കേരള ക്രൈസ്തവ സഭ നല്‍കിയ ദര്‍ശനശാസ്ത്രം

കേരള ക്രൈസ്തവ സഭ നല്‍കിയ ദര്‍ശനശാസ്ത്രം

പ്രൊഫ. എം തോമസ് മാത്യു

ക്രൈസ്തവ സഭ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച സ്ഥലങ്ങളിലാണ് മനുഷ്യന്‍റെ നീതിക്കുവേണ്ടിയുള്ള സമരങ്ങള്‍ പിന്നീട് ഉണ്ടായത്. ആ സമരങ്ങളില്‍ പലപ്പോഴും ക്രൈസ്തവ സഭ ഉണ്ടായിരുന്നില്ല എന്നതും വ്യസനത്തോടെ നാം ഓര്‍ക്കേണ്ട കാര്യമാണ്. സമൂഹത്തെ ഉണര്‍ത്തുന്ന ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ എവിടെവച്ചോ നമ്മുടെ നീതിബോധം നമുക്കു നഷ്ടപ്പെട്ടു പോകുകയും നാം മറ്റു രംഗങ്ങളിലേക്കു തിരിയുകയും ചെയ്തു. അതുപോലെ ആതുരശുശ്രൂഷാ രംഗത്തുള്ള ക്രൈസ്തവ സമൂഹത്തിന്‍റെ സേവനവും എടുത്തു പറയേണ്ടതാണ്. ആശുപത്രികളിലൂടെ രോഗികള്‍ക്കു മരുന്നു കൊടുക്കുക എന്നതിനപ്പുറം അതിന്‍റെ പിന്നില്‍ ഒരു ദര്‍ശനമുണ്ടായിരുന്നു. ഈ സമൂഹത്തിലെ ഓരോ വ്യക്തിയും കരുതപ്പെടേണ്ടവനാണ്, അവന്‍ മനുഷ്യോചിതമായ ജീവിതം നയിക്കേണ്ടവനാണ് എന്ന ദര്‍ശനം.

പണ്ട് ക്രൈസ്തവ സഭ വലിയ ദര്‍ശനത്തോടുകൂടി ഏറ്റെടുത്തു നടപ്പിലാക്കാന്‍ ശ്രമിച്ച കാര്യങ്ങളാണ് ഇന്നു പല രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ ദൗത്യമായി ഏറ്റെടുക്കാന്‍ ശ്രമിക്കുന്നത്. അവര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരാലയങ്ങളും ഉണ്ടാക്കാന്‍ ശ്രമിക്കുന്നു. അവര്‍ ഭവനരഹിതര്‍ക്കു വീടു വച്ചുകൊടുക്കുന്നു. ഇതെല്ലാം സഭ ചെയ്തിരുന്നതാണ്. ഒരാള്‍ക്ക് വീടു വച്ചു കൊടുക്കുക എന്നതിലല്ല കാര്യം, അതല്ല സഭ ചെയ്യുന്നത്. ദരിദ്രനും അവശതയനുഭവിക്കുന്നവനും നാം ജീവിക്കുന്ന സമൂഹത്തില്‍ ഉണ്ടായിക്കൂടാ എന്ന നിര്‍ബന്ധമാണു നമുക്കുള്ളത്.

ജീവകാരുണ്യം ഒന്നുമാത്രമാണ് മൂല്യരത്നങ്ങള്‍ എന്നു വിചാരിച്ചയാളായിരുന്നു സെ. അഗസ്റ്റിന്‍. ഒരേയൊരു പാപമേ ലോകത്തിലൂള്ളൂ അത് തൃഷ്ണയാണെന്നും ഒറ്റ നന്മ മാത്രമേയുള്ളൂ അത് ജീവകാരുണ്യമാണെന്നും അദ്ദേഹം പറഞ്ഞു. തൃഷ്ണയില്‍ നിന്നു മനുഷ്യന്‍ വിമോചിതനായിത്തീരുന്നത് ഈ ലോകത്തിലുള്ള മനുഷ്യരെ മുഴുവന്‍ സഹജീവികളായിക്കണ്ട് സ്നേഹിക്കുന്നതിലൂടെയാണെന്ന് ലോകത്തോടു പറയാന്‍ ശ്രമിച്ചത് ക്രിസ്തുവാണ് എന്നതു ശ്രദ്ധേയമാണ്. അതാണ് ക്രൈസ്തവ സഭയുടെയും ക്രിസ്തീയതയുടെയും വ്യതിരിക്തത.

എന്തുകൊണ്ടാണ് ഈ ലോകത്തില്‍ പാപം ഉണ്ടാകുന്നത് എന്നത് വളരെ പഴയ ചോദ്യമാണ്. എല്ലാ പാപത്തിന്‍റെയും അടിസ്ഥാനം ഒന്നാണ് – തൃഷ്ണ. ശ്രീ ബുദ്ധന്‍ പറയാന്‍ ശ്രമിച്ചതും ഇതുതന്നെയാണ്. എന്താണിതിനൊരു പരിഹാരം? ഒന്നും എനിക്കു വേണ്ട എന്നു പറയുന്നതല്ല പരിഹാരം. മറിച്ച് ഈ ലോകത്തെ മുഴുവന്‍ എന്നോടു ചേര്‍ത്തു പിടിക്കലാണ് ഇതിനൊരു പരിഹാരം എന്നതാണ് യേശു നല്‍കിയ മാര്‍ഗ്ഗം. ഈ സൃഷ്ടപ്രപഞ്ചത്തെ മുഴുവനും എന്നോടു ചേര്‍ത്തു പിടിക്കാന്‍ എനിക്കു കഴിയുമ്പോള്‍ ഞാന്‍ പാപമുക്തനായിത്തീരും. ഈ സമൂഹത്തെ സംബന്ധിച്ചിടത്തോളം ക്രൈസ്തവ സഭ നല്‍കിയ വലിയ സംഭാവന ഈ സ്നേഹത്തിന്‍റെ മൂല്യത്തെ മനുഷ്യരുടെ മുമ്പില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചു എന്നതാണ്.

എന്നാല്‍ അതിനുമുമ്പ് പറഞ്ഞിരുന്നത്, രാഗദ്വേഷങ്ങളില്‍ നിന്നു മുക്തരായി നിര്‍മമരായിരിക്കാം, ditached ആകാം എന്നാണ്. ditached ആകാന്‍ ശ്രമിക്കുന്നവര്‍ പതുക്കെ പതുക്കെ indifferent ആയിത്തീരും എന്നതാണ് മനുഷ്യമനസ്സിന്‍റെ പ്രത്യേകത. നിന്‍റെ കണ്ണില്‍ പ്രതിഫലിക്കുന്നത് ദൈവത്തിന്‍റെ രൂപമാണെന്നു തിരിച്ചറിയേണ്ടതുണ്ടെന്നു ക്രിസ്തു പറയുന്നുണ്ട്. നീ സൃഷ്ടിക്കപ്പെട്ടത് എന്‍റെ സാദൃശ്യത്തിലാണെങ്കില്‍ എന്‍റെ തന്നെ സാദൃശ്യത്തിലാണ് നിന്‍റെ അയല്‍ക്കാരനെയും സൃഷ്ടിച്ചിരിക്കുന്നതെന്ന് അവന്‍ അനുസ്മരിപ്പിക്കുന്നു. വളരെ ലളിതമായി ലോകത്തില്‍ യേശുക്രിസ്തു പറയാന്‍ ശ്രമിച്ച ഇക്കാര്യം ക്രൈസ്തവ സഭ ഈ സമൂഹത്തില്‍ ഉയര്‍ത്തിപ്പിടിച്ച മൂല്യമാണ്. ദൈവത്തിലേക്കുള്ള ദൂരം അയല്‍ക്കാരനിലേക്കുള്ള ദൂരമാണ് എന്നു ലോകത്തോടു പറയാന്‍ ശ്രമിച്ചു എന്നതു തന്നെയാണ് ക്രൈസ്തവ സഭയ്ക്ക് ഈ സമൂഹത്തിനു നല്‍കാനുണ്ടായിരുന്ന വലിയ മൂല്യവും ദര്‍ശനവും.

ഇത് സദാചാരത്തെ സംബന്ധിക്കുന്ന ഒരു പുതിയ കാഴ്ചപ്പാടായിരുന്നു. സദാചാരമെന്നത്, ആത്യന്തികമായി ഈ ലോകത്തെ നാം എങ്ങനെ കാണുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. സദാചാരമെന്നത്, ധര്‍മ്മശാസ്ത്രമെന്നത് ദര്‍ശനത്തിന്‍റെ ശാസ്ത്രമാണെന്ന് ആരോ പറഞ്ഞിട്ടുണ്ട്. എങ്ങനെയാണ് നിങ്ങള്‍ ഈ സമൂഹത്തെ കാണുന്നത്? ഇതിനെ സ്നേഹത്തോടുകൂടി കാണുന്നുവോ? അതോ ഈ സമൂഹത്തില്‍ ധാരാളം ദുഷ്ടതകളുണ്ട് എന്നു കണ്ട് ഓടി മറയാന്‍ നിങ്ങള്‍ ശ്രമിക്കുന്നുവോ? ക്രൈസ്തവ സമൂഹം ഓടിമറയുന്ന സമൂഹമല്ല, ഈ പങ്കിലമായ ലോകത്തില്‍ ഈ പങ്കിലതകളൊന്നും ഏറ്റുവാങ്ങാതെ മുഴുകുകയും അതിനെ ശുശ്രൂഷിക്കുകയും അതിനെ സ്നേഹിക്കുകയും ചെയ്യുന്ന ജീവിതവൃത്തിയും സമീപനവുമാണത്. ഈ ദര്‍ശനമാണ് ക്രൈസ്തവ സഭയ്ക്ക് നല്‍കാന്‍ കഴിഞ്ഞ ഏറ്റവും നല്ല കാര്യം എന്നു ഞാന്‍ കരുതുന്നു. ക്രൈസ്തവ സഭകള്‍ ഉണ്ടാക്കിയ വലിയ എടുപ്പുകളല്ല, വലിയ പള്ളികളോ സ്ഥാപനങ്ങളോ അല്ല മറിച്ച് മനുഷ്യന്‍റെ ഹൃദയത്തില്‍ അതിസൂക്ഷ്മമായി പ്രവര്‍ത്തിക്കുന്ന സ്നേഹത്തിന്‍റെ അതിലോലമായ സ്പന്ദനത്തെ ഉത്പാദിപ്പിക്കാന്‍ കഴിഞ്ഞുവെന്നതാണ് കേരളീയ സമൂഹത്തിന് ക്രൈസ്തവ സഭ നല്‍കിയ സംഭാവന.

(പിഒസിയുടെ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് നടന്ന പാനല്‍ പ്രബന്ധാവതരണത്തില്‍ നിന്ന്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org