പ്രളയം രൂക്ഷമായപ്പോള്‍ ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുന്നതിനാണു നമ്മള്‍ പ്രാമുഖ്യം നല്കിയത്. വളരെ പെട്ടെന്നുതന്നെ നമ്മുടെ പള്ളികള്‍ ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങളും തുറന്നു കൊടുത്തു. എല്ലായിടത്തും ആദ്യദിവസത്തെ ഭക്ഷണവും മറ്റും സഭയാണു നല്കിയത്. പിന്നീടാണു മറ്റു സംഘടനകളും രാഷ്ട്രീയക്കാരുമെല്ലാം വരുന്നത്. ഇത്തരത്തില്‍ ഏതാണ്ട് 3700-ലധികം ജനങ്ങള്‍ ക്യാമ്പുകളില്‍ കഴിഞ്ഞു. ക്യാമ്പുകളില്‍ കഴിയാതെ വിഷമിക്കുന്നവരെ പരിചരിക്കുക എന്നതാണു രണ്ടാം ഘട്ടത്തില്‍ അനുവര്‍ത്തിച്ചത്. വയനാട്ടിലെ 20 ശതമാനത്തോളം പേര്‍ ആദിവാസികളായതിനാല്‍ പലരും ക്യാമ്പിലേക്കു വരാതെ അവരുടെ കുടിലുകളില്‍ തങ്ങുകയായിരുന്നു. അവര്‍ക്കിടയിലേക്കു കടന്നുചെന്നു ഭക്ഷണം നല്കി, മറ്റു സഹായങ്ങള്‍ ചെയ്തു. ഇക്കാര്യങ്ങളിലെല്ലാം ജില്ലാ ഭരണകൂടവുമായി സഹകരിച്ചാണു നാം മുന്നോട്ടുപോയത്.

വയനാട്ടിലെ ഏക റേഡിയോ സ്റ്റേഷനായ 'റേഡിയോ മാറ്റൊലി' വഴി നാം ആദ്യമേ ഒരു ഹെല്‍പ് ലൈന്‍ തുടങ്ങിയിരുന്നു. സഹായം വേണ്ടവരും സഹായസന്നദ്ധരും നമ്മുടെ റേഡിയോ നെറ്റ്വര്‍ക്കിലൂടെ ബന്ധപ്പെട്ടുകൊണ്ടിരുന്നു. ഇതെല്ലാം സര്‍ക്കാര്‍ സംവിധാനങ്ങളോടു ചേര്‍ന്നുതന്നെയാണു പ്രവര്‍ത്തിച്ചിരുന്നത്. 250 ടണ്‍ അരിയും അതിനനുസരിച്ചുള്ള ഭക്ഷണസാധനങ്ങളും ആരംഭഘട്ടത്തില്‍ വിതരണം ചെയ്തു. ഇതിനൊപ്പം പുതപ്പുകളും മറ്റു വസ്ത്രങ്ങളും വിതരണം ചെയ്തു.

സര്‍ക്കാരും സന്നദ്ധ സംഘടനകളും വഴി ക്യാമ്പിലെ കാര്യങ്ങള്‍ ഏറെക്കുറെ ഭംഗിയായി. ആ സമയത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ നാം ശ്രദ്ധയൂന്നി. ക്യാമ്പ് വിട്ടുവന്നവര്‍ക്ക് അടിയന്തിരമായി വേണ്ട പുനരുദ്ധാരണ യത്നത്തിലും നമ്മള്‍ ശ്രദ്ധ വച്ചു. തകര്‍ന്ന വീടുകള്‍ ശരിയാക്കാനും ഷീറ്റ് മേയാനും വൃത്തിയാക്കാനും കഴിഞ്ഞു. പല സ്ഥലങ്ങളിലും നമ്മുടെ സന്നദ്ധപ്രവര്‍ത്തകര്‍ ചെന്നു ഭവനങ്ങള്‍ വൃത്തിയാക്കുന്നുണ്ട്. അത്യാവശ്യം വേണ്ട സാധനസാമഗ്രികള്‍ നഷ്ടപ്പെട്ടവര്‍ക്ക് അതാതു വികാരിയച്ചന്മാരുടെ നേതൃത്വത്തില്‍ എത്തിച്ചുനല്കുന്നുണ്ട്. ആദിവാസി മേഖലയായതുകൊണ്ട്, പുറമേനിന്നുള്ളവരുടെ ശ്രദ്ധയും സഹായവും കൂടുതല്‍ കിട്ടാന്‍ അതു കാരണമായി എന്നും പറയണം. ഓരോ വിഭാഗങ്ങള്‍ക്കും അവരവര്‍ പ്രതിനിധാനം ചെയ്യുന്ന സംഘടനകളോ പാര്‍ട്ടികളോ ഉണ്ടെന്നുള്ള ചിന്തയും ആദിവാസികള്‍ക്ക് അധികമാരും ഇല്ല എന്ന മനോഭാവവും അവരെ ഏറെക്കുറെ മെച്ചപ്പെട്ട വിധത്തില്‍ പരിഗണിക്കുന്നതിനു കാരണമായിട്ടുണ്ടാകാം. അതുകൊണ്ടുതന്നെ വയനാടിനു പുറത്തുനിന്നുള്ളവര്‍ ആദിവാസികള്‍ക്കിടയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.

ഇപ്പോള്‍ എന്തെല്ലാം നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന കണക്കെടുപ്പകള്‍ നാം നടത്തുകയാണ്. നഷ്ടത്തിന്‍റെ എണ്ണവും കണക്കും ശേഖരിക്കുന്നു. നമ്മുടെ ഇടവക-ഫാമിലി യൂണിറ്റുകള്‍ വഴിയാണിതു പ്രധാനമായും ചെയ്യുന്നത്. കണക്കെടുപ്പിനുശേഷം നഷ്ടത്തിന്‍റെ തോതനുസരിച്ചു ജാതിമതഭേദമെന്യേ ഓരോരുത്തര്‍ക്കും വേണ്ട സഹായങ്ങള്‍ നല്കാനാണ് ഉദ്ദേശിക്കുന്നത്. സര്‍ക്കാരിന്‍റെയും പ്രാദേശികസമൂഹത്തിന്‍റെയും പിന്‍ബലവും ഇതില്‍ നാം നോക്കുന്നുണ്ട്. ഇത്തരത്തില്‍ ഒരു കൂ ട്ടായ പരിശ്രമമാണ് നടന്നു വരുന്നത്.

(മാനന്തവാടി രൂപതയുടെ സോ ഷ്യല്‍ സര്‍വീസ് മുന്‍ ഡയറക്ടറും രൂപതയുടെ 'റേഡിയോ മാറ്റൊലി' എന്ന കമ്യൂണിറ്റി റേഡിയോയുടെ ഡയറക്ടറുമാണു ലേഖകന്‍).

അഭിമുഖത്തെ ആസ്പദമാക്കി തയ്യാറാക്കിയത്:
ഫ്രാങ്ക്ളിന്‍ എം. സീനിയര്‍ സബ് എഡിറ്റര്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org