മാര്‍തോമാ നസ്രാണി നിയമ സംഹിതകളുടെ ചരിത്രവഴികള്‍

മാര്‍തോമാ നസ്രാണി നിയമ സംഹിതകളുടെ ചരിത്രവഴികള്‍


ഡോ. ഇഗ്നേഷ്യസ് പയ്യപ്പിള്ളി

അപ്പസ്തോലന്മാരുടെ സുവിശേഷപ്രഘോഷണംവഴി ക്രിസ്തുവിശ്വാസം സ്വീകരിച്ചവര്‍ ഒരുമിച്ചുകൂടി ആദിമ ക്രൈസ്തവ സഭാസമൂഹങ്ങള്‍ക്ക് രൂപം കൊടുത്തിട്ടുള്ളത് സുവിധിതമാണല്ലോ. ഇപ്രകാരമുള്ള ക്രൈസ്തവ സഭാസമൂഹങ്ങള്‍ രൂപപ്പെട്ടതിനുശേഷമാണ് ഈ സമൂഹങ്ങള്‍ക്കുവേണ്ടി സുവിശേഷകന്മാര്‍ സുവിശേഷങ്ങള്‍ എഴുതിയത്. ഈ സഭാസമൂഹങ്ങളുടെ രൂപീകരണത്തിനും വളര്‍ച്ചയ്ക്കും ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നടപടിക്രമങ്ങളും അപ്പസ്തോലന്മാര്‍തന്നെ നല്കുകയാണ് ചെയ്തത്. ആകയാല്‍ സുവിശേഷങ്ങള്‍ക്കു പുറമെ വി. പത്രോസും, വി. പൗലോസും, വി. യാക്കോബും, വി. യോഹന്നാനുമെല്ലാം ലേഖനങ്ങള്‍ എഴുതുകയുണ്ടായി. ഈ ലേഖനങ്ങളാകട്ടെ, കേവലം സാരോപദേശങ്ങള്‍ മാത്രമായിരുന്നില്ല. മറിച്ച്, സഭാസമൂഹങ്ങളുടെ രൂപീകരണത്തിനും വളര്‍ച്ചയ്ക്കും ആവശ്യമായ നടപടിക്രമങ്ങള്‍ കൂടെയായിരുന്നു. ചെറിയ സഭാസമൂഹങ്ങള്‍ കാലക്രമേണ വളര്‍ന്ന് വലിയ സമൂഹങ്ങളായി മാറിയതോടെ നടപടിക്രമങ്ങളിലും മാറ്റങ്ങള്‍ സംഭവിക്കുകയുണ്ടായി.

അപ്പസ്തോല കാലഘട്ടത്തില്‍ നല്കപ്പെട്ട നടപടിക്രമങ്ങളുടെയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെയും അന്തഃസത്തയ്ക്ക് മാറ്റം വരുത്താതെയും സ്ഥലകാല സാഹചര്യങ്ങളുടെ വ്യതിയാനങ്ങളുമനുസരിച്ചുമാണ് പുതിയ നടപടിക്രമങ്ങള്‍ക്ക് രൂപം കൊടുത്തത്.

ഇപ്രകാരം നൂറ്റാണ്ടുകളിലൂടെ രൂപപ്പെട്ട നടപടിക്രമങ്ങള്‍ ഓരോ സഭാസമൂഹത്തിന്‍റെയും പാരമ്പര്യവും (Tradition) ജീവിതനിയമവുമായി മാറി. മാത്രമല്ല, ഈ നടപടിക്രമങ്ങള്‍ ഒരു സുപ്രഭാതത്തില്‍ ഏതെങ്കിലും അധികാരിയില്‍നിന്നും ദൈവജനത്തിന്‍റെ മേല്‍ കെട്ടിയേല്പിച്ചവയല്ല, മറിച്ച് നൂറ്റാണ്ടുകളിലൂടെ സഭാസമൂഹം വളര്‍ന്നപ്പോള്‍ സ്വഭാവേന രൂപപ്പെട്ടവയാണ്. സഭാസമൂഹങ്ങള്‍ വളരുമ്പോള്‍ സമൂഹത്തില്‍ ക്രമവും ചിട്ടയും സാധ്യമാകുന്നതിനും സമൂഹങ്ങളുടെ നിലനില്പിനും വളര്‍ച്ചയ്ക്കും ഇപ്രകാരമുള്ള നടപടിക്രമങ്ങള്‍ അത്യന്താപേക്ഷിതമാണല്ലോ. മുകളില്‍ സൂചിപ്പിച്ചതുപോലെ ഈ ചട്ടങ്ങളും ക്രമങ്ങളും രീതികളും ഒരു സഭാസമൂഹത്തിന്‍റെ ജീവിതഭാഗമായി മാറുമ്പോള്‍ അത് സ്വഭാവേന ആ സമൂഹത്തിന്‍റെ പരമ്പര്യമായി മാറുന്നു. ഈ ചട്ടങ്ങളേയും ക്രമങ്ങളേയും രീതികളേയും ഒറ്റ വാക്കില്‍ സംഗ്രഹിച്ചാല്‍ അതിനെ 'നടപടിക്രമങ്ങള്‍' എന്ന് വിശേഷിപ്പിക്കാം.

ക്രൈസ്തവ സഭാചരിത്രത്തോളം പഴക്കമുള്ള മാര്‍ത്തോമ്മാ നസ്രാണിസമൂഹത്തിനും ഇപ്രകാരമൊരു നടപടിക്രമം ഉണ്ടായിരുന്നു എന്നാണ് പാരമ്പര്യം. ഈ നടപടിക്രമത്തെ, പൈതൃകത്തെ, 'മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗവും വഴിപാടും' എന്നാണ് വിശേഷിപ്പിച്ചിരുന്നത്. പോര്‍ച്ചുഗീസുകാര്‍ കേരളത്തില്‍ വേരുറപ്പിച്ച പതിനാറാം നൂറ്റാണ്ടിലും സുറിയാനി ക്രിസ്ത്യാനികളുടെ മതചര്യ 'മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗവും വഴിപാടും' ആയിരുന്നു. 'മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗവും വഴിപാടും' എന്ന കുറുമൊഴി സുറിയാനി നസ്രാണിയുടെ ജീവിതത്തിന്‍റെ അകത്തളങ്ങളിലേക്കും ജീവിതചര്യയിലേക്കും വെളിച്ചം വീശുന്നവയാണ്. ഉദയംപേരൂര്‍ സൂനഹദോസിലൂടെ നസ്രാണിസമൂഹത്തെ പാശ്ചാത്യവത്ക്കരിച്ചപ്പോള്‍ 'മാര്‍ഗ്ഗവും' 'വഴിപാടും' 'നിയമ' ത്തിലേക്ക് വഴിമാറി. അതായത് 'മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗവും വഴിപാടും' പാശ്ചാത്യഭാഷയിലേക്ക് ഭാഷാന്തരം വരുത്തിയപ്പോള്‍ 'മാര്‍ത്തോമ്മായുടെ നിയമം' (Law of Thomas) എന്നാക്കി മാറ്റി. 'മാര്‍ഗ്ഗവും വഴിപാടും' പരിണാമം പ്രാപിച്ച് 'നിയമ'മായി മാറി എന്നതാണ് ശ്രദ്ധേയം. ഉദയംപേരൂര്‍ സൂനഹദോസിന്‍റെ കാനോനകളില്‍ നൂറോളം സ്ഥലത്ത് 'മാര്‍ഗ്ഗം' എന്ന പദം കാണപ്പെടുന്നുണ്ട്.

പാശ്ചാത്യര്‍ ഉദയംപേരൂര്‍ സൂനഹദോസില്‍ 'മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗവും വഴിപാടും' 'മാര്‍ത്തോമ്മായുടെ നിയമ'മാക്കി നിര്‍വചിച്ചപ്പോള്‍ പുതിയ ജ്ഞാനപ്രകരണത്തില്‍ 'മാര്‍ത്തോമ്മായുടെ നിയമം' അക്ഷന്തവ്യമായ വേദവിപരീതമായിത്തീര്‍ന്നു! അങ്ങനെ വന്നപ്പോള്‍ "മിശിഹാ കര്‍ത്താവിനാല്‍ ശ്ലീഹന്മാരാ പഠിപ്പിക്കപ്പെട്ട നടത്തിയ മാര്‍ഗ്ഗം ഒന്നത്രെ എന്നും ശെമഹൊന്‍ കെപ്പാടെയും മാര്‍ത്തൊമ്മടയും മാര്‍ക്കവും വഴിപാടും ഒന്ന അത്രെ എന്നും വിശ്വസിക്കുന്നെന്‍ അത രണ്ടിച്ച പറയുന്നത ഉപെക്ഷിക്കുന്നെന്‍" എന്നു മാര്‍ത്തോമ്മാ നസ്രാണി ഏറ്റുപറയാന്‍ നിര്‍ബന്ധിതനായി (സ്ക്കറിയ സഖറിയ, ലറ., ഉദയംപേരൂര്‍ സൂനഹദോസിന്‍റെ കാനോനകള്‍ 1599,pp. 10-12). ഇപ്രകാരം ഉദയംപേരൂര്‍ സൂനഹദോസിലൂടെ പാശ്ചാത്യമാതൃകയിലുള്ള കാനോനകളിലേക്കും നിയമങ്ങളിലേക്കും നസ്രാണി സമൂഹത്തെ പാശ്ചാത്യ മിഷനറിമാര്‍ ആനയിച്ചു. ഉദയംപേരൂര്‍ സൂനഹദോസിനുശേഷം നടത്തപ്പെട്ട 'ശുദ്ധികലശത്തില്‍' നസ്രാണി സമൂഹത്തിന്‍റെ പുരാതന രേഖകള്‍ നശിപ്പിക്കപ്പെട്ടപ്പോള്‍ 'മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗവും വഴിപാടും' എന്ന പേരില്‍ എഴുതപ്പെട്ട നടപടിക്രമങ്ങളുടെ ഓലഗ്രന്ഥങ്ങളും നശിപ്പിക്കപ്പെട്ടിട്ടുണ്ടാകുമെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. (ഏതായാലും ഇപ്രകാരമൊരു ഗ്രന്ഥം ഇന്ന് നമുക്ക് ലഭ്യമല്ല. മാത്രമല്ല, 'മാര്‍ത്തോമ്മായുടെ നിയമം' എന്ന പേരില്‍ എഴുതപ്പെട്ട ഒരു ഗ്രന്ഥം ഉണ്ടായിരുന്നില്ല എന്നും അത് കേവലം ഒരു പാരമ്പര്യവും ജീവിതചര്യയും മാത്രമായിരുന്നുവെന്നും അഭിപ്രായപ്പെടുന്ന പണ്ഡിതന്മാരും ഉണ്ട്. ചുരുക്കത്തില്‍ ഇക്കാര്യത്തെക്കുറിച്ച് പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ ഐക്യമില്ല.)

മുകളില്‍ സൂചിപ്പിച്ച 'മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗവും വഴിപാടും' അല്ലാതെ മറ്റെന്തെങ്കിലും നിയമഗ്രന്ഥങ്ങള്‍ മാതൃഭാഷയില്‍ ഉപയോഗത്തിലുണ്ടായിരുന്നതായി കേട്ടിട്ടില്ല. ആകയാല്‍ ഉദയംപേരൂര്‍ സൂനഹദോസിനുമുമ്പ് കേരള സുറിയാനിസഭയില്‍ പള്ളികളുടെ ഭരണത്തിനു എപ്രകാരമുള്ള നിയമഗ്രന്ഥമാണ് ഉപയോഗിച്ചിരുന്നത് എന്നതിന് വ്യക്തമായ തെളിവുകളൊന്നും നമുക്കിന്ന് ലഭ്യമല്ല. അതേസമയം, AD 1291-ല്‍ എഴുതപ്പെട്ടതും സുറിയാനി ഭാഷയിലുള്ളതുമായ നിസിമിസിലെ മാര്‍ അബ്ദീശോ ബാര്‍ ബ്രികായുടെ നോമോകാനോന്‍റെ ഒരു പ്രതി കണ്ടുകിട്ടിയിട്ടുണ്ട്. പ്രസിദ്ധനായ കോനാട്ട് മല്പാന്‍റെ രേഖാലയത്തില്‍ ഉണ്ടായിരുന്നതും ഇപ്പോള്‍ തൃശൂരില്‍ മാര്‍ അപ്രേം മെത്രാപ്പോലീത്തായുടെ രേഖാലയത്തില്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്നതുമാണ് ഈ ഗ്രന്ഥം. അവസാനത്തെ പേര്‍ഷ്യന്‍ മെത്രാപ്പോലീത്തയായിരുന്ന മാര്‍ അബ്രഹാം ഉപയോഗിച്ചിരുന്നതും AD 1563-ല്‍ എഴുതപ്പെട്ടതുമായ നോമോകാനോന്‍ നമുക്കിന്ന് ലഭ്യമാണ്. എറണാകുളം- അങ്കമാലി അതിരൂപതാ രേഖാലയത്തില്‍ അത് സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഈ രണ്ടു ഗ്രന്ഥങ്ങളുടെയും ഉപയോഗം കേരളസഭയില്‍ എന്തുമാത്രം ഉണ്ടായിരുന്നു എന്നതിനെക്കുറിച്ച് നമുക്ക് വ്യക്തതയില്ല.

എന്നാല്‍, പതിനേഴാം നൂറ്റാണ്ടു മുതല്‍ 1599-ലെ ഉദയംപേരൂര്‍ സൂനഹദോസില്‍ അവതരിപ്പിക്കപ്പെട്ടതും ആര്‍ച്ചുബിഷപ്പ് മെനേസിസിന്‍റെ നേതൃത്വത്തില്‍ എഴുതിയുണ്ടാക്കിയതുമായ ഉദയംപേരൂര്‍ സൂനഹദോസ് കാനോനകളും പിന്നീട് ഫ്രാന്‍സിസ് റോസ് മെത്രാപ്പോലീത്താ എഴുതിയുണ്ടാക്കിയതും 1603-ലെ അങ്കമാലി സൂനഹദോസില്‍ അവതരിപ്പിക്കപ്പെട്ടതുമായ അങ്കമാലി സൂനഹദോസ് കാനോനകളുമാണ് പില്‍ക്കാലത്ത് സുറിയാനി കത്തോലിക്കരുടെ പള്ളികളെയും സഭയെയും നയിക്കുന്നതിനുവേണ്ടി ഉപയുക്തമാക്കിയത്. അതേസമയം തന്നെ മേല്പ്പറഞ്ഞ കാനോനകളുടെ ചുവടുപിടിച്ചും കാലാകാലങ്ങളില്‍ മാര്‍പാപ്പമാര്‍ നല്‍കിയിരുന്ന ദെക്രെത്തുകളും നിര്‍ദ്ദേശങ്ങളും മോത്തുപ്രൊപ്രിയോകളും അടിസ്ഥാനമാക്കിയും മെത്രാപ്പോലീത്താമാര്‍ – പ്രൊപ്പഗാന്തയുടെയും പദ്രൊവാദോയുടെയും കീഴിലുണ്ടായിരുന്നവര്‍ – നല്‍കിയ നിയമങ്ങളുടെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തിലുമായിരുന്നു സുറിയാനി കത്തോലിക്കരുടെ പള്ളിഭരണ സംബന്ധമായ കാര്യങ്ങളെല്ലാം നിര്‍വ്വഹിക്കപ്പെട്ടത്.

പത്തൊമ്പതാം നൂറ്റാണ്ടില്‍ സുറിയാനിപ്പള്ളികളെല്ലാം പ്രൊപ്പഗാന്തയ്ക്കു കീഴില്‍ വരാപ്പുഴ വികാരി അപ്പസ്തോലിക്കാമാരാണല്ലോ ഭരിച്ചിരുന്നത്. ഇവരുടെ കാലഘട്ടം മുതല്‍ നല്കപ്പെട്ട നിയമങ്ങളും കല്പനകളുമെല്ലാം കയ്യെഴുത്ത് രൂപത്തിലും, അച്ചടി രൂപത്തിലും നമുക്കിന്ന് ലഭ്യമാണ്. 1859-ല്‍, വരാപ്പുഴ വികാരി അപ്പസ്തോലിക്കയായിരുന്ന ബര്‍ണ്ണദ്ദീന്‍ ബാച്ചിനെല്ലി മെത്രാപ്പോലീത്ത സുറിയാനിപ്പള്ളികളുടെ വസ്തുവകകളുടെ നടത്തിപ്പിനെക്കുറിച്ചും പള്ളിഭരണത്തെ സംബന്ധിച്ചുമെല്ലാം നല്കിയ കല്പനയുടെ കയ്യെഴുപ്രതി ആരക്കുഴ പള്ളിയില്‍ (കോതമംഗലം രൂപത) സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ക്രോഡീകരിച്ച ഒരു നിയമാവലി ഗ്രന്ഥം സുറിയാനിപ്പള്ളികള്‍ക്കുവേണ്ടി തയ്യാറാക്കിയത് വരാപ്പുഴ വികാരി അപ്പസ്തോലിക്കയായ ലെയൊനാര്‍ദ്ദ് ദേസാന്‍ ലൂയീസ് മെത്രാപ്പോലീത്തയാണ്.

1878-ല്‍ ലെയൊനാര്‍ദ്ദ് മെത്രാപ്പോലീത്ത തന്‍റെ വികാരിയാത്തിലെ പള്ളികളുടെയും മറ്റും ഭരണത്തിനു പൊതുവായ ദെക്രെത്തും നിയമങ്ങളും തയ്യാറാക്കുന്നതിന് വികാരിയാത്തിന്‍റെ തെക്കു വടക്കു ഭാഗങ്ങളില്‍നിന്നും മദ്ധ്യഭാഗത്തുനിന്നും ചില വൈദികരെ വിളിച്ചുവരുത്തി അവരുമായി ആലോചിച്ച് പള്ളികളുടെ ഭരണത്തിനു വേണ്ടി ഒരു ദെക്രത്തു പുസ്തകവും പള്ളികളുടെയും വൈദികരുടെയും വരവു സംബന്ധമായി ഒരു നിയമസംഗ്രഹവും ഉണ്ടാക്കി. 1879-ല്‍ പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥത്തിന്‍റെ പേര് വരാപ്പുഴ വികാരിയാത്തിലെ നല്ല പരിപാലനത്തിനായി വിശ്വാസം, കൂദാശകള്‍, പെരുന്നാളുകള്‍, നോമ്പ്, ദേവാലയങ്ങള്‍ മുതലായവകള്‍ സംബന്ധിച്ചുള്ള കല്പനകളും നിയമങ്ങളും എന്നാണ്. പ്രസ്തുത ഗ്രന്ഥത്തിന്‍റെ ആമുഖത്തില്‍ ലെയൊനാര്‍ദ്ദ് മെത്രാപ്പോലീത്ത ഇപ്രകാരം എഴുതി: 'സത്യതിരുസ്സഭയുടെ പരിശുദ്ധ നിയമങ്ങളായ കാനോനകളെ അനുസരിക്കാന്‍ കടപ്പെട്ടിരിക്കുന്നവരാകയാല്‍, തങ്ങളുടെ കടമകളെ പൂര്‍ണ്ണമായി നിറവേറ്റുന്നതിനു പലപ്പോഴും നൂതനമായ കല്പനകളെയും നിയമങ്ങളെയും ഏര്‍പ്പെടുത്തുവാന്‍ ആവശ്യമായി വരാറുണ്ട്. ഈ ന്യായത്താലെ നമ്മുടെ മുന്‍ഗാമി ബര്‍ണ്ണര്‍ദ്ദീന്‍ മെത്രാപ്പോലീത്താ ഓരോരൊ കാലാവസ്ഥയും ആവശ്യവും നോക്കി പലപല നൂതന നിയമങ്ങളെ ഏര്‍പ്പെടുത്തുകയും പള്ളികളിലേക്ക് അയയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ചിലതൊക്കെ കല്പിപ്പാനും നിയമിപ്പാനും ആവശ്യവും ഉണ്ട്…. ഇപ്രകാരം നല്കപ്പെട്ട കല്പനകളും നിയമങ്ങളും ഓരോരൊ കാലത്തിലും ഒറ്റ ഇലയായിട്ടും മറ്റും പ്രസിദ്ധപ്പെടുത്തിയിരിക്കുന്നവയാകകൊണ്ട് ഈ കല്പനകളിലും നിയമങ്ങളിലും പ്രധാനമായുള്ളവയെ സംക്ഷേപിച്ചും കാലത്തിനു യോജിച്ച വിധം ഭേദപ്പെടുത്തിയും ഏതാനും കൂട്ടിച്ചേര്‍ത്തും ഒന്നായിച്ചേര്‍ത്ത് അച്ചടിപ്പിക്കണമെന്ന ആഗ്രഹം ഇപ്പോള്‍ നിറവേറിയിരിക്കുന്നു.

ഇതില്‍ വിശ്വാസം, കൂദാശകള്‍, പള്ളിക്കടുത്ത വസ്തുക്കള്‍, തിരുനാളാഘോഷങ്ങള്‍, മരണപത്രിക എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ബഹു. വികാരിമാരും മറ്റു പട്ടക്കാരും സകല വിശ്വാസികളും ഇവയൊക്കെയും കുറവുകൂടാതെ അനുസരിച്ച് നടക്കുന്നതിന് കടപ്പെട്ടിരിക്കുന്നു."

1879-ല്‍ പ്രസിദ്ധീകരിച്ച ഈ നിയമസംഗ്രഹത്തെ അടിസ്ഥാനമാക്കിയാണ് തുടര്‍ന്നുള്ള ഭരണം നടന്നത്. 1887-ല്‍ കോട്ടയം, തൃശൂര്‍ വികാരിയാത്തുകള്‍ സ്ഥാപിതമായതിനുശേഷം കോട്ടയം വികാരി അപ്പസ്തോലിക്കയായിരുന്ന ചാള്‍സ് ലവീഞ്ഞ് മെത്രാന്‍റെ കാലത്ത് മേല്‍പ്പറഞ്ഞ നിയമസം ഗ്രഹത്തില്‍ ചില ഭേദഗതികള്‍ വരുത്തുകയുണ്ടായി. വരവു സംബന്ധമായ കാര്യങ്ങളെക്കുറിച്ച് ചില തര്‍ക്കങ്ങളുണ്ടാവുകയും നിയമ സംഗ്രഹത്തില്‍ അവ്യക്തതകള്‍ ഉണ്ടായിരിക്കുകയും ചെയ്തതിന്‍റെ പശ്ചാത്തലത്തില്‍ ലവീഞ്ഞ് മെത്രാന്‍ തന്‍റെ വികാരി ജനറാള്‍, ആലോചനക്കാര്‍, ഫൊറോന വികാരിമാര്‍ എന്നിവരെ വിളിച്ചു കൂട്ടി ചര്‍ച്ചകള്‍ ചെയ്തതിനുശേഷമാണ് ലെയൊനാര്‍ദ്ദ് മെത്രാപ്പോലീത്ത നല്കിയ നിയമസംഗ്രഹത്തില്‍ ഭേദഗതികള്‍ വരുത്തിയത്. ഇപ്രകാരം ഭേദഗതികള്‍ വരുത്തിയശേഷം പരിഷ്ക്കരിച്ച നിയമസംഗ്രഹം അച്ചടിപ്പിച്ചു പ്രസിദ്ധീകരിച്ചു. ഈ കാലഘട്ടത്തില്‍ തൃശൂര്‍ വികാരിയാത്തില്‍ മെഡലിക്കോട്ട് മെത്രാനും മേല്പറഞ്ഞപ്രകാരം ആ വികാരിയാത്തിലേക്കുവേണ്ടി നിയമഗ്രന്ഥം പ്രസിദ്ധീകരിച്ച് നല്കുകയുണ്ടായി.

1896-ല്‍ എറണാകുളം വികാരിയാത്ത് സ്ഥാപിതമായതിനുശേഷം മാര്‍ ളൂയീസ് പഴേപറമ്പില്‍ മെത്രാന്‍ ലവീഞ്ഞ് മെത്രാന്‍ പരിഷ്ക്കരിച്ച് അച്ചടിപ്പിച്ചു നല്കിയ നിയമസംഗ്രഹം മാര്‍ ളൂയീസ് മെത്രാന്‍റെ പേരില്‍ അച്ചടിപ്പിച്ച് എറണാകുളം വികാരിയാത്തിലെ എല്ലാ പള്ളികള്‍ക്കും നല്കി. തൃശ്ശൂര്‍ വികാരി അപ്പസ്തോലിക്കയായിരുന്ന യോഹന്നാന്‍ മേനാച്ചേരി മെത്രാനും മേല്പറഞ്ഞവിധം നിയമസംഗ്രഹം തയ്യാറാക്കി നല്കുകയുണ്ടായി. അതേസമയം, ചങ്ങനാശ്ശേരി വികാരി അപ്പസ്തോലിക്കയായിരുന്ന മാര്‍ മാത്യു മാക്കീല്‍ മെത്രാന്‍ ചങ്ങനാശ്ശേരി വികാരിയാത്തിനുവേണ്ടി മുന്‍കാല നിയമസംഗ്രഹങ്ങളെ അടിസ്ഥാനമാക്കി തനതായൊരു നിയമസംഗ്രഹം തയ്യാറാക്കുകയാണ് ചെയ്തത്. ചങ്ങനാശ്ശേരി ശ്ലീഹായിക്കടുത്ത വികാരിയാത്തിലെ പള്ളിഭരണത്തിനായി വിശ്വാസം, വൈദികര്‍, വിശ്വാസികള്‍, കൂദാശകള്‍, ദേവാലയങ്ങള്‍, പെരുനാള്‍, പള്ളിക്കും പട്ടക്കാര്‍ക്കുമുള്ള വരുമാനങ്ങള്‍, മുതലായി മറ്റും പലസംഗതികള്‍ സംബന്ധിച്ചുള്ള നിയമങ്ങളും കല്പനകളും അടക്കിക്കൊള്ളുന്ന ദെക്രെത്തുപുസ്തകം എന്ന പേരില്‍ 1904-ലാണ് ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചത്.

മാര്‍ പഴേപറമ്പില്‍ മെത്രാന്‍ പരിഷ്ക്കരിച്ച് പ്രസിദ്ധീകരിച്ച നിയമസംഗ്രഹത്തിന്‍റെ പ്രതികള്‍ ലഭ്യമല്ലാതാവുകയും അതിലെ ചില വകുപ്പുകളെക്കുറിച്ച് തര്‍ക്കങ്ങള്‍ ഉണ്ടാവുകയും ചെയ്ത സാഹചര്യത്തില്‍ മാര്‍പാപ്പയുടെ കല്പനകള്‍ക്കനുസൃതമായി നിയമസംഗ്രഹം പരിഷ്ക്കരിക്കുന്നതിന് മാര്‍ ളൂയീസ് മെത്രാന്‍ തീരുമാനിച്ചു. മാത്രമല്ല, കാലഘട്ടത്തിനനുസരിച്ച് ചിലത് മാറ്റേണ്ടതും മറ്റു ചില വകുപ്പുകള്‍ കൂട്ടിച്ചേര്‍ക്കേണ്ടതും ആവശ്യമായിരുന്നു. ആകയാല്‍, വികാരിയാത്തിലെ വികാരി ജനറാള്‍, ആലോചനക്കാര്‍, ഫൊറോന വികാരിമാര്‍, വികാരിമാര്‍ എന്നിവരെ ഒരുമിച്ചുകൂട്ടി ചില ചര്‍ച്ചകളും ആലോചനകളും നടത്തിയശേഷം 1908-ല്‍ നിയമസംഗ്രഹം പരിഷ്ക്കരിച്ച് പ്രസിദ്ധപ്പെടുത്തുകയുണ്ടായി. വരവുകളുടെ നിയമ സംഗ്രഹം എന്ന പേരിലാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്.

മാര്‍ ളൂയിസ് മെത്രാന്‍റെ കാലശേഷം മാര്‍ അഗസ്റ്റിന്‍ കണ്ടത്തില്‍ മെത്രാപ്പോലീത്തായുടെ കാലത്തും 1908-ലെ നിയമസംഗ്രഹം തന്നെയാണ് എറണാകുളം അതിരൂപതയില്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍, 1932-ല്‍ മേല്പറഞ്ഞ നിയമസംഗ്രഹം പരിഷ്ക്കരിച്ചു പ്രസിദ്ധീകരിക്കാന്‍ മാര്‍ കണ്ടത്തില്‍ മെത്രാപ്പോലീത്ത നിശ്ചയിച്ചു. മാത്രമല്ല, കാലാനുസൃതമായ ഭേദഗതികളും മറ്റും വരുത്തേണ്ടത് അത്യാവശ്യമായിരുന്നുതാനും. ആകയാല്‍, ചര്‍ച്ചകളുടെയും ആലോചനകളുടെയും പശ്ചാത്തലത്തില്‍ നിയമസംഗ്രഹം പരിഷ്ക്കരിച്ച് 1934-ല്‍ മാര്‍ കണ്ടത്തില്‍ മെത്രാപ്പോലീത്ത പ്രസിദ്ധീകരിച്ചു. ഈ നിയമസംഗ്രഹത്തിന്‍റെയും പേര് വരവുകളുടെ നിയമസംഗ്രഹം എന്നുതന്നെയായിരുന്നു.

ഈ കാലഘട്ടത്തില്‍ കേരളത്തിലെ സുറിയാനി കത്തോലിക്കാ സഭാസമൂഹത്തിന്‍റെ വിവിധ രൂപതകളിലെ ദെക്രെത്തുകളും നിയമങ്ങളും നിയമസംഗ്രഹങ്ങളും സംബന്ധിച്ച ഒരു ക്രോഡീകരണം നടത്തുന്നതിന് എറണാകുളം അതിരൂപതാംഗമായ ദൈവദാസന്‍ മോണ്‍. ജോസഫ് പഞ്ഞിക്കാരന്‍ നിയോഗിതനായി. അദ്ദേഹം അക്കാലത്ത് കേരളത്തിലുണ്ടായിരുന്ന നാല് രൂപതകളിലും (എറണാകുളം അതിരൂപതയും, ചങ്ങനാശ്ശേരി, കോട്ടയം, തൃശൂര്‍ രൂപതകളും) നിലവിലിരുന്നതും വ്യത്യസ്ത കാലഘട്ടങ്ങളില്‍ വിവിധ മെത്രാന്മാര്‍വഴി നല്കപ്പെട്ടതുമായ നിയമങ്ങളും ദെക്രെത്തുകളും ചട്ടങ്ങളുമെല്ലാം ക്രോഡീകരിച്ച് 1938-ല്‍ വത്തിക്കാനില്‍ സമര്‍പ്പിക്കുകയുണ്ടായി. നാലു രൂപതകള്‍ക്കുംവേണ്ടി നാല് റിപ്പോര്‍ട്ടുകളാണ് അദ്ദേഹം സമര്‍പ്പിച്ചതെന്ന് കരുതപ്പെടുന്നു. എന്നാല്‍ അദ്ദേഹം വത്തിക്കാനില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ഉടനടി നടപടികളൊന്നും ഇക്കാര്യത്തെ സംബന്ധിച്ച് ഉണ്ടായതായി ഈ ലേഖകന് അറിവില്ല.

കാലങ്ങള്‍ കടന്നുപോയപ്പോള്‍ കാലഘട്ടത്തിനനുസരിച്ച് നിയമങ്ങളില്‍ ഭേദഗതികള്‍ വരുത്തേണ്ടത് അത്യാവശ്യമായിരുന്നു. മാത്രമല്ല, പള്ളികളുടെയും സ്ഥാപനങ്ങളുടെയും എണ്ണത്തിലും പ്രവര്‍ത്തന രീതികളിലും വൈവിധ്യങ്ങളും സങ്കീര്‍ണ്ണതകളും വര്‍ദ്ധിച്ചു. ഈ കാരണത്താല്‍, എറണാകുളം മിസ്സത്തിലൂടെയും ഇതര സര്‍ക്കുലറുകളിലൂടെയും ഭേദഗതികളും പുതിയ നിയമങ്ങളും ബഹു. വികാരിമാരെയും ദൈവജനത്തെയും അറിയിച്ചുകൊണ്ടിരുന്നു. എന്നാല്‍, ഇപ്രകാരം നല്കപ്പെടുന്ന നിയമഭേദഗതികളും കല്പനകളും യഥാസമയം നോക്കിയെടുത്ത് കാര്യങ്ങള്‍ നിര്‍വഹിക്കുക പ്രയാസമാണെന്ന് വൈദികര്‍ മെത്രാപ്പോലീത്തായെ അറിയിക്കുകയും അദ്ദേഹത്തിന് അത് ബോധ്യപ്പെടുകയും ചെയ്തു. ആകയാല്‍, 1934-ല്‍ നല്കപ്പെട്ട നിയമസംഗ്രഹം വീണ്ടും പരിഷ്ക്കരിക്കുന്നതിനാവശ്യമായ ഔദ്യോഗിക ചര്‍ച്ചകളും ആലോചനകളും യഥാസമയം നടന്നു. അതിന്‍റെ പശ്ചാത്തലത്തില്‍, 1940-ല്‍ പരിഷ്ക്കരിച്ചതും വിപുലവുമായ നിയമ സംഗ്രഹം പ്രസിദ്ധീകരിക്കപ്പെട്ടു. എറണാകുളം അതിരൂപതയിലെ നിയമസംഗ്രഹം എന്ന പേരിലാണ് ഇത് പ്രസിദ്ധീകരിച്ചത്. ബഹു. വട്ടോലി പൗലോസച്ചനാണ് ഈ നിയമസംഗ്രഹം ക്രോഡീകരിച്ച് (compiled) പ്രസിദ്ധീകരിച്ചത്.

1940-ല്‍ പ്രസിദ്ധീകരിച്ച നിയമസംഗ്രഹത്തിന്‍റെ പ്രതികള്‍ ലഭ്യമല്ലാതായതിനാലും പല ഭേദഗതികള്‍ ഇതിനിടയില്‍ സംഭവിച്ചതിനാലും പത്തുവര്‍ഷങ്ങള്‍ക്കുശേഷം 1950-ല്‍ നിയമസംഗ്രഹം വീണ്ടും പരിഷ്ക്കരിച്ച് പ്രസിദ്ധീകരിക്കുകയുണ്ടായി. ബഹു. വട്ടോലിയച്ചന്‍ ക്രോഡീകരിച്ച 1940-ലെ നിയമസംഗ്രഹം 1950-ല്‍ പരിഷ്ക്കരിച്ച് ക്രോഡീകരിച്ചത് മോണ്‍. തോമസ് മൂത്തേടനാണ്. എറണാകുളം അതിരൂപതയിലെ നിയമസംഗ്രഹം (A summary of the Laws and Regulations in the Archidiocese of Ernakulam) എന്നു തന്നെയായിരുന്നു 1950-ലെ നാമധേയവും.

മാര്‍ ജോസഫ് പാറേക്കാട്ടില്‍ മെത്രാപ്പോലീത്തായുടെ കാലഘട്ടത്തില്‍ 1964-ലാണ് നിയമസംഗ്രഹത്തിന്‍റെ അടുത്ത പരിഷ്ക്കരണം സംഭവിച്ചത്. പ്രസ്തുത നിയമസംഗ്രഹത്തിന്‍റെ പേരിലും മാറ്റങ്ങളൊന്നും ഉണ്ടായില്ല. 1950 നവംബര്‍ 16-നു രണ്ടാം പതിപ്പായി പ്രസിദ്ധീകരിച്ച നിയമസംഗ്രഹമാണ് 1964 ജൂണ്‍ 1-ന് മൂന്നാം പതിപ്പായി പ്രസിദ്ധീകരിച്ചത്.

മാര്‍ പാറേക്കാട്ടില്‍ മെത്രാപ്പോലീത്തായുടെ കാലത്ത് മൂന്നാം പതിപ്പായി പ്രസിദ്ധീകരിച്ച നിയമസംഗ്രഹം ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം 1989-ല്‍ മാര്‍ ആന്‍റണി പടിയറ മെത്രാപ്പോലീത്തായുടെ കാലത്ത് വീണ്ടും പരിഷ്ക്കരിച്ച് പ്രസിദ്ധീകരിക്കുകയുണ്ടായി.

1989-ല്‍ പ്രസിദ്ധീകരിച്ച നിയമ സംഗ്രഹത്തിന്‍റെ അഞ്ചാം പതിപ്പ് 2001-ല്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. മാര്‍ വര്‍ക്കി വിതയത്തില്‍ മെത്രാപ്പോലീത്തായുടെ കാലത്താണ് അഞ്ചാം പതിപ്പ് 2001 മാര്‍ച്ച് 31-ന് പ്രസിദ്ധീകരിച്ചത്. കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തിയാണ് ഇതിന്‍റെയും പ്രസിദ്ധീകരണം നടത്തിയിട്ടുള്ളത്. അഞ്ചാം പതിപ്പില്‍ നിയമസംഗ്രഹത്തിന്‍റെ പേര് എറണാകുളം-അങ്കമാലി അതിരൂപത നിയമസംഹിത എന്നാക്കി മാറ്റി. ഈ പുതിയ പേര് നിലനിര്‍ത്തിക്കൊണ്ട് എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം മാര്‍ വര്‍ക്കി വിതയത്തില്‍ മെത്രാപ്പോലീത്തായുടെ കാലത്തു തന്നെ നിയമസംഗ്രഹത്തിന്‍റെ അഞ്ചാംപതിപ്പ് വീണ്ടും പരിഷ്ക്കരിച്ച് 2009 ജൂലൈ 29-ന് പുനഃപ്രസിദ്ധീകരിച്ചു.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് പ്രവേശിച്ച് ഒരു ദശവത്സരമാകുമ്പോഴേക്കും കാലഘട്ടത്തിനാവശ്യമായ പരിഷ്ക്കാരങ്ങളോടെ, കാലഹരണപ്പെട്ടവയെ മാറ്റിയും പുതിയവയെ കൂട്ടിച്ചേര്‍ത്തും ഭേദഗതി ചെയ്യേണ്ടവയെ ഭേദഗതിചെയ്തും പ്രസിദ്ധീകരിക്കേണ്ടത് ആവശ്യമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് നിയമസംഗ്രഹത്തിന്‍റെ ആറാം പതിപ്പ് പ്രസിദ്ധം ചെയ്തത്. ആറാം പതിപ്പിന്‍റെ പരിഷ്ക്കരിച്ച പതിപ്പ് (ഏഴാം പതിപ്പ്) പ്രസിദ്ധീകരിക്കുന്നതിനുള്ള പരിശ്രമങ്ങള്‍ അണിയറയില്‍ പുരോഗമിക്കുന്നു.

ഭിന്ന സ്വഭാവക്കാരായ വ്യക്തികള്‍ ഒരുമിച്ച് രൂപംകൊടുക്കുന്ന ഏതൊരു സമൂഹത്തിന്‍റെയും രൂപീകരണത്തിനും വളര്‍ച്ചയ്ക്കും ചില നടപടിക്രമങ്ങള്‍ അഥവാ നിയമങ്ങള്‍ അനിവാര്യമാണ്. ഈ പൊതുതത്വം സഭയുടെ കാര്യത്തിലും ശരിതന്നെ. എന്തെന്നാല്‍ സഭയിലെ അംഗങ്ങളെല്ലാം ഒരേവിശ്വാസമാണ് ഏറ്റു പറയുന്നതെങ്കിലും ഓരോ വ്യക്തിയും മറ്റൊരു വ്യക്തിയില്‍നിന്നും തീര്‍ത്തും ഭിന്നനാണ്. ആകയാല്‍ വ്യത്യസ്തമായ വ്യക്തിസവിശേഷതകള്‍ ഉള്‍ക്കൊള്ളുന്നവരുടെ കൂട്ടായ്മയെ രൂപപ്പെടുത്താനും ക്രമീകരിക്കാനും ശക്തിപ്പെടുത്താനും നിയമങ്ങള്‍ കൂടിയേ തീരു; തീവണ്ടി ചലിക്കുന്നതിന് റയില്‍ പാളങ്ങള്‍ ആവശ്യമായിരിക്കുന്നതുപോലെതന്നെ. ഈ നിയമങ്ങള്‍ കാലഘട്ടത്തിനനുസരിച്ച് പരിഷ്ക്കരിച്ചില്ലെങ്കില്‍ അവയുടെ പ്രസക്തി നഷ്ടപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്യും. ആകയാല്‍ ഈ സഭാ നിയമങ്ങളെ കാലാകാലങ്ങളില്‍ പരിഷ്ക്കരിക്കാനും നടപ്പിലാക്കാനും സഭാ നേതൃത്വത്തിന് കടമയുണ്ട്. അതേസമയം, നിയമദാതാക്കളും നിയമത്തിന് അതീതരല്ല. എന്തെന്നാല്‍ നേതാക്കളും അണികളും ഒരുമിച്ചാണല്ലോ ഒരു സമൂഹത്തെ രൂപപ്പെടുത്തുന്നത്. അതുകൊണ്ട് ഭരണകര്‍ത്താക്കള്‍ നിയമം ലംഘിക്കുകയും ഭരിക്കപ്പെടുന്നവര്‍ അവ പാലിക്കണമെന്ന് ശഠിക്കുകയും ചെയ്യുന്ന അവസ്ഥ സമൂഹത്തെ തളര്‍ത്തുമെന്നു മാത്രമല്ല, അരാജകത്വത്തിലേക്ക് തള്ളിയിടുകയും ചെയ്യും. ആകയാല്‍ ഭരണകര്‍ത്താക്കള്‍ക്കും ഭരിക്കപ്പെടുന്നവര്‍ക്കും സ്വീകാര്യവും കാലഘട്ടത്തിന് അനിവാര്യവുമായ വിധത്തില്‍ സഭാനിയമങ്ങളും നടപടിക്രമങ്ങളും പരിഷ്ക്കരിക്കപ്പെടേണ്ടിയിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ ഓരോ രൂപതയും കാലഘട്ടത്തിനനുസൃതമായി കത്തോലിക്കാ സഭയുടെ കാനന്‍നിയമങ്ങളുടെയും വ്യക്തിസഭകളുടെ പ്രത്യേക നിയമങ്ങളുടെയും (Particular Laws) ഓരോ രൂപതയുടെയും തനതായ സവിശേഷതകളുടെയും അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന അതിരൂപതാ/രൂപതാ നിയമസംഹിതകള്‍ ദൈവജനത്തിന്‍റെ ആത്മീയവും ഭൗതികവുമായ രൂപീകരണത്തിനും വളര്‍ച്ചയ്ക്കും എക്കാലവും ഉപകാരപ്രദംതന്നെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org