കേരളസമൂഹത്തെ രൂപപ്പെടുത്തിയ ക്രൈസ്തവ സംഭാവനകള്‍

കേരളസമൂഹത്തെ രൂപപ്പെടുത്തിയ ക്രൈസ്തവ സംഭാവനകള്‍

ഫാ. ഡോ. പയസ് മലേക്കണ്ടത്തില്‍
ചരിത്രവിഭാഗം പ്രൊഫസര്‍, ജെ.എന്‍.യു. ഡല്‍ഹി

സെ. തോമസ് കേരളത്തില്‍ വന്നുവോ ഇല്ലയോ എന്നത് ഈയിടെ വീണ്ടും വലിയ വിവാദമായല്ലോ. 19-ാം നൂറ്റാണ്ടില്‍ തുടങ്ങിയ ചര്‍ച്ചയാണിത്. തോമാശ്ലീഹാ വന്നിട്ടില്ല എന്നതിനും വന്നു എന്നതിനും തെളിവുകളില്ല. എന്നാല്‍ വന്നു എന്നതിനു കൂടുതല്‍ സാദ്ധ്യതാതെളിവുകള്‍ ഉണ്ട്. തോമാശ്ലീഹാ വന്നു എന്നതിനുള്ള ഏറ്റവും പഴയ തെളിവ് ആക്ട്സ് ഓഫ് തോമാസ് ജൂദാസ് എന്ന പുസ്തകമാണ്. മൂന്നാം നൂറ്റാണ്ടില്‍ സുറിയാനിയില്‍ തയ്യാറാക്കപ്പെട്ട ഈ പുസ്തകം പിന്നീട് അറബിയിലേയ്ക്കു പരിഭാഷ ചെയ്യപ്പെട്ടു. നാലാം നൂറ്റാണ്ടില്‍ സെ. ജെറോമും ഔസേബിയൂസും തോമാശ്ലീഹാ ഇന്ത്യയില്‍ വന്നു എന്നു പറയുന്നുണ്ട്. 325-ലെ നിഖ്യാ സൂനഹദോസിലാണ് പല പ്രദേശത്തുനിന്നുമുള്ള ക്രിസ്ത്യാനികള്‍ ഒന്നിച്ചു കൂടുന്നത്. ഓരോ സ്ഥലങ്ങളിലും ക്രിസ്തുമതം രൂപപ്പെട്ടതെങ്ങിനെ എന്ന് പരസ്പരമറിയുന്നത് നിഖ്യയില്‍ വച്ചാണ്. റോമില്‍ ഭൂഗര്‍ഭ അറകളിലാണ് ക്രൈസ്തവര്‍ ഒന്നിച്ചു പാര്‍ത്തിരുന്നത്. 314-ല്‍ കോണ്‍സ്റ്റന്‍റൈന്‍ മതസ്വാതന്ത്ര്യം കൊടുത്തതിനു ശേഷമാണ് അവര്‍ക്കു പുറത്തു വരാന്‍ കഴിഞ്ഞത്. പിന്നീട് 12 വര്‍ഷം കഴിഞ്ഞു നിഖ്യാ സൂനഹദോസ് നടക്കുമ്പോഴാണ് എവിടെ നിന്നൊക്കെയാണു ക്രൈസ്തവര്‍ വരുന്നതെന്നറിയുന്നത്. അന്ന് അതില്‍ പങ്കെടുത്ത ഒരു മെത്രാന്‍ ഇന്ത്യയില്‍ നിന്നാണെന്ന് എഴുതിയിരിക്കുന്നു.

മുസിരിസും അലക്സാണ്ട്രിയായും തമ്മില്‍ വലിയ കച്ചവടങ്ങള്‍ നടന്നിരുന്നതായി ധാരാളം രേഖകള്‍ കിട്ടിയിട്ടുണ്ട്. പട്ടണത്തു നടന്ന ഉത്ഖനനങ്ങള്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുകൊണ്ടു വന്നു. അത്രയും ശക്തമായ കച്ചവടങ്ങള്‍ നടക്കുന്ന ഘട്ടത്തില്‍ ഇന്ത്യ ലോകത്തിന് അജ്ഞാതമായിരുന്നില്ലല്ലോ. ഇവിടെ നിന്നുള്ള കുരുമുളകും മറ്റു ചരക്കുകളും നൈല്‍ വഴി അലക്സാണ്ട്രിയായിലെത്തിച്ച് അവിടെ നിന്നാണ് റോമിലേയ്ക്കു കൊണ്ടുപോയിരുന്നത്. ഇതു സംബന്ധിച്ച് ധാരാളം രേഖകളുണ്ട്. ഈ ഘട്ടത്തില്‍ തോമാശ്ലീഹാ ഇവിടെ വരാനും സുവിശേഷപ്രചാരണം നടത്താനും സാദ്ധ്യതകളേറെയാണ്.

നാലാം നൂറ്റാണ്ടില്‍ സെ. ജെറോം എഴുതിയിരിക്കുന്നത് തോമാശ്ലീഹാ ബ്രാഹ്മണരോടു സുവിശേഷം പ്രസംഗിച്ചുവെന്നാണ്. അന്നു ബ്രാഹ്മണരോടു സുവിശേഷം പ്രസംഗിച്ചിട്ടുണ്ടെന്നു വിശ്വസിക്കുന്നയാളല്ല ഞാന്‍. ഇതു സംബന്ധിച്ച് ധാരാളം ഗവേഷണങ്ങള്‍ നടന്നിട്ടുണ്ട്. വിവാദമുണ്ടാക്കുന്നവര്‍ ഇതൊന്നും വായിച്ചിട്ടില്ല, വായിക്കുന്നില്ല എന്നതാണ് പ്രശ്നം. അനേകര്‍ പല മാനങ്ങളിലൂടെ പല തെളിവുകള്‍ വച്ചുകൊണ്ട് ഇതേ കുറിച്ചെഴുതിയിട്ടുണ്ട്. പക്ഷേ നാം നമ്മുടെ യുക്തി വച്ച് പെട്ടെന്നുള്ള നിഗമനങ്ങളിലേയ്ക്ക് പോകുകയാണ് ചെയ്യുന്നത്. കുറെക്കൂടി ഇതേ കുറിച്ചു വായിക്കുകയും പഠിക്കുകയും ചെയ്യുകയാവശ്യമാണ്.

ആദിമ നൂറ്റാണ്ടുകളില്‍ തന്നെ കേരളത്തില്‍ കടന്നു വന്ന ക്രൈസ്തവികത ഇന്നത്തെ കേരളത്തെ രൂപപ്പെടുത്തുന്നതില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ടെന്നത് നിസ്തര്‍ക്കമാണ്. കേരളത്തില്‍ ക്രിസ്തുവിന്‍റെ സന്ദേശം നല്‍കിയവരും സ്വീകരിച്ചവരും പലരാണ്. തദ്ഫലമായി പലതരം ആത്മീയതകള്‍ ഉണ്ടാകുകയും പല ദൈവശാസ്ത്രങ്ങള്‍ രൂപീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. കേരളത്തിലെ ക്രൈസ്തവികത ബഹുസ്വരമാണ്. ബാഹ്യമായ ആചാരാനുഷ്ഠാനങ്ങള്‍ മാത്രമല്ല ഈ ബഹുസ്വരതയിലുള്ളത്.

അമ്പതു ലക്ഷം ആളുകള്‍ വിശ്വസിക്കുന്ന ഒരു അപ്പസ്തോലിക പാരമ്പര്യം നമുക്കുണ്ട്. അങ്ങനെ വളര്‍ന്നുവന്ന ക്രൈസ്തവികതയുടെ വളര്‍ച്ചയ്ക്ക് നാലാം നൂറ്റാണ്ടുമുതല്‍ പേര്‍ഷ്യന്‍ മിഷണറിമാരുമായുള്ള ബന്ധവും സഹായകരമായി. അവരുമായി ബന്ധപ്പെട്ടാണ് സഭയുടെ ആചാരാനുഷ്ഠാനങ്ങളും ഘടനയുമൊക്കെ വികസിപ്പിച്ചെടുക്കുക. ഒമ്പതാം നൂറ്റാണ്ടു മുതലാണ് പൊതുസമൂഹവുമായി ക്രൈസ്തവസമൂഹം ബന്ധപ്പെട്ടു ജീവിക്കാനാരംഭിച്ചത്.

സപ്പോര്‍, പ്രോത്ത് എന്ന രണ്ടു കച്ചവടപ്രമാണിമാര്‍ സ്ഥാപിച്ച കൊല്ലത്തെ തരിസാപ്പള്ളിക്ക് ചേരരാജാക്കന്മാരുടെ സാമന്തന്‍ ഒരു ചെപ്പേട് കൊടുക്കുന്നുണ്ട്. ഈ ചെപ്പേടില്‍ പറയുന്നത്, ചേരരാജാവ് അതുവരെ ശേഖരിച്ചിരുന്ന കരങ്ങള്‍ പലതും ഇനി രാജാവല്ല, മറിച്ചു തരിസാപ്പള്ളി പിരിച്ചാല്‍ മതി എന്നാണ്. വിദേശകച്ചവടക്കാര്‍ തുടങ്ങിയ പള്ളിയാണ് കരങ്ങള്‍ പിരിക്കേണ്ടതെന്നു ചെപ്പേടില്‍ പറയുന്നു. എന്തിനാണതു ചെയ്യുന്നത്? വിദേശകച്ചവടം കൂടുതല്‍ വരുമ്പോള്‍ രാജാവിനു കുടുതല്‍ കച്ചവടമിച്ചം കിട്ടും. ഇതു രാജാവിനു ശക്തി പകരും. പാണ്ടി രാജാക്കന്മാരുമായി യുദ്ധമുള്ള സമയമാണ്. അവരെ തോല്‍പിക്കാന്‍ വേണ്ടിയുള്ള യുദ്ധസജ്ജീകരണങ്ങള്‍ക്കു കൂടുതല്‍ ധനം വേണം. അതിനു കൂടുതല്‍ വിദേശകച്ചവടക്കാരെ ആകര്‍ഷിക്കാന്‍ വേണ്ടിയാണ് ഇതു ചെയ്തതെന്നാണ് ചരിത്രകാരന്മാര്‍ വിലയിരുത്തുക. പാണ്ടിരാജാക്കന്മാര്‍ വിഴിഞ്ഞം കീഴടക്കി, കൊല്ലം ആക്രമിക്കുന്ന ഘട്ടത്തിലാണ് തരിസാപ്പള്ളിക്ക് സാമ്പത്തികാനുകൂല്യം കൊടുക്കുന്നത്.

1024-ല്‍ രാജസിംഹന്‍ എന്ന രാജാവ് താഴേക്കാടുള്ള മണിഗ്രാമം എന്ന സംഘത്തില്‍പ്പെട്ട രണ്ടു ക്രൈസ്തവ കച്ചവടക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ കൊടുക്കുന്നുണ്ട്. രാജാവിന്‍റെ അധികാരപ്രക്രിയയെ ക്രൈസ്തവകച്ചവടക്കാരുടെ കച്ചവടബന്ധങ്ങളും ധനവും കൂട്ടിച്ചേര്‍ത്ത് ബലപ്പെടുത്തുകയാണു ലക്ഷ്യം. കുടമാളൂര്‍ ഭരണം നടത്തിയിരുന്ന രാജാവ് സ്വന്തം സ്ഥലത്തു പണിതു കൊടുത്തതാണ് കുടമാളൂര്‍ പള്ളി. കടുത്തുരുത്തി രാജാവ് പണിതു കൊടുത്തതാണ് പിറവം പള്ളി. കാഞ്ഞൂരിനടുത്തു വെള്ളാരപ്പള്ളിയില്‍ ജനിച്ചു വളര്‍ന്ന ശക്തന്‍തമ്പുരാന്‍ കൊടുത്ത ആനവിളക്ക് ഇപ്പോഴും കാഞ്ഞൂര്‍ പള്ളിയിലുണ്ട്. ഡച്ചുകാരോടു യുദ്ധം വെട്ടി കൊച്ചി വിട്ട് തൃശൂരില്‍ താമസമുറപ്പിച്ച ശക്തന്‍തമ്പുരാന്‍ ഇരിങ്ങാലക്കുടയിലും ഒല്ലൂരിലും തൃശൂരിലും കുന്ദംകുളത്തും കച്ചവടകേന്ദ്രങ്ങളുണ്ടാക്കിയത് ക്രൈസ്തവരായ കച്ചവടക്കാരെ കൊണ്ടുവന്നു താമസിപ്പിച്ചുകൊണ്ടാണ്. ഫ്രാന്‍സിസ് സേവ്യറിനു സുവിശേഷപ്രവര്‍ത്തനത്തിന് അവസരം ലഭിച്ചത് തിരുവിതാംകൂര്‍ രാജാക്കന്മാര്‍ അനുവദിച്ചതുകൊണ്ടാണ്.

ക്രൈസ്തവികത ഇവിടെ കടന്നുവന്നത് ആകസ്മികമായിട്ടല്ല, ഇവിടെ അതിനെ സ്വീകരിക്കാന്‍ പറ്റുന്ന രാജാക്കന്മാരും ജനങ്ങളും ഉണ്ടായിരുന്നതുകൊണ്ടാണ് എന്ന് ഇതെല്ലാം വ്യക്തമാക്കുന്നു. വെറുപ്പിന്‍റെ പ്രത്യയശാസ്ത്രം പ്രചരിക്കുകയും സംശയത്തിന്‍റെയും ഭീതിയുടെയും അന്തരീക്ഷം വ്യാപിപ്പിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ എങ്ങനെയാണ് ഇന്നലെകളില്‍ ക്രിസ്തുമതം സ്വീകരിക്കപ്പെട്ടത്, ക്രൈസ്തവര്‍ക്ക് വരാന്‍ കഴിഞ്ഞത് എന്നു സൂചിപ്പിക്കാന്‍ വേണ്ടിയാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

പന്ത്രണ്ടാം നൂറ്റാണ്ടില്‍ ചേരസാമ്രാജ്യം തകര്‍ന്നതിനു ശേഷം കൊച്ചി, വടക്കുംകൂര്‍, തെക്കുംകൂര്‍, ആലേങ്ങാട് തുടങ്ങിയ നാട്ടുരാജാക്കന്മാരുടെ സൈന്യങ്ങളില്‍ പ്രധാനഭാഗം നസ്രാണികളായിരുന്നു. കൊച്ചിയില്‍ മൂവായിരവും വടക്കുംകൂറില്‍ രണ്ടായിരവും തെക്കുംകൂറില്‍ രണ്ടായിരവും ക്രിസ്ത്യന്‍ പടയാളികള്‍ പതിനാറാം നൂറ്റാണ്ടിലുണ്ടായിരുന്നുവെന്നാണ് ജെസ്യൂട്ട് വിസിറ്റേറ്ററായ അലക്സാണ്ഡ്രോ വലിഗ്നാനോ 1570 കളില്‍ പറയുന്നത്. ക്രൈസ്തവ കച്ചവടക്കാര്‍, ക്രൈസ്തവ കൃഷിക്കാര്‍, ക്രൈസ്തവസൈന്യം എന്നിവയൊക്കെ ഉണ്ടായിരുന്നു. നാടിന്‍റെ സാമ്പത്തിക, സാമൂഹിക ഘടന സ്ഥാപിക്കുന്നതില്‍ ഇവരെല്ലാം നല്ല പങ്കുവഹിച്ചിരുന്നു. അപ്രകാരമൊരു സ്വീകാര്യത ഉണ്ടായിരുന്ന പശ്ചാത്തലത്തിലാണ് ക്രൈസ്തവികത ഇവിടെ എത്തുകയും പ്രചരിക്കുകയും കുടിയേറ്റം വഴിയും അല്ലാതെയും കൂടുതല്‍ ഉള്ളിലേയ്ക്കുള്ളിലേയ്ക്കു നീങ്ങുകയും ചെയ്തത്.

സ്നേഹം, ക്ഷമ, കരുണ, നീതിബോധം എന്നിങ്ങനെയുള്ള കുറെ മൂല്യങ്ങളാണ് ക്രൈസ്തവികതയുടെ ആണിക്കല്ലായി നിലകൊള്ളുന്നത്. കേരളത്തില്‍ രോഗീശുശ്രൂഷയ്ക്കുള്ളതും അറിവിന്‍റെ വെളിച്ചം കൊടുക്കാനുള്ളതും അനാഥരെ നോക്കാനുള്ളതുമായ പലതരം സംവിധാനങ്ങള്‍ സ്ഥാപിച്ചത് ക്രൈസ്തവികതയുടെ സവിശേഷതയുടെ ഭാഗമായിട്ടുകൂടിയാണ്. 1510-ല്‍ കൊച്ചിയില്‍ വന്നു പോര്‍ട്ടുഗീസു മിഷണറിമാര്‍ സ്കൂള്‍ ആരംഭിച്ചു. 1518-ല്‍ കോളേജ് ആരംഭിച്ചു. 1542-ല്‍ മാദ്രെ ദേവൂസ് പള്ളി മാദ്രെ ദേവൂസ് കോളേജാക്കി മാറ്റി. ഏഷ്യയില്‍ ഏറ്റവുമധികം പുസ്തകങ്ങളുള്ള ലൈബ്രറിയുള്ള കോളേജായി ഇതിനെ പതിനേഴാം നൂറ്റാണ്ടില്‍ പോര്‍ട്ടുഗീസ്, ഡച്ച് യാത്രികരും ചരിത്രകാരന്മാരും പരാമര്‍ശിക്കുന്നുണ്ട്. ഈശോസഭാ കൊല്ലത്തു തുടങ്ങിയ കോളേജും കേരളത്തില്‍ അറിവിന്‍റെ വെളിച്ചം കൊടുത്തു. പതിനാറാം നൂറ്റാണ്ടു മുതല്‍ കേരളത്തില്‍ വിദ്യാഭ്യാസം നല്‍കാന്‍ ക്രൈസ്തവ മിഷണറിമാരുടെ ശ്രമങ്ങളുണ്ട്. 1572-ല്‍ ഹെന്‍റി എന്ന വ്യക്തിയാണ് ക്രിസ്ത്യാനിവണക്കം എന്ന പുസ്തകം തയ്യാറാക്കുന്നത്. ആദ്യത്തെ അച്ചടിക്കുന്ന പുസ്തകമാണ് തമിഴും മലയാളവും കൂടിക്കലര്‍ന്ന ഈ പുസ്തകം. അദ്ദേഹത്തെ സഹായിക്കുന്നത് പേദ്രോ ലൂവീസ് എന്ന കായംകുളംകാരനായ ഒരു ബ്രാഹ്മണനാണ്. അദ്ദേഹം കത്തോലിക്കനാകുകയും പിന്നീട് ജെസ്യൂട്ട് വൈദികനാകുകയും ചെയ്തു. അദ്ദേഹമാണ് മലയാളം അക്ഷരങ്ങള്‍ കൊത്തിയെടുക്കാന്‍ സഹായിച്ചതും അച്ചടിയ്ക്കു മേല്‍നോട്ടം വഹിച്ചതും. ഉദയംപേരൂര്‍ സൂനഹദോസ് കാനോനകളില്‍ പറയുന്നുണ്ട്, വേദപഠനം ഇനി മലയാളത്തില്‍ നടത്തണമെന്ന്. എല്ലാ പള്ളികളോടും ചേര്‍ന്ന് മലയാളത്തില്‍ വേദം പഠിപ്പിക്കാന്‍ അവസരമുണ്ടാകണമെന്നു സൂനഹദോസ് വ്യക്തമാക്കി. ക്രൈസ്തവ ദര്‍ശനങ്ങള്‍ അക്കാലം മുതല്‍ മലയാളത്തിലേയ്ക്കു കൈമാറാന്‍ തുടങ്ങി. അതു മലയാളത്തിന്‍റെ സമ്പത്തായി മാറി. സഭയില്‍ മാത്രമുണ്ടായിരുന്ന നിരവധി പദങ്ങള്‍ മലയാളത്തില്‍ ഉപയോഗത്തിലായി. മേശ, കസേര, തൂവാല, വീഞ്ഞ്, ജനാല തുടങ്ങിയവ പള്ളിയുമായി ബന്ധപ്പെട്ടു മാത്രമുണ്ടായിരുന്നവയും പിന്നീട് മലയാളഭാഷയിലേയ്ക്കു സ്വീകരിക്കപ്പെട്ടതുമായ വാക്കുകളാണ്. അത്തരത്തില്‍ പ്രത്യേകശൈലിയുള്ള മലയാളവും ഉണ്ടായി. ഇത് ഉദയംപേരൂര്‍ സൂനഹദോസിന്‍റെ കാനോനകളിലും കാണാം. അര്‍ണോസ് പാതിരിയും ഗുണ്ടര്‍ട്ടും തയ്യാറാക്കിയ ഗ്രന്ഥങ്ങള്‍ മലയാളത്തെ നവീകരിച്ചതായി ഭാഷാചരിത്രത്തിലേയ്ക്കു കടന്നാല്‍ നമുക്കു കാണാം.

1815-ല്‍ സിഎംഎസ് മിഷണറിമാരായ ബെഞ്ചമിന്‍ ബെയിലി, ഹെന്‍റി ബേക്കര്‍ തുടങ്ങിയവര്‍ സ്കൂളുകളുടെ നീണ്ട നിര തന്നെ മുളന്തുരുത്തി, കോട്ടയം, നിരണം, ചെങ്ങന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സ്ഥാപിച്ചു. സിഎംഎസ് കോളേജും സ്ഥാപിച്ചു. 1864-ല്‍ ചാവറയച്ചന്‍ എല്ലാ പള്ളികളോടും ചേര്‍ന്നു സ്കൂളുകള്‍ ആരംഭിക്കണം എന്നു നിഷ്കര്‍ഷിച്ചതിനെ തുടര്‍ന്നു പൊതുവിദ്യാഭ്യാസം വ്യാപകമാകുകയും അതുവരെ വിദ്യ അഭ്യസിക്കാന്‍ സാധിക്കാതിരുന്നവരൊക്കെ വിദ്യാഭ്യാസത്തിന് അവസരമുള്ളവരാകുകയും ചെയ്തു. ഇതിന്‍റെ ഫലമായി ചങ്ങനാശേരി, എടത്വ, പുളിങ്കുന്ന് തുടങ്ങിയ സ്ഥലങ്ങളില്‍ ആദ്യത്തെ സ്കൂളുകളുണ്ടായി. തൃശൂരില്‍ ഏനാമാവ്, കോട്ടപ്പടി, കൊടുങ്ങല്ലൂര്‍, ചേവൂര്‍, മണലൂര്‍ എന്നീ സ്ഥലങ്ങളിലും സ്കൂളുകളുണ്ടായി. കൊല്ലത്തും തിരുവനന്തപുരത്തും കൊച്ചിയിലും കണ്ണൂരിലും കര്‍മലീത്താ മിഷണറിമാര്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ തന്നെ സ്കൂളുകള്‍ ആരംഭിച്ചു. ജാതിയും മതവും നോക്കിയിട്ടായിരുന്നില്ല ഈ സ്കൂളുകളില്‍ അദ്ധ്യാപകരെ നിയമച്ചതും കുട്ടികളെ ചേര്‍ത്തതും. തൃശൂര്‍ സെ.തോമസ് സ്കൂളില്‍ 1906 ല്‍ 22 അദ്ധ്യാപകരാണ് ഉണ്ടായിരുന്നത്. അതില്‍ 21 പേ രും തമിഴ് ബ്രാഹ്മണരായിരുന്നു. ഒരാള്‍ മാത്രമേ ക്രിസ്ത്യാനിയായി ഉണ്ടായിരുന്നുള്ളൂ. ചങ്ങനാശേരി എസ് ബി ഹൈസ്കൂളില്‍ പ്രധാന അദ്ധ്യാപകന്‍ ഉള്‍പ്പെടെ 6 പേര്‍ തമിഴ് ബ്രാഹ്മണരായിരുന്നു. ആലുവ സെ.മേരീസ് ഹൈസ്കൂളില്‍ 18 അദ്ധ്യാപകരില്‍ പകുതിയും ഹൈന്ദവരായിരുന്നു. ഈ വിവരങ്ങള്‍ കാണിക്കുന്നത്, പിടിയരി പിരിച്ചും ഉത്പന്നപിരിവു നടത്തിയും സ്ഥാപിച്ച സ്കൂളുകളില്‍ ക്രൈസ്തവര്‍ മാത്രമേ പഠിപ്പിക്കാവൂ എന്ന നിശ്ചയം ഉണ്ടായിരുന്നില്ല എന്നതാണ്. നിലവാരമുള്ള വിദ്യാഭ്യാസം നല്‍കുക എന്നതു മാത്രമായിരുന്നു ലക്ഷ്യം.

1930-നും 35-നും ഇടയില്‍ ഇന്നത്തെ ചങ്ങനാശേരി അതിരൂപതാതിര്‍ത്തിയില്‍ 192 സ്കൂളുകളാണ് ആരംഭിച്ചത്. കോട്ടയം രൂപതയില്‍ 36 സ്കൂളുകള്‍. കാഞ്ഞിരപ്പള്ളി, പാലാ രൂപതകളുടെ പ്രദേശത്ത് 110 സ്കൂളുകളും കോതമംഗലം രൂപതയില്‍ 56 സ്കൂളുകളും സ്ഥാപിതമായി. തൃശൂരിലും നൂറ്റമ്പതിലേറെ സ്കൂളുകളുണ്ടായി. 1917 തൃശൂരില്‍ സെ.തോമസ് കോളേജും 1922-ല്‍ ചങ്ങനാശേരിയില്‍ സെ. ബര്‍ക്കുമാന്‍സ് കോളേജും തിരുവനന്തപുരത്തു മാര്‍ ഇവാനിയോസ് കോളേജും സ്ഥാപിതമായി. ഈ സ്ഥാപനങ്ങളില്‍ പഠിക്കാന്‍ വന്നവരില്‍ 25 മുതല്‍ 40 ശതമാനം വരെ ഹൈന്ദവവിദ്യാര്‍ത്ഥികളായിരുന്നു. ക്രിസ്ത്യാനികള്‍ക്കു മാത്രം പഠിക്കാന്‍ വേണ്ടിയോ ക്രിസ്ത്യാനികള്‍ക്കു മാത്രം പഠിപ്പിക്കാന്‍ വേണ്ടിയോ തുടങ്ങിയ സ്ഥാപനങ്ങളായിരുന്നില്ല ഇവ. സമൂഹവുമായുള്ള സഹവര്‍ത്തിത്വത്തിലാണ് സഭ ഇവ സ്ഥാപിച്ചതും നടത്തിയതും.

ഈ ഘട്ടത്തില്‍ സഭയില്‍ തുടങ്ങിയ ചില പ്രധാന സന്യാസസഭകള്‍ വിദ്യാഭ്യാസമാണ് അവരുടെ പ്രധാന കാരിസമായി എടുത്തിരുന്നത്. 1866-ല്‍ തുടങ്ങിയ കര്‍മലീത്താ സഭ, 1888-ല്‍ തുടങ്ങിയ ക്ലാരസഭ, 1908-ല്‍ തുടങ്ങിയ ആരാധനാസഭ, 1914-ല്‍ തുടങ്ങിയ തിരുഹൃദയസഭ തുടങ്ങിയവയുടെയെല്ലാം പ്രധാന ലക്ഷ്യം വിദ്യാഭ്യാസമായിരുന്നു. സമൂഹപാര്‍ശ്വങ്ങളില്‍ കിടന്നിരുന്ന സമൂഹങ്ങള്‍ക്കെല്ലാം മുഖ്യധാരയിലേയ്ക്കു കടന്നുവരാന്‍ ഈ പ്രവര്‍ത്തനം സഹായിച്ചു.

1911-ല്‍ ഇംഗ്ലീഷ് അക്ഷരാഭ്യാസമുള്ള ക്രിസ്ത്യാനികളുടെ എണ്ണം 10,129 ആയിരുന്നെങ്കില്‍ 1921 -ല്‍ 24,051 ആയി വര്‍ദ്ധിക്കുകയും 1929-ല്‍ 27,196 ആയി കൂടുകയും ചെയ്തു. ഇന്നു കേരളത്തില്‍ കാണുന്ന വിദ്യാഭ്യാസമികവിന്‍റെ തുടക്കം ഈ ഘട്ടത്തില്‍ നിന്നാണ്.

ക്രൈസ്തവികത കേരളസമൂഹത്തില്‍ അനുഭവവേദ്യമാക്കിയ മറ്റൊരു തലം രോഗീശുശ്രൂഷയുടേതാണ്. പോര്‍ട്ടുഗീസുകാരുടെ കാലത്ത് കൊച്ചിയില്‍ മൂന്നു ആശുപത്രികളുണ്ടായിരുന്നു. കൊല്ലത്തുമുണ്ടായിരുന്നു. പുതിയ ചികിത്സാരീതികള്‍ കേരളത്തിലെത്തുന്നത് 1920 നു ശേഷമാണ്. ഒന്നാം ലോകമഹായുദ്ധത്തില്‍ ഉപയോഗിച്ച് ഫലപ്രദമെന്നു കണ്ട മരുന്നുകള്‍ കേരളത്തിലേയ്ക്കെത്തി. അതുവരെ മാറ്റാന്‍ കഴിയാതിരുന്ന വസൂരി, കോളറ തുടങ്ങിയ രോഗങ്ങള്‍ ബാധിച്ച സ്ഥലങ്ങളിലേയ്ക്ക് ഈ മരുന്നുകളെത്തി. യൂറോപ്പില്‍ പഠിക്കാന്‍ പോയ പല അച്ചന്മാരും രോഗീശുശ്രൂഷയ്ക്കുവേണ്ടി ഇവിടെ സന്യാസസമൂഹങ്ങള്‍ തുടങ്ങി. ഒരു കാരിസവും പ്രേഷിതമേഖലയും രൂപപ്പെട്ടു വന്നു. 1927 ല്‍ ഫാ. വര്‍ഗീസ് പയ്യപ്പിള്ളി തുടങ്ങിയ എസ്ഡി സന്യാസസമൂഹം. 1928-ല്‍ തുടങ്ങിയ സിസ്റ്റേഴ്സ് ഓഫ് സെ. ജോസഫ്, പഞ്ഞിക്കാരനച്ചന്‍ തുടങ്ങിയ ധര്‍മ്മഗിരി സിസ്റ്റേഴ്സ്, അസീസി സിസ്റ്റേഴ്സ് ഓഫ് മേരി മാഗ്ദലിന്‍ തുടങ്ങിയവയുടെയൊക്കെ പ്രധാനകാരിസവും പ്രവര്‍ത്തനവും രോഗീശുശ്രൂഷയും അനാഥരുടെ പരിപാലനവും അഗതികളുടെ സേവനവുമായിരുന്നു. അതായത് ഒരു റീ ഓറിയന്‍റേഷന്‍ നടന്നു. ഈ സമയത്താണ് മലബാറിലേയ്ക്കും മറ്റ് ഉള്‍പ്രദേശങ്ങളിലേയ്ക്കും കുടിയേറ്റങ്ങള്‍ നടക്കുന്നത്. കുടിയേറ്റഗ്രാമങ്ങളില്‍ രോഗങ്ങള്‍ പടരുന്ന ഘട്ടങ്ങളില്‍ ഈ മരുന്നുകളാണ് ആശ്വാസം പകര്‍ന്നത്. ഈ മരുന്നുകള്‍ എത്തിയതോടുകൂടിയാണ് മലമ്പനി, മലേറിയ, വസൂരി, ചൂടുപനി, കോളറ, കുഷ്ഠം തുടങ്ങിയ രോഗങ്ങള്‍ക്ക് അറുതി വന്നത്. ഒരു ആരോഗ്യസമൂഹമായി കേരളത്തെ നിര്‍മ്മിക്കുന്നതില്‍ കന്യാസ്ത്രീസമൂഹവും മിഷണറിമാരും വലിയ പങ്കാണു വഹിച്ചത്. പലരും ഇതിനിടയില്‍ മരിച്ചിട്ടുണ്ട്. ഇങ്ങനെ മരിച്ചവരുടെ ത്യാഗത്തിന്‍റെ ചരിത്രം കൂടി ചേരുമ്പോഴാണ് കേരളസമൂഹത്തിന്‍റെ ചരിത്രമായി മാറുന്നത്. സഹിക്കുകയും ജീവന്‍ സമര്‍പ്പിക്കുകയും മലമ്പനിയോടും വസൂരിയോടും മല്ലടിക്കുകയും ചെയ്ത ഒത്തിരി കന്യാസ്ത്രീകളുടെയും മിഷണറിമാരുടേയും ചരിത്രം കേരള ചരിത്രത്തിന്‍റെ ഭാഗമാണ്.

1930-ല്‍ കോതമംഗലത്തും 34 -ല്‍ അങ്കമാലിയിലും 42-ല്‍ ചേര്‍ത്തലയിലുമൊക്കെ കുഷ്ഠരോഗാശുപത്രികള്‍ തുടങ്ങിയതു സഭയാണ്. തൃശൂരിലെ ജൂബിലിയും എറണാകുളത്തെ ലിസിയും ലൂര്‍ദും തിരുവല്ലയിലെ പുഷ്പഗിരിയും ഒക്കെ കേരളത്തിലെ സാധാരണക്കാരുടെ ആരോഗ്യപരിരക്ഷ ഉറപ്പാക്കിയ സ്ഥാപനങ്ങളാണ്. രോഗനിവാരണത്തിനുവേണ്ടി കേരളത്തില്‍ സ്വജീവന്‍ അവഗണിച്ചു കഠിനാദ്ധ്വാനം ചെയ്ത സന്യസ്തരെ കാരുണ്യത്തിന്‍റെ പ്രതീകമായിട്ടാണ് വലിയ വിഭാഗം ജനങ്ങളും കണ്ടിരുന്നത്. സഭയുടെ മുഖം കാരുണ്യത്തിന്‍റെ മുഖമായി കാണപ്പെട്ടു.

പരസ്പരബന്ധിതമായ കേരളസമൂഹത്തില്‍ ക്രിസ്ത്യാനി ഒരു ദ്വീപായി നിന്നില്ല എന്നതാണു മറ്റൊരു കാര്യം. കേരളത്തില്‍ സ്വാതന്ത്ര്യസമരം തുടങ്ങുന്നത് 1891-ല്‍ കേരള മെമ്മോറിയല്‍ തയ്യാറാക്കുന്നതോടുകൂടിയാണ്. 10,037 പേര്‍ ജി.വി. കൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ ഒരു നിവേദനമുണ്ടാക്കി തിരുവിതാംകൂര്‍ ദിവാനു കൊടുത്തു. അതില്‍ ക്രൈസ്തവരുടെ പങ്കാളിത്തം ഉറപ്പാക്കാനായി നിധീരിക്കല്‍ മാണിക്കത്തനാര്‍ മുന്‍കൈയെടുത്തു.

സമത്വബോധം ക്രിസ്തുമതത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ആശയങ്ങളിലൊന്നാണ്. അതു കേരളത്തില്‍ കൊണ്ടുവരുന്നതില്‍ ക്രിസ്തുമതം പങ്കുവഹിച്ചു. 1918-ലെ സിവില്‍ റൈറ്റ്സ് ലീഗ് ഉണ്ടാക്കിയത് ക്രൈസ്തവരും ഈഴവരും മുസ്ലീങ്ങളും ചേര്‍ന്നാണ്. അതിന്‍റെ പ്രസിഡന്‍റായ ഇജെ ജോണ്‍ പറഞ്ഞിരുന്നു, "ഇന്നുള്ള ജനസംഖ്യയില്‍ വെറും 20 ശതമാനത്തിനു മാത്രമേ പൗരാവകാശം ലഭിക്കുന്നുള്ളൂ, ബാക്കിയുള്ളവര്‍ക്കു നിഷേധിക്കപ്പെട്ടിരിക്കുന്നു, അവര്‍ക്കു കൂടി വേണം" എന്ന്. റവന്യൂ വകുപ്പിലെ ജോലികളൊന്നും ക്രൈസ്തവര്‍ക്കും ഈഴവര്‍ക്കും മുസ്ലീങ്ങള്‍ക്കും കിട്ടുന്നില്ലെന്നും അത് ദേവസ്വം കൂടി ആ വകുപ്പില്‍ ഉള്‍പ്പെടുത്തിയതുകൊണ്ടാണെന്നും ദേവസ്വം വിഭജിക്കണമെന്നും അവരാവശ്യപ്പെട്ടു. 1927-ല്‍ ദേവസ്വം വിഭജിക്കുകയും ചെയ്തു. 1932 മുതല്‍ 36 വരെയുള്ള വര്‍ഷങ്ങളില്‍ നടന്ന നിവര്‍ത്തന പ്രക്ഷോഭത്തിന് ഐസി ചാക്കോ, എംഎം വര്‍ക്കി, എജെ ജോണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ക്രൈസ്തവര്‍ക്ക് അസംബ്ലിയില്‍ ജനസംഖ്യയ്ക്ക് ആനുപാതികമായ പങ്കാളിത്തം കിട്ടണമെന്ന് അവരാവശ്യപ്പെട്ടു. ജോലിയവസരങ്ങളിലും സമത്വം ആവശ്യപ്പെട്ടു. പ്രക്ഷോഭം അവസാനിക്കുമ്പോള്‍ ജോലികളില്‍ 40 ശതമാനം പിന്നാക്കവിഭാഗക്കാര്‍ക്കായി സംവരണം ചെയ്യുകയുണ്ടായി. നിയമസഭയിലേയ്ക്കുള്ള സീറ്റുകളിലും വര്‍ദ്ധനവുണ്ടായി.

വൈക്കം സത്യാഗ്രഹം തുടങ്ങുന്നത് കോണ്‍ഗ്രസിന്‍റെ ആന്‍റി അണ്‍ടച്ചബിള്‍നെസ് കമ്മിറ്റിയുടെ കണ്‍വീനറായ ജോര്‍ജ് ജോസഫാണ്. ക്ഷേത്രപ്രവേശനത്തിനുവേണ്ടിയുള്ള സമരമായിരുന്നല്ലോ അത്. ക്രിസ്ത്യാനി മുന്നില്‍ നിന്ന് ഇങ്ങനെയൊരു സമരം നടത്തിയാല്‍ അതു തെറ്റായി വ്യാഖ്യാനിക്കപ്പെടുമെന്നു പറഞ്ഞു ജോര്‍ജ് ജോസഫ് മാറണമെന്നാവശ്യപ്പെട്ടതു ഗാന്ധിജിയാണ്. അങ്ങനെ അതിന്‍റെ നേതൃത്വം ടി.കെ. മാധവനും കെ.പി. കേശവമേനോനും കൊടുക്കുകയായിരുന്നു. സ്വാതന്ത്ര്യസമരത്തിന്‍റെ ഭാഗമായി സമത്വചിന്ത കേരളത്തില്‍ വ്യാപകമാക്കാന്‍ ക്രൈസ്തവികതയ്ക്കു സാധിച്ചു.

സമ്പദ്ഘടനയിലും ക്രൈസ്തവരുടെ സംഭാവനകളുണ്ടായി. 1903-ല്‍ തുടങ്ങിയ അമ്പലപ്പുഴ ക്രിസ്ത്യന്‍ ബാങ്ക്, തയ്യില്‍ ബാങ്ക്, കൊല്ലം ബാങ്ക്, തിരുവല്ല ബാങ്ക് എന്നിവയെല്ലാം വലിയ സംഭാവനകളാണു ചെയ്തത്. 1937-ല്‍ തുടങ്ങിയ ട്രാവന്‍കൂര്‍ ക്വയിലോണ്‍ നാഷണല്‍ ബാങ്ക് പ്രധാനപ്പെട്ടതാണ്. ചിട്ടിക്കമ്പനികളായി തുടങ്ങിയ പലതും ബാങ്കുകളായി രൂപപ്പെട്ടു വന്നിരുന്നു. 1922-ലെ കാത്തലിക് ഓറിയന്‍റ് ബാങ്ക്, 1929-ലെ സൗത്ത് ഇന്ത്യന്‍ ബാങ്ക്, 1927-ലെ മാര്‍ത്തോമ്മാ സിറിയന്‍ ബാങ്ക്, 1929-ലെ കാത്തലിക് സിറിയന്‍ ബാങ്ക്, 1929-ലെ മലബാര്‍ ബാങ്ക്, 1933-ലെ ഇന്ത്യന്‍ ഇന്‍ഷുറന്‍സ് ബാങ്കിംഗ് കോര്‍പറേഷന്‍, 1936 ലെ മാര്‍ അഫ്രേം ബാങ്ക്, 1934-ലെ അസ്സിറിയന്‍ ബാങ്ക് എന്നിവയെല്ലാം പരാമര്‍ശിക്കപ്പെടേണ്ടതുണ്ട്. പാലാ സെന്‍ട്രല്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക്, കൊച്ചിന്‍ ബാങ്ക് എന്നിവയുടെയെല്ലാം പിന്നില്‍ ക്രൈസ്തവരായിരുന്നു. കേരളത്തില്‍ സാമ്പത്തികമുന്നേറ്റം നടത്താന്‍ ക്രൈസ്തവരുടെ സംഭാവനകള്‍ വലിയ പങ്കുവഹിച്ചു.

ആധുനിക കേരളസമൂഹത്തിന്‍റെ രൂപീകരണത്തില്‍ ഒരു സമുദായം മാത്രമല്ല എല്ലാ സമുദായങ്ങളും പങ്കുവഹിച്ചിട്ടുണ്ട്. ഒന്നിന്‍റെയും പ്രാധാന്യം കുറച്ചു കാണുന്നില്ല. ക്രിസ്തുവിന്‍റെ സന്ദേശം ജീവിതത്തില്‍ സ്വീകരിച്ച മനുഷ്യര്‍ എങ്ങനെയാണ് അവരുടെ സ്വത്വം തങ്ങള്‍ പ്രവര്‍ത്തിക്കുന്ന മേഖലയില്‍ രൂപപ്പെടുത്തിയതെന്നു പരിശോധിക്കുകയാണ് ഇവിടെ ചെയ്തത്. വിദ്യാഭ്യാസ, രോഗീശുശ്രൂഷാ മേഖലകളില്‍ ക്രൈസ്തവസമൂഹം നല്‍കിയ സംഭാവനകള്‍ സമാനതകളില്ലാത്തവയാണ്. അനേകം ക്രൈസ്തവരുടെ സ്വയം ത്യജിച്ചുകൊണ്ടുള്ള സമര്‍പ്പിതമായ പ്രവര്‍ത്തനത്തിന്‍റെ ഫലമായിട്ടു കൂടിയാണ് കേരളം ഇന്നത്തെ കേരളമായി മാറിയത്. ഏതു രോഗാവസ്ഥയിലുള്ളവര്‍ക്കും സമൂഹത്തിന്‍റെ അതിരുകളില്‍ കിടന്നിരുന്നവര്‍ക്കും മിഷണറിമാരുടെ ഉള്ളില്‍ ഇടമുണ്ടായിരുന്നു. അവരുടെ കാരുണ്യം എല്ലാവര്‍ക്കും ലഭ്യമായിരുന്നു. ഈ കാരുണ്യത്തിന്‍റെ മുഖം കേരളസഭയ്ക്കു നഷ്ടപ്പെടാതിരിക്കട്ടെ.

(പി ഒ സി സുവര്‍ണ ജൂബിലിയോടനുബന്ധിച്ചു നടത്തിയ പ്രഭാഷണം.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org