“ആറു മാസത്തിനുള്ളില്‍ നാം എല്ലാം തിരിച്ചുപിടിക്കും”

“ആറു മാസത്തിനുള്ളില്‍ നാം എല്ലാം തിരിച്ചുപിടിക്കും”

ഫാ. പോള്‍ തോമസ് കളത്തില്‍
ഡയറക്ടര്‍, KIDS കോട്ടപ്പുറം.

ആഗസ്റ്റ് 14-ാം തീയതി ഏറെ വൈകിയാണു കിടന്നത്. വാര്‍ത്തകളിലായിരുന്നു കണ്ണ്. വരാനിരിക്കുന്ന ഒരു ദുരന്തത്തിന്‍റെ സൂചന മുഴുവന്‍ എനിക്കു വായിച്ചെടുക്കാന്‍ കഴിയുമായിരുന്നു. ആഗസ്റ്റ് 15-ന് രാവിലെ തന്നെ കുറുമ്പത്തുരുത്ത് പള്ളി വികാരി എന്നെ വിളിച്ചു; ഭയപ്പെട്ടതുതന്നെ സംഭവിച്ചു. "വെള്ളം കയറിത്തുടങ്ങി. 'കിഡ്സി'ലേക്ക് ചിലപ്പോള്‍ ആളുകളെ കൊണ്ടുവരേണ്ടി വരും." ഏറ്റവും ആദ്യം വെള്ളം കയറിത്തുടങ്ങുന്ന താഴ്ന്ന പ്രദേശങ്ങളിലൊന്നാണ് അത്. അച്ചന്‍ പറഞ്ഞു: "ഞാന്‍ പാരീഷ് ഹാളുകളിലേക്ക് ആളുകളെ മാറ്റിയിട്ടുണ്ട്. കൂടിയാല്‍ അങ്ങോട്ടാക്കാം." ഉച്ചയാകുമ്പോഴേക്കും വെള്ളം പാരീഷ് ഹാളിലേക്കും കയറാന്‍ തുടങ്ങി. ഉടന്‍ തന്നെ 'കിഡ്സി'ലേക്ക് ആളുകളെ എത്തിച്ചുതുടങ്ങി. പലരെയും എത്രയും പെട്ടെന്നു ക്യാമ്പിലേക്ക് എത്തിക്കാന്‍ വികാരി അച്ചന്‍റെയും യുവാക്കളുടെയും നേതൃത്വത്തില്‍ പരിശ്രമങ്ങള്‍ തുടങ്ങി. കൊടുങ്ങല്ലൂരിലെ ആദ്യക്യാമ്പ് ആയിരുന്നു കിഡ്സ്. അന്നേദിവസം 300 പേരോളം എത്തിച്ചേര്‍ന്നു.

ഒരു കാര്യം വ്യക്തമായി. വെള്ളം അടുത്തെങ്ങും താഴാന്‍ പോകുന്നില്ല. കാരണം കാരണവന്മാര്‍ പറയുന്നുണ്ടായിരുന്നു; ഇത് അഷ്ടമിയുടെ ദിവസങ്ങളാണ്. രണ്ടു ദിവസം തക്കക്കേടാണ്. കടല്‍ വെള്ളം വലിക്കില്ല. അതിനും കുറച്ചു ദിവസങ്ങള്‍ക്കുമുമ്പു വെള്ളം ഉയര്‍ന്നപ്പോള്‍ ഒറ്റ രാത്രികൊണ്ടു മുഴുവന്‍ വെള്ളവും വലിച്ചെടുത്ത കടല്‍ ഇനി അതിനു തയ്യാറാകില്ല എന്നതു ചങ്കിടിപ്പോടെയാണു കേട്ടത്. കേരളമെങ്ങും പെയ്തൊഴിയാത്ത മഴ; ഇടുക്കിയുടെയും മുല്ലപ്പെരിയാറിന്‍റെയും ഇടമലയാറിന്‍റെയും ഡാമുകള്‍ ഒറ്റയടിക്കു നിറഞ്ഞൊഴുകുന്ന നീരൊഴുക്ക്. ആ വെള്ളം മുഴുവന്‍ പോകേണ്ടത് ആലുവാ തുടങ്ങി കോട്ടപ്പുറം കായലിലൂടെ കടലിലേക്കാണെന്നതു ദുരന്തത്തിന്‍റെ നേര്‍ചിത്രം വെളിപ്പെടുത്തുന്നുണ്ടായിരുന്നു. ഇതൊന്നും കൂടാതെ ഷോളയാറും പെരിങ്ങല്‍ക്കുത്തും നിറഞ്ഞപ്പോള്‍ പെരിങ്ങല്‍ക്കുത്തിലെ മരത്തടികള്‍ വന്നു തടഞ്ഞു ഷട്ടറുകള്‍ അടയ്ക്കാന്‍ പറ്റാതായപ്പോള്‍ ആ വെള്ളവും കടന്നുപോകേണ്ടത് ഈ തുരുത്തുകള്‍ വഴിയാണെന്നതു ദുരന്തത്തിന്‍റെ തീവ്രത കൂട്ടി. വെള്ളം ശക്തമായി കടലിലേക്ക് ഒഴുകുന്നുണ്ടായിരുന്നു. പക്ഷേ, മുകളിലൂടെ വെള്ളം കടലിലേക്കൊഴുകുമ്പോള്‍ അടിയിലൂടെ ജലം തിരിച്ചുവരുന്ന പ്രതിഭാസം നിലനില്ക്കുന്ന സമയമായിരുന്നു അത്.

ഡാമില്‍ കൊള്ളാവുന്നത്ര ജലം ശേഖരിക്കാന്‍ അധികാരികള്‍ തത്രപ്പെട്ടപ്പോള്‍ അവര്‍ കടലിനെക്കുറിച്ചും കടലിന്‍റെ നിയമങ്ങളെക്കുറിച്ചും അറിവുള്ളവരായിരിക്കണം എന്നത് ഒരു മുന്നറിയിപ്പാണ്. രണ്ടാമത്തെ ദിവസം ജാതിമതഭേദമെന്യേ ക്യാമ്പിലേക്കു ഒഴുകിയെത്തിയത് രണ്ടായിരത്തോളം പേരാണ്. പിന്നെയത് 3000 ആയി, നാലായിരവും കവിഞ്ഞ് 4200 പേരായി. കോട്ടപ്പുറത്തു കോട്ടപ്പുറം കത്തിഡ്രലിന്‍റെ പാരീഷ് ഹാളിലും സെന്‍റ് ആന്‍സ് സ്കൂളിലും പാസ്റ്ററല്‍ സെന്‍ററിലുമായി 12,000 പേരോളമായി. രൂപതയുടെ കീഴില്‍ത്തന്നെ നാല്പതോളം ക്യാമ്പുകള്‍ പള്ളികളിലും സ്കൂളുകളിലും സ്ഥാപനങ്ങളിലുമായി 40000 -ത്തോളം ആളുകള്‍ക്കായി തുറക്കപ്പെട്ടു. യുവാക്കള്‍ കിട്ടുന്ന വഞ്ചിയിലൊക്കെ തുഴയാന്‍ കഴിയാതെ നീന്തി ആളുകളെ ക്യാമ്പിലെത്തിച്ചു. തുരുത്തിപ്പുറത്തും തുരുത്തൂരും കുമ്പത്തുരുത്തും പുത്തന്‍വേലിയിലുമൊക്കെ രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ ഒരു ബോട്ടുപോലുമില്ലാതെ വഞ്ചിയില്‍ രക്ഷപ്പെടുത്തി.

പക്ഷേ, മറുവശത്ത് ചേന്ദമംഗലവും വടക്കേക്കരയും ചിറ്റാറ്റുകരയും ചേരുന്ന പഞ്ചായത്തുകളൊക്കെ കൂടുതല്‍ ദുരിതത്തിലേക്കു പൊയ്ക്കൊണ്ടിരിക്കുകയായിരുന്നു. ഒറ്റ രാത്രികൊണ്ടു കഴുത്തൊപ്പം വെള്ളം കയറിയ അവിടങ്ങളില്‍ പല ക്യാമ്പുകളില്‍പോലും ആളുകള്‍ കുടുങ്ങി. രണ്ടു നിലയു ള്ള വീടുകളുള്ള പലരും അടുത്തുള്ളവരെയും കൂട്ടി മുകളിലത്തെ നിലയിലേക്കു കയറി. അതൊക്കെ വെള്ളത്തിന്‍റെ തീവ്രതയില്‍ കുടുങ്ങി. പല ക്യാമ്പുകളിലും നൂറുകണക്കിനാളുകള്‍ ഒറ്റപ്പെട്ടു. വെള്ളമില്ല, വൈദ്യുതിയില്ല, ഭക്ഷണം തീരാറാകുന്ന അവസ്ഥയിലേക്കു കാര്യങ്ങള്‍ മാറി. തുടക്കത്തില്‍ വഞ്ചി മാത്രമേ ഉണ്ടായിരുന്നുളളൂ. ദുരന്തമുഖത്തു നിസ്സഹായനായി ഞാനുണ്ടായിരുന്നു. പലരെയും വിളിച്ചു കൂടുതല്‍ ബോട്ടുകള്‍ മൂത്തകുന്നത്തേക്കും കൊണ്ടുവന്നു. രാത്രി വൈകി ഫൈബര്‍ വളളങ്ങളിലും വഞ്ചിയില്‍നിന്നുമിറക്കാന്‍ നാട്ടുകാരോടൊപ്പം ഞാനുംകൂടി.

ശക്തമായ ഒഴുക്കു കാരണം ചെറുപ്പകാര്‍ വഞ്ചിയില്‍ അപ്പുറവും ഇപ്പുറവും പിടിച്ച് ഒത്തിരി നേരം നീന്തിയാണ് ഓരോ സ്ഥലങ്ങളില്‍ നിന്നും ആളുകളെ എത്തിച്ചുകൊണ്ടിരുന്നത്. തുടര്‍ന്നു നേവിയും ഹെലികോപ്റ്ററുമൊക്കെ വന്നു. ദുരന്തദിവസങ്ങളും ഏഴാം ദിവസവും എട്ടാം ദിവസവും പോലും പലരെയും രക്ഷിച്ചുകൊണ്ടുവരുന്നുണ്ടായിരുന്നു. ഒരു നേരത്തെ ഭക്ഷണം പോലുമില്ലാതെ പലരും വീടുകളിലും ക്യാമ്പുകളിലും കഴിയേണ്ടി വന്നു. ചുറുചുറുക്കോടെ ഇത്രയേറെ ചെറുപ്പക്കാരും നാട്ടുകാരും പൊലീസ് സന്നാഹവും ദുരന്തനിവാരണസേനയും ജനപ്രതിനിധികളുമൊക്കെ അണിനിരന്നതുകൊണ്ടു വീടിന്‍റെ മേല്‍ക്കൂര മുങ്ങുന്നത്ര ഉയരത്തില്‍ പലവീടുകളിലും വെള്ളം കയറിയിട്ടും ആരുടെയും ജീവന്‍ പൊലിഞ്ഞില്ലെന്നതു കൂട്ടായ പരിശ്രമത്തിന്‍റെ നേര്‍രേഖകളാണ്.

ക്യാമ്പിലെ ചിത്രങ്ങള്‍ വ്യത്യസ്തമായിരുന്നു. ആദ്യത്തെ മൂന്നു ദിവസങ്ങള്‍ നന്നേ ബുദ്ധിമുട്ടി. പായയും പുതപ്പും എല്ലാവര്‍ക്കുമെത്തിക്കാനായില്ല. കൊടുങ്ങല്ലൂര്‍ പരിസരത്ത് എല്ലാം തീര്‍ന്നിരുന്നു. ഇരിങ്ങാലക്കുടയില്‍ നിന്നും പുതപ്പ് വാങ്ങിയിട്ടും ക്യാമ്പിലേക്ക് എത്തിക്കാന്‍ കഴിയാതെ ഈ പരിസരം ഒറ്റപ്പെട്ടുപോയിരുന്നു.

പക്ഷേ, മൂന്നു ദിവസങ്ങള്‍ക്കുശേഷം സഹായിക്കാന്‍ ഒരുപാടു നല്ല മനസ്സുകള്‍ എത്താന്‍ തുടങ്ങി. പലപ്പോഴും ഫോണ്‍ നിലത്തുപോലും വയ്ക്കാന്‍ കഴിയാത്തത്ര ആളുകള്‍ വിളിച്ചന്വേഷിക്കുകയും അതില്‍ പലരും സഹായഹസ്തങ്ങളുമായി വരാനും തുടങ്ങി. സര്‍ക്കാര്‍ സഹായങ്ങളും ലഭിച്ചുതുടങ്ങി. ഭക്ഷണത്തിന് ഒരു മുട്ടുമില്ലാതെ ജനങ്ങള്‍തന്നെ പാചകം ചെയ്തും പരസ്പരം സഹായിച്ചും സഹകരിച്ചും അവര്‍ മുന്നേറി. സാഹചര്യങ്ങളെ മനസ്സിലാക്കാന്‍ അവര്‍ക്കു കഴിഞ്ഞു. അതുകൊണ്ടൊക്കെ തന്നെയാകണം അവസാന ദിവസങ്ങളില്‍ ഏഷ്യാനെറ്റ് ന്യൂസ്ചാനലുകാര്‍ വന്നപ്പോള്‍ അവരോടു ജനങ്ങള്‍ പറഞ്ഞത് പരാതികളില്ലാതെ പരിഭവങ്ങളില്ലാതെ തികഞ്ഞ സുരക്ഷാബോധത്തോടെ കിഡ്സ് ക്യാമ്പ് മുന്നോട്ടു പോകുന്നു എന്ന്.

ക്യാമ്പുകളില്‍ കഴിഞ്ഞപ്പോള്‍ അവര്‍ വീടു മുങ്ങിക്കിടക്കുന്നതിനെക്കുറിച്ചോര്‍ത്തു ദുഃഖിച്ചിരിക്കുന്നതു കണ്ടില്ല. കാരണം മനസ്സ് തുറന്ന് എല്ലാവരെയും കാണാനും പരസ്പരം സംസാരിക്കാനും സാധിക്കുന്നത് അവര്‍ ആസ്വദിക്കുന്നുണ്ടായിരുന്നു. ഒമ്പതാം ദിവസം വെള്ളം ഇറങ്ങി തുടങ്ങിയപ്പോള്‍ പുരുഷന്മാരെ മാത്രം ആദ്യദിനങ്ങളിലും ക്ലീന്‍ ചെയ്യാന്‍ വിടാന്‍ പ്രത്യേകം ശ്രദ്ധിച്ചു. കാരണം പ്രളയം അത്രയേറെ നാശനഷ്ടങ്ങള്‍ അവശേഷിപ്പിച്ചിട്ടുണ്ടാകും എന്ന തികഞ്ഞ ബോദ്ധ്യമുണ്ടായിരുന്നു. ആദ്യദിനങ്ങളില്‍ പുരുഷന്മാര്‍ രണ്ടും മൂന്നും പേര്‍ ചേര്‍ന്നു ഗ്രൂപ്പുകളായി പോയി ഭവനങ്ങള്‍ വൃത്തിയാക്കി. പിന്നീടു സ്ത്രീകള്‍ ഭവനങ്ങളിലേക്കു ചെന്നപ്പോള്‍ സങ്കടങ്ങള്‍ അംഗീകരിക്കാന്‍ അവര്‍ തയ്യാറെടുത്തിട്ടുണ്ടായിരുന്നു. നശിക്കാന്‍ ബാക്കിയൊന്നും ഇനി ഭവനങ്ങളില്‍ അവശേഷിച്ചിട്ടില്ല. അവരെ ആശ്വസിപ്പിക്കാന്‍ ജോബിന്‍റെ വാക്കുകള്‍ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. "ദൈവം തന്നു, ദൈവം എടുത്തു." ആ ദൈവം ഇനിയും തരും.

മത്സ്യത്തൊഴിലാളികളും നിര്‍മാണമേഖലയില്‍ ജോലി ചെയ്യുന്നവരും തിങ്ങിപ്പാര്‍ക്കുന്ന ഈ മേഖലയില്‍ നീക്കിയിരിപ്പുകളൊന്നും ബാക്കിയില്ലത്തവരാണ്. തിരിച്ചു പിടിക്കണമെങ്കില്‍ ഇനി മാസങ്ങളെടുക്കും. അവരുടെ ജീവിതത്തെ തുറിച്ചുനോക്കുന്നതു പട്ടിണിയുടെ നാളുകളാണ്. കുട പിടിക്കണം, ആരെങ്കിലും അവര്‍ക്കു മുകളില്‍. എന്നാലേ താത്കാലികമായ ഒരു ഉയിര്‍ത്തെഴുന്നേല്പുള്ളൂ.

പിന്നീടങ്ങോട്ട് പരിസരശുചീകരണത്തിന്‍റെ ദിനങ്ങളായിരുന്നു. ഒത്തിരി നല്ല മനസ്സുകള്‍ മുന്നോട്ടുവന്നു. ചെളി വന്നുനിറഞ്ഞ സ്ഥലങ്ങളും പുരയിടങ്ങളും വൃത്തിയാക്കാന്‍ അശ്രാന്തപിരിശ്രമം വേണമായിരുന്നു. കുറേയേറെ സിസ്റ്റേ ഴ്സും വൈദികരും ചെറുപ്പക്കാരും അന്യദേശങ്ങളില്‍ നിന്നു വന്ന സുമനസ്സുകളുമൊക്ക പരിസരം വൃത്തിയാക്കാനിറങ്ങി.

ഇനിയും കടക്കാനുണ്ട് കടമ്പകളേറെ. കോട്ടപ്പുറം രൂപതയുടെ ആദ്യത്തെ തീരുമാനമായിരുന്നു പ്രളയത്തിലകപ്പെട്ട 30,000-ത്തോളം വരുന്ന രൂപതയുടെ പ്രദേശങ്ങളിലുള്ള നാനാജാതിമതസ്ഥരായ മക്കളാരും പട്ടിണി കിടക്കാന്‍ പാടില്ല എന്നത്. അതിനുവേണ്ടി പദ്ധതികള്‍ വിഭാവനം ചെയ്തു. ഒരു മാസക്കാലത്തേയ്ക്ക് അവര്‍ക്കു ഭക്ഷണസാധനങ്ങള്‍ എത്തിച്ചുകൊടുക്കുന്നു. അവര്‍ കുടുംബയൂണിറ്റുകള്‍ വഴി ആ പ്രദേശം ഉള്‍ക്കൊള്ളുന്ന നാനാജാതി മതസ്ഥരായ എല്ലാവരിലേക്കും സഹായം എത്തിക്കുന്നു. അതിന്‍റെ നെടുനായകനായി ദുരന്തമുഖത്തുടനീളം കോട്ടപ്പുറം രൂപതാ മെത്രാന്‍ ജോസഫ് കാരിക്കശ്ശേരി നിറഞ്ഞുനില്ക്കുന്നു.

'കിഡ്സി'ന്‍റെയും കോട്ടപ്പുറം രൂപതയുടെയും നേതൃത്വത്തില്‍ മുന്നോട്ടുള്ള നാളുകളില്‍ വിഭാവനം ചെയ്യുന്ന പദ്ധതികള്‍ ചുവടെ:

* ഇലക്ട്രീഷ്യന്മാരെയും പ്ലംബിഗ് വിദഗ്ദ്ധരെയും ഉള്‍ക്കൊള്ളിച്ച് അടിയന്തിരമായി വൈദ്യുതിയും ജലലഭ്യതയും സാധാരണ നിലയിലാക്കുക.

* പല വീടുകളിലും ഇനിയും വെള്ളവും വൈദ്യുതിയും എത്തിയിട്ടില്ല. കമ്യൂണിറ്റി കിച്ചന്‍ എന്ന പദ്ധതിയുടെ ചുവടുപിടിച്ച് അത്തരത്തില്‍ ഇടവകകളില്‍ ഒരുമിച്ചു ഭക്ഷണം പാചകം ചെയ്തു വീടുകളില്‍ നിന്നുകൊണ്ടുതന്നെ ജനങ്ങള്‍ക്ക് ആഹാരമെത്തിക്കാനുള്ള പദ്ധതി നടപ്പാക്കുക.

* ഭൂരിഭാഗം കുട്ടികളുടെയും പഠനോപകരണങ്ങള്‍ നശിച്ചുപോയിട്ടുണ്ട്. അതു തിരിച്ചു നല്കാന്‍ പരിമിതകളില്‍നിന്നുകൊണ്ടു സാധിക്കുന്ന അത്രയും സഹായങ്ങള്‍ ചെയ്യുക.

* ഉപജീവനമാര്‍ഗം നഷ്ടപ്പെട്ട നിരവധി ആളുകളുണ്ട്. 150-ഓളം ചീനവലകള്‍ നഷ്ടപ്പെട്ടവര്‍, മരപ്പണിക്കാര്‍ തിങ്ങിനിറഞ്ഞ പ്രദേശത്തു വലിയ നഷ്ടങ്ങള്‍ സംഭവിച്ചവര്‍, കന്നുകാലികള്‍, കൃഷി, മത്സ്യകൃഷി എല്ലാം നഷ്ടപ്പെട്ടവര്‍. അവര്‍ക്ക് ഒരു കൈത്താങ്ങായി ഗവണ്‍മെന്‍റ് സംവിധാനങ്ങളോടു ചേര്‍ന്നു പ്രവര്‍ത്തിക്കുക.

പുനരധിവാസവും പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സജീവമായി പങ്കുചേരുക. വീടുകള്‍ പൂര്‍ണമായും ഭാഗികമായും നശിച്ചവരുണ്ട്. നാശനഷ്ടങ്ങളുണ്ടായവരുണ്ട്. അവരുടെയൊക്കെ കണ്ണീരൊപ്പാന്‍ കൂടെനിന്നുകൊണ്ടു സാധിക്കുന്നത്ര സഹായിക്കാന്‍ ശ്രമിക്കുക.

* ശാരീരിക മാനസിക ആരോഗ്യവും ആരോഗ്യസംരക്ഷണവും വളരെ പ്രധാനമാണ്. എല്ലാം തിരിച്ചുപിടിക്കണം. കുറേയധികം മൃഗങ്ങള്‍ ചത്തൊടുങ്ങിയിട്ടുണ്ട്. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാന്‍ സാദ്ധ്യത വളരെയാണ്. വൃദ്ധരായ പലര്‍ക്കും പനി പിടിപെട്ടു തുടങ്ങി. മെഡിക്കല്‍ ക്യാമ്പുകള്‍ അനിവാര്യമാണ്. അതിനുവേണ്ടി എല്ലായിടങ്ങളിലും ക്യാമ്പുകള്‍ ആസൂത്രണം ചെയ്തുകഴിഞ്ഞു. എല്ലാം തിരിച്ചുപിടിക്കാന്‍ ശക്തമായ മാനസികനില അനിവാര്യമാണ്. അതിനുവേണ്ടി വിദഗ്ദ്ധരെ ഒരുക്കിക്കഴിഞ്ഞു.

* ബാങ്കുലോണുകളിലൂടെ സ്ത്രീകളെ സംരംഭകരാക്കി വരുമാനമാര്‍ഗത്തിലേക്കു നയിക്കാന്‍ സ്വയം സഹായസംഘങ്ങളിലൂടെ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഗവണ്‍മെന്‍റ് സംവിധാനങ്ങളുടെ വിശ്വസനീയമായ അറിയിപ്പ് ഒരു ലക്ഷം രൂപ വരെ സംരംഭങ്ങള്‍ക്കും ഉപജീവനമാര്‍ഗങ്ങള്‍ക്കും പലിശരഹിത വായ്പ കൊടുക്കുമെന്നാണ്. അത് ഉറപ്പുവരുത്തേണ്ട ഒരു ബാദ്ധ്യത നമുക്കോരോരുത്തര്‍ക്കുമുണ്ട്. ജാഗ്രതാസമിതികള്‍ രൂപീകരിച്ചു ദുരന്തത്തെ അതിജീവിക്കാനുള്ള മാര്‍ഗത്തിലേക്കു ജനങ്ങളെ നയിക്കേണ്ടത് ഒരു ആവശ്യകതയാണ്.

പന്ത്രണ്ടു ദിവസത്തിനുശേഷം ബിരിയാണിയും കൊടുത്ത് ആഗസ്റ്റ് 26-ാം തീയതി ഞായറാഴ്ച ക്യാമ്പ് അവസാനിപ്പിച്ചപ്പോള്‍ അവര്‍ പറഞ്ഞു: "ഞങ്ങള്‍ക്കു പ്രതീക്ഷകളുണ്ട്. ആറു മാസത്തിനുള്ളില്‍ ഞങ്ങള്‍ എല്ലാം തിരിച്ചുപിടിക്കും." ഇതൊരു വികാരമാണ്. ആ വികാരത്തിനൊപ്പം ഉണ്ടാകണം നമ്മളൊക്കെ.

ഈ ദുരന്തമുണ്ടായപ്പോള്‍ കേരളത്തിലുടനീളം ഇതിന്‍റെ മുന്‍പന്തിയില്‍ നിന്നതു സഭയാണ്. ആരുടെയും ഗ്രേഡിങ്ങ് നമുക്കാവശ്യമില്ല. വൈദികരും സിസ്റ്റേഴ്സുമൊക്കെ നിറഞ്ഞ മനസ്സോടെ തുറന്നുകൊടുത്തത് എത്ര ക്യാമ്പുകളാണ്. ജീവന്‍ പണയപ്പെടുത്തിപ്പോലും രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത് എത്രയേറെ വൈദികരാണ്. വണ്ടിയില്‍ കിടന്നുപോലും ഞാനുറങ്ങിയിട്ടുണ്ട്, ഓഫീസും മുറിയുമെല്ലാം വിട്ടുകൊടുത്ത് ആളുകളെ സംരക്ഷിക്കാന്‍. ഈ ആരവങ്ങളൊക്കെ കഴിയുമ്പോള്‍ കുറേയധികം പേര്‍ കുറ്റപ്പെടുത്താന്‍ ഇറങ്ങും. അതൊക്കെ അവരുടെ കടമയാണെന്ന് പറഞ്ഞ്. അതെ. ഇതു ഞങ്ങളുടെ കടമയാണ്. ദൈവത്തിനും ദൈവജനത്തിനുംവേണ്ടി പ്രവര്‍ത്തിക്കുക എന്നത്. അതിനായി ജീവശ്വാസം നില്യ്ക്കുന്നതുവരെ കുറ്റപ്പെടുത്തിക്കോളൂ. ഞങ്ങള്‍ തളരില്ല, ഒറ്റക്കെട്ടായി മുന്‍പന്തിയിലുണ്ടാകും. ഒരു വര്‍ഷമെങ്കിലുമെടുക്കും സാധാരണ നിലയിലേക്കു ജനജീവിതം എത്തിച്ചേരാന്‍. കൂടെ നില്ക്കണം, അത്രയും നാള്‍; അവരുടെ സ്വപ്നങ്ങളെ തിരിച്ചുപിടിക്കാന്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org