ലോകസമാധാനത്തിനും സഹജീവിതത്തിനുമായി മാനവസാഹോദര്യം

ലോകസമാധാനത്തിനും സഹജീവിതത്തിനുമായി മാനവസാഹോദര്യം

ആമുഖം
പിന്തുണയ്ക്കുകയും സ്നേഹിക്കുകയും ചെയ്യേണ്ട ഒരു സഹോദരനെയോ സഹോദരിയെയോ അപരനില്‍ കാണുവാന്‍ വിശ്വാസം ഒരു വിശ്വാസിക്കിടയാക്കുന്നു. ജീവജാലത്തെയും സകല മനുഷ്യരെയും (ദൈവത്തിന്‍റെ കരുണയുടെ കണക്കില്‍ തുല്യര്‍) സൃഷ്ടിച്ച ദൈവത്തിലുള്ള വിശ്വാസത്തിലൂടെ വിശ്വാസികള്‍ ഈ മാനവസാഹോദര്യം പ്രകടിപ്പിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നു. ജീവിജാലത്തേയും പ്രപഞ്ചത്തെയാകെയും സംരക്ഷിച്ചുകൊണ്ടും എല്ലാ മനുഷ്യരേയും, വിശേഷിച്ചും ഏറ്റവും ദരിദ്രരേയും സഹായമര്‍ഹിക്കുന്നവരേയും, പിന്തുണച്ചുകൊണ്ടുമാണിതു ചെയ്യേണ്ടത്.

സമകാലിക ലോകത്തിന്‍റെ ആനന്ദങ്ങളും ദുഃഖങ്ങളും പ്രശ്നങ്ങളും പരസ്പരം പങ്കുവച്ചതും സൗഹൃദത്തിന്‍റെയും സാഹോദര്യത്തിന്‍റെയും അന്തരീക്ഷം മുഖമുദ്രയായതുമായ ഞങ്ങളുടെ നിരവധി കൂടിക്കാഴ്ചകളുടെ പ്രാരംഭബിന്ദുവായി വര്‍ത്തിച്ചത് ഈ അതീതമൂല്യമാണ്. ശാസ്ത്ര സാങ്കേതിക പുരോഗതി, ചികിത്സാനേട്ടങ്ങള്‍, ഡിജിറ്റല്‍ യുഗം, ബഹുജനസമ്പര്‍ക്കമാധ്യമങ്ങള്‍ തുടങ്ങിയവയെയെല്ലാം പരിഗണിച്ചുകൊണ്ടാണ് ഞങ്ങളിതു ചെയ്തത്. ആയുധമത്സരങ്ങളുടെയും സാമൂഹ്യ അനീതിയുടെയും അഴിമതിയുടെയും അസമത്വത്തിന്‍റെയും ധാര്‍മ്മികാപചയത്തിന്‍റേയും ഭീകരവാദത്തിന്‍റേയും വിവേചനത്തിന്‍റെയും തീവ്രവാദത്തിന്‍റെയും മറ്റു നിരവധി കാരണങ്ങളുടേയും ഫലമായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ധാരാളം സഹോദരങ്ങള്‍ അനുഭവിക്കുന്ന സഹനം, ദാരിദ്ര്യം, സംഘര്‍ഷം തുടങ്ങിയ കാര്യങ്ങളെ കുറിച്ചു ഞങ്ങള്‍ വിചിന്തനം ചെയ്തു.

സാഹോദര്യവും തുറവിയും നിറഞ്ഞ ഞങ്ങളുടെ ചര്‍ച്ചകളില്‍ നിന്നും സകലമനുഷ്യര്‍ക്കുമുള്ള ശോഭനമായ ഭാവിയിലുള്ള ഗാഢമായ പ്രത്യാശ പ്രകാശിതമായ കൂടിക്കാഴ്ചയില്‍ നിന്നുമാണ് മാനവസാഹോദര്യത്തെക്കുറിച്ചുള്ള ഇത്തരമൊരു രേഖയെന്ന ആശയം രൂപപ്പെട്ടത്. നന്മ നിറഞ്ഞതും ഹൃദയംഗമവുമായ അഭിലാഷങ്ങളുടെ ഒരു സംയുക്ത പ്രഖ്യാപനമായിരിക്കേണ്ടതിനായി, സത്യസന്ധമായും ഗൗരവപൂര്‍ണമായും ചിന്തിച്ചു തയ്യാറാക്കിയതാണ് ഈ രേഖ. ദൈവത്തിലും മാനവസാഹോദര്യത്തിലും വിശ്വസിക്കുന്ന എല്ലാ വ്യക്തികളും ഐക്യപ്പെടുകയും ഒന്നിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യാന്‍ ആഹ്വാനം ചെയ്യുന്ന ഒരു രേഖയാണിത്. എല്ലാ മനുഷ്യരേയും സഹോദരങ്ങളാക്കുന്ന മഹത്തായ ദൈവകൃപയെ കുറിച്ചുള്ള അവബോധത്തില്‍, പരസ്പരാദരവിന്‍റെ ഒരു സംസ്കാരത്തില്‍ മുന്നേറുവാന്‍ ഭാവിതലമുറകള്‍ക്കുള്ള ഒരു വഴികാട്ടിയായി ഇതു വര്‍ത്തിക്കും.

രേഖ
എല്ലാ മനുഷ്യരേയും, അവകാശങ്ങളിലും കടമകളിലും അന്തസ്സിലും തുല്യരായി സൃഷ്ടിക്കുകയും സഹോദരങ്ങളായി ഒന്നിച്ചു ജീവിച്ച്, ഭൂമിയില്‍ നിറഞ്ഞ്, നന്മയും സ്നേഹവും സാഹോദര്യവും പരത്തി ഒന്നിച്ചു ജീവിക്കുവാന്‍ അവരെ ആഹ്വാനം ചെയ്യുകയും ചെയ്ത ദൈവത്തിന്‍റെ പേരില്‍, ഒരു മനുഷ്യനെ കൊല്ലുന്നവന്‍ മനുഷ്യവംശത്തെയാകെ കൊല്ലുന്നുവെന്നും ഒരു മനുഷ്യനെ രക്ഷിക്കുന്നവന്‍ മനുഷ്യവംശത്തെയാകെ രക്ഷിക്കുന്നുവെന്നും വ്യക്തമാക്കി ദൈവം കൊല വിലക്കിയ നിഷ്കളങ്കമായ മനുഷ്യജീവന്‍റെ പേരില്‍, ദരിദ്രരുടേയും അഗതികളുടേയും അരികുവത്കരിക്കപ്പെട്ടവരുടേയും പേരില്‍, അനാഥരുടേയും വിധവകളുടേയും അഭയാര്‍ത്ഥികളുടേയും പേരില്‍, മാനവസാഹോദര്യത്തിന്‍റെ പേരില്‍, നീതിയുടെയും കരുണയുടെയും പേരില്‍, സന്മനസ്സുള്ള സകലരുടേയും പേരില്‍, കിഴക്കും പടിഞ്ഞാറുമുള്ള കത്തോലിക്കാസഭയോടും കത്തോലിക്കരോടും ചേര്‍ന്നു കിഴക്കും പടിഞ്ഞാറുമുള്ള മുസ്ലീങ്ങളും അല്‍ അസ്ഹര്‍ അല്‍ ഷരീഫും ചേര്‍ന്നു, സംഭാഷണസംസ്കാരത്തെ മാര്‍ഗമായും പരസ്പരാദരവിനെ പെരുമാറ്റ ചട്ടമായും പരസ്പരധാരണയെ രീതിശാസ്ത്രവും പ്രമാണവുമായും പ്രഖ്യാപിക്കുന്നു.

സഹിഷ്ണുതയുടെയും സമാധാനത്തിലുള്ള സഹവര്‍ത്തിത്വത്തിന്‍റെയും സംസ്കാരം പ്രചരിപ്പിക്കുന്നതിനും നിരപരാധികളുടെ രക്തചൊരിച്ചില്‍ ഇല്ലാക്കുന്നതിനും ലോകം ഇന്നഭിമുഖീകരിക്കുന്ന യുദ്ധങ്ങളും സംഘര്‍ഷങ്ങളും പാരിസ്ഥിതികാപചയവും ധാര്‍മ്മിക, സാംസ്കാരിക ച്യുതിയും അവസാനിപ്പിക്കുന്നതിനും വേണ്ടി ഉത്സാഹപൂര്‍വം യത്നിക്കാന്‍ ഞങ്ങളോടു തന്നെയും ലോകനേതാക്കളോടും അന്താരാഷ്ട്രനയങ്ങളുടെയും ലോകസമ്പദ്വ്യവസ്ഥയുടെയും ശില്‍പികളോടും ഞങ്ങള്‍ ഈ രേഖയിലൂടെ അഭ്യര്‍ത്ഥിക്കുകയാണ്. ദൈവത്തിലും ദൈവവുമായുള്ള അന്തിമ കൂടിക്കാഴ്ചയിലും അവിടുത്തെ വിധിയിലും വിശ്വസിക്കുന്നവരായ ഞങ്ങള്‍, ഞങ്ങളുടെ മതപരവും ധാര്‍മ്മികവുമായ ഉത്തരവാദിത്വത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ അഭ്യര്‍ത്ഥന നടത്തുന്നത്.

സമാധാനത്തിന്‍റെയും നീതിയുടെയും നന്മയുടെയും സൗന്ദര്യത്തിന്‍റെയും മാനവസാഹോദര്യത്തിന്‍റെയും സഹവര്‍ത്തിത്വത്തിന്‍റെയും മൂല്യങ്ങളെ വീണ്ടും കണ്ടെത്തുവാന്‍ ബുദ്ധിജീവികളോടും തത്വചിന്തകരോടും മതനേതാക്കളോടും കലാകൃത്തുക്കളോടും മാധ്യമപ്രവര്‍ത്തകരോടും ലോകത്തിന്‍റെ എല്ലാ ഭാഗത്തുമുള്ള മനുഷ്യരോടും ഞങ്ങള്‍ ആഹ്വാനം ചെയ്യുകയാണ്. സകലര്‍ക്കുമുള്ള രക്ഷയുടെ നങ്കൂരങ്ങളെന്ന നിലയില്‍ ഈ മൂല്യങ്ങളുടെ പ്രാധാന്യമുറപ്പിക്കുന്നതിനും അവയെ എല്ലായിടത്തും വളര്‍ത്തുന്നതിനും ഇതാവശ്യമാണ്.

പ്രതികരണശേഷിയില്ലാത്ത മാനവമനഃസാക്ഷിയും മതാത്മക മൂല്യങ്ങളില്‍ നിന്നുള്ള അകല്‍ച്ചയും വ്യക്തിവാദവുമാണ് ആധുനികലോകം നേരിടുന്ന പ്രതിസന്ധികളുടെ പ്രധാനകാരണങ്ങളെന്ന് ഈ രേഖ കരുതുന്നു.

ശാസ്ത്രം, സാങ്കേതികവിദ്യ, വൈദ്യശാസ്ത്രം, വ്യവസായം, ക്ഷേമം തുടങ്ങിയ മേഖലകളില്‍ ആധുനികസംസ്കാരം നേടിയിട്ടുള്ള പുരോഗതിയെ അംഗീകരിക്കുമ്പോള്‍ തന്നെ, ഈ നേട്ടങ്ങള്‍ക്കൊപ്പം ധാര്‍മ്മികാപചയവും ആത്മീയമൂല്യങ്ങളുടെ ശോഷണവും ഉണ്ടായിട്ടുണ്ടെന്ന് ഞങ്ങള്‍ വ്യക്തമാക്കുന്നു. നിരാശയുടെയും ഒറ്റപ്പെടലിന്‍റെയും ഒരു പൊതുബോധം ഉണ്ടാകുന്നതിനും അതുവഴിയായി അനേകര്‍ നിരീശ്വരവാദത്തിലേയ്ക്കോ ആജ്ഞേയവാദത്തിലേയ്ക്കോ മതമൗലികവാദത്തിലേയ്ക്കോ അന്ധവും ഭ്രാന്തവുമായ മതതീവ്രവാദത്തിലേയ്ക്കോ നിപതിക്കുന്നതിനും അതു കാരണമായിട്ടുണ്ട്.

പല ഘട്ടങ്ങളായി അരങ്ങേറുന്ന ഒരു മൂന്നാം ലോകമഹായുദ്ധത്തിന്‍റെതെന്നു വിശേഷിപ്പിക്കാവുന്ന അടയാളങ്ങള്‍ ലോകത്തിലുണ്ടാക്കുവാന്‍ മതതീവ്രവാദത്തിനും ദേശീയതീവ്രവാദത്തിനും അസഹിഷ്ണുതയ്ക്കും കഴിഞ്ഞിട്ടുണ്ടെന്നു ചരിത്രം സാക്ഷിക്കുന്നു. ലോകത്തിന്‍റെ പല ഭാഗങ്ങളിലും ഈ അടയാളങ്ങള്‍ വേദനാജനകമായ വിധത്തില്‍ പ്രകടമായി വരുന്നുണ്ട്. സംഘട്ടനങ്ങളുടെയും ആയുധശേഖരങ്ങളുടേയും ഭാഗമായ പുതിയ സംഘര്‍ഷങ്ങള്‍ ലോകത്തിന്‍റെ പുതിയ ഭാഗങ്ങളിലുണ്ടാകുന്നുണ്ട്. അനിശ്ചിതത്വവും നിരാശയും ഭാവിയെ കുറിച്ചുള്ള ഭയവും നിറഞ്ഞതും സങ്കുചിത സാമ്പത്തിക താത്പര്യങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്നതുമായ ഒരു ആഗോളസാഹചര്യത്തിലാണിതെല്ലാം നടക്കുന്നത്.

രാഷ്ട്രീയ പ്രതിസന്ധികള്‍, അനീതി, പ്രകൃതിസമ്പത്തിന്‍റെ തുല്യമല്ലാത്ത വിതരണം തുടങ്ങിയവയെല്ലാം ധാരാളം ദരിദ്രരേയും രോഗികളേയും അസ്വസ്ഥരേയും സൃഷ്ടിച്ചിട്ടുണ്ട്. ധാരാളം പ്രകൃതിസമ്പത്തും യുവമനുഷ്യശേഷിയും ഉണ്ടെങ്കിലും ദുരന്തപൂര്‍ണമായ പ്രതിസന്ധികളിലേയ്ക്കു പല രാഷ്ട്രങ്ങളേയും ഇതു നയിച്ചിട്ടുണ്ട്. ലക്ഷകണക്കിനു കുഞ്ഞുങ്ങളുടെ മരണത്തില്‍ കലാശിക്കുന്ന ഇത്തരം പ്രതിസന്ധികള്‍ക്കു നേരെ അംഗീകരിക്കാനാകാത്ത മൗനമാണ് അന്താരാഷ്ട്രതലത്തില്‍ ഉള്ളത്.

കുഞ്ഞുങ്ങളെ ജനിപ്പിക്കുന്നതിലും വളര്‍ത്തുന്നതിലും പഠിപ്പിക്കുന്നതിലും അവര്‍ക്ക് ദൃഢമായ ധാര്‍മ്മിക പരിശീലനവും സുരക്ഷയും നല്‍കുന്നതിലും, മനുഷ്യവംശത്തിന്‍റെയും സമൂഹത്തിന്‍റെയും അടിസ്ഥാനഘടകമായി വര്‍ത്തിക്കുന്ന കുടുംബങ്ങള്‍ എത്രത്തോളം അവശ്യമാണെന്ന് ഈ സാഹചര്യം വ്യക്തമാക്കുന്നു. കുടുംബമെന്ന സ്ഥാപനത്തെ ആക്രമിക്കുക, അതിനെ വെറുപ്പോടെ പരിഗണിക്കുക, പ്രാധാന്യത്തെ സംശയിക്കുക എന്നതാണ് നമ്മുടെ കാലത്തെ ഏറ്റവും ഭീഷണമായ തിന്മകളിലൊന്ന്.

മതാവബോധം വളര്‍ത്തുന്നതിന്‍റെ പ്രാധാന്യവും ഞങ്ങള്‍ വ്യക്തമാക്കുന്നു. ശക്തമായ വിദ്യാഭ്യാസത്തിലൂടെയും ധാര്‍മ്മിക മൂല്യങ്ങളോടും ശരിയായ മതപ്രബോധനങ്ങളോടും ചേര്‍ന്നു നിന്നുകൊണ്ടും പുതിയ തലമുറകളുടെ ഹൃദയങ്ങളില്‍ മതാവബോധം പുനരുജ്ജീവിപ്പിക്കുക പ്രധാനമാണ്. വ്യക്തിവാദപരവും സ്വാര്‍ത്ഥവും സംഘര്‍ഷാത്മകവും ആയ പ്രവണതകളെ നേരിടാനും എല്ലാ തരത്തിലുമുള്ള തീവ്രവാദങ്ങളേയും തീവ്രപുരോഗമനവാദത്തേയും നേരിടാനും ഇതാവശ്യമാണ്.

ദൈവത്തില്‍ വിശ്വസിക്കുക, അവിടുത്തെ ആദരിക്കുക, ഈ പ്രപഞ്ചം അതിനെ ഭരിക്കുന്ന ദൈവത്തെ ആശ്രയിച്ചിരിക്കുന്നു എന്നു വിശ്വസിക്കാന്‍ മനുഷ്യരെയെല്ലാം ക്ഷണിക്കുക എന്നതാണ് മതങ്ങളുടെയെല്ലാം പ്രഥമവും പ്രധാനവുമായ ലക്ഷ്യം. തന്‍റെ ദിവ്യജ്ഞാനം കൊണ്ടു നമ്മെ രൂപപ്പെടുത്തിയ സ്രഷ്ടാവ് അവിടുന്നാണ്, ജീവന്‍റെ ദാനവും അവിടുന്നു നമുക്കു നല്‍കി. എടുത്തു മാറ്റാനോ, ഭീഷണിപ്പെടുത്താനോ തനിക്കു യോജിച്ച വിധത്തില്‍ ഉപജാപവിധേയമാക്കാനോ ആര്‍ക്കും അവകാശമില്ലാത്ത ദാനമാണു ജീവന്‍. തുടക്കം മുതല്‍ സ്വാഭാവികമായ അന്ത്യം വരെയും ജീവന്‍റെ ഈ ദാനത്തെ എല്ലാവരും തീര്‍ച്ചയായും സംരക്ഷിക്കണം. അതിനാല്‍, ജീവനു ഭീഷണികളായ വംശഹത്യ, ഭീകരവാദപ്രവൃത്തികള്‍, നിര്‍ബന്ധിതമായ അധിവാസമാറ്റങ്ങള്‍, മനുഷ്യക്കടത്ത്, ഭ്രൂണഹത്യ, കാരുണ്യവധം തുടങ്ങിയവയെ ഞങ്ങള്‍ അപലപിക്കുന്നു. ഇവയെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങളെയും ഞങ്ങള്‍ അപലപിക്കുന്നു. കൂടാതെ, മതങ്ങള്‍ യുദ്ധവും വിദ്വേഷവും ശത്രുതയും തീവ്രവാദവും ഉണ്ടാക്കരുതെന്നു ഞങ്ങള്‍ ശക്തമായി പ്രഖ്യാപിക്കുന്നു. അവ അക്രമങ്ങള്‍ക്കോ രക്തച്ചൊരിച്ചിലുകള്‍ക്കോ കാരണമായിക്കൂടാ. മതപ്രബോധനങ്ങളില്‍ നിന്നുള്ള വ്യതിചലനങ്ങളുടെ ദുരന്തഫലങ്ങളാണ് ഈ ദുരന്തയാഥാര്‍ത്ഥ്യങ്ങള്‍. മതങ്ങളെ രാഷ്ട്രീയോപജാപങ്ങള്‍ക്കു വിധേയമാക്കുന്നതില്‍ നിന്നാണ് അവയുണ്ടാകുന്നത്. മതവിഭാഗങ്ങളുടെ വ്യാഖ്യാനങ്ങളും അതിനു കാരണമായിട്ടുണ്ട്. മതസത്യവുമായി യാതൊരു ബന്ധവുമില്ലാത്ത വിധം പ്രവര്‍ത്തിക്കുന്നതിനു മനുഷ്യരെ പ്രേരിപ്പിക്കുന്നതിന് അവരുടെ ഹൃദയങ്ങളിലെ മതവികാരങ്ങളുടെ ശക്തിയെ ചൂഷണം ചെയ്യുന്നവയാണ് ഇത്തരം വിഭാഗങ്ങള്‍. രാഷ്ട്രീയവും സാമ്പത്തികവും ലൗകികവുമായ നേട്ടങ്ങള്‍ കൈവരിക്കുകയാണ് ഈ പ്രവൃത്തികളുടെ ലക്ഷ്യം. വിദ്വേഷവും അക്രമവും തീവ്രവാദവും അന്ധമായ ഭ്രാന്തും ഉണ്ടാക്കുന്നതിനു മതങ്ങളെ ഉപയോഗിക്കുന്നത് അവസാനിപ്പിക്കാന്‍ ഞങ്ങള്‍ ശക്തമായി ആവശ്യപ്പെടുന്നു. കൊലപാതകങ്ങളും പലായനങ്ങളും ഭീകരവാദവും അടിച്ചമര്‍ത്തലും ന്യായീകരിക്കുന്നതിനു ദൈവത്തിന്‍റെ നാമം ഉപയോഗിക്കുന്നത് അവസാനിപ്പിക്കണം. ദൈവം മനുഷ്യരെ സൃഷ്ടിച്ചിരിക്കുന്നത് പരസ്പരം പോരടിക്കാനോ കൊല്ലാനോ മര്‍ദ്ദിക്കാനോ അപമാനിക്കാനോ അല്ല. ഈ ദൈവത്തിലുള്ള പൊതുവിശ്വാസത്തിന്‍റെ അടിസ്ഥാനത്തിലാണ് ഞങ്ങളിത് ആവശ്യപ്പെടുന്നത്. സര്‍വശക്തനായ ദൈവത്തെ ആരും സംരക്ഷിക്കേണ്ടതില്ല. തന്‍റെ നാമം ആളുകളെ ഭീതിപ്പെടുത്താന്‍ ഉപയോഗിക്കുന്നതും ദൈവമാവശ്യപ്പെടുകയില്ല.

ലോകസമാധാനനിര്‍മ്മിതിയില്‍ മതങ്ങളുടെ പങ്കിനുള്ള പ്രാധാന്യത്തെ ഊന്നിപ്പറഞ്ഞ മുന്‍ കാല അന്താരാഷ്ട്ര രേഖകള്‍ക്കനുസരിച്ച് ഈ രേഖയും താഴെ പറയുന്ന കാര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നു:

– സമാധാനത്തിന്‍റെ മൂല്യത്തില്‍ വേരൂന്നി നില്‍ക്കാനാണ് ആധികാരികമായ മതപ്രബോധനങ്ങള്‍ പഠിപ്പിക്കുന്നത്. മാനവസാഹോദര്യത്തിന്‍റെയും സൗഹാര്‍ദ്ദപരമായ സഹവര്‍ത്തിത്വത്തിന്‍റെയും പരസ്പരധാരണയുടെയും മൂല്യങ്ങളെ സംരക്ഷിക്കുക, യുവജനങ്ങള്‍ക്കിടയില്‍ മതപരമായ അവബോധമുണര്‍ത്തുക തുടങ്ങിയവയും മതങ്ങള്‍ നമ്മോടാവശ്യപ്പെടുന്നു.

– സ്വാതന്ത്ര്യം എല്ലാ വ്യക്തികളുടേയും അവകാശമാണ്. വിശ്വസിക്കുന്നതിനും ചിന്തിക്കുന്നതിനും അഭിപ്രായം പ്രകടിപ്പിക്കുന്നതിനും പ്രവര്‍ത്തിക്കുന്നതിനും ഉള്ള സ്വാതന്ത്ര്യം ഓരോ വ്യക്തിയും അനുഭവിക്കുന്നു. മതം, നിറം, ലിംഗം, വംശം, ഭാഷ എന്നിവയിലെ വൈവിദ്ധ്യം ദൈവത്തിന്‍റെ ഹിതമാണ്. ഏതെങ്കിലുമൊരു മതത്തോടോ സംസ്കാരത്തോടോ ചേര്‍ന്നു നില്‍ക്കാന്‍ ആളുകള്‍ക്കു മേല്‍ ബലപ്രയോഗം നടത്തുന്നതു നിരാകരിക്കപ്പെടണം.

– അന്തസ്സുള്ള ജീവിതം എല്ലാവരുടേയും അവകാശമാണ്. അതു സമ്മാനിക്കുന്നതിനു കരുണയിലധിഷ്ഠിതമായ നീതി എന്ന പാത പിന്തുടരണം.

– ലോകത്തിന്‍റെ വലിയൊരു ഭാഗത്തേയും ബാധിച്ചിരിക്കുന്ന സാമ്പത്തിക, സാമൂഹ്യ, രാഷ്ട്രീയ പാരിസ്ഥിതിക പ്രശ്നങ്ങള്‍ കുറയ്ക്കുന്നതിനു ഗണ്യമായ സംഭാവന നല്‍കാന്‍ സമാധാനപരമായ സഹജീവിതത്തിനും പരസ്പരമുള്ള അംഗീകാരത്തിനും സഹിഷ്ണുതയുടെ സംസ്കാരത്തിനും സംഭാഷണത്തിനും സാധിക്കും.

– ആത്മീയവും മാനവീകവും സാമൂഹികവുമായ മൂല്യങ്ങളുടെ ബൃഹത്തായ ഇടത്തില്‍ ഒന്നിച്ചു വരിക, അവിടെ നിന്നു മതങ്ങള്‍ ലക്ഷ്യം വയ്ക്കുന്ന ഉന്നത ധാര്‍മ്മിക മൂല്യങ്ങള്‍ പ്രസരിപ്പിക്കുക എന്നതാണ് വിശ്വാസികള്‍ക്കിടയിലെ സംഭാഷണം എന്നതുകൊണ്ടുദ്ദേശിക്കുന്നത്. പ്രത്യുത്പാദനപരമല്ലാത്ത ചര്‍ച്ചകള്‍ ഒഴിവാക്കുക എന്നും അതിനര്‍ത്ഥമുണ്ട്.

– ആരാധനാലയങ്ങള്‍ – സിനഗോഗുകളും പള്ളികളും മോസ്കുകളും – സംരക്ഷിക്കുക എന്നത് മതങ്ങളും മാനവീകമൂല്യങ്ങളും നിയമങ്ങളും അന്താരാഷ്ട്ര ധാരണകളും ഉറപ്പു വരുത്തുന്ന കടമയാണ്. ആരാധനാലയങ്ങളെ ആക്രമിക്കാനോ അക്രമങ്ങള്‍, ബോംബ് സ്ഫോടനങ്ങള്‍, നശീകരണം തുടങ്ങിയവയിലൂടെ ഭീഷണിപ്പെടുത്താനോ ഉള്ള ശ്രമങ്ങളെല്ലാം മതപ്രബോധനങ്ങളില്‍ നിന്നുള്ള വ്യതിചലനവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണ്.

– ഭീകരവാദം, അത് കിഴക്കോ പടിഞ്ഞാറോ തെക്കോ വടക്കോ ആകട്ടെ, അപലപനീയവും ജനസുരക്ഷയെ ഭീഷണിപ്പെടുത്തുന്നതും പരിഭ്രാന്തിയും ഭയവും നിരാശയും പരത്തുന്നതുമാണ്. അതു മതത്തിന്‍റെ ഫലമല്ല, ഭീകരവാദികള്‍ അതിനെ ഉപയോഗപ്പെടുത്തുന്നുണ്ടെങ്കില്‍ കൂടിയും. മതപാഠങ്ങളുടെ തെറ്റായ വ്യാഖ്യാനങ്ങളുടെയും വിശപ്പ്, അനീതി, ദാരിദ്ര്യം, അടിച്ചമര്‍ത്തല്‍, അഹങ്കാരം എന്നിവയുമായി ബന്ധപ്പെട്ട നയങ്ങളുടെയും ഫലമാണത്. ധനവും ആയുധങ്ങളും തന്ത്രങ്ങളും മാധ്യമങ്ങളെ ഉപയോഗിച്ചുള്ള ന്യായീകരണങ്ങളും നല്‍കി ഭീകരവാദപ്രസ്ഥാനങ്ങളെ പി ന്തുണയ്ക്കുന്നത് നിറുത്തേണ്ടത് അത്യാവശ്യമാണ്. സുരക്ഷയേയും ലോകസമാധാനത്തേയും ഭീഷണിപ്പെടുത്തുന്ന അന്താരാഷ്ട്ര കുറ്റകൃത്യങ്ങളായി ഇവ പരിഗണിക്കപ്പെടണം. ഭീകരവാദത്തിന്‍റെ എല്ലാ രൂപങ്ങളും പ്രകാശനങ്ങളും അപലപിക്കപ്പെടണം.

– എല്ലാവര്‍ക്കും നീതി ലഭിക്കുന്ന അവകാശങ്ങളുടെയും കടമകളുടെയും തുല്യതയില്‍ അധിഷ്ഠിതമാണ് പൗരത്വ സങ്കല്‍പം. അതിനാല്‍ പൂര്‍ണ പൗരത്വമെന്ന സങ്കല്‍പം നമ്മുടെ എല്ലാ സമൂഹങ്ങളിലും സ്ഥാപിച്ചെടുക്കുകയും ഒറ്റപ്പെടലിനും അപകര്‍ഷതയ്ക്കും കാരണമാകുന്ന ന്യൂനപക്ഷമെന്ന പദത്തിന്‍റെ വിവേചനാപരമായ ഉപയോഗത്തെ നിരാകരിക്കുകയും ചെയ്യേണ്ടതുണ്ട്. അതിന്‍റെ ദുരുപയോഗം ശത്രുതയ്ക്കും കലഹത്തിനും വഴി വയ്ക്കുന്നു, വിജയങ്ങളെ ഇല്ലാതാക്കുന്നു, ചില പൗരന്മാരുടെ മതാവകാശങ്ങളേയും പൗരാവകാശങ്ങളേയും എടുത്തു മാറ്റുകയും അപ്രകാരം അവര്‍ക്കെതിരെ വിവേചനം പുലര്‍ത്തുകയും ചെയ്യുന്നു.

– കിഴക്കും പടിഞ്ഞാറും തമ്മിലുള്ള നല്ല ബന്ധങ്ങള്‍ ഇരുകൂട്ടര്‍ക്കും അത്യാവശ്യമാണെന്നത് അവിതര്‍ക്കിതമാണ്. ഫലദായകമായ പരസ്പരവിനിമയത്തിലൂടെയും സംഭാഷണത്തിലൂടെയും ഇരുകൂട്ടര്‍ക്കും പരസ്പരം സമ്പുഷ്ടമാക്കാന്‍ കഴിയും. ഭൗതികവാദം മൂലമുണ്ടായ ആത്മീയവും മതപരവുമായ കെടുതികള്‍ക്കു കിഴക്കില്‍ പരിഹാരം കണ്ടെത്താന്‍ പടിഞ്ഞാറിനു കഴിയും. ബലഹീനത, വിഭാഗീയത, സംഘര്‍ഷം, ശാസ്ത്രീയവും സാങ്കേതികവും സാംസ്കാരികവുമായ അപചയം എന്നിവയില്‍ നിന്നു മോചനം നേടാനുതകുന്ന ഘടകങ്ങളെ പടിഞ്ഞാറു കണ്ടെത്താന്‍ കിഴക്കിനു കഴിയും.

– വിദ്യാഭ്യാസത്തിനും തൊഴിലിനും ഉള്ള സ്ത്രീകളുടെ അവകാശവും സ്വന്തം രാഷ്ട്രീയാവകാശങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള അവരുടെ സ്വാതന്ത്ര്യവും അംഗീകരിക്കുക അവശ്യമാണ്. സ്ത്രീകളുടെ വിശ്വാസത്തിന്‍റെയും അന്തസ്സിന്‍റെയും തത്വങ്ങള്‍ക്ക് വിരുദ്ധമായ ചരിത്രപരവും സാമൂഹ്യവുമായ പരുവപ്പെടുത്തലുകളില്‍ നിന്ന് അവരെ മോചിപ്പിക്കാനുള്ള പരിശ്രമങ്ങളുണ്ടാകണം. ലൈംഗികചൂഷണങ്ങളില്‍ നിന്നും ഉപഭോഗവസ്തുക്കളായി കണക്കാക്കുന്നതില്‍ നിന്നും സ്ത്രീകളെ സംരക്ഷിക്കുക അത്യാവശ്യമാണ്.

– കുടുംബാന്തരീക്ഷത്തില്‍ വളരുന്നതിനും പോഷണവും വിദ്യാഭ്യാസവും പിന്‍ബലവും സ്വീകരിക്കുന്നതിനുമുള്ള കുട്ടികളുടെ മൗലികാവകാശത്തെ സംരക്ഷിക്കുക എന്നത് കുടുംബത്തിന്‍റെയും സമൂഹത്തിന്‍റെയും കടമയാണ്. ലോകത്തിന്‍റെ ഏതു ഭാഗത്തും ഏതു കുഞ്ഞിനും ഇതൊന്നും നിഷേധിക്കപ്പെടുന്നില്ല എന്നുറപ്പു വരുത്തേണ്ടതുണ്ട്. കുഞ്ഞുങ്ങളുടെ അന്തസ്സും അവകാശങ്ങളും നിഷേധിക്കപ്പെടുന്ന എല്ലാ പ്രവൃത്തികളും അപലപിക്കപ്പെടണം.

– വയോധികരുടേയും ബലഹീനരുടേയും ഭിന്നശേഷിക്കാരുടേയും അടിച്ചമര്‍ത്തപ്പെട്ടവരുടേയും അവകാശങ്ങള്‍ സംരക്ഷിക്കുക എന്നത് മതപരവും സാമൂഹ്യവുമായ ഒരു കടമയാണ്. കര്‍ക്കശമായ നിയമനിര്‍മ്മാണങ്ങളിലൂടെയും പ്രസക്തമായ അന്താരാഷ്ട്ര ധാരണകള്‍ നടപ്പാക്കുന്നതിലൂടെയും ഇതുറപ്പാക്കുകയും സംരക്ഷിക്കുകയും വേണം.

ഈ ലക്ഷ്യത്തിനായി കത്തോലിക്കാസഭയും അല്‍ അസ്ഹറും ഈ രേഖ അധികാരികള്‍ക്കും ലോകനേതാക്കളും മതവ്യക്തിത്വങ്ങള്‍ക്കും അന്താരാഷ്ട്ര സംഘടനകള്‍ക്കും മതസ്ഥാപനങ്ങള്‍ക്കും ചിന്തകര്‍ക്കും സംയുക്തമായി അയച്ചുകൊടുക്കുമെന്നു പ്രഖ്യാപിക്കുന്നു. ഈ പ്രഖ്യാപനത്തിലടങ്ങിയിരിക്കുന്ന തത്വങ്ങള്‍ നയങ്ങളും തീരുമാനങ്ങളും നിയമപാഠങ്ങളും പഠനപദ്ധതികളും ആക്കി മാറ്റാന്‍ അഭ്യര്‍ത്ഥിക്കുമ്പോള്‍, ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ ഇതു കൂടുതല്‍ പ്രചരിപ്പിക്കാനും ഞങ്ങള്‍ പ്രതിബദ്ധരാണ്.

വിദ്യാലയങ്ങളിലും സര്‍വകലാശാലകളിലും പരിശീലനസ്ഥാപനങ്ങളിലും ഈ രേഖ ഗവേഷണങ്ങള്‍ക്കും വിചിന്തനത്തിനും വിധേയമാക്കണമെന്നും അല്‍ അസ്ഹറും കത്തോലിക്കാസഭയും അഭ്യര്‍ത്ഥിക്കുന്നു. മറ്റുള്ളവര്‍ക്കു നന്മയും സമാധാനവും കൊണ്ടുവരാനും എല്ലായിടത്തും അടിച്ചമര്‍ത്തപ്പെട്ടവരുടേയും ഏറ്റവും എളിയ സഹോദരങ്ങളുടേയും അവകാശങ്ങളുടെ സംരക്ഷകരാകാനും പുതിയ തലമുറയെ പഠിപ്പിക്കാന്‍ ഇതു സഹായകരമാകും.

ഉപസംഹാരമായി ഞങ്ങളുടെ അഭിലാഷമിതാണ്:
വിശ്വാസികള്‍ക്കിടയിലും വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കുമിടയിലും സന്മനസ്സുള്ള എല്ലാ ജനങ്ങള്‍ക്കുമിടയിലും അനുരഞ്ജനവും സാഹോദര്യവും സ്ഥാപിക്കുന്നതിനുള്ള ഒരു ക്ഷണപത്രികയായിത്തീരട്ടെ ഈ പ്രഖ്യാപനം.

അക്രമങ്ങളേയും ഭീകരവാദത്തേയും നിരാകരിക്കുന്ന ഉത്തമ മനഃസാക്ഷിയോടുള്ള ഒരു അഭ്യര്‍ത്ഥനയാകട്ടെ ഈ പ്രഖ്യാപനം, മതങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും വളര്‍ത്തുകയും ചെയ്യുന്ന സഹിഷ്ണുതയുടേയും സാഹോദര്യത്തിന്‍റേയും മൂല്യങ്ങള്‍ വിലമതിക്കുന്നവരോടുള്ള ഒരു അഭ്യര്‍ത്ഥന.

ഭിന്നിക്കപ്പെട്ട ഹൃദയങ്ങളെ ഐക്യപ്പെടുത്തുകയും മനുഷ്യാത്മാവിനെ ഉയര്‍ത്തുകയും ചെയ്യുന്ന ദൈവത്തിലുള്ള വിശ്വാസത്തിന്‍റെ മഹത്വത്തിന് ഇതൊരു സാക്ഷ്യമാകട്ടെ,

കിഴക്കും പടിഞ്ഞാറും തെക്കും വടക്കും തമ്മിലുള്ള, പരസ്പരം മനസ്സിലാക്കാനും സഹകരിക്കാനും സഹോദരങ്ങളായി സ്നേഹിച്ചു ജീവിക്കാനുമാണു ദൈവം നമ്മെ സൃഷ്ടിച്ചതെന്നു വിശ്വസിക്കുന്ന എല്ലാവര്‍ക്കുമിടയിലുള്ള അടുപ്പത്തിന്‍റെ അടയാളമാണ് ഈ പ്രഖ്യാപനം.

എല്ലാവര്‍ക്കും ഈ ജീവിതത്തില്‍ ആസ്വദിക്കാന്‍ കഴിയുന്ന സാര്‍വ്വത്രിക സമാധാനം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ഞങ്ങള്‍ പ്രത്യാശിക്കുന്നതും തേടുന്നതും ഇതാണ്.

അബുദാബി,
ഫെബ്രുവരി 4, 2019.

ഫ്രാന്‍സിസ് മാര്‍പാപ്പ,
അല്‍ അസ്ഹര്‍ ഗ്രാന്‍ഡ്
ഇമാം അഹമ്മദ് അല്‍ തയ്യിബ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org