സിസ്റ്റര്‍ മീന: കാന്ധമാലിന്‍റെ തോരാത്ത കണ്ണീര്‍

സിസ്റ്റര്‍ മീന: കാന്ധമാലിന്‍റെ തോരാത്ത കണ്ണീര്‍

ഒഡിഷയിലെ കാന്ധമാലില്‍ ക്രൈസ്തവര്‍ ക്രൂരമായ നരനായാട്ടിന് ഇരകളായിട്ടു ഒരു പതിറ്റാണ്ടു പിന്നിട്ടു. കലാപകാരികളില്‍നിന്നു രക്ഷ തേടി ജന്മനാട്ടില്‍നിന്നു ഓടിരക്ഷപ്പെട്ട കാന്ധമാല്‍ ക്രൈസ്തവരിലേറെയും പിന്നീടങ്ങോട്ടു മടങ്ങിപ്പോയില്ല. ആയുഷ്കാലം അദ്ധ്വാനിച്ചുണ്ടാക്കിയ പാര്‍പ്പിടങ്ങളും പൂര്‍വികരില്‍ നിന്നു കൈമാറിക്കിട്ടിയ കൃഷിയിടങ്ങളും അന്യാധീനമായി. സ്വന്തം നാട്ടില്‍ അവര്‍ അഭയാര്‍ത്ഥികളായി. ചിലര്‍ തടവറകളില്‍ ചെയ്യാത്ത കുറ്റത്തിനു ശിക്ഷയനുഭവിക്കുന്നു. ജീവന്‍ നഷ്ടപ്പെട്ടവരുടെ അവകാശികള്‍ക്കോ സ്വത്തുവകകള്‍ നഷ്ടപ്പെട്ടവര്‍ക്കോ മാരകമായ പരിക്കുകളേറ്റവര്‍ക്കോ മാനം നഷ്ടപ്പെട്ടവര്‍ക്കോ ആര്‍ക്കും നീതി കിട്ടിയില്ല. മുഖ്യധാരയിലെ സഭയടക്കം കാന്ധമാലിനെ മറന്നമട്ടായി. അതേസമയം, ആദിമക്രൈസ്തവരെ പോലെ തീക്ഷ്ണമായി തുടരുന്ന വിശ്വാസജീവിതത്തിനു വിലങ്ങുതടിയാകാന്‍ യാതൊന്നിനേയും കാന്ധമാല്‍ ക്രൈസ്തവര്‍ അനുവദിച്ചില്ല. കലാപത്തിന്‍റെ പത്താം വാര്‍ഷികത്തില്‍, അക്രമത്തിനിരകളായതിന്‍റെ ഓര്‍മ്മകള്‍ പേറുന്ന യുവാക്കള്‍ വൈദികരായി അഭിഷിക്തരായി, കന്യാസ്ത്രീകളായി സഭാവസ്ത്രം സ്വീകരിച്ചു. സമര്‍പ്പിതരും അല്മായരും സ്വന്തം വിളികളോടു പ്രതിബദ്ധത പുലര്‍ത്താന്‍ നിരന്തരം സ്വയം പുനരര്‍പ്പണം ചെയ്യുന്നു.

കൂട്ടബലാത്സംഗത്തിനിരയായ സിസ്റ്റര്‍ മീനയുടെ അനുഭവം ലോകമനഃസാക്ഷിയെ ഞെട്ടിച്ചതാണ്. രാജ്യതലസ്ഥാനത്തു വന്ന് അവര്‍ മാധ്യമസമ്മേളനം നടത്തി തന്‍റെ അനുഭവങ്ങള്‍ ലോകത്തോടു വിളിച്ചു പറഞ്ഞു. അന്നു മുതല്‍ അവിരാമം അവര്‍ നടത്തുന്ന നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിന് ഇന്നും അന്ത്യമായിട്ടില്ല. കാന്ധമാലില്‍നിന്നു മുന്നൂറോളം കിലോമീറ്ററകലെ തന്‍റെ മഠത്തില്‍ അധികാരികളേല്‍പിച്ച ജോലികള്‍ ചെയ്തുകൊണ്ട് അവര്‍ കഴിയുന്നു. കേസുകളുടെ നടപടിക്രമങ്ങള്‍ പിന്തുടരുന്നു. മലയാളിയായ ഫാ. തോമസ് ചെല്ലനും അന്നു സിസ്റ്റര്‍ക്കൊപ്പം ക്രൂരമര്‍ദ്ദനങ്ങള്‍ക്കിരയായി. അച്ചന്‍ കൃത്യസമയത്ത് എത്തിച്ചേര്‍ന്നില്ലായിരുന്നെങ്കില്‍ തന്‍റെ ജീവനും നഷ്ടപ്പെടുമായിരുന്നുവെന്ന് സി. മീന ഓര്‍ക്കുന്നു. മഠത്തിന്‍റെ സന്ദര്‍ശകമുറിയിലിരുന്ന്, മലയാളി കത്തോലിക്കര്‍ക്കു വേണ്ടി സത്യദീപത്തിന്‍റെ ചോദ്യങ്ങള്‍ക്ക് അവര്‍ ഉത്തരങ്ങളേകി.

? നീതിക്കു വേണ്ടിയുള്ളപോരാട്ടം തുടരുന്നു എന്ന് ആലങ്കാരികമായി പറയുമ്പോഴും യഥാര്‍ത്ഥത്തില്‍ അതു പ്രതികളോടു പ്രതികാരം ചെയ്യണമെന്ന ചിന്തയല്ലേ? പ്രതികള്‍ ശിക്ഷിക്കപ്പെടുന്നതു കാണാനല്ലേ ഈ പോരാട്ടം? പത്തു വര്‍ഷങ്ങള്‍ക്കു ശേഷവും അവരോടു ക്ഷമിക്കാന്‍ താങ്കള്‍ക്കു കഴിഞ്ഞിട്ടില്ലേ? നീതിയും പ്രതികാരവും തമ്മിലുള്ള വ്യത്യാസം എന്താണ്?
ക്ഷമയും നീതിയും തികച്ചും രണ്ടു കാര്യങ്ങളാണ്. എനിക്കു ക്ഷമിക്കാന്‍ കഴിയും. ഞാന്‍ ക്ഷമിച്ചു കഴിഞ്ഞു. ഒരു ക്രിസ്ത്യാനിയെന്ന നിലയിലും സന്യാസിനി എന്ന നിലയിലും ക്ഷമിക്കുകയല്ലാതെ എന്‍റെ മുമ്പില്‍ മറ്റൊരു വഴിയില്ല. ദിവസവും 'സ്വര്‍ഗസ്ഥനായ പിതാവേ' എന്നു പ്രാര്‍ത്ഥിക്കുന്നയാളാണു ഞാന്‍. ക്ഷമിക്കുന്നില്ലെങ്കില്‍ ആ പ്രാര്‍ത്ഥന ചൊല്ലാന്‍ എനിക്കു സാധിക്കില്ല. ശിക്ഷയും വിചാരണയും നേരിടുന്ന എല്ലാവര്‍ക്കും വേണ്ടി ദിവസവും ഞാന്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്. അതാണ് എന്‍റെ ക്ഷമ.

പക്ഷേ നീതി എനിക്കു വേണം. നീതിക്കു വേണ്ടി ഞാന്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ ഞാന്‍ കൂട്ടു നില്‍ക്കുന്നു എന്നാണര്‍ത്ഥം. അതുകൊണ്ടാണ് നീതിക്കു വേണ്ടി ഞാന്‍ ശ്രമിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ ഇപ്പോഴും നമ്മുടെ രാജ്യത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നു. അത് അനുവദിക്കാന്‍ പാടില്ല. അതുകൊണ്ടാണു കുറ്റവാളികളെ വെളിച്ചത്തുകൊണ്ടുവരാനും ന്യായമായ ശിക്ഷ അവര്‍ക്കു വാങ്ങിക്കൊടുക്കാനും ശ്രമിക്കുന്നത്.

? സിസ്റ്ററുടെ ദൈവവിളി എപ്രകാരമായിരുന്നു? ഒഡിഷയിലെ ഏതു ജില്ലയില്‍നിന്നാണു കുടുംബം?
സുന്ദര്‍ഗഡ്. രെംഗാളി എന്ന അണക്കെട്ടിന്‍റെ നിര്‍മ്മാണത്തിനു വേണ്ടി കുടിയിറക്കപ്പെട്ട ഒരു ആദിവാസികുടുംബമായിരുന്നു ഞങ്ങളുടേത്. നാമമാത്രമായ നഷ്ടപരിഹാരം വാങ്ങി, 200 കിലോമീറ്റര്‍ അകലേയ്ക്കു ഞങ്ങള്‍ക്കു മാറേണ്ടി വന്നു. അതോടെ ഞങ്ങളുടെ ജീവിതം ദുരിതപൂര്‍ണമായി. ഞങ്ങളുടെ ജന്മനാട് ഒരു ക്രിസ്ത്യന്‍ ഭൂരിപക്ഷപ്രദേശമായിരുന്നു. എന്‍റെ മാതാപിതാക്കള്‍ മാത്രമല്ല, അവരുടെ മാതാപിതാക്കളും കത്തോലിക്കരായി ജനിച്ചു വളര്‍ന്നവരാണ്. ജനിച്ച നാടുപേക്ഷിച്ചു ചെന്നു ചേര്‍ന്നത് ക്രിസ്ത്യാനികളില്ലാത്ത ഒരു നാട്ടിലാണ്. അവിടെയുള്ളവര്‍ ഞങ്ങളെ ഒരുതരത്തിലും അംഗീകരിച്ചില്ല. അന്യഗ്രഹജീവികള്‍ വന്ന പോലെയാണ് അവര്‍ പെരുമാറിയത്. അവിടെയുള്ള ജനങ്ങള്‍ക്കു വിദ്യാഭ്യാസമുണ്ടായിരുന്നില്ല. പക്ഷേ ആദിവാസികളായതുകൊണ്ട് ഞങ്ങളെ അവര്‍ അസ്പൃശ്യരായി കരുതി. പൊതുക്കിണറുകളില്‍നിന്നു വെള്ളമെടുക്കാന്‍ പോലും അനുവദിച്ചിരുന്നില്ല. സാവധാനത്തില്‍ അവര്‍ക്കു ഞങ്ങളെ മനസ്സിലായി. ക്രൈസ്തവര്‍ എന്നു പറഞ്ഞാല്‍ എന്താണെന്നു മനസ്സിലായി തുടങ്ങി.

ഞങ്ങള്‍ അഞ്ചു മക്കളായിരുന്നു. എന്നെ സ്കൂള്‍ വിദ്യാഭ്യാസത്തിനായി സിസ്റ്റേഴ്സ് നടത്തുന്ന സ്കൂളില്‍ ചേര്‍ത്തു. ഹോസ്റ്റലില്‍ നിന്നാണു പഠിച്ചത്. ഹോസ്റ്റലില്‍ വച്ചാണ് വേദോപദേശം പഠിച്ചത്. ഞങ്ങള്‍ മിഷന്‍ സ്കൂളില്‍ പഠിക്കണമെന്ന് അച്ഛനു നിര്‍ബന്ധമായിരുന്നു. സ്കൂള്‍ ഹോസ്റ്റലില്‍ വച്ചു തന്നെ ഒരു സിസ്റ്റര്‍ ആകണമെന്നു ഞാന്‍ തീരുമാനിച്ചിരുന്നു. എന്‍സിസി കേഡറ്റായിരുന്നു ഞാന്‍. അതുകൊണ്ട്, സിസ്റ്ററാകാന്‍ കഴിഞ്ഞില്ലെങ്കില്‍ പോലീസാകുക. അതായിരുന്നു എന്‍റെ ആഗ്രഹം. ഏതു രംഗം തിരഞ്ഞെടുത്താലും എതിര്‍പ്പില്ലെന്ന് മാതാപിതാക്കള്‍ പറഞ്ഞു. അങ്ങനെ പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ ഞാന്‍ സന്യാസസഭയില്‍ ചേര്‍ന്നു. പിന്നെ ഒരു തിരിഞ്ഞു നോട്ടം ഉണ്ടായിട്ടില്ല. ഒരു സന്യാസിനിയാകാന്‍ കഴിഞ്ഞതില്‍ തികഞ്ഞ സന്തോഷം മാത്രം.

? ആദ്യം ചെയ്ത ജോലികള്‍ എന്തൊക്കെയായിരുന്നു?
ഇടവകകളില്‍ അജപാലനജോലിയാണു ചെയ്തത്. അതു ഞാനാസ്വദിച്ചു. ഗ്രാമങ്ങളില്‍ ജനങ്ങളോടൊപ്പം അവര്‍ക്കു സേവനം ചെയ്തു ജീവിച്ചു. വൈദ്യുതി എത്തിയിട്ടില്ലാത്ത, ശരിയായ വീടോ സൗകര്യങ്ങളോ ഇല്ലാത്ത ഗ്രാമങ്ങളില്‍. അതിനുശേഷം രണ്ടു വര്‍ഷം ദൈവശാസ്ത്രം പഠിച്ചു. അതിനുശേഷമാണ് കാന്ധമാല്‍ പാസ്റ്ററല്‍ സെന്‍ററില്‍ ജോലിക്കു ചേര്‍ന്നത്. അവിടെ ചെ ന്നു രണ്ടു മാസം കഴിഞ്ഞപ്പോഴാണ് അക്രമം അരങ്ങേറിയത്.

? നാം നോമ്പുകാലത്തേയ്ക്കു പ്രവേശിച്ചിരിക്കുകയാണല്ലോ. ക്രിസ്തുവിന്‍റെ പീഢാനുഭവത്തെ വിശ്വാസികള്‍ ധ്യാനിക്കുന്നു. സഹനങ്ങളേയും പ്രായശ്ചിത്തങ്ങളേയും കുറിച്ചു പറയുന്നു. സിസ്റ്ററും ഒരു പീഢാനുഭവത്തിലൂടെ കടന്നുപോയല്ലോ. നോമ്പു നോക്കുന്നവരോട് എന്താണു പറയാനുള്ളത്?
ഈ സംഭവം ഉണ്ടാകുന്നതിനു മുമ്പ് ക്രൂശിതരൂപത്തെ നോക്കുമ്പോള്‍ ഞാന്‍ കാണാറുളളത് മരിച്ചു കിടക്കുന്ന ക്രിസ്തുവിനെയാണ്. ക്രിസ്തു കുരിശില്‍ മരിച്ചു എന്നാണു മനസ്സിലാക്കുക. എന്നാല്‍ ഈ സംഭവത്തിനു ശേഷം ഞാന്‍ കുരിശില്‍ കാണുന്നത് ജീവനുള്ള ക്രിസ്തുവിനെയാണ്. കഠിനവേദന സഹിച്ചു ജീവനു വേണ്ടി പിടഞ്ഞുകൊണ്ടിരിക്കുന്ന ക്രിസ്തുവിനെ. ഞാനും അങ്ങനെ ഒരു കുരിശില്‍ തറയ്ക്കപ്പെടുകയാണു ചെയ്തത്. ഞാന്‍ സഹിച്ച വേദനയും എന്‍റെ സ ഹോദരങ്ങള്‍ സഹിച്ച വേദനയും ക്രിസ്തുവിന്‍റെ വേദനയോടു ചേര്‍ത്തു സമര്‍പ്പിക്കുന്നു. കുരിശില്‍ ക്രിസ്തു സഹിക്കുന്ന വേദനയില്‍ അവന് ആശ്വാസം പകരുന്നതാണു നാം സഹിക്കുന്ന വേദനകള്‍. എന്‍റെ സഹനം ക്രിസ്തുവിനു സമര്‍പ്പിക്കുമ്പോള്‍ ഞാന്‍ വിജയം നേടുകയാണ്. കുരിശില്‍ ക്രിസ്തു ആത്യന്തികമായി വിജയം നേടുകയാണല്ലോ ചെയ്യുന്നത്. അങ്ങനെയാണു ഞാനതിനെ എടുക്കുന്നത്. യേശുവിനെ മനസ്സിലാകണമെങ്കില്‍ ഞാന്‍ യേശുവിനെ സ്നേഹിക്കണം. യേശുവിനെ സ്നേഹിക്കണമെങ്കില്‍ ഞാന്‍ സഹിക്കണം. കാരണം, ക്രിസ്തു സഹിച്ചവനാണ്. സഹനത്തിലാണു ഞാന്‍ ക്രിസ്തുവിനെ മനസ്സിലാക്കുന്നത്. എന്‍റെ സഹനം ശുദ്ധീകരിക്കുന്നതാണ്. അതു പാഴാകുകയില്ല. എന്‍റെ അനുഭവം എനിക്കു കൂടുതല്‍ ആത്മീയമായ ശക്തി പകര്‍ന്നു.

? നിങ്ങള്‍ വിശ്വാസത്തിന്‍റെ പേരിലാണ് ഈ സഹനം നേരിട്ടത്. അതേസമയം ഒരുപാടു വിശ്വാസികള്‍ വിശ്വാസത്തിന്‍റെ പേരിലുള്ള യാതൊരു വെല്ലുവിളികളും നേരിടാതെ സ്വന്തം സുഖവലയങ്ങളില്‍ കഴിയുന്നുണ്ട്. അവരോട് എന്താണു പറയാനുള്ളത്?
അവര്‍ സഹിക്കുന്നവരെ കാണണം. സഹിക്കുന്നവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണം. സ്വന്തം സുരക്ഷിതത്വങ്ങളില്‍ നിന്നു പുറത്തു കടന്നു, മറ്റു സ്ഥലങ്ങളില്‍ എന്താണു സംഭവിക്കുന്നതെന്ന് അന്വേഷിക്കണം, മനസ്സിലാക്കണം, കാണണം. സഹിക്കുന്നവര്‍ക്ക് സഹായങ്ങളെത്തിക്കണം. ഈ പുറത്തേക്കിറങ്ങല്‍ സന്യസ്തര്‍ക്കും സംഭവിക്കണം. ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞതുപോലെ അരികുകളിലേയ്ക്ക് ഇറങ്ങിച്ചെല്ലുക, ആടുകളുടെ മണമുള്ളവരായിരിക്കുക.

? കാന്ധമാലിലെ അക്രമത്തിന്‍റെ മറ്റ് ഇരകളെ ഓര്‍മ്മിക്കുന്നുവോ?
തീര്‍ച്ചയായും. ഫാ. ചെല്ലന്‍ ആക്രമിക്കപ്പെട്ടു. അദ്ദേഹം സമയത്തിന് എത്തിയില്ലായിരുന്നുവെങ്കില്‍ ഞാന്‍ കൊല ചെയ്യപ്പെടുമായിരുന്നു. അദ്ദേഹം എന്‍റെ കാവല്‍മാലാഖയായിരുന്നു. ഫാ.ബെര്‍ണാഡിനെ അവര്‍ ക്രൂരമായി മര്‍ദ്ദിച്ചു. അദ്ദേഹം മരണമടഞ്ഞു. അങ്ങനെ നിരവധി പേര്‍. അവരുടെ ധീരതയേയും വിശ്വാസദാര്‍ഢ്യത്തേയും ഞാന്‍ എന്നും മാനിക്കുന്നു. അവരാണ് എനിക്കു പ്രചോദനം പകരുന്നത്. എന്‍റെ വിശ്വാസവും അവരുടെ വിശ്വാസം പോലെ വളരണമെന്നാണ് എന്‍റെ ആഗ്രഹം. മതം മാറിയാല്‍ ജീവന്‍ നല്‍കാം എന്ന നിര്‍ദേശം അവര്‍ക്കു മുമ്പില്‍ വന്നപ്പോള്‍ ജീവന്‍ പോയാലും വിശ്വാസം ഉപേക്ഷിക്കാന്‍ തയ്യാറല്ലെന്ന് ഉറച്ചു പറഞ്ഞവരാണ് കാന്ധമാലിലെ പാവപ്പെട്ട വിശ്വാസികള്‍. ഞാനങ്ങനെ പറയുമായിരുന്നോ എന്നു ഞാന്‍ സ്വയം ചോദിക്കുകയാണ്. അവരോടു പ്രാര്‍ത്ഥിക്കുകയാണ്.

? ഭാരതസഭയ്ക്ക് ഇതിനോടുള്ള പ്രതികരണം എങ്ങനെയായിരുന്നു?
തുടക്കത്തില്‍ എല്ലാവരും പിന്തുണച്ചു. വിശ്വാസികള്‍ തെരുവിലിറങ്ങി. പലരും ഉത്കണ്ഠ രേഖപ്പെടുത്തി. പക്ഷേ സാവധാനത്തില്‍ അവര്‍ക്കെല്ലാമുള്ള താത്പര്യം നഷ്ടമായി. പത്രപ്രവര്‍ത്തകനായ ആന്‍റോ അക്കരയെ പോലെ ചിലര്‍ മാത്രമാണ് ഇപ്പോഴും ഈ വിഷയത്തിനു വേണ്ടി വാദിച്ചുകൊണ്ടിരിക്കുന്നത്.

? സിസ്റ്ററിന്‍റെ കേസിന്‍റെ അവസ്ഥ ഇപ്പോള്‍ എന്താണ്?
മൂന്നു പേര്‍ ശിക്ഷിക്കപ്പെട്ടു. പക്ഷേ അതു പോരാ. കൂടുതല്‍ പേര്‍ നിയമത്തിനു മുമ്പില്‍ എത്താനുണ്ട്. 9 പേര്‍ വിചാരണ ചെയ്യപ്പെട്ടു. 21 പേരുടെ വിചാരണ നടക്കാനുണ്ട്. അക്കാര്യത്തില്‍ യാതൊരു പുരോഗതിയും ഉണ്ടാകുന്നില്ല. അതിനുവേണ്ടിയുള്ള പരിശ്രമങ്ങളിലാണു ഞാന്‍.

? സഭ എന്തു തരത്തിലുള്ള പിന്തുണയാണു നല്‍കേണ്ടതെന്നാണു സിസ്റ്റര്‍ ആഗ്രഹിക്കുന്നത്?
വിഷയം വീണ്ടും പൊതുമണ്ഡലത്തില്‍ ചര്‍ച്ച ചെയ്യപ്പെടണം. നടപടികള്‍ സ്വീകരിക്കാന്‍ ഭരണകൂടങ്ങള്‍ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തപ്പെടണം. നിരവധി പേര്‍ ഇതിന്‍റെ സഹനങ്ങള്‍ ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നു. അവര്‍ക്കു നീതി ലഭിക്കണം. കാന്ധമാലിലെ ക്രൈസ്തവര്‍ ആരും മതം മാറിയില്ല. അവരുടെ വിശ്വാസം കൂടുതല്‍ ശക്തമായി. എന്നാല്‍ കാന്ധമാലില്‍ നിന്ന് ഓടിപ്പോയവര്‍ ചേരികളില്‍ വരെ താമസമാക്കി. അവര്‍ക്കാര്‍ക്കും മടങ്ങി വരാന്‍ കഴിഞ്ഞിട്ടില്ല. ഭീതി നിലനില്‍ക്കുന്നു. എന്തും സംഭവിക്കാമെന്ന ഒരന്തരീക്ഷം. ഇതിനു മാറ്റം വരണം. ഞാനും ഇതുവരെ കാന്ധമാലില്‍ പോയിട്ടില്ല. ഒരിക്കല്‍ പോകണം, സന്ദര്‍ശിക്കണം എന്ന ആഗ്രഹമുണ്ട്. എന്നാല്‍ സുരക്ഷാപ്രശ്നങ്ങള്‍ നിലനില്‍ക്കുന്നു. എന്‍റെ കേസ് കാന്ധമാലിലാണ് ഉള്ളത്. ഓരോ തവണയും കോടതിയില്‍ നിന്നു സമണ്‍സ് വരുമ്പോള്‍ കാന്ധമാലിലെ സുരക്ഷാപ്രശ്നങ്ങള്‍ ചൂ ണ്ടിക്കാട്ടി വിചാരണ കാന്ധമാലിനു പുറത്തു നടത്തണമെന്ന് അപേക്ഷിക്കുകയും അതനുവദിക്കപ്പെടുകയുമാണ് ചെയ്തു വരുന്നത്. ഇത്തരം കേസുകളില്‍ അക്രമത്തേക്കാള്‍ ക്രൂരമായതു വിചാരണകളാണ്. ബലാത്സംഗകേസുകളില്‍ ഇരകളാകുന്ന സ്ത്രീകള്‍ കൂടുതല്‍ അധിക്ഷേപിക്കപ്പെടുന്നത് കോടതിമുറികളിലാണെന്നതാണു വസ്തുത. അതിനൊരു പരിഹാരം നമ്മുടെ നീതിന്യായസംവിധാനത്തിലുണ്ടാകേണ്ടതാണെന്ന് എനിക്കു തോന്നുന്നു.

? കുടുംബം എങ്ങനെയാണ് ഈ പ്രശ്നങ്ങളെ നേരിട്ടത്?
കുടുംബം ഉറച്ച പിന്തുണയുമായി എന്‍റെ കൂടെയുണ്ട്. പ്രശ്നം നടന്നതിനുശേഷം എന്‍റെ കുടുംബം മാധ്യമങ്ങള്‍ക്കു മുമ്പില്‍ ധാരാളം അവഹേളിതമായി. എന്നാല്‍ അവര്‍ അതിനെ അതിജീവിച്ചു. എന്‍റെ ദൈവം പ്രതികാരത്തിന്‍റെ ദൈവമല്ലെന്നും പ്രതികാരം ചെയ്യാന്‍ ഞങ്ങളില്ലെന്നും എന്‍റെ ഇളയ സഹോദരന്‍ മാധ്യമങ്ങളോടു പറഞ്ഞതു പത്രങ്ങളില്‍ ഞാന്‍ വായിച്ചു. അതെനിക്കു സന്തോഷമായി. അവരിപ്പോള്‍ എന്നെ കൂടുതല്‍ സ്നേഹിക്കുന്നു. കരുതലേകുന്നു. പണ്ടത്തേക്കാള്‍ കൂടുതലായി അവരെന്‍റെ കാര്യങ്ങളില്‍ താത്പര്യമെടുക്കുന്നു. സന്യാസസഭയില്‍ തുടരാന്‍ എന്തെങ്കിലും അസ്വസ്ഥത തോന്നുന്നുവെങ്കില്‍ വീട്ടിലേയ്ക്കു മടങ്ങിച്ചെല്ലാമെന്ന് അവര്‍ പറഞ്ഞു. ബലാത്സംഗത്തിലെ ഇരകളോടു നമ്മുടെ സമൂഹത്തിനുള്ള മനോഭാവം അറിയാമല്ലോ. ആ സാഹചര്യത്തില്‍ പോലും കുടുംബം എന്നെ സംരക്ഷിക്കാന്‍ സദാ സന്നദ്ധമാണ്.

? ഇത്തരം കേസുകളിലെ ഇരകളോടു എന്താണു പറയാനുള്ളത്? സിസ്റ്റര്‍ പോരാട്ടം നടത്തുന്നു. പക്ഷേ എല്ലാവരും അത്രയും ധൈര്യവും നിശ്ചയദാര്‍ഢ്യവും കാണിക്കാറില്ല.
ശുഭാപ്തിവിശ്വാസികളായിരിക്കുകയും അന്തിമവിജയം ലഭിക്കുമെന്ന പ്രത്യാശയിലിരിക്കുകയും ചെയ്യുക. ഇത്തരം ദുരന്തങ്ങള്‍ക്കിരകളാകുമ്പോള്‍ ഒരു മനുഷ്യവ്യക്തിക്ക് രണ്ടു കാര്യങ്ങള്‍ സംഭവിക്കാം. ഒന്നുകില്‍ ജീവിതത്തിന്‍റെ കൂടുതല്‍ ഉയര്‍ന്ന തലത്തിലേയ്ക്കു പോകാം. അല്ലെങ്കില്‍ തകര്‍ന്നു പോകാം. ഒന്നുകില്‍ ദൈവത്തിങ്കലേയ്ക്ക് കൂടുതല്‍ അടുക്കാം. അല്ലെങ്കില്‍ ദൈവത്തില്‍നിന്ന് അകന്നു പോകാം. എന്നെ സംബന്ധിച്ച് ഈ ദുരനുഭവം എന്നെ കൂടുതല്‍ കരുത്തുള്ളവളാക്കി. ഞാന്‍ ദൈവത്തോടു കൂടുതല്‍ അടുത്തു. സംഭവിച്ചതിനെക്കുറിച്ച് ഇന്നെനിക്കു ദുഃഖമൊന്നുമില്ല. ദൈവം എനിക്കു ജീവന്‍ ബാക്കി നല്‍കി. സുരക്ഷിതയാക്കി നിറുത്തുന്നു. കൂടുതല്‍ വിശ്വാസവും പ്രത്യാശയും നല്‍കി. അതിനു ദൈവത്തോടു നന്ദിയുള്ളവളാണു ഞാന്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org