ദൈവവിളി പോഷണത്തിന് സാക്ഷ്യജീവിതം

ദൈവവിളി പോഷണത്തിന് സാക്ഷ്യജീവിതം


ഫാ. ഡോ. സെബാസ്റ്റ്യന്‍ മുട്ടംതൊട്ടില്‍ MCBS

സെക്രട്ടറി, സീറോ-മലബാര്‍ ദൈവവിളി കമ്മീഷന്‍

ദൈവം എല്ലാവരേയും വിളിക്കുന്നു, തന്‍റെ സ്നേഹത്തില്‍ പൂര്‍ണ്ണരാകാന്‍. തന്‍റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍ തന്‍റെ ഛായയും സാദൃശ്യവുമായ സ്നേഹത്തിന്‍റെ പൂര്‍ണ്ണതയില്‍ ഉള്‍ച്ചേരണമെന്നതാണ് അവിടുത്തെ തിരുവിഷ്ടം. രണ്ടാം വത്തിക്കാന്‍ സൂനഹദോസ് ഇക്കാര്യം വളരെ വ്യക്തമായി നമ്മെ ഉദ്ബോധിപ്പിക്കുന്നുണ്ട് (LG, 11). മാമ്മോദീസായിലൂടെ ലഭിക്കുന്ന ഈ വിളിയോട് പ്രത്യുത്തരിക്കുക ഓരോ ക്രൈസ്തവന്‍റേയും കടമയാണ്.

എന്നാല്‍ രക്ഷാകര ചരിത്രത്തിന്‍റെ ആരംഭം മുതല്‍ ദൈവം ചിലരെ തന്‍റെ പ്രത്യേക ദൗത്യമേല്‍പ്പിക്കുന്നതിനായി വിളിക്കുന്നത് വി. ഗ്രന്ഥത്തില്‍ നാം വായിക്കുന്നുണ്ട്. ദൈവത്തിന്‍റെ ആ വിളിയോട് പ്രത്യുത്തരിക്കുന്നവരേയും മറുതലിക്കുന്നവരേയും ബൈബിളില്‍ നാം കാണുന്നുണ്ട്. 'നിന്‍റെ ദേശത്തേയും ബന്ധുക്കളേയും പിതൃഭവനത്തേയും വിട്ട് ഞാന്‍ കാണിച്ചുതരുന്ന ദേശത്തേക്ക് പോവുക" എന്ന ദൈവത്തിന്‍റെ അരുളപ്പാടിനോട് പ്രത്യുത്തരിച്ചതിനാലാണ് അബ്രാഹം വലിയൊരു ജനതയായിത്തീരുന്നതും അബ്രാഹത്തിലൂടെ ഭൂമുഖത്തെ വംശമെല്ലാം അനുഗ്രഹീതമാകുന്നതും. തന്‍റെ ബലഹീനതകള്‍ ദൈവത്തിന്‍റെ മുമ്പില്‍ നിരത്തുമ്പോഴും, ദൈവത്തില്‍ പ്രത്യാശയര്‍പ്പിച്ച് അവിടുത്തെ വിളിയോട് പ്രത്യുത്തരിക്കുന്നതിലൂടെ മോശ ഇസ്രയേല്‍ ജനതയുടെ വിമോചനത്തിനുള്ള ഉപകരണമായിത്തീരുന്നു.

പുതിയനിയമത്തിലും ദൈവത്തിന്‍റെ പ്രത്യേക വിളി ലഭിച്ച വ്യക്തിത്വങ്ങളെയും അവര്‍ അതിനോട് പ്രത്യുത്തരിക്കുന്നതും നാം കാണുന്നു. ദൈവപുത്രന്‍റെ അമ്മയാകാനുള്ള വിളി ലഭിച്ച മറിയവും വളര്‍ത്തുപിതാവാകാനുള്ള നിയോഗം ലഭിച്ച യൗസേപ്പും യേശുവിന് മുന്നോടിയാകാന്‍ നിയുക്തനായ സ്നാപകനും ദൈവം തങ്ങളെ ഭരമേല്‍പ്പിച്ച പ്രത്യേക വിളിയോട് പ്രത്യുത്തരിച്ചവരാണ്. പരിശുദ്ധാത്മാവിന്‍റെ ആഗമനത്തോടെ തങ്ങളുടെ വിളി തിരിച്ചറിഞ്ഞ് അതിനുവേണ്ടി ജീവ ത്യാഗം ചെയ്യുന്ന ശ്ലീഹന്മാരും ശിഷ്യരും അടങ്ങുന്ന വ്യക്തിത്വങ്ങളും ദൈവം നല്‍കിയ പ്രത്യേകവിളി നിറവേറ്റുന്നവരാണ്.

ദൈവത്തിന് ഇന്നും തന്‍റെ പ്രത്യേക നിയോഗങ്ങള്‍ നിറവേറ്റാന്‍ വ്യക്തികളെ ആവശ്യമുണ്ട്. അതിനായി അവിടുന്ന് വ്യക്തികളെ വിളിക്കുന്നുമുണ്ട്. വിളി ലഭിക്കുന്നവര്‍ അതിനോട് പ്രത്യുത്തരിക്കാനും അതില്‍ നിലനില്‍ക്കാനും പ്രാര്‍ത്ഥിക്കേണ്ടത് ക്രൈസ്തവരുടെ മുഴുവന്‍ കടമയാണ്. അതിനാലാണ് ദൈവവിളി പ്രോത്സാഹിപ്പിക്കുക എന്നത് മുഴുവന്‍ ദൈവജനത്തിന്‍റെയും ഉത്തരവാദിത്വമാണ് എന്ന് രണ്ടാം വത്തിക്കാന്‍ സൂനഹദോസും (OT, 2; PO, 11) സഭാനിയമവും പറഞ്ഞു വയ്ക്കുന്നത് (CCEO c. 329 $ 1). വിവിധങ്ങളായ സഭാശുശ്രൂഷകള്‍ക്കുവേണ്ടി ദൈവം വ്യക്തികളെ വിളിക്കുമ്പോള്‍ അതിനെ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കുക എന്നത് എല്ലാവരുടെയും കടമ തന്നെയാണ്.

ആധുനിക ലോകത്തില്‍ സഭാ ശുശ്രൂഷകള്‍ക്കുവേണ്ടി ജീവിതം സമര്‍പ്പിക്കാന്‍ കടന്നുവരുന്നവരുടെ എണ്ണം കുറയുന്നത് നാം കാണുന്നുണ്ട്. അടുത്തയിടെ ഫ്രാന്‍സിസ് മാര്‍പാപ്പ ഇറ്റാലിയന്‍ മെത്രാന്‍സംഘത്തിന്‍റെ എഴുപത്തി ഒന്നാമത് ജനറല്‍ അസംബ്ലി ഉദ്ഘാടനം ചെയ്ത് സംസാരിച്ച അവസരത്തില്‍ തന്‍റെ മൂന്ന് ആകുലതകളെക്കുറിച്ച് സൂചിപ്പിക്കുകയുണ്ടായി. അതില്‍ ഒന്നാമത്തേത് ദൈവവിളിയോട് പ്രത്യുത്തരിക്കുന്നതിലുള്ള പ്രതിസന്ധികളെക്കുറിച്ചും പ്രത്യുത്തരിക്കുന്നവരുടെ കുറവിനെക്കുറിച്ചുമാണ്. അതിന്‍റെ കാരണമായി മാര്‍പാപ്പ പറയുന്നതും മൂന്ന് കാര്യങ്ങളാണ്: ധനാധിപത്യവും ആപേക്ഷികതയും നിറഞ്ഞ ആധുനിക സംസ്കാരം, ജനനനിരക്കിലുള്ള ഗണ്യമായ കുറവ്, ഉതപ്പുകളും മന്ദോഷ്ണമായ സാക്ഷ്യങ്ങളും.

വൈദികരുടേയും മറ്റ് സമര്‍പ്പിതരുടേയും എതിര്‍ സാക്ഷ്യങ്ങള്‍ ദൈവവിളിയോട് പ്രത്യുത്തരിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വരുത്തിയിട്ടുണ്ട്. മാധ്യമങ്ങള്‍ ഗതിനിയന്ത്രിക്കുന്ന ഇന്നത്തെ ലോകത്തില്‍ നാമമാത്രമായ വൈദികരും സന്യസ്തരും ചെയ്യുന്ന തെറ്റുകള്‍ പര്‍വ്വതീകരിക്കുകയും ബഹുഭൂരിപക്ഷം വരുന്ന വൈദികരും സന്യസ്തരും ചെയ്യുന്ന നന്മകളെ തമസ്ക്കരിക്കുകയും ചെയ്യുന്നതും ഇതിന് കാരണമായിട്ടുണ്ട്. അതിനാല്‍ സാക്ഷ്യ ജീവിതമാണ് ദൈവവിളിയെ പരിപോഷിപ്പിക്കാനുള്ള ഏറ്റവും വളക്കൂറുള്ള മണ്ണ്. ആദ്യനൂറ്റാണ്ടുകളില്‍ ഒരു ക്രിസ്ത്യാനി ക്രിസ്തുവിനെപ്രതി മരിക്കുമ്പോള്‍ കണ്ടു നില്‍ക്കുന്നവര്‍ ക്രിസ്തുവില്‍ വിശ്വസിക്കുന്നതും ആ വിശ്വാസത്തിനുവേണ്ടി മരിക്കുന്നതും ഈ സാക്ഷ്യജീവിതത്തിന്‍റെ ഫലമായിട്ടായിരുന്നു. തന്നെ ശുശ്രൂഷിച്ച മദര്‍ തെരേസയോട് ആദ്യം "അമ്മേ, അമ്മയാണെന്‍റെ ദൈവം" എന്നും, പിന്നീട് "ഞാന്‍ ദൈവമല്ല, എന്‍റെ ദൈവത്തിനു വേണ്ടിയാണ് ഞാനിത് ചെയ്യുന്നത്" എന്ന് മദര്‍ തിരുത്തിയപ്പോള്‍ "എങ്കില്‍ അമ്മേ, അമ്മയുടെ ദൈവമാണ് യഥാര്‍ത്ഥ ദൈവം" എന്നും ശുശ്രൂഷ ലഭിച്ച വൃദ്ധന്‍ പറഞ്ഞതും ഈ സാക്ഷ്യത്തിന്‍റെ ഫലം തന്നെ. വൈദികരുടേയും മറ്റ് സമര്‍പ്പിതരുടേയും നല്ല മാതൃകകളാണ് ഒത്തിരിപ്പേര്‍ക്ക് തങ്ങള്‍ക്ക് ലഭിക്കുന്ന ദൈവവിളിയോട് പ്രത്യുത്തരിക്കാന്‍ പ്രചോദനമാകുന്നത്.

ധനസമ്പാദനം മുഖ്യലക്ഷ്യമായി മാറുമ്പോള്‍ ക്രൈസ്തവദര്‍ശനങ്ങള്‍ പാര്‍ശ്വവത്ക്കരിക്കപ്പെടുന്നു. ഇങ്ങനെയുള്ള ഈ ലോകത്തില്‍ ദൈവവിളിയോട് പ്രത്യുത്തരിക്കുന്നവരുടെ എണ്ണം കുറയുകയേയുള്ളൂ. ധനമല്ല എല്ലാമെന്നും, പണത്തിനും സുഖലോലുപതയ്ക്കും നല്‍കാന്‍ കഴിയാത്ത സംതൃപ്തി ദൈവവിശ്വാസത്തിനും ക്രൈസ്തവ മൂല്യങ്ങള്‍ക്കും നല്‍കാനാവുമെന്നും സാക്ഷ്യം നല്‍കുന്നിടത്ത് ദൈവവിളിയോട് പ്രത്യുത്തരിക്കുന്നവരുടെ എണ്ണത്തില്‍ ഇന്നും കുറവില്ല. ലക്ഷങ്ങള്‍ ശമ്പളമുള്ള ജോലി വലിച്ചെറിഞ്ഞിട്ട് ദൈവസേവനത്തിനും സഭാശുശ്രൂഷയ്ക്കുമായി തങ്ങളെത്തന്നെ സമര്‍പ്പിക്കുന്നവരെ നാം ദര്‍ശിക്കുന്നത് ഇങ്ങനെയുള്ള ബോധ്യങ്ങള്‍ കൈമോശം വരാത്തതിനാലാണ്.

ദൈവവിളിയോട് പ്രത്യുത്തരിക്കുന്നവരുടെ എണ്ണത്തില്‍ കുറവ് വരുന്നതിന്‍റെ മറ്റൊരു കാരണമായി മാര്‍പാപ്പ പറയുന്നത് ജനനനിരക്കിലുള്ള കുറവാണ്. ക്രൈസ്തവ കുടുംബങ്ങളില്‍ മക്കളുടെ എണ്ണം കുറയുന്നു എന്നത് യാഥാര്‍ത്ഥ്യം തന്നെയാണ്. കുടുംബത്തെ ഗാര്‍ഹികസഭയെന്ന് വിശേഷിപ്പിക്കുന്ന രണ്ടാം വത്തിക്കാന്‍ സൂനഹദോസ് ദൈവവിളിയെ പ്രോത്സാഹിപ്പിക്കുന്നതില്‍ കുടുംബങ്ങള്‍ക്കുള്ള പങ്ക് വ്യക്തമാക്കുന്നുണ്ട് (LG, 11). തങ്ങളുടെ വാക്കുകളും പ്രവൃത്തികളും മാതൃകകളും വഴി ദൈവവിളിയെ പ്രോത്സാഹിപ്പിക്കേണ്ട മാതാപിതാക്കള്‍, ഒന്നോ രണ്ടോ മക്കളേയുള്ളൂ എന്ന കാരണത്താല്‍ അതിനെ നിരുത്സാഹപ്പെടുത്തുന്നു. ദൈവം തങ്ങള്‍ക്ക് നല്‍കിയ മക്കളെ ദൈവത്തിന്‍റെ നിയോഗങ്ങള്‍ക്കായി വിട്ടുകൊടുക്കുകയാണ് ഏറ്റവും ശ്രേഷ്ഠവും കരണീയവുമെന്ന് തിരിച്ചറിഞ്ഞാലേ ദൈവവിളികളെ പ്രോത്സാഹിപ്പിക്കാന്‍ മാതാപിതാക്കള്‍ തയ്യാറാവൂ. കുട്ടികളും യുവാക്കളും ദൈവം തങ്ങളെ വിളിക്കുന്നതിനോട് സ്വതന്ത്രമായി പ്രത്യുത്തരിക്കാന്‍ തക്കവിധം കുടുംബങ്ങളെ സുവിശേഷാരൂപിയാല്‍ നിറയ്ക്കണമെന്ന് ക്രൈസ്തവജീവിതത്തിന്‍റെ പ്രാഥമികാദ്ധ്യാപകരായ മാതാപിതാക്കളെ സഭാനിയമം കടപ്പെടുത്തുന്നതും അതിനാലാണ് (CCEO c. 329 $ 1, 1). യൂറോപ്പിലുള്ള വൈദിക- സമര്‍പ്പിത ദൈവവിളിയെക്കുറിച്ച് 1997 മെയ് മാസം 5 മുതല്‍ 10 വരെ റോമില്‍ വച്ച് നടത്തപ്പെട്ട സമ്മേളനത്തിന് ശേഷം ദൈവവിളിക്കു വേണ്ടിയുള്ള പൊന്തിഫിക്കല്‍ കമ്മിറ്റി പ്രസിദ്ധീകരിച്ച രേഖയില്‍ മാതാപിതാക്കളോട് ഇപ്രകാരം പറയുന്നു: 'മാതാപിതാക്കളായ നിങ്ങളുടെ ദൈവവിളിയെ ഞങ്ങള്‍ വളരെയേറെ വിലമതിക്കുന്നു, കാരണം നിങ്ങളുടെ മക്കളുടെ ദൈവവിളി പ്രോത്സാഹിപ്പിക്കപ്പെടുന്നത് നിങ്ങളുടെ ദൈവവിളിയെ ആശ്രയിച്ചാണിരിക്കുന്നത്."

ദൈവം ഓരോരുത്തര്‍ക്കും നല്‍കുന്ന നിയോഗങ്ങള്‍ തിരിച്ചറിയുകയും അതിനോട് പ്രത്യുത്തരിക്കുകയും ചെയ്യുക എന്നത് ഓരോ ക്രൈസ്തവ വിശ്വാസിയുടേയും കടമയാണ്. ദൈവത്തിന്‍റെ ഈ വിളിയെ തിരിച്ചറിയാനും അതിനെ പ്രോത്സാഹിപ്പിക്കാനും ഉള്ള ഉത്തരവാദിത്വം ദൈവജനം മുഴുവന്‍റേതുമാണ്. ദൈവവിളിയോട് പ്രത്യുത്തരിക്കാന്‍ അനുകൂലമായ സാഹചര്യമൊരുക്കുകയെന്നത് മാതാപിതാക്കളുടേയും വൈദികരുടേയും മറ്റ് സമര്‍പ്പിതരുടേയും പ്രത്യേക ദൗത്യവും വിളിയുമാണ്. അങ്ങനെ, ദൈവവിളി സംസ്കാരം നമ്മുടെ സഭയില്‍ പരിപോഷിപ്പിക്കപ്പെടാന്‍ നാമെല്ലാവരും ഒരുപോലെ പരിശ്രമിക്കേണ്ടതിന്‍റെ ആവശ്യകത നമുക്ക് ബോദ്ധ്യമായാലേ ദൈവവിളികള്‍ പ്രോത്സാഹിപ്പിക്കപ്പെടുകയുള്ളൂ.

ദൈവവിളികളാല്‍ സമ്പന്നമായ സീറോ-മലബാര്‍ സഭ, വൈദികരേയും മറ്റ് സമര്‍പ്പിതരേയും മറ്റ് സഹോദരീസഭകള്‍ക്കും നല്‍കിയിട്ടുണ്ട്. മാര്‍പാപ്പ യൂറോപ്പിലെ സഭയുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് ആകുലപ്പെടുന്നത് ഇപ്രകാരമാണ്: "ഒരു കാലത്ത് ദൈവവിളികളുടെ വളക്കൂറുള്ള മണ്ണായിരുന്ന ഇവിടം ദൈവവിളികളുടെ ഊഷരഭൂമിയായി മാറുന്നത് ഏറെ വേദനയുളവാക്കുന്നു." ഫ്രാന്‍സിസ് പാപ്പയുടെ ആകുലത നമ്മുടെ സഭയ്ക്ക് സംഭവിക്കാതിരിക്കാന്‍ ദൈവവിളി സംസ്കാരം പരിപോഷിപ്പിക്കാന്‍ ഒരുമിച്ച് പരിശ്രമിക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org