Latest News
|^| Home -> Cover story -> നിശബ്ദ വിപ്ലവത്തിന്‍റെ അപ്പസ്തോലന്മാര്‍

നിശബ്ദ വിപ്ലവത്തിന്‍റെ അപ്പസ്തോലന്മാര്‍

Sathyadeepam

ക്ലിന്‍റണ്‍ ഡാമിയന്‍, വിഴിഞ്ഞം

ഓഖിയുടെ മുറിവുകള്‍ ഉണങ്ങുന്നതിനു മുന്‍പേയാണ് എന്‍റെ ഇടവകയിലെ മത്സ്യത്തൊഴിലാളികള്‍ ദുരന്തമുഖത്തേയ്ക്ക് കടലിരമ്പലുപോലെ കുതിച്ചു പാഞ്ഞത്. രണ്ടു തലങ്ങളിലെ സംഭവവികാസങ്ങളാണ് ഞാന്‍ നിങ്ങളോട് പങ്കുവയ്ക്കുന്നത്. ഇടവകയെ കൂട്ടായ്മതലത്തിലും കുടുംബമെന്ന സഭയുടെ ഏറ്റവും അടിസ്ഥാന തലത്തിലും.

സഭയുടെ ഏതു പ്രവര്‍ത്തനത്തെയും എന്തിനെയും ചോദ്യം ചെയ്യുന്നവര്‍ അതുപോലെ പ്രളയകാലത്തും സഭയോട് ചോദ്യങ്ങള്‍ ഉന്നയിച്ചു സാമൂഹിക മാധ്യമങ്ങളിലൂടെ വന്‍ പ്രചരണം നടത്താന്‍ ശ്രമിച്ചിരുന്നു. അവര്‍ക്കുള്ള ഉത്തരമാണ് ഇടവക എന്ന കൂട്ടായ്മയുടെ ഈ നിശബ്ദ വിപ്ലവം. സോഷ്യല്‍ മീഡിയയില്‍ വൈറലായ എന്‍റെ തന്നെ ഒരു ഫെയ്സ്ബുക്ക് പോസ്റ്റ് ചുവടെ ചേര്‍ക്കുന്നു.

പ്രളയകാലത്തെ നിശബ്ദ വിപ്ലവകാരികള്‍
തുറന്നെഴുത്തുകള്‍ക്ക് സമയം അതിക്രമിച്ചിരിക്കുന്നു. പ്രളയ ബാധിത കേരളത്തിനായി വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികള്‍ നടത്തിയ ധീരസേവനങ്ങള്‍ക്കിടയില്‍ അവര്‍ക്ക് കരുത്ത് പകര്‍ന്ന ചില നിശബ്ദ വിപ്ലവകാരികളുണ്ട്. അവരെപ്പറ്റി പറഞ്ഞേ മതിയാകു… വേറെയാരുമല്ല, നിങ്ങള്‍ക്ക് പരിഹാസപാത്രങ്ങളായി മാത്രം തോന്നീടുന്ന പള്ളിയും പട്ടക്കാരനും…

പറയണമെന്ന് തോന്നിയതല്ല, പക്ഷേ പലതരത്തില്‍ അടച്ചാക്ഷേപിക്കാന്‍ തുടങ്ങിയിരിക്കുന്നു പള്ളിയേയും പട്ടക്കാരനേയും നാം. പള്ളിയിലെ ഞായര്‍ കാഴ്ചപ്പണവും സംഭാവനകളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നല്കുമെന്ന തീരുമാനത്തെ അതിനു കണക്കുണ്ടോ, മുക്കാനും കക്കാനും തുടങ്ങി എന്നു പരിഹസിക്കുന്നവരോട് ഒന്നേ പറയാനുള്ളു…. നിങ്ങളുടെ ബക്കറ്റുകളെക്കാള്‍ 100% സുരക്ഷിതമാണ് ആ തീരുമാനം. അത് എത്തേണ്ട കരങ്ങളില്‍ തന്നെ എത്തിയിരിക്കും.

പള്ളിയും പട്ടക്കാരനും എന്തു ചെയ്തു എന്നു ചോദിച്ചാല്‍ അകലങ്ങളിലെക്കല്ല ഞാന്‍ വിരല്‍ ചൂണ്ടുന്നത്. എന്‍റെ പള്ളിലേക്ക്, എന്‍റെ പള്ളീലച്ചനിലേക്ക്, ഒരിക്കലും അവര്‍ ചെയ്തതൊക്കെ പറഞ്ഞു സകല ക്രെഡിറ്റും നേടത്തില്ല. പക്ഷേ എനിക്കു പറഞ്ഞേ പറ്റു. സകലത്തിനും ദൃക്സാക്ഷി എന്ന നിലയില്‍.

പ്രളയം തീവ്രമുഖം കൈവരിച്ചു കൊണ്ടിരുന്ന വേളയില്‍ ഓഗസ്റ്റ് 16-ന് വൈകുന്നേരം വിഴിഞ്ഞം പരിശുദ്ധ സിന്ധുയാത്രാ മാതാ ദേവലായ ഓഫീസ് മന്ദിരത്തില്‍ ഇടവക കമ്മിറ്റി മീറ്റിംഗ് നടക്കുന്ന വേളയില്‍ ഇടവക വികാരിക്ക് വി ഴിഞ്ഞം പോലീസില്‍ നിന്നും ഒരു ഫോണ്‍ കോള്‍ വരുന്നു പ്രളയ ബാധിതയിടങ്ങളിലേക്ക് പത്തു വള്ളങ്ങള്‍ എത്രയും പെട്ടെന്നുതന്നെ അയയ്ക്കണമെന്ന്. സുനാമിയുടെ നിമിഷങ്ങളില്‍ അഞ്ചുതെങ്ങിലും ഓഖിയുടെ സമയത്ത് പൂന്തുറയിലും സേവനം ചെയ്ത ആ വൈദികന്‍ തന്‍റെ അനുഭവ പാഠങ്ങളില്‍നിന്നും ഉന്നത തലങ്ങളില്‍ നിന്ന് പോകുന്ന വള്ളങ്ങളുടെയും വള്ളക്കാരുടെയും സംരക്ഷണത്തിനായി ഔദ്യോഗിക ഉത്തരവാക്കി ആ ഫോണ്‍ക്കോളിനെ മാറ്റി. അപ്പോള്‍ സമയം രാത്രി 8 മണി.

പള്ളിക്ക് സ്വന്തമായി ഒരു അറിയിപ്പ് സംവിധാനമുണ്ട്. ഞങ്ങള്‍ ഏകജാലകം എന്നതിനെ വിളിക്കുന്നു. ഇടവകയുടെ എല്ലാ അതിര്‍ത്തിയിലും വരെ അത് എത്തി നില്ക്കുന്നു. പ്രധാനമായും മത്സ്യത്തൊഴിലാളികള്‍ക്ക് നല്കേണ്ട അറിയിപ്പുകളും മറ്റും അതിലൂടെ ഇടവിട്ട് നല്കാറുണ്ട്. ഓഖി സമയത്ത് ഞങ്ങള്‍ക്ക് തിരിച്ചുവരവുകളുടെ പ്രതീക്ഷകളും വേര്‍പാടുകളും കൃത്യമായി നല്കിയിരുന്നതും ഈ സംവിധാനമാണ്.

സാധാരണയായി കമ്മിറ്റിയംഗങ്ങളാണ് അതിലൂടെ അറിയിപ്പുകള്‍ നല്കിയിരുന്നത്. എന്നാല്‍ 16-ന് രാത്രി എട്ട് മണിക്ക് അറിയിപ്പ് നല്കിയത് ഇടവക വികാരിയായിരുന്നു. പ്രളയ സ്ഥലങ്ങളില്‍ രക്ഷാ പ്രവര്‍ത്തനത്തിനായി കുറച്ചു വള്ളങ്ങളും മത്സ്യത്തൊഴിലാളികളും ആവശ്യമുണ്ടെന്ന്. അതിനുശേഷം പതിനഞ്ചു മിനിട്ടിനുള്ളില്‍ അച്ചനും കമ്മിറ്റിക്കാരും ഹാര്‍ബറിലേക്ക് പോയി. അവര്‍ പ്രതീക്ഷിച്ചത് 10 വള്ളക്കാരെയെങ്കിലും. അവര്‍ക്കു മുന്‍പില്‍ എന്തിനും തയ്യാറായി നിന്നത് 50 വള്ളങ്ങളും അതിലെ ആള്‍ക്കാരും.

ഓര്‍ക്കുക വെറും പതിനഞ്ചു മിനിട്ടിനകത്താണ് അവര്‍ സര്‍വ്വ ഒരുക്കങ്ങളും നടത്തി സന്നിഹിതരായത്. ഏതൊരു സൈന്യത്തെയും കവച്ചു വയ്ക്കുന്നതു പോലെ.

ജില്ലാ ഭരണകൂടവും പോലീസും ഒരുക്കിയ ലോറികളില്‍ കയറ്റുന്നതിനു മുന്‍പ് വള്ളങ്ങളില്‍ പെയിന്‍റുകൊണ്ട് വിഴിഞ്ഞം എന്നെഴുതി നമ്പരുകള്‍ ഇട്ടു വിട്ടു. പോകുന്നവരുടെ പേരും മൊബൈല്‍ നമ്പറും ലോറി നമ്പറും ഡ്രൈവറിന്‍റെ നമ്പറും ഉള്‍പ്പെടെ സകല വിവരങ്ങളും അവര്‍ കുറിച്ചെടുത്തു. ലോറികള്‍ക്ക് ദൗര്‍ലഭ്യതയുണ്ടായതിനാല്‍ 20 വള്ളങ്ങളെ മാത്രമേ അയയ്ക്കാനായുള്ളൂ. അടിയന്തര ഉപയോഗത്തിന് 2000 രൂപ പള്ളിതന്നെ ഓരോ വള്ളത്തിനും നല്കി. രാത്രി മൂന്നരയ്ക്ക് അവസാന വള്ളത്തെയും യാത്രയാക്കീട്ടാണ് ഞങ്ങളുടെ പള്ളീലച്ചന്മാരും കമ്മിറ്റിയംഗങ്ങളും ജനങ്ങളും വീടുകളില്‍ പോയത്.

പിറ്റേന്ന് തുറ മുടക്കമായിരുന്നു. ആരും കടലില്‍ പോയില്ല. ദുരിതങ്ങളില്‍ അകപ്പെട്ടു പോയ തങ്ങളുടെ കൂടപ്പിറപ്പുകള്‍ക്കായി അവര്‍ രണ്ടു ദിവസങ്ങള്‍ വറുതിയിലാക്കിയിരുന്നു. ഒന്ന് ഓര്‍ക്കു ക, ഏറ്റവുമധികം മത്സ്യം ലഭിക്കുന്ന സീസണ്‍ സമയത്താണ് തങ്ങളുടെ തൊഴിലും വേതനങ്ങളും കളഞ്ഞ് അവര്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത്.

രക്ഷാപ്രവര്‍ത്തനത്തിനായി നിരവധി സന്ദേശങ്ങള്‍ കേഴുന്ന വേളയില്‍ പള്ളി തന്നെ പോയവരുടെ ലിസ്റ്റ് പുറത്തുവിട്ടു. മത്സ്യത്തൊഴിലാളികളുമായി ബന്ധപ്പെട്ടുകൊണ്ടിരുന്നു. അവരുടെ പ്രശ്നങ്ങള്‍ കേട്ട് ആശ്വസിപ്പിച്ചു. അവസാനം അവരുടെ മടക്കയാത്രകള്‍ കീറാമുട്ടികളായിടുന്നുവെന്ന് ആദ്യമെത്തിയവര്‍ പറഞ്ഞപ്പോള്‍ കുറച്ചു പാരിഷ് കമ്മിറ്റിക്കാരെ ചുമതലപ്പെടുത്തി അയച്ചു. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സാധനങ്ങളും ഒപ്പം കൊടുത്തുവിട്ടു.

അവരുടെ മടക്കയാത്രയ്ക്ക് വള്ളം കെട്ടാന്‍ വടം വാങ്ങാനും അവര്‍ക്കു ഭക്ഷണം നല്കാനും പള്ളി തന്നെ ഇറങ്ങേണ്ടി വന്നു. രക്ഷാപ്രവര്‍ത്തനത്തിന് 21 വയസ്സുള്ള റോബിന്‍ മുതല്‍ 65 വയസ്സുള്ള മുതിര്‍ന്നവര്‍ ഉള്‍പ്പെടുന്നവരെ സംഘടിപ്പിക്കുന്നതില്‍ പള്ളിയുടെ പങ്ക് വലുതാണ്. എന്തു പ്രശ്നം വന്നാലും പള്ളിയൊപ്പം ഉണ്ടാകുമെന്ന് ഇടവകവികാരി വാക്കു നല്കിയിരുന്നു. അതിലുപരി പള്ളിയുടെ മേല്‍ അവര്‍ക്ക് അകമഴിഞ്ഞ വിശ്വാസമുണ്ട്….

എന്‍റെ ഇടവകയെപ്പോലെ തിരുവനന്തപുരം ലത്തീന്‍ അതിരൂപതയിലെ 12 തീരദേശ ഇടവകകള്‍ രക്ഷാപ്രവര്‍ത്തനത്തിനു കരം കോര്‍ത്തു നിന്നു. തീരശ്ശീലയ്ക്കു മുന്‍പില്‍ വരാതെ കുറച്ചു മനുഷ്യര്‍ വളരെധികം തങ്ങളുടെ സമയവും സേവനവും നല്കുന്നുണ്ട്; നിശബ്ദ വിപ്ലവകാരികളെപ്പോലെ. അവര്‍ക്കെതിരെ നിങ്ങള്‍ വിരല്‍ചൂണ്ടുമ്പോള്‍ നിങ്ങളുടെ ബാക്കിയുള്ള വിരലുകള്‍ നിങ്ങളോടുതന്നെ പറഞ്ഞീടുന്നു… നിങ്ങളെക്കാള്‍ ഒത്തിരിയവര്‍ ചെയ്തു കഴിഞ്ഞെന്നും നിങ്ങളെക്കാള്‍ ഏറെ മുന്നിലാണവരെന്ന സത്യവും.

ഓര്‍ക്കുമ്പോള്‍ അഭിമാനമാണ് എന്‍റെ വിഴിഞ്ഞം ജനതയെയും പള്ളിയെയും…

ഈ പള്ളിയും കടലും ഈ ജനതയും എനിക്കെന്നും പവിഴ മുത്തുകളാണ്…

ഇതില്‍ നിന്നും തന്നെ ഇടവക എന്ന കൂട്ടായ്മ തലത്തില്‍ സഭ എന്തുമാത്രം കേരളത്തോട് അതിന്‍റെ ദുരിത കാലത്ത് സേവന മനോഭാവത്തോടെ ഐക്യപ്പെടുന്നു എന്നു മനസ്സിലാക്കാവുന്നതാണ്. വിമര്‍ശനങ്ങള്‍ക്കപ്പുറത്ത് സഭ ചെയ്യുന്ന മഹനീയ കാര്യങ്ങളെ ചിലരൊക്കെ മറച്ചു വയ്ക്കുന്നതില്‍ ഉത്സാഹിതരാകുന്നു.

പ്രളയം കനത്തു തുടങ്ങിയ നാളുകളില്‍ പ്രളയബാധിതമല്ലാ ത്ത ഇടങ്ങളില്‍ ചാനലുകള്‍ മാറി മാറി ഒരായിരം കണ്ണുകള്‍ കണ്ടത് ജീവനു വേണ്ടി കേഴുന്ന ലക്ഷകണക്കിന് ജീവനുകളെയാണ്. ഫെയ്സ്ബുക്കും വാട്ട്സ്ആപ്പും ഞങ്ങളെ രക്ഷിക്കണേ… ഞങ്ങളുടെ ഉറ്റവരെ രക്ഷിക്കണേ… എന്നിങ്ങനെ കണ്ണീരിന്‍റെ സന്ദേശങ്ങള്‍ പേറി കുതിച്ചിരുന്ന നിമിഷങ്ങള്‍. കേരളത്തിന്‍റെ മനസാക്ഷിയുടെ മുമ്പില്‍ ഈ കണ്ണീരുകള്‍ നിലവിളികളായി ഉയര്‍ന്നപ്പോള്‍ നിസഹായരായി നോക്കി നില്ക്കേണ്ടി വരുന്നവര്‍ക്കപ്പുറത്ത് ഒരു ജനത നിശബ്ദതയില്‍ സ്വയം ഒരുങ്ങുകയായിരുന്നു. അതിന്‍റെ അലകള്‍ ആ കുടുംബങ്ങളില്‍ ആരംഭിക്കുന്നുണ്ടായിരുന്നു. ഓഖിയില്‍ കടലു കൊണ്ട് മുറിവേറ്റവര്‍ തങ്ങളുടെ ആ മുറിവുകള്‍ ഉണങ്ങും മുന്‍പ് അതുവരെ കണ്ടിട്ടില്ലാത്ത, കേട്ടിട്ടില്ലാത്ത ഒരു ജനതയ്ക്കു വേണ്ടി കുതിക്കുവാന്‍ തയ്യാറെടുക്കുകയായിരുന്നു.

ഇവിടെ ഞാന്‍ നിങ്ങളോട് പങ്കുവയ്ക്കുന്നത് ഒരു സാധാരണ മത്സ്യത്തൊഴിലാളി കുടുംബത്തില്‍ നടന്ന സംഭവവികാസങ്ങ ളെയാണ്. ഈ കുടുംബവും ഞാനും തമ്മില്‍ ഹൃദയാവര്‍ജക ബന്ധമുണ്ട്.

വിഴിഞ്ഞത്തെ റെച്ചന്‍സ് മെമ്മോറിയല്‍ ലൈബ്രറിയുടെ യുവനേതൃത്വങ്ങളില്‍ പ്രധാനിയാണ് അവന്‍. ചില വൈകുന്നേരങ്ങളില്‍ ലൈബ്രറിയിലെ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ് അവന്‍റെ വീട്ടില്‍ പോകാറുണ്ട്. സ്നേഹം നിറഞ്ഞ കുശലാന്വേഷണങ്ങളില്‍ കളിചിരികളില്‍ നല്ല നിമിഷങ്ങള്‍ കടന്നു പോകും.

പ്രളയം തീവ്രമായി താണ്ഡവമാടിയ നാളുകളില്‍ രക്ഷാദൗത്യത്തില്‍ ഒരുപാട് മത്സ്യത്തൊഴിലാളികള്‍ തങ്ങളുടെ വള്ളങ്ങളുമായി കുതിച്ച നിമിഷങ്ങള്‍. ആ വീട്ടില്‍ നിന്നും അവരുടെ വള്ളം പുറപ്പെട്ടിരുന്നു. ഞാന്‍ പ്രതീക്ഷിച്ചിരുന്നത് ആ കുടുംബത്തിലെ മുതിര്‍ന്നവര്‍ ആയിരിക്കാം പോയതെന്നാണ്. എന്നാല്‍ ആ കണക്കു കൂട്ടലുകളെ തകര്‍ത്തു കൊണ്ട് വള്ളവുമായി ദുരന്തമുഖത്തേയ്ക്ക് കുതിച്ചത് ആ കുടുംബത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സ്യത്തൊഴിലാളിയായിരുന്നു. 20 വയസ്സുകാരനായ റോബിനും അവന്‍റെ സുഹൃത്ത് ഡെന്‍സണും…

എന്തുകൊണ്ട് അവരെ അയച്ചു എന്ന ചോദ്യത്തിന് റോബിന്‍സണ്‍ അങ്കിള്‍ പറഞ്ഞു തുടങ്ങി. ഓഖി സമയത്ത് ഒരുപാട് പേര്‍ സഹായങ്ങളുമായി നമ്മുടെ ഇടയിലേക്ക് വന്നു. ആ വറുതിയുടെ നാളുകളില്‍ പൊതിച്ചോറും അരിയും സാധനങ്ങളും പലയിടത്തു നിന്നും കിട്ടിയിരുന്നു. ടിവിയില്‍ ഈ വെള്ളപ്പൊക്കവും ആളുകള്‍ നിലവിളിക്കുന്നതും കാണുമ്പോള്‍ എനിക്കു തോന്നിയിരുന്നു വള്ളവും കൊണ്ട് പോയാലോ എന്ന്. കടപ്പുറത്തെ വൈകുന്നേരങ്ങളില്‍ സുഹൃത്തുക്കളോട് പറഞ്ഞു. അന്ന് വള്ളം കടലില്‍ പോകണ്ടെന്നു കരുതിയെങ്കിലും രാവിലെ പോയി… പളളിയില്‍ നി ന്നും അച്ചന്‍ രാത്രി അറിയിക്കുന്നതും കേട്ടു ദുരന്തമുഖത്തേയ്ക്ക് വള്ളങ്ങള്‍ പോകാന്‍ തയ്യാറാകണമെന്ന്. ഉടനെ ഞാന്‍ എന്‍റെ മകന്‍ റോബിനോടു പറഞ്ഞു, പോയി വള്ളം കേറ്റി ഡെന്‍സനെയും കൂട്ടി പോയി വാടാ മക്കളേ. അതിനു കാരണം അവര്‍ യുവരക്തങ്ങളാണ്. എന്നെക്കാള്‍ ഒരുപാട് വേഗചലനവും ഉണ്ടാകും. എനിക്കുറപ്പാണ് എന്‍റെ മക്കള്‍ ഒരുപാട് പേരെ രക്ഷിക്കും.

മിക്ക വീടുകളും തങ്ങളുടെ മക്കളെ ദുരന്തമുഖത്തേയ്ക്കു വിടാന്‍ അറയ്ക്കുമ്പോഴും മടിക്കുമ്പോഴുമാണ് തന്‍റെ മകനില്‍ ആത്മധൈര്യം നല്കി അദ്ദേഹം യാത്രയാക്കിയത്. എന്നിരുന്നാലും ഒരുപാട് എതിര്‍പ്പുകള്‍ ഉയര്‍ന്നു വന്നു. പിള്ളേരല്ലേ പോകേണ്ടാ… എന്ന് മുതിര്‍ന്നവര്‍ വരെ പറഞ്ഞു തുടങ്ങി.

പക്ഷേ റോബിന്‍ ആ വാക്കുകള്‍ക്കു മുമ്പില്‍ പതറിയില്ല. ‘എന്‍റെ അപ്പന്‍ പറഞ്ഞാല്‍ പിന്നെ വേറെ ആരെയും ഞാന്‍ ശ്രദ്ധിക്കാറില്ല. അപ്പന്‍റെ വാക്കുകള്‍ എനിക്കു ധൈര്യം പകര്‍ന്നു. ഞാന്‍ ഹാര്‍ബറിലേക്ക് ഓടി. ഷര്‍ട്ട് ഊരി കളഞ്ഞ് വള്ളത്തിന്‍റെ അടുത്തു ചെന്നു. അപ്പോള്‍ ഡെന്‍സനും വന്നു. സര്‍വ്വ സജീകരണങ്ങളും നടത്തി ഫ്രഡി അങ്കിളിനെ ഒപ്പം കൂട്ടി വള്ളത്തിനെ ആള്‍ക്കൂ ട്ടത്തിനൊപ്പം തള്ളി ലോറിയില്‍ കയറ്റി യാത്ര തുടങ്ങി. അതുവ രെ കാണാത്ത ഏതോ ഒരു ദേശത്ത്… ഏതോ ആള്‍ക്കാരെ രക്ഷിക്കണം എന്ന ചിന്ത മാത്രം ചങ്കില്‍. റോബിന്‍ പറഞ്ഞു നിര്‍ത്തി.

ഡെന്‍സണിന് അതൊരു അപ്രതീക്ഷിതമായിരുന്ന അനുഭവമായിരുന്നു. പള്ളിയില്‍ ഇടവക വികാരിയുടെ പ്രത്യേക അറിയിപ്പ് കേട്ടിരുന്നു. റോബിന്‍ വിളിച്ചപ്പോള്‍ ഞാന്‍ കരുതിയതു മുതിര്‍ന്നവര്‍ പോകുന്നതിനായി ഒരുക്കങ്ങള്‍ നടത്താനും വള്ളം തളളികയറ്റാനും… എല്ലാം കഴിഞ്ഞ് വള്ളം ലോറിയില്‍ കയറ്റി വച്ച് തിരിച്ചിറങ്ങും നേരം അവന്‍ പറഞ്ഞു, വാടാ നമുക്ക് രക്ഷാപ്രവര്‍ത്തത്തിനു പോകാം…. ഒന്നും മിണ്ടിയില്ല ചങ്ക് വിളിച്ചാല്‍ പോയേ പറ്റു. ചങ്കുപറിച്ചു തരുന്നുവനല്ലേ… ഡെന്‍സണ്‍ വിവരിച്ചു നിര്‍ത്തി….

അവര്‍ ചെന്നെത്തിയത് തെക്കേ മലയിലായിരുന്നു… ഒരുപാട് യാതനകളും വേദനകളും സഹിച്ച് രക്ഷാപ്രവര്‍ത്തനത്തിലൂടെ അനേകരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു. നാലു നാളുകള്‍ കഴിഞ്ഞ് തകര്‍ന്ന എഞ്ചിനുകളും കേടുപാടുകളുള്ള വള്ളവുമായി തിരികെ വന്ന് വള്ളം നേരെ കടപ്പുറത്തു കൊണ്ട് വയ്ക്കുമ്പോള്‍ ആ പിതാവ് തന്‍റെ മകനെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.

പ്രളയകാലം അവസാനിച്ചു. ആഴ്ചകള്‍ കഴിഞ്ഞു പോകുമ്പോള്‍ സകലതും മറക്കപ്പെടും. എന്നാലും അവര്‍ ആഴിയിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്നു. തങ്ങളുടെ അന്നത്തിനു വേണ്ടി. നിറഞ്ഞ പുഞ്ചിരിയോടെ ജോണി ചേട്ടന്‍ പറഞ്ഞ വാക്കുകളുണ്ട്. ‘ഇനി ആകാശത്ത് രക്ഷാപ്രവര്‍ത്തനം നടത്തേണ്ടി വരുമെങ്കില്‍ അവിടെയും ഞങ്ങള്‍ വരും ഞങ്ങളുടെ വള്ളങ്ങള്‍ പറക്കുമെങ്കില്‍…. കയ്യടിച്ചു പോകും നമ്മള്‍ ഇവരുടെ വലിയ മനസ്സിനു മുന്‍പില്‍.

Leave a Comment

*
*