ലോകത്തിനും അതിലെ നശീകരണശക്തികള്‍ക്കും എതിരെ…

ലോകത്തിനും അതിലെ നശീകരണശക്തികള്‍ക്കും എതിരെ…

ഇടുക്കി തങ്കച്ചന്‍

കരിസ്മാറ്റിക് നവീകരണത്തില്‍ കഴിഞ്ഞ 4 പതിറ്റാണ്ടുകളായി സജീവ സാന്നിധ്യമാണ് ഇടുക്കി തങ്കച്ചന്‍. ആലപ്പുഴയിലെ പൂങ്കാവ് ഇടവകാംഗമായ ഇദ്ദേഹം ജോലിയുമായി ബന്ധപ്പെട്ട് ഹൈറേഞ്ച് മേഖലയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് നവീകരണ ശുശ്രൂഷകളില്‍ വ്യാപൃതനായത്. കേരളത്തിനകത്തും പുറത്തും ധ്യാനങ്ങളും ഫോര്‍മേഷന്‍ ക്ലാസ്സുകളും കൗണ്‍സലിംഗുകളും നടത്തുന്നു. കേരള സര്‍വീസ് ടീമില്‍ (കെ.എസ്.ടി) നാലു തവണകളില്‍ വൈസ് ചെയര്‍മാനായിരുന്നു. യുവജന മുന്നേറ്റമായ ജീസസ് യൂത്തിന്‍റെ ആരംഭകരിലൊരാള്‍. കരിസ്മാറ്റിക് ഗ്രാന്‍റ് കോണ്‍ഫ്രന്‍സ് കണ്‍വീനര്‍, രൂപതാ ബിസിസി ആനിമേറ്റര്‍, സെന്‍റ് വിന്‍സന്‍റ് ഡി പോള്‍ സഖ്യം രൂപതാ വൈസ് പ്രസിഡന്‍റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. കേരള സര്‍ക്കാരിന്‍റെ ഇക്കണോമിക്സ് ആന്‍റ് സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാര്‍ട്ടുമെന്‍റില്‍ റിസര്‍ച്ച് അസിസ്റ്റന്‍റായി വിരമിച്ചു. ക്രിസ്തുവിനുവേണ്ടി സ്വയം സമര്‍പ്പിതനായി ഏകസ്ഥ ജീവിതം നയിക്കുന്ന ഇടുക്കി തങ്കച്ചന്‍റെ സഭാ സേവനങ്ങളെ മാനിച്ച് മാര്‍പാപ്പയുടെ പേപ്പല്‍ ബഹുമതി അദ്ദേഹത്തിനു നല്‍കപ്പെട്ടു. തന്‍റെ ജീവിതാനുഭവങ്ങള്‍ അദ്ദേഹം സത്യദീപവുമായി പങ്കുവയ്ക്കുന്നു….

പത്താം ക്ലാസ് പഠനകാലത്ത് ഒരു ഈശോസഭാ വൈദികനാകണമെന്നായിരുന്നു എന്‍റെ ആഗ്രഹം. ഈശോസഭക്കാരുടെ ആലപ്പുഴ ലിയോ തേര്‍ട്ടീന്‍ത് സ്കൂളിലായിരുന്നു ഹൈസ്കൂള്‍ പഠനം. ഈശോസഭക്കാരുടെ ജീവിതരീതികളും പ്രവര്‍ത്തനങ്ങളും ആത്മീയതയും എന്നെ ഏറെ സ്വാധീനിച്ചിരുന്നു. അതിലേക്ക് എന്നെ നയിച്ച ഒരു ഘടകം ലീജിയന്‍ ഓഫ് മേരി എന്ന സംഘടനയായിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഇടവകയിലെ ജൂനിയര്‍ പ്രസീദിയത്തിന്‍റെ സെക്രട്ടറിയായിരുന്നു ഞാന്‍. എന്നാല്‍ പത്താം ക്ലാസ്സിലെ ഇംഗ്ലീഷ് പരീക്ഷയില്‍ മൂന്നു മാര്‍ക്കിനു ഞാന്‍ പരാജയപ്പെട്ടു. മറ്റു വിഷയങ്ങള്‍ക്കു ഉയര്‍ന്ന മാര്‍ക്കുണ്ടായിരുന്നു. പക്ഷെ രണ്ടാം ചാന്‍സില്‍ പത്താം ക്ലാസ്സു പാസ്സായതിനാല്‍ എന്നെ ഈശോ സഭയില്‍ എടുക്കാനാവില്ലെന്ന് അധികാരികള്‍ പറഞ്ഞു.

തുടര്‍ന്നു രൂപതാ വൈദികനാകാനും മിഷനില്‍ ചേരാനും പരിശ്രമിച്ചു. അതും നടന്നില്ല. അപ്പോഴാണ് ലീജിയന്‍ ഓഫ് മേരിയില്‍ നിന്നു കിട്ടിയ ആത്മീയ കരുത്തില്‍ ഏകസ്ഥജീവിതം തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചത്. ഇക്കാര്യം മാതാപിതാക്കളോടു പറഞ്ഞു. അന്നു ഞാന്‍ പോളിടെക്നിക്കില്‍ വിദ്യാര്‍ത്ഥിയാണ്. "ലോകത്തിനും അതിലെ നശീകരണ ശക്തികള്‍ക്കുമെതിരായി തിരുസഭ നടത്തുന്ന സമരത്തില്‍ നിസ്വാര്‍ത്ഥമായ സേവനം ചെയ്യുവാന്‍ സ്വയം സമര്‍പ്പിതനായ ഒരു അല്മായന്‍" എന്ന ലീജിയന്‍ ഓഫ് മേരിയുടെ ആദര്‍ശവാക്യമാണ് ഏകസ്ഥജീവിതത്തില്‍ എന്‍റെ മുദ്രാവാക്യമായി ഞാന്‍ സ്വീകരിച്ചത്. ആ ആപ്തവാക്യത്തില്‍ ഊന്നിക്കൊണ്ടുള്ള ജീവിതം ഇന്നും തുടരുന്നു.

1981-ലാണ് ഞാന്‍ കരിസ്മാറ്റിക് നവീകരണത്തില്‍ വരുന്നത്. അതിനുമുമ്പേ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ഇടവകയിലെ ഭക്തസംഘടനാപ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. പാവപ്പെട്ടവരെ സഹായിക്കുക, പുരകെട്ടിക്കൊടുക്കുക, ആശുപത്രിയില്‍ രോഗികളെ പരിചരിക്കുക, ആരും പോരുമില്ലാത്തവര്‍ക്ക് കൂട്ടിരിക്കുക…. ഇതിനിടയില്‍ ആത്മീയഗ്രന്ഥങ്ങളും സഭാ പഠനങ്ങളുമൊക്കെ വായിക്കാനും സമയം കണ്ടെത്തിയിരുന്നു. നവീകരണത്തിലേക്കു വരുന്ന ഘട്ടത്തില്‍ ആത്മീയമായി ഒത്തിരി ആശയക്കുഴപ്പങ്ങള്‍ എന്നെ അലട്ടിയിരുന്നു. ദേവാലയത്തില്‍ പെസഹാക്കാലത്തും മറ്റും വായനകള്‍ നടത്തിയിരുന്നത് ഞാനായിരുന്നു. വിശ്വാസികളുടെ ഉള്ളില്‍ തട്ടുന്നവിധത്തില്‍ ഞാന്‍ വായനകള്‍ നടത്തിയിരുന്നെങ്കിലും ഒരു മിമിക്രി നടത്തുന്ന പോലെയാണ് എനിക്കത് അനുഭവപ്പെട്ടിരുന്നത്. എന്‍റെ ഉള്ളില്‍ വചനം ചലനങ്ങള്‍ ഉണ്ടാക്കിയിരുന്നില്ല, വചനം എനിക്ക് പ്രത്യേകമായൊരു അനുഭൂതിയും പ്രദാനം ചെയ്തിരുന്നില്ല. അതെന്നില്‍ വലിയ ആശയക്കുഴപ്പം സൃഷ്ടിച്ചു. ഒരു നവീകരണ ധ്യാനം കൂടുന്നത് അപ്പോഴാണ്. അതു വലിയ വഴിത്തിരിവായി. "രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് കാല്‍വരിയില്‍ മരിച്ച മിശിഹാ അവന്‍റെ അസ്ഥികള്‍ എണ്ണുവാന്‍ തക്കവണ്ണം മാംസങ്ങള്‍ ചിന്നഭിന്നമാകുമാറ് അടിയേറ്റു മരിച്ചത് നിന്‍റെ പാപങ്ങള്‍ക്കാണെന്ന് നീ വിശ്വസിച്ചാല്‍ നിനക്ക് അവനോട് കൂറുള്ള സ്നേഹമുണ്ടാകും, ആ സ്നേഹത്തില്‍നിന്നു വേണം സുവിശേഷ പ്രഘോഷണം രൂപപ്പെടാന്‍, അതാണ് വ്യക്തിപരമായ യേശു അനുഭവം" എന്ന ധ്യാനഗുരുവിന്‍റെ ഉപദേശം എന്നെ വളരെ സ്വാധീനിച്ചു. അപ്പോള്‍ മുതല്‍ യേശുവിനെ അനുഭവിക്കാനുള്ള അനുഗ്രഹത്തിനായി നിരന്തരം പ്രാര്‍ത്ഥിച്ചു. എന്നിലെ ആധ്യാത്മിക അഹന്ത വെടിയാന്‍ അതെനിക്കു പ്രചോദനമായി. എന്‍റെ സുവിശേഷവേലയുടെ തുടക്കം അതാണ്.

അക്കാലത്ത് ഞാന്‍ ഇടുക്കിയില്‍ ജോലി ചെയ്യുകയാണ്. 800 രൂപ ശമ്പളം പറഞ്ഞിട്ട് 19 മാസത്തോളം എനിക്ക് 300 രൂപയായിരുന്നു തന്നുകൊണ്ടിരുന്നത്. അതില്‍ 150 രൂപ ഭക്ഷണത്തിനു കൊടുക്കണം. ഞാന്‍ ലോകത്തോടു യുദ്ധം ചെയ്യുന്നയാളായതു കൊണ്ട് ഈ പ്രതിസന്ധികളുടെ മേല്‍ വിജയം വരിക്കുക എന്നതാണ് എന്‍റെ ലക്ഷ്യം. തൊഴില്‍ സ്ഥലത്തു വളരെ ആത്മാര്‍ത്ഥതയോടെ ഇടപെട്ടിട്ടും ലാഭം വര്‍ദ്ധിപ്പിക്കാനുള്ള ഉപാധികള്‍ ചെയ്തു കൊടുത്തിട്ടും എനിക്ക് ശമ്പളം കൂട്ടിത്തന്നില്ല. ലോകവും ലോകത്തോടുള്ള യുദ്ധവും പ്രഖ്യാപിച്ച് ഞാന്‍ ദൈവത്തിനു മുന്നില്‍ എല്ലാം സമര്‍പ്പിച്ചു. ധ്യാനം കൂടിയ ശേഷം മാനേജര്‍, ടെക്നീഷ്യന്‍ എന്നീ തസ്തികകളില്‍ ജോലിചെയ്ത് തൊഴിലാളികളെ നയിച്ചിരുന്ന ഞാന്‍ തൊഴിലാളികളില്‍ ഒരുവനായി ജീവിക്കാന്‍ തുടങ്ങി. മൂന്നു മാസങ്ങള്‍ക്കുള്ളില്‍ അവരുമായി വളരെ അടുത്ത ബന്ധം സ്ഥാപിക്കാനായി. ഒഴിവുവേളകളില്‍ അവരോട് വചനം പങ്കുവയ്ക്കാന്‍ തുടങ്ങി. അവിടെയാണ് കര്‍ത്താവ് എനിക്കു പരിശീലനം തന്ന സ്ഥലം. അതു നല്ലൊരു പ്രാര്‍ത്ഥനാഗ്രൂപ്പായി വളര്‍ന്നു. പലരും ധ്യാനം കൂടി. പെണ്‍കുട്ടികളായ തൊഴിലാളികളില്‍ പതിനൊന്നു പേര്‍ ദൈവവിളി സ്വീകരിച്ചു കന്യാസ്ത്രീകളായിത്തീര്‍ന്നു. കേരളത്തിനകത്തും പുറത്തുമായി അവരില്‍ പലരും സ്കൂള്‍ അധ്യാപികമാരായും ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റര്‍മാരുമൊക്കെയായി സേവനം ചെയ്യുന്നു.

ഇതിനിടയില്‍ ജീസസ് യൂത്തിന്‍റെ ആദ്യകാല കൂട്ടായ്മയായ ഫസ്റ്റ് ലൈന്‍ ആരംഭിച്ചിരുന്നു. അതിന്‍റെ ആരംഭകരിലൊരാളായി അതില്‍ സഹകരിച്ചുപോന്നു. അക്കാലയളവിലാണ് ദാരിദ്ര്യത്തെക്കുറിച്ച് കര്‍ത്താവ് എനിക്കു ബോധ്യം തന്നത്. 500 രൂപയായിരുന്നു അപ്പോള്‍ ശമ്പളം. അതില്‍ 300 രൂപ വീട്ടിലേക്ക് അയച്ചുകൊടുക്കും. 150 രൂപ ഭക്ഷണത്തിനു നല്‍കും. ബാക്കി 50 രൂപയില്‍ എറണാകുളത്ത് ഫസ്റ്റ്ലൈന്‍ മീറ്റിങ്ങില്‍ പോയിവരാന്‍ 42 രൂപ വേണം. ബാക്കിയുള്ളത് 8 രൂപ. അതില്‍ 5 രൂപ 'കര്‍ത്താവിന്‍റെ പെട്ടി' എന്ന പേരില്‍ തൊഴിലാളികളെയും മറ്റും അത്യാവശ്യങ്ങളില്‍ സഹായിക്കാനായി വച്ചിട്ടുള്ള ബോക്സില്‍ നിക്ഷേപിക്കും. ബാക്കി മൂന്നു രൂപ. ബാര്‍ സോപ്പു വാങ്ങിയാണ് കുളിയും നനയും. മൂന്നു വര്‍ഷക്കാലം ഞാന്‍ അങ്ങനെ ജീവിച്ചു.

ഇടുക്കിയിലെ ജീവിതകാലത്ത് വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണ രേഖകളും ബൈബിളും മറ്റു ആധ്യാത്മിക ഗ്രന്ഥങ്ങളും വായിക്കാന്‍ സാധിച്ചു. കത്തോലിക്കാ സഭയുടെ നവീകരണത്തിനുവേണ്ടി ഉണ്ടായതാണ് കാത്തലിക് കരിസ്മാറ്റിക് റിന്യൂവല്‍. കത്തോ ലിക്കാ സഭയിലാണ് അതിന്‍റെ മാറ്റം പ്രതിഫലിക്കേണ്ടത്. അതിനു വേണ്ടി എനിക്കു ചെയ്യാവുന്നതു ഞാന്‍ ചെയ്തുകൊണ്ടിരുന്നു. ഹൈറേഞ്ചിലെ വിവിധ പ്രദേശങ്ങളില്‍ ചെറിയ ഗ്രൂപ്പുകളെ കൂട്ടി വചനം പറയാനും പ്രാര്‍ത്ഥനാ കൂട്ടായ്മകള്‍ രൂപീകരിക്കാനും ശ്രമിച്ചു. പത്തും പതിനഞ്ചും കിലോമീറ്റര്‍ നടന്നാണ് പലയിടത്തും പോയിരുന്നത്. മലകളുടെ മുകളിലായിരു ന്നു എല്ലാവരും ഒത്തു ചേരുന്നത്. ജോലിസ്ഥലത്തു നിന്ന് ഞാന്‍ വൈകിട്ട് ചെല്ലും, ക്ലാസ്സെടുക്കും പിറ്റേന്നു രാവിലെ ഓഫീസിലെത്തും. വിശപ്പു സഹിക്കേണ്ടി വന്നിട്ടുണ്ട്. പട്ടിണി കിടന്നിട്ടുണ്ട്, ഉറങ്ങാത്ത രാത്രികളുണ്ട്….

നവീകരണത്തില്‍ ഹൈറേഞ്ച് മേഖലാ സര്‍വീസ് ടീം രൂപീകരിക്കാന്‍ കഴിഞ്ഞു. അന്ന് ഇടുക്കി രൂപതയായിട്ടില്ല. കോതമംഗലം, കാഞ്ഞിരപ്പള്ളി, തിരുവല്ല, കോട്ടയം, വിജയപുരം എന്നിങ്ങനെ അഞ്ചുരൂപതകളിലെ ഹൈറേഞ്ചില്‍ പെട്ട 32 പള്ളികളില്‍ മിക്കവാറും ഇടവകകളില്‍ ഞാന്‍ ക്ലാസ്സെടുത്തു. പിന്നീട് കൂടുതല്‍ ജനങ്ങളിലേക്കും പ്രദേശങ്ങളിലേക്കും നവീകരണമുന്നേറ്റം വ്യാപിച്ചു. ജനങ്ങളുടെ ഇടയിലെ എന്‍റെ പ്രേഷിതപ്രവര്‍ത്തനം എന്നെ ഇടുക്കി തങ്കച്ചനാക്കി മാറ്റി. 1986-ല്‍ എനിക്കു സര്‍ക്കാര്‍ സര്‍വീസില്‍ ജോലി കിട്ടി. ഇക്കണോമിക്സ് ആന്‍റ് സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാര്‍ട്ടുമെന്‍റില്‍. പത്തു വര്‍ഷക്കാലം ഫീല്‍ഡ് വര്‍ക്കായിരുന്നു. അന്നൊക്കെ രാവിലെ 6 മുതല്‍ 9 വരെ ഒരു പള്ളിയില്‍ ധ്യാനിപ്പിക്കും. തുടര്‍ന്ന് ഫീല്‍ഡില്‍ പോകും. വൈകിട്ടു വേറൊരു പള്ളിയില്‍ ധ്യാനം നടത്തും. ഒഴിവുകള്‍ നോക്കി കോളജിലും മറ്റും താമസിച്ചുകൊണ്ടുള്ള ധ്യാനവും നടത്തിയിരുന്നു. നാലുവര്‍ഷത്തോളം ലീവെടുത്ത് വചനപ്രഘോഷണത്തില്‍ മുഴു കി. അക്കാലത്താണ് ഗള്‍ഫു രാജ്യങ്ങളിലൊക്കെ വചനപ്രസംഗത്തിനായി ക്ഷണിക്കപ്പെട്ടത്.

എന്‍റെ വചനപ്രഘോഷണ ജീവിതത്തില്‍ ഞാന്‍ കൂടുതല്‍ ശ്രദ്ധിച്ചിട്ടുള്ളത് ഫോര്‍മേഷന്‍ തലത്തിലാണ്. വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖയനുസരിച്ച് എങ്ങനെയായിരിക്കണം ഒരു അല്മായന്‍ സഭയില്‍ വ്യാപരിക്കേണ്ടത്? ക്രിസ്തുവിന്‍റെ പൗരോഹിത്യത്തിലും രാജത്വത്തിലും പ്രവാചകത്വത്തിലും നമുക്കു കിട്ടിയിരിക്കുന്ന പങ്കാളിത്തം നാം മനസിലാക്കണം, പ്രയോജനപ്പെടുത്തണം. ക്രിസ്തു സ്വയം ബലിയായി തീര്‍ന്നവനാണ്. അതുപോലെ നാമും സുവിശേഷത്തിനു വേണ്ടി ബലിയായിത്തീരുമ്പോഴേ നമ്മുടെ അല്മായ പ്രേഷിതത്വത്തിന് അര്‍ത്ഥം ഉണ്ടാകൂ. നവീകരണത്തില്‍ പ്രധാനപ്പെട്ട കാര്യം വ്യക്തിപരമായി ക്രിസ്ത്വാനുഭവം ഉണ്ടാകുക എന്നതാണ്. അതു പോലെ ആബാ അനുഭവവും, അടിസ്ഥാന മാനസാന്തര അനുഭവവും ഉണ്ടാകണം. യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച് യേശുവില്‍ ജീവിക്കാന്‍ സഹായിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യമാകേണ്ടത്. ക്രിസ്തുവാണ് നമ്മുടെ കേന്ദ്രബിന്ദു. അവിടുത്തെ അനുഗ്രഹമല്ല. പക്ഷെ ഇന്നു നവീകരണത്തിന്‍റെ ലക്ഷണങ്ങള്‍ അങ്ങനെയായിപ്പോയി. കര്‍ത്താവു രോഗശാന്തി തരും, പ്രശ്നങ്ങള്‍ തീര്‍ക്കും എന്നായി. എന്നാല്‍ കര്‍ത്താവിനെ സ്വീകരിച്ചാല്‍ എല്ലാ പ്രശ്നങ്ങള്‍ക്കും ഉത്തരമായി എന്ന സന്ദേശം കൊടുക്കാന്‍ പറ്റുന്നില്ല.

നവീകരണം സഭയുടെ മടിത്തട്ടില്‍ വളരണം എന്നു പോള്‍ ആറാമന്‍ മാര്‍പാപ്പ മുതല്‍ ഇങ്ങോട്ടുള്ളവര്‍ പറയുന്നുണ്ടെങ്കിലും കേരളത്തില്‍ ഇതുവരെ അതു മടിത്തട്ടിലൊന്നും ആയിട്ടില്ല. അല്മായര്‍ സഭയുടെ അസ്തിത്വത്തിന്‍റെ ഒരു ഭാഗം മാത്രമായി നില്‍ക്കാനാണ് പലരും ആഗ്രഹിക്കുന്നത്. എന്നാല്‍ വത്തിക്കാന്‍ കൗണ്‍സിലിന്‍റെ സഭാ ദര്‍ശനം അല്മായരുടെ പങ്കാളിത്തം വ്യക്തമാക്കുന്നുണ്ട്. ആദ്യ നൂറ്റാണ്ടില്‍ അല്മായര്‍ക്കായിരുന്നു കൂടുതല്‍ പങ്കുണ്ടായിരുന്നത്. അതു മാറി ഹയരാര്‍ക്കി വരുന്നത് 12-ാം നൂറ്റാണ്ടോടെയാണ്. ക്രിസ്തുവിന്‍റെ രാജത്വത്തിലും പൗരോഹിത്യത്തിലും പ്രവാചകത്വത്തിലും പങ്കാളികളായിരിക്കുന്ന ജ്ഞാനസ്നാനം സ്വീകരിച്ച വിശ്വാസികളെ ശുശ്രൂഷിക്കലാണ് ഹയരാര്‍ക്കിയുടെ ഉത്തരവാദിത്വം. ക്രിസ്തുവിന്‍റെ രാജത്വത്തില്‍ പങ്കാളിയാകുന്ന അല്മായന്‍, സമൂഹത്തിലിറങ്ങി കര്‍ത്താവിനു വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ അവന്‍റെ ദര്‍ശനം തെറ്റാതിരിക്കാന്‍ ഹയരാര്‍ക്കിയോടു യോജിച്ചുവേണം ജീവിക്കാന്‍. പ്രവാചകദൗത്യത്തിലേര്‍പ്പെട്ടു വചനം പ്രഘോഷിക്കുന്ന അല്മായന്‍ വികാരിയച്ചനോടു വിധേയപ്പെട്ടു പോകണം. അങ്ങനെ വിധേയപ്പെടണമെങ്കില്‍ വൈദികര്‍ അവരുടെ പ്രവര്‍ത്തനങ്ങളെ ശ്ലാഘിക്കുന്നവരാകണം. അല്ലാത്തിടത്ത് ഇവിടെ അല്മായര്‍ വളരെ വിഷമിക്കുന്നുണ്ട്.

പൊതുവേ ഇടവകകളില്‍ അച്ചനോടു ചേര്‍ന്നു നില്‍ക്കുന്ന ഒരു കൂട്ടം ആളുകളുണ്ടാകും. ആ വൃന്ദത്തില്‍ നവീകരണത്തിലേക്കു വന്നവര്‍ ഉണ്ടാകണമെന്നില്ല. അത്തരക്കാരെ അംഗീകരിക്കുന്ന തലം പൊതുവേ കുറവാണ്. ഈ അവസ്ഥയിലാണ് ദൈവപദ്ധതി പോലെ ധ്യാനസെന്‍ററുകള്‍ വന്നത്. 1987 വരെ ഇടവക കേന്ദ്രീകൃതമായിരുന്നു നവീകരണം. ധ്യാനകേന്ദ്രങ്ങള്‍ വന്നതോടെ ഇടവകയില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രേഷിതര്‍ ക്ക് അവിടെ കൂടുതല്‍ സ്വീകാര്യത കിട്ടി. അല്മായുടെ പങ്കാളിത്തത്തെപ്പറ്റി സഭയില്‍ വളരെയധികം പറയുന്നുണ്ട്. എന്നാല്‍ പിരിവു കൊടുക്കുക, പ്രാര്‍ത്ഥിക്കുക, പങ്കെടുക്കുക എന്നതാണ് അല്മായന്‍റെ പണി എന്ന ധാരണ സഭയില്‍ ഉണ്ടായി. പക്ഷെ വത്തിക്കാന്‍ കൗണ്‍സില്‍ അതിനെ ഖണ്ഡിച്ചു. ക്രിസ്തു കേന്ദ്രീകൃത ജീവിതം നയിക്കുന്നവരുടെ കൂട്ടായ്മയാണു സഭ. അതിനാല്‍ ഒരുവന്‍റെ ക്രിസ്ത്വാനുഭവം അനുസരിച്ച് അവന്‍ ക്രിസ്തുവിന്‍റെ പൗരോഹിത്യത്തിലും ക്രിസ്തുവിന്‍റെ രാജത്വത്തിലും പ്രവാചകത്വത്തി ലും പങ്കാളിയാകുന്നു. അങ്ങനെയാണെങ്കിലും നമ്മുടെ സെമിനാരികളിലെ പരിശീലനത്തിന് വേണ്ടത്ര മാറ്റം ഇനിയും വന്നിട്ടില്ല. അതിനാല്‍ 15 വയസ്സുകാരനായ ഒരു കുട്ടി സെമിനാരിയില്‍ ചെന്നു കഴിയുമ്പോള്‍ താന്‍ ഒരു അപ്പന്‍റെ മകനാണെന്നു തിരിച്ചറിയാന്‍ പറ്റാത്ത പരുവത്തിലാകും. തിരിച്ചു വരുമ്പോള്‍ അപ്പനേക്കാള്‍ പ്രായമുള്ള വ്യക്തിയെപ്പോലും എടാ തോമാ എന്നു വിളിക്കും. അപ്പനും തന്‍റെ പോലെ ദൈവവിളിയുണ്ട് എന്നു മനസ്സിലാക്കുന്ന സാഹചര്യം ഉണ്ടാകണം. ആ വിധത്തില്‍ നമ്മുടെ മനോഭാവങ്ങള്‍ മാറുന്ന തരത്തിലുള്ള പരിശീലനം സെമിനാരികളിലും നമ്മുടെ ഭവനങ്ങളിലും നടക്കണം.

നമ്മുടെ സഭയുടെ ദര്‍ശനം ക്രിസ്തുവിന്‍റേതാണ്. അതില്‍ മാറ്റം വരാന്‍ പാടില്ല. ഇടവകയില്‍ ധ്യാനം നടത്തുകയും ആദ്യവെള്ളിയാഴ്ചകളില്‍ കണ്‍വെന്‍ഷന്‍ നടത്തുകയും ചെയ്തിരുന്ന ഒരു വൈദികന്‍ സ്ഥലം മാറിപ്പോയി അടുത്തയാള്‍ വരുമ്പോള്‍ അതെല്ലാം മാറ്റി മറിച്ച്, തനിക്ക് സാമൂഹ്യപ്രവര്‍ത്തകരെ മതി എന്നു പറഞ്ഞേക്കാം. അതുപോലെ രൂപതയിലെ മെത്രാന്‍ മാറി പുതിയ മെത്രാന്‍ വരുമ്പോഴും പഴയകാലത്തെ കാര്യം പറയേണ്ട എന്നു പറയുന്നവരുണ്ടാകാം. ഇത്തരത്തില്‍ മെത്രനെയോ വൈദികനെയോ ആശ്രയിച്ചായിരിക്കരുത് സഭാപ്രവര്‍ത്തനങ്ങള്‍ നടക്കേണ്ടത്. സഭയ്ക്കു നല്‍കപ്പെട്ടിരിക്കുന്ന മാര്‍ഗരേഖകള്‍ ഒഴിവാക്കി സ്വന്തം ദര്‍ശനം ഓരോരുത്തര്‍ നടപ്പാക്കുന്നതാണ് പ്രശ്നം. സ്വന്തം ദര്‍ശനം നടപ്പാക്കാനുള്ള വേദിയല്ല സഭ. സഭയേക്കാള്‍ വലുതായി ആരുമില്ല. സഭയില്‍ ആയിരിക്കുന്നതു കൊണ്ടാണ് ഒരാള്‍ മെത്രാനും വൈദികനും അല്മായനുമായിരിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ ഈ ബോധം ഇന്നു കുറയുന്നു.

വിധേയത്വം എന്നത് കണ്ണടച്ച് അനുസരിക്കുന്നതല്ല, പരസ്പരം ചര്‍ച്ച ചെയ്ത് അതിന്‍റെ ഉപരിനന്മ ഏതെന്നു കണ്ട് അതിനോടു യോജിക്കുന്നതാണത്. അല്മായനിലുള്ള നന്മയോ ഉപരി നന്മയോ കേള്‍ക്കാനോ സ്വീകരിക്കാനോ ഇടവക സമിതിയോ രൂപതാ കമ്മറ്റിയോ തയ്യാറാകുമോ? എന്തിനധികം ചില റീത്തുകളില്‍ പങ്കാളിത്ത സഭ എന്നു പറഞ്ഞു ആരംഭിച്ചിരിക്കുന്ന കാര്യങ്ങളുടെ തലപ്പത്ത് ഇരിക്കുന്നവര്‍ ഇന്നും മെത്രാന്മാര്‍ മാത്രമല്ലേ? ഇന്നു ചില രൂപതകളില്‍ ഫിനാന്‍സ് ഓഫീസര്‍മാരായി അല്മായരെ നിയമിച്ചിട്ടുണ്ട്. അതെല്ലാം മനോഹരമായി മുന്നോട്ടു പോകുന്നുമുണ്ട്. എന്നാല്‍ അല്മായന്‍റെ മുന്നില്‍ തങ്ങള്‍ കണക്കു പറയണോ എന്നു ചോദിച്ച് അവയോടു വിയോജിക്കുന്ന വൈദികരുമുണ്ട്. ഞാന്‍ സൂചിപ്പിച്ചതുപോലെ വൈദികരുടെ പരിശീലനത്തിലൂടെയാണ് ഇതിനെല്ലാം മാറ്റം വരുത്തേണ്ടത്. കുടുംബമാണ് പരിശീലനത്തിന്‍റെ പ്രഥമതലം. നല്ല പരിശീലനം കുടുംബങ്ങളില്‍നിന്നും ഉണ്ടാകണം. സെമിനാരിയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ നല്ല ശ്രദ്ധ കൊടുക്കണമെന്നാണ് എന്‍റെ അഭിപ്രായം. വൈദികര്‍ കുറഞ്ഞാലും പ്രശ്നമില്ല. കാരണം ഇന്ന് ഒരുപാടു കാര്യങ്ങള്‍ അല്മായരെ ഏല്‍പിക്കാനാവും. കേരള സഭയില്‍ കുര്‍ബാന എഴുന്നള്ളിച്ചു കൊടുക്കാന്‍ അല്മായര്‍ക്കു സാധിക്കും എന്നു പലര്‍ക്കും അറിയില്ല. കുര്‍ബാനയ്ക്ക് ആമുഖം പറയാനും അറിയിപ്പുകള്‍ നല്‍കാനും അല്മായരെ ഏല്‍പിക്കാം. ഇത്തരത്തില്‍ അല്മായര്‍ക്കു കൈമാറാവുന്ന തരത്തിലുള്ള പരിശീലനം അവര്‍ക്കു കൊടുക്കുകയും സെമിനാരി സെലക്ഷന്‍ കുറ്റമറ്റതാക്കുകയും ചെയ്യണം.

ആത്മീയതയില്‍ മനുഷ്യര്‍ ഏറെ പിന്നിലേക്കു പോകുകയാണെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടുകളില്‍ പോലും പറയുന്നുണ്ട്. വെറും മൂന്നു ശതമാനം കഴിവു മാത്രമേ മനുഷ്യനു ശരീരത്തിലുള്ളൂ. ഏഴു ശതമാനം കഴിവേ ബുദ്ധിയിലുള്ളൂ. ബാക്കി 90 ശതമാനവും ആത്മാവിലാണ്. അപ്പോള്‍ ആ വിധത്തില്‍ ആത്മീയരാകണം നമ്മള്‍. ആത്മീയര്‍ക്കേ ആധ്യാത്മികതയിലേക്കു നയിക്കാന്‍ സാധിക്കൂ. നമുക്കിടയില്‍ ആത്മീയപരിശീലനം ഇപ്പോഴും കുറവാണ്. ഭൗതിക പരിശീലനം ധാരാളമുണ്ട്. മതങ്ങളെക്കുറിച്ചറിയാം ദൈവശാസ്ത്രവും തത്ത്വശാസ്ത്രവും അറിയാം. പക്ഷെ നമ്മുടെ ആധ്യാത്മിക സമ്പന്നതയെക്കുറിച്ച് പലര്‍ക്കും അറിയില്ല. അത്തരത്തില്‍ ഒരു ആധ്യാത്മിക ദര്‍ശനം നമുക്കുണ്ടാകണം. മറ്റൊന്ന്, സുവിശേഷ പ്രഘോഷണമാണ് നമ്മുടെ പ്രധാന ദൗത്യം എന്നതും നാം മറന്നു പോകുന്നുണ്ട്. സുവിശേഷം പ്രഘോഷിക്കാനേ കര്‍ത്താവു കല്‍പിച്ചിട്ടുള്ളൂ. നാം എന്തു ചെയ്താലും അതിലൂടെ സുവിശേഷത്തിന്‍റെ പ്രസരണം ഉണ്ടാകണം. ഉപവി പ്രവര്‍ത്തനമോ, സാമൂഹ്യ സേവനമോ എന്തുമാകട്ടെ എന്തായാലും സുവിശേഷപ്രഘോഷണമായിരിക്കണം അടിസ്ഥാന ലക്ഷ്യം. പണ്ട് കത്തോലിക്കാ സ്കൂളുകളില്‍ വേദപാഠക്ലാസ്സുകള്‍ ഉണ്ടായിരുന്നു, ഇതരമതസ്ഥര്‍ക്കായി മോറല്‍ ക്ലാസ്സുകളും നടത്തിയിരുന്നു. അതൊന്നും വേണ്ട എന്നു സര്‍ക്കാരോ അധികാരികളോ കല്‍പിക്കുമ്പോള്‍ നമുക്ക് അതിനേക്കാള്‍ വലുത് പഠിപ്പിക്കലാകരുത്. അപ്പോള്‍ നാം അതു നിറുത്തണം. തിരുഹൃദയത്തിന്‍റെ ചിത്രം പള്ളിക്കൂടത്തില്‍ വയ്ക്കാന്‍ പാടില്ല, കത്തോലിക്കാ വിദ്യാര്‍ത്ഥികള്‍ക്ക് സുവിശേഷം പകര്‍ന്നു കൊടുക്കാന്‍ പാടില്ല എന്നു പറഞ്ഞാല്‍ ഉടനടി ആ വിദ്യാഭ്യാസ സ്ഥാപനം നിറുത്തുകയാണു നമ്മള്‍ ചെയ്യേണ്ടത്. തുടര്‍ന്ന് സുവിശേഷപ്രഘോഷണത്തിനായുള്ള അടുത്ത വഴി കണ്ടെത്തണം. ഇന്നു നമ്മുടെ കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങളെടുത്താല്‍ പകുതിയില്‍ കൂടുതലും അക്രൈസ്തവരായിരിക്കും. സുവിശേഷപ്രഘോഷണമോ, സുവിശേഷവത്കരണമോ അല്ല ഇന്ന് നമ്മുടെ സ്കൂളുകളുടെ ലക്ഷ്യം, 100 ശതമാനം വിജയം നേടി പേരെടുക്കണം, അത്രമാത്രം. മതപരിവര്‍ത്തനം നടത്തണമെന്നല്ല പറയുന്നത് നമ്മുടെ സ്ഥാപനങ്ങളിലൂടെ ക്രൈസ്തവ മൂല്യങ്ങള്‍ പകര്‍ന്നു നല്‍കാന്‍ കഴിയണം. അല്ലെങ്കില്‍ അവ അടച്ചുപൂട്ടുന്നതാണു നല്ലത്.

"സഭയോട് പരിശുദ്ധാത്മാവ് സംസാരിക്കുന്നതിനു ചെവി കൊടുക്കുന്നവന്‍ ഭാഗ്യവാന്‍." രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ കഴിഞ്ഞിട്ട് ആറു പതിറ്റാണ്ടുകളാകുന്നു. അതിന്‍റെ ചൈതന്യം നമ്മുടെ സഭയില്‍ എത്രത്തോളമുണ്ടെന്നു ചിന്തിക്കുക. കൗണ്‍സിലിന്‍റെ പരിണത ഫലമായി രൂപപ്പെട്ട മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ തയ്യാറാകുക. അപ്പോള്‍ സഭയില്‍ വസന്തം വിരിയും.

(അഭിമുഖസംഭാഷണത്തെ ആസ്പദമാക്കി എഴുതിയത്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org