ഇന്ത്യ വര്‍ഗ്ഗീയതയ്ക്ക് കീഴടങ്ങുമോ?

ഇന്ത്യ വര്‍ഗ്ഗീയതയ്ക്ക് കീഴടങ്ങുമോ?

ഡോ. സുരേഷ് പള്ളിവാതുക്കല്‍ OFM.Cap
എഡിറ്റര്‍, ഇന്‍ഡ്യന്‍ കറന്‍റ്സ്, ഡല്‍ഹി

1975 ജൂണ്‍ 25 രാത്രിയാണ് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധമായ രാത്രി. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി രാജ്യത്തില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ആയിരങ്ങള്‍ തടവിലാക്കപ്പെട്ടു, ജയിലുകളില്‍ അനേകര്‍ പീഢിപ്പിക്കപ്പെട്ടു, അഭിപ്രായ സ്വാതന്ത്ര്യം വിലക്കപ്പെട്ടു, പൗരാവകാശങ്ങള്‍ വെട്ടിക്കുറയ്ക്കപ്പെടുകയും കൂട്ട വന്ധ്യംകരണം ഉള്‍പ്പെടെയുള്ള മനുഷ്യാവകാശലംഘനങ്ങള്‍ അരങ്ങേറുകയും ചെയ്തു. ഇരുപത്തൊന്നു മാസം ദീര്‍ഘി ച്ച അടിയന്തിരാവസ്ഥ ആധുനിക ഇന്ത്യയുടെ ചരിത്രത്തിലെ ഇരുണ്ട അദ്ധ്യായങ്ങളിലൊന്നായി ഗണിക്കപ്പെടുന്നു.

ഇന്ത്യ ഇന്ന് ഒരു അഗ്നിപര്‍വതത്തിന്‍റെ പുറത്താണിരിക്കുന്നത്. കഴിഞ്ഞ നാലു വര്‍ഷംകൊണ്ട് ഈ രാജ്യം ആണ്ടുമുങ്ങിയിരിക്കുന്ന അഗാധഗര്‍ത്തത്തിന്‍റെ ആഴം ഒറ്റനോട്ടത്തില്‍ മനസ്സിലാക്കാം. ഭയാനകമായ അടിയന്തിരാവസ്ഥയുടെ 43 വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ന് ഇന്ത്യ മറ്റൊരു 'അടിയന്തിരാവസ്ഥ' നേരിടുകയാണ്. ഈ അടിയന്തിരാവസ്ഥയാണ് ഒരുപക്ഷേ കൂടുതല്‍ അപകടകരം. കാരണം, ഔദ്യോഗികമായ പ്രഖ്യാപനമില്ല, നീക്കങ്ങള്‍ നിഗൂഢമാണ്, പ്രത്യക്ഷത്തില്‍ നിരുപദ്രവകരവുമാണ്. ഇന്ത്യന്‍ ഭരണഘടനയുടെ പവിത്രതയും ചൈതന്യവും അന്തഃസ്സത്തയും നശിപ്പിക്കുന്നതിനുള്ള ശ്രമങ്ങളാണു നടക്കുന്നത്. പൗരന്മാരുടെ അവകാശങ്ങളും സ്വാതന്ത്ര്യവും ക്രമാനുഗതമായി നിഷേധിക്കപ്പെടുകയോ ചുരുക്കപ്പെടുകയോ ചെയ്യുന്നു. അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും വ്യാജവാഗ്ദാനങ്ങളും കൊണ്ടലങ്കരിച്ച പ്രചാരവേലയാണ് പ്രധാനമന്ത്രി മോദിയും അനുചരന്മാരും വിളമ്പിക്കൊണ്ടിരിക്കുന്നത്. വിലക്കയറ്റം രൂക്ഷമാകുന്നു, രൂപയുടെ മൂല്യത്തകര്‍ച്ച തുടരുന്നു, അതിര്‍ത്തിയില്‍ സംഘര്‍ഷങ്ങള്‍ മുമ്പില്ലാത്തവിധം കൂടുന്നു, വര്‍ഗീയകലാപങ്ങളുണ്ടാകുന്നു, സ്ത്രീസുരക്ഷ പരിതാപകരമായി തുടരുന്നു, കപട സദാചാരഗുണ്ടകള്‍ പിടിമുറുക്കുന്നു: മാധ്യമങ്ങള്‍ മിണ്ടാട്ടം മുട്ടിയിരിക്കുന്നു; മിക്കവയേയും വിലയ്ക്കെടുത്തു കഴിഞ്ഞു, ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കുന്നവയെ അപമാനിക്കുന്നു, കേസുകളില്‍ കുടുക്കുന്നു. തുറന്നു സംസാരിക്കുന്ന ബുദ്ധിജീവികളെയും മനുഷ്യാവകാശപ്രവര്‍ത്തകരേയും സാമൂഹ്യപ്രവര്‍ത്തകരേയും നിരന്തരം ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്യുന്നു. പാവങ്ങളുടെയും പാര്‍ശ്വവത്കൃതരുടേയും പക്ഷത്തു നില്‍ക്കുന്ന സന്നദ്ധസംഘടനകള്‍ക്ക് വിദേശധനസഹായം ലഭിക്കുന്നതു വിലക്കുന്നു. ന്യൂനപക്ഷങ്ങള്‍, വിശേഷിച്ചും മുസ്ലീങ്ങളും ക്രൈസ്തവരും അക്രമങ്ങള്‍ക്കും വിദ്വേഷഭാഷണങ്ങള്‍ക്കും പൈശാചികചിത്രീകരണത്തിനും ഇരകളാക്കപ്പെടുന്നു. ജനങ്ങള്‍ എന്തു വായിക്കണം, എഴുതണം, ധരിക്കണം, കാണണം, തിന്നണം, കുടിക്കണം എന്നതിലെല്ലാം ഫാസിസ്റ്റുകള്‍ തീരുമാനമെടുക്കുന്നു. മാട്ടിറച്ചി തിന്നുന്നുവെന്നാരോപിക്കപ്പെടുന്നവരെ ആക്രമിക്കുന്നതിലോ കൊന്നുകളയുന്നതില്‍ പോലുമോ ഗോസംരക്ഷകര്‍ക്ക് പ്രശ്നമൊന്നുമില്ല.

സ്വതന്ത്രനീതിന്യായസംവിധാനമുണ്ടെന്ന അഭിമാനം ഇന്ത്യയ്ക്കെന്നുമുണ്ടായിരുന്നു. എന്നാല്‍ അടുത്തകാലത്ത് കോടതികളിലേയ്ക്കു നടന്ന നിരവധി നിയമനങ്ങള്‍ പക്ഷാഭേദവും മുന്‍വിധികളും നിറഞ്ഞതാണ്. ജഡ്ജിമാര്‍ ഒത്തുതീര്‍പ്പുകള്‍ക്കു വഴങ്ങുന്നു എന്നതിന്‍റെ വ്യക്തമായ സൂചനയാണ് അടുത്തകാലത്ത് കോടതികളില്‍ നിന്നുണ്ടായ ചില വിധികള്‍.

നോട്ട് റദ്ദാക്കല്‍ രാജ്യത്തു നടന്ന ഒരു വലിയ കൊള്ളയായിരുന്നു, സമ്പന്നര്‍ക്കും ഭരണവര്‍ഗപാര്‍ട്ടിക്കുമാണ് അതിന്‍റെ നേട്ടം കിട്ടിയത്.

സ്ഥിരബുദ്ധിയും മതേതരചിന്തയുമുള്ള ആര്‍ക്കും എളുപ്പത്തില്‍ മനസ്സിലാകും, നമ്മുടെ രാജ്യം ഏതു ദിശയിലേയ്ക്കാണു നീങ്ങുന്നതെന്ന്. അധികാരത്തിലെത്തിയതിന്‍റെ നാലാം വര്‍ഷം കേന്ദ്ര ഗവണ്‍മെന്‍റ് ആഘോഷമായി കൊണ്ടാടിയിരുന്നു. സര്‍ക്കാരിന്‍റെ സാങ്കല്‍പിക വിജയകഥകള്‍ വാര്‍ത്താചാനലുകളിലും പത്രങ്ങളിലും വന്‍പരസ്യങ്ങളായി പ്രത്യക്ഷപ്പെടുകയുണ്ടായി. വ്യാജം വിപണനം ചെയ്തുവെന്നു മാത്രമല്ല, അവ മോദിയെ സര്‍വ വിജയിയായ ഭരണാധിപനായി വാഴ്ത്തുകയും ചെയ്തു.

ന്യൂനപക്ഷങ്ങള്‍ക്കെതിരെ കുരുക്ക് മുറുക്കുന്നു.
"ഹിന്ദുസ്ഥാനിലുള്ള വിദേശവംശങ്ങള്‍ ഹിന്ദു സംസ്കാരവും ഭാഷയും സ്വീകരിക്കുകയോ ഹിന്ദുമതത്തെ ആദരിക്കാന്‍ പഠിക്കുകയോ ചെയ്യണം. ഹിന്ദു രാഷ്ട്രത്തിന്‍റെ ഹിന്ദു വംശത്തെയും സംസ്കാരത്തെയും മഹത്ത്വപ്പെടുത്തുന്ന ആശയങ്ങള്‍ മാത്രമേ അവര്‍ വച്ചു പുലര്‍ത്താവൂ. തങ്ങളുടെ പ്രത്യേകമായ അസ്തിത്വം ഉപേക്ഷിച്ച് ഹിന്ദു വംശത്തില്‍ അവര്‍ ലയിച്ചു ചേരുകയോ ഹിന്ദുരാഷ്ട്രത്തോടു പൂര്‍ണമായി വിധേയപ്പെട്ടു കഴിയുകയോ വേണം. അല്ലെങ്കില്‍ അവര്‍ക്ക് പ്രത്യേക പരിഗണനയുണ്ടാകില്ലെന്നു മാത്രമല്ല യാതൊരു അവകാശങ്ങളും ആനുകൂല്യങ്ങളും ഉണ്ടാകുകയില്ല, പൗരാവകാശങ്ങള്‍ പോലും." ആര്‍.എസ്.എസിന്‍റെ രണ്ടാമത്തെ സര്‍സംഘചാലക് ആയ എം.എസ്. ഗോള്‍വള്‍ക്കര്‍ 'നമ്മുടെ അഥവാ നമ്മുടെ രാഷ്ട്രത്തിന്‍റെ നിര്‍വചനം" എന്ന ഗ്രന്ഥത്തിലെഴുതി.

എട്ടു ദശകങ്ങള്‍ക്കിപ്പുറം ഇപ്പോഴത്തെ സര്‍സംഘചാലക് ആയ മോഹന്‍ ഭഗവത് ഇങ്ങനെ പറയുന്നു, "ഇന്ത്യാക്കാരെ ലോകം മുഴുവന്‍ തിരിച്ചറിയുന്നത് ഹിന്ദുക്കളായാണ്. അതിനാല്‍ ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമാണ്. ഇതു വളരെ ലളിതമായ കാര്യമാണ്. ഇംഗ്ലണ്ടിലെ അധിവാസക്കാര്‍ ഇംഗ്ലീഷുകാരും ജര്‍മ്മനിയിലേത് ജര്‍മ്മന്‍കാരും അമേരിക്കയിലേത് അമേരിക്കക്കാരും ആയിരിക്കുന്നതുപോലെ ഹിന്ദുസ്ഥാനില്‍ ജീവിക്കുന്നവരെല്ലാം ഹിന്ദുക്കളാണ്."

ഈ ഹിന്ദുത്വ വാചാടോപവും 1961-ല്‍ ജവഹര്‍ലാല്‍ നെഹ്രു എഴുതിയതും താരതമ്യം ചെയ്തു നോക്കുക: "ഒരു മതേതര രാഷ്ട്രത്തെ കുറിച്ചാണു നാം ചിന്തിക്കുന്നത്. ഇത് മതത്തിനു എതിരായ എന്തോ ആണെന്നു ചിലര്‍ കരുതുന്നു. അതു ശരിയല്ലെന്നു വ്യക്തമാണ്. എല്ലാ മതങ്ങളേയും തുല്യമായി ആദരിക്കുകയും തുല്യമായി അവസരങ്ങള്‍ നല്‍കുകയും ചെയ്യുന്ന രാജ്യമെന്നാണ് അതിനര്‍ത്ഥം." ഇതാണ് ഭരണഘടനയില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന ഈ രാജ്യത്തിന്‍റെ സ്വഭാവം. ഭരണഘടനാപിതാക്കന്മാര്‍ സ്വീകരിച്ച അസന്നിഗ്ദ്ധമായ നിലപാടാണിത്. വിഖ്യാതരായ രാഷ്ട്രതന്ത്രജ്ഞരുടെ അചഞ്ചലമായ വീക്ഷണം.

ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍, കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതോടെ മതേതരത്വം സംബന്ധിച്ച ഈ പ്രഖ്യാപിത നിലപാട് ത്രിശങ്കുവിലായി. മുസ്ലീങ്ങളേയും ക്രൈസ്തവരേയും അധിക്ഷേപിക്കാന്‍ സംഘപരിവാറിന്‍റെ എല്ലാ തലങ്ങളിലും ബോധപൂര്‍വകവും നിരന്തരവുമായ ശ്രമങ്ങളുണ്ടായി. സമത്വപൂര്‍ണമായ ഒരു നില ഭരണഘടന ഉറ പ്പു നല്‍കിയിരുന്ന രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ ഇന്ന് ഇരകളായി മാറിയിരിക്കുന്നു എന്നതാണ് വര്‍ഗീയാക്രമണങ്ങളുടെ വര്‍ദ്ധിച്ചു വരുന്ന എണ്ണം വ്യക്തമാക്കുന്നത്.

ന്യൂനപക്ഷങ്ങളോട് എങ്ങനെ ഇടപെടുന്നുവെന്നതാണ് ഒരു സംസ്കാരത്തെ വിലയിരുത്തുന്നതിനുള്ള മാര്‍ഗം. മഹാത്മാഗാന്ധിയുടെ സുവ്യക്തമായ നിലപാടായിരുന്നു ഇത്. ന്യൂനപക്ഷങ്ങളെ സമൂഹത്തില്‍ മറ്റെല്ലാവര്‍ക്കുമുള്ള അവകാശങ്ങളും ആനുകൂല്യങ്ങളും നല്‍കി പരിഗണിക്കാതെ ഇന്ത്യയ്ക്ക് ഒരു മഹാസംസ്കാരമാകാന്‍ കഴിയില്ലെന്ന് അദ്ദേഹം വി ശ്വസിച്ചു. ഇതില്‍ നിന്നുള്ള ഏതു വ്യതിചലനവും രാജ്യത്തിനു നല്ലതായിരിക്കില്ല.

വിദ്യാഭ്യാസത്തിന്‍റെ കാവിവത്കരണം
കാവിപ്പാര്‍ട്ടി കേന്ദ്രഭരണത്തി ന്‍റെ കടിഞ്ഞാണേറ്റെടുത്തതോടെ വിദ്യാഭ്യാസത്തിന്‍റെ ലക്ഷ്യത്തിന്‍റെയും തത്ത്വശാസ്ത്രത്തിന്‍റെയും ഗതി പിന്നോട്ടായി. പൗരന്മാരേയും രാജ്യത്തേയും മുന്നോട്ടു കൊണ്ടു പോകുന്നതിനു പകരം പിന്തിരിപ്പന്‍ പ്രത്യയശാസ്ത്രം കുത്തിവയ്ക്കുന്നതിനുള്ള മാധ്യമമായി അതു മാറി. ആര്‍ എസ് എസ് അനുഭാവിയായ ദിനാനാഥ് ബത്രയുടെ പുസ്തകങ്ങള്‍ ബി ജെ പി അധികാരത്തിലുള്ള ഗുജറാത്തിലെയും മധ്യപ്രദേശിലെയും സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കു നിര്‍ബന്ധവായനയ്ക്കുള്ള പുസ്തകങ്ങളാക്കിയത് കാവിഭരണത്തില്‍ വിദ്യാഭ്യാസത്തിന്‍റെ ഗതിയെന്തെന്നു വ്യക്തമാക്കുന്നു.

"വസ്തുതകള്‍ സിദ്ധാന്തവുമായി ചേര്‍ന്നു പോകുന്നില്ലെങ്കില്‍ വസ്തുതകളെ മാറ്റുക." സംഘപരിവാര്‍ സംഘടനകള്‍ക്കു യോജിക്കുന്ന ഒരു വിവാദ ഉദ്ധരണിയാണിത്. ഹിന്ദുത്വ പരിപാടിയുമായി ചേര്‍ന്നു പോകാത്ത ഏതു വസ്തുതകളേയും വളച്ചൊടിക്കുക. സ്കൂള്‍ പാഠപുസ്തകങ്ങള്‍ പുനരവലോകനം ചെയ്യുന്നതു സംബന്ധിച്ച് പൊതുജനങ്ങളില്‍ നിന്നു നിര്‍ദേശങ്ങള്‍ ക്ഷണിച്ച എന്‍ സി ഇ ആര്‍ ടി യ്ക്ക് ആര്‍ എസ് എസ് സംഘടനയായ ശിക്ഷാ സംസ്കൃതി ഉത്ഥാന്‍ ന്യാസ് സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ വസ്തുതകളുടെ വളച്ചൊടിക്കലിനു വ്യക്തമായ ഉദാഹരണമാണ്. ദിനാ നാഥ് ബത്രയാണ് ന്യാസിന്‍റെ മേധാവി. ഹിന്ദി പാഠപുസ്തകങ്ങളില്‍നിന്ന് ഇംഗ്ലീഷ്, ഉറുദു, അറബി വാക്കുകള്‍ മാറ്റുക, മിര്‍സാ ഗാലിബിന്‍റെ ഈരടികളും ചിത്രകാരന്‍ എം എഫ് ഹുസൈന്‍റെ ആത്മകഥയില്‍ നി ന്നുള്ള ഭാഗങ്ങളും മുഗള്‍ ചക്രവര്‍ത്തിമാരെ ദയാലുക്കളായി ചിത്രീകരിക്കുന്ന ഭാഗങ്ങളും 1984-ലെ കലാപങ്ങള്‍ക്കു മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് മാപ്പു പറയുന്നതും ഒക്കെ നീക്കം ചെയ്യണമെന്ന തരത്തിലുള്ള അപഹാസ്യമായ നിര്‍ദേശങ്ങളാണ് ദീനാ നാഥ് ബത്ര ഉന്നയിച്ചിരിക്കുന്നത്.

ചരിത്രത്തിന്‍റെ ഗതിമാറ്റത്തിനു ശ്രമിക്കുന്നവരില്‍ ഒറ്റയ്ക്കല്ല ബത്ര. ബി ജെ പി അധികാരത്തിലുള്ള നിരവധി സംസ്ഥാന ഗവണ്‍മെന്‍റുകള്‍ ഇതേ കാര്യം ചെയ്യുന്നുണ്ട്. 'ഹിന്ദുത്വയോടും ദേശീയത സംബന്ധിച്ച അതിന്‍റെ ആശയത്തോടും കൂറുള്ള ഒരു യുവതലമുറയെ വാര്‍ത്തെടുക്കുകയാണ്' അവരുടെ ലക്ഷ്യം. ഉദാഹണത്തിനു രാജസ്ഥാനില്‍ പത്താം ക്ലാസിലെ സാമൂഹ്യപാഠപുസ്തകത്തില്‍ പതിനാറാം നൂറ്റാണ്ടിലെ ഹാല്‍ദിഘട്ടി യുദ്ധം സംബന്ധിച്ച വസ്തുതകള്‍ വളച്ചൊടിച്ചു. താജ്മഹലും കുത്തബ് മിനാറും പോലുള്ള ചരിത്രസ്മാരകങ്ങളുടെ ചരിത്രം മാറ്റിയെഴുതാനുള്ള ശ്രമങ്ങളും തുടങ്ങിക്കഴിഞ്ഞു.

മുദ്രാവാക്യങ്ങളുടെ ഭോഷത്തം
മുദ്രാവാക്യങ്ങള്‍ ഭരണത്തിനു പകരമാകുമെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിസ്സാരമായി ജയിച്ചിരിക്കുന്നു. മേക് ഇന്‍ ഇന്ത്യ, സ്റ്റാര്‍ട്ട് അപ് ഇന്ത്യ, സ്റ്റാന്‍ഡ് അപ് ഇന്ത്യ തുടങ്ങിയവ ഈ മുദ്രാവാക്യകലയില്‍ അദ്ദേഹം മികവാര്‍ജിക്കുന്നതിന്‍റെ തെളിവുകളാണ്. ഇത്തരം പൊള്ളയായ മുദ്രാവാക്യങ്ങളില്‍ ജനങ്ങളെ കുരുക്കിയിടാന്‍ എത്രത്തോളം കഴിയുമെന്നതാണ് സംശയാസ്പദമായ കാര്യം.

മോദിയുടെ ആദ്യ പദ്ധതികളിലൊന്നായ സ്വച്ഛ് ഭാരത് അഭിയാന്‍റെ കാര്യമെടുക്കുക. വലിയ ഘോഷത്തോടെ പരിപാടി ഉദ്ഘാടനം ചെയ്യപ്പെട്ട ദല്‍ഹി ഇന്ന് ഏറ്റവും വൃത്തിഹീനമായ നഗരമായി മാറിയിരിക്കുന്നു.

ജന്‍ ധന്‍ യോജനയുടെ കാര്യമെടുക്കാം. നിശ്ചിത സമയത്തിനുള്ളില്‍ 17 കോടി പുതിയ അക്കൗണ്ടുകള്‍ ബാങ്കിംഗ് മേഖലയില്‍ തുറന്നു. പക്ഷേ ഇതില്‍ പകുതി യും പണമില്ലാത്ത അക്കൗണ്ടുകളാണ്. അക്കൗണ്ടുടമകള്‍ക്ക് അതുകൊണ്ട് എന്തു പ്രയോജനമെന്ന് ആര്‍ക്കുമറിയില്ല.

സബ് കാ സാഥ്, സബ് കാ വികാസ് ആയിരുന്നു മറ്റൊരു മുദ്രാവാക്യം. എന്‍.ഡി.എ. ഗവണ്‍മെന്‍റ് അധികാരത്തിലെത്തിയതിനു ശേഷം ഇവിടെ ന്യൂനപക്ഷങ്ങള്‍ അരക്ഷിതത്വം നേരിടുകയാണ്. ബി.ജെ.പി. മന്ത്രിമാരും നിയമനിര്‍മ്മാതാക്കളും കേട്ടുകേള്‍വിയില്ലാത്ത വിധത്തില്‍ ഹിന്ദു മേധാവിത്വ പ്രസ്താവനകള്‍ നടത്തിക്കൊണ്ടിരിക്കുന്നു. മുദ്രാവാക്യങ്ങളുടെ പൊള്ളത്തരം പതിയെ പുറത്തു വന്നുകൊണ്ടിരിക്കുന്നു.

ശാസ്ത്രം കോമാളിത്തമാകുമ്പോള്‍
സഹസ്രാബ്ദങ്ങള്‍ക്കു മുമ്പു തന്നെ ഇന്ത്യയില്‍ പ്ലാസ്റ്റിക് സര്‍ജറിയുണ്ടായിരുന്നുവെന്നതിനു തെളിവാണ് ഗണപതിയെന്നു മോദി പറയുന്നു. റൈറ്റ് സഹോദരന്മാര്‍ വിമാനമുണ്ടാക്കുന്നതിനും സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് വിമാനങ്ങള്‍ നിര്‍മ്മിക്കുകയും പറത്തുകയും ചെയ്യുന്നതിന്‍റെ ശാസ്ത്രം മഹര്‍ഷി ഭരദ്വാജ് ബൃഹദ് വിമാനശാസ്ത്രത്തില്‍ പറഞ്ഞിട്ടുണ്ടത്രെ. ഇതൊക്കെ ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസിന്‍റെ ഭാഗമായിരുന്നു. ഇന്ത്യയാണ് ഇന്‍റര്‍നെറ്റിന്‍റെ ജന്മഭൂമിയെന്നും മഹാഭാരതകാലത്തു തന്നെ ഇന്ത്യയില്‍ ഇന്‍റര്‍നെറ്റ് ഉണ്ടായിരുന്നുവെന്നും ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് അവകാശപ്പെടുന്നു.

ദളിതരും ആദിവാസികളും അക്രമങ്ങള്‍ നേരിടുന്നു
എല്ലാവര്‍ക്കുമൊപ്പം, എല്ലാവര്‍ക്കും വികസനം എന്ന മുദ്രാവാക്യവുമായാണ് ബി.ജെ.പി. അധികാരത്തില്‍ വന്നതെങ്കിലും ഭരണം മുതലാളിമാരെ പിന്തുണയ്ക്കലും പാവപ്പെട്ടവരെ നശിപ്പിക്കലുമായി മാറിക്കഴിഞ്ഞു. മോദി ഭരണത്തിനു കീഴില്‍ ഇന്ത്യയില്‍ ദളിതര്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. രോഹിത് വെമുല ഉദാഹരണം. ദളിതര്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നത് ഞെട്ടിക്കുന്ന സൂചനകളാണ് നല്‍കുന്നത്. ദളിതരെ തങ്ങള്‍ക്കൊപ്പം കാണാന്‍ ഉന്നതജാതിക്കാര്‍ തയ്യാറല്ലെന്നതിനു തെളിവാണിത്.

നോട്ടു റദ്ദാക്കല്‍
കള്ളപ്പണവും വ്യാജനോട്ടും ഒഴിവാക്കപ്പെടേണ്ട കാര്യങ്ങളാണെന്നതില്‍ തര്‍ക്കമില്ല. പക്ഷേ മതിയായ ഒരുക്കവും ആലോചനയും കൂടാതെ ഇങ്ങനെയൊരു ഉഗ്രനടപടി സ്വീകരിച്ചതെന്തിന് എന്നു വിശദീകരിക്കാന്‍ സര്‍ക്കാരിനു സാധിക്കുന്നില്ല. ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കിക്കൊണ്ട് സര്‍ക്കാര്‍ അതിന്‍റെ ഭാഷ്യം ദിനവും മാറ്റിക്കൊണ്ടിരുന്നു. മാധ്യമങ്ങളുടേയും അവയുടെ രാഷ്ട്രീയ യജമാനന്മാരുടേയും വാക്കുകള്‍ വിശ്വസിച്ചുകൊണ്ട് ഇതൊരു ധീരനടപടിയായിരുന്നു എന്നു കരുതുന്നവര്‍ ഇന്നുമുണ്ട്.

വാ തോരാത്ത മോദി: ധ്രുവീകരണ ഭാഷണങ്ങള്‍
മോദിയുടെ കീഴില്‍ തിരഞ്ഞെടുപ്പു പ്രഭാഷണങ്ങള്‍ പാതാളത്തോളം താഴ്ന്നു. ഉന്നതനേതാക്കള്‍ വര്‍ഗീയചുവയുള്ള പ്രസംഗങ്ങള്‍ നടത്തുക വഴിയായി, തിരഞ്ഞെടുപ്പു പോരാട്ടങ്ങളെ വിഷമയമാക്കി. മുമ്പ് രണ്ടാം നിര നേതാക്കളായ യോഗി ആദിത്യനാഥും സാക്ഷി മഹാരാജും ഒക്കെയാണ് വര്‍ഗീയരാഷ്ട്രീയം മുന്‍നിരയില്‍ നിന്നു കളിച്ചിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ. പി. പ്രസിഡന്‍റ് അമിത്ഷായും അവര്‍ക്കൊപ്പം ചേര്‍ന്നതോടെ അന്തരീക്ഷം അനുദിനം കലുഷിതമായിക്കൊണ്ടിരിക്കുന്നു. മുസ്ലീങ്ങളുടെ ഖബര്‍സ്ഥാനിനെയും ഹിന്ദുക്കളുടെ ശ്മശാനത്തെയും പരാമര്‍ശിച്ചു ഉത്തര്‍പ്രദേശില്‍ മോദി പ്രസംഗിച്ചത് തികച്ചും വര്‍ഗീയമായിട്ടായിരുന്നു. റംസാന് വൈദ്യുതി ലഭ്യമാക്കുമെങ്കില്‍ ദീപാവലിക്കും അതുണ്ടാകും എന്ന പ്രഖ്യാപനവും രാജ്യത്ത് വര്‍ഗീയത ആളിക്കത്തിക്കുക എന്ന ലക്ഷ്യത്തോടെയുള്ളതായിരുന്നു. കര്‍ണാടക തിരഞ്ഞെടുപ്പുവേളയിലും മോദിയുടെ ധ്രുവീകരണ പ്രസംഗങ്ങള്‍ ഉണ്ടായി.

കര്‍ഷകര്‍ നിരാശയില്‍
കര്‍ഷകരുടെ വരുമാനം കുത്തനെ ഉയരുമെന്നും 2022-ല്‍ അത് ഇരട്ടിയാകുമെന്നുമാണ് മോദി ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നത്. കൂടിയതു പക്ഷേ അവരുടെ വരുമാനമല്ല, മറിച്ച് ആത്മഹത്യകളുടെ എണ്ണമാണ്. പോലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ എണ്ണവും വര്‍ദ്ധിച്ചു. കര്‍ഷക പ്രക്ഷോഭങ്ങളും വര്‍ദ്ധിച്ചു. കര്‍ഷകരുടെ സമരങ്ങള്‍ കാട്ടുതീ പോലെ പടരുകയാണ്. കാര്‍ഷികോത്പന്നങ്ങളുടെ വില കൂപ്പുകുത്തുന്നു. വിളനാശങ്ങള്‍ കര്‍ഷകരെ കടക്കെണിയിലാക്കുന്നു.

വ്യവസായികളുടെ ആയിരക്കണക്കിനു കോടി രൂപയുടെ വായ്പകള്‍ എഴുതിത്തള്ളാന്‍ മടിയില്ലാതിരുന്ന സര്‍ക്കാര്‍ കര്‍ഷകരുടെ മേല്‍ പിടിമുറുക്കുകയാണു ചെയ്തത്. സമ്പന്നവ്യവസായികളുടെ കടം പിരിച്ചെടുക്കാന്‍ യാതൊരു ഉത്സാഹവും കാണിക്കാതിരുന്ന സര്‍ക്കാര്‍, കര്‍ഷകരുടെ ദുരിതം തീര്‍ക്കുന്നതിനു താത്പര്യമെടുക്കുന്നില്ല.

ഉപസംഹാരം
മറ്റെല്ലാ പൗരന്മാരേയും രണ്ടാം കിടക്കാരായി പരിഗണിക്കുന്ന മതാധിഷ്ഠിതമായ ഒരു ഹിന്ദുരാഷ്ട്രമായി മതേതര ഇന്ത്യയെ മാറ്റിത്തീര്‍ക്കുക എന്നതു ലക്ഷ്യം വച്ചിരിക്കുന്ന ആര്‍.എസ്.എസിന്‍റെ രാഷ്ട്രീയ മുഖമാണ് ബിജെപി.

ബി.ജെ.പി. ഗവണ്‍മെന്‍റ് അധികാരത്തിലെത്തിയതിനു ശേഷം ക്രൈസ്തവര്‍ക്കും ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കുമെതിരായ അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നത് യാദൃശ്ചികമല്ല. എന്നിട്ടും അധികാരത്തിന്‍റെ അപ്പക്കഷണങ്ങള്‍ക്കു വേണ്ടി ഈ പാര്‍ട്ടിയില്‍ ചെന്നടിഞ്ഞിരിക്കുന്ന ചില നേതാക്കള്‍ ഗോവയിലും വടക്കുകിഴക്കനിന്ത്യയിലും കേരളത്തില്‍ പോലും ഉണ്ടെന്നത് ദൗര്‍ഭാഗ്യകരമാണ്. മുസ്ലീങ്ങളോടു പാക്കിസ്ഥാനിലേയ്ക്കു പോകാനും 2021-ല്‍ ഇന്ത്യയെ ക്രൈസ്തവരില്ലാത്ത രാജ്യമാക്കുമെന്നുമെല്ലാം ബി.ജെ.പി. നേതാക്കള്‍ ആക്രോശിക്കുമ്പോള്‍ സ്വാധീനകേന്ദ്രങ്ങളില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും മൃദുവായ ചില ശബ്ദങ്ങള്‍ മാത്രമേ പ്രതിഷേധമായി ഉയരുന്നുള്ളൂ. പക്ഷേ ഭരണഘടനാകല്‍പിതമായ ജനാധിപത്യതത്ത്വങ്ങളും രാജ്യത്തിന്‍റെ മതേതര ഘടനയും സംരക്ഷിക്കപ്പെടുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ദല്‍ഹി ആര്‍ച്ചുബിഷപ് അനില്‍ കുട്ടോ ആവശ്യപ്പെട്ടപ്പോള്‍ വലിയ ശബ്ദകോലാഹലങ്ങളുണ്ടായി. ജനങ്ങള്‍ക്ക് അച്ചേദിന്‍ കൊണ്ടുവരാന്‍ അക്ഷീണം പ്രയത്നിക്കുന്നുവെന്നവകാശപ്പെടുന്ന ഒരു സര്‍ക്കാര്‍ എന്തിനാണ് രാജ്യത്തിന്‍റെ അച്ചേ ദിന്‍നു വേണ്ടി ആര്‍ച്ചുബിഷപ് പ്രാര്‍ത്ഥിക്കുന്നതിനെ ചൊല്ലി ആകുലപ്പെടുന്നത്?

പാര്‍ലിമെന്‍റിന്‍റെ ഇരുസഭകളിലും കേവലഭൂരിപക്ഷമുള്ള ഒരു ബി.ജെ.പി. ഗവണ്‍മെന്‍റ് ഹിന്ദുരാഷ്ട്രസ്ഥാപനത്തിനു വഴിതെളിക്കും. പൗര, മനുഷ്യാവകാശ പ്രവര്‍ത്തകരെ ദേശവിരുദ്ധരായും ക്രൈസ്തവരെ നിര്‍ബന്ധിത മതംമാറ്റക്കാരായും ഒക്കെ ചിത്രീകരിക്കും.

സമാനമനസ്കരും മതേതരവാദികളുമായ എല്ലാവരോടും ചേര്‍ന്ന് ഇതിനെതിരെ പ്രതിരോധ നിര കെട്ടിപ്പടുക്കാനാണു സഭ ശ്രമിക്കേണ്ടത്. ഒരു രൂപതയില്‍ ക്രൈസ്തവര്‍ ആക്രമിക്കപ്പെടുമ്പോള്‍ മറ്റു രൂപതകളോ സന്യാസസഭകളോ പ്രതികരിക്കുകയില്ല. എവിടെയാണു നമ്മുടെ കൂട്ടായ്മ? ക്രൈസ്തവര്‍ക്കെതിരെ മാത്രമല്ല, ദളിതര്‍ക്കും സ്ത്രീകള്‍ക്കും മുസ്ലീങ്ങള്‍ക്കും ഹിന്ദുക്കള്‍ക്കും കുട്ടികള്‍ക്കും എന്നല്ല, ആര്‍ക്കെതിരെയും രാജ്യത്തിന്‍റെ ഏതു ഭാഗത്തും അനീതിയും അക്രമങ്ങളുമുണ്ടായാല്‍ അതിനെതിരെ പ്രതികരിക്കാനും പ്രതിഷേധമുയര്‍ത്തുന്നവരുടെ ഒപ്പം ചേരാനും നമുക്കു സാധിക്കണം. വര്‍ഗീയതയുടെയും വിവേചനത്തിന്‍റെയും സംഭവങ്ങളുണ്ടാകുമ്പോള്‍ നിയമനടപടികള്‍ സ്വീകരിക്കാനും ന്യൂനപക്ഷകമ്മീഷന്‍ പോലുള്ള സംവിധാനങ്ങളെ സമീപിക്കാനും മടിക്കരുത്. വാട്സാപ് ജേണലിസത്തിനും വ്യാജവാര്‍ത്തകള്‍ക്കും ഇരകളാകാതെ യഥാര്‍ത്ഥമായ രാഷ്ട്രീയ വിദ്യാഭ്യാസം കരസ്ഥമാക്കാന്‍ പുരോഹിതര്‍ക്കും കന്യാസ്ത്രീകള്‍ക്കും വിശ്വാസികള്‍ക്കും സാധിക്കണം.

(ദല്‍ഹിയില്‍ നിന്നു പ്രസിദ്ധീകരി ക്കുന്ന ഇന്ത്യന്‍ കറന്‍റ്സ് വാരികയു ടെ ചീഫ് എഡിറ്ററാണ് ലേഖകന്‍)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org