ദുരിതജീവിതം ഈ ദലിതജീവിതം

ദുരിതജീവിതം ഈ ദലിതജീവിതം

ജെയിംസ് ഇലവുങ്കല്‍
സംസ്ഥാന പ്രസിഡന്‍റ്
ദലിത് ക്രൈസ്തവസമിതി

ദൈവത്തിന്‍റെ സ്വന്തം നാട് ലോകത്തിനു മുമ്പാകെ ലജ്ജിച്ചു തലതാഴ്ത്തിയ ദിവസമാണ് 2018 മേയ് 27. അയിത്തവും അടിമത്തവും വിവേചനവും നിയമംമൂലം നിരോധിച്ചിട്ടുള്ളതാണു നമ്മുടെ രാജ്യം. പ്രായപൂര്‍ത്തിയായ കെവിന്‍ എന്ന യുവാവ് പ്രായപൂര്‍ത്തിയായ നീനു എന്ന യുവതിയെ സ്നേഹിച്ചു വിവാഹം ചെയ്തു. അതിനു കെവിന്‍ തന്‍റെ പ്രാണന്‍ നല്കേണ്ടി വന്നു. കെവിന്‍ താമസിച്ചിരുന്ന വീട് ആക്രമിച്ചു കെവിനെ പിടിച്ചുകൊണ്ടുപോയി ആ നരാധമന്മാര്‍ കൊന്നു കായലില്‍ തള്ളി. ഈ കൊലപാതകത്തിനു കാരണമായതു കെവിന്‍ ദലിത് ക്രൈസ്തവനാണ് എന്നതായിരുന്നു. എന്നാല്‍ നീനുവിന്‍റെ കുടുംബചരിത്രം പരിശോധിക്കുമ്പോള്‍ പിതാവ് സുവാര്‍ത്ത സ്വതന്ത്ര പെന്തക്കോസ്ത് സഭാംഗവും മാതാവ് മുസ്ലീം മതവിശ്വാസത്തില്‍ നിന്നും ക്രിസ്തുമതവിശ്വാസം സ്വീകരിച്ചതും സഹോദരന്‍ മറ്റൊരു സമുദായത്തില്‍ നിന്നും വിവാഹം കഴിച്ച വ്യക്തിയുമാണ് എന്നാണ് അറിയുവാന്‍ കഴിഞ്ഞത്. ഇവിടെ നമ്മെ ചിന്തിപ്പിക്കുന്ന സത്യം പത്രമാധ്യമങ്ങളില്‍ വരുന്ന ചില വിവാഹപരസ്യത്തെയാണ്. വിവാഹാലോചനയ്ക്കു ജാതി പ്രശ്നമല്ല. എന്നാല്‍ പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ അപേക്ഷിക്കേണ്ടതില്ല. ഇന്നും ദലിതരെ ഒരു മനുഷ്യനായി സമൂഹത്തില്‍ പരിഗണിക്കപ്പെടുന്നവരുടെ എണ്ണം ദുര്‍ലഭമാണ്.

ദുരഭിമാന കൊലപാതകങ്ങളും പീഡനങ്ങളും ആക്രമണവും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്നതായി അച്ചടി-ദൃശ്യമാധ്യമങ്ങളിലൂടെ നാം വായിക്കുകയും കാണുകയും ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസ പുരോഗതിയില്‍ ഏറെ മുന്നില്‍ നില്ക്കുന്ന നമ്മുടെ നാട്ടില്‍ത്തന്നെയാണു പിതാവിന് ഇഷ്ടമില്ലാത്ത യുവാവിനെ വിവാഹം ചെയ്തു എന്നതിനു മകളുടെ കാമുകനെ കൊലപ്പെടുത്തിയത്.

ചാതുര്‍വര്‍ണ്യത്തിന്‍റെ ദുഷിച്ച വ്യവസ്ഥിതി രൂഢമൂലമായിരുന്ന ഭാരതത്തില്‍ ഇന്നും എല്ലാ മനുഷ്യരുടെയും ഉള്ളില്‍ ജാതിചിന്ത നിലനില്ക്കുന്നു. എല്ലാ മതവിശ്വാസികളുടെ ഇടയിലും പല രൂപത്തിലും നിലനില്ക്കുന്നു എന്നതാണു മേല്‍പറയപ്പെട്ട കൊലപാതകങ്ങളുടെ കാരണം.

ക്രൈസ്തവ മിഷനറിമാരുടെയും ആത്മീയഗുരുക്കന്മാരുടെയും സാമൂഹ്യ പരിഷ്കര്‍ത്താക്കളുടെയും നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളിലൂടെ സാമൂഹ്യപരിവര്‍ത്തനങ്ങള്‍ സംഭവിച്ചിട്ടുണ്ട്. മനുഷ്യമനസ്സുകളില്‍ രൂഢമൂലമായിരിക്കുന്ന ജാതിചിന്ത വേരോടെ പിഴുതെറിയുന്നതിനു ഭാരതത്തിലെ കത്തോലിക്കാ മെത്രാന്‍ സമിതി ദലിത് ക്രൈസ്തവരുടെ അവസ്ഥയെ സൂചിപ്പിച്ചുകൊണ്ടും പരിഹാരമാര്‍ഗങ്ങളും ചൂണ്ടിക്കാണിച്ചു പുറപ്പെടുവിച്ച ദലിത് ശാക്തീകരണ നയരേഖ പ്രസക്തമാണ്.

ദലിത് ക്രൈസ്തവ നയരേഖ
1. ദലിത് ക്രൈസ്തവര്‍ മറ്റുള്ള ദളിതരെപ്പോലെതന്നെ വിവേചനവും അക്രമവും ഒഴിവാക്കപ്പെടലും ഒരേ അളവില്‍ അനുഭവിക്കുന്നുണ്ട്. പക്ഷേ, അവര്‍ക്കു പ്രിവെന്‍ഷന്‍ ഓഫ് അട്രോസിറ്റിസ് ആക്ട് അനുസരിച്ചുള്ള സംരക്ഷണം ലഭിക്കുന്നില്ല. കാരണം നിയമത്തിന്‍ കീഴില്‍ അവര്‍ ദലിതരായി കരുതപ്പെടുന്നില്ല.

2. ദലിത് ക്രൈസ്തവര്‍ രാഷ് ട്രത്തിനും സഭയ്ക്കുമിടയില്‍ ഞെരുക്കപ്പെടുയാണ്. 1950-ലെ പ്രസിഡന്‍റിന്‍റെ കല്പനയുടെ മൂന്നാം ഖണ്ഡികയില്‍ ഇങ്ങനെ പറയുന്നു. ഹിന്ദുമതത്തില്‍നിന്നും വ്യത്യസ്തമായ മതത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് പട്ടികജാതി സംവരണം ലഭിക്കുന്നതല്ല. എന്നാല്‍ സിക്ക്, ബുദ്ധമതവിശ്വാസികള്‍ക്കു സംവരണം പുനഃസ്ഥാപിച്ചിട്ടുണ്ടുതാനും.

3. ദലിത് ക്രൈസ്തവര്‍ക്ക് അര്‍ഹമായ നീതി നടത്തിക്കൊടുക്കുവാന്‍ സഭയ്ക്കാവുന്നില്ല. സഹസ്രാബ്ദങ്ങളായി സമൂഹത്തില്‍ നിന്നും പുറന്തള്ളപ്പെട്ടവരായി ജീവിക്കുവാന്‍ നിര്‍ബന്ധിക്കപ്പെട്ടവരാണല്ലോ ദലിതര്‍. എന്നാലും കൂടിയാലോചന നടത്തി ഏതാനും രാഷ്ട്രീയനേതൃത്വങ്ങളെ സ്വാധീനിച്ചു കീഴടക്കാനും സഭയ്ക്കു കഴിവുണ്ട്. കൈവശമുള്ള സകല വിഭവങ്ങളും ഉപയോഗിച്ച് അങ്ങനെ ചെയ്യാം. നീതിക്കും സമത്വത്തിനും ശാക്തീകരണത്തിനുംവേണ്ടിയുള്ള ദലിത് ക്രൈസ്തവരുടെ പോരാട്ടത്തെ പിന്തുണയ്ക്കുന്നതില്‍ തങ്ങളുടെ പരിശ്രമം തീവ്രമാക്കാന്‍ കത്തോലിക്കാസഭ ഇനിയും ശ്രമിക്കേണ്ടതുണ്ട്. വിവിധ പഠനങ്ങളില്‍ സൂചിപ്പിക്കുന്നതുപോലെ പട്ടികജാതിയില്‍ നിന്നും മാനസാന്തരപ്പെട്ട ക്രിസ്ത്യാനികള്‍ നേരിടുന്ന തൊട്ടുകൂടായ്മയുടെ പൊതുരൂപങ്ങളില്‍ താഴെ പറയുന്നവ ഉള്‍ക്കൊള്ളുന്നു. പൊതുജല ഉറവകള്‍ ഉപയോഗിക്കുന്നതില്‍ സഹിക്കേണ്ടി വരുന്ന വിവേചനം, സ്കൂളുകളില്‍ സഹിക്കേണ്ടിവരുന്ന വിവേചനം. ദലിത് ക്രൈസ്തവര്‍ വിവിധ ജാതികള്‍ തമ്മില്‍ വിവാഹം നടത്തുന്നതില്‍ അനുഭവിക്കേണ്ടിവരുന്ന വിവേചനം. ഇവ കൂടാതെ വേറെയും പൊതുവേ ദളിതരോടും ദലിത് ക്രൈസ്തവരോടും ഹിന്ദുക്കള്‍ക്കുള്ള മനോഭാവത്തില്‍ ശ്രദ്ധേയമായ വ്യത്യാസമില്ലെന്നു ദലിത് ക്രൈസ്തവര്‍ ബഹുഭൂരിപക്ഷവും കരുതുന്നു. നിര്‍ഭാഗ്യവശാല്‍ ജാതിചിന്ത ചില ക്രിസ്ത്യാനികളുടെയിടയില്‍ നിര്‍ബന്ധപൂര്‍വം നിലനില്ക്കുന്നുണ്ട് (ദലിത് ശാക്തീകരണ നയരേഖ പേജ് 18, 19).

മേല്പറഞ്ഞ സാഹചര്യങ്ങള്‍ നിലനില്ക്കേ, അതിനെതിരെ പോരാടുവാനും ജാതിചിന്തയെ വേരോടുകൂടി പിഴുതെറിയുവാനുമുള്ള ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്രഖ്യാപനം സ്വാഗതാര്‍ഹമാണ്. ജാതിവിവേചനം ഗൗരവപൂര്‍വമായ സാമൂഹ്യപാപമാണെന്നും തൊട്ടുകൂടായ്മയുടെ ഏതു രൂപത്തിലുള്ള ആചരണവും സഭയില്‍ സമ്മതിക്കില്ല എന്നും നാം ഉറപ്പു വരുത്തണം. ഈ പ്രഖ്യാപനം മറ്റു ക്രൈസ്തവസഭകളും സമുദായങ്ങളും ഏറ്റെടുത്താല്‍ കെവിനുണ്ടായതുപോലെ ദാരുണ അന്ത്യം ആര്‍ക്കും ഉണ്ടാകില്ല. മെത്രാന്മാരോ മെത്രാന്‍ സമിതിയോ ആഹ്വാനം ചെയ്താല്‍ മാത്രം പോരാ സഭാവിശ്വാസികള്‍ മൂല്യവത്കരണത്തിനു വിധേയരായിക്കൊണ്ടു യഥാര്‍ത്ഥ ക്രൈസ്തവരായി ജീവിക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org