എന്തിനു പന്തിനു പിന്നാലെ ഓടുന്നു?

എന്തിനു പന്തിനു പിന്നാലെ ഓടുന്നു?


ഡോ. പോള്‍ തേലക്കാട്ട്

ലോക ഫുട്ബോള്‍ മത്സരം നടക്കുകയാണ് മോസ്കോയില്‍. ജൂണ്‍ 14-ന് തുടങ്ങി ജൂലൈ 15-ന് അവസാനിക്കുന്ന ഈ ലോകമത്സരങ്ങളില്‍ 32 രാജ്യങ്ങളുടെ ടീമുകള്‍ പങ്കെടുക്കുന്നു. അതിന്‍റെ 64 കളികള്‍ റഷ്യയിലെ 11 പട്ടണങ്ങളിലെ 12 സ്ഥലങ്ങളില്‍ അരങ്ങേറുന്നു.

എനിക്കൊരു അദ്ധ്യാപകനുണ്ടായിരുന്നു, ഫാ. ആന്‍റണി; പല പ്രത്യേകതകളുമുള്ള കൃശഗാത്രന്‍. ഫുട്ബോള്‍ കളി കാണുമ്പോള്‍ പറയും: "ഈ പിള്ളേര്‍ ഒരു പന്തിന്‍റെ പിന്നാലെ ഓടുന്നതെന്തിന്? അവര്‍ക്കു കുറേ പന്തു വാങ്ങി കൊടുത്താല്‍ പ്രശ്നം തീര്‍ന്നില്ലേ?" കേരളത്തിലെ ഒരു കാലഘട്ടത്തിലെ സിനിമകളുടെ പ്രശ്നം നല്ലൊരു മൂന്നാക്കാരനു തീര്‍ക്കാവുന്നതേയുള്ളൂ എന്നു മറ്റൊരുവന്‍ പറഞ്ഞതുപോലെയാണിത്. അച്ചന്‍റെ തീരെ അരസികമായ ഈ പരാമര്‍ശത്തോടു കുട്ടികളായ ഞങ്ങള്‍ പ്രതികരിച്ചില്ല. കേരളത്തിലെ ഗ്രാമങ്ങള്‍ തോറും പട്ടണങ്ങളിലും ഫുട്ബോള്‍ ഭ്രമം ബാധിച്ചിരിക്കുന്നു. കളി താരങ്ങളുടെ ഫ്ളെക്സ് പടവും വച്ച് അവര്‍ ഉഷാറായി ലോക ഫുട്ബോളില്‍ കളിക്കുകയാണ്. വീടുകളില്‍ കുട്ടികളും കാരണവന്മാരും അമ്മമാരും രാത്രി ഉറക്കമൊഴിഞ്ഞു ടിവി പെട്ടിയുടെ മുമ്പില്‍ ചടഞ്ഞിരുന്നു കളി കണ്ടു കളിയില്‍ പങ്കുചേരുന്നു. ഫുട്ബോള്‍ ഭ്രാന്ത് നമ്മെ പിടികൂടിയിരിക്കുന്നു.

ഇതൊരു അത്ഭതമല്ലേ? ഈ കളിയില്‍ ജാതിയില്ല, മതമില്ല, ഗോത്രമില്ല, വര്‍ണവ്യത്യാസമില്ല, രാഷ്ട്രീയമോ ചേരികളോ ഇല്ല. എല്ലാവരും കളിയില്‍ മുഴുകുന്നു, വ്യത്യാസങ്ങള്‍ മറക്കുന്നു. കളി കണ്ടു ശാന്തമായി നാം ഉറങ്ങുന്നു. കളി ശരീരത്തിലും മനസ്സിലും പേറി നാം നടക്കുന്നു. ഇതിനിടയില്‍ നാമേവരും ചോദിക്കുന്നില്ല, എന്തിനീ പന്തിന്‍റെ പിന്നാലെ ഓടുന്നു? നാം എല്ലാം ഈ ഓട്ടക്കാരാണല്ലോ. അരസികന്‍റെ ചോദ്യം നാം ചോദിക്കുന്നില്ല.

പക്ഷേ, ആ ചോദ്യത്തില്‍ ഒരു കുസൃതിയും ഒരു യുക്തിയുമില്ലേ? അതെന്താ? രാവിലെ എട്ടരമണിയായി, മഹാ കുസൃതിക്കാരനായ അഞ്ചാം ക്ലാസ്സുകാരന്‍ ടോമി ഒരു കൂട്ടുകാരനുമായി എന്‍റെ മുറിയുടെ മുമ്പില്‍ പതുങ്ങിനില്ക്കുന്നു. കാര്യം എനിക്കു മനസ്സിലായി. പന്തു വേണം. അത് എന്‍റെ കസ്റ്റഡിയിലാണ്. ഒഴിവുദിവസമാണല്ലോ, പന്തു കിട്ടിയിട്ടു വേണം സ്കൂള്‍പറമ്പില്‍ കളിക്കാന്‍. കളിക്കാര്‍ പറമ്പില്‍ എത്തിയിട്ടുണ്ടാകും. അവരുടെ നേതാവായി കക്ഷി വന്നിരിക്കുന്നതാണ്. ഞാന്‍ പറഞ്ഞു: "രണ്ടു പേരും കൂടി ആ സെമിത്തേരിയിലെ പുല്ലു പറിക്കുക; എന്നിട്ടു തരാം." ആന്‍റു മുമ്പിലേക്കു വന്ന് "നാളെ പറിക്കാം, ഇന്നവധിയാണച്ചോ, പ്ലീസ്." ഞാന്‍ നിശ്ശബ്ദനായി. കുറച്ചു നേരം അവര്‍ തങ്ങിനിന്നു. പിന്നെ രണ്ടും പേരും പോയി. പത്തു മിനിറ്റു കഴിഞ്ഞു വന്നു. "വഴിയിലെ പുല്ലൊക്കെ ഞങ്ങള്‍ പറിച്ചു… ഇനി പ്ലീസ്." ഞാന്‍ പന്തു കൊടുത്തു. അവര്‍ പന്തുമായി ഓടി. പിന്നെ പന്തു തിരിച്ചുവന്നതു പന്ത്രണ്ടു മണിക്കാണ്.

കുട്ടിക്കാലം കളിക്കാലമാണ്. പണി അപ്രിയമാണ്. ഇതു കുട്ടികളുടെ കാര്യം മാത്രമാണോ? പണി വിരസമാണ്, എങ്കിലും ചെയ്യുന്നു. എന്തിന്? കൂലിക്ക്, ഉപജീവനത്തിന്. പക്ഷേ, കളിക്കുന്നതോ? കളിക്കുന്നതു വല്ലതും കിട്ടാനാണോ? കളിക്കുന്നതു കളിക്കാന്‍ വേണ്ടി മാത്രം. പന്തു കളിച്ചിട്ട് ഒന്നും കിട്ടാനില്ല, ചീട്ടുകളിയും നാടകം കളിയും അതുപോലെയാണ്. കളിയില്‍ രസമുണ്ട്, ഹരമുണ്ട്. കാരണം കളി കളിയാണ്. കളിക്കുന്നവനെ കളിയെടുത്തു കളിപ്പിക്കുകയാണ്. കളിക്കാരന്‍ കളിക്കായി തന്നെത്തന്നെ വിട്ടുകൊടുക്കുന്നു. കളി വിശ്രമത്തിന്‍റെയും വിനോദത്തിന്‍റെയും ഭാഗമാണ്. അതു പണിയുടെ ഭാഗമല്ല. പണി മുഷിപ്പിക്കുന്നു, ക്ഷീണിപ്പിക്കുന്നു. പക്ഷേ കളിക്കാന്‍ കഠിനമായി ഓടുകയും ചാടുകയും കായക്ലേശങ്ങള്‍ക്കു വിധേയമാകുകയും ചെയ്യുന്നുണ്ടല്ലോ. ഒരു ഡാന്‍സ് നടത്തുന്ന പെണ്‍കുട്ടികള്‍ ചിലപ്പോള്‍ വിയര്‍ത്തു കളിക്കാറില്ലേ? എന്നിട്ടും അതില്‍ വൈരസ്യമില്ല, വിഷമമില്ല.

കാരണം കളി വെറും കളിയാണ്; അതു കാര്യമല്ല. കാര്യത്തിന്‍റെ ഒരു ഗൗരവവും കളിക്കില്ല. അങ്ങനെയാണോ? പക്ഷേ, നമുക്കതു ഗൗരവമായി തോന്നുന്നില്ല, കളിയായതുകൊണ്ട്. പക്ഷേ കളി എത്ര ഗൗരവത്തോടെ നാം കളിക്കുന്നു? കളികളുടെ കഠിനമായ വ്യവസ്ഥകളും നിയമങ്ങളും നാം പാലിക്കുന്നില്ലേ? അതു തെറ്റിച്ചാല്‍ നാം കലഹിക്കുന്നു. കളി വളരെ ഗൗരവമുള്ളതാണ്, ആ ഗൗരവമാണു കളിയെ കളിയാക്കുന്നത്, നൃത്തം മനോഹരമാക്കുന്നതും, നാടകം ഹൃദ്യമാക്കുന്നതും. പക്ഷേ ഈ ഗൗരവപൂര്‍ണമായ കളിയും വെറും കളിയാണ്. കളിയില്‍ മുഴുകുന്നവര്‍ നേരം പോകുന്നത് അറിയുന്നില്ല. ഒരു മണിക്കൂറിന്‍റെ കളി കടന്നുപോയതു അറിഞ്ഞില്ല. എന്തുകൊണ്ട്? അതില്‍ ഞാന്‍ ആടിരസിക്കുകയാണ്, അവിടെ ഞാന്‍ എല്ലാം മറക്കുന്നു, എന്നെപ്പോലും. സമയബോധവും നഷ്ടമാകുന്നു. കളി എന്നെ വേറൊരു ലോകത്തിലേക്കു കൊണ്ടുപോകുന്നു. അനുദിനജീവിതത്തിന്‍റെ വിരസതയില്‍ നിന്ന് എന്നെ പൊക്കിയെടുത്തു കളിക്കളത്തിലിട്ടു കളിപ്പിക്കുന്നു. ഈ കളിയുടെ സത്ത എന്ത്? പറയാനറിയില്ല. പ്രകൃതി തന്നെ ഒരു ദാനമാണു കളി. മയിലാടുന്നു, കുയില്‍ പാടുന്നു, ആട്ടിന്‍കുട്ടികള്‍ തുള്ളിച്ചാടുന്നു, പെണ്‍കുട്ടികള്‍ അമ്മാനമാടുന്നു. എന്തിന് എന്ന് ആരും ചോദിക്കുന്നില്ല. പട്ടിക്കുട്ടികള്‍ കളിക്കുന്നതു നോക്കൂ. അവ കടിക്കുന്നതായി ഭാവിക്കുന്നു, കടിക്കുന്നില്ല, ഏറ്റുമുട്ടുന്നതായി ഭാവിക്കുന്നു, ഏറ്റു മുട്ടുന്നില്ല. പ്രേമലീലകള്‍ നോക്കൂ. ചിരിയും കളിയും ഓട്ടവും ആട്ടവും പാട്ടും ഒന്നും ഗൗരവമല്ല. ജീവിതത്തിന്‍റെ ഭാരം എവിടെയോ പോകുന്നു. എല്ലാവരും കനംകുറഞ്ഞു പൊങ്ങുതടികളും അപ്പൂപ്പന്‍ താടികളുമാകുന്നു. കളിയുടെ സത്ത എല്ലാ കളികളിലും പ്രകടമാണ്. അതു കേളീവിലാസമാക്കുന്നത് എന്ത് എന്ന രഹസ്യം വിലാസത്തില്‍ മറഞ്ഞിരിക്കുന്നു. ചിരിയുടെ വേരു ചിരിയിലില്ല, നടനത്തില്‍ നാട്യത്തിന്‍റെ ആദി കാണാനില്ല. എന്തിനീ കുട്ടികള്‍ പന്തിന്‍റെ പിന്നാലെ ഓടുന്നു?

എന്തിനാണു ജോസഫ് മേരിയുടെ പിന്നാലെ നടക്കുന്നത്? എന്തിനാണു പശു പ്രസവിക്കുന്നത്? എന്തിനാണു മയിലാടുന്നത്, കുയില്‍ പാടുന്നത്? എന്തിനാണവര്‍ നൃത്തം ചെയ്യുന്നത്? എന്തുകൊണ്ടു വല്യപ്പന്‍ പറമ്പില്‍ മൂളിപ്പാട്ട് പാടി നടക്കുന്നു? എന്തിന് പ്രേമിക്കണം? ഈ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമില്ല. ഉത്തരമുള്ള ചോദ്യങ്ങള്‍ ജീവിതത്തിന്‍റെ കാതലിനെ തൊടുന്നുമില്ല.

ഒരു കളിയും ഒരു പ്രശ്നവും പരിഹരിക്കുന്നില്ല. കളിക്കുവേണ്ടി, വിജയത്തിനുവേണ്ടി, നാം സ്വയം രൂപപ്പെടുത്തുകയാണ്. അതു ജീവിതത്തിന്‍റെ കേളിയഭ്യാസമാണ്. കളി പ്രത്യക്ഷമാക്കുന്നതു പ്രപഞ്ചലീലയാണ്, ജീവിതമാണ്. ജീവിതം കേളി കളിച്ചു തീര്‍ക്കുന്നു. ഒരു കളിയവതരിപ്പിക്കുന്നതുപോലെതന്നെയാണു ജീവിതം. നാടകംപോലെ ജീവിതം; അത് അനുഷ്ഠാനംപോലെ അരങ്ങേറുന്നു. പക്ഷേ, അതു വെറും അഹത്തിന്‍റെ വിലാസമാണോ? നടന്‍ എപ്പോഴും അവതരിപ്പിക്കുന്നതു തന്നെത്തന്നെയാണോ? അത് ആരെയോ ജീവിച്ചുകാണിക്കുകയാണ്. പ്രദക്ഷിണങ്ങള്‍ പ്രദര്‍ശനം മാത്രമല്ല വിശ്വാസജീവിതത്തിന്‍റെ നടനമാണ്.

ഏതു കേളിയും നിയമത്തിന്‍റെ ഗാഢമായ വ്യാകരണത്തില്‍ ചിട്ടപ്പെടുത്തിയിരിക്കുന്നു. ഫുട്ബോള്‍ കളിയില്‍ ഗോളാകണമെങ്കില്‍ പന്തു കൃത്യമായി വര കടക്കണം. അവിടെ ഒരു മില്ലീമീറ്ററിന്‍റെ വ്യത്യാസം ഗോളാക്കുകയോ അല്ലാതാക്കുകയോ ചെയ്യും. കര്‍ക്കശമായ നിയമത്തിന്‍റെ കളിക്കളത്തില്‍ മാത്രമേ കളി സംഭവിക്കൂ. ബാസ്കറ്റ്ബോളില്‍ പന്തു കൈകാര്യം ചെയ്യും, പക്ഷേ, ഫുട്ബോളില്‍ കൈതൊടരുത് കാലുകൊണ്ടു വേണം കലാപരിപാടി. കുട്ടികള്‍ കളിക്കുമ്പോള്‍ വഴക്കു കൂടുന്നത് എപ്പോഴും നിയമപ്രശ്നത്തിലാണ്. അതിനു ഫൗള്‍ എന്നു വിളിക്കുന്നു.

കുട്ടിക്കാലം കളിക്കാലമാണ്; കുട്ടികള്‍ പന്തുകളിച്ചും നൃത്തം ചെയ്തും നാടകം കളിച്ചും പാട്ടുപാടിയും വളരുന്നു. സ്കൂളുകളില്‍ എപ്പോഴും കളികള്‍ക്കു വലിയ പ്രാധാന്യമുണ്ട്. കുട്ടികളെ കളിക്കാന്‍ വിടാതിരിക്കാനാവില്ല. അതാണ് അവരുടെ അനുഗ്രഹീത കാലം. കളിച്ചാണ് അവര്‍ എല്ലാം പഠിക്കുന്നത്. കളിച്ച് എല്ലാം പഠിക്കുന്നു; പ്രഥമവും പ്രധാനവുമായി ജീവിതം പഠിക്കുന്നു. ജീവിതത്തിലും കളിയുടെ പ്രമാണം വ്യാകരണമാണ്, അച്ചടക്കവും ആത്മനിയന്ത്രണവും. കളികള്‍ കുട്ടികളെ പഠിപ്പിക്കുന്നതു ശരീരവും അതിന്‍റെ എല്ലാ വാസനകളും ഏകാഗ്രമാക്കി നിയന്ത്രിക്കാനാണ്. നൃത്തം ചെയ്യാന്‍ പഠിക്കുന്ന കുട്ടി എത്ര സൂക്ഷ്മമായി ശരീരത്തെയും കണ്ണിനെയും വികാരഭാവങ്ങളെയും പരിശീലിപ്പിച്ചു സുന്ദരമായി കേളിയാടുന്നു. കളിയിലെ ഫൗള്‍ ജീവിതത്തിലെ പാതകമാണ്. അതു കളിയും ജീവിതവും തകര്‍ക്കുന്നു. കളിക്കളത്തിലെ വരകള്‍ക്കും റഫറിയുടെ വിസിലുകള്‍ക്കും വഴങ്ങിയേ കളിക്കാനാവൂ. കളിയില്‍ കഠിനമായ നിയമവ്യവസ്ഥയുണ്ട്, അതിന്‍റെ മൂശയില്‍ കളിക്കാരന് തന്‍റെ കഴിവുകളെ ഉരുക്കി പാകപ്പെടുത്തി കളിയുടെ വിലാസം സുന്ദരമായി സൃഷ്ടിക്കണം. കളിയുടെ വ്യാകരണമാണു ജീവിതനിയമങ്ങള്‍.

കളിക്കളത്തില്‍ എല്ലാവരും സമന്മാരും കളിക്കാരുമാണ്. മനുഷ്യമഹത്ത്വത്തിന്‍റെ മഹത്തായ പാഠശാലയാണു കളിക്കളം. വര്‍ഗം, ജാതി, മതം, ഗോത്രം, വര്‍ണം എന്നീ വ്യത്യാസങ്ങളില്ല. ഒരു വലി യ മാനവകുടുംബത്തിന്‍റ സംഭ്രാത്വത്തിലാണു കളികള്‍. കളി എല്ലാവരെയും തുല്യരാക്കുന്നു. അവിടെ സൗഹൃദവും സഹവര്‍ത്തിത്വവും സഹകരണവും അനിവാര്യമാണ്. ജാതി, ഗോത്ര, വര്‍ഗവൈരങ്ങളും ഉച്ചനീചത്വങ്ങളും കളിക്കളത്തിലില്ല. എല്ലാവരും ഒന്നുപോലെ. കളിയിലെ മിടുക്കും ശ്രേഷ്ഠമായ അച്ചടക്കവുമാണു പ്രധാനം.

കളിവേദിയില്‍ സ്വാര്‍ത്ഥര്‍ക്കു സ്ഥലമില്ല. പന്ത് എന്‍റെ സ്വന്തമാക്കി ആര്‍ക്കും കളിക്കാനാവില്ല. ഒറ്റപ്പെട്ടവന്‍റെ മിടുക്കിനു പ്രസക്തിയില്ല. കളി ടീമിന്‍റെയാണ്. സംഘം ചേര്‍ന്നാണു കളി. നൃത്തം ചെയ്യുന്ന പത്തു പേരും ഒരേ താളത്തിലും ലയത്തിലും ആടണം, അവിടെ വ്യക്തികളില്ല, സംഘം മാത്രം. സംഘഗാനവും സംഘനൃത്തവും ടീമിന്‍റെ പോരാട്ടവും എല്ലാം പാരസ്പര്യത്തിന്‍റെയും ഒരേ ലക്ഷ്യത്തിനായുള്ള ഒന്നുചേരലിന്‍റെയും സംഘാതകേളിയാണ്. ഒറ്റയാള്‍ സ്വഭാവം ഒഴിവാക്കണം. പരസ്പരം സഹായിച്ചു പടവെട്ടുകയാണ്. അവിടെ പാരസ്പര്യമാണ് അതിന്‍റെ വിജയരഹസ്യം. ടീം സ്പിരിറ്റിന്‍റെ അഭാവം കളി മാത്രമല്ല ഏതു കല്യാണവും നരകമാക്കും.

കളിയില്‍ മത്സരമുണ്ട്; സാഹസികമായ മുന്നേറ്റങ്ങള്‍ അനിവാര്യമാണ്. പതിനൊന്നു പേര്‍ പതിനൊന്നു പേര്‍ക്കെതിരെ പോരാടുകയാണ്. പരസ്പരം കൈകൊടുത്തു തുടങ്ങുന്നു, അങ്ങനെ അവസാനിക്കുന്നു. എങ്ങനെ മത്സരിക്കണം എന്നതും കളിയാണു പഠിപ്പിക്കുന്നത്. അവിടെ ചതിയും തട്ടിപ്പും പാടില്ല. അതു കളിയെ മാത്രമല്ല, ജീവിതവും നശിപ്പിക്കും. ആക്രമിച്ചു കേറണം, ഗോളടിക്കണം. അതാണു കളിയുടെ ലക്ഷ്യം. സ്വന്തം ഗോള്‍പോസ്റ്റ് പ്രതിരോധിച്ചാല്‍ പോരാ, മറ്റേ ഗോള്‍പോസ്റ്റിലേക്ക് ഇടിച്ചുകയറണം. പക്ഷേ, അവിടെയൊക്കെ ഒരു നിയമമുണ്ട് -Fair Play-നേരായ കളി. അക്രമോത്സുകമായി വാശിയോടെ കളിക്കുമ്പോഴും കളി കുറ്റമറ്റതാകണം. കളിച്ചു വിജയിക്കുക, കളിപ്പിച്ചു വിജയിക്കാന്‍ നോക്കരുത്, കാലുവാരിയും വേണ്ട.

കളികളെല്ലാം വേഷം കെട്ടിയുള്ള കളികളാണ്. കളിയില്‍ മാത്രമല്ല, നടനത്തിലും അനുഷ്ഠാനത്തിലും ചമയവും യൂണിഫോമുമുണ്ട്. വേഷം കെട്ടുമ്പോള്‍ ആള്‍ മാറാട്ടമാണു നടക്കുന്നത്. ജഡ്ജി വേഷം കെട്ടിയാല്‍ അയാള്‍ നീതിയുടെ അവതാരമാകുന്നു. പൊലീസ് ക്രമസമാധാനത്തിന്‍റെ രൂപമാണ്. അവരൊക്കെ തങ്ങള്‍ എന്തിന്‍റെ വേഷം കെട്ടുന്നുവോ അതായി നടിക്കണം. കളിയുടെ വേഷം കെട്ടിയാല്‍ വെറും കളിക്കാരനായി തിമിര്‍ത്താടണം. ഇടുന്ന അങ്കിയോടു കൂറുപുലര്‍ത്തണം. കളിക്കാരന്‍ കച്ചകെട്ടി കളിക്കായി പ്രതിഷ്ഠിതമായവനാണ്. അയാള്‍ വെളിച്ചപ്പാടിനെപ്പോലെ ഉറഞ്ഞുതുള്ളുന്നു. കളിയുടെ വിലാസമായി കളിക്കാരന്‍ കളിക്കുന്നു. അയാളെ നിയന്ത്രിക്കാന്‍ കളിയില്‍ നില്ക്കുന്ന അധികാരിയാണു റഫറി. അയാളാണു വിധിയാളന്‍. ആ വിധി അന്തിമമാണ്. അയാള്‍ ചുവപ്പ്കാര്‍ഡ് കാണിച്ചാല്‍ കളിക്കാരന്‍ കളിക്കാരനല്ലാതാകും. അതിന് ഇടവരുമ്പോള്‍ കളിക്കാരന്‍ മരിക്കുന്നു. അനുസരണവും വിധേയത്വവുമില്ലാതെ ഒരു കളിക്കളത്തിലും കളിക്കാനാവില്ല. ജീവിതവേദിയില്‍ നിന്ന് അത്തരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു.

ഏതു കേളീരംഗത്തും മികച്ചവരാകണം. അങ്ങനെയുള്ളവര്‍ കഠിനമായ ജീവിതവ്യാകരണത്തിനു വിധേയരായി കര്‍ക്കശ്യത്തോടെ ദിനംപ്രതി ജീവിക്കുന്നവരാണ്. നല്ല കളിക്കാരന്‍ അവന്‍റെ ഉറക്കം, വ്യായാമം, ആഹാരം എന്നിവയെ ശ്രദ്ധയോടെ നിയന്ത്രിച്ച് കളിക്കളത്തില്‍ മികവു തെളിയിക്കുന്നവരാണ്. നാലു പ്രാവശ്യം ജിംനാസ്റ്റിക്കില്‍ സ്വര്‍ണമെഡല്‍ നേടിയ റഷ്യയിലെ ഒള്‍ഗ (Olga Karbut) പറഞ്ഞു: "സംശയരഹിതമായി പറയാം സ്പോര്‍ട്സില്‍ ഏറ്റവും വിലപ്പെട്ടതു തന്നെത്തന്നെ കീഴടക്കുന്ന കഴിവാണ്." ഗായകന്‍ ജീവിതത്തിലൊരിക്കലും മദ്യപിക്കാതെയും ഐസ്ഫ്രൂട്ട് കഴിക്കാതെയും ദാനമായി കിട്ടിയ സ്വരം അച്ചടക്കരാഹിത്യത്തില്‍ നശിപ്പിക്കാതിരിക്കാന്‍ നിരന്തരമായ കരുതലോടെ ജീവിക്കുന്നു. ശരീരത്തിന്‍റെ ചില മികവുകളും കളിയുടെ ചില പ്രതിഭാവിശേഷങ്ങളും നിരന്തരമായി പരിശീലിപ്പിച്ചുകൊണ്ടു നടക്കണം എന്നറിയുന്ന കളിക്കാരന്‍ കളിക്കായി സ്വയം സമര്‍പ്പിച്ചവനാണ്… അയാള്‍ കളിക്കുവേണ്ടി എന്തും ബലി ചെയ്യുന്നവനുമാണ്. കളിയില്‍ എപ്പോഴും മെഡലുകള്‍ കിട്ടണമെന്നില്ല. പരാജയങ്ങളും വന്നുചേരും. അമേരിക്കന്‍ ഐക്യനാടുകളില്‍ ഓട്ടമത്സരത്തില്‍ മൂന്നു പ്രാവശ്യം സ്വര്‍ണമെഡല്‍ നേടിയ ജാക്കി (Jackie Joyner-Karsee) പറഞ്ഞു: "സ്പോര്‍ട്സില്‍ കളിക്കുന്ന പെണ്‍കുട്ടികള്‍ എപ്പോഴും സ്വര്‍ണമെഡല്‍ നേടണമെന്നില്ല. നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടാന്‍ എങ്ങനെ ആത്മാഭിമാനത്തോടെ മത്സരിക്കണമെന്നും കഠിനമായി അദ്ധ്വാനിക്കണമെന്നും പഠിക്കുന്നു."

യേശു പറഞ്ഞ ഒരു കഥ ശ്രദ്ധിക്കുക: 'സ്വര്‍ഗരാജ്യം വയലില്‍ ഒളിച്ചുവച്ചിരിക്കുന്ന നിധിക്കു തുല്യം. അതു കണ്ടെത്തുന്നവന്‍ അതു മറച്ചുവയ്ക്കുകയും സന്തോഷപൂര്‍വം പോയി തനിക്കുള്ളതെല്ലാം വിറ്റ് ആ വയല്‍ വാങ്ങുകയും ചെയ്യുന്നു" (മത്താ 13:44). നിധി സ്വന്തമാക്കാന്‍ "സന്തോഷത്തോടെ" എല്ലാം വില്ക്കുന്നു. ത്യാഗവും ബലിയും സന്തോഷപൂര്‍വകമാക്കുന്നതു ലഭിക്കുന്ന കപ്പ് കൈപ്പറ്റുന്ന ചാരിതാര്‍ത്ഥ്യത്തിലാണ്. അത് ഒരു മുഹൂര്‍ത്തത്തിന്‍റെ മാത്രം അനുഭവമല്ല; ജീവിതത്തിലുടനീളമുണ്ട്. വിലപ്പെട്ടതിനുവേണ്ടി പലതും വെടിഞ്ഞപ്പോഴും നിരന്തരം തോറ്റപ്പോഴും പരാജയസാഹചര്യങ്ങള്‍ ഉണ്ടായപ്പോഴും ഒരു സമര്‍പ്പണവും ജീവിതചര്യയും കൈവിടാതെ സ്വപ്നവും പേറി നടക്കുന്നവന്‍റെ കാശിയാത്രയിലുടനീളം ജീവിച്ചതു വിലപ്പെട്ടതിനാണ് എന്ന സായൂജ്യമുണ്ട്. അതു സമര്‍പ്പിതരുടെ പാതയാണ്. അതു സ്നേഹത്തിന്‍റെയും വഴിയാണ്. "കായികാഭ്യാസികള്‍ എല്ലാക്കാര്യത്തിലും ആത്മനിയന്ത്രണം പാലിക്കുന്നു. അവര്‍ നശ്വരമായ കിരീടത്തിനുവേണ്ടിയാണ് അപ്രകാരം ചെയ്യുന്നത്; നാം അനശ്വരമായതിനുവേണ്ടിയും" (1 കൊറി. 9:25) സ്നേഹിക്കുന്നതിനോ സത്യം പറയുന്നതിനോ നീതി നടത്തുന്നതിനോ അവയ്ക്കു പുറമേ ലക്ഷ്യമില്ല. സത്യം ജീവിക്കുന്നവന്‍റെ സായൂജ്യം അതുതന്നെയാണ്. സ്നേഹിക്കുന്നവന്‍റെ സ്വര്‍ഗവും സ്നേഹത്തിലാണ്. ജീവിതം അതിന്‍റെ സകല കേളീവിലാസത്തിലും കളിക്കാരന്‍ നില്ക്കുന്നതു ചാരിതാര്‍ത്ഥ്യത്തിലാണ്, സഫലമീ ജീവിതം. ജീവിതം ഏതോ പന്തിനു പിന്നാലെയുള്ള ഓട്ടമാണ്. പന്തിനു പല പേരുകള്‍ പറഞ്ഞന്നു വരാം. "ഞാന്‍ നന്നായി പൊരുതി, എന്‍റെ ഓട്ടം പൂര്‍ത്തിയാക്കി. വിശ്വാസം കാത്തു. എനിക്കായി നീതിയുടെ കിരീടം ഒരുക്കിയിരിക്കുന്നു" (തിമോ. 2:7).

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org