എമിറേറ്റ്സില്‍ മുഴങ്ങിയ മലയിലെ പ്രസംഗം

എമിറേറ്റ്സില്‍ മുഴങ്ങിയ മലയിലെ പ്രസംഗം

ഡോ. വിന്‍സന്‍റ് കുണ്ടുകുളം

ഈ അടുത്ത കാലത്ത് ഫ്രാന്‍സിസ് മാര്‍പാപ്പ എമിറേറ്റ്സ് രാജ്യങ്ങളില്‍ നടത്തിയ സന്ദര്‍ശനം ക്രൈസ്തവരും മുസ്ലീങ്ങളും തമ്മിലുള്ള ബന്ധത്തില്‍ മാത്രമല്ല ആഗോള തലത്തില്‍ തന്നെ വിവിധ മതങ്ങള്‍ തമ്മില്‍ ഉണ്ടാകേണ്ട ബന്ധങ്ങളുടെ കാഴ്ചപ്പാടുകള്‍ വിശദീകരിക്കുന്ന ചരിത്രസംഭവമായി മാറിയിരിക്കുന്നു. ഇതിനു പല കാരണങ്ങളുണ്ട്.

മാര്‍പാപ്പയും ഗ്രാന്‍റ് ഇമാമും സംയുക്തമായി പുറപ്പെടുവിച്ച രേഖയുടെ ലക്ഷ്യം വിശാലമാണെന്നതാണ് ഒന്നാമത്തെ കാര്യം. കേവലം മുസ്ലീങ്ങളും കത്തോലിക്കരും തമ്മില്‍ സൗഹൃദം ഉണ്ടാവുക എന്നതിലുപരി ലോകത്തെ ഏറ്റവും അധഃസ്ഥിതരായ മനുഷ്യരുടെ മോചനം മതാന്തരസൗഹൃദങ്ങളുടെ ലക്ഷ്യമാണെന്ന് ഈ രേഖ സൂചിപ്പിക്കുന്നു. സാധാരണ ഇത്തരത്തിലൊരു പ്രഖ്യാപനം വരുന്നത് അതു പുറപ്പെടുവിക്കുന്ന രണ്ടു വ്യക്തികളുടേയോ രാഷ്ട്രങ്ങളുടേയോ മതങ്ങളുടേയോ പേരിലായിരിക്കും. എന്നാല്‍ നിഷ്കളങ്കരായ മനുഷ്യരുടെ പേരില്‍, പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ പേരില്‍, കുടിയൊഴിപ്പിക്കപ്പെട്ടവരുടെയും അഭയാര്‍ത്ഥികളുടെയും പേരില്‍, അക്രമങ്ങള്‍ക്കിരയാക്കപ്പെട്ടവരുടെ പേരില്‍… എന്നിങ്ങനെ ഈ ലോകത്തില്‍ നിരാലംബരായ മനുഷ്യര്‍ക്കുവേണ്ടിയാണ് അവര്‍ ഈ പ്രഖ്യാപനം നടത്തിയത്.

പാര്‍ശ്വവത്കരിക്കപ്പെട്ടവരെയും ദൈവത്തെയും ഒരേ പക്ഷമായി കാണുന്നു എന്നതും ഈ രേഖയുടെ പ്രത്യേകതയാണ്. ദൈവത്തിന്‍റെ പേരില്‍ ഞങ്ങള്‍ ഇത് പുറപ്പെടുവിക്കുന്നു എന്ന ആമുഖത്തോടെയാണ് രേഖ ആരംഭിക്കുന്നത്. രേഖ അവസാനിക്കുന്നതും ദൈവത്തിന്‍റെ പേരിലാണ്. അസമാധാനത്തിന്‍റെയും അനീതിയുടെയും ഫലങ്ങള്‍ അനുഭവിക്കുന്ന വിധവകള്‍ തുടങ്ങി കുഞ്ഞുമക്കള്‍ വരെ നിരാകരിക്കപ്പെട്ട എല്ലാവരെയും ഉള്‍ച്ചേര്‍ക്കുന്നതുവഴി ദൈവത്തെയും ദുര്‍ബലരായ മനുഷ്യരെയും ഒരേ നിരയില്‍ ചേര്‍ത്തു വച്ചു എന്നതാണ് ഇവിടത്തെ സവിശേഷത. മലയിലെ പ്രസംഗം ശ്രവിക്കുന്നതുപോലെയാണ് ഈ രേഖയു ടെ ആദ്യഭാഗം അനുഭവപ്പെടുക. അഷ്ടസൗഭാഗ്യങ്ങളില്‍ ഏറ്റവും ദുര്‍ബലരായവര്‍ക്കാണല്ലോ, സ്വര്‍ഗരാജ്യം. അഷ്ടസൗഭാഗ്യങ്ങളുടെ തുടര്‍ച്ചപോലെയാണ് ആമുഖം നമ്മള്‍ക്ക് അനുഭവപ്പെടുന്നത്.

ഈ പ്രസ്താവനയില്‍ നമ്മെ സ്പര്‍ശിക്കുന്ന മറ്റൊരു വസ്തുത രക്ഷയെക്കുറിച്ചുള്ള മാര്‍പാപ്പയുടെയും ഗ്രാന്‍റ് ഇമാമിന്‍റെയും കാഴ്ചപ്പാടാണ്. രക്ഷയെ വരാനിരിക്കുന്ന ലോകത്ത് നേടാനുളള ഒരു യാഥാര്‍ത്ഥ്യമായാണ് പലപ്പോഴും മതപ്രബോധനങ്ങള്‍ അവതരിപ്പിക്കാറുളളത്. എന്നാല്‍ രക്ഷ കൈവരുന്നത്, സമാധാനത്തിന്‍റെയും സാഹോദര്യത്തിന്‍റെതുമായ മൂല്യങ്ങള്‍ ഭൂമിയില്‍തന്നെ ജീവിക്കുന്നതിലൂടെയാണ് എന്നാണ് രേഖ പറയുന്നത്. സമാധാനം, നീതി, സൗന്ദര്യം, സാഹോദര്യം, സഹവര്‍ത്തിത്വം എന്നിവയെ രക്ഷയുടെ അടിത്തറയായി വ്യാഖ്യാനിച്ചതുവഴി നീതിയുടെയും സമാധാനത്തിന്‍റെയും സമ്പന്നതയും വളര്‍ച്ചയും അതിനായുള്ള പ്രവര്‍ത്തനങ്ങളും ദൈവികരക്ഷയുടെ അവിഭാജ്യഘടകമായി ഇതില്‍ അവതരിപ്പിക്കുന്നു.

അതുപോലെ ദൈവവിശ്വാസത്തിന്‍റെ പ്രാധാന്യവും ഈ രണ്ടു നേതാക്കളും എടുത്തു പറയുന്നുണ്ട്. ദൈവത്തില്‍ വിശ്വസിക്കാത്തവരെയും ഉള്‍ക്കൊള്ളാനുളള മനസ്സ് സൂക്ഷിക്കുമ്പോഴും ദൈവവിശ്വാസം സഹോദരനെ കണ്ടെത്താനും അവരോടു സമരസപ്പെട്ടു സഹവസിക്കാനും സഹായകമാണ് എന്ന സത്യം ഈ രേഖ അടിവരയിട്ടു പ്രഖ്യാപിക്കുന്നു. മനുഷ്യന്‍റെ മീതെ ദൈവം ഉണ്ട് എന്നുള്ള ചിന്ത ഞാന്‍ ആരെയും ചൂഷണം ചെയ്തു കൂടാ, മറ്റൊരുവന്‍റെമേലും എനിക്ക് അധികാരമില്ല അവന്‍ ദൈവത്തിന്‍റെ സൃഷ്ടിയാണ് എന്നീ ചിന്തകള്‍ ഉണര്‍ത്താനും സമാധാനം സൃഷ്ടിക്കാനും മനുഷ്യനെ പ്രാപ്തനാക്കുന്നു എന്ന് രേഖ സൂചിപ്പിക്കുന്നു.

ഈ രേഖയില്‍ മാര്‍പാപ്പയും മുസ്ലീം ഇമാമും തുറന്നു സമ്മതിക്കുന്ന മറ്റൊരു സവിശേഷമായ കാര്യം മത വൈവിധ്യം ദൈവം ആഗ്രഹിക്കുന്നു എന്നതാണ്. വൈവിധ്യം ഒഴിച്ചു കൂടാനാവാത്ത തിന്മ എന്ന വിധത്തിലാണ് പലരും മനസ്സിലാക്കുന്നത്. ഏറ്റവും നല്ലത് ഏകതയാണ് എന്ന ചിന്തയാണ് പൊതുവേ ഈ രണ്ടു മതങ്ങളും സംരക്ഷിച്ചിരുന്നത്. എന്നാല്‍ ഖൂര്‍ ആനിലും ബൈബിളിലും വൈവിധ്യത്തെക്കുറിച്ച് ധാരാളം പരാമര്‍ശങ്ങളുണ്ട്. ബാബേല്‍ ഗോപുര നിര്‍മ്മിതിയിലൂടെ മനുഷ്യന്‍ ഏക സംസ്ക്കാരത്തിലൂടെ ദൈവത്തെ വെല്ലുവിളിക്കുന്നതാണു കാണുക. അവിടെ ഭാഷയെ ഭിന്നിപ്പിച്ച് അവരെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്കു ചിതറിക്കുന്നു. അത് വാസ്തവത്തില്‍ ദൈവത്തിന്‍റെ ഇടപെടലിനെയാണ് സൂചിപ്പിക്കുന്നത്. അതു വൈവിധ്യത്തെ അംഗീകരിക്കലാണ്. ഇത്തരത്തില്‍ വൈവിധ്യത്തെ അനുകൂലിക്കുന്ന ചിന്താധാരകള്‍ ഈ രണ്ട് മതഗ്രന്ഥങ്ങളിലും ഉണ്ടെങ്കിലും പ്രായോഗിക തലത്തില്‍ വൈവിധ്യം അംഗീകരിക്കാന്‍ ഈ രണ്ടു മതങ്ങള്‍ക്കും ബുദ്ധിമുട്ടുള്ളതായി അനുഭവപ്പെടുന്നുണ്ട്. കാരണം, വൈവിധ്യത്തെ അംഗീകരിക്കുമ്പോള്‍ ഓരോ ദേശത്തും അതിന്‍റേതായ സംസ്ക്കാരങ്ങള്‍ക്കിണങ്ങിയ വ്യാഖ്യാനങ്ങളും അനുഷ്ഠാനങ്ങളും ഉടലെടുക്കും. അത് ഐക്യത്തെ ദുര്‍ബലപ്പെടുത്തുന്ന ഘടകമായിത്തീരാം, അത്തരം ഭയപ്പാടുകള്‍ക്ക് അടിപ്പെടാതെ വര്‍ഗ്ഗങ്ങള്‍ വൈവിധ്യങ്ങളായിരിക്കുന്നതുപോലെ ഭാഷകളില്‍ വൈവിധ്യമുള്ള പോലെ വര്‍ണങ്ങളില്‍ വ്യത്യസ്തതയുള്ളപോലെ മതങ്ങളുടെ കാര്യത്തിലും ദൈവം വൈവിധ്യത അംഗീകരിക്കുന്നുവെന്ന് ഈ പ്രഖ്യാപനത്തില്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒരു ദൈവം ഒരു മതം ഒരു സംസ്ക്കാരം എന്നുള്ള മതതീവ്രവാദ ചിന്താഗതിയെ തിരസ്കരിക്കുന്നതാണ് സംയുക്ത പ്രസ്താവന.

ഭാരതത്തിന്‍റെ സാഹചര്യത്തിലേക്കു വരുമ്പോള്‍, മതവൈവിധ്യത സമന്വയത്തിനും പരസ്പര ധാരണയ്ക്കുമുള്ള ചാലകമായി കണ്ടിരുന്ന നാടായിരുന്നു ഇത്. മതം രാഷ്ട്രീയവത്കരണത്തിനു പറ്റിയ ഉപാധിയാണെന്ന് മത ജാതി നേതാക്കളും രാഷ്ട്രീയക്കാരും തിരിച്ചറിഞ്ഞതു മുതലാണ് മതത്തിന്‍റെ സാര്‍വലൗകികവും വൈവിധ്യാത്മകവുമായ ഭാവത്തില്‍നിന്ന് അതിനെ വേര്‍തിരിച്ച് വ്യക്തികളുടെയും സമൂഹങ്ങളുടെയും സ്വത്വബോധ നിര്‍ണയത്തിനുള്ള ഉപകരണമാക്കി ഉപയോഗിക്കാന്‍ തുടങ്ങിയത്. ഇന്ത്യയില്‍ ഭൂരിപക്ഷ മതവും ന്യൂനപക്ഷമതങ്ങളുമുണ്ട്. ഭൂരിപക്ഷ മതത്തിന് ന്യൂനപക്ഷ മതങ്ങളെ ഭയപ്പെടാം. കാരണം, അവര്‍ എണ്ണത്തില്‍ കുറവാണെങ്കിലും സമ്പത്തിലും സ്ഥാപനങ്ങളിലും വിദേശ ബന്ധങ്ങളാലും സമ്പന്നമാണ്. ആ വിധത്തില്‍ ഭൂരിപക്ഷ സമുദായത്തിന്‍റെ മുന്നില്‍ ഇവിടത്തെ ന്യൂനപക്ഷങ്ങള്‍ 'ഭൂരിപക്ഷ'മാണ്. ഇവിടത്തെ ന്യൂനപക്ഷ സമുദായങ്ങളെ സംബന്ധിച്ചിടത്തോളം ഹിന്ദുക്കളുടേത് ഭൂരിപക്ഷസമുദായമാണ്. അതുകൊണ്ട് പരസ്പരം ഉണ്ടാകാവുന്ന അപകര്‍ഷതയും ഭയവും അസൂയയും വര്‍ഗീയമായ മുതലെടുപ്പിനു കാരണമാകുന്നു. മതവിശ്വാസികളുടെ എണ്ണത്തിനും ശക്തിക്കും ആനുപാതികമായ രീതിയില്‍ എപ്രകാരം മതസമൂഹങ്ങള്‍ക്കു അര്‍ഹമായ നീതി നല്കാന്‍ സാധിക്കും എന്നുള്ളതിനെക്കുറിച്ച് നമ്മുടെ ഭരണഘടനയില്‍ വ്യക്തതയില്ലാത്തതുകൊണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ അവസരോചിതമായി ന്യൂനപക്ഷ ഭൂരിപക്ഷ സമുദായങ്ങളെ പ്രീണിപ്പിക്കുന്നത് വര്‍ഗ്ഗീയതയെ ശക്തിപ്പെടുത്തുന്നു. ഈ അടുത്ത കാലത്ത് പത്തു ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയപ്പോള്‍ ന്യൂനപക്ഷങ്ങളുടെയും ദളിതരുടെയും അവകാശങ്ങളിലുള്ള കടന്നു കയറ്റമായി അതു വ്യാഖ്യാനിക്കപ്പെട്ടു. ഇത്തരത്തില്‍ ഏതൊരു രാഷ്ട്രീയ നീക്കവും മതസൗഹാര്‍ദ്ദത്തിന് പോറലേല്‍പ്പിക്കാവുന്ന സാഹചര്യമാണ് ഇന്നു നിലനില്‍ക്കുന്നത്.

ഭാരതീയ സാഹചര്യം വര്‍ഗ്ഗീയതയുടെ വളര്‍ച്ചയ്ക്കു അനുകൂലമായതിനാല്‍ സമാധാന അന്തരീക്ഷവും ഭദ്രതയും രാജ്യത്തിന് കൈമോശം വരാതിരിക്കാന്‍ മതനേതാക്കള്‍ക്കു സുപ്രധാനമായ പങ്കുവഹിക്കാനുണ്ട്. മതത്തെ ചൂഷണം ചെയ്യുന്നതിനു വിപരീതമായൊരു പ്രതിസംസ്ക്കാരം സൃഷ്ടിക്കാനും സാര്‍വ്വ ലൗകികതയില്‍ ഊന്നിയ പ്രവൃത്തികള്‍ നടപ്പിലാക്കാനും മത നേതാക്കള്‍ക്കു കഴിയും. അതിനുള്ള ചില നിര്‍ദ്ദേശങ്ങളും ഈ രേഖയില്‍ സൂചിപ്പിക്കുന്നുണ്ട്. ക്രൈസ്തവമത പണ്ഡിതന്മാരായാലും മുസ്ലിം മത പണ്ഡിതന്മാരായാലും മോസ്കുകളിലൂടെയും പള്ളി പ്രസംഗങ്ങളിലൂടെയും ജനങ്ങളെ ഏറ്റവുമധികം ബോധവത്കരിക്കേണ്ട ഒരു കാര്യം, ദൈവമാണ് എല്ലാവരുടെയും സൃഷ്ടികര്‍ത്താവ് എന്നതാണ്. ദൈവത്തിന്‍റെ ഛായയിലാണ് നമ്മള്‍ സൃഷ്ടിക്കപ്പെട്ടതെങ്കില്‍ എല്ലാവരും ദൈവമുമ്പില്‍ തുല്യരാണ്. യോഹന്നാന്‍റെ സുവിശേഷത്തില്‍ ഒന്നാം അധ്യായം ഒന്നുമുതല്‍ നാലുവരെയുള്ള വാക്യങ്ങളില്‍ പറയുന്നത്, മനുഷ്യവര്‍ഗ്ഗം ക്രിസ്തുവില്‍ കൂടി സൃഷ്ടിക്കപ്പെട്ടു എന്നാണ്. അതിനാല്‍ മതവിശ്വാസമുള്ളവരും വിശ്വാസമില്ലാത്തവരുമായി ഭൂമുഖത്തുള്ള ഏവരും ക്രിസ്തുവിന്‍റെ കയ്യൊപ്പുള്ളവരാണ്. ഈ ബോധം നിരന്തരമായി മനുഷ്യര്‍ക്കു കൊടുത്തില്ലെങ്കില്‍ നാമെല്ലാം സഹോദരീസഹോദരന്മാരാണെന്ന ചിന്ത നഷ്ടപ്പെടും. നാമെല്ലാം ഒരേ ദൈവത്തില്‍ നിന്നു വന്നപോലെ ഒരേ ദൈവത്തിലേക്കാണ് യാത്ര ചെയ്യുന്നതും. നാമെല്ലാം ഒരേ ലക്ഷ്യത്തിലേക്കാണു പോകുന്നതെങ്കില്‍ ഈ യാത്രയിലെ തീര്‍ത്ഥാടകരാണു നാം. തീര്‍ത്ഥാടകര്‍ കണ്ടും കേട്ടും അനുഭവിച്ചും പരസ്പരം പങ്കുവയ്ക്കണം. എല്ലാം പൂര്‍ണമായി അറിഞ്ഞവരല്ല തീര്‍ത്ഥാടകര്‍, അവര്‍ അന്വേഷകരാണ്. തങ്ങള്‍ വിശ്വസിക്കുന്ന ദൈവം പൂര്‍ണനാണെങ്കിലും തങ്ങള്‍ മനുഷ്യരായതു കൊണ്ട് ദൈവത്തെക്കുറിച്ചുള്ള തങ്ങളുടെ അറിവ് അപൂര്‍ണമാണെന്നു മനസ്സിലാക്കി, ദൈവത്തെ അന്വേഷിക്കുന്ന മറ്റുള്ളവര്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ ഗ്രഹിക്കാന്‍ വിശ്വാസികള്‍ സഹ തീര്‍ത്ഥാടകരാകണമെന്ന ഒരു സങ്കല്‍പം ഈ രേഖയില്‍ കൃത്യമായി പ്രതിപാദിക്കുന്നുണ്ട്.

കേരളസഭയ്ക്കും എമിറേറ്റ്സിലെ സംയുക്ത പ്രഖ്യാപനത്തില്‍ നിന്ന് പ്രചോദനങ്ങള്‍ ഉള്‍ക്കൊള്ളാനുണ്ട്. കേരളത്തിലെ ക്രിസ്ത്യാനികളുടെ ഇടയില്‍ നവീകരണ പ്രസ്ഥാനങ്ങളുടെ സ്വാധീന ഫലമായി സമുദായബോധം വര്‍ദ്ധിതമായിക്കൊണ്ടിരിക്കുകയാണ്. സഭയെ ഒരു മത സമൂഹം എന്നതിനേക്കാള്‍ സമുദായമായി തരം താഴ്ത്തുന്ന തരത്തിലാണ് പലരും പ്രസംഗിക്കുന്നതും ഇടപെടുന്നതും. ഇതിനെതിരെ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ ക്രൈസ്തവ സമൂഹത്തില്‍ ഇതരമതവിദ്വേഷം വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. വത്തിക്കാന്‍ കൗണ്‍സിലും ഇപ്പോഴത്തെ ഡോക്കുമെന്‍റും സൂചിപ്പിക്കുന്നതു പോലെ സഭ അതില്‍ തന്നെ ഒരു അന്ത്യമല്ല. സഭ ദൈവരാജ്യത്തിന്‍റെ ശുശ്രൂഷകയാണ്. സഭ ദൈവരാജ്യത്തിലേക്കു വളരാനുള്ളതാണ്. ഈ ചിന്ത ഇന്നു പൊതുവില്‍ നഷ്ടപ്പെടുന്നുണ്ട്. ഓരോ ക്രൈസ്തവനും മതത്തിന്‍റെ ഭാഗമായിരിക്കുമ്പോള്‍ തന്നെ അയാള്‍ ദൈവരാജ്യത്തിന്‍റെയും പൗരനാണ്. ഏതു മതത്തിലായാലും ഒരു മതസ്വത്വം മാത്രമല്ല., വൈവിധ്യങ്ങളായ മതങ്ങള്‍ ഉള്‍ക്കൊള്ളുന്ന ദൈവരാജ്യത്തിന്‍റെ സ്വത്വം കൂടി വിശ്വാസിക്കുണ്ടാകണം. മുസ്ലീമും ക്രൈസ്തവനും ഹൈന്ദവനുമൊക്കെ ഈ വിധത്തിലാണ് ചിന്തിക്കേണ്ടത്. വൈദികനായ ഞാന്‍ ഇടവകയുടെ ശുശ്രൂഷകനായിരിക്കുന്നതുപോലെ തന്നെ ആ പ്രദേശത്തിന്‍റെയും ശുശ്രൂഷകനാകണം.

മുസ്ലീങ്ങള്‍ ഭീകരവാദികളാണ് ഇസ്ലാം ഭീകരവാദമാണ്, എന്ന വിധത്തില്‍ തെറ്റിദ്ധാരണ ജനിപ്പിക്കുകയും അവരുമായി സൗഹൃദമൊന്നും പാടില്ലെന്നും പറയുന്ന ശൈലി ക്രൈസ്തവരുടെ ഇടയില്‍ ശക്തിപ്പെട്ടു വരുന്നത് വേദനാജനകമാണ്. ഏതെങ്കിലും ഒരു സംഘടനയേയൊ സമുദായത്തെയോ വര്‍ഗ്ഗീയമായി എഴുതിത്തള്ളാനാവില്ല എന്നതാണ് എന്‍റെ അനുഭവം. ഞാന്‍ ആര്‍.എസ്.എസു.കാരുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചപ്പോഴും ജമാ അത്തെ ഇസ്ലാമി പോലുള്ള സംഘടനകളുമായി അടുത്തിടപഴകിയപ്പോഴും അവയിലെല്ലാം നല്ല മനുഷ്യരെ കണ്ടിട്ടുണ്ട്. അതിനാല്‍ ഒരു വ്യക്തിയെ അയാളുടെ മതത്തിന്‍റെയോ സംഘടനയുടെയോ പേരില്‍ നാം മാറ്റി നിറുത്താന്‍ പാടില്ല. അവരെ ആ വിധത്തില്‍ വിധിക്കുന്ന സംസ്ക്കാരം മാറ്റി വ്യക്ത്യാന്തര ബന്ധങ്ങളിലൂടെ പരസ്പരം അറിയാനും അതിലൂടെ പരസ്പര സഹവര്‍ത്തിത്വവും ബന്ധവും വളര്‍ത്താനും ശാന്തിദായകമായ സമൂഹം സൃഷ്ടിക്കാനും സാധിക്കണം.

യൂറോപ്പില്‍ മുസ്ലീം അഭയാര്‍ത്ഥികളെ സ്വീകരിക്കണം എന്നു മാര്‍പാപ്പയുടെ ആഹ്വാനം ഉണ്ടായപ്പോള്‍ യൂറോപ്പിലെ ക്രൈസ്തവരേക്കാള്‍ വേവലാതിയും ആവലാതിയും ഉണ്ടായത് കേരളത്തിലെ ക്രൈസ്തവര്‍ക്കാണ്. ഫ്രാന്‍സിലും മറ്റും 30 ശതമാനത്തിലധികം മുസ്ലീങ്ങളുണ്ട് എന്ന കണക്കുകള്‍ നാം ഇവിടെ പ്രചരിപ്പിക്കു ന്നു. ഞാന്‍ ഫ്രാന്‍സില്‍ ചെന്നപ്പോള്‍ ഇതേപ്പറ്റി അന്വേഷിച്ചു. അവരുടെ കണക്കു പ്രകാരം 5 ശതമാനം മുസ്ലീങ്ങളാണ് അവിടെ ഉള്ളത്. ഇനി സര്‍ക്കാരിന്‍റെ കണക്കെടുപ്പിലുണ്ടാകാവുന്ന ന്യൂനതകള്‍ കണക്കിലെടുത്താല്‍ 10 ശതമാനത്തില്‍ കൂടില്ലപോലും. പക്ഷെ നാം പെരുപ്പിച്ചു കാട്ടുകയാണ്. മാത്രമല്ല, ഫ്രാന്‍സിലുള്ള മുസ്ലീങ്ങള്‍ ഫ്രഞ്ചുകാരാണ്. അവിടെയുള്ളവര്‍ മുസ്ലീം മതവിശ്വാസികളായതുകൊണ്ട് മാത്രം അവരെ അപകടകാരികളായി ഫ്രഞ്ചുകാര്‍ കാണുന്നില്ല. മുസ്ലീങ്ങളിലെ മതതീവ്രവാദ ഗ്രൂപ്പുകളെ മാത്രമാണ് അവര്‍ എതിര്‍ക്കുന്നത്.

കേരളത്തെ സമ്പദ്സമൃദ്ധമാക്കുന്നതില്‍ വളരെ നിര്‍ണായകമായ പങ്കുവഹിച്ചിട്ടുള്ളതാണ് അറബ് രാജ്യങ്ങള്‍. ഇക്കാര്യം നാം മറക്കുന്നു. പട്ടിണിയും പരിവട്ടവുമായി കിടന്നിരുന്ന കേരളത്തെ പുരോഗതിയിലേക്കു നയിക്കുന്നതില്‍ അവര്‍ വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഇന്നാണ് യൂറോപ്പിലേക്കും ആസ്ട്രേലിയയിലേക്കും കാനഡയിലേക്കുമെല്ലാം നമ്മുടെ യുവാക്കള്‍ പോയിത്തുടങ്ങിയത്. അതിനു മുമ്പ് ഗള്‍ഫ് ആയിരുന്നു നമ്മുടെ അഭയസ്ഥാനം എന്നു വിസ്മരിക്കരുത്. ഇന്നും അനേകം മലയാളികള്‍ അവിടെയുണ്ട്. ഇന്നു ലോകത്തില്‍ വച്ചേറ്റും വലിയ ഇടവക യുഎഇയിലാണ് സ്ഥിതി ചെയ്യുന്നതെന്ന് എത്ര മലയാളി ക്രിസ്ത്യാനികള്‍ക്ക് അറിയാം? അമ്പതിനായിരം വരുന്ന വിശ്വാസി സമൂഹത്തിന് ആ പള്ളി മുസ്ലീം രാജാക്കന്മാര്‍ നിര്‍മ്മിച്ചു നല്‍കിയതാണ്.

ഈ രേഖ അവസാനിപ്പിക്കുന്നത് മൂന്നു കാര്യങ്ങള്‍ സൂചിപ്പിച്ചു കൊണ്ടാണ്. സംഭാഷണമായിരിക്കണം നമ്മുടെ ജീവിത പന്ഥാവ്, പരസ്പര സഹവര്‍ത്തിത്വമായിരിക്കണം നമ്മുടെ ജീവിത രീതി, പരസ്പരം മനസ്സിലാക്കുകയും പഠിക്കുകയുമായിരിക്കണം ലക്ഷ്യത്തിലേക്കുള്ള മാര്‍ഗ്ഗം. ഈ വെല്ലുവിളി ഏറ്റെടുക്കാനുള്ള ആത്മാര്‍ത്ഥമായ പരിശ്രമങ്ങള്‍ നമ്മുടെ എല്ലാവരുടെയും ഭാഗത്തുനിന്ന് ഉണ്ടാകണം.

മാര്‍പാപ്പയുടെ യുഎഇ സന്ദര്‍ശനത്തോടു ബന്ധപ്പെടുത്തി എന്തുകൊണ്ട് പാപ്പ ഭാരതത്തിലെത്തുന്നില്ല എന്ന ചോദ്യം പ്രസക്തമാണ്. ഇന്നത്തെ ബിജെപി ഭരണത്തില്‍ അതിനുള്ള സാധ്യത വളരെ വിദൂരത്താണ്. പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍. ഭാവിയില്‍ മാര്‍ പാപ്പ ഇന്ത്യയിലേക്കു വരികയാണെങ്കില്‍ വലിയ ഒരുക്കം അതിനായി സഭ നടത്തേണ്ടതായിവരും. മാര്‍പാപ്പ തന്‍റെ ചാക്രീക ലേഖനങ്ങളിലൂടെയും പ്രബോധനങ്ങളിലൂടെയും മുന്നോട്ടുവച്ച സഭയെപ്പറ്റിയുളള ദര്‍ശനങ്ങളില്‍ കേരളത്തിലെ മൂന്നു റീത്തുകളും ഭാരത സഭയും കാര്യമായി മുന്നോട്ടു പോയിട്ടില്ല എന്നതാണ് എന്‍റെ പക്ഷം. വൈവിധ്യങ്ങളെ ആത്മാര്‍ത്ഥമായി ഉള്‍ക്കൊള്ളാനും നീതിയുടെ വിഷയങ്ങളില്‍ നിലപാടുകള്‍ കൈക്കൊള്ളാനും വേണ്ടത്ര ജാഗ്രത സഭ സ്വീകരിച്ചിട്ടില്ല. മാര്‍പാപ്പയെ സ്വീകരിക്കാന്‍ തക്ക യോഗ്യത നമുക്കുണ്ടോ? ക്രിസ്തുവിലേക്കു നടക്കുക, ദൈവരാജ്യത്തിലേക്കു യാത്ര ചെയ്യുക എന്ന മാര്‍പാപ്പയുടെ ദര്‍ശനം നാം ഉള്‍ക്കൊള്ളുന്നുണ്ടോ? സഭാത്മകമായ സംവിധാനങ്ങളോടുള്ള സ്നേഹത്തേക്കാള്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവരോടൊപ്പമായിരിക്കുന്ന, സുതാര്യമായ ഇടപെടലുകള്‍ നടത്തുന്ന, അധികാര വികേന്ദ്രീകരണം നടത്തുന്ന സഭയിലേക്കു മാനസാന്തരപ്പെട്ടിട്ടുവേണം മാര്‍ പാപ്പയെ സ്വീകരിക്കാന്‍ നമ്മള്‍ തിടുക്കം കൂട്ടേണ്ടത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org