പ്രളയചരിതം എറണാകുളം

പ്രളയചരിതം എറണാകുളം

ഫാ. പോള്‍ ചെറുപിള്ളി
ഡയറക്ടര്‍, സഹൃദയ

എറണാകുളം-അങ്കമാലി അതിരൂപതയുടെ തെക്കന്‍ മേഖലകളിലും കുട്ടനാട്ടിലുമൊക്കെ ആദ്യമായുണ്ടായ പ്രളയവുമായി ബന്ധപ്പെട്ടുള്ള ആശ്വാസപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരുന്നതിനാല്‍ ആലുവ, അങ്കമാലി, പറവൂര്‍, വൈക്കം, ചേര്‍ത്തല മേഖലകളിലെ അതിരൂക്ഷമായ പ്രളയത്തില്‍ പ്രവര്‍ത്തനസജ്ജരാകാന്‍ അതിരൂപതാ സംവിധാനങ്ങള്‍ക്ക് വളരെ പെട്ടെന്നുതന്നെ സാധിച്ചു. ചാലക്കുടി പുഴയും പെരിയാറും കനത്ത മഴയെത്തുടര്‍ന്ന് ആദ്യം കരകവിഞ്ഞപ്പോള്‍ തന്നെ വെള്ളം ഉയര്‍ന്നു തുടങ്ങിയ ചേരാനല്ലൂര്‍, കുന്നുകര, പുത്തന്‍വേലിക്കര പ്രദേശങ്ങളില്‍ ആദ്യഘട്ടദുരിതാശ്വാസമായി ഭക്ഷ്യ വസ്തുക്കള്‍ സ്വാതന്ത്ര്യദിനത്തിനു മുന്‍പേ എത്തിച്ചു തുടങ്ങിയിരുന്നു. പിന്നീട് ഡാം തുറക്കുമ്പോള്‍ ആ മേഖലയെ കാത്തിരിക്കുന്നത് വന്‍ദുരിതങ്ങളാണെന്നതിന്‍റെ നേരിയ ലാഞ്ഛന പോലും അന്ന് കാണാന്‍ കഴിഞ്ഞില്ലെന്നു വേണം പറയാന്‍. സ്വാതന്ത്ര്യദിനത്തിന്‍റെയന്ന് പ്രതീക്ഷകള്‍ക്കൊക്കെയപ്പുറം ഗ്രാമങ്ങള്‍ വെള്ളത്തില്‍ മുങ്ങിത്താണു തുടങ്ങിയപ്പോള്‍ ഇടവകകളുമായി ബന്ധപ്പെട്ട് വിവിധ സംഘടനകളുടെ സഹകരണത്തോടെ സുരക്ഷിതമായ ക്യാമ്പുകള്‍ തുറന്ന് ജനങ്ങള്‍ക്ക് അഭയമൊരുക്കാനും അത്യാവശ്യ ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചു നല്‍കാനും അതിരൂപത മുന്നില്‍ നിന്നു. അതിരൂപതയിലെ 260 ഇടവകകള്‍ പ്രളയത്തിന്‍റെ തീവ്രദുരിതം അനുഭവിച്ചവയാണ്. ഏതാനും ഇടവകകളില്‍ മാത്രമാണ് പ്രളയക്കെടുതി രൂക്ഷമാകാതിരുന്നത്.

ആദ്യദിനത്തില്‍ തന്നെ അതിരൂപതാ അപ്പസ്തോലിക് അഡ്മിനിസ്ട്രറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്ത് പിതാവിന്‍റെ നേതൃത്വത്തില്‍, മാര്‍ സെബാസ്റ്റ്യന്‍ പിതാവ്, മാര്‍ ജോസ് പിതാവ്, വിവിധ നേതൃസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍, സഹൃദയ ടീം തുടങ്ങിയവര്‍ ഒരുമിച്ചുചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചതനുസരിച്ച് പൊന്നുരുന്നിയിലെ സഹൃദയ ആസ്ഥാനത്തും, അങ്കമാലി സുബോധന പാസ്റ്ററല്‍ സെന്‍ററിലുമായി പ്രവര്‍ത്തനങ്ങളെ കേന്ദ്രതലത്തില്‍ ഏകോപിപ്പിക്കുന്നതിനുള്ള കേന്ദ്രങ്ങളും, ദുരിതബാധിത മേഖലകളിലെ 12 സ്ഥലങ്ങളിലായി രക്ഷാ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നതിനുള്ള കേന്ദ്രങ്ങളും അടിയന്തിരമായി തുറന്നു പ്രവര്‍ത്തനമാരംഭിച്ചു. മൊബൈല്‍ ഫോണിലൂടെയും മറ്റ് സംവിധാനങ്ങളിലൂടെയും രക്ഷാദൗത്യങ്ങള്‍ക്കും അവശ്യസഹായമെത്തിക്കുന്നതിനുമായുള്ള സന്ദേശങ്ങള്‍ കൈമാറാന്‍ പ്രത്യേക ടീമിനെ തയ്യാറാക്കി നിര്‍ത്തിയിരുന്നു. ദുരിതബാധിത പ്രദേശങ്ങളിലേക്കു നല്‍കാനുള്ള സാധന സാമഗ്രികളും ഈ കേന്ദ്രങ്ങളില്‍ സ്വീകരിച്ചിരുന്നു. അതിരൂപതയിലെ മിക്കവാറും എല്ലാ ഇടവകകളിലുമുള്ള ഹാളുകള്‍, സ്കൂളുകള്‍, മഠങ്ങള്‍, ആശുപത്രികള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിങ്ങനെ 800 ലധികം ദുരിതാശ്വാസകേന്ദ്രങ്ങളാണ് വളരെ പെട്ടെന്ന് തുറക്കപ്പെട്ടത്. ചില സ്ഥലങ്ങളില്‍ ഇടവക ദേവാലയങ്ങള്‍ പോലും ദുരിതാശ്വാസകേന്ദ്രങ്ങളായി. ഏകദേശം രണ്ടു ലക്ഷത്തിലധികം പേര്‍ ഇവിടങ്ങളില്‍ അഭയം തേടി. ഉടുതുണി മാത്രമെടുത്തുകൊണ്ട് ജീവന്‍ രക്ഷിക്കാനായി ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് ഓടിയെത്തിയവരുടെ ഭീതിയും വിശപ്പും അകറ്റുന്നതിനായി ഇടവക വികാരിമാരും സന്നദ്ധ പ്രവര്‍ത്തകരും നന്നേ പണിപ്പെട്ടു. പല സ്ഥലങ്ങളിലും പുറം ലോകവുമായി ബന്ധപ്പെടാനുള്ള സകല സംവിധാനങ്ങളും താറുമാറായിരുന്നത് പ്രവര്‍ത്തനങ്ങളെ ക്ലേശകരമാക്കി. പ്രളയജലത്തില്‍ മുങ്ങി താഴാതിരിക്കാന്‍ കുത്തിയതോട് പള്ളിമേടയുടെ മുകളില്‍ അഭയം തേടിയവര്‍ കെട്ടിടം ഇടിഞ്ഞുവീണ് മരിക്കേണ്ടി വന്നത് വിങ്ങുന്ന ഓര്‍മ്മയായി നില്‍ക്കുന്നു. കുഞ്ഞിന്‍റെ ദാഹംമാറ്റാന്‍ ഒരു കുപ്പി വെള്ളമെങ്കിലും കിട്ടുമോ എന്നന്വേഷിച്ച് വാഹനത്തിനടുത്തെത്തിയ വീട്ടമ്മ, ജീവിതമാര്‍ഗ്ഗമായി നടത്തിവന്ന ഡയറി ഫാമിലെ പശുക്കള്‍ രക്ഷപ്പെട്ടോ എന്നറിയാതെ ആധിപിടിക്കുന്ന സഹോദരി ഇവരൊക്കെ എത്രകാലം കഴിഞ്ഞാലും മറവിയുടെ കാണാപ്പുറങ്ങളിലേക്ക് മറയാതെ മനസ്സിനെ നോവിച്ചു കൊണ്ടിരിക്കും. സ്വന്തം ജീവന്‍ പണയപ്പെടുത്തിപോലും രക്ഷാ പ്രവര്‍ത്തനത്തിനിറങ്ങിയവരും ഉള്ള സ്ഥലവും ഭക്ഷണവും മറ്റുള്ളവര്‍ക്കും കൂടി പങ്കുവയ്ക്കാന്‍ ഉള്ളം തുറന്നവരുമൊക്കെ ദുരന്തനാളുകളിലെ മനോഹര ചിത്രങ്ങളാണ്.

പൊന്നുരുന്നി ഓഫീസ്, ദുരിതങ്ങള്‍ അധികം ബാധിക്കാതിരുന്ന സമീപ ഇടവകകള്‍, സ്ഥാപനങ്ങള്‍, ഭവനങ്ങള്‍ എന്നിവിടങ്ങളിലായി പാചകം ചെയ്ത് നാല്പതിനായിരത്തിലേറെ ഭക്ഷണപ്പൊതികള്‍, ആയിരക്കണക്കിന് ചപ്പാത്തികള്‍, ബ്രഡ് പായ്ക്കറ്റുകള്‍, ബിസ്ക്കറ്റുകള്‍, കുപ്പിവെള്ളം തുടങ്ങിയവയും സാധ്യമായിടത്ത് ഭക്ഷണം ഉണ്ടാക്കി നല്‍കാന്‍ ടണ്‍ കണക്കിന് അരിയും, വസ്ത്രങ്ങളും മറ്റ് നിത്യോപയോഗ സാമഗ്രികളുമെത്തിച്ച് അഭയകേന്ദ്രങ്ങളിലുള്ളവരെ പരിപാലിക്കുവാന്‍ നാം ശ്രദ്ധിച്ചു. ദുരിതബാധിതര്‍ക്കു നല്‍കാനായി തലശ്ശേരി അതിരൂപതയില്‍നിന്ന് എഴുപതിനായിത്തോളം ചപ്പാത്തി എത്തിച്ചതും നന്ദിയോടെ ഓര്‍ക്കുന്നു. മറ്റ് രൂപതകളും സഹായവുമായി എത്തി. ഇവിടെ ശേഖരിക്കാന്‍ കഴിഞ്ഞ വിഭവങ്ങളില്‍ നിന്നും കോട്ടപ്പുറം, ആലപ്പുഴ, വരാപ്പുഴ, ചങ്ങനാശ്ശേരി പോലുള്ള മറ്റു രൂപതകളിലെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേയ്ക്കും നല്‍കാന്‍ ശ്രദ്ധിച്ചു. സര്‍ക്കാര്‍ വകുപ്പുകളും സൈന്യവുമൊക്കെ ഭക്ഷണം ശേഖരിക്കാന്‍ നമ്മെ പല തവണ ആശ്രയിക്കുകയുണ്ടായി.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊടുങ്ങല്ലൂര്‍, കൊച്ചി, ചേര്‍ത്തല പ്രദേശങ്ങളില്‍ നിന്നും നമ്മുടെ അഭ്യര്‍ത്ഥനമാനിച്ച് വള്ളവുമായെത്തിയ മത്സ്യത്തൊഴിലാളി സഹോദരങ്ങള്‍ പറവൂര്‍, ആലുവ മേഖലകളില്‍ കുടുങ്ങിക്കിടന്ന നൂറുകണക്കിനു പേരെ രക്ഷപ്പെടുത്തി അഭയകേന്ദ്രങ്ങളില്‍ എത്തിച്ചു. മത്സ്യബന്ധനവള്ളങ്ങളിലായി മാത്രം ഏകദേശം 380 രക്ഷാ ദൗത്യങ്ങള്‍ നടത്താന്‍ നമുക്കു കഴിഞ്ഞിട്ടുണ്ട്.

മാനസിക ആശ്വാസവും ധൈര്യവും പകരുന്ന സന്ദര്‍ശനങ്ങള്‍, ആവശ്യക്കാര്‍ക്ക് അതിരൂപതയിലെ ആശുപത്രികളുടെ നേതൃത്വത്തില്‍ ദിവസേനയെന്നോണം ആരോഗ്യ ക്യാമ്പുകള്‍ തുടങ്ങിയവയും ഏര്‍പ്പെടുത്തി. അഭിവന്ദ്യ പിതാക്കന്മാര്‍ മിക്കവാറും ദിവസങ്ങളില്‍ വിവിധ ക്യാമ്പുകള്‍ സന്ദര്‍ശിക്കുകയും പ്രവര്‍ത്തനങ്ങള്‍ക്ക് നേരിട്ടുതന്നെ മേല്‍നോട്ടം വഹിക്കുകയും ചെയ്തു. അതിരൂപതയിലെ നേതൃതലത്തിലുള്ളവരും ഇടവകകളിലും സന്യാസസ്ഥാപനങ്ങളിലുമുള്ളവരുമായ നാനൂറിലേറെ വൈദികര്‍, ആയിരത്തിലേറെ സമര്‍പ്പിതര്‍, ആയിരക്കണക്കായ സന്നദ്ധപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു നല്‍കിയ നേതൃത്വവും സഹകരണവും ഏറെ മൂല്യമുള്ളതാണ്. കഴിവുള്ളവരൊക്കെ സ്വന്തം വാഹനങ്ങള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിട്ടുതന്നു. അതിരൂപതയിലെ വിവിധ ഭക്തസംഘടനകളിലെ അംഗങ്ങള്‍ ഏകമനസോടെ ആത്മാര്‍ത്ഥമായി നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളും ശ്ലാഘനീയമാണ്. ജാതിമത രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ സന്നദ്ധസേവനത്തിനു തയ്യാറായി ഓരോ ദുരിതാശ്വാസ കേന്ദ്രങ്ങളിലും നിരവധി പേരുണ്ടായിരുന്നു. നാവികസേന, കോസ്റ്റ് ഗാര്‍ഡ്, പോലീസ്, അഗ്നി സുരക്ഷാ സേന ഉള്‍പ്പെടെയുള്ള സംവിധാനങ്ങളോടു സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനും ഏറെ അവസരങ്ങള്‍ ലഭിച്ചു.

അടിയന്തിരദുരിതാശ്വാസത്തിന്‍റേതായ ആദ്യഘട്ടം കഴിഞ്ഞ് പുനരധിവാസ പ്രവര്‍ത്തനങ്ങളിലേക്ക് പ്രവേശിച്ചിരിക്കുകയാണ് ഇപ്പോള്‍ അതിരൂപത. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആളും അര്‍ത്ഥവും നല്‍കി സഹായിക്കാന്‍ ഇടവകകളും സംഘടനകളും കൂടാതെ തലശ്ശേരി അതിരൂപതയില്‍ നിന്നുള്ള സെമിനാരിക്കാര്‍, സിഎസ്റ്റി സഭയിലെ സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരും മുന്‍നിരയിലുണ്ട്. വീടുകളില്‍ സംഭവിച്ച കേടു പാടുകള്‍ പരിഹരിക്കുന്നതിനായി പ്രാദേശിക തലത്തിലുള്ളവരെ കൂടാതെ സംസ്ഥാനത്തിനു പുറമേ നിന്നും ഇലക്ട്രീഷ്യന്‍, പ്ലംബര്‍ ഉള്‍പ്പെടെയുള്ള വിദഗ്ദ്ധ ജോലിക്കാരുടെ സംഘവും രംഗത്തുണ്ട്. ഒറ്റയ്ക്കൊറ്റയ്ക്കുള്ള സമാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുപരി അതിരൂപതയിലെ വിവിധ ഇടവകകള്‍, സന്യാസസഭകള്‍, സംഘടനകള്‍, സുമനസുകള്‍ തുടങ്ങിയവര്‍ ഒരുമിച്ചു ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് അതിരൂപത പ്രാമുഖ്യം നല്‍കുന്നത്. അതിനായി അതിരൂ പതയുടെ പലതലങ്ങളില്‍ ദുരിത ബാധിതരേയും കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് വിവിധ യോഗങ്ങള്‍ ചേര്‍ന്ന് ആവിഷ്കരിച്ച കാരുണ്യ പ്രവാഹം എന്ന കര്‍മ്മ പദ്ധതിയുമായി പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് അതിരൂപതാ സാമൂഹ്യ പ്രവര്‍ത്തന വിഭാഗമായ സഹൃദയയാണ് നേതൃത്വം നല്‍കുന്നത്. ഇടവകകളിലെ കുടുംബയൂണിറ്റുകളുടെ നേതൃത്വത്തില്‍ ദുരന്തത്തിന്‍റെ വ്യാപ്തി നിര്‍ണ്ണയിക്കുന്നതിനുള്ള വിപുലമായ വിവരശേഖരണം നടന്നുവരുന്നു. വെള്ളം ഇറങ്ങിയപ്പോള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍നിന്ന് വീടുകളിലേയ്ക്ക് തിരികെ എത്തിയവര്‍ക്കായി അവശ്യ സാധനങ്ങളടങ്ങിയ ഫാമിലി കിറ്റുകള്‍ വിവിധ ഇടവകകളുടെയും, സ്ഥാപനങ്ങളുടെയും, സംഘടനകളുടെയും സഹകരണത്തോടെ വിതരണം ചെയ്തു. പ്രളയം ഗുരുതരമായി ബാധിച്ചവര്‍, നേരിട്ടും അല്ലാതെയും പ്രതിസന്ധി നേരിടുന്നവര്‍ എന്നിങ്ങനെ ഓരോ വിഭാഗത്തിനും സഹായകരമായ കര്‍മപദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത്. സര്‍ക്കാര്‍ പദ്ധതികളോട് സഹകരിച്ചുകൊണ്ടും സര്‍വരേയും ഉള്‍പ്പെടുത്തിക്കൊണ്ടും അര്‍ഹതപ്പെട്ട ഏവര്‍ക്കും സഹായം ലഭ്യമാകണമെന്ന ദൃഢനിശ്ചയത്തോടെ ഇടവകതലങ്ങളില്‍ പ്രത്യേക കോര്‍ ടീം രൂപീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിരിക്കുന്നതും നടപ്പാക്കുന്നതും. ഭവനങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്കും വീട്ടുപകരണങ്ങള്‍ നശിച്ചു പോയവര്‍ക്കും ജീവിത മാര്‍ഗ്ഗം ഇല്ലാതായവര്‍ക്കുമൊക്കെ അവ വീണ്ടും നേടിയെടുക്കുന്നതിനായി സര്‍ക്കാര്‍ സംവിധാനങ്ങളോടെ ചേര്‍ന്നു പ്രവര്‍ത്തിക്കും. കെടുതി അധികം ബാധിക്കാത്ത വ്യക്തികളും ഇടവകകളും തീവ്രദുരിതത്തിലൂടെ കടന്നുപോകുന്ന ഇടവകകളെയോ കുടുംബങ്ങളെയോ ദത്തെടുത്ത് സഹായിക്കുന്നതിനും പദ്ധതി തയ്യാറാക്കുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും തുടര്‍ന്നുള്ള സാമൂഹ്യ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനുമായി ഇടവകതലത്തില്‍ കര്‍മ സമിതികള്‍ രൂപീകൃതമാകും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍പോലെ തന്നെ പുനരധിവാസ നടപടികളും ജാതി മത പരിഗണനകളില്ലാതെ മാനുഷികമുഖത്തോടെയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ആഘോഷങ്ങളും ആര്‍ഭാടങ്ങളും പരിമിതപ്പെടുത്തി, കഴിവുള്ള ഓരോരുത്തരിലും നിന്ന് സാധ്യമായ സഹകരണവും സഹായവും ഉറപ്പുവരുത്തി സുതാര്യമായ പ്രവര്‍ത്തനശൈലിയിലൂടെ ഒരുപാടുകാലത്തെ സമ്പാദ്യം ഒരു ദിനം കൊണ്ട് ഒഴുകിയൊലിച്ചു പോയവരെ ജീവിതവഴികളിലേക്കു തിരികെയെത്തിക്കുകയെന്ന ദൗത്യവുമായാണ് സഹൃദയ കാരുണ്യപ്രവാഹം മുന്നോട്ടു നീങ്ങുന്നത്.

ദുരന്താനുഭവങ്ങളുടെ തീച്ചൂളയില്‍നിന്ന് പുറത്തുവരുന്നവര്‍ സമാനമായ ഒരു ദുരന്തം ഇനിയൊരിക്കലും ആവര്‍ത്തിക്കാതിരിക്കാന്‍ തന്നെക്കൊണ്ടാവുന്നത് ചെയ്യണമെന്നുള്ള ഒരു മാനസികാവസ്ഥ പ്രകടിപ്പിക്കാറുണ്ട്. ദുരന്തം ഉണ്ടാകാതെ നോക്കുന്നതിനും ഒരു ദുരന്തമുണ്ടായാല്‍ അതിന്‍റെ ആഘാതം പരമാവധി കുറയ്ക്കുന്നതിനും സഹായകമായ ദുരന്തജാഗ്രതാ സമിതികളെപ്പറ്റിയും അടുത്തപടിയായി ചിന്തിക്കേണ്ടിയിരിക്കുന്നു. ദുരന്തമുഖത്തുനിന്ന് അതിജീവന ശേഷികുറഞ്ഞവരായ വയോജനങ്ങള്‍, കുട്ടികള്‍, വൈകല്യ ബാധിതര്‍, ഗര്‍ഭവതികള്‍ തുടങ്ങിയവരെ എത്രയും വേഗം സുരക്ഷിത സ്ഥാനത്ത് എത്തിക്കുവാനും ദുരന്തത്തിന്‍റെ വിദൂര സാദ്ധ്യതകളെപോലും തിരിച്ചറിഞ്ഞ് അതിനെതിരെ ബോധവത്കരണം നല്‍കി സമൂഹത്തെ ഉണര്‍ത്താനുമൊക്കെ പരിശീലനം സിദ്ധിച്ച പ്രാദേശിക ജാഗ്രതാ സമിതികള്‍ക്ക് കഴിയും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org