Latest News
|^| Home -> Cover story -> ആവശ്യം ദയാവധമോ, സാന്ത്വന പരിചരണമോ?

ആവശ്യം ദയാവധമോ, സാന്ത്വന പരിചരണമോ?

Sathyadeepam

ഫാ. ഡോ. ഹോര്‍മിസ് മൈനാട്ടി
റിട്ട. പ്രൊഫസര്‍, മോറല്‍ തിയോളജി

ദയാവധം എന്ന വിഷയം ഈയിടെ വീണ്ടും ചര്‍ച്ചാവിഷയമായത്, അടുത്തിടെ ഉണ്ടായ സു പ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ്. സുപ്രീംകോടതി വിധിയില്‍ എടുത്തു പറഞ്ഞ ഒരു കാര്യം ഒരു വ്യക്തിക്ക് ‘ലിവിംഗ് വില്‍’ ആവാം എന്നാണ്. എന്നു പറഞ്ഞാല്‍ മരണാസന്നനാകുന്ന അവസരത്തില്‍ ഒരു വ്യക്തിക്കു ശരിയായ വിധത്തില്‍ തീരുമാനമെടുക്കാന്‍ കഴിയാതെ വന്നാല്‍ അന്ന്, അയാള്‍ക്ക് ഏതു വിധത്തിലുള്ള ചികിത്സയാണ് നല്‍കേണ്ടത് എന്നതിനെക്കുറിച്ച് ഇപ്പോഴേ തീരുമാനിക്കാനുള്ള അവകാശം. മരണാസന്നനായ തനിക്ക് ജീവിതം നീട്ടി നല്‍കുന്ന മരുന്നു നല്‍കി ബുദ്ധിമുട്ടിക്കരുത് എന്ന് ഇപ്പോഴേ വില്ല് എഴുതി സൂക്ഷിക്കാം. സുപ്രീംകോടതി വിധിയില്‍ പരോക്ഷമായ ദയാവധം (Passive Euthanasia) അനുവദിക്കാവുന്നതാണ് എന്ന സൂചനയുണ്ടെന്നും, കേന്ദ്ര സര്‍ക്കാരിന്‍റെ ഏകദേശ നയം ഈ പരോക്ഷ ദയാവധം ആണെന്നും മാധ്യമങ്ങള്‍ സൂചിപ്പിച്ചു. സുപ്രീംകോടതിയുടെ വിധിയനുസരിച്ച് പരോക്ഷ ദയാവധം നല്കണമെന്ന് ഹൈക്കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള അവകാശം ആസന്നമരണനായ രോഗിയുടെ ബന്ധുക്കള്‍ക്കും ഉണ്ട്.

മരണാസന്നരായ രോഗികളെ ചികിത്സിക്കുമ്പോഴാണ് ഈ വിഷയം വളരെ വിവാദപരമാകുന്നത്. ഇത്രയധികം ക്ലേശങ്ങള്‍ അനുഭവിച്ച് സഹനങ്ങളിലൂടെ കടന്നു പോകേണ്ടതാണോ ജീവിതം എന്ന ചിന്ത ഉണ്ടാകുന്നത്, ഇത്തരം രോഗികളെ പരിചരിക്കുമ്പോഴും അവരുമായി ഇടപഴകുമ്പോഴുമാണ്. ഇത്തരം രോഗികളെ പരിചരിക്കുമ്പോള്‍ വ്യത്യസ്തമായ രണ്ടു നിലപാടുകള്‍ സമൂഹത്തിലുള്ളതായി കാണാന്‍ കഴിയും. 1) മരണാസന്നരോ, രോഗം ഭേദമാകാത്തവരോ, മാറാരോഗികളോ ആയവരെ ചികിത്സിക്കേണ്ട കാര്യം എന്താണ്? ഇവര്‍ ഇങ്ങനെ വേദനസഹിച്ചിട്ടു കാര്യമില്ലല്ലോ, എത്രയും വേഗം മരിക്കാന്‍ അവരെ സഹായിക്കുകയല്ലേ നല്ലത് എന്നു ചോദിക്കുന്നവര്‍. 2) ഇന്നത്തെ വൈദ്യശാസ്ത്ര സാങ്കേതികതയുടെ നേട്ടത്തില്‍, സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളുടെ ബാഹുല്യത്തില്‍ മരണാസന്നരായും രോഗം ഭേദമാകാതെയും കഴിയുമ്പോഴും അവരെ അനിശ്ചിതമായി ചികിത്സിച്ചുകൊണ്ട്, ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയുമെന്ന തരത്തില്‍ പരിചരണവും ചികിത്സയും കൊടുക്കുന്ന മറ്റൊരു തലം. ഈ രണ്ടു ചിന്താഗതിയുടെയും ഇടയിലാണ് നാം ജീവിക്കുന്നത്. ഈ അവസ്ഥയില്‍ നമ്മുടെ നിലപാട് എന്തായിരിക്കണം?

ഇത്രയധികം ഈ രോഗികളെ ചികിത്സിക്കേണ്ടതായിട്ടുണ്ടോ? സാമാന്യ ബുദ്ധിക്കു ചിന്തിക്കുന്നവര്‍ കരുതുന്നത്, ഇത്തരക്കാര്‍ക്ക് വളരെ ചെലവേറിയതോ, വളരെ മുന്നേറിയതോ ആയ കാര്യങ്ങളൊന്നും കൊടുക്കേണ്ടതില്ല എന്നാണ്. കാരണം, ഇവരെ ഒരിക്കലും പൂര്‍വാവസ്ഥയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സാധിക്കില്ല. അങ്ങനെ വരുമ്പോള്‍ ഈ വിഭാഗത്തില്‍ വരുന്ന രോഗികള്‍ക്ക് അസാധാരണമായ ചികിത്സകള്‍ ഉപയോഗിക്കേണ്ട കാര്യമില്ല. ചെ ലവേറിയത്, ഉപയോഗപ്രദമല്ലാത്തത്, രോഗിക്കും മറ്റുള്ളവര്‍ക്കും ബുദ്ധിമുട്ടും ക്ലേശങ്ങളും ഉണ്ടാക്കുന്നത്…. തുടങ്ങിയ ചികിത്സയൊന്നും ഇവര്‍ക്കു നല്‍കേണ്ടതില്ല….

കോടതിവിധിയിലേക്കു വരാം. ഞാന്‍ മരണാസന്നനാകുമ്പോള്‍ അഥവാ വാര്‍ദ്ധക്യത്തിലാകുമ്പോള്‍ എനിക്കു വ്യക്തിപരമായി ശരിയായ തീരുമാനമെടുക്കാന്‍ കഴിയാത്ത അവസ്ഥയില്‍ എന്‍റെ ജീവിതം അനിശ്ചിതമായി നീട്ടുന്ന, എന്‍റെ മരണം അനിശ്ചിതമായി മുന്നോട്ടു കൊണ്ടുപോകുന്ന ചികിത്സ എനിക്കു വേണ്ട എന്നു തീരുമാനിക്കാന്‍ തീര്‍ച്ചയായും ഒരു വ്യക്തിക്ക് അവകാശമുണ്ട്. പക്ഷെ അസാധാരണ ചികിത്സകള്‍ നിറുത്തിവയ്ക്കുന്നതിനൊപ്പം തുടര്‍ന്ന് ആ അവസ്ഥയില്‍ ആവശ്യമായ പരിചരണം നല്‍കാനുള്ള കടമയുമുണ്ട്. ആരോഗ്യമുണ്ടെങ്കിലും ഇല്ലെങ്കിലും മാറാത്ത രോഗത്തിലാണെങ്കിലും അല്ലെങ്കിലും ഏതവസ്ഥയിലും സ്വാഭാവിക മരണം സംഭവിക്കുന്നതുവരെ ജീവന്‍ നിലനിറുത്താനാവശ്യമായിട്ടുള്ള ചികിത്സയും പരിചരണവും വ്യക്തിക്കു കൊടുക്കേണ്ടതാണ്. അതേസമയം മരണാസന്നനോ, രോഗിക്കോ ആവശ്യമായത് ചികിത്സയല്ല. അവര്‍ക്കു വേണ്ടത് സാന്ത്വന പരിചരണം പോലെയുള്ള കാര്യങ്ങളാണ്. സാന്ത്വന ചികിത്സ നമുക്ക് നിഷേധിക്കാനാവില്ല.

ചികിത്സ ഉപകാരപ്രദമല്ല എന്നു കണ്ടാല്‍ അപ്പോള്‍ത്തന്നെ ചികിത്സകള്‍ നിറുത്തിവയ്ക്കണം, രോഗിയെ മരിക്കാന്‍ അനുവദിക്കണം എന്നാണ് പരോക്ഷ ദയാവധത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്. അവിടെ പരോക്ഷ ദയാവധവും ശരിക്കുള്ള ദയാവധവും തമ്മില്‍ യാതൊരു വ്യത്യാസവുമി ല്ല. നാം ഒന്നും ചെയ്തില്ല എന്ന മനഃസമാധാനം മാത്രമേയുള്ളൂ. പക്ഷേ രോഗി മരിക്കണമെന്നു തന്നെയാണ് നമ്മുടെ ഉദ്ദേശം. ദയാ വധത്തിനുള്ള മരുന്നു നല്‍കുന്നില്ല എന്നു മാത്രമേയുള്ളൂ. ദയാവധത്തിന് ഏതു മാര്‍ഗം സ്വീകരിച്ചു എന്നതിലുപരി പ്രസ്തുത രോഗിയുടെ ജീവനെക്കുറിച്ചുള്ള എന്‍റെ ഉദ്ദേശ്യമാണു പ്രാധാനം. എന്‍റെ ലക്ഷ്യവും പ്രസ്തുത രോഗിയുടെ ലക്ഷ്യവും മരിക്കണം എന്നതായിരുന്നു, അതിനുവേണ്ടി അയാള്‍ക്കു നല്‍കിയിരുന്ന ചികിത്സ പിന്‍വലിക്കുകയായിരുന്നു. ആ അവസ്ഥയില്‍ രോഗിക്കു വേണ്ടതായ സാന്ത്വനപരിചരണം കൊടുക്കുകയോ ജീവന്‍ നിലനിറുത്താനാവശ്യമായ ശുശ്രൂഷകള്‍ ചെയ്യാതിരി ക്കുകയോ ചെയ്യുന്ന അവസ്ഥയാണത്. ഇത് തീര്‍ത്തും അധാര്‍മ്മികമായ ഒരു നിലപാടാണ്. ദയാവധത്തില്‍ പ്രത്യക്ഷം, പരോക്ഷം എന്നു പറഞ്ഞ് തരംതിരിക്കുന്നത് അര്‍ത്ഥരഹിതമാണ്.

അന്തസ്സായി മരിക്കാനുള്ള അവകാശം എനിക്കുണ്ട് എന്നു പറയുന്ന ഒരു തലവും ഇവിടെയുണ്ട്. ഇക്കാര്യത്തില്‍ ചിലര്‍ മനസ്സിലാക്കുന്നത്, യാതൊരു തരത്തിലുമുള്ള വേദനയുമില്ലാതെ കഴിയുന്നതും വേഗം ഈ ലോകത്തു നിന്നും കടന്നുപോകുക. ഏതായാലും രക്ഷയില്ല, രോഗം ഭേദപ്പെടില്ല, അപ്പോള്‍ എത്രയും നേരത്തേ ഈ അവസ്ഥയില്‍ നിന്നും രക്ഷപ്പെടുക. ഇതാണ് അന്തസായ മരണമെന്നു ചിലര്‍ പറയുന്നത്. മറ്റൊരു തലം, മരണാസന്നനോ മാറാരോഗിയോ ആയ എന്നെ വൈദ്യശാസ്ത്ര സാങ്കേതികത കൊണ്ട് ഉപദ്രവിക്കരുത്, ശല്യപ്പെടുത്തരുത് ഞാന്‍ മനഃസമാധാനത്തില്‍ മരിച്ചോട്ടെ എന്നുള്ളതാണ്. അവിടെ ദയാവധത്തെക്കുറിച്ചുള്ള ചിന്തയൊന്നുമില്ല. ഇവിടെ ഒരു തര്‍ക്കം വരാവുന്നത്, ചില അവസരത്തിലെങ്കിലും കൃത്രിമ ഭക്ഷണം നല്‍കലും മറ്റും അനിശ്ചിതമായി നീണ്ടുപോകാം എന്നതാണ്. അമേരിക്കയിലൊക്കെ ഇത്തരത്തില്‍ പത്തും ഇരുപതും വര്‍ഷം കൃത്രിമ ഭക്ഷണത്തിലും പരിചരണത്തിലും കഴിഞ്ഞിട്ടുള്ള രോഗികളെക്കുറിച്ചു നാം കേട്ടിട്ടുണ്ട്. എന്നാല്‍ അത് അപൂര്‍വമാണ്.

എന്നാല്‍ ക്രൈസ്തവമായ കാഴ്ചപ്പാടില്‍ സഹനത്തിനും മരണത്തിനും രക്ഷാകരമായ ഒരു മൂല്യമുണ്ട്. മരണാസന്നനായാല്‍ ഉടനെതന്നെ മരിച്ചുകൊള്ളണം എന്നു ചിന്തിക്കുന്നതല്ല അത്. ശരിയായ മരണത്തിനു നാം ഒരുങ്ങുകയും ഒരുക്കുകയും ചെയ്യേണ്ടവരാണ്. മരണാസന്നരായ രോഗികളെ ചികിത്സിക്കുമ്പോള്‍ ഏതു നിലപാടാണ് നാം സ്വീകരി ക്കേണ്ടത് എന്നതു പ്രധാനമാണ്. മരണം നീട്ടിക്കൊണ്ടുപോകാന്‍ മാത്രം സഹായിക്കുന്ന തരത്തിലുള്ള വൈദ്യസഹായം മരണാസന്നരായ രോഗികള്‍ക്ക് കൊടുക്കേണ്ടതില്ല. പക്ഷെ മരണാസന്നമോ, മാരകമോ, ഏതവസ്ഥയിലായാലും രോഗിയുടെ ജീവന്‍ അവസാനി പ്പിക്കാനുള്ള മാര്‍ഗ്ഗങ്ങളും സ്വീകരിക്കാന്‍ പാടില്ല. അതേ സമയം, സ്വാഭാവിക മരണം സംഭവിക്കേണ്ടിടത്ത്, വെന്‍റിലേറ്ററില്‍ കയറ്റി രോഗിയുടെ ജീവന്‍ നീട്ടിക്കൊണ്ടു പോകാനുള്ള കടമയും ഇല്ല. വെന്‍റിലേറ്ററില്‍ കഴിയുന്ന രോഗികളാണെങ്കില്‍ മെഡിക്കല്‍ ഉപദേശത്തിന്‍റെ പശ്ചാത്തലത്തില്‍ അവരെ അതില്‍നിന്നും വിമോചിപ്പിക്കാവുന്നതാണ്. പക്ഷെ പ്രശ്നം ഉടലെടുക്കുന്നത്, അസാധാരണ മായ വൈദ്യശുശ്രൂഷ കൊടുത്തു കൊണ്ടിരിക്കുമ്പോള്‍ പ്രത്യേകിച്ചു വെന്‍റിലേറ്ററിലോ മറ്റോ ആയി രിക്കുന്ന അവസ്ഥയില്‍ രോഗിയെ അതില്‍ നിന്നു മാറ്റുക എന്നത് വളരെ ക്ലേശകരമായ കാര്യമാണ്. ഇന്നത്തെ സാഹചര്യത്തില്‍ പ്രയോജനമൊന്നുമില്ലെന്നു കണ്ടാലും വെന്‍റിലേറ്ററില്‍ നിന്നു രോഗിയെ മാറ്റാമെന്ന് ഒരു ഡോക്ടറും തീരുമാനമെടുക്കില്ല. അതിന് രണ്ടു കാരണങ്ങളുണ്ട്: ഒന്ന്, ഡോക്ടര്‍ക്കെതിരെ കേസു വരാന്‍ സാധ്യതയുണ്ട്. രണ്ട്, അവര്‍ക്കു കിട്ടുന്ന ലാഭം. ഈ തീരുമാനമെടുക്കാന്‍ പിന്നെ അവകാശമുള്ളത് രോഗിയുടെ ബന്ധുക്കള്‍ക്കാണ്. അവര്‍ക്ക് ഒരിക്കലും വെന്‍റിലേറ്ററില്‍നിന്ന് ആളെ എപ്പോള്‍ മാറ്റണമെന്ന് പറയാനുള്ള സാങ്കേതിക വൈദഗ്ധ്യമില്ല. 1980-ല്‍ ഡിക്ലറേഷന്‍ ഓണ്‍ യൂത്തനേസ്യ എന്നു പറയുന്ന ഒരു പ്രമാണരേഖയില്‍ കത്തോലിക്കാ സഭ ഈ വിഷയത്തിലുള്ള സഭയുടെ നിലപാട് വ്യക്തമാക്കുന്നുണ്ട്. അവി ടെയെല്ലാം സഭ സൂചിപ്പിക്കുന്ന കാര്യം, രോഗിക്ക് ജീവന്‍ നിലനിറുത്തുന്ന ഉപാധികള്‍ പിന്‍വലി ക്കണോ എന്നു തീരുമാനിക്കേണ്ടത് അതില്‍ വൈദഗ്ധ്യമുള്ള വ്യക്തികളാണെന്നാണ്. അതേസമയം ഡോക്ടര്‍ തീരുമാനമെടുക്കാത്ത ഒരു പശ്ചാത്തലത്തില്‍ ബന്ധുക്കള്‍ക്ക് തീരുമാനമെടുക്കാവുന്നതാണെന്നും വ്യക്തമാക്കുന്നു. എന്നാല്‍ മരണാസന്നനോ മാറാരോഗിയോ ആയ ഒരാള്‍ക്ക് കൊടുത്തുക്കൊണ്ടിരിക്കുന്ന ചികിത്സ നിറുത്തിവച്ച് സാവകാശം, സ്വാഭാവിക മരണം അനുവദിക്കുക എന്നു പറയുന്നത് അത്ര പ്രായോഗികവും എളുപ്പവുമായ കാര്യമല്ല.

രോഗിയുടെ ജീവന്‍ നിലനിറുത്താന്‍ എന്തും ചെലവഴിക്കാനും ഏതറ്റം വരെ പോകാനും ശ്രമിക്കുന്നവരുടെ നാടാണ് കേരളം. മാറാ രോഗികള്‍ക്ക് കഴിയുന്നത്ര സാന്ത്വന പരിചരണം നല്കാന്‍ ശ്രമിക്കുന്ന ഒരു ആരോഗ്യപരിരക്ഷണ സംസ്ക്കാരവും നമുക്കുണ്ട്. മാറാരോഗികളെ പ്രത്യക്ഷ ദയാവധമോ പരോക്ഷ ദയാവധമോ നല്കി അവസാനിപ്പിക്കുന്നതിനെ കുറിച്ചല്ല, അവരുടെ അന്ത്യംവരെ സാന്ത്വന ചികിത്സ നല്കി പരിചരിക്കാനുള്ള ക്ഷമയും കരുതലുമാണ് നാം കാട്ടേണ്ടത്. അപ്പോഴാണ് ജീവന്‍റെ മൂല്യം ഉയര്‍ത്തിപ്പിടിക്കുന്ന ഒരു വിശ്വാസ സംസ്ക്കാരത്തിന്‍റെ ഭാഗമായി നാം മാറുക.

(ന്യൂമെന്‍ അസ്സോസിയേഷന്‍ കലൂര്‍ ലൂമെനില്‍ സംഘടിപ്പിച്ച സെമിനാറില്‍ നടത്തിയ പ്രഭാഷണത്തില്‍ നിന്ന്)

Leave a Comment

*
*