നമ്പൂതിരി ബ്രാഹ്മണരും കേരള നസ്രാണികളും: മാനസാന്തരവും സ്വാധീനവും

നമ്പൂതിരി ബ്രാഹ്മണരും കേരള നസ്രാണികളും: മാനസാന്തരവും സ്വാധീനവും


ഫാ. വര്‍ഗീസ് വള്ളിക്കാട്ട്

കെ.സി.ബി.സി. ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍, പി.ഒ.സി പാലാരിവട്ടം

ഭാഷാപരമായ ചരിത്ര സാമഗ്രികള്‍, ആര്‍ക്കിയോളജിക്കല്‍ ഖനനങ്ങളിലൂടെ ലഭ്യമായ പുരാവസ്തു ശേഖരം (ശാസനങ്ങള്‍, പ്രതിമകള്‍, സ്മാരകങ്ങള്‍, ഖബറിടങ്ങള്‍, നാണയങ്ങള്‍ മുതലായവ) എന്നിവയുടെ താരതമ്യ പഠനത്തിലൂടെയാണ് ശാസ്ത്രീയമായ ചരിത്രരചന നടത്താന്‍ കഴിയുന്നത്. അതായത്, ഇവ പരസ്പരം ശരിവയ്ക്കുന്നിടത്തു മാത്രമാണ് പൗരാണിക ചരിത്രം വസ്തുനിഷ്ഠചരിത്രമാകുന്നത്. ഇതാണ് ആധുനിക ചരിത്രനിര്‍മിതിയുടെ മാനദണ്ഡമെങ്കില്‍, തോമാശ്ലീഹാ കേരളത്തില്‍ വന്നതിനു പുരാവസ്തു സാമഗ്രികള്‍, ഭാഷാപരമായ സാമ്രഗികള്‍ എന്നിവ പരസ്പരം ശരിവയ്ക്കുന്ന വസ്തുനിഷ്ഠമായ തെളിവുകളുണ്ടോ?

സെന്‍റ് തോമസ് കേരളത്തില്‍ വന്നതിനു ചരിത്രപരമായി തെളിവില്ലെന്ന വാദഗതികള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. അദ്ദേഹം മാമ്മോദീസ മുക്കിയതായി കേരളനസ്രാണി പാരമ്പര്യം അവകാശപ്പെടുന്ന നമ്പൂതിരിമാര്‍ ഏഴ്, എട്ട് നൂറ്റാണ്ടുകളില്‍ മാത്രമാണ് കേരളത്തില്‍ വന്നത് എന്ന് ചൂണ്ടിക്കാട്ടിയാണ് ഇക്കാര്യം നിഷേധിക്കുന്നത്.

കൊടുങ്ങല്ലൂര്‍ ആസ്ഥാനമായി ചേരചക്രവര്‍ത്തിമാര്‍ ക്രിസ്തുവര്‍ഷാരംഭം മുതലെങ്കിലും വാഴ്ച നടത്തിയിരുന്നതായി പാഠപുസ്തകങ്ങളില്‍ പഠിച്ച ചരിത്രംതന്നെ ഐതിഹ്യാസ്പദമായ ചില ചരിത്ര ധാരണകള്‍ മാത്രമാണെന്നാണ് ഇന്ന് ചരിത്രകാരന്മാരില്‍ ഭൂരിപക്ഷവും കരുതുന്നത്. പതിനാറാം നൂറ്റാണ്ടു മുതലുള്ള പാശ്ചാത്യരുടെ വിവരണങ്ങള്‍, ആയിരത്തി അഞ്ഞൂറ്റി എഴുപത്തിയഞ്ചു മുതലുള്ള സെന്‍സസ് റിപ്പോര്‍ട്ടുകള്‍ എന്നിവയിലൂടെ വെളിപ്പെടുന്ന കേരളീയ ചരിത്രം കേരളത്തിന്‍റെ പൂര്‍വ മഹിമകളെ അത്രതന്നെ ശരിവയ്ക്കുന്നില്ല. മുസിരിസ് അഥവാ കൊടുങ്ങല്ലൂര്‍ ആസ്ഥാനമായി നിലനിന്നിരുന്നതായി പറയപ്പെടുന്ന മഹോദയപുരം എന്ന ചേരസാമ്രാജ്യം പോലും ശൂരനാട് കുഞ്ഞന്‍പിള്ള മുതലായ അംഗീകൃത ചരിത്രകാരന്മാരുടെ കേവലം ഭാവനാവ്യായാമം മാത്രമാണെന്ന് 'ജാതി വ്യവസ്ഥിതിയും കേരളചരിത്രവും' എന്ന ഗ്രന്ഥത്തില്‍ പി.കെ. ബാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അപ്പോള്‍, നമുക്കുള്ള ചരിത്രംതന്നെ അത്ര ചരിത്രപരമല്ല എന്ന് സാരം!

തോമാശ്ലീഹാ കേരളത്തില്‍ വന്നു എന്ന നസ്രാണി പാരമ്പര്യത്തിന്‍റെ ചരിത്രപശ്ചാത്തലം മനസ്സിലാക്കാന്‍ കേരളവും റോമാസാമ്രാജ്യകാലത്തെ കച്ചവടബന്ധങ്ങളും വിലയിരുത്തണം.

ബി.സി. നാല്പതു മുതലാണ് റോമാ സാമ്രാജ്യം ദക്ഷിണേന്ത്യയുമായുള്ള വ്യാപാരബന്ധങ്ങള്‍ ആരംഭിക്കുന്നത്. റോമന്‍ സാമ്രാജ്യത്തിന്‍റെ ഭാഗമായിരുന്ന ഈജിപ്തിലെ അലക്സാണ്‍ഡ്രിയ ആയിരുന്നു കിഴക്കുമായുള്ള റോമന്‍ വ്യാപാര സമ്പര്‍ക്കത്തിന്‍റെ സിരാകേന്ദ്രം. ബി.സി. നാല്പതുമുതല്‍ എ.ഡി. അറുപത്തിയെട്ടുവരെ വ്യാപാര സമ്പര്‍ക്കങ്ങള്‍ പ്രവൃദ്ധമായ കാലമാണ്. ക്രമേണ ക്ഷയിച്ചുവന്ന ഈ വ്യാപാര ബന്ധം കാരക്കള്ളയുടെ കാലത്തോടെ (217) അവസാനിച്ചു.

ഈജിപ്തിലെ സെല്ല തുറമുഖത്തുനിന്നും കാലവര്‍ഷ കാറ്റുണ്ടെങ്കില്‍ ഇന്ത്യയിലെ ആദ്യത്തെ വര്‍ത്തകകേന്ദ്രമായ 'മുസിരിസി'ലേക്കു നാല്പതു ദിവസത്തെ യാത്ര മതിയെന്നു പ്ലിനിയുടെ സ്ഥലവിവരണത്തില്‍ കാണാം. 'പെരിപ്ലസ്' എന്ന റോമന്‍ ചരിത്രരേഖയിലും ചൈന (അരിക്ക)യില്‍ നിന്നും ഈജിപ്തില്‍നിന്നുമുള്ള ധാരാളം കപ്പലുകള്‍ വന്നടുത്തുകൊണ്ടിരുന്ന മുസിരിസിനെപ്പറ്റി പ്രതിപാദ്യമുണ്ട്.

കോയമ്പത്തൂര്‍ കേന്ദ്രമായ തമിഴ്നാട് ഭാഗങ്ങളിലും കൊടുങ്ങല്ലൂരിലും റോമാക്കാരും ഗ്രീക്കുകാരുമായ സ്ഥിരതാമസക്കാരുടെ വലിയൊരു സംഘം ഉണ്ടായിരുന്നിരിക്കണമെന്ന് ഇക്കാലത്തെ നാണയ ശേഖരണങ്ങളെപ്പറ്റി വിശദമായി പഠിച്ച റോബര്‍ട്ട് സേവല്‍ കരുതുന്നു. ഇവിടേക്ക് കൂടെക്കൂടെ യാത്ര പോയിരുന്നവരെപ്പറ്റിയും ഗണ്യമായ കാലം ഈ ദേശങ്ങളില്‍ കഴിച്ചുകൂട്ടിയവരെപ്പറ്റിയും ടോളമിയും രേഖപ്പെടുത്തുന്നുണ്ട്. കോയമ്പത്തൂരിനടുത്ത കാരൂര്‍, ഉദുമല്‍പ്പെട്ട, പൊള്ളാച്ചി എന്നിവിടങ്ങളില്‍നിന്നും കണ്ടുകിട്ടിയ വലിയ റോമന്‍ നാണയ ശേഖരങ്ങള്‍ ഇക്കാലത്തെ കേരളവുമായുള്ള റോമന്‍ ബന്ധത്തെ സ്ഥിരീകരിക്കുന്നതാണ്. കോയമ്പത്തൂര്‍ ജില്ലയില്‍നിന്ന് മാത്രമായി ഒന്നാം നൂറ്റാണ്ടിലെ റോമന്‍ നാണയങ്ങളുടെ പതിനൊന്നു ശേഖരങ്ങള്‍ കണ്ടുകിട്ടിയിട്ടുണ്ട്.

റോമന്‍ വര്‍ത്തക കേന്ദ്രങ്ങളെയും സെറ്റില്‍മെന്‍റുകളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഗതാഗത ചാലുകളെക്കുറിച്ചു വീലര്‍ ഇങ്ങനെ രേഖപ്പെടുത്തുന്നു: 'ഈ വര്‍ത്തക ഗതാഗത ചാലിന്‍റെ പാരമ്പരയായുള്ള ഉപയോഗം സെന്‍റ് തോമസ് കൊടുങ്ങല്ലൂര്‍ വന്നിറങ്ങി കരവഴി മദിരാശി തീരത്തേക്ക് പോയതായുള്ള ഐതിഹ്യം ഓര്‍മ്മിപ്പിക്കുന്നു. ഇതേ വഴിച്ചാലിന്‍റെ കിടപ്പനുസരിച്ചാണ് പ്രസക്ത റോമന്‍ നാണയങ്ങള്‍ കൂട്ടംകൂടി കാണുന്നതും' മുസിരിസ് ഉള്‍പ്പെടുന്ന കേരളഭാഗങ്ങള്‍ കേരോബൊത്രാസിന്‍റെ ആധിപത്യത്തിലും നെല്‍ക്കിണ്ട (കോട്ടയം) മുതല്‍ തെക്കോട്ടുള്ള കേരളഭാഗങ്ങള്‍ പാണ്ഡ്യന് അധീനമായിരുന്നെന്നും പ്ലീനി രേഖപ്പെടുത്തിയിട്ടുണ്ട്. പാണ്ഡ്യന്‍റെ തലസ്ഥാനം മധുരയാണെന്നും കേരോബൊത്രാസിന്‍റെ (ചേര) ആസ്ഥാനം കാരൂരാണെന്നും അദ്ദേഹം രേഖപ്പെടുത്തുന്നു.

ചേരസാമ്രാജ്യ തലസ്ഥാനമായിരുന്നില്ലെങ്കിലും മുസിരിസ് (കൊടുങ്ങല്ലൂര്‍) ഒരു വര്‍ത്തക കേന്ദ്രം എന്നനിലയില്‍ പ്രസിദ്ധവും സമ്പന്നവുമായിരുന്നിരിക്കണം. അക്കാലത്തെ റോമന്‍ ഗ്രീക്ക് സെറ്റില്‍മെന്‍റുകളിലെ യഹൂദ കച്ചവടക്കാരുടെ സാന്നിധ്യമാണ് സെന്‍റ് തോമസിനെ ഇന്ത്യയിലേക്ക് ആകര്‍ഷിച്ചതെന്നുവേണം കരുതാന്‍. ഇന്ത്യയുമായുള്ള റോമിന്‍റെ വ്യാപാര സമ്പര്‍ക്കങ്ങള്‍ ഏറ്റവും ഉന്നതിയിലായിരുന്ന ബി.സി. 40- എ.ഡി. 68 കാലത്ത് എ.ഡി. 52-ല്‍ സെന്‍റ് തോമസ് കൊടുങ്ങല്ലൂര്‍ എത്തിയെന്നത് ഏറ്റവും വിശ്വസനീയമായ ചരിത്ര യാഥാര്‍ഥ്യങ്ങളുമായി ഒത്തുപോകുന്നു. ഇത് ചരിത്രപരമായ യാഥാര്‍ഥ്യങ്ങളുമായി ഒത്തുപോകുന്നതല്ല എന്ന് ഡോക്ടര്‍ എം.ജി.എസ്. പറഞ്ഞതായി അറിവില്ല, അങ്ങനെ പറയാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ടെന്നു സമ്മതിക്കുന്നു. അദ്ദേഹം നിഷേധിച്ചത് തോമാശ്ലീഹാ നമ്പൂതിരിമാരെ മാനസാന്തരപ്പെടുത്തി, മാമോദീസ നല്കിയെന്നതിനെയാണ്. ഇക്കാര്യം തുടര്‍ന്ന് പരിശോധിക്കാം.

നസ്രാണികള്‍ എന്നറിയപ്പെടുന്ന കേരളത്തിലെ പുരാതന ക്രൈസ്തവര്‍ക്ക് യഹൂദ ആചാരാനുഷ്ഠാനങ്ങളുമായുള്ള ചിരപുരാതനവും സജീവവുമായ ബന്ധം യഹൂദ ക്രൈസ്തവ പിന്തുടര്‍ച്ചയെ രേഖപ്പെടുത്തുന്നു. യഹൂദ-ക്രൈസ്തവ പിന്തുടര്‍ച്ച, നമ്പൂതിരി ക്രൈസ്തവ പിന്തുടര്‍ച്ചയായി വ്യാഖ്യാനിക്കുന്ന പുരാവൃത്തങ്ങളും അതിനാല്‍ ചരിത്രപരമായിത്തന്നെ വിലയിരുത്തപ്പെടേണ്ടതാണ്.

എ.ഡി ഏഴു മുതല്‍ ഒമ്പതുവരെ നൂറ്റാണ്ടുകളില്‍ സംഭവിച്ച കേരളീയ ജാതിസമൂഹത്തിന്‍റെ പരിണാമ പ്രക്രിയയുമായി ബന്ധപ്പെടുത്തിയാവണം, തോമാശ്ലീഹാ മാനസാന്തരപ്പെടുത്തി മാമോദീസാ മുക്കിയ നമ്പൂതിരി ഇല്ലങ്ങളുടെ പുരാവൃത്തത്തെ വിലയിരുത്തേണ്ടത്. ഇടതൂര്‍ന്ന കാലവര്‍ഷ കാടുകള്‍ക്കിടയില്‍ അങ്ങിങ്ങു രൂപംകൊണ്ടുതുടങ്ങിയ കാര്‍ഷിക ഗ്രാമ സാമൂഹങ്ങളും കുറ്റിക്കാടുകളും വള്ളിപ്പടര്‍പ്പുകളുമുള്ള വിശാലമായ തരിശുകളും മിക്കവാറും കാടുകളാല്‍ ചുറ്റപ്പെട്ട ജനപദങ്ങളുമുണ്ടായിരുന്ന കേരളദേശത്തേക്ക്, വടക്ക് കൃഷ്ണ-ഗോദാവരി നദികള്‍ക്കിടയിലുള്ള റായലസീമ പ്രദേശത്തുനിന്ന് ഏഴു മുതല്‍ ഒമ്പതുവരെ നൂറ്റാണ്ടുകളില്‍ കര്‍ണാടകം വഴി കേരളത്തിലെത്തി 'നമ്പൂതിരി'മാരായി മാറിയ ബ്രാഹ്മണരാണ് കേരളത്തില്‍ ജാതി വ്യവസ്ഥ രൂപപ്പെടുത്തിയതെന്നു ചരിത്രകാരന്മാര്‍ കരുതുന്നു. അവര്‍ ഇവിടെയുണ്ടായിരുന്ന ഭിന്ന ഗോത്രജനതകളെ പരസ്പരബന്ധമില്ലാത്തവരും എന്നാല്‍, ആചാരങ്ങളാലും ജീവിത ക്രമങ്ങളാലും ചിട്ടപ്പെടുത്തിയതുമായ ജാതിസമൂഹങ്ങളാക്കി ഗ്രാമ സമൂഹങ്ങളില്‍ പ്രതിഷ്ഠിച്ചു.

വേദ പരിജ്ഞാനവും സംസ്കൃത ഭാഷാ പരിജ്ഞാനവും വശമായിരുന്ന ഇവര്‍ കേരളത്തിന്‍റെ പ്രാകൃതഭാഷയെ സംസ്കൃതവുമായി കൂട്ടിയിണക്കി മലയാള ഭാഷയ്ക്ക് നിയതമായ ഒരു രൂപം നല്കുകയും ക്രമേണ ഈ നാടിന്‍റെ നിയന്ത്രണം തന്നെ ഏറ്റെടുക്കുകയും ചെയ്തു. കേരളത്തിലെ ഭാഷാ വികാസത്തിന്‍റെ രീതിയും മലയാള സാഹിത്യത്തിന്‍റെ ജനനവും സ്വഭാവവും പരിശോധിച്ചാല്‍ ഭാഷയിലെ നമ്പൂതിരി സ്വാധീനം വ്യക്തമാവും. മൊത്ത ജനസംഖ്യയില്‍ ഒരുശതമാനം തികച്ചില്ലാത്ത ഈ നമ്പൂതിരി വിഭാഗമായിരുന്നു ഏതാണ്ട് പതിനെട്ടാം നൂറ്റാണ്ടുവരെ കേരളത്തിലെ മുഴുവന്‍ ഭൂമിയുടെയും പരമാധികാര ഉടമകള്‍! ഇത് സാധ്യമായത് അവര്‍ പ്രചരിപ്പിച്ചു നടപ്പാക്കിയ കേരളോത്പത്തിയുടെയും കേരള മാഹാത്മ്യത്തിന്‍റെയും ഐതിഹ്യങ്ങളിലൂടെയും, അവര്‍ നടപ്പില്‍ വരുത്തിയ ജാത്യാചാരങ്ങളിലൂടെയുമായിരുന്നു എന്നും പി.കെ. ബാലകൃഷ്ണന്‍ വിലയിരുത്തുന്നു.

ഇതിനെ ചെറുത്തുനില്ക്കാനും പ്രതിരോധിക്കാനും ശ്രമിച്ച നസ്രാണികളുടെ പ്രായോഗിക ബുദ്ധിയുടെ പരിണത ഫലമായിരിക്കണം, 'നമ്പൂതിരിമാരുടെ മാനസാന്തരവും മാമോദീസയും' എന്നു വേണം കരുതാന്‍.

പോര്‍ത്തുഗീസുകാരുടെ കാലത്തിനുമുന്‍പ് നായര്‍ സമുദായത്തിന്‍റെ ഒരു വിഭാഗമെന്നപോലെയാണ് സിറിയന്‍ ക്രിസ്ത്യാനികള്‍ കഴിഞ്ഞിരുന്നതെന്നു പി.കെ. ബാലകൃഷ്ണന്‍ രേഖപ്പെടുത്തുന്നുണ്ട്. ജാതിസരണിയില്‍ നായന്മാരോടൊപ്പം നില്ക്കുകയും, പരമ പരിശുദ്ധ ജാതിയായി ഗണിക്കപ്പെട്ടിരുന്ന നമ്പൂതിരി ബ്രാഹ്മണരുമായുള്ള അയിത്ത ദൂരം (നായന്മാര്‍ നമ്പൂതിരിക്ക് തൊട്ടാല്‍ കുളിക്കേണ്ട അയിത്തജാതിയാണ്. നായര്‍ സ്ത്രീകളുമായി ആചരിച്ചുവന്ന സംബന്ധം മാത്രമാണ് ഇതിനൊരപവാദം) ലംഘിക്കാതെതന്നെ, തോമാശ്ലീഹാ മാമോദീസ മുക്കിയതിലൂടെ അവരുമായി ഒരു ഐക്യബോധം ഉണ്ടാക്കിയെടുക്കാന്‍ നസ്രാണികള്‍ക്കു കഴിഞ്ഞു. ജാതിസരണിയില്‍ നായന്മാരോട് മത്സരിച്ചുനിന്ന സിറിയന്‍ ക്രിസ്ത്യാനികള്‍ കേരളജാതി സമൂഹത്തില്‍ നമ്പൂതിരിമാര്‍ സൃഷ്ടിക്കാതെ വിട്ടുകളഞ്ഞ വൈശ്യ വിഭാഗത്തെ പ്രതിനിധീകരിക്കുകകൂടി ചെയ്തു. (മലബാര്‍ പ്രദേശത്ത് തങ്ങളുടെ സങ്കേതങ്ങളില്‍ മുസ്ലീങ്ങള്‍ ഈ വിഭാഗത്തെ പ്രതിനിധീകരിച്ചു).

സ്വത്വ നിര്‍മിതിയില്‍ നമ്പൂതിരിമാര്‍ പ്രയോഗിച്ച പരശുരാമ കഥയോളം പ്രസക്തമാണ് നസ്രാണികള്‍ നിര്‍മ്മിച്ചെടുത്ത "നമ്പൂതിരി മാനസാന്തര" കഥയുമെന്നു പറയാം.

കേരളീയ ക്രൈസ്തവ സഭാ ചരിത്രത്തിനു ക്രിസ്തുവോളംതന്നെ കാലപ്പഴക്കമുണ്ടെന്നുള്ളത് നിഷേധിക്കാന്‍ ചരിത്രകാരന്മാര്‍ ആരും മുതിര്‍ന്നിട്ടില്ല. പി.കെ. ബാലകൃഷ്ണന്‍ ഇങ്ങനെ നിരീക്ഷിക്കുന്നു. പോര്‍ത്തുഗീസുകാരുടെ വരവിനുമുമ്പുള്ള കാലത്തു വി ശ്വാസത്തിലും പ്രാര്‍ത്ഥനയിലും മാത്രം ചില്ലറ വ്യത്യാസമുണ്ടായിരുന്ന ഒരുതരം മേലെക്കിട നായന്മാര്‍ മാത്രമായിരുന്നു ഫലത്തില്‍ കേരളത്തിലെ സിറിയന്‍ ക്രിസ് ത്യാനികള്‍… അവര്‍, ജാതിമഹിമാ ബോധ്യത്തില്‍ നായന്മാരോട് മത്സരിച്ചു തീണ്ടിക്കുളി ആചരിച്ചിരുന്നവരും കേരളീയ ജാത്യാചാരങ്ങളില്‍ ഭക്ത്യാദരപൂര്‍വം പങ്കുപറ്റിയിരുന്നവരുമായിരുന്നു. ഇവരെ റോമന്‍ കത്തോലിക്കാ സഭയ്ക്കുകീഴില്‍ ഹിന്ദുക്കളല്ലാത്ത ക്രിസ്ത്യാനികളാക്കി മാറ്റാന്‍ മതവിജ്ഞാന പടുക്കളായ ജസ്യൂട്ട് മിഷനറിമാര്‍ ഒരു ശതാബ്ദക്കാലം നടത്തിയ പ്രയത്നം 1599ലെ ഉദയംപേരൂര്‍ സുന്നഹദോസോടെ താല്ക്കാലിക വിജയം കൈവരിച്ചു. 'കെ.പി. പദ്മനാഭമേനോന്‍ കൊച്ചി രാജ്യ ചരിത്രം വാല്യം ഒന്നില്‍ അയിത്താചാരം ക്രിസ്തുവിന്‍റെ തത്വത്തിനു വിരുദ്ധമായ ഹീന നടപടിയാണെന്നും അതിനാല്‍ ജാത്യാചാരങ്ങള്‍ ഉപേക്ഷിക്കേണ്ടതാണെന്നുമുള്ള ആവശ്യകതയെ കുറിച്ചുമുള്ള സിനഡിന്‍റെ പ്രബോധനങ്ങള്‍ അക്കമിട്ടു വിശദീകരിക്കുന്നുണ്ട്.

നമ്പൂതിരിയെ മനുഷ്യനാക്കാനുള്ള കേരളത്തിലെ നവോഥാന പരിശ്രമങ്ങളുടെ തുടക്കം, നായര്‍ ക്രിസ്ത്യാനിയെ കത്തോലിക്കനാക്കാനുള്ള ഉദയംപേരൂര്‍ സൂനഹദോസിന്‍റെ കനോനകളില്‍ കാണാം. പല സംഗതികളിലും നസ്രാണികള്‍ ഹിന്ദുക്കളുടെ ആചാരങ്ങളെ അനുസരിച്ചു നടന്നുപോന്നിരുന്നത് മേലാല്‍ പാടില്ലെന്ന് സൂനഹദോസ് കല്പിച്ചു.

ഒരു കാര്യം വ്യക്തം. പരശുരാമന്‍ മഴുവെറിഞ്ഞു കേരളമുണ്ടാക്കി നമ്പൂതിരിമാര്‍ക്കു ദാനം ചെയ്തു എന്ന് തുടങ്ങിയ കേരളോത്പത്തി കഥകളിലൂടെ മുഴുവന്‍ ഭൂമിക്കുമേലും ജന്മാവകാശം ഉന്നയിക്കുകയും, തങ്ങളുടെ വാല്യക്കാരും കാര്യസ്ഥരുമായി കേരളത്തിലെ പ്രബല സമൂഹമായിരുന്ന നായന്മാരെ നിയോഗിക്കുകയും മറ്റുള്ളവരെ തീണ്ടാപ്പാടകലെ നിര്‍ത്തി അടിമകളാക്കി പണിയെടുപ്പിക്കുകയും അവര്‍ക്കു വഴിനടക്കാനുള്ള അവകാശംപോലും നിഷേധിച്ചുകൊണ്ട്, പൊതുസമൂഹം എന്നൊന്ന് അസാധ്യമാക്കിത്തീര്‍ക്കുകയും തങ്ങള്‍ നിര്‍മ്മിച്ചെടുത്ത ജാതി സമൂഹത്തിനു മാറ്റമില്ലാതെ തുടരാന്‍ അവസരമൊരുക്കുകയും ചെയ്ത അധികാരി വര്‍ഗത്തോട് പ്രത്യക്ഷമായി കലഹിക്കാതെയും അവരുടെ അടിമകളാകാതെയും കേരളക്കരയില്‍ നിലനില്ക്കുന്നതിനും ജീവിക്കുന്നതിനും കേരളനസ്രാണികള്‍ക്ക് കഴിഞ്ഞു. കേരളത്തിന്‍റെ ധൈഷണിക മേഖലകളില്‍ ആ സ്ഥാനം സൂക്ഷിക്കാന്‍ ഇന്നും ക്രൈസ്തവര്‍ക്ക് കഴിയുന്നുണ്ടെങ്കില്‍, അതിനു തോമാശ്ലീഹാ മാമോദീസാമുക്കിയ നമ്പൂതിരിക്കുടുംബ പുരാവൃത്തത്തോടും അത് നിര്‍മിച്ചെടുത്തവരോടും അതിനുള്ള കടപ്പാട് മറക്കാവുന്നതല്ല.

അത് ചരിത്രമോ, പൂര്‍വ ചരിത്രമോ പുരാണമോ പുരാവൃത്തമോ ആകാം. പക്ഷെ നമ്പൂതിരിമാര്‍ കേരളത്തിലേക്കുവന്ന ഒന്‍പതാം നൂറ്റാണ്ടിനു മുന്‍പും അതിനു ശേഷവും അടിമത്തത്തെ പ്രതിരോധിക്കുകയും അര്‍ഥപൂര്‍ണമായ ഒരു സാമൂഹ്യ ജീവിതം കരുപ്പിടിപ്പിക്കുകയും ചെയ്ത ഒരു വിഭാഗം ക്രിസ്ത്യാനികള്‍ കേരളജാതിസമൂഹത്തില്‍ നിലനിന്നിരുന്നു എന്നത് ചരിത്രമല്ലെന്നു ഡോക്ടര്‍ എം.ജി.എസ് നാരയണന്‍പോലും പറയുമെന്ന് തോന്നുന്നില്ല. നമ്പൂതിരിക്കുടുംബ പുരാവൃത്തത്തിന്‍റെ പേരില്‍ അതിരുകവിഞ്ഞ് അഹങ്കരിക്കുകയോ, അപകര്‍ഷതപ്പെടുകയോ ചെയ്യുന്നതിനുപകരം, സമകാലിക സമൂഹനിര്‍മ്മിതിയില്‍ കര്‍മ്മനിരതരായി വ്യാപരിക്കാനും, അതില്‍ മാന്യമായ ഒരിടം ഉറപ്പാക്കാനുമാണ് കേരള ക്രൈസ്തവ സമൂഹം ശ്രദ്ധവയ്ക്കേണ്ടത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org