ക്രൈസ്തവ സഭകളുടെ ദാര്‍ശനിക ഭാവങ്ങളിലെ അപചയങ്ങള്‍

ക്രൈസ്തവ സഭകളുടെ ദാര്‍ശനിക ഭാവങ്ങളിലെ അപചയങ്ങള്‍


അലക്സാണ്ടര്‍ ജേക്കബ് IAS

ക്രിസ്തുമതം കേരളത്തില്‍ വന്നപ്പോള്‍ കേരളത്തിലെ ജനങ്ങള്‍ക്കുണ്ടായിരുന്ന ദര്‍ശനവുമായി താദാത്മ്യം പ്രാപിക്കാനായി ക്രൈസ്തവ സഭ ചില ദര്‍ശനമുഖങ്ങള്‍ സ്വീകരിച്ചു. അതിനെ പാരലലിസം എന്നാണു പറയുന്നത്. കേരളത്തിലെ 60 ശതമാനം ജനങ്ങളും ഭഗവതി ഭക്തരായിരുന്നു. ആ മാതൃ ഭക്തിയുടെ ഭാഗമായി മാതാവിനോടുള്ള ഭക്തിയുടെ ദര്‍ശനം ഇവിടെ ഉണ്ടായി. കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ 50 ശതമാനത്തോളവും മാതാവിനു സമര്‍പ്പിതമാണ്. ഹൈന്ദവരുടെ ഉണ്ണികൃഷ്ണന്‍ എന്ന സങ്കല്‍പത്തിനോടുള്ള പാരലലിസം ക്രൈസ്തവസഭയില്‍ പ്രകടമായത്. ഉണ്ണിയേശു എന്ന സങ്കല്‍പത്തിലാണ്. കേരളത്തിലെ പകുതിയോളം ഗ്രാമങ്ങളില്‍ സര്‍പ്പക്കാവുകള്‍ ഉണ്ടായിരുന്നു. സര്‍പ്പത്തില്‍ ഒരു നിയന്ത്രണം ഉണ്ടാവുക എന്നത് ഹൈന്ദവദര്‍ശനത്തിന്‍റെ ഭാഗമായിരുന്നു. അവിടെ, വളരെ സുന്ദരമായി ക്രൈസ്തവസഭ സെന്‍റ് ജോര്‍ജ് എന്ന സങ്കല്‍പം കൊണ്ടുവന്നു. സര്‍പ്പങ്ങള്‍ക്കു മുകളില്‍ നിയന്ത്രണമുള്ള സെന്‍റ് ജോര്‍ജ്. ക്രൈസ്തവ ദര്‍ശനത്തെ കേരളത്തില്‍ ഉണ്ടായിരുന്ന ആരാധനാ സമ്പ്രദായവുമായി പാരലലിസത്തിലൂടെ സ്വാംശീകരിക്കാനുള്ള ഒരു ശ്രമം നാലാം നൂറ്റാണ്ടു മുതല്‍ ക്രൈസ്തവ സഭ എടുത്തിരുന്നതായി കാണാം.

കേരളത്തിലെ ക്രൈസ്തവ സഭ പതിന്നാലാം നൂറ്റാണ്ടു വരെ ഒറ്റ സഭയായിരുന്നു. എന്നാല്‍ പതിന്നാലാം നൂറ്റാണ്ട് കഴിഞ്ഞതോടുകൂടി സഭ വിഭജിതമാകാന്‍ തുടങ്ങി. പതിന്നാലാം നൂറ്റാണ്ടിനുശേഷം വന്ന ശീശ്മകള്‍ വളരെ വ്യത്യസ്തമായ ദാര്‍ശനീക മുഖം തുറക്കാന്‍ കേരള ക്രിസ്ത്യാനികളെ നിര്‍ബന്ധിതരാക്കി. അത് പോര്‍ച്ചുഗീസുകാര്‍ ഇന്ത്യയിലേക്കു കൊണ്ടുവന്ന ആരാധനാ സമ്പ്രദായവും വിശ്വാസസംഹിതയുമായിരുന്നു. അവര്‍ വളരെ വ്യക്തമായി മലയാളികളുടെ ആരാധനക്രമം പുനഃക്രമീകരിക്കാനായി ശ്രമിച്ചു. അത് വലിയ വിവാദങ്ങളിലേക്കു നയിച്ചു.

ഉദയംപേരൂര്‍ സൂനഹദോസിന്‍റെ സമയത്ത് (1599) കേരളത്തില്‍ മുപ്പതിനായിരം ക്രിസ്ത്യാനികളാണ് ആകെ ഉണ്ടായിരുന്നത്.

കൂനന്‍കുരിശു സത്യം കഴിഞ്ഞതോടുകൂടി അന്നത്തെ രേഖകളില്‍ കാണുന്നത്, കേരളത്തിലെ ക്രിസ്ത്യാനികളുടെ അംഗ സംഖ്യ ഒന്നരലക്ഷത്തോളം എന്നാണ്. അതിനുശേഷമുള്ള നാലഞ്ചു നൂറ്റാണ്ടുകള്‍ കൊണ്ടാണ് നാമിപ്പോള്‍ തൊണ്ണൂറു ലക്ഷത്തിലെത്തിയിരിക്കുന്നത്. ഈ വളര്‍ച്ചയുടെ പന്ഥാവില്‍ നിരവധി വിട്ടുവീഴ്ചകള്‍ക്കും പരിഷ്ക്കാരങ്ങള്‍ക്കും വിധേയമാകേണ്ട സാഹചര്യം നമുക്കുണ്ടായി. അതിലെ വിവാദങ്ങളിലേക്കു കടക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഉദയംപേരൂര്‍ സൂനഹദോസില്‍ 202 രേഖകള്‍ ഒപ്പിട്ടതായി പരാമര്‍ശമുണ്ടെങ്കിലും 183 എണ്ണം മാത്രമേ പ്രസിദ്ധപ്പെടുത്തിയുള്ളൂ. ബാക്കി പോര്‍ച്ചുഗീസ് റിക്കാര്‍ഡുകളില്‍ മാത്രമേയുള്ളൂ. അത് വളരെ ബോധപൂര്‍വം ഉണ്ടാക്കിയ വിവാദമാണ്. ഈ സമയത്ത് കേരളത്തില്‍ ജാതിവ്യവസ്ഥ വളരെ ശക്തമായി പടര്‍ന്നു പന്തലിക്കുകയായിരുന്നു. എട്ടാം നൂറ്റാണ്ടില്‍ കേരളത്തിലേക്കു വന്ന മഹാരാഷ്ട്രിയന്‍ ബ്രാഹ്മണരും എട്ടാം നൂറ്റാണ്ടില്‍ കാദംബ ഡൈനാസ്റ്റി കേരളത്തിലേക്കു പറിച്ചു നട്ട ബ്രാഹ്മണരും ഉള്‍പ്പെട്ട ഒരു ജാതി വ്യവസ്ഥ സംജാതമായി. യഥാര്‍ത്ഥ ദ്രവിഡന്മാര്‍ക്ക് ജാതിവ്യവസ്ഥ ഉണ്ടായിരുന്നില്ല. ഈ ജാതി വ്യവസ്ഥയോട് നാം വിട്ടുവീഴ്ച ചെയ്യേണ്ട പ്രതിസന്ധിയുണ്ടായി. മറ്റൊന്ന് കര്‍ഷകരായ ക്രൈസ്തവര്‍ കച്ചവടക്കാരും വ്യവസായികളും ആകുന്ന ഒരു പരിവര്‍ത്തനവും ഉണ്ടായി. 1484-ല്‍ കച്ചവടത്തിന്‍റെ കുത്തകാവകാശം ക്രിസ്ത്യാനിക്കു കിട്ടി. അങ്ങനെ മാപ്പിള സ്ഥാനം വരവായി. അതിനുശേഷം വൈശ്യന്മാരുടെ രണ്ടാമത്തെ ഗ്രേഡിന് അനുവദിച്ചിരുന്ന തരകന്‍ സ്ഥാനം ക്രൈസ്തവരുടെ ഇടയില്‍ രംഗപ്രവേശം ചെയ്തു. അതോടുകൂടി ആശാരിമാര്‍ക്കും വിശ്വകര്‍മ്മര്‍ക്കും മാത്രം അവകാശപ്പെട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ തലത്തിലേക്കു ക്രിസ്ത്യാനിക്കു പ്രവേശനം കിട്ടി. അവിടെയാണ് പണിക്കര്‍മാരുടെ ഉത്ഭവം. മാപ്പിളസ്ഥാനവും തരകന്‍ സ്ഥാനവും പണിക്കര്‍ സ്ഥാനവും കിട്ടിയതോടുകൂടി കേരളത്തിലെ ജാതിഘടനയില്‍ ക്രിസ്ത്യാനിക്ക് തങ്ങളുടെ സ്ഥാനം തീരുമാനിക്കേണ്ട സാഹചര്യം വന്നു. അപ്പോള്‍ നമ്മുടെ പൂര്‍വീകര്‍ ബ്രാഹ്മണര്‍ വേദം ചേര്‍ന്ന് ക്രിസ്ത്യാനിയായി എന്ന കഥ എഴുതിയുണ്ടാക്കി. ഇത് കേരള ക്രൈസ്തവരുടെ ആദ്യത്തെ തന്ത്രപരമായ പിഴവാണ്. പാവപ്പെട്ടവര്‍ക്കു വേണ്ടിയുള്ള ക്രിസ്തുമതത്തെ പണക്കാരന്‍റെയും ഉന്നതകുലജാതന്‍റെയും ഒരു മതമാക്കി നിര്‍വചിച്ചത് ദാര്‍ശനികമായി ക്രിസ്ത്യാനിക്കു പറ്റിയ അബദ്ധമാണ്. കര്‍ഷകനും സാധാരണക്കാരനും വേണ്ടി ഉണ്ടായതായ ഒരു സുവിശേഷം കച്ചവടക്കാരുടെയും വൈശ്യന്മാരുടെയും ഒരു ദാര്‍ശനീക ഭാവത്തിലേക്കു മാറ്റാന്‍ വേണ്ടിയുള്ള ശ്രമം ഉണ്ടായി. അവിടെയും കേരളത്തിലെ ക്രിസ്തുമതത്തിന് തന്ത്രപരമായ പിഴവു സംഭവിച്ചു. ഇതു രണ്ടും സാന്ദര്‍ഭികമായി നമുക്കു പറ്റിയ അബദ്ധങ്ങളാണ്.

പതിനേഴാം നൂറ്റാണ്ടു കഴിഞ്ഞതോടുകൂടി യൂറോപ്പില്‍നിന്നുള്ള ആധുനിക തത്ത്വശാസ്ത്രങ്ങള്‍ കേരളത്തിലേക്കു വരാന്‍ തുടങ്ങി. ഇവിടെനിന്ന് പാറേമ്മാക്കല്‍ തോമാ കത്തനാര്‍ യൂറോപ്പില്‍ പോയി, യൂറോപ്പില്‍ നിന്ന് ആളുകള്‍ ഇങ്ങോട്ടുവന്നു. അങ്ങനെ രാജ്യാന്തര വ്യവഹാരത്തിന്‍റെ ഭാഗമായി കേരളത്തിലെ ക്രിസ്ത്യാനി ആഗോളവത്കരിക്കപ്പെടേണ്ട സാഹചര്യമുണ്ടായി. അപ്പോള്‍ യുദ്ധകലകളില്‍ ഇടപെടാനുള്ള അവസ്ഥയും ഉണ്ടായി. അവിടെ യോദ്ധാക്കള്‍ക്ക് മനസ്സിലാകുന്ന ഭാഷയിലേക്ക് ക്രിസ്തുമതത്തെ മാറ്റി ദാര്‍ശനികഭാവമുണ്ടാക്കാന്‍ ക്രിസ്ത്യാനി നിര്‍ബന്ധിതനായി. അവിടെയും ക്രിസ്തീയ ദാര്‍ശനീക ഭാവത്തിനു പിഴവുപറ്റി എന്നാണ് എന്‍റെ അഭിപ്രായം. പാവപ്പെട്ടവരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും മതമാണ് ക്രിസ്തുമതം. റോമിലെ അടിമവ്യവസ്ഥയ്ക്കെതിരെ ശക്തമായി യുദ്ധം ചെയ്ത് റോമിന്‍റെ സാമ്രാജ്യത്വത്തെ പരാജയപ്പെടുത്തിയ മതമാണ് ക്രിസ്തുമതം. ആ ക്രിസ്തുമതം കേരളത്തില്‍ ഒരു ദാര്‍ശനീകഭാവം എടുക്കുമ്പോള്‍ അത്തരത്തിലൊരു ദാര്‍ശനികത സ്വീകരിക്കാന്‍ നമ്മള്‍ നിര്‍ബന്ധിതരാകേണ്ടതായിരുന്നു.

നാനൂറുവര്‍ഷം മുമ്പ്, എഴുത്തച്ഛന്‍ ഭാഷാപിതാവായി മലയാളം രൂപപ്പെട്ടുവരുന്ന കാലത്ത് മലയാള ഭാഷയ്ക്ക് അനുയോജ്യമായ ഒരു ദാര്‍ശനികഭാവം നാം കണ്ടെത്തേണ്ടതായിരുന്നു. എന്നാല്‍ ക്രിസ്ത്യാനികള്‍, ഈ മലയാളവുമായി താദാത്മ്യം പ്രാപിച്ച്, നമ്മുടെ ഫിലോസഫി മലയാളത്തില്‍ വിശദീകരിച്ച് ലിറ്റര്‍ജി മലയാളത്തിലാക്കുന്നതില്‍ പരാജയപ്പെട്ടു. കഷ്ടിച്ച് അമ്പതു വര്‍ഷം മുമ്പാണ് ലിറ്റര്‍ജി നമുക്കു മാറ്റാന്‍ കഴിഞ്ഞത്. വേദപുസ്തകം മലയാളത്തിലേക്കു തര്‍ജ്ജമ ചെയ്ത് അതിന്‍റെ ദാര്‍ശനികഭാവമുണ്ടാക്കാന്‍ മലയാളിക്ക് കഴിയേണ്ടതായിരുന്നു. പക്ഷെ വേദപുസ്തകവും മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തിട്ട് 120 വര്‍ഷങ്ങളേ ആകുന്നുള്ളൂ. മലയാളവുമായി താദാത്മ്യം പ്രാപിച്ച് മലയാള ഭാഷയില്‍ നമ്മുടെ ദാര്‍ശനിക ഭാവം പ്രകടിപ്പിക്കാന്‍ നാം മുന്നൂറുകൊല്ലം താമസിച്ചു പോയി. അപ്പേഴേക്കും വ്യത്യസ്ത ഫിലോസഫികള്‍ നമ്മെ സ്വാധീ നിച്ചു. സഭയുടെ ഐക്യം തകര്‍ന്നു. രണ്ടായിരം വിഭജിത സമൂഹമായിട്ടാണ് ക്രിസ്തുമതം ഇന്നു കേരളത്തില്‍ നിലനില്‍ക്കുന്നത്. സഭയുടെ സാമ്പത്തികശക്തി സഭയെ ശക്തിപ്പെടുത്താന്‍ ഉപയോഗിക്കുന്നതിനു പകരം, അതു മുഴുവന്‍ സഭകള്‍ തമ്മിലുള്ള കോടതി വ്യവഹാരങ്ങള്‍ക്കായി നല്കുന്നു. 1743 മുതല്‍ കേസാണ്. 250 കൊല്ലമായിട്ടും കേസു തീര്‍ന്നിട്ടില്ല. വിധവയുടെ ചില്ലിക്കാശു മുഴുവന്‍ വക്കീലുമാര്‍ കൊണ്ടുപോയി. ആ ഐക്യം ഇല്ലാതായത് നമ്മുടെ ദാര്‍ശനീക ഭാവം വികസിക്കുന്നതിന് തടസ്സമായി. നമ്മുടെ ഊര്‍ജ്ജവും പണവും ദാര്‍ശനീകഭാവം വളര്‍ത്തുന്നതിനോ ഗ്രന്ഥങ്ങള്‍ രചിക്കുന്നതിനോ പ്രയോജനപ്പെടുത്തുന്നതിനു പകരം, ഭൂസ്വത്തുക്കളും പള്ളികളും പിടിക്കാനുള്ള ഭാഗമായിട്ടാണു മാറിയത്. ഇത് അപകടകരമായ ഒരു രീതിയിലേക്ക് എത്തി.

പത്തൊമ്പതാം നൂറ്റാണ്ട് അവസാനിക്കുമ്പോഴേക്കും കമ്മ്യൂണിസവും സോഷ്യല്‍ ചിന്താഗതികളും യൂറോപ്പില്‍ നിന്നു മറ്റു പല പ്രവണതകളും കേരളത്തിലേക്കു വന്നു. ഓരോ ദാര്‍ശനിക ഭീഷണികള്‍ ഉണ്ടാകുമ്പോഴും സഭ കാലാകാലങ്ങളില്‍ അതിന്‍റെ ദാര്‍ശനികഭാവം പുനരാവിഷ്ക്കരിക്കാന്‍ സന്നദ്ധമായിരിക്കണം. ഇത്തരത്തില്‍ ഓരോരോ ദാര്‍ശനിക വെല്ലുവിളികള്‍ വന്നപ്പോള്‍ അതിനെ വ്യാഖ്യാനിക്കാന്‍, വിശ്വാസികള്‍ക്ക് വ്യക്തത നല്‍കാന്‍ വേണ്ടിയാണ് കത്തോലിക്കാ സഭയുടെ ഓരോ സൂനഹദോസുകളും കൂടിയിട്ടുള്ളത്. എന്നാല്‍ ഇക്കാര്യത്തില്‍ നമുക്കതിനു കഴിഞ്ഞിട്ടുണ്ടോ എന്നു ചോദിച്ചാല്‍ സഭയ്ക്കെതിരെ നീങ്ങിവന്ന ആ വലിയ പ്രസ്ഥാനങ്ങള്‍ പലതിനെയും വിജയകരമായി പ്രതിരോധിക്കാന്‍, ദാര്‍ശനികമായി പ്രതിരോധിക്കാന്‍ വലിയൊരളവുവരെ നാം പരാജയപ്പെട്ടു എന്നതാണ് സത്യം. ഇരുപതാം നൂറ്റാണ്ട് ആയപ്പോഴേക്കും സഭ അടുത്ത വിട്ടുവീഴ്ച്ചയ്ക്ക് വിധേയമാകേണ്ടി വന്നു. ബ്രിട്ടീഷ് സാമ്രാജ്യത്തിന്‍റെ ഭാഗമായി നിന്ന സഭ അടുത്ത ഘട്ടത്തില്‍ ഒരു ദേശീയതയുടെ മുന്നേറ്റമായി മാറി. ആ സ്വാതന്ത്ര്യസമരത്തിനു മുന്നില്‍ നിന്ന് ദേശീയഭാവം ഉള്‍ക്കൊള്ളുന്ന ഒരു ദാര്‍ശനികഭാവം സഭ ആര്‍ജ്ജിക്കേണ്ടതായിരുന്നു. അതിന്‍റെ ആരംഭത്തില്‍ നമ്മില്‍ പലരും ബ്രിട്ടനോട് കൂറു കാണിച്ചു എന്നതാണു സത്യം. രണ്ടാം ഘട്ടത്തില്‍ മാത്രമാണ് സ്വാതന്ത്ര്യ സമരത്തിന് അനുകൂലമായി കുറേ നേതാക്കളെ സൃഷ്ടിക്കാന്‍ നമുക്കു കഴിഞ്ഞത്.

ഇനി, ഭരണഘടനാ അസംബ്ളി കൂടിയഘട്ടത്തില്‍ സംവരണത്തെപ്പറ്റി ചോദ്യം ഉണ്ടായി. അന്ന് ഫാ. ജെറോം ഡിസൂസയായിരുന്നു ക്രി സ്ത്യാനികളെ പ്രതിനിധീകരിച്ച് ഭരണഘടനാ അസംബ്ളിയില്‍ ഉണ്ടായിരുന്നത്. ക്രിസ്ത്യാനികള്‍ക്ക് സംവരണം വേണോ എന്ന് അംബേദ്കര്‍ ഫാ. ഡിസൂസയോട് നേരിട്ടു ചോദിച്ചു. ഫാ. ഡിസൂസ എഴുന്നേറ്റു പറഞ്ഞു, വേണ്ട ഞങ്ങള്‍ മുന്നാക്ക സമുദായക്കാരാണ്. ഒറ്റ പ്രസ്താവനയിലൂടെ ക്രൈസ്തവരുടെ സംവരണം പോയിക്കിട്ടി. അതിനുശേഷം കഴിഞ്ഞ 70 വര്‍ഷങ്ങളായി ക്രിസ്ത്യാനികള്‍ സംവരണം ലഭിക്കാന്‍ നടക്കുകയാണ്. കിട്ടിയിട്ടില്ല. അന്ന് അപകടകരമായ സമീപനമാണ് ഭരണഘടനാ അസംബ്ലിയില്‍ നാം സ്വീകരിച്ചത്.

ഇരുപതാം നൂറ്റാണ്ട് ആദ്യമായപ്പേഴേക്കും അടിച്ചമര്‍ത്തപ്പെട്ട സമൂഹങ്ങള്‍ സടകുടഞ്ഞെഴുന്നേല്‍ക്കാന്‍ തുടങ്ങി. സാമൂഹിക പരിഷ്ക്കാര പ്രസ്ഥാനങ്ങള്‍ ആരംഭിക്കാന്‍ തുടങ്ങി. അയ്യങ്കാളിയും ശ്രീനാരായണ ഗുരുവുമുള്‍പ്പെടെ പരിഷ്ക്കര്‍ത്താക്കളായ 46 നേതാക്കന്മാരാണ് കേരളത്തില്‍ ഉണ്ടായിരുന്നത്. പിന്നാക്കക്കാര്‍ക്കും മറ്റും മനസ്സിലാകുന്ന രീതിയില്‍ ക്രിസ്ത്യന്‍ ദര്‍ശനങ്ങള്‍ പറഞ്ഞു കൊടുക്കാനും ശ്രമിച്ചു. മാര്‍ ഇവാനിയോസ് തിരുമേനി ആ രംഗത്തു വലുതായി വിജയിച്ചു. ഏതാണ്ട് ഒരു ലക്ഷത്തോളം വരുന്ന നാടാന്മാരെയും ഒരു ലക്ഷത്തോളം വരുന്ന പിന്നാക്ക സമുദായക്കാരെയും ക്രൈസ്തവ ദര്‍ശനങ്ങളിലേക്കു കൊണ്ടുവരുന്നതില്‍ അദ്ദേഹം വിജയിച്ചു. പക്ഷെ സുറിയാനി ക്രിസ്ത്യാനികള്‍ എന്നു പറയുന്ന സഭയില്‍ ഭൂരിപക്ഷവും അവരെ സ്വീകരിക്കാന്‍ തയ്യാറായിരുന്നില്ല. ഞാന്‍ കാണുന്ന കാലത്തു പോലും ചങ്ങനാശ്ശേരി കത്തീഡ്രലിന്‍റെ അപ്പുറത്ത് പുലപ്പള്ളി എന്നൊരു പള്ളി ഉണ്ട്. രാമപുരത്തു ചെന്നാല്‍ പുലപ്പള്ളി പ്രത്യേകമായി കാണാം. ജാതിചിന്തയ്ക്കതീതമായി ചിന്തിക്കേണ്ട ക്രിസ്തുമതം അവരെ പരിവര്‍ത്തിപ്പിച്ചശേഷവും ജാതിയില്‍ മാറ്റി നിറുത്തി. ഇത് ക്രിസ്തുമതത്തിനു പറ്റിയ കാതലായ ഒരു പാളിച്ചയാണ്. ഇരുപതാം നൂറ്റാണ്ടില്‍ അടിച്ചമര്‍ത്തപ്പെട്ട സമൂഹങ്ങളിലേക്ക് ക്രൈസ്തവ ദര്‍ശനങ്ങള്‍ പറഞ്ഞു മനസ്സിലാക്കാനുള്ള സുവര്‍ണാവസരം നഷ്ടപ്പെടുത്തി. മൂന്നര ലക്ഷത്തോളം പേരെ മാറ്റാന്‍ നമുക്കു പറ്റി. പക്ഷെ പിന്നീട് അങ്ങോട്ടുള്ള 60 ലക്ഷം പേരില്‍ ബഹുഭൂരിപക്ഷവും ക്രിസ്ത്യന്‍ ഗ്രാഫില്‍ നിന്നു മാറിപ്പോയി. കാരണം നമ്മുടെ ദര്‍ശനങ്ങള്‍ അവരുടെ ഭാഷയില്‍ വിശദീകരിക്കാന്‍ നമുക്കു കഴിഞ്ഞില്ല എന്നതാണ്.

ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ടെക്നോളജിയുടെ കടന്നുകയറ്റമായി. അത് ക്രൈസ്തവ സഭയ്ക്ക് വളരെ കാതലായ പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. ക്രിസ്ത്യന്‍ സമൂഹം വിദ്യാഭ്യാസപരമായി വളരെ ഉയര്‍ന്നു, അവര്‍ ലോകമെങ്ങും പോയി ജോലി ചെയ്യാന്‍ തുടങ്ങി. 57 ലക്ഷം മലയാളികള്‍ കേരളത്തിനു പുറത്തുപോയി ജോലി ചെയ്യാന്‍ തുടങ്ങി. അതിന്‍റെ ആദ്യത്തെ നിര സൃഷ്ടിച്ചത് ക്രിസ്ത്യാനികളാണ്. സായിപ്പിന്‍റെ ഭാഷയായതു കൊണ്ട് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ പഠിക്കാന്‍ മുസ്ലീങ്ങള്‍ വിസമ്മതിച്ചു. അവര്‍ പുറകോട്ടു പോയി. ഹിന്ദുക്കള്‍ സംസ്കൃത വിദ്യാഭ്യാസത്തിലേക്കു പോകാന്‍ നോക്കി. തത്തുല്യമായി നോക്കുമ്പോള്‍ ആദ്യമായി വിദ്യാഭ്യാസത്തില്‍ മുന്നേറാന്‍ കഴിഞ്ഞത് ക്രിസ്ത്യന്‍ മിഷനറിമാരുടെ പ്രവര്‍ത്തനം കൊണ്ട് ക്രൈസ്തവര്‍ക്കായിരുന്നു. സഭയുടെ ആഗോളവത്കരണം നടന്നപ്പോള്‍ സഭയുടെ ഘടന മാറ്റാന്‍ ക്രിസ്ത്യാനികള്‍ തയ്യാറായില്ല. പഴയ ഇടവകയും പഴയ സണ്‍ഡേസ്കൂളുമൊക്കെ അവര്‍ വച്ചുകൊണ്ടിരുന്നു. ഇപ്പോള്‍ സഭ നേരിട്ടുകൊണ്ടിരിക്കുന്നത് വല്ലാത്ത ഒരു പ്രശ്നമാണ്.

സ്വാതന്ത്ര്യം കിട്ടുമ്പോള്‍ കേരളത്തിലെ ജനസംഖ്യയുടെ ഇരുപത്തൊന്നര ശതമാനം ക്രിസ്ത്യാനികളായിരുന്നു. പക്ഷെ 70 വര്‍ ഷം കഴിഞ്ഞതോടെ ക്രൈസ്തവരുടെ ജനസംഖ്യ പതിനാറര ശതമാനമായി ചുരുങ്ങി. 2040 ആകുമ്പേഴേക്കും ക്രിസ്ത്യാനികള്‍ കേരളജനസംഖ്യയുടെ 8 ശതമാനം മാത്രമേ ഉണ്ടാവുകയുള്ളൂ എന്നു ജനസംഖ്യാ ശാസ്ത്രജ്ഞന്മാര്‍ വളരെ കൃത്യമായി പ്രവചിച്ചു കഴിഞ്ഞിരിക്കുന്നു. അങ്ങനെ നാം കേരള സമൂഹത്തില്‍ അപ്രധാനരായിത്തീരാന്‍ പോകുകയാണ്. ഇവിടെയാണ് നാം നേരിടേണ്ടതായ കാതലായ പ്രശ്നം. കേരളത്തിലെ ക്രൈസ്തവരെ ദാര്‍ശനികമായി വിശ്വാസത്തില്‍ ഒരുമിച്ചു നിറുത്താന്‍, ഇടവക സങ്കല്‍പത്തെ മാറ്റിയെടുക്കാന്‍ പറ്റിയ ഒരു ദാര്‍ശനികഭാവം വികസിച്ചാല്‍ മാത്രമേ കേരള ദാര്‍ശനിക രംഗത്ത് നമുക്കു പിടിച്ചു നില്‍ക്കാന്‍ കഴിയുകയുള്ളൂ. പത്തു ശതമാനത്തില്‍ താഴെ ഒരു സമുദായം പോയാല്‍ സംസ്ഥാനത്തിന്‍റെ തീര്‍പ്പു കല്‍പ്പിക്കുന്ന തലങ്ങളില്‍ പോലും നമുക്കു യാതൊരു സ്ഥാനവുമില്ലാതാകും. ഇതു വളരെ പരിശ്രമിച്ച് നാം മാറ്റിയെടുത്തേ പറ്റൂ. ഭൂരിപക്ഷം ഇടവകകളിലും കുടുംബങ്ങളിലെ അംഗസംഖ്യ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. കുടുംബാസൂത്രണം കൊണ്ടു മാത്രമല്ല, രാജ്യാന്തര കുടിയേറ്റവും അതിനു കാരണമാണ്. യുവാക്കന്മാര്‍ പള്ളിയില്‍ വരുകയും സണ്‍ഡേ സ്കൂളില്‍ വരുകയും ചെയ്യുന്ന സാഹചര്യം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. രാത്രിയില്‍ ദിവ്യബലി വച്ചാല്‍ അതില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കുറയുന്നു. ഇത് വൈദികര്‍ പറയുന്ന പരാതിയാണ്. അതിനാല്‍ നമ്മുടെ ദാര്‍ശനികതയെ വളരെ ഭംഗിയായി പരുവപ്പെടുത്തി കേരള ദാര്‍ശനികതയില്‍ നമുക്കു മനസ്സിലാകുന്ന വിധത്തില്‍ വ്യാഖ്യാനിച്ചെടുക്കാന്‍ നല്ല ദാര്‍ശനികരെ സൃഷ്ടിക്കേണ്ടത് വളരെ അത്യാവശ്യമാണ്. പതിന്നാലാം നൂറ്റാണ്ടിനു മുമ്പ് കേരളത്തിലെ ഒറ്റ ക്രിസ്ത്യാനിയുടെ പേരും ചരിത്രത്തിലില്ല. കാരണം, മഹാന്മാരായ ആളുകളെ ആ കാലഘട്ടത്തില്‍ നാം സൃഷ്ടിച്ചില്ല. പക്ഷെ കഴിഞ്ഞ ഒരു ആറു വര്‍ഷമെടുത്തിട്ട് രാജ്യാന്തര അംഗീകാരമുള്ള നല്ലൊരു ദാര്‍ശനികനെ കേരളത്തിലെ ക്രൈസ്തവരില്‍ നിന്നു കാണിച്ചു കൊടുക്കാന്‍ പറ്റുമോ? ഇതിനു പരിഹാരം ഉണ്ടാക്കാന്‍ നമുക്കു കഴിയണം. നമുക്കു വന്ന പാളിച്ചകള്‍ തിരുത്തി വരുംതല മുറകള്‍ക്കു വേണ്ടി സമുചിതമായ ദാര്‍ശനികത പരിപോഷിപ്പിക്കാന്‍ നാം പ്രതിജ്ഞയെടുക്കണം.

(പി.ഒ.സി.യുടെ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് നടന്ന പാനല്‍ പ്രബന്ധാവതരണത്തില്‍ നിന്ന്.)

തയ്യാറാക്കിയത്:
ഫ്രാങ്കിളിന്‍ എം.
സീനിയര്‍ സബ് എഡിറ്റര്‍

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org