Latest News
|^| Home -> Cover story -> കരുതലായി മാറുന്ന ആള്‍രൂപങ്ങള്‍

കരുതലായി മാറുന്ന ആള്‍രൂപങ്ങള്‍

Sathyadeepam

ഫാ. രാജു ചക്കനാട്ട് SDB
കെ.സി.ബി.സി. ദൈവവിളി കമ്മീഷന്‍
മുന്‍ സെക്രട്ടറി

പിറന്നുവീഴുന്ന ഓരോ പൈതലും ദൈവം ഇപ്പോഴും ലോകത്തെ സ്നേഹിക്കുന്നു എന്നതിന്‍റെ തെളിവാണ് എന്ന രീതിയില്‍ ഒരു ചിന്താശകലം നാം കണ്ടിട്ടുണ്ട്. മനുഷ്യര്‍ നിര്‍മിച്ച ജാതി, മത, വര്‍ഗ ചേരികളുടെ മതില്‍ക്കെട്ടിനപ്പുറം വിശാലമായ ലോകത്തിന്‍റെ അതിര്‍വരമ്പുകള്‍ വരെയും അതിനപ്പുറവും ദൈവസ്നേഹത്തിന്‍റെ നേര്‍സാക്ഷികളാവുക എന്നതാണ് ഓരോ വ്യക്തിയുടെയും ജീവിതദൗത്യം. ദൈവവിളികളെക്കുറിച്ചുള്ള ധ്യാനചിന്തകളില്‍ തീര്‍ച്ചയായും കൊണ്ടു നടക്കേണ്ട ഒന്നാണ് ഈ ദൗത്യചിന്തകളും.

പലവട്ടം വിചിന്തനം നടത്തിയിട്ടുള്ള ദൈവവിളി ചിന്തകള്‍ക്ക് അടിസ്ഥാനമായിരിക്കുന്നതു മര്‍ക്കോസ് 3:12-15 തന്നെയാണ്. തന്‍റെ കൂടെ ആയിരിക്കാനും അയയ്ക്കപ്പെടാനുമായി ദൈവം തനിക്കിഷ്ടമുള്ളവരെ വിളിച്ചുവെന്നും പൈശാചികബന്ധനങ്ങള്‍ക്കുമപ്പുറം ജീവിതങ്ങളെ കൈപിടിക്കുവാന്‍ അവര്‍ക്ക് അധികാരം നല്കുന്നുവെന്നതും സുവിശേഷാത്മകമാണ്. “സ്വര്‍ഗസ്ഥനായ എന്‍റെ പിതാവ് പരിപൂര്‍ണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂര്‍ണരായിരിക്കുവിന്‍” (മത്താ. 5:48) എന്ന ഒരൊറ്റ ദൈവവിളിയിലേക്കാണ് ഓരോരുത്തരും വിളിക്കപ്പെടുന്നത്. ഈ വിളിയെ അനുധാവനം ചെയ്യുന്നതാവണം ജീവിതക്രമവുമായി വരുന്ന ഓരോ തീരുമാനവും.

വിളിയും വഴികളും: സൃഷ്ടികര്‍ത്താവായ ദൈവത്തില്‍ വിലയം പ്രാപിക്കുവാനുള്ള ആത്യന്തികവിളി പ്രാവര്‍ത്തികമാക്കാന്‍ പലവഴികള്‍ നമുക്കുണ്ട്. ദൈവപിതാവിന്‍റെ പൂര്‍ണതയിലേക്ക് എന്നെ കൈ പിടിക്കുന്നതാവണം ഞാന്‍ തിരഞ്ഞെടുക്കുന്ന വഴികള്‍. വ്യക്തിജീവിതത്തിന്‍റെ സാക്ഷാത്കാരത്തിനായി നാലു വ്യത്യസ്ത വഴികളാണു കത്തോലിക്കാസഭ ഇന്ന് പിന്‍ചെല്ലുന്നത്. വിവാഹം, പൗരോഹിത്യം, സന്യസ്തം, ഏകസ്ഥം എന്നിവയാണ് ആ വഴികള്‍. ഇതില്‍ വിവാഹവും പൗരോഹിത്യവും മാത്രമാണു കൂദാശകള്‍. സന്യസ്തവും ഏകസ്ഥവും വ്യക്തികളുടെ പൂര്‍ണ സമര്‍പ്പണത്തിന്‍റെ ഭാഗമായി വ്രതങ്ങളിലാണു നിലനില്ക്കുന്നത്. ഈ നാലു വഴികളും പക്ഷേ, യാന്ത്രികമായി കടന്നുചെല്ലാവുന്നവയല്ല. സര്‍വശക്തനായ ദൈവം ഓരോ വ്യക്തിയുടെയും നന്മയ്ക്കും ഉപരി ദൈവമഹത്ത്വത്തിനുമായി ഓരോരുത്തരിലും നിക്ഷേപിച്ചിരിക്കുന്ന സാദ്ധ്യതകളെയും ജീവിതപദ്ധതികളെയും തിരിച്ചറിഞ്ഞ് അവയിലൂടെ പൂര്‍ത്തീകരിക്കപ്പെടേണ്ടതാണ് ഓരോ ദൈവവിളിയും. കത്തോലിക്കാസഭ വിവാഹത്തിനും പൗരോഹിത്യത്തിനും സന്യാസത്തിനും ഓരോ പരിശീലന കാലഘട്ടങ്ങള്‍ നിശ്ചയിക്കുകയും അതിനുവേണ്ടി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യുന്നു. ഏകസ്ഥജീവിതം നയിക്കുന്നവര്‍ തുലോം കുറവായതിനാലും ആ ജീവിതവഴിയെക്കുറിച്ചു വേണ്ടത്ര പഠനങ്ങളും ധ്യാനങ്ങളും നടന്നിട്ടില്ലാത്തതിനാലും നമുക്ക് അതിനെക്കുറിച്ചു നല്ല അവഗാഹമില്ല. എങ്കിലും സ്വാര്‍ത്ഥതയുടേതല്ല മറിച്ചു സമര്‍പ്പണത്തിന്‍റേതായ ആത്മീയതയിലൂടെ ശരിയായ ഒരുക്കത്തിനുശേഷം സ്വീകരിക്കേണ്ട ഒന്നാണ് ഏകസ്ഥവും.

വൈവാഹികജീവിതം കൂടുതല്‍ കരുതലോടെ നെയ്യപ്പെടേണ്ടതായ ഒന്നാകയാല്‍ കുടുംബപ്രേഷിതത്വം എല്ലാ ഇടവകകളുടെയും ആത്മാവുതന്നെയാണ്. സാമൂഹികജീവിതവും ഇടവകയുമായുള്ള ആത്മീയബന്ധവും കത്തോലിക്കാ സമൂഹത്തിലുള്ള വളര്‍ച്ചയും കരുതലോടെതന്നെ വളര്‍ത്തിയെടുക്കേണ്ടതാണ്. വിവാഹത്തിനുമുമ്പുള്ള മാര്യേജ് പ്രെപ്പറേഷന്‍ കോഴ്സ് മാത്രമല്ല, വിവാഹജീവിതത്തിലേക്കുള്ള ഒരുക്കങ്ങള്‍. പൗരോഹിത്യവും സന്യസ്തവും നീണ്ട വര്‍ഷങ്ങളുടെ നിയതമായ പരിശീലനപ്രക്രിയയിലൂടെ കടന്നുപോരുന്നവയാണ്. ചുരുക്കത്തില്‍ ദൈവപദ്ധതി പൂര്‍ത്തിയാക്കാനുള്ള വിളി അനുധാവനം ചെയ്യേണ്ടത് ഓരോരുത്തരുടെയും ജീവിതത്തില്‍ ദൈവം രചിച്ചവ തിരിച്ചറിഞ്ഞ് അതിനെ വളര്‍ത്തുന്നതിലൂടെയാണ്. അതങ്ങനെയാവണം താനും. അല്ലാത്തപക്ഷം സ്വന്തം സമാധാനവും സന്തോഷവും നഷ്ടമാകുന്നതാകും ജീവിതം. ചിലപ്പോഴെങ്കിലും ആ രീതിയിലുള്ള ജീവിതം അപരനു നരകം സമ്മാനിക്കുകയും ചെയ്യും.

പ്രചോദനവഴികള്‍: ജീവിതാവസ്ഥയെക്കുറിച്ചുള്ള തീരുമാനങ്ങള്‍ മറ്റാരുടെയെങ്കിലും ശിക്ഷണം സ്വീകരിച്ചതുകൊണ്ടാവാം. ജീവിതം ഷണ്ഡത്വം സമ്മാനിച്ച ഒരുവന് ഒരപ്പസ്തോലന്‍ വേണ്ടിവന്നു നേരെയിരുന്ന് വിശുദ്ധ ഗ്രന്ഥം വായിച്ചു ദിവ്യാത്മാവിന്‍റെ നിറവിലേക്കു കൈപിടിക്കാന്‍. രക്ഷാകരചരിത്രത്തെയും വ്യക്തിചരിത്രത്തെയും മനസ്സിലാക്കി ശരിയായ തീരുമാനങ്ങളെടുക്കാന്‍ എമ്മാവൂസ് യാത്രയിലെ നസ്രായനെപ്പോലെ ചില ഗുരുസ്ഥാനീയരും ആവശ്യമാണ്. ഉയിര്‍ തന്ന് ഉയര്‍ത്തിയ നാള്‍ മുതല്‍ ജീവിതവഴിയില്‍ ഉടനീളം കൂടെയുള്ള ദൈവംതന്നെയാണ് ഓരോ ദൈവവിളിയുടെയും പ്രചോദകന്‍. ചില വ്യക്തികളിലൂടെയും സംഭവങ്ങളിലൂടെയും അതു വെളിവാക്കപ്പെടുന്നുവെന്നു മാത്രം.

അതിനാല്‍ത്തന്നെ ഉതപ്പു നല്കുന്ന വ്യക്തികളും സംഭവങ്ങളും കാരണം ദൈവവിളികള്‍ പ്രത്യേകിച്ചും പൗരോഹിത്യ, സന്യസ്തവിളികള്‍ സ്വീകരിക്കാതെ പോകുന്നു എന്നു പറയുന്നത് ഒരു കുറവു തന്നെയാണ്. വെളിച്ചത്തേക്കാള്‍ വെളിച്ചം പകര്‍ന്നു നല്കുന്നവന്‍റെ വിളി അപരന്‍റെ ഇരുട്ടുമൂലം ഇല്ലാതാകുന്നുവെന്നു പറയുന്നതു വിളിച്ചവനിലുള്ള വിശ്വാസക്കുറവും ജീവിതപദ്ധതികളോടുള്ള കൂറുകുറവും തന്നെ. പ്രചോദകനും ഉതപ്പു നല്കുന്നവനും വഴിവക്കിലെ ചൂണ്ടുപലകകള്‍ മാത്രമാണ്. അവ മുന്നറിയിപ്പുകളാണ്; ശരികളുടെയും തെറ്റുകളുടെയും. ഒരുത്തന് എത്തിച്ചേരേണ്ട ലക്ഷ്യം നിശ്ചയിക്കുന്നത് ഈ ചൂണ്ടുപലകകള്‍ ആയിക്കൂടാ.

ജീവിതത്തില്‍ നന്മകള്‍ കോരിച്ചൊരിഞ്ഞ ക്രിസ്തുവിനു ജീവിതംകൊണ്ടു നന്ദി പറയുന്നതാണു സമര്‍പ്പിതജീവിതം. പലസ്തീന്‍ തെരുവുകളില്‍ നന്മ പ്രവര്‍ത്തിച്ച യേശു പിതാവിലേക്കുള്ള വഴി കാണിച്ചുതന്നതുപോലെ നന്മ നിറഞ്ഞ ജീവിതത്തിലൂടെ, സമൂഹത്തിനുളള ശുശ്രൂഷയിലൂടെ ദൈവമഹത്ത്വം ദര്‍ശിക്കുവാനും പങ്കുവയ്ക്കാനുമുള്ളതാണു ജീവിതം; വഴിയില്‍ കാണുന്ന അപചയങ്ങള്‍ക്കും അരുതായ്മകള്‍ക്കുമപ്പുറം.

കരുതലിന്‍റെ കാലൊച്ചകള്‍: കാലിത്തൊഴുത്തില്‍നിന്നും കുരിശിലൂടെ ദൈവമഹത്ത്വം പ്രകടിപ്പിച്ച ക്രിസ്തുനാഥന്‍ ശൂന്യവത്കരണത്തിലും അപരനു കരുതലായി മാറിയതാണു സുവിശേഷം. നോഹയും അബ്രാഹവും മോശയും പ്രവാചകന്മാരുമെല്ലാം ദൈവജനത്തെ ശരിയായ വഴിയിലൂടെ കൈപിടിക്കാനായി ചരിത്രത്തിലിറങ്ങിയവരാണ്. കത്തോലിക്കാസഭയുടെ ചരിത്രത്തിലും ‘ദരിദ്രര്‍ക്കു സുവിശേഷമായി’ വൈദികരും സന്യസ്തരും അല്മായരും ചരിത്രത്തില്‍ നിറഞ്ഞിട്ടുണ്ട്. ഈ കരുതലിന്‍റെ കരത്തെയാണു മിഷനറി വേലയായി കരുതി ധാരാളം പേര്‍ ജീവിതം സമര്‍പ്പിക്കുന്നത്. മിഷനറിജീവിതങ്ങളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കണമെന്നത് എല്ലാവരുടെയും പ്രത്യേകം, രൂപതാദ്ധ്യക്ഷന്മാരുടെ ചുമതലയാണെന്നു കാനോന്‍ നിയമം അനുശാസിക്കുന്നുണ്ട്. സമൂഹത്തിലെ അശരണര്‍ക്ക് ആലംബമാകാനും അങ്ങനെ അവര്‍ക്കു ക്രിസ്തുസാന്നിദ്ധ്യമാകാനുമാണു ദൈവവിളികള്‍ നിലകൊള്ളുന്നത്.

അതുകൊണ്ടുതന്നെ ഇനിയും അപ്രസക്തമായിട്ടില്ലാത്ത ദൈവവിളിയുടെ വഴികള്‍ ഇന്നുകളുടെയും നാളെകളുടെയും പ്രത്യാശാതുരുത്തുകളാണ്. അപചയങ്ങളുടെയും പോരായ്മകളുടെയും ഇടയിലും സമൂഹനന്മയ്ക്കു കരുതലിന്‍റെ കരങ്ങളായി മാറുന്നതാണു ദൈവവിളികള്‍. ഇതു ക്രിസ്തുപാത പിന്‍ചെല്ലലാണ്; വീണ്ടും ക്രിസ്തുവാകുന്നതാണ്. എന്നുവച്ചാല്‍ ഓരോ ദൈവവിളിയും രണ്ടു കാര്യങ്ങളിലൂടെ സഫലമാകുന്നു. 1. ദൈവം സമ്മാനിച്ച ജീവിതം അതിന്‍റെ സകല നന്മകളോടുംകൂടി വികസിപ്പിച്ചു ദൈവരാജ്യത്തിനായി സമര്‍പ്പിക്കുക; താലന്തുകളുടെ ഉപമയില്‍ എന്നപോലെ. 2. തന്നെത്തന്നെ നവീകരിക്കുന്ന പ്രക്രിയ ക്രിസ്തു ചെയ്തതുപോലെ ചെയ്തുകൊണ്ടു പൂര്‍ത്തിയാക്കുക; ആയുസ്സും ആരോഗ്യവും അപരനു നന്മ ചെയ്തു കളം വിടുക. ദൈവവിളിയോടുള്ള പ്രത്യുത്തരത്തിന്‍റെ കാരണങ്ങളാണിവ. കനത്ത വെല്ലുവിളിക്കു മുന്നില്‍ നിരാശനായി പിന്‍വാങ്ങിയ ആ ധനികനായ യുവാവ് ഇന്നും ജീവിക്കാന്‍ സാദ്ധ്യതയുണ്ട്. “എല്ലാം വിറ്റു ദരിദ്രനു കൊടുക്കുന്ന” വെല്ലുവിളികള്‍ ഇന്നും നിലയ്ക്കുന്നുമില്ല.

പരുവപ്പെടേണ്ട കരങ്ങള്‍: വെല്ലുവിളികള്‍ ഇത്ര കണ്ടു ശക്തമായതിനാലാണ് അതിനെ അഭിമുഖീകരിക്കാനുള്ള മുന്നൊരുക്കങ്ങള്‍ ചെറുപ്പത്തില്‍തന്നെ തുടങ്ങേണ്ടത്. ന്യൂക്ലിയര്‍ കുടുംബങ്ങളില്‍ നിന്നും ഭീതിദമായ ചില അ പസ്വരങ്ങള്‍ നാം കേള്‍ക്കാറുണ്ട്. നാമമാത്രമായ കുട്ടികള്‍ക്കായി കുടുംബം മുഴുവന്‍ നിലകൊള്ളുമ്പോള്‍ സ്വാര്‍ത്ഥരാകാം. തന്‍റെ ലോകം മാത്രം ഗൗനിക്കുന്നവരായും വൈകാരികമായി വളരെ ദുര്‍ബലരായും നമ്മുടെ കുട്ടികള്‍ വളരുന്നു. ഞാന്‍ കഴിക്കാതെയും അപരനെ കഴിപ്പിക്കണമെന്നും എനിക്കില്ലെങ്കിലും അപരനുണ്ടാകണമെന്നുമുള്ള മൂല്യങ്ങള്‍ അന്യാധീനമാവുകയാണ്. സ്വന്തം കുടുംബത്തില്‍ കൊച്ചുകൊച്ചു സേവനങ്ങള്‍ ചെയ്തു ശീലമില്ലാത്തവര്‍ എങ്ങനെ സമൂഹത്തിനായി നിസ്വാര്‍ത്ഥസേവനം കാഴ്ചവയ്ക്കും? കുടുംബത്തിലെ നിറവുകളുടെ ഇടയില്‍ നഷ്ടപ്പെട്ടുപോകുന്ന രണ്ട് ഉള്‍ക്കാഴ്ചകളുണ്ട്.

1. അപരനില്‍ ക്രിസ്തുവിനെ കണ്ട് അവനെ ശുശ്രൂഷിക്കാനാവാതെ പോവുക: എന്‍റെ ഈ എളിയ സഹോദരങ്ങളില്‍ ആര്‍ക്കെങ്കിലും നീ ഇതു ചെയ്തപ്പോള്‍…

2. എന്‍റെ പ്രശ്നങ്ങള്‍ വലിയ പ്രശ്നങ്ങളാകുകയും അപരന്‍റെ ആവശ്യങ്ങള്‍ കാണാതെ പോകുകയും ചെയ്യാം; കാനായില്‍ അത്ഭുതം വിരിഞ്ഞിറങ്ങിയത് ഒരു മറിയം കണ്ണുതുറന്ന് അപരന്‍റെ വേദന മുന്‍കൂട്ടി തിരിച്ചറിഞ്ഞതിനാലാണ്. എന്‍റെ കുടുംബത്തിലും സമൂഹത്തിലും അത്ഭുതങ്ങള്‍ വിരിയണമെങ്കില്‍ തുറന്നിരിക്കുന്ന നയനങ്ങളെ നാം വളര്‍ത്തിയെടുക്കണം.

ചൈതന്യപൂര്‍ണമായ ക്രിസ്തീയ ജീവിതത്തിന് ഇന്നു വേണ്ടതു സമര്‍പ്പിതജീവിതക്കാരുടെ വീഴ്ചകളെക്കുറിച്ചുള്ള കുടുംബസദസ്സുകളിലെ വിചാരണയല്ല; മറിച്ചു ആ പളുങ്കുപാത്രങ്ങളിലെ നിധികള്‍ കാത്തുസൂക്ഷിക്കാനുള്ള പ്രാര്‍ത്ഥനയാണ്. അതിന്‍റെ കൂടെ സഭയുടെ കരുതലിന്‍റെ കരങ്ങള്‍ ശോഷിച്ചുപോകാതിരിക്കാന്‍ നമ്മുടെ കുട്ടികളെ ചെറുപ്പംമുതലേ നന്മയുള്ള ലോകത്തേയ്ക്കു വഴിനടത്തുക എന്നതാണ്. കരുതലായി മാറുന്ന ആള്‍രൂപങ്ങളെയാണ് ഇന്നാവശ്യം; ലോകത്തിനു നന്മ ചെയ്യാന്‍; വീണുപോകുന്നവരോടു കരുണ കാണിക്കാന്‍; ആരും വീണുപോകാതിരിക്കാന്‍ ജാഗ്രത കാണിക്കാന്‍. അതിന്‍റെ നിറവുണ്ടാകുന്നതുവരെ ഉയരട്ടെ പ്രാര്‍ത്ഥനകള്‍, ഹൃദയപൂര്‍വം.

Leave a Comment

*
*