വൈദികപരിശീലനം: ആനുകാലികവിചിന്തനങ്ങള്‍

വൈദികപരിശീലനം: ആനുകാലികവിചിന്തനങ്ങള്‍


ഫാ. ഡോ. പോള്‍ മുണ്ടോളിക്കല്‍

വികാരി, സെന്‍റ് ജോസഫ് കത്തീഡ്രല്‍, മാനന്തവാടി

പൗരോഹിത്യം, പുരോഹിത ശുശ്രൂഷ, ആദ്ധ്യാത്മികത ഇവയുടെ തനിമയെ സംബന്ധിച്ചു വ്യത്യസ്തങ്ങളായ ആശയങ്ങള്‍ പ്രചരിക്കുന്ന ഒരു കാലഘട്ടമാണിത്. പ്രവര്‍ത്തനമേഖലകളില്‍ മികവു തെളിയിച്ച വൈദികരെ പുകഴ്ത്തുന്നവരും ജീവിതവിശുദ്ധിയിലൂടെ ദൈവജനത്തെ വിശുദ്ധിയിലേക്ക് ആനയിക്കുന്ന വൈദികരെ ആദരിക്കുന്നവരും പൊതുസമൂഹത്തില്‍ ധാരാളമുണ്ട്. അതോടൊപ്പം ധാര്‍മ്മികമൂല്യങ്ങളെ അവഗണിക്കുന്ന ഭൗതികാതിപ്രസരമുള്ള ഒരു സംസ്കാരവും മാധ്യമങ്ങളിലൂടെ ആഗോളതലത്തില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നു. ഈ പശ്ചാത്തലത്തിലാണു രൂപതാവൈദികരാകാനാഗ്രഹിക്കുന്ന വൈദികാര്‍ത്ഥികള്‍ക്കുവേണ്ടി ഒരു ദശാബ്ദത്തിലധികം ദീര്‍ഘിക്കുന്ന പരിശീലന പദ്ധതിയെപ്പറ്റി ഇവിടെ പ്രതിപാദിക്കുന്നത്. കഴിഞ്ഞ മൂന്നു ദശകങ്ങളായി കേരളത്തിലെ ക്രൈസ്തവസമൂഹത്തില്‍ പ്രകടമായിക്കൊണ്ടിരിക്കുന്ന ആത്മീയവും ഭൗതികവുമായ മാറ്റങ്ങളും സെമിനാരി പരിശീലനത്തെ സംബന്ധിച്ചുണ്ടായ നയപരമായ മാറ്റങ്ങളും ദൈവജനത്തിന് ആത്മീയനേതൃത്വം നല്കുന്നവരുടെ ജീവിതശൈലിയിലുണ്ടായ വ്യതിയാനങ്ങളും ഇതിന്‍റെ ഭാഗമാണ്. കേരളത്തിലെ സീറോ-മലബാര്‍ സഭയുടെ വൈദികപരിശീലനപദ്ധതിയെ സംബന്ധിച്ചു മാത്രമായി ഈ പഠനം പരിമിതപ്പെടുത്തുന്നു.

രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ മുതല്‍ വൈദികപരിശീലനത്തെ സംബന്ധിച്ചു കത്തോലിക്കാ സഭ വ്യക്തമായ മാര്‍ഗരേഖകള്‍ നല്കിയിട്ടുണ്ട്. വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ 'നിങ്ങള്‍ക്കു ഞാന്‍ അജപാലകരെ നല്കും' എന്ന അപ്പസ്തോലിക പ്രബോധനവും തുടര്‍ന്നു വൈദികപരിശീലനത്തെപ്പറ്റി വത്തിക്കാന്‍ പ്രസിദ്ധീകരിച്ച ഡിറക്ടറികളും പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രബോധനങ്ങളും ഇവയില്‍ പ്രധാനമാണ്. ഇവയുടെ വെളിച്ചത്തില്‍ സീറോ-മലബാര്‍ സഭയും വൈദികപരിശീലന മാര്‍ഗരേഖ പ്രസിദ്ധീകരിക്കുകയുണ്ടായി.

പാശ്ചാത്യസഭകളിലെ വൈദിക പരിശീലനപദ്ധതിയുമായി താരതമ്യം ചെയ്യുമ്പോള്‍ കുറേക്കൂടി ദീര്‍ഘവും സമഗ്രവുമായ പരിശീലനപദ്ധതിയാണു കേരളസഭയിലെ മൂന്നു റീത്തുകളിലും നിലവിലുള്ളത്. അതനുസരിച്ച്, ആരംഭകര്‍ക്കു മൈനര്‍ സെമിനാരിയിലും തുടര്‍ന്നു മേജര്‍ സെമിനാരിയിലും പരിശീലനം ഒരുക്കിയിരിക്കുന്നു.

പുരോഹിതന്‍-ക്രിസ്തുവിന്‍റെ പ്രതിപുരുഷന്‍: ക്രിസ്തു പരിശീലിപ്പിച്ച അപ്പസ്തോലന്മാരുടെ കാലം മുതല്‍ ഇന്നുവരെ സഭ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന പൗരോഹിത്യത്തിനു വ്യക്തമായ രൂപരേഖയുണ്ട്: വൈദികന്‍ ക്രിസ്തുവിന്‍റെ പ്രതിപുരുഷനാണ്. ക്രിസ്തുവിന്‍റെ ദൗത്യം തുടരാനുള്ള നിയോഗമാണു വൈദികന്‍റേത്. മനുഷ്യരോടൊത്തു വസിച്ചുകൊണ്ട് അവരോടു ദൈവരാജ്യത്തിന്‍റെ സുവിശേഷം പ്രസംഗിക്കുകയും കുരിശിലെ ആത്മബലിയിലൂടെ മനുഷ്യകുലത്തിനു രക്ഷയുടെയും വിശുദ്ധിയുടെയും വഴി തെളിക്കുകയും ചെയ്ത ഈശോയുടെ ദൗത്യം തുടരാന്‍ വൈദികന്‍ വിളിക്കപ്പെട്ടിരിക്കുന്നു. "ഞാന്‍ നല്ല ഇടയനാണ്. നല്ല ഇടയന്‍ ആടുകള്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നു" (യോഹ. 10:11). ഈ വാക്കുകള്‍ ഈശോയുടെ ജീവിതം മുഴവന്‍ പ്രതിഫലിപ്പിക്കുന്നുണ്ട്.

വൈദിക പരിശീലനത്തെപ്പറ്റി എഴുതപ്പെട്ട ഗ്രന്ഥങ്ങളേക്കാള്‍ വൈദികാര്‍ത്ഥികളെ സ്വാധീനിക്കുന്നതു പരിശീലകരായ വൈദികരുടെയും വൈദികശ്രേഷ്ഠരുടെയും ജീവിതം നല്കുന്ന പാഠങ്ങളാണ്. ഇടവക വൈദികരുടെ ജീവിതശൈലി അടുത്തറിയാനും രൂപതാ വൈദികാര്‍ത്ഥികള്‍ക്കു ധാരാളം അവസരം ലഭിക്കുന്നുണ്ട്. ഇവയില്‍ നിന്നെല്ലാം പൗരോഹിത്യത്തെപ്പറ്റി വ്യക്തമായ ദര്‍ശനം രൂപപ്പെടുത്തുകയെന്നതു വൈദികാര്‍ത്ഥിയുടെ കടമയാണ്. ഇടവക വൈദികരുടെ മദ്ധ്യസ്ഥനായി അറിയപ്പെടുന്നതു വി. ജോണ്‍ വിയാനി മാത്രമാണെങ്കിലും പേരു വിളിക്കപ്പെടാത്ത വിശുദ്ധരായ വൈദികര്‍ സഭയില്‍ എല്ലാക്കാലത്തും ഉണ്ടായിരുന്നു.

പൗരോഹിത്യത്തിന്‍റെ തനിമ മനസ്സിലാക്കാനുളള വ്യക്തമായ മാര്‍ഗം ക്രിസ്തുവിന്‍റെ ജീവിതവും സന്ദേശവും അറിയുകയാണ്: "ദൈവത്തിന്‍റെ രൂപത്തിലായിരുന്നെങ്കിലും അവന്‍ ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല. തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ടു ദാസന്‍റെ രൂപം സ്വീകരിച്ചു മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന്, ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു; മരണംവരെ – അതേ കുരിശുമരണം വരെ – അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തി" (ഫിലി. 2:6-8). ദിവസം മുഴുവന്‍ ജനത്തോടു സുവിശേഷം പ്രസംഗിക്കുകയും അവരെ ശുശ്രൂഷിക്കുകയും ചെയ്തിരുന്ന ഈശോ പ്രാര്‍ത്ഥിക്കാന്‍ അവസരം നഷ്ടപ്പെടാതിരിക്കാന്‍, "അതിരാവിലെ അവന്‍ ഉണര്‍ന്ന് ഒരു വിജനസ്ഥലത്തേയ്ക്കു പോയി. അവിടെ അവന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു" (മര്‍ക്കോ. 1:35). ദിനാന്ത്യത്തിലും "ആളുകളോടു യാത്ര പറഞ്ഞശേഷം അവന്‍ പ്രാര്‍ത്ഥിക്കാന്‍ മലയിലേക്കു പോയി" (മര്‍ക്കോ. 6:46). ദൈവപിതാവുമായി ഉറ്റബന്ധത്തിലാണ് ഈശോ ഈ ഭൂമിയില്‍ ജീവിച്ചിരുന്നത്. അതിനുള്ള ഒന്നാമത്തെ മാര്‍ഗം പ്രാര്‍ത്ഥനയായിരുന്നു.

വൈദികപരിശീലനപദ്ധതി: രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനുശേഷം ക്രമീകൃതമായ ഒരു വൈദികപരിശീലനപദ്ധതി ആവിഷ്കരിക്കപ്പെട്ടു. മറ്റെല്ലാ തൊഴില്‍ പരിശീലനപദ്ധതികളില്‍ നിന്നും സത്താപരമായിത്തന്നെ വ്യത്യസ്തമാണ് ഭാവി വൈദികര്‍ക്കുവേണ്ടിയുള്ള പരിശീലന പ്രോഗ്രാം. അതു വെറും ട്രെയിനിങ്ങ് അല്ല. പരിശീലകരും പരിശീലനവിധേയരാകുന്നവരും എല്ലാറ്റിലുമുപരി ദൈവവും പ്രവര്‍ത്തിക്കുന്ന മേഖലയാണത്. വ്യക്തിയെ തിരഞ്ഞെടുക്കുന്നതിലും പരിശീലിപ്പിക്കുന്നതിലും മുഖ്യപങ്കു വഹിക്കുന്നതു ദൈവമാണ്. പരിശീലകരെല്ലാം ദൈവത്തിന്‍റെ ഉപകരണങ്ങള്‍ മാത്രം. ഭാവിയില്‍ വൈദികനാകാനാഗ്രഹിക്കുന്ന വ്യക്തിക്കാണു ദൈവം കഴിഞ്ഞാല്‍ സുപ്രധാന പങ്കുവഹിക്കാനുള്ളത്. ദൈവികപദ്ധതിയോട് ആത്മാര്‍ത്ഥമായ സഹകരണം ഉണ്ടായാല്‍ മതി. ബാക്കി ദൈവം നിര്‍വഹിക്കും.

വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 'പാസ്തോരെസ് ദാബോ വോബിസ്' എന്ന അപ്പസ്തോലിക പ്രബോധനരേഖ പ്രസിദ്ധീകരിച്ചതു മുതല്‍ വൈദിക പരിശീലന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള നാലു പ്രധാന ഘടകങ്ങളാണ്, മാനുഷികപരിശീലനം, ആത്മീയപരിശീലനം, ബൗദ്ധികപരിശീലനം, അജപാലനപരിശീലനം എന്നിവ. എന്നാല്‍ ചിലപ്പോള്‍ പരിശീലനപദ്ധതിയില്‍ ഇവയില്‍ ഒന്നോ രണ്ടോ ഘടകങ്ങള്‍ക്കു കൂടുതല്‍ പ്രാമുഖ്യം നല്കപ്പെടുന്നതായി കാണാറുണ്ട്. അതിന്‍റെ പരിണതഫലമായി മറ്റു ഘടകങ്ങള്‍ക്കു വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ വരുന്നു. സീറോ-മലബാര്‍ സഭയിലെ സെമിനാരി പരിശീലനപദ്ധതിയില്‍ കഴിഞ്ഞ ഒരു ദശകത്തിലുണ്ടായ ദ്രുതഗതിയിലെ നയരൂപീകരണ മാറ്റങ്ങള്‍ പരിശീലകര്‍ക്കും വൈദികാര്‍ത്ഥികള്‍ക്കും അവഗണിക്കാനാവാത്ത അസ്വസ്ഥതകള്‍ക്കു കാരണമായി. വളരെക്കാലമായി നിലവിലിരിക്കുന്ന ഗുണകരമായ പദ്ധതിയില്‍ മാറ്റം വരുത്തുന്നതു പ്രാര്‍ത്ഥനാപൂര്‍വകമായ വിവേചനത്തോടെയായിരിക്കണമെന്ന പാഠമാണ് ഇതു നല്കുന്നത്.

മൈനര്‍ സെമിനാരി പരിശീലനം: പൗരോഹിത്യത്തെപ്പറ്റി ശരിയായ കാഴ്ചപ്പാട് ലഭിക്കുന്നതിനും ആദ്ധ്യാത്മികജീവിതത്തിന്‍റെ അടിസ്ഥാനതത്ത്വങ്ങള്‍ പഠിക്കുന്നതിനുമുള്ള സുപ്രധാന ഘട്ടമാണു മൈനര്‍ സെമിനാരി പരിശീലനകാലം. എന്നാല്‍ ബൗദ്ധികതലത്തിനു നല്കപ്പെടുന്ന പ്രാധാന്യം ഈ ഘട്ടത്തില്‍ മറ്റു തലങ്ങള്‍ക്കു ലഭിക്കുന്നുണ്ടോ എന്നു പരിശോധിക്കേണ്ടതാണ്. മാനുഷികപരിശീലനവും ആദ്ധ്യാത്മികപരിശീലനവും ഏറ്റവും ഫലവത്താകാന്‍ സാധിക്കുന്ന സാഹചര്യമാണു മൈനര്‍ സെമിനാരിയിലേത്. അംഗസംഖ്യയുടെ പരിമിതിയും നല്ലതെല്ലാം ഉള്‍ക്കൊള്ളാനുള്ള തീക്ഷ്ണതയോടെ വരുന്ന വൈദികാര്‍ത്ഥികളുടെ സന്നദ്ധതയും ഇതിനു സഹായകരമാണ്.

കൂദാശകളടെ പ്രാധാന്യം, അവ ഒരുക്കത്തോടെ സ്വീകരിക്കുന്നതിന്‍റെ ആവശ്യകത, ഈശോയോടു വ്യക്തിബന്ധം വളര്‍ത്തുന്നത്, പൊതുവായ ഭക്താനുഷ്ഠാനങ്ങള്‍, വിശുദ്ധരോടുള്ള വണക്കം, ഇവയുടെ പ്രഥമ പാഠങ്ങള്‍ മൈനര്‍ സെമിനാരിയില്‍ നല്കപ്പെടണം. പ്രാപ്തരായ പരിശീലനകരുടെയും അനുയോജ്യമായ ഗ്രന്ഥങ്ങളുടെയും അഭാവം പരിഹരിക്കപ്പെടേണ്ടതാണ്.

മേജര്‍ സെമിനാരി: തത്ത്വശാസ്ത്ര-ദൈവശാസ്ത്ര പഠനപദ്ധതികളുടെ ലക്ഷ്യം വിശ്വാസത്തിന്‍റെ രഹസ്യങ്ങള്‍ യുക്തിക്കു സാധിക്കുന്നിടത്തോളം മനസ്സിലാക്കാന്‍ സഹായിക്കുകയാണല്ലോ. ചിലരുടെ അദ്ധ്യാപനം ബുദ്ധിയുടെ തലത്തിനു മാത്രം ഊന്നല്‍ നല്കുന്നതിനാല്‍ വിശ്വാസത്തിന്‍റെ തലത്തില്‍ വൈദികാര്‍ത്ഥികള്‍ ആശയക്കുഴപ്പത്തിലാകാറുണ്ട്. തത്ത്വശാസ്ത്രവിഷയങ്ങള്‍ പഠിപ്പിക്കുമ്പോഴും ബൈബിള്‍ വ്യാ ഖ്യാനത്തിന്‍റെ മാനദണ്ഡങ്ങള്‍ അവതരിപ്പിക്കുമ്പോഴും അദ്ധ്യേതാക്കള്‍ക്കു ലഭിക്കുന്ന സന്ദേശമെന്തെന്ന് അദ്ധ്യാപകര്‍ പരിശോധിക്കേണ്ടതാണ്. ഇവയിലെല്ലാം കത്തോലിക്കാസഭയുടെ പ്രബോധനാധികാരം നല്കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സഹായകരമാണ്.

വൈദികപരിശീലനത്തിന്‍റെ നാലു മാനുഷിക ആദ്ധ്യാത്മിക, ബൗദ്ധിക, അജപാലനഘടകങ്ങളും നിരന്തരം തുടര്‍ന്നുകൊണ്ടിരിക്കുന്നതും വ്യക്തിയെ രൂപാന്തരപ്പെടുത്തുന്നവയുമാണ്. ഇന്നത്തെ കേരള ക്രൈസ്തവസമൂഹം പൊതുവേ, അറിവിന്‍റെ തലത്തില്‍ ഉന്നത നിലവാരം പുലര്‍ത്തുന്നതിനാല്‍ വൈദികര്‍ക്കും ഉചിതമായ വിധത്തില്‍ അവരോടു സംവദിക്കാന്‍ സാധിക്കണം.

മാനുഷികഗുണങ്ങള്‍ വളര്‍ത്തിയെടുക്കുന്നതില്‍ ഓരോ വൈദികാര്‍ത്ഥിയും സവിശേഷമായി ശ്രദ്ധിക്കേണ്ടതാണ്. എല്ലാ മനുഷ്യരോടുമുള്ള ആദരവ്, വൈകാരികപക്വത, അനുകമ്പ, സത്യസന്ധത ഇവയെല്ലാം പ്രധാന മാനുഷികഗുണങ്ങളില്‍പ്പെടുന്നു. നല്ല കാര്യങ്ങള്‍ക്കു സ്വമനസ്സാലെ പ്രവര്‍ത്തനോന്മുഖരാവുക, കഠിനാദ്ധ്വാനം ചെയ്തു നേടിയെടുക്കേണ്ട അജപാലന ലക്ഷ്യങ്ങള്‍ നേടിയെടുക്കുക ഇവയെല്ലാം വളര്‍ത്തിയെടുക്കേണ്ട നന്മകളാണ്. സ്വാതന്ത്ര്യം ഉത്തരവാദിത്വബോധത്തോടെ ഉപയോഗപ്പെടുത്തുന്ന ശീലം വളര്‍ത്തിയെടുക്കണം. ദുഃഖിതരെ ആശ്വസിപ്പിക്കുക, ക്ഷമയോടെയും കരുണയോടെയും വര്‍ത്തിക്കുക ഇവയെല്ലാം ഒരു നല്ല അജപാലകന്‍റെ പ്രവര്‍ത്തനശൈലിയാകണം.

യഥാര്‍ത്ഥ ആദ്ധ്യാത്മികതയെ സംബന്ധിച്ചു സാധാരണ ജനങ്ങള്‍ക്കും ചിലപ്പോഴെങ്കിലും ആത്മീയനേതൃത്വം നല്കുന്നവര്‍ക്കും വ്യക്തതയില്ലാത്തതുപോലെ കാണപ്പെടുന്നുണ്ട്. കേരളസമൂഹത്തില്‍ ഏറെ സ്വാധീനത്തിലുള്ളതാണു കരിസ്മാറ്റിക് പ്രാര്‍ത്ഥനാരീതി. അതിന് അതിന്‍റേതായ നന്മകളുണ്ടെങ്കിലും പ്രാര്‍ത്ഥനയെന്നാല്‍ ശബ്ദമുഖരിതമായിരിക്കണമെന്ന അവസ്ഥ സംജാതമായിരിക്കുന്നു. നിശ്ശബ്ദമായും ധ്യാനാത്മകമായും പ്രാര്‍ത്ഥിക്കാന്‍ പരിശീലിക്കണം. ദൈവവുമായുള്ള വ്യക്തിബന്ധത്തിന്‍റെ പ്രകാശനമാണു യഥാര്‍ത്ഥ പ്രാര്‍ത്ഥന. അങ്ങനെയൊരു ബന്ധമുള്ളപ്പോള്‍ പരിശുദ്ധാത്മാവിന്‍റെ നിമന്ത്രണങ്ങള്‍ക്കു നിശ്ശബ്ദതയില്‍ കാതോര്‍ക്കാന്‍ സാധിക്കും. വ്യക്തിപരമായ പ്രാര്‍ത്ഥനയെ സംബന്ധിച്ച് ഈശോ പഠിപ്പിക്കുന്നത് ഇങ്ങനെയാണല്ലോ: "നീ പ്രാര്‍ത്ഥിക്കുമ്പോള്‍ നിന്‍റെ മുറിയില്‍ കടന്ന്, കതകടച്ച്, രഹസ്യമായി നിന്‍റെ പിതാവിനോടു പ്രാര്‍ത്ഥിക്കുക" (മത്താ. 6:6). പരമ്പരാഗതമായ ധ്യാനം, ആത്മശോധന ഇവയെല്ലാം വൈദികാര്‍ത്ഥിയുടെ ആദ്ധ്യാത്മികവളര്‍ച്ചയില്‍ നിര്‍ണായകമായ പുരോഗതിക്കു സഹായിക്കും. ഈശോയുടെ മാതൃകയനുസരിച്ച്, ചെയ്യുന്ന കാര്യങ്ങളിലെല്ലാം ദൈവഹിതമാണോ നിറവേറ്റുന്നത് എന്ന ആത്മശോധന അവഗണിക്കരുത്.

ബൗദ്ധികമായ പരിശീലനത്തിന്‍റെ പ്രാധാന്യത്തെപ്പറ്റി വൈദികാര്‍ത്ഥിക്ക്, അവബോധമുണ്ടായിരിക്കണം. ബൈബിള്‍, ആദ്ധ്യാത്മികത, ധാര്‍മ്മികത, കാനന്‍ നിയമം ഇവയില്‍ അവഗാഹമുള്ള ധാരാളം അല്മായര്‍ ഇന്നു നമ്മുടെ സമൂഹത്തിലുണ്ട്. ഇവയെ സംബന്ധിച്ചു സംശയങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കു തൃപ്തികരമായി ഉത്തരം നല്കാന്‍ സാധിക്കണമെങ്കില്‍ ക്ലാസ്സ് നോട്ടുകള്‍ക്കുപരി നിരന്തരമായ ഗ്രന്ഥപാരായണവും ആവശ്യമാണ്.

അജപാലനപരിശീലനത്തില്‍ പ്രധാനമായത് ഈശോയുടെ ജീവിതശൈലി അടുത്ത് അനുകരിക്കുകയാണ്. ഈശോ പറഞ്ഞു: "മനുഷ്യപുത്രന്‍ വന്നിരിക്കുന്നതു ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും സ്വന്തം ജീവന്‍ അനേകര്‍ക്കുവേണ്ടി മോചനദ്രവ്യമായി നല്കാനുമത്രേ" (മര്‍ക്കോ. 10:45). ഇടവകയില്‍ സേവനസന്നദ്ധതയോടെ സംലഭ്യമാവുകയെന്നത് ഒരു രൂപതാ വൈദികന്‍റെ പുണ്യമാണ്. പലപ്പോഴും സ്വര്‍ത്ഥതാത്പര്യങ്ങളും വിശ്രമവും അതിനായി അവഗണിക്കേണ്ടി വന്നേക്കാം. ഈശോയുടെ ബലി ജീവിതത്തില്‍ പങ്കുചേരാന്‍ ലഭിക്കുന്ന അവസരങ്ങളാണ് ഇവയൊക്കെയെന്നു തിരിച്ചറിയാനും സ്വീകരിക്കാനും സാധിക്കുമ്പോള്‍ ഇവയൊന്നും ഭാരമായി അനുഭവപ്പെടില്ല.

(ലേഖകന്‍ 1993-96 കാലയളവിലെ KST ചെയര്‍മാനും 17 വര്‍ഷക്കാലം ആലുവ മംഗലപ്പുഴ സെമിനാരിയിലെ പ്രൊഫസറും ആത്മീയ നിയന്താവുമായിരുന്നു.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org