Latest News
|^| Home -> Cover story -> സിസ്റ്റര്‍ ലൂസി കുര്യന്‍ : അമ്മവീടൊരുക്കി ആയിരങ്ങള്‍ക്ക് തണലേകിയ ജീവിതം

സിസ്റ്റര്‍ ലൂസി കുര്യന്‍ : അമ്മവീടൊരുക്കി ആയിരങ്ങള്‍ക്ക് തണലേകിയ ജീവിതം

Sathyadeepam

മലയാളി സന്യാസിനിയായ സിസ്റ്റര്‍ ലൂസി കുര്യന്‍ മഹാരാഷ്ട്രയില്‍ തുടക്കമിട്ട ‘മാഹെര്‍’ ഇന്നൊരു മഹാപ്രസ്ഥാനമായി വളര്‍ന്നിരിക്കുന്നു. ഗാര്‍ഹിക പീഡനങ്ങളെയും രോഗങ്ങളെയും തുടര്‍ന്നു അനാഥരായിത്തീരുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള അഭയകേന്ദ്രങ്ങളാണ് പ്രധാനമായും മാഹെര്‍ നടത്തുന്നത്. മാഹെര്‍ എന്ന മറാത്ത വാക്കിനര്‍ത്ഥം ‘അമ്മവീട്’ എന്നാണ്. മഹാരാഷ്ട്രയ്ക്കു പുറത്തേയ്ക്കും പടര്‍ന്ന ഈ പ്രസ്ഥാനത്തിന്‍റെ ആരംഭകയും അമരക്കാരിയുമായ സിസ്റ്റര്‍ ലൂസിയെ തേടി നിരവധി അംഗീകാരങ്ങള്‍ എത്തിക്കഴിഞ്ഞു. അന്താരാഷ്ട്രതലത്തിലും സിസ്റ്റര്‍ അറിയപ്പെടുന്നു. മഠത്തിന്‍റെയും സഭയുടെയും അതിരുകള്‍ക്കപ്പുറത്തു കടന്ന്, മനുഷ്യസേവനത്തിനു പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തിയ സിസ്റ്റര്‍ ലൂസി, ഒട്ടൊക്കെ സാഹസികമായിരുന്ന തന്‍റെ യാത്രയെ അനുസ്മരിക്കുകയാണ്, സത്യദീപം ചീഫ് എഡിറ്റര്‍ ഫാ. ചെറിയാന്‍ നേരെവീട്ടിലിനു നല്‍കിയ ഈ അഭിമുഖത്തില്‍:

കണ്ണൂരില്‍ എന്‍റെ കുട്ടിക്കാലം വളരെ സന്തോഷകരമായിരുന്നു. സ്നേഹസമ്പന്നരായിരുന്നു മാതാപിതാക്കള്‍. 9 മക്കളില്‍ മൂന്നാമത്തെ കുട്ടിയായിരുന്നു ഞാന്‍. ദൈവഭയമുള്ള ഒരു യാഥാസ്ഥിതിക കത്തോലിക്കാ കുടുംബം. കുട്ടിക്കാലത്തു തന്നെ ഞാന്‍ മുംബൈയില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന ഒരു ബോര്‍ഡിംഗ് ഹൗസില്‍ ചേര്‍ന്നു പഠിക്കാന്‍ പോന്നു. തുടര്‍ന്ന് അവിടെ കുറെ കാലം ജോലിയും ചെയ്തു.

മുംബൈയിലെ ചേരിയിലെ ജനങ്ങളുടെ ദുരിതപൂര്‍ണമായ ജീവിതം എന്നെ വല്ലാതെ സ്പര്‍ശിച്ചു. കേരളത്തില്‍ നിന്നു വരുന്ന ഒരാള്‍ക്ക് സങ്കല്‍പിക്കാന്‍ കൂ ടി കഴിയാത്ത വിധത്തില്‍ അത്രയും പരിതാപകരമാണല്ലോ ചേരികളിലെ ജീവിതം. ഞാന്‍ ചേരികളില്‍ പതിവായി പോകുകയും അവിടത്തെ മനുഷ്യജീവിതത്തെ നോക്കിക്കാണുകയും പതിവായിരുന്നു. അതെല്ലാം എന്‍റെ മുമ്പില്‍ വലിയ ചോദ്യചിഹ്നമായിത്തീര്‍ന്നു. മനുഷ്യര്‍ എങ്ങനെ ഇപ്രകാരം ജീവിക്കുന്നു, എന്തുകൊണ്ടു ജീവിക്കുന്നു എന്ന ചോദ്യം. കണ്ണൂരിലെ ഞങ്ങളുടെ വീട്ടില്‍ അക്കാലത്ത് ടിവിയും പത്രവും ഒന്നുമില്ലായിരുന്നു. അതുകൊണ്ടു തന്നെ പുറത്ത് ഇങ്ങനെയൊരു ലോകമുള്ള കാര്യവും എനിക്കറിയില്ലായിരുന്നു. 1960 കളിലായിരുന്നു ഇത്. യാത്ര ചെയ്തു തുടങ്ങിയപ്പോഴാണ് ഞാനിതെല്ലാം പഠിക്കാന്‍ തുടങ്ങിയത്. പഠിച്ചതെല്ലാം യാത്രകളില്‍ നിന്നും ജനങ്ങളില്‍ നിന്നും ആണെന്നു പറയാം. പുസ്തകം വായിച്ചു പഠിച്ചതല്ല ഒന്നും.

ചേരികളില്‍ പോകുന്ന കാലത്താണ് മദര്‍ തെരേസായുടെ സിസ്റ്റേഴ്സുമായി ബന്ധപ്പെടുന്നത്. തങ്ങളുടെ അനാഥാലയത്തില്‍ താമസിക്കുന്ന കുഞ്ഞുങ്ങളെ അവരെനിക്കു പരിചയപ്പെടുത്തുമായിരുന്നു. ഓരോ കുട്ടിയെയും എവിടെ നിന്ന് എപ്രകാരമാണ് കിട്ടിയതെന്നൊക്കെ പറയും. ആ കുഞ്ഞുങ്ങളെ എനിക്കു വലിയ ഇഷ്ടമായിരുന്നു. അങ്ങനെ കുറെക്കാലം കഴിഞ്ഞപ്പോള്‍ ഞാന്‍ മദര്‍ തെരേസായുടെ കൂടെ കൂടേണ്ടതാണെന്ന് എനിക്കു മനസ്സിലായി. അവിടെ ചെല്ലുകയും അപേക്ഷാ ഫോം പൂരിപ്പിക്കുകയും ചെയ്തു. അതില്‍ മാതാപിതാക്കളുടെ സമ്മതം വേണമായിരുന്നു. അതിനായി നാട്ടിലേയ്ക്കു പോയി. പക്ഷേ മദര്‍ തെരേസായുടെ സഭയില്‍ ചേരാന്‍ പറ്റില്ലെന്നായിരുന്നു അമ്മയുടെ മറുപടി. അപ്പനും അതു തന്നെ പറഞ്ഞു. എന്തുകൊണ്ടാണെന്നു ചോദിച്ചു. ആ സഭയില്‍ ചേര്‍ന്നാല്‍ കുഷ്ഠരോഗികളെയൊക്കെ ശുശ്രൂഷിക്കേണ്ടി വരും, അതിന് അനുവദിക്കില്ല എന്ന് അമ്മ പറഞ്ഞു. അമ്മയ്ക്കു വലിയ പേടിയായിരുന്നു. മദര്‍ തെരേസായെക്കുറിച്ച് അന്ന് അവര്‍ക്കുള്ള അറിവും അപ്രകാരമായിരുന്നു. മാതാപിതാക്കളോടു വലിയ സ്നേഹമായിരുന്നു എനിക്ക്. അവരെ വേദനിപ്പിക്കാന്‍ ഞാന്‍ ഇഷ്ടപ്പെട്ടില്ല. അതുകൊണ്ട് മദര്‍ തെരേസായുടെ സഭയില്‍ ചേരുന്നില്ലെന്നു ഞാന്‍ സമ്മതിച്ചു. എങ്കിലും എന്തോ ഒരു അസ്വസ്ഥത എന്‍റെയുള്ളില്‍ തുടിച്ചുകൊണ്ടിരുന്നു. ആ സമയത്ത് എനിക്ക് ഏതാണ്ട് വിവാഹപ്രായമായി വരുന്നുണ്ടായിരുന്നു. ഇനി ബോംബേയിലേയ്ക്കു തിരിച്ചുപോകാന്‍ പറ്റില്ലെന്നും കല്യാണമാലോചിക്കണമെന്നും മാതാപിതാക്കള്‍ പറഞ്ഞു. പക്ഷേ എനിക്കെന്തോ ആ ജീവിതത്തോടു തെല്ലും താത്പര്യം തോന്നിയില്ല. ചേരികളിലേയ്ക്കു മടങ്ങിപ്പോകണമെന്ന ആഗ്രഹമാണ് എന്‍റെയുള്ളില്‍ ഉണ്ടായിരുന്നത്. എന്‍റെ തീരുമാനം വളരെ ദൃഢമായിരുന്നു.

തുടര്‍ന്നാണ് ഹോളിക്രോസ് സിസ്റ്റേഴ്സുമായി ബന്ധപ്പെടുന്നത്. അവര്‍ എന്നെ ആ സഭയിലേയ്ക്കു ക്ഷണിച്ചു. അങ്ങനെ ആ സഭയില്‍ ചേര്‍ന്നു. പക്ഷേ സഭയില്‍ ചേര്‍ന്നു കുറച്ചു കഴിഞ്ഞപ്പോള്‍ ഞാനാഗ്രഹിക്കുന്ന തരത്തിലുള്ള മിഷണറി പ്രവര്‍ത്തനങ്ങള്‍ അവര്‍ക്കു ഇല്ലെന്നു മനസ്സിലായി. അദ്ധ്യാപനവും നഴ്സിംഗുമാണ് അവര്‍ പ്രധാനമായും ചെയ്തിരുന്നത്. ഇതിനു രണ്ടിനുമുള്ള വിദ്യാഭ്യാസയോഗ്യതകള്‍ എനിക്കില്ലായിരുന്നു. അതില്‍ ഞാന്‍ ദുഃഖിതയുമായിരുന്നു. ഹോളി ക്രോസ് കന്യാസ്ത്രീയെന്ന നിലയില്‍ 9 വര്‍ഷങ്ങള്‍ വിവിധ മഠങ്ങളില്‍ ജീവിച്ച ശേഷം സഭയുടെ ഒരു ചാപ്റ്ററില്‍ ജൂനിയര്‍ സിസ്റ്റര്‍ എന്ന നിലയില്‍ ഞാന്‍ പങ്കെടുക്കാന്‍ അവസരം കിട്ടി. പാവങ്ങളോടുള്ള പക്ഷം ചേരലും മറ്റുമായിരുന്നു അവിടെ പ്രധാനമായും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നത്. ഞാന്‍ ആദ്യം പങ്കെടുക്കുന്ന ചാപ്റ്ററായിരുന്നു അത്. പക്ഷേ ചാപ്റ്ററുകളില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നെങ്കിലും പ്രവൃത്തിപഥത്തില്‍ പതിവു പോലെയാണ് എല്ലാ കാര്യങ്ങളും നടന്നിരുന്നത്. ഇത് അധികാരികളോട് ഞാന്‍ ചോദിച്ചുകൊണ്ടിരുന്നു. എന്‍റെ ഗൗരവബുദ്ധി മനസ്സിലായപ്പോള്‍ അവര്‍ ചോദിച്ചു, എന്താണു യഥാര്‍ത്ഥത്തില്‍ ഞാന്‍ ചെയ്യാനാഗ്രഹിക്കുന്നതെന്ന്. ഗ്രാമങ്ങളില്‍ ചെന്നു സാമൂഹ്യസേവനം ചെയ്യണമെന്നു ഞാന്‍ പറഞ്ഞു. ഒരു സിസ്റ്റര്‍ ഗ്രാമീണസേവനം ചെയ്യുന്നുണ്ടായിരുന്നു. അവരുടെ കൂടെ പ്രവര്‍ത്തിക്കാന്‍ രണ്ടു വര്‍ഷത്തേയ്ക്ക് അധികാരികള്‍ എനിക്ക് അനുമതി നല്‍കി. അവിടെയും പരമ്പരാഗതമായ സാമൂഹ്യസേവനരീതികള്‍ പിന്തുടരാന്‍ എനിക്കു താത്പര്യമുണ്ടായിരുന്നില്ല.

ആ ഗ്രാമത്തില്‍ സ്ത്രീധനപ്രശ്നത്തെ തുടര്‍ന്ന് ഒരു സ്ത്രീ ആത്മഹത്യ ചെയ്തു. എന്‍റെ മുമ്പില്‍ വച്ച് ഒരു സ്ത്രീയെ തീ വച്ചു കൊല്ലുന്നതു കാണാന്‍ ഇട വന്നു. ഭര്‍ത്താവ് ദ്രോഹിക്കുന്നു എന്നു പറഞ്ഞ് അവര്‍ തലേന്ന് എന്‍റടുത്ത് താമസിക്കാന്‍ അനുമതി തേടി വന്നിരുന്നതാണ്. പക്ഷേ എനിക്കവരെ സഹായിക്കാന്‍ സാധിച്ചിരുന്നില്ല. ഇങ്ങനെയുള്ളവരെ സഹായിക്കാനും ഇത്തരം പ്രശ്നങ്ങളില്‍ ഇടപെടാനുമുള്ളതാണ് എന്‍റെ വിളി എന്ന തോന്നല്‍ അതോടെ എന്നില്‍ ശക്തമായി. ഞാനിത് വീണ്ടും അധികാരികളോടു പറഞ്ഞു. ഒറ്റയ്ക്ക് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം എവിടെ നിന്നു കിട്ടുമെന്ന് അധികാരികള്‍ ചോദിച്ചു, നിരുത്സാഹപ്പെടുത്തി. പക്ഷേ, ഞാന്‍ പിന്നോട്ടില്ലെന്ന് അവര്‍ക്കു മനസ്സിലായി. ഒടുവില്‍ സഭ വിടാന്‍ ഞാന്‍ ആലോചിച്ചു. അമ്മയെ എഴുതി അറിയിച്ചു. അമ്മയ്ക്കു വലിയ സങ്കടമായി. ഒറ്റയ്ക്കുള്ള ജീവിതം വളരെ ദുഷ്കരമായിരിക്കുമെന്ന് അമ്മ മുന്നറിയിപ്പു നല്‍കി. ശ്രമിച്ചു നോക്കട്ടെ എന്നു ഞാന്‍ മറുപടി പറഞ്ഞുകൊണ്ടിരുന്നു. ഒടുവില്‍ സഭയുമായി ഞാന്‍ ഒരു ധാരണയിലെത്തി. സഭ വിടുന്നില്ല, പക്ഷേ എന്‍റെ പ്രവര്‍ത്തനങ്ങളില്‍ സാമ്പത്തികമായോ മറ്റോ ഉള്ള യാതൊരു സഹായങ്ങളും സഭയില്‍ നിന്നുണ്ടാകുകയില്ല. ആ വ്യവസ്ഥയില്‍ ഞാന്‍ സ്വന്തം കര്‍മ്മരംഗത്തേക്കിറങ്ങി. പോക്കറ്റ് മണിയായി കിട്ടിയ 20 രൂപ മാത്രമായിരുന്നു അപ്പോള്‍ എന്‍റെ കൈയില്‍ ഉണ്ടായിരുന്നത്. ഗ്രാമീണസേവനം നിര്‍വഹിച്ചിരുന്ന സിസ്റ്റര്‍ താമസിച്ചിരുന്ന അതേ വീട്ടില്‍ താമസിക്കാനും സഭ അനുമതി നല്‍കിയിരുന്നു. സ്വന്തമായി പണം കണ്ടെത്തി പ്രവര്‍ത്തനങ്ങളാരംഭിക്കുക, ആവശ്യമുള്ള കാലത്തോളം സന്യാസസഭയുടെ ഭവനത്തില്‍ താമസിക്കുക, സ്വന്തമായി നിലനില്‍ക്കാനാകുമ്പോള്‍ താമസം മാറ്റുക എന്ന ധാരണയില്‍ ഞാന്‍ സ്വന്തമായ പ്രവര്‍ത്തനങ്ങളാരംഭിച്ചു.

തുടര്‍ന്ന് പണം കണ്ടെത്താനുള്ള ശ്രമങ്ങളാരംഭിച്ചു. സന്നദ്ധസംഘടനകള്‍ക്കുള്ള പണം ലഭിക്കുന്നതിനുള്ള കടലാസ് ജോലികളും മറ്റും ചെയ്യുന്നതിനുള്ള പ്രാപ്തി എനിക്കുണ്ടായിരുന്നില്ല. ദൈവം എന്നെ ഒരു കാര്യം ചെയ്യാനായി ശക്തമായി പ്രചോദിപ്പിക്കുമ്പോള്‍ അതിനുള്ള വഴികളും തുറന്നു കിട്ടും എന്ന ദൃഢമായ വിശ്വാസമായിരുന്നു എന്നെ നയിച്ചിരുന്നത്.

ഇക്കാര്യങ്ങള്‍ക്കായി ഞാനാദ്യം സമീപിച്ച വ്യക്തി ഈശോസഭാംഗമായ ഫാ. ഫ്രാന്‍സിസ് ഡിസാ ആയിരുന്നു. അദ്ദേഹം ഓസ് ട്രിയായില്‍ നിന്നുള്ള ഒരാളെ പരിചയപ്പെടുത്തി. ഞങ്ങള്‍ ദീര്‍ഘമായി സംസാരിച്ചു. എന്‍റെ സ്വപ്നപദ്ധതികളെക്കുറിച്ചു വിശദീകരിച്ചു. അദ്ദേഹം ഒരു ലക്ഷം രൂപാ നല്‍കി. അതുപയോഗിച്ച് സ്ത്രീകള്‍ക്കുള്ള ഒരു പുനരധിവാസ കേന്ദ്രം തുടങ്ങി. അതാണു മാഹെറിന്‍റെ തുടക്കം. അവിടെ നിരവധി സ്ത്രീകള്‍ സഹായങ്ങളന്വേഷിച്ചു വരാന്‍ തുടങ്ങി. 1997-ഓടെ ഒരു കെട്ടിടം നിര്‍മ്മിച്ചു. അന്നു മുതല്‍ ഇതുവരെ അയ്യായിരത്തിലേറെ സ്ത്രീകള്‍ മാഹെറിന്‍റെ സേവനം പ്രയോജനപ്പെടുത്തി ജീവിതം പുനര്‍നിര്‍മ്മിച്ചു. 918 കുട്ടികളും 352 സ്ത്രീകളും ഇപ്പോള്‍ ഞങ്ങളുടെ സംരക്ഷണത്തിലുണ്ട്. വിവിധ സ്ഥലങ്ങളില്‍ ആകെ 45 ഭവനങ്ങള്‍ നടത്തുന്നു. പല സംസ്ഥാനങ്ങളിലായിട്ടാണ് ഈ ഭവനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇതിനൊക്കെയുള്ള പണം എവിടെ നിന്നു വരുന്നു എന്നു പോലും എനിക്കറിയില്ല. എല്ലാം അത്ഭുതകരമായി നടക്കുന്നു. ഒരു കോടിയില്‍പരം രൂപാ ചിലവു വരുന്ന കെട്ടിടത്തിന്‍റെ നിര്‍മ്മാണമാരംഭിക്കുന്നതൊക്കെ കേവലം 5 ലക്ഷം രൂപ കൈയില്‍ വച്ചുകൊണ്ടാണ്. പക്ഷേ അതെല്ലാം യാഥാര്‍ത്ഥ്യമാകുന്നു. അനുഷ്ഠാനങ്ങള്‍ക്കു പ്രാധാന്യം നല്‍കുന്ന ആത്മീയതയില്‍ എനിക്കത്ര താത്പര്യമില്ലായിരുന്നു. എന്നാല്‍, ദൈവത്തിന്‍റെ ശക്തി നമ്മിലൂടെ പ്രവര്‍ത്തിക്കുന്നു എന്ന ബോദ്ധ്യം ഞാന്‍ നേടിയിരുന്നു.

കേരളത്തിലെ സന്യാസസഭകള്‍ പാവങ്ങളെ സഹായിക്കുന്നതിനെ കുറിച്ച് ധാരാളമായി പറയുന്നു. പക്ഷേ പ്രായോഗികമായി അത്തരം കാര്യങ്ങള്‍ അധികമൊന്നും കാണുന്നില്ല. ഇതിന് ഒരു കാരണമുള്ളത് കേരളത്തിന്‍റെ ഇന്നത്തെ സാഹചര്യത്തില്‍ നമ്മളുദ്ദേശിക്കുന്ന തരം സഹായമര്‍ഹിക്കു ന്ന ആളുകള്‍ അധികമില്ലെന്നതാണ്. തികച്ചും സഹായമര്‍ഹിക്കുന്ന ആളുകള്‍ ഉള്ളിടത്താകട്ടെ നമ്മുടെ സാന്നിദ്ധ്യവുമില്ല. ഉദാഹരണത്തിന് ആദിവാസികളുടെ ഗ്രാമങ്ങള്‍. അവിടെ നമ്മുടെ സന്യസ്തരെ അധികം കാണാറില്ല.

എന്തൊക്കെ ചെയ്യാനാകും എന്നു നമ്മള്‍ തന്നെ കണ്ണു തുറന്നു കാണുകയും അതിന് ഇറങ്ങി പുറപ്പെടുകയും വേണം. മാഹെര്‍ വളര്‍ന്നത് അങ്ങനെയാണ്. ഞങ്ങള്‍ക്ക് സ്വയം സഹായ സംഘങ്ങളുണ്ട്, കിന്‍ഡര്‍ ഗാര്‍ട്ടനുകളുണ്ട്, ട്യൂഷന്‍ സെന്‍ററുകളുണ്ട്, നിരവധി ബോധവത്കരണപദ്ധതികളുണ്ട്. 560 സ്വയം സഹായസംഘങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. ഓരോ ആവശ്യങ്ങള്‍ കണ്ടപ്പോള്‍ അതനുസരിച്ചുള്ള പ്രവര്‍ത്തനരംഗങ്ങളിലേയ്ക്ക് ഇറങ്ങിച്ചെല്ലുകയായിരുന്നു. ജനങ്ങള്‍ക്കായി എന്തൊക്കെ കൂടുതലായി ചെയ്യാന്‍ കഴിയുമെന്ന ചോദ്യം സ്വയം നിരന്തരം ചോദിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞങ്ങള്‍.

നല്ല സാമ്പത്തിക സുരക്ഷിതത്വമുള്ളവരാണ് നമ്മുടെ മിക്ക സന്യാസസമൂഹങ്ങളും. അതു നമ്മെ ഒരു സുഖവലയത്തിലാക്കുന്നു. നമ്മള്‍ സന്തുഷ്ടരാണ്. അതില്‍ നിന്നു പുറത്തു കടക്കാന്‍ ആരും ആഗ്രഹിക്കുന്നില്ല. നാം ഘടനകള്‍ക്കു പ്രാധാന്യം നല്‍കുന്നവരാണ്. അവയെ ഉപേക്ഷിച്ചു സ്വതന്ത്രരാകുക എളുപ്പമല്ല. ഞാന്‍ ഈ തീരുമാനമെടുത്തത് ഉറക്കമില്ലാത്ത അനേകം രാത്രികള്‍ക്കു ശേഷമാണ്. സമയമെടുക്കുന്ന പ്രക്രിയ ആണ് ഇതെല്ലാം. സുഖസൗകര്യങ്ങളില്‍ ഒത്തുതീര്‍പ്പുകള്‍ നടത്താന്‍ ആഗ്രഹമില്ലാത്തവര്‍ക്ക് അതെളുപ്പമല്ല.

കേരളത്തില്‍ പോകുമ്പോഴെല്ലാം അവിടെ പണിതുകൊണ്ടിരിക്കുന്ന വലിയ പള്ളികള്‍ കണ്ട് അത്ഭുതപ്പെടാറുണ്ട്. വലിയ വിഷമവും തോന്നും. ആളുകള്‍ തെരുവില്‍ ഉറങ്ങുമ്പോള്‍ ഇത്തരം പള്ളികള്‍ പണിയുന്നതില്‍ യേശുക്രിസ്തുവിന് എങ്ങനെ സന്തോഷിക്കാനാകും? എനിക്കിതു വളരെ വിചിത്രമായി തോന്നുന്നു. നാട്ടില്‍ വരുന്നത് എനിക്കു സന്തോഷമാണ്. മാതാപിതാക്കളുടേയും സഹോദരങ്ങളുടേയും ഒപ്പം സമയം ചിലവഴിക്കാമല്ലോ എന്ന സന്തോഷം. പക്ഷേ ഇവിടത്തെ സഭയുടെ രീതികള്‍ കാണുന്നത് എന്നെ അസ്വസ്ഥയാക്കുകയും ചെയ്യും. കേരളത്തില്‍ നിന്നു വരുന്ന ആളുകള്‍ തങ്ങള്‍ ചെല്ലുന്നയിടങ്ങളിലും ഈയൊരു മത്സരബോധം വച്ചു പുലര്‍ത്താനാണ് താത്പര്യപ്പെടുന്നത്. മറ്റുള്ളവരേക്കാള്‍ മികച്ചു നില്‍ക്കണമെന്ന ചിന്തയോടെയാണു നമ്മുടെ പ്രവര്‍ത്തനങ്ങള്‍. ഈയൊരു മനോഭാവത്തോടെ നടത്തുന്ന മിഷണറി പ്രവര്‍ത്തനങ്ങള്‍ വഴിയായി ക്രൈസ്തവവിശ്വാസത്തിലേയ്ക്കു കടന്നു വരുന്നവരും ഈ ചിന്തയുള്ളവരാകും. അവര്‍ സഭാംഗങ്ങളാകുന്നത് എന്തെങ്കിലും നേട്ടങ്ങള്‍ക്കു വേണ്ടിയും സമൂഹത്തിലെ മറ്റുള്ളവരേക്കാള്‍ മികവാര്‍ജിക്കാന്‍ കഴിയും എന്നു കരുതിയുമാണ്.

ക്രിസ്ത്യാനിയായതുകൊണ്ട് എന്‍റെ പ്രവര്‍ത്തനരംഗത്തും എനിക്കു വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. മതംമാറ്റത്തിനു വന്നിരിക്കുന്നതാണെന്നാരോപിച്ച് ആക്രമിക്കാന്‍ വന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. എന്‍റെ പേരില്‍ നിന്നു തന്നെ ആള്‍ ക്രിസ്ത്യാനിയാണെന്നു വ്യക്തമായി മനസ്സിലാകുമല്ലോ. പക്ഷേ ഇപ്പോള്‍ ആളുകള്‍ക്കു കാര്യങ്ങള്‍ ബോദ്ധ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് അവര്‍ കൂടുതല്‍ അനുഭാവപൂര്‍വം എന്നെ കാണുന്നു. മറുവശത്ത് സഭയോടു വിധേയത്വം പുലര്‍ത്തുന്നില്ല എന്ന തോന്നലിന്‍റെ ഫലമായി സഭാംഗങ്ങളുടെ ഭാഗത്തു നിന്നും ചില എതിര്‍പ്പുകള്‍ ഉണ്ടാകാറുണ്ട്. ഒരു സന്യാസസമൂഹത്തിന്‍റെ ഭാഗമായി ജീവിക്കുന്നില്ല എന്നതാണ് പലരുടേയും എതിര്‍പ്പുകള്‍ക്കു കാരണം. ഈ ലോകത്തെ എന്തുകൊണ്ടു നമുക്കു നമ്മുടെ സമൂഹമായി കണ്ടുകൂടാ എന്നതാണ് എന്‍റെ ചോദ്യം. ഈ ജനങ്ങളാണ് എന്‍റെ സമൂഹം. അവര്‍ക്കൊപ്പം ജീവിക്കുന്നതില്‍ ഞാന്‍ സന്തോഷമനുഭവിക്കുന്നു. നമ്മള്‍ എന്തിനാണ് ഭയപ്പെടുന്നത്? നമ്മുടെ വിശ്വാസം സുദൃഢമാണ്. അതിനെ ഇളക്കാന്‍ ആര്‍ക്കും കഴിയുകയില്ല. ഈ ബോദ്ധ്യമുണ്ടെങ്കില്‍ അകത്തോലിക്കരോ അക്രൈസ്തവരോ ആയ ആളുകള്‍ക്കൊപ്പം കഴിയുന്നതില്‍ യാതൊരു അപകടവുമില്ല.

ഞാനോര്‍ക്കുകയാണ്. ഒരിക്കല്‍ ഒരു അകത്തോലിക്കാ സഭാവിഭാഗത്തില്‍ നിന്നുള്ളവര്‍ വീട്ടില്‍ വന്നു. അവര്‍ ബൈബിള്‍ പ്രസംഗിക്കാന്‍ തുടങ്ങി. അമ്മ എതിര്‍പ്പൊന്നും പറഞ്ഞില്ല. അതിനുള്ള കാരണം അമ്മ പിന്നീടു പറഞ്ഞു. അവര്‍ പറയുന്നതും ബൈബിള്‍ തന്നെയാണ്. നമ്മളും അതില്‍ വിശ്വസിക്കുന്നു. പാറപോലെ ഉറച്ചതാണ് എന്‍റെ വിശ്വാസം. അതുകൊണ്ടു തന്നെ ഈ സഭയില്‍നിന്ന് ഞാനൊരിക്കലും പോകാന്‍ ഉദ്ദേശിക്കുന്നില്ല. അപ്പോള്‍ പിന്നെ കുറച്ചു പേര്‍ ബൈബിള്‍ പറയുന്നതിനെ ഞാനെന്തിന് എതിര്‍ക്കണം? എനിക്ക് അന്ന് അതു പൂര്‍ണമായി മനസ്സിലായില്ല. പില്‍ക്കാലത്തു മനസ്സിലായി. നമ്മുടെ വിശ്വാസം ദൃഢമാണെങ്കില്‍ മറ്റെന്തെങ്കിലും സ്വാധീനങ്ങള്‍ക്കു നാം വഴിപ്പെടുമോയെന്ന ആകുലത അനാവശ്യമാണ്. അന്ന് അമ്മ അവരോടും അതു പറഞ്ഞു. സഭ മാറിയതുകൊണ്ട് കൂടുതല്‍ നല്ല വിശ്വാസിയാകുമെന്ന തോന്നല്‍ എനിക്കില്ല. ബൈബിള്‍ പഠിക്കാം. പക്ഷേ സഭ മാറേണ്ട കാര്യമില്ല. ഈ ബോദ്ധ്യങ്ങളുള്ളവര്‍ക്കു ഒന്നും ഭയപ്പെടാനില്ല.

ധാരാളം അംഗീകാരങ്ങള്‍ ഇപ്പോള്‍ എനിക്കും മാഹെറിനും ലഭിച്ചിട്ടുണ്ട്. അവാര്‍ഡുകള്‍ അതില്‍ തന്നെ എനിക്കു പ്രത്യേക സന്തോഷമൊന്നും തരുന്നില്ല. പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കപ്പെടുന്നത് നല്ലതു തന്നെ. ആളുകള്‍ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ കാണുമ്പോള്‍ അതിന് അംഗീകാരങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നു. അതു സ്വാഭാവികമാണ്. ജീവിതത്തിന്‍റെ ഭാഗമാണ്. അംഗീകാരങ്ങളൊന്നും കിട്ടിയില്ലെങ്കിലും എന്നെ അതു ബാധിക്കുന്നില്ല. കാരണം ഞാന്‍ എന്താണു ചെയ്യുന്നതെന്ന് എനിക്കറിയാം. ദൈവത്തിന്‍റെ മനസാക്ഷിക്കു മുമ്പില്‍ ഞാന്‍ നീതി ചെയ്യുന്നുണ്ടോ എന്നതാണു പ്രധാനം. അവിടെ ഞാന്‍ ചെയ്യുന്നതു ശരിയാണെന്ന ബോദ്ധ്യം എനിക്കുണ്ട്. അതെന്നെ സന്തോഷവതിയാക്കുന്നു. അതിനേക്കാള്‍ എന്നെ സന്തോഷിപ്പിക്കാന്‍ മറ്റൊന്നിനും സാധിക്കുകയില്ല.

Leave a Comment

*
*