ശൈലി മാറേണ്ട അധികാരവിനിയോഗം

ശൈലി മാറേണ്ട അധികാരവിനിയോഗം

ഡോ. പോള്‍ തേനായന്‍

പണ്ഡിതനും പ്രശസ്തനും ലോകനേതാക്കള്‍ക്കു സമശീര്‍ഷനുമായിരുന്ന 12-ാം പിയൂസ് മാര്‍പാപ്പയ്ക്ക് അനുയോജ്യനുമായ ഒരു പിന്‍ഗാമിയെ പെട്ടെന്നു കണ്ടുപിടിക്കുക കോണ്‍ക്ലേവ് പിതാക്കന്മാര്‍ക്ക് എളുപ്പമായിരുന്നില്ല. അതുകൊണ്ടാണ് അവര്‍ വന്ദ്യവയോധികനായിരുന്ന കാര്‍ഡിനല്‍ റൊങ്കാളിയെ ഒരു താത്കാലികക്രമീകരണ(interim)മെന്ന നിലയില്‍ മാര്‍പാപ്പയായി തിരഞ്ഞെടുത്തത്. ജോണ്‍ 23-ാമന്‍ സഭാസാരഥിയായി അധികാരമേറ്റ് അധികം കഴിയുന്നതിനുമുമ്പ് അദ്ദേഹം ഒരു സാര്‍വത്രികസൂനഹദോസ് വിളിച്ചുകൂട്ടാന്‍ പോകുന്നുവെന്ന് അറിയിച്ചതു സഭാതലങ്ങളില്‍ വിസ്മയമുളവാക്കി.

ഏതാണ്ട് 130 വര്‍ഷംമുമ്പു നടന്ന ഒന്നാം വത്തിക്കാന്‍ സൂനഹദോസ് മാര്‍പാപ്പയുടെ പരമാധികാരത്തെയും അപ്രമാദിത്വത്തെയുംപറ്റിയുള്ള പ്രബോധനങ്ങള്‍ പാസ്സാക്കിയശേഷം പിരിയുകയാണുണ്ടായത്. അപ്രതീക്ഷിതമായി പൊട്ടിപുറപ്പെട്ട ഫ്രാങ്കോ-പ്രഷ്യന്‍ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിലാണ് ഇങ്ങനെ സംഭവിച്ചത്. അന്നു പാസ്സാക്കിയ പ്രബോധനങ്ങള്‍ക്കനുസൃതമായ ഒരു ഭരണരീതിയാണു 100 വര്‍ഷത്തോളം സഭയില്‍ നിലനിന്നത്. പരി. പിതാവിന്‍റെ പരമാധികാരത്തിന്‍റെയും അപ്രമാദിത്വത്തിന്‍റെയും തണലില്‍ സഭാഭരണം സുഗമമായി നടത്തിപ്പോന്ന റോമന്‍ കൂരിയയിലെ ഭരണാധികാരികള്‍ ഇങ്ങനെയൊരു കൗണ്‍സിലിനെ അനാവശ്യമായാണു കണ്ടത്. അപ്രമാദിത്വത്തോടും പരമാധികാരത്തോടുംകൂടി പഠിപ്പിക്കാനും പാഷണ്ഡതകളെ ശപിച്ചുതള്ളാനും മാര്‍പാപ്പയ്ക്കു കഴിയുമ്പോള്‍ എന്തിന് ഈ അനാവശ്യ ചെലവുകളെന്നാണ് അവര്‍ ചിന്തിച്ചത്.

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിലൂടെ ഹൈരാര്‍ക്കി ജനാധിപത്യ ആഭിമുഖ്യങ്ങളിലേക്കും അധികാരവിനിയോഗം സംഘാതാത്മകതയുടെയും കൂട്ടുത്തരവാദിത്വത്തിന്‍റെയും തലങ്ങളിലേക്കും നീങ്ങി. കൗണ്‍സില്‍ അവസാനിക്കുന്നതിനുമുമ്പുതന്നെ മെത്രാന്മാരുടെ വിശ്വസിനഡ് രൂപം കൊള്ളുകയും 1962-ല്‍ ആദ്യസിനഡ് സമ്മേളിക്കുകയും ചെയ്തു. രണ്ടാമത്തെ സിനഡ് കൂടാന്‍ കേവലം പതിന്നാലു മാസമുള്ളപ്പോഴാണു പോള്‍ ആറാമന്‍ മാര്‍പാപ്പ, 'മനുഷ്യജീവന്‍' (Humane Vitae) എന്ന ചാക്രികലേഖനം പുറപ്പെടുവിച്ചത്. പാശ്ചാത്യസഭാവൃത്തങ്ങളില്‍ ഇതിനെതിരെ കൊടുങ്കാറ്റുതന്നെ ആഞ്ഞടിച്ചു. സഭാവൃത്തങ്ങളിലും പ്രത്യേകിച്ചു മെത്രാന്മാര്‍ക്കും വൈദികര്‍ക്കുമിടയിലുണ്ടായ വിമര്‍ശനങ്ങളും തിരസ്കരണവും പോള്‍ ആറാമനെ അതീവ ദുഃഖിതനാക്കി. അതിനുശേഷം മറ്റൊരു ചാക്രികലേഖനം എഴുതാന്‍ അദ്ദേഹം തയ്യാറായില്ലത്രേ. കുട്ടികളില്ലാത്തതാണ് ഇന്നു യൂറോപ്യന്‍ രാജ്യങ്ങള്‍ നേരിടുന്ന വലിയ ദുരന്തം. അടുത്തകാലത്ത് 17 യൂറോപ്യന്‍ രാജ്യങ്ങളിലെ പ്രതിനിധികളുടെ സമ്മേളനം, പോള്‍ ആറാമന്‍റെ ചാക്രികലേഖനം സ്വീകരിച്ചിരുന്നെങ്കില്‍ ഈ ദുരന്തം ഉണ്ടാകുമായിരുന്നില്ലെന്നു വിലയിരുത്തിയ കാര്യം സ്മര്‍ത്തവ്യമാണ്.

ബ്രസല്‍സിലെ കാര്‍ഡിനല്‍ സ്യൂനെന്‍സ് കൗണ്‍സില്‍ കാലഘട്ടത്തില്‍ 'കൂട്ടുത്തരവാദിത്വം ഇന്നത്തെ സഭയില്‍' എന്ന പേരില്‍ ഒരു പുസ്തകമെഴുതി. ദൈവജനത്തിന്‍റെ അഭിപ്രായങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന മെത്രാന്മാരുമായി ബന്ധപ്പെടാതെ മേലില്‍ മാര്‍പാപ്പ മുഴുവന്‍ സഭയെയും ബാധിക്കുന്ന ഒരു രേഖയും പുറത്തിറക്കരുതെന്നുവരെ അദ്ദേഹം പറഞ്ഞുവച്ചു. താഴെക്കിടയില്‍ സ്വീകരിക്കാവുന്ന സാധാരണ തീരുമാനങ്ങളില്‍ ഒരു കാരണവശാലും മേലധികാരികള്‍ ഇടപെടരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മെത്രാന്മാരുടെ ആഗോള സിനഡ് വിളിച്ചുകൂട്ടി അതില്‍ ഉരുത്തിരിയുന്ന നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ച് അപ്പസ്തോലിക പ്രബോധനങ്ങള്‍ പുറപ്പെടുവിക്കലാണ് ഇന്നത്തെ സാധാരണ പതിവ്. വി. പത്രോസിന്‍റെ പിന്‍ഗാമി ആഗോള മെത്രാന്‍ സംഘത്തോടു ചേര്‍ന്ന് കൂട്ടുത്തരവാദിത്വത്തോടും സംഘാതാത്മകതയോടുംകൂടി സഭയുടെ പ്രബോധനാധികാരം വിനിയോഗിക്കുന്നു. കുടുംബത്തെക്കുറിച്ചു നടന്ന സിനഡില്‍ പൊന്തിവന്ന ആശയങ്ങള്‍ ഒരിക്കല്‍കൂടി ആഗോളതലത്തില്‍ ചര്‍ച്ച ചെയ്തു-രണ്ടാമതൊരു സിനഡുകൂടി തീരുമാനങ്ങള്‍ കൈക്കൊള്ളാനാണല്ലോ ഫ്രാന്‍സിസ് പാപ്പ തീരുമാനിച്ചത്.

ഈ നൂതനശൈലി സഭാധികാരവിനിയോഗത്തിന്‍റെ എല്ലാ തലങ്ങളിലും വ്യാപിക്കേണ്ടതാണ്. മെത്രാനും വൈദികരും സന്ന്യസ്തരും അല്മായരും സംഘാതമായും കൂട്ടുത്തരവാദിത്വത്തോടുകൂടിയും രൂപതയിലെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു തീരുമാനിച്ചു നടപ്പിലാക്കണം.

തിരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയ പുരോഹിതഗണവും (1. പത്രോ. 1:2-9). വിശുദ്ധ ജനതയും ദൈവത്തിന്‍റെ സ്വന്തം ജനവുമെന്നു വി. പത്രോസ് വിശേഷിപ്പിക്കുന്ന ദൈവജനം ക്രിസ്തുവിന്‍റെ പൗരോഹിത്യത്തിലും പ്രവാചകദൗത്യത്തിലും രാജത്വത്തിലും സ്വകീയമായ രീതിയില്‍ പങ്കുകാരാണെന്നു കൗണ്‍സില്‍ (LG 37) പ്രഖ്യാപിച്ചു. അല്മായരെക്കുറിച്ചുള്ള സഭയുടെ ഔദ്യോഗികനിലപാടും കാഴ്ചപ്പാടുമൊക്കെ ഇതാണ്. പക്ഷേ, ആദര്‍ശവും യാഥാര്‍ത്ഥ്യവും തമ്മില്‍ ബന്ധമില്ല. അല്മായര്‍ക്കു സഭയില്‍ പലപ്പോഴും അവഗണന മാത്രം.

ആദിമസഭയിലും പാശ്ചാത്യമേല്‍ക്കോയ്മ നിലവില്‍ വരുന്നതുവരെ മലബാര്‍ സഭയിലും സ്ഥിതി വ്യത്യസ്തമായിരുന്നു. സാവകാശം അല്മായര്‍ സഭയുടെ മുഖ്യപ്രവര്‍ത്തനമേഖലയില്‍ നിന്നു നിഷ്കാസിതരായി. ആ അവഗണന ഒരു പരിധിവരെ ഇന്നും തുടരുന്നു. അവര്‍ക്ക് അര്‍ഹമായ അംഗീകാരമില്ല. സഭ നേരിടുന്ന കാതലായ പ്രശ്നങ്ങളെപ്പറ്റി അവരുടെ അഭിപ്രായങ്ങളും ഉള്‍ക്കാഴ്ചകളും അറിയാന്‍ അധികാരികള്‍ക്ക് വൈമുഖ്യമാണ്. തങ്ങള്‍ വഞ്ചിതരാകുന്നു, അവഗണിക്കപ്പെടുന്നു, ശ്രദ്ധിക്കപ്പെടുന്നില്ല തുടങ്ങിയ ചിന്തകള്‍ സഭാജീവിതത്തിന്‍റെ മുഖ്യധാരയില്‍ നിന്നകന്ന് ആലസ്യത്തില്‍ കഴിയാന്‍ അവരെ പ്രലോഭിപ്പിക്കുന്നു. അങ്ങനെ സഭയുടെ വളര്‍ച്ചയുടെയും പ്രവര്‍ത്തനങ്ങളുടെയും ഈ മുഖ്യസ്രോതസ് ശുഷ്കിച്ചു പോകുന്നു.

അധികാരികളെ ചുറ്റിപ്പറ്റി നില്ക്കുന്ന ഏതാനും ആശ്രിതവത്സരും ദേവാലയത്തിലെത്തുന്ന ഭക്തജനങ്ങളും ഒഴിച്ചാല്‍ കേരളസഭയിലെ ഭൂരിഭാഗം ബുദ്ധിജീവികളും പ്രഗത്ഭരായ നേതാക്കളും സഭാകാര്യങ്ങളില്‍ താത്പര്യമുള്ളവരാണോ എന്നു പരിശോധിക്കേണ്ടതുണ്ട്. അസംതൃപ്തരായ അല്മായരുള്ള ഒരു സഭയ്ക്ക് എന്തു ഭാവിയാണുള്ളത്. സഭയോടു പ്രതിബദ്ധതയും സ്നേഹവുമുള്ളവര്‍ ഓരോരോ അവസരങ്ങളില്‍ ഉച്ചത്തില്‍ സംസാരിക്കാറുണ്ട്. പക്ഷേ, അവരുടെ രോദനം ആരു കേള്‍ക്കാന്‍.

അടുത്ത കാലത്തു പരിസ്ഥിതി പാലനത്തിന്‍റെ കാര്യത്തിലുമൊക്കെ മെത്രാന്മാര്‍ മാറിമാറി പരസ്പരവിരുദ്ധവും വ്യത്യസ്തവുമായ അഭിപ്രായങ്ങള്‍ ദൃശ്യ-ശ്രാവ്യ അച്ചടിമാധ്യമങ്ങളില്‍ പ്രകടിപ്പിച്ചതു സഭയിലെ ഐക്യമില്ലായ്മയുടെയും ദൗര്‍ബല്യത്തിന്‍റെയും പ്രസ്പഷ്ടമായ നിദര്‍ശനമായിരുന്നില്ലേ. സുഖകരമായ ആലസ്യത്തില്‍ കഴിയാന്‍ മനസ്സുവരാത്ത സഭാസ്നേഹികളാണ് ഇങ്ങനെയൊക്കെ ചിന്തിക്കുന്നതും എഴുതുന്നതെന്നും വിശ്വസിക്കുക.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org